ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 14, 2017

മണികണ്ഠന്‍ ‘സ്വയംഭൂ’



മലയാളത്തിലുള്ള എല്ലാ അയ്യപ്പന്‍ പാട്ടുകളിലും ഏറെ പ്രസിദ്ധമായ ”ശ്രീഭൂതനാഥോപാഖ്യാന”ത്തിലും ”മണികണ്ഠ”നാമമാണ് കാണാനുള്ളത്.
മണികണ്ഠന്‍ എന്നതുകൊണ്ട് കഴുത്തില്‍ മണിയുള്ളവന്‍ എന്നര്‍ത്ഥമാക്കണമെന്നില്ല. വളരെ പ്രിയപ്പെട്ടതിനെ വളരെ സ്‌നേഹപൂര്‍വം മണി എന്നു ചേര്‍ത്തു നാം വിളിക്കാറുണ്ടല്ലോ. (മണിക്കുട്ടന്‍, മണിയന്‍, മണിക്കിണര്‍, മണിയറ, മണിത്താലി, നീലകണ്ഠ പുത്രനായതിനാലാകാം ”കണ്ഠനയ്യന്‍” എന്നും വിളിപ്പേരുണ്ട്.

ഓരോ അവതാരത്തിനും പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടായിരിക്കും. മണികണ്ഠ അവതാരത്തിന് അനേക ലക്ഷ്യങ്ങളുണ്ട്.


1) പരമേശ്വരോപാസകനായ പന്തള രാജന്റെ രാജ്യ പുനര്‍ ശാക്തീകരണം.

2) ശബരിമല ക്ഷേത്രം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ശാന്തിക്കാരനെ വധിക്കുകയും ചെയ്ത ‘ഉദയനന്‍’ എന്ന കൊള്ളക്കാരനെ വധിക്കുക.

3) ശബരിമല ക്ഷേത്രം പുനരുദ്ധരിക്കപ്പെടുകയും കലിയുഗകല്മഷങ്ങളാല്‍ കഷ്ടതകളനുഭവിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആശ്രമേകുകയും.

4) ജനങ്ങളില്‍ രാജ്യ സ്‌നേഹവും ധര്‍മബോധവും ശക്തിയും ഐക്യവും വളര്‍ത്തിയെടുക്കുക. ധര്‍മശാസകനും (ധര്‍മശാസ്താവ്) കലിയുഗവരദനും ശനികാരകനും താരകബ്രഹ്മവുമായ ഭഗവാന്റെ ലക്ഷ്യം ഭക്തജനരക്ഷണം തന്നെയായിരുന്നു.

പ്രചാരത്തിലുള്ള ഐതിഹ്യങ്ങള്‍ പ്രകാരം മണികണ്ഠന്‍ സ്വയം അവതാരം കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ പ്രബലവും യുക്തിസഹവുമായ മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്. ശക്തിഹീനമായിരുന്ന പന്തളരാജ്യത്തെ രാജകുമാരിയെ, കരിമലക്കോട്ട കേന്ദ്രമാക്കി കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന ‘ഉദയനന്‍’ തട്ടിക്കൊണ്ട് പോകുകയുണ്ടായി. തടയുവാനുള്ള ശക്തി രാജാവിനില്ലാതെ പോയി.

പരമഭക്തനായ അദ്ദേഹം ഭഗവാനെ മനമുരുകി ഭജിക്കുകയുണ്ടായി. ഇതോടൊപ്പം വധിക്കപ്പെട്ട ശബരിമല ക്ഷേത്രശാന്തിയുടെ മകനായ ‘ജയന്തന്‍’ എന്ന യുവാവും രക്ഷയ്ക്കായി ഭഗവാനെ ഉപാസിക്കുന്നുണ്ടായിരുന്നു. ഭഗവത് കാരുണ്യംകൊണ്ട് ജയന്തന്‍ എങ്ങനെയോ രാജകുമാരിയെ രക്ഷപ്പെടുത്തുകയും പത്‌നിയായി സ്വീകരിക്കുകയുമുണ്ടായി. ഈ യുവമിഥുനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ധര്‍മശാസ്താവ് അവര്‍ക്ക് പുത്രനായി ജനിച്ചു. ഭഗവാന്റെ നിര്‍ദ്ദേശാനുസരണം, ജനിച്ച കുഞ്ഞിനെ രഹസ്യമായി, പന്തളത്ത് രാജാവ് വേട്ടയാടി ക്ഷീണിച്ച് വിശ്രമിക്കുന്ന പമ്പാസരസ്സില്‍ കിടത്തുകയുണ്ടായി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട രാജാവ് അടുത്തുചെന്നപ്പോള്‍ ഒരു വൃദ്ധ ബ്രാഹ്മണന്‍ അവിടെയെത്തി. പുത്രനില്ലാതെ ദുഃഖിച്ചിരുന്ന രാജാവിനോട് കുട്ടിയെ സ്വീകരിച്ചുകൊള്ളുവാന്‍ ഉപദേശിച്ചു. കുട്ടിയുടെ മഹത്വം വര്‍ണിക്കുന്ന കൂട്ടത്തില്‍, ‘ക്ഷത്രീയ കുലജാത’ നാണെന്നും പറഞ്ഞു.

മണികണ്ഠന്‍, പന്തളത്ത് രാജധാനിയില്‍ വളര്‍ന്നുവരവെ, വിദ്യാഭ്യാസം തീര്‍ന്ന മുറയ്ക്ക്, ഗുരുദക്ഷിണിയായി ഗുരുവിന്റെ പുത്രന് കേള്‍വിയും സംസാരശേഷിയും നല്‍കി. എന്നാല്‍ തന്റെ ദൈവികത്വം വെളിപ്പെടുത്താന്‍ സമയമാകാത്തതിനാല്‍, ഈ അനുഗ്രഹം രഹസ്യമാക്കി വയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് അദ്ഭുതകൃത്യങ്ങള്‍ വെളിവാക്കുവാനായി പുലിക്കൂട്ടങ്ങളുമായി വന്ന്, പ്രജകളുടെ ഭയഭക്തി ബഹുമാനങ്ങള്‍ സ്വീകരിച്ചു.

‘മദഗജവാഹനനായി’ വാവരുമായി ഏറ്റുമുട്ടി. വാവരെ തന്റെ സഹാനുവര്‍ത്തിയാക്കി മാറ്റി. ചേര്‍ത്തല ചീരപ്പിന്‍ ചിറ കളരിയില്‍ നിന്ന് ആയോധനമുറകളില്‍ ഉപരിപഠനം നടത്തി. നാട്ടുക്കൂട്ടങ്ങളെയും ക്ഷയിച്ചുപോയ കളരികളെയും ഉദ്ധരിച്ചു. ജനങ്ങളില്‍ രാജ്യസ്‌നേഹവും ധാര്‍മികബോധവും ശാരീരികകരുത്തും വര്‍ധിപ്പിച്ച് പന്തളരാജ്യത്തെ ശക്തമാക്കി. അമ്പലപ്പുഴയും കാലടിയ്ക്കടുത്തുള്ള ആലങ്ങാട്ടുവരെയും സഞ്ചരിച്ച് യോദ്ധാക്കളെ സംഘടിപ്പിച്ച്, അവരെയും കൂട്ടി, എരുമേലിയില്‍ നിന്നും പടനയിച്ച്, കരിമലക്കോട്ട തകര്‍ത്ത് ഉദയനനെ വധിച്ചു. ഉദയനന്റെ സൈന്യാധിപന്മാരായിരുന്ന കടുത്തമാരെ (വലിയ കടുത്ത, ചെറിയ കടുത്ത എന്നീ പടനായന്മാരെ)കൂടെക്കൂട്ടി വിജയശ്രീലാളിതനായി. യുവാക്കന്മാര്‍ക്ക് ധര്‍മഭ്രംശം വരുത്തിത്തീര്‍ക്കാനായി ഗുരുസ്വാമിമാരെ നിയോഗിച്ചു. ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണമായും ഗുരുസ്വാമിമാരുടെ പൂര്‍ണനിയന്ത്രണത്തിലാക്കി.

ആ രാജാവിന് ധര്‍മോപദേശവും നല്‍കി ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി, ബാക്കി കാര്യങ്ങള്‍ മഹാഗുരുവായ അഗസ്ത്യമഹര്‍ഷിയെ ഏല്‍പ്പിച്ച്, തന്റെ ജന്മോദ്ദേശ്യം സഫലമാക്കിക്കൊണ്ട് അന്തര്‍ദ്ധാനം ചെയ്യുകയും ശബരിമല ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടെ ആ വിഗ്രഹത്തില്‍ ജ്യോതിര്‍വിലയം പ്രാപിച്ചു.

പന്തളത്തു രാജാവ് ക്ഷേത്രപുനരുദ്ധാരണത്തിന് സന്നദ്ധനായി. വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഹാജരായി. ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹനിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ.

No comments:

Post a Comment