യോഗേശ്വര്യാ: പ്രഭാവോ f യം കഥിതശ്ചാതിവിസ്തരാത്
ബ്രൂഹി തച്ചരിതം സ്വാമിന്‍ ശ്രോതും കൌതുഹലം മമ
മഹാദേവീ പ്രഭാവം വൈ ശ്രോതും കോ നാഭിവാഞ്ഛതി
യോ ജാനാതി ജഗത്സര്‍വ്വം തദുത്പന്നം ചരാചരം
ജനമേജയന്‍ പറഞ്ഞു: 'ജഗദംബികയുടെ പ്രഭാവത്തെപ്പറ്റി അങ്ങ് പറഞ്ഞുവല്ലോ. ആ ദേവിയുടെ ചരിതം ഇനിയുമിനിയും കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. ചരാചരങ്ങള്‍ എല്ലാം ആ അമ്മയില്‍ നിന്നാണ് ഉത്ഭൂതമായത് എന്നറിയുമ്പോള്‍ ആ പരാശക്തിയുടെ ചരിതം കേള്‍ക്കാന്‍ ആഗ്രഹം തോന്നുക സ്വാഭാവികം.'
വ്യാസന്‍ പറഞ്ഞു: 'അങ്ങിത്ര കൌതുകത്തോടെ എന്നാല്‍ പ്രശാന്തനായി ചോദിക്കുമ്പോള്‍ ദേവിയുടെ ആ മഹച്ചരിതങ്ങള്‍ ഞാനെങ്ങിനെ പറയാതെയിരിക്കും? മഹിഷന്‍ എന്ന് പേരായ ഒരസുരന്‍ ലോകം ഭരിക്കുന്ന കാലത്ത് ദേവാസുരന്മാര്‍ തമ്മില്‍ ഘോരമായ ഒരു യുദ്ധം ഉണ്ടായി. മഹിഷന്‍ ഹിമാലയത്തില്‍പ്പോയി ആരും അതിശയിക്കുന്ന വിധത്തില്‍ ഘോരമായ തപസ്സനുഷ്ഠിച്ചു. പതിനായിരം കൊല്ലക്കാലം കഠിനതപസ്സുചെയ്ത അസുരനില്‍ തുഷ്ടനായി വിധാതാവ് അവനുമുന്നില്‍ പ്രത്യക്ഷനായി. എന്താണ് വരം വേണ്ടതെന്ന ചോദ്യത്തിന് മഹിഷാസുരന്‍ മറുപടി പറഞ്ഞു:’മഹാ പ്രഭോ, എനിക്ക് അമരത്വം വേണം. മരണഭീതി എന്നില്‍നിന്നും നീക്കിയാലും.’
‘ജനിച്ചവര്‍ക്ക് മരണവും മരിച്ചവര്‍ക്ക് ജനനവും ഉണ്ടെന്നുള്ള പ്രപഞ്ചനിയമത്തെ മറികടക്കാന്‍ ആര്‍ക്കും ആവില്ല. കാലമാവുമ്പോള്‍ നശിക്കാത്തതായി യാതൊന്നുമില്ല. കടലായാലും മാമലയായാലും അതാണ് സത്യം. അതുകൊണ്ട് മൃത്യുവൊഴിവാക്കുക എന്ന വരം നല്‍കാന്‍ ആര്‍ക്കുമാവില്ല. മറ്റു വല്ല അഭീഷ്ടങ്ങളും വേണമെങ്കില്‍ പറഞ്ഞാലും’ എന്നായി ബ്രഹ്മാവ്.
അപ്പോള്‍ മഹിഷന്‍ പറഞ്ഞു: ‘ശരി എന്നാല്‍ എനിക്ക് ദേവന്മാരാലോ അസുരന്മാരാലോ മരണം അരുത്. എന്നെ ആണുങ്ങള്‍ ആരും വധിക്കരുത്. സ്ത്രീയായുള്ള ആരാണെന്നെ വധിക്കാന്‍ കഴിവുള്ളവരായി ഉണ്ടാവുക? അതുകൊണ്ട് എന്‍റെ മരണം ഒരു പെണ്ണിന്‍റെ കൈകൊണ്ടായിക്കൊള്ളട്ടെ.’
അങ്ങിനെയാകട്ടെ എന്ന് പറഞ്ഞു ബ്രഹ്മാവ് മറഞ്ഞു. അസുരന്‍ തന്‍റെ കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ആ ശക്തിശാലിയായ അസുരന് പോത്തിന്‍റെ തലയുണ്ടാവാന്‍ കാരണം എന്തെന്ന് ജനമേജയന്‍ ചോദിച്ചപ്പോള്‍ വ്യാസന്‍ തുടര്‍ന്നു: മഹാരാജന്‍, ദനു എന്ന് പേരായ ഒരസുരന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. രംഭനും കരംഭനും. ഈ രണ്ടുപേരും പുത്രലാഭത്തിനായി പഞ്ചനദത്തിലെ പുണ്യതീര്‍ത്ഥത്തില്‍ നീണ്ടകാലം തപസ്സുചെയ്തു. കരംഭന്‍റെ തപസ്സ് ജലത്തില്‍ മുങ്ങിക്കിടന്നും രംഭന്‍റെ തപസ്സ് പഞ്ചാഗ്നിമദ്ധ്യത്തിലുമായിരുന്നു. അസുരന്മാരുടെ തപസ്സിനെപ്പറ്റി അറിഞ്ഞ ദേവേന്ദ്രന്‍ തന്‍റെ സ്ഥാനം നഷ്ടപ്പെടാന്‍ ഇവര്‍ കാരണമാവുമോ എന്ന് ആകുലപ്പെട്ടു. അദ്ദേഹം സ്വയം ഒരു മുതലയുടെ രൂപത്തില്‍ വന്ന് കരംഭന്‍റെ കാലില്‍ പിടികൂടി വലിച്ച് കൊലപ്പെടുത്തി. സഹോദരന്‍റെ മരണവൃത്താന്തമറിഞ്ഞ രംഭന്‍ തന്‍റെ മുടിക്കെട്ട് ഒരുകയ്യാല്‍ ചുറ്റിപ്പിടിച്ച് മറ്റേ കയ്യില്‍ വാളെടുത്ത് സ്വന്തം തലയറുത്ത് അഗ്നിയില്‍ ഹോമിക്കാന്‍ തുനിഞ്ഞു. തല്‍ക്ഷണം അഗ്നിദേവന്‍ പ്രത്യക്ഷനായി. ‘നീയൊരു മൂര്‍ഖന്‍ തന്നെ. തലയറുത്ത് ആത്മഹത്യ ചെയ്തതുകൊണ്ട് എന്ത് പ്രയോജനം? നിനക്ക് എന്ത് വരമാണ് വേണ്ടത്? പറഞ്ഞാലും’
അഗ്നിദേവന്‍റെ വാക്കുകള്‍ കേട്ട് മുടിയില്‍ നിന്നും പിടിവിട്ടു തൊഴുതുകൊണ്ട് രംഭാന്‍ പറഞ്ഞു: ദേവേശ, അവിടുന്ന്‍ എന്നില്‍ തുഷ്ടനാണെങ്കില്‍ എനിക്ക് മൂന്നുലകും വെല്ലുന്ന ഒരു പുത്രനെ നീ തരണം. അവന്‍ ശത്രുവിന്‍റെ ബലത്തെ ഇല്ലാതാക്കാന്‍ കഴിവുള്ളവനാകണം. ദേവാസുരന്മാര്‍ക്കും മര്‍ത്യര്‍ക്കും അവനെ തോല്‍പ്പിക്കാന്‍ കഴിയരുത്. മാത്രമല്ല അവന്‍ സകലരാലും ആരാധിക്കപ്പെടണം. കാഴ്ചയില്‍ അവന്‍ കാമരൂപിയും ആവണം.’
'നീ ഏതൊരു പെണ്ണിനെ ആഗ്രഹിക്കുന്നുവോ അവളില്‍ നിനക്ക് നീയാഗ്രഹിച്ചത് പോലുള്ള ഒരു പുത്രന്‍ ജനിക്കട്ടെ’ എന്ന് പറഞ്ഞു അഗ്നി അവിടെ നിന്നും മറഞ്ഞു. അസുരന്‍ അഗ്നിദേവനെ പ്രണമിച്ചു സന്തോഷത്തോടെ യക്ഷപുരിയിലേയ്ക്ക് മടങ്ങി. അവിടെയവന്‍ ഒരു മഹിഷകന്യകയെക്കണ്ട് കാമപരവശനായി. അവള്‍ക്കും രംഭനില്‍ കാമമുണ്ടായി. അവളില്‍ അവന്‍റെ ഗര്‍ഭം വളരാന്‍ തുടങ്ങി. മറ്റു പോത്തുകളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടുത്തി അവളെയവന്‍ കമനീയമായ പാതാളലോകത്തിലെത്തിച്ചു. ഒരിക്കല്‍ കാമാര്‍ത്തനായി ഒരു പോത്ത് അവളെ സമീപിക്കാന്‍ ശ്രമിക്കവേ രംഭന്‍ അവനെ പ്രഹരിച്ചകറ്റി. എന്നാല്‍ ഈ പോത്ത് അസുരനെ തിരിച്ചുകുത്തി. രംഭന്‍ തല്‍ക്ഷണം അവിടെ മരിച്ചു വീണു. തന്‍റെ ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ആ എരുമ അവിടെ നിന്നും ഓടി യക്ഷന്മാരുടെ വടവൃക്ഷത്തെ ശരണം പ്രാപിച്ചു. കാമാന്ധനായ പോത്ത് അവളുടെ പിറകെ ഓടി. യക്ഷര്‍ അവളുടെ രക്ഷയ്ക്കായി ഓടിയെത്തി. പിന്നെയവിടെ പോത്തും യക്ഷന്മാരും തമ്മില്‍ വലിയ പോരായി. ആ പോരില്‍ പോത്ത് ചത്തു വീണു.
യക്ഷന്മാര്‍ രംഭന്‍റെ ദേഹം ചിതയില്‍ വെച്ചപ്പോള്‍ ആ മഹിഷിയും കൂടെ മരിക്കാനായി തയ്യാറെടുത്തു. യക്ഷന്മാരുടെ തടസ്സങ്ങള്‍ വകവെയ്ക്കാതെ അവള്‍ ആ ചിതയിലേയ്ക്ക് എടുത്തു ചാടി. ഉടനെതന്നെ അതിബലവാനായ ഒരു മഹിഷം ചിതാഗ്നിയില്‍ നിന്നും പൊങ്ങിവന്നു. രംഭനും മറ്റൊരു ദേഹം - രക്തബീജന്‍ - സ്വീകരിച്ചുകൊണ്ട് അവിടെ പ്രത്യക്ഷനായി. അതിബലവാനായ മഹിഷം അസുരന്മാരുടെ രാജാവായി. അങ്ങിനെയാണ് ദേവാസുരന്മാര്‍ക്കെല്ലാം അജയ്യനായ മഹിഷനും വീര്യവാനായ രക്തബീജനും ഉണ്ടായത്.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment