അമൃതവാണി
മക്കളേ, വേലക്കാരനോട് മാന്യമായി മാത്രം പെരുമാറുക. അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താതിരിക്കുക. അവര്‍ക്ക് ഉച്ഛിഷ്ടമായ ആഹാരം നല്‍കാന്‍ പാടില്ല. മനസ്സുകൊണ്ട് അവരെ സ്വന്തം സഹോദരങ്ങളെപ്പോലെ കാണുക.
അടുക്കളയെ പൂജാമുറിപോലെ തന്നെ കാണണം. വെടിപ്പും, ചിട്ടയും ഉണ്ടായിരിക്കണം. കുളി കഴിഞ്ഞു മന്ത്രജപത്തോടെ വേണം അടുപ്പില്‍ തീ കൂട്ടുവാന്‍. അഗ്നിജ്വാലയില്‍ ഇഷ്ടദേവത നില്‍ക്കുന്നതായി കാണണം. രാത്രി കിടക്കുംമുന്‍പ് അടുക്കള അടിച്ച് വെടിപ്പാക്കണം. പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി കമഴ്ത്തി വയ്ക്കണം. ഭക്ഷണം തുറന്നുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടികള്‍ പ്രഭാതത്തില്‍ മാതാപിതാക്കളുടെ പാദം തൊട്ടുവന്ദിക്കുന്ന ഒരു സമ്പ്രദായം നമുക്ക് പണ്ടുണ്ടായിരുന്നു. അത് ഇന്ന് നഷ്ടമായി. അച്ഛനമ്മമാര്‍ അവരുടെ മാതാപിതാക്കളുടെ പാദം തൊട്ടുവന്ദിച്ച് മാതൃക കാട്ടണം. അവര്‍ സ്വന്തം മാതാപിതാക്കളെ അനാദരിക്കുന്നതും, അവഗണിക്കുന്നതും കണ്ട് വളരുന്ന കുട്ടികള്‍ എങ്ങനെ തങ്ങളുടെ അച്ഛനമ്മമാരെ ആദരിക്കും? അനുസരിക്കും? മാതാപിതാക്കള്‍ കുട്ടികള്‍ക്ക് എപ്പോഴും മാതൃകയായിരിക്കണം.
വീട്ടില്‍നിന്ന് പുറത്തേക്ക് പോകുന്നതിന് മുതിര്‍ന്നവരെ കണ്ട് വന്ദിച്ചതിനുശേഷം വേണം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ്, കുട്ടികള്‍ അച്ഛനമ്മമാരുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ശീലം വളര്‍ത്തണം. അതുപോലെ, ജോലിക്കോ മറ്റുകാര്യങ്ങള്‍ക്കോ പുറപ്പെടുന്നതിന് മുന്‍പ്, മുതിര്‍ന്നവരുടെ കാല്‍തൊട്ട് വന്ദിക്കുവാന്‍ മടിക്കരുത്. വിനയവും എളിമയുമാണ് ഈശ്വരകൃപ നമ്മളിലേക്കെത്തിക്കുന്നത്.
ഗൃഹജോലികളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കുചേരണം. അംഗങ്ങള്‍ തമ്മിലുള്ള ഐക്യതയും സ്‌നേഹവും വര്‍ധിക്കുവാന്‍ ഇതുപകരിക്കും. അടുക്കള ജോലികള്‍ സ്ത്രീകളുടേതു മാത്രമാണെന്ന് പറഞ്ഞ് ആണുങ്ങള്‍ മാറിയിരിക്കരുത്. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കണം. കൊച്ചുകുട്ടികള്‍ക്ക് അവര്‍ക്കാവുന്ന ജോലികള്‍ നല്‍കണം.
No comments:
Post a Comment