ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 12, 2019

വാജിവാഹനൻ ശ്രീ ധർമ്മശാസ്താവ്



ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിൽ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളിൽ ഒന്നായിരിക്കും വാഹനമായി പറയുക.

ധ്വജസ്തംഭത്തിൻ്റെ ഏറ്റവും മുകളിൽ ക്ഷേത്രത്തിലെ ദേവൻ്റെയോ ദേവിയുടെയോ വാഹനമായി സങ്കൽപ്പിക്കുന്ന മൃഗത്തിൻ്റെയോ പക്ഷിയുടെയോ ഒരു പ്രതിബിംബം ഉണ്ടായിരിക്കും. പ്രപഞ്ചത്തെ സംബന്ധിച്ച് പരിണാമ വികാസപരമായ ഒരു ദർശനത്തിൽ അധിഷ്ഠിതമാണ് ഈ തത്ത്വചിന്ത. വസ്തുക്കളിൽ ലീനമായിരിക്കുന്ന ബോധതത്ത്വം ജീവജാലങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ട് വികസിച്ച് മനുഷ്യൻ്റെ ബോധാവസ്ഥയിലെത്തുന്നു. ജീവചൈതന്യം മനുഷ്യനിലൂടെ വസ്തുവിൻ്റെ പരിമിതികളെ ലംഘിച്ച് വസ്തുവിനും ജിവനും നിദാനമായ അദ്ധ്യാത്മ ഉണ്മയുടെ സ്വതന്ത്രത്തെ പുൽകാൻ ശ്രമിക്കുന്നു. ജീവവികാസത്തിലെ ഓരോഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ-ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂക്ഷിക്കുന്നത്. ജീവൻ്റെ എല്ല വികാസഘട്ടങ്ങളും ദൈവീകസാദ്ധ്യതകളും പർസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഓരോ ദേവഭാവവും അനന്തസാദ്ധ്യതകളുടെ കേദാരമായ ഉണ്മയുടെ - ബ്രഹ്മത്തിന്റെ - ചില പ്രത്യേക സാധ്യതകളെയും പ്രഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യമനസ്സിന് പരമമായ ചൈതന്യവുമായി ബന്ധപ്പെടാനുള്ള വാതായനങ്ങളാണ് ഉദാത്തമായ ദേവഭാവങ്ങൾ. ജീവവികാസത്തിലെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ- ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂചിപ്പിക്കുന്നത് ജീവന്റെ എല്ലാ വികാസഘട്ടങ്ങളും ദൈവികസാദ്ധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദേവചൈതന്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റും അതാതു ദേവഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാദ്ധ്യതകളുമായി പ്രതീകാത്മകമായ ബന്ധമുണ്ട്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:- വിഷ്ണു എന്ന വാക്കിന് സർവ്വവ്യാപകത്വം എന്നാർത്ഥം. - വിശ്വത്തിനാധാരമായ അന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിന്റെ ശരീരത്തിന് നീലനിറമാണ്- അനന്തമായ ആകാശത്തിന്റെ നീലനിറം. ആകാശത്തെ വെറും ശൂന്യതയായി കാണാതെ, കാരണം എല്ലാം അതിൽ നിന്നും ഉൾഭവിക്കുന്നു എല്ലാം അതിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. അവിജ്ഞേയമായ ആകശത്തിന്റെ ജീവനുള്ള ഒരു ആവിഷ്കാരമെന്നവണ്ണം ഗരുഡൻ അതിൽ യഥേഷ്ടം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. ആകാശവുമായി ഇത്രയേറെ ബന്ധപ്പെട്ടു കഴിയുന്നു മറ്റൊരു പക്ഷിയെ നമുക്ക് കാണനവില്ല. അങ്ങനെയുള്ള ഗരുഡനെ , ആകാശം തന്നെ സ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശനായ, സർവ്വവ്യപിയായ, വിഷ്ണുവിന്റെ വഹനമായി സങ്കൽപ്പിച്ചിരിക്കുന്നത് എത്രയോ ചിന്തോദ്ദീപകമായിരിക്കുന്നു . വീണ്ടും ആഴത്തിൽ തിരക്കി ചെല്ലുമ്പോൾ നിലാകാശത്തിൽ എപ്പോഴും വട്ടമിട്ട് പറക്കുന്നുകൊണ്ടിരിക്കുന്ന ഗരുഡന്റെ പ്രതീകാത്മക ഭാവം കൂടുതൽ വ്യക്തമാകും. അതിസൂക്ഷമമായ പരമാണുകണങ്ങളുടെയും, അതി ബൃഹത്തായ ഗൃഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്വത്തിൽ നിന്നാണല്ലൊ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. ചലനമില്ലങ്കിൽ കാലവുമില്ല ഭൗതീകവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഗരുഡൻ ചലനത്തെ പ്രതിനിദാനം ചെയ്യുന്ന പ്രതീകമാണ്. ഈ ചലനത്തിന്റെ പശ്ചത്തലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ് - വിഷ്ണുവാണ്. അതിനാൽ ചലനത്തിന്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ വിഷ്ണുവിന്റെ അവതരമായ ശ്രീരാമനെ രാവണനുമായുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗരുഡൻ സമീപിക്കുന്ന രംഗമുണ്ട്. ആരാണ് ആ സന്ദർശകൻ എന്ന് ശ്രീരാമൻ ചോദിക്കുമ്പോൾ ശ്രീരാമന്റെ തന്നെ ചലനാത്മകശക്തിയാണ് താനെന്ന് ഗരുഡൻ മറുപടി പറയുന്നു. പ്രതിഭാസിക പ്രപഞ്ചത്തിന് നിദാനമായ ചലനതത്ത്വത്തെയാണ് വിഷ്ണു വാഹനമായ ഗരുഡൻ പ്രതിനിദാനം ചെയ്യുന്നത്.

ഹംസവാഹിനിയാണ് വിദ്യയുടെ അധിദേവതയായ സരസ്വതീദേവീ. വിവേകത്തിന്റെ പ്രതീകമാണ് ഹംസം. ചില ദേവവാഹനങ്ങളാകട്ടെ ആദ്ധ്യാത്മബോധത്തിലേക്ക് വികസിക്കുവാൻ മനുഷ്യന് അതിലംഘിക്കേണ്ടിരിക്കുന്ന പരിമിതികളെയാണ് സൂചിപ്പിക്കുന്നത്.

പരിണാമവികാസത്തിന്റെ അധിദേവതയായ ഗണപതിയുടെ വാഹനം എലിയാണ്. താണനിലയിൽ നിന്ന് ബോധതത്ത്വം അതിന്റെ പരമോന്നത ഉണ്മയിലേക്ക് വികാസിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗത്തെയാണ് ഗണപതിയുടെ ദിവ്യരൂപം പ്രതിനിധാനം ചെയ്യുന്നത്. വാഹനമായ എലി വളരെ ഒരു ബോധതലത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ബോധസത്ത ക്രമേണ താണപടികളിൽ നിന്ന് ഉയർന്ന് സ്വന്തം സർവ്വാതീത സത്തയെ പുൽക്കുന്നതാണ് എലി വാഹനമായിരിക്കുന്ന ശ്രീ ഗണപതി രൂപത്തിന്റെ പ്രമേയം സൂചിപ്പിക്കുന്നത്.

ശിവന്റെ വാഹനം കാളയാണ് നിയന്ത്രിക്കാൻ ബുദ്ധുമുട്ടുള്ള ഊർജ്ജസ്ഥിതിയുടെ ഒരു പ്രതീകമാണല്ലോ ഋഷഭം. ലക്ഷ്യമറ്റ് ചിതറിപ്പോകുന്ന മാനസികവും ശാരീരികവുമായ ശക്തികളെ യോഗസാധനയിലൂടെ നിയന്ത്രിച്ച് മനുഷ്യശരീരത്തെ ഈശ്വരചൈതന്യത്തിന്റെ ആവിഷ്ക്കാര രംഗമാക്കിത്തീർകാനുള്ള ഉദ്ബോധനമാണ് ഈ പ്രതീകത്തിലൂടെ നൽകപ്പെടുന്നത്. മനുഷ്യൻ തന്നെ പിന്നോക്കം വലിക്കുന്ന വാസനകളെ നിയന്ത്രിച്ച് മയപ്പെടുത്തി ജീവിതത്തെ വിശുദ്ധമാക്കുമ്പോൾ അവന് ഈശ്വരചൈതന്യത്തിന്റെ വൈഭവങ്ങളും സ്വതന്ത്രാവബോധവും അനുഭവവേദ്യമകുന്നു.

ശാസ്താവിന്റെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങൾക്കെല്ലാമുള്ള സാമാന്യാർത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധർമ്മമൂർത്തിയായ ശാസ്താവിന്റെ വാഹനമായി കൽപ്പിച്ചിരിക്കുന്നത്.

അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാൺ. ഭക്തന്റെ ചിന്തകളെ നേർവഴിക്കുനയിക്കുന്നവൻ എന്നു സൂചിപ്പിക്കുവാനാണ് പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂർവ്വികർ അവതരിപ്പിച്ചത്.

കാറ്റിനെ വെല്ലുന്ന വേഗത്തിൽ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടിൽ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാൻ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് ..

വേദങ്ങളിൽ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോൾ വാജിവാഹനൻ ജീവാത്മാവിനോടു ചേർന്ന പരമാത്മാവ് എന്ന ആശയവും ഉൾക്കൊള്ളുന്നു...

Tuesday, June 11, 2019

ശുഭചിന്ത




നാമോരോരുത്തരും തിരിഞ്ഞുനോക്കുമ്പോൾ എത്രയോ അഗ്നികുണ്ഡങ്ങളുടെ അനുഭവങ്ങൾ നാം പിന്നിട്ടിട്ടുണ്ട്.......!


ജീവിതത്തിന്റെ അത്തരം അവസ്ഥകളിലെല്ലാം നമ്മെ ആശ്വസിപ്പിക്കുന്നതും ദിശാബോധം വരുത്തുന്നതുമായ ഒന്നാണ്
നമ്മുടെ പ്രത്യാശയുടെ നങ്കൂരം.......


അതാണ് മുന്നേറാൻ നമുക്ക് ഉത്സാഹമുണർത്തുന്നതും ഊർജം പകരുന്നതും.....


പിന്മാറാത്ത നിശ്ചയദാർഢ്യവും, ഉതിർന്നു പോകാത്ത ഉറച്ച വിശ്വാസവും കൈമുതലായിട്ടുണ്ടെങ്കിൽ ആരും ഹതാശരായി മാറിപ്പോകയില്ല.......


കൊടുങ്കാറ്റടിച്ചാലും, പ്രതികൂലമായ കാലാവസ്ഥ വന്നാലും,പട്ടിണിയും, ക്ഷീണവും നേരിട്ടാലും തളർന്നുപോകാതെ ലക്ഷ്യബോധത്തോടും, ശുഭപ്രതീക്ഷയോടും മുന്നേറുകയാണു വേണ്ടത്.....

Monday, June 10, 2019

കൃഷ്ണമുക്തകങ്ങൾ

 

ഡി കെ. എം. കർത്താ (published in Yajn^Opaveetam, August 2016)



കൃഷ്ണനൃത്യം 

ഉണ്ണിക്കണ്ണന്റെ നൃത്യം -- വ്രജകുലതനയാചിത്തചോരന്റെ ഹൃദ്യം 

യജ്ഞം -- കാണുന്നതിന്നായ് അഹമിഹമികയാലെത്തിപോൽദ്ദേവവൃന്ദം;

ശങ് ഖം ഗോപാലകണ്ഠം മധുരതയൊഴുകുംവണ്ണമൂതുന്ന നേരം 

കണ്ണൻ രങ് ഗത്തുവന്നൂ, യവനിക പിറകിൽപ്പൂവനം വിന്യസിപ്പൂ ! 



കൃഷ്ണരോഹിണി 

നിന്നെക്കാണാൻ വരുന്നൂ നവമധു, ഘൃതവും, നൽക്കരിന്പിന്റെ തണ്ടും 

പട്ടും പൂവും മരത്തിൽപ്പണിതൊരു ഗജവും പേറിയീ ഗോപഗോത്രം ;

പന്തും പിന്നെക്കളിയ് ക്കാൻ യമുനയിലൊഴുകിത്തേഞ്ഞുരുണ്ടുള്ള കല്ലും 

കിട്ടുന്പോൾ പുഞ്ചിരിത്തേൻമലരുകൾ തരുമോ നീ പിറന്നാളിലുണ്ണീ ?



കൃഷ്ണതത്വം 

ഗോപസ്ത്രീകളുറങ്ങിടുന്പൊഴുതൊരേ രൂപം കിനാവിൽസ്സദാ 

കാണ്മൂ; സൂരജതന്റെ വീചികളൊരേ നാമം ജപിപ്പൂ മുദാ;

ഗോവൃന്ദങ്ങളൊരേ പരാഗസുരഭീഗന്ധം സ്മരിപ്പൂ സദാ;

രാധാചിത്തമതേ മഹസ്സിലലിയാനെന്നും കൊതിപ്പൂ മുദാ. 



കൃഷ്ണസന്നിധി 

വാത്സല്യം തനിയേ ചുരന്നൊഴുകിടും സർവസ്ഥലത്തും ഭവാൻ 

മൂർത്തീരൂപമെടുത്തു നിൽപ്പു കനിവായ്, ക്കണ്ണാ, നിരന്നെപ്പോഴും;

ഗോശാലാഭുവി; യന്പലങ്ങളഗതിയ് ക്കന്നം വിളന്പുന്നിട, —

ത്താരാദ്ധ്യൻ ഗുരു വിദ്യയേകിടുമിടത്തെല്ലാം ഭവത്സന്നിധി !! 



കൃഷ്ണമുരളി 

നിന്നിൽച്ചേർന്നെൻ മനസ്സാ മധുരിമപകരും വംശി തൻ താരനാദം 

തന്നെത്താൻ വിസ്മരിച്ചീപ്പുഴയുടെ കരയിൽക്കേട്ടിരുന്നൂ, മുരാരേ !

എന്തെൻ പേ; രേതു നാടാ; ണിതു പനിമതിയോ ? രാത്രിയും വന്നുവോ ? നീ--

യെന്നെപ്പാടേ മയക്കീ; യിനി മമ രജനീയാപനം നിന്റെ കാൽക്കൽ !!



കൃഷ്ണസ്തംഭം 

സർവം ചഞ്ചലമാ; ണതീവ പരിണാമാവിഷ്ടമല്ലോ നരൻ 

സൃഷ്ടിയ് ക്കുന്നൊരവസ്ഥകൾ; പ്രകൃതിയും ചാപല്യമായാമയം !

ചുറ്റുന്നൂ പരിവർത്തനച്ചുഴലിയിൽബ്ബോധം; ഹരേ, വീഴ്ച്ചയിൽ--

ച്ചുണ്ടിൽനിന്നുയരുന്ന നിന്നഭിധയാണേകാവലംബോദ് ഗമം !



കൃഷ്ണദാസി 

കാതോർക്കൂ, ഗോപതന്വീ, ഹരിയിത വരവായ് ക്കൈയിലുണ്ടത്യസങ് ഖ്യം 

പൂമൊട്ടും പൂർണ്ണപുഷ്പക്കുലകളും ഇലയും വട്ടിയിൽക്കണ്ടുവോ നീ ?

മാലാകാരീ, തുടങ്ങാം പണി, ഹരിയണിയും ദാമവും രാസകേളീ--

ലോലർക്കൊക്കെദ്ധരിയ് ക്കാൻ നിരവധി സുമഹാരങ്ങളും കോർത്തിടാം നാം !



കൃഷ്ണപര്യടനം 

ഗോഷ്ഠത്തിന്നങ് കണങ്ങൾ വ്രജജനബഹുലം -- കണ്ണിനിന്നുത്സവം താ--

നാദ്യത്തെപ്പിച്ചവെയ് പ്പിന്നമൃതസുഖരസം പെയ്തു നീങ്ങുന്നു കണ്ണൻ;

വീഴുന്നൂ മുട്ടുകുത്തി, ദ്രുതതരമിഴയുന്നുണ്ടു പിന്നീടെണീറ്റാ--

ക്കാലിന്മേൽ നിന്നു വീണ്ടും നടവരനടികൾ വെയ് ക്കുവാൻ നോക്കിടുന്നൂ !! 



കൃഷ്ണസൌരി 


കാളിന്ദിപ്പുഴ നിന്നെ നീരലകളാൽത്തൊട്ടിന്നു വാത്സല്യമാം 

പീയൂഷം നുകരുന്നു; തന്റെ ഗതിയും ദിക്കും മറക്കുന്നിതാ !!

നീയോ തൻ ജലകേളിയെത്ര സമയം മുന്പേ തുടങ്ങീ ? യിതിൻ 

നേരാമുത്തരമോർത്തിടാത്ത ജലധീശയ് യാവിലോലൻ, ഹരേ !!



കൃഷ്ണനാകം 
തോഷാശ്രുക്കളൊഴുക്കിനിൽപ്പു ഭഗവൻ, ഞങ്ങൾ ഭവത്സന്നിധീ--

നാകത്തിൽ; ത്തിരുനാമമോതിയഴലിന്നൂറ്റം കുറയ് ക്കുന്നിതാ !

നാമം തീരെ മറക്കലാണു നരകം; നാകം ഭവന്നാമമാം 

നാദബ്രഹ്മലയശ്രുതീയമുനതന്നോളത്തിലാപ്ലാവനം !

സുഭാഷിതം



ശ്ലോകം:

ഉഷ്‌ട്രാണേം ച വിവാഹേഷു ഗീതം ഗായന്തി ഗതെഭാഃ
പരസ്പരം പ്രശംസന്തി അഹോ  രൂപമഹോ സ്വരം


അർത്ഥം:

ഒട്ടകത്തിന്റെ കല്യാണത്തിന് കഴുത പാട്ട് പാടുന്നു. പുകഴ്ത്തിയാണ് പാടുന്നത്. ഒട്ടകം എത്ര മനോഹരമായ മൃഗമാണ് എന്ന് കഴുതയും, നല്ല ശബ്ദത്തിന്റെ ഉടമയാണ് കഴുത എന്ന് ഒട്ടകവും പരസ്പരം പുകഴ്ത്തുന്നു.



വ്യാഖ്യാനം:

മോശം കഴിവുകൾ ഉള്ളവർ കണ്ടുമുട്ടുമ്പോൾ വില കുറഞ്ഞ പുകഴ്ത്തലുകൾ ഉണ്ടാകുന്നു. ഒന്നുകിൽ അവർക്ക് അതിനെ കുറിച്ച് ഒരു ധാരണ ഉണ്ടാകില്ല അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാനസികമായ സന്തുഷ്ടി ലഭിക്കുന്നു. അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ പുകഴ്ത്തുമ്പോൾ ശ്രദ്ധിക്കുക!

Sunday, June 9, 2019

കൃഷ്ണ മുക്തകങ്ങൾ


ഡി. കെ. എം. കർത്താ (Published in BhaktapRiya mAsika)



കൃഷ്ണകൈതവം 
"അമ്മേ, എൻപ്രിയവേണുവിൽ വരളലേറീടുന്നു  ശീതത്തിനാൽ--
ത്തന്നാലും പുതുവെണ്ണ നീണ്ട കുഴലിന്നുള്ളിൽപ്പുരട്ടീടുവാൻ!"
എന്നീയർത്ഥനയോതി  വെണ്ണയുരുളക്കിണ്ണം  യശോദാംബയിൽ
നിന്നാർജിച്ചു  മരങ്ങൾ തീർത്ത മറവിൽ മായും മുരാരേ! ജയ! 


കൃഷ്ണവിവർത്തം 
ഒറ്റത്തന്ത്രിയണിഞ്ഞ തംബുരു വലംകൈയാലെ മീട്ടി, പ്പുറ--
ക്കണ്ണില്ലാത്തൊരു സൂരദാസനരുളാൽ ചെയ് യുന്നു കൃഷ്ണാർച്ചനം;
മുന്നിൽപ്പുല്ലിലിരുന്നു നീലമിഴിയാൽ നോക്കിസ്മിതം തൂകിടും 
കണ്ണൻ വാങ് മയനായി മാറിയുണരുന്നാ ശുദ്ധസങ് ഗീതിയിൽ !



കൃഷ്ണസമാഗമം 

അങ്ങേകുന്ന പുനസ്സമാഗമസുഖം നെഞ്ചിൽത്തുടിയ് ക്കുന്പൊഴാ--
ണെന്നിൽബ്ബോധമുദിപ്പ; തത്ഭുതമയം ഭാവൽക്കലീലാശതം!
കയ് പെന്തെന്നറിയാതെയെങ്ങിനെയിവന്നാകും സ്വദിയ് ക്കാൻ മധൂ--
നിഷ്യന്ദം ? വിരഹങ്ങളും തവദയാദാനപ്രകർഷം ഹരേ !


കൃഷ്ണരഹസ്യം 

പത്രച്ചാർത്തിനിടയ് ക്കുകൂടിയൊളിവിൽക്കാണുന്നു ശ്രീരാധ നീൾ-
ക്കണ്ണൻ മാല കൊരുക്കുവാൻ മലരുകൾ നുള്ളാതെ നേടുംവിധം---
വൃക്ഷം വന്യസുമപ്രിയന്റെ മിഴികൾ കണ്ടുള്ളിലൻപാർന്നുടൻ 
മെയ് യിൽ നീളെ വിടർന്ന സൂക്ഷ്മപുളകം പെയ് യുന്നു പൂമാരിയായ് !



കൃഷ്ണ വർഷം 

മേഘം കൃഷ്ണദയാഘനം; മഴ സുഖം പൂശുന്ന കൃഷ്ണാങ് ഗുലീ--
ലേപം; കാറ്റിലണഞ്ഞ നേർത്ത കുളിരോ കണ്ണന്റെയാലിങ് ഗനം ;
പേർത്തും പേർത്തുമുദിച്ച മിന്നലഴകിൽപ്പേറുന്നു കൃഷ്ണാധര--
സ്മേരൌജ്ജല്യം; അഖണ്ഡവർഷമഖിലം കൃഷ്ണന്റെ രൂപാന്തരം !! 



കൃഷ്ണമയം 

കാണുന്നില്ലൊരിടത്തുമങ്ങയെയൊഴിച്ചൊന്നും, ഹരേ, സർവദാ 
കേൾക്കുന്നില്ലൊരു നാദവും തവ മഹാനാമങ്ങളല്ലാതെ ഞാൻ;
മൂക്കിൽ വന്നു നിറഞ്ഞ സൗരഭസുഖം ഭാവൽക്കവക്ഷസ്സിലെ--
പ്പൂമാലക്കുളിരിൽക്കുളിച്ച തുളസീനിശ്വാസസൌഗന്ധികം.



കൃഷ്ണപാദരേണു 

ഗോധൂളീശുഭഗന്ധം; ഉർവരമഹീസൌരഭ്യം ഉന്മേഷദം; 
കാടിൻ പൂമണം; ആർദ്രവന്യതുളസീഗന്ധം പരാഗാത്മകം;
കാളിന്ദീജലബിന്ദുവിൻ പരിമളം; സൌഗന്ധികം ധാതുജം --
നാനാഗന്ധമിണങ്ങിയിങ്ങനെ ഹരീശ്രീപാദരേണുക്കളിൽ !



കൃഷ്ണനൃത്യം 
വിഘ്നേശന്റെ മൃദംഗവാദനലയം ശ്രീരുദ്രവീണാസുധാ--
സംപുഷ്ടം കരതാളവാദകഗുഹദ്ധ്വാനത്തൊടൊത്തീടവേ,
ചിന്തിൽഗ്ഗൗരി നിറച്ചിടുന്നു രസമാം പീയൂഷ; മഗ്ഗീതിയെ--
ക്കണ്ണൻ ചാക്ഷുഷയജ്ഞരൂപവതിയായ് ത്തീർക്കുന്നു രാധായുതൻ !! 



കൃഷ്ണപ്രത്യക്ഷം 

ക്ഷേത്രം നിന്റെ തികഞ്ഞ സന്നിധി, യിതാ ഭക്തന്റെ നെഞ്ചോ സദാ 
വേണൂനാദമൊഴുക്കി നീ നിറയുമാ വൃന്ദാവനം പാവനം;
ദേഹം കൊണ്ടു മണത്തു തൊട്ടറിയുമിപ്പ്രത്യക്ഷ വിശ്വം, ഹരേ !
പ്രേമത്തിന്റെ പുനീതസന്നിധി -- ഭവച്ചൈതന്യഗോവർദ്ധനം !!



കൃഷ്ണദാനം 

തന്നൂ നീ, കൃഷ്ണ, ഹസ്തം കമലമുകുളമായ് ക്കൂന്പിടാൻ നിന്റെ മുന്നിൽ,—
ത്തന്നൂ നീയുത്തമാങ് ഗം തിരുനടയിലിതാ സാദരം കുന്പിടാനും;
തന്നൂ നീ നീണ്ട നാവൊന്നഭിധകളുണരും ഭക്തിയോടേ ജപിയ് ക്കാൻ,
തന്നൂ നീ മർത്ത്യപാദം ഖലകലിയിതിലും നിന്നെയോർത്തേ നടക്കാൻ.



ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കു പടിഞ്ഞാറു ഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നതിന്റെ ഐതീഹ്യം...





പണ്ട്,പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടി കർമ്മത്തിലേർപ്പെട്ടു കൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനു മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.



തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു.



ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു.


ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.

കടപ്പാട് : 

Saturday, June 8, 2019

പതിനെട്ടരക്കവികൾ




പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട്സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു . പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല .


പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ.




പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ

ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടുംഅധ്യാപനത്തിൽ കല്പവൃക്ഷത്തോടുംപ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു.




തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ

കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും.




മുല്ലപ്പള്ളി ഭട്ടതിരിചേന്നാസ് നമ്പൂതിരിപ്പാട്

താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്.




കാക്കശ്ശേരി ഭട്ടതിരി

ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യസന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.




ഉദ്ദണ്ഡശാസ്ത്രികൾ

ശാസ്ത്രികൾ കർണ്ണാടകത്തിലെ(അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതംഎന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.




പൂനം നമ്പൂതിരി

മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌.


 താളിയോല

Friday, June 7, 2019

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട എന്ന സ്ഥലത്തെ കൂടൽമാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്ര ത്തിലെ പ്രത്യേകതകൾ



 എല്ലാ ശീവേലികൾക്കും 17 ആനയും പെരുവനത്തിന്റ സമ്പൂർണ്ണ പഞ്ചാരിമേളവും.


തിടമ്പാനയ്ക്ക് കൂട്ടായി രണ്ട് കുട്ടിയാനകൾ,ഇവയെ ഉള്ളാന എന്ന് വിളിക്കുന്നു.


 17 ആനകൾക്കുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴ് സ്വർണ്ണ നെറ്റിപട്ടങ്ങളും പത്ത് വെള്ളി നെറ്റിപട്ടങ്ങളും.


കേരളത്തിലെ ഏറ്റവും വലിയ രണ്ട് ആനകൊട്ടിലുകൾ സ്ഥിതി ചെയ്യുന്നത് കൂടൽമാണിക്യം ക്ഷേത്രത്തിലാണ്.


ദീപാരാധന ഇല്ല.


ഉൽസവത്തിനല്ലാതെ നിത്യവും ശീവേലി ഇല്ല.


ഉൽസവബലി ഇല്ല ശ്രീഭൂതബലിയേ ഉള്ളൂ.


 ആറാട്ട് ചാലക്കുടി പുഴയിൽ രണ്ട് കടവുകളിലായി ഓരോ വർഷവും മാറിമാറി നടത്തിവരുന്നു.


 പ്രത്യേക ദിവസങ്ങളിൽ മഴപെയ്യാതിരിക്കാൻ താമരമാല വഴിപാട് നടത്തുന്ന ക്ഷേത്രം.


അഞ്ച് തന്ത്രിമാരുള്ള ഏക ക്ഷേത്രം.


തൃപ്പുത്തരിക്ക് പിറ്റേ ദിവസം മുക്കുടി നടത്തുന്ന ക്ഷേത്രം.


തുളസി പ്രധാന പൂജാ പുഷ്പമാണെങ്കിലും ഇവിടുത്തെ തിരുമുറ്റത്ത് തുളസി മുളയ്ക്കുകയില്ല.


തവളകളും പാമ്പുകളുമില്ലാത്ത ക്ഷേത്രക്കുളം.


നിവേദ്യം വയ്ക്കുന്നത് എത്രവലിയ വാർപ്പിലായാലും അത് താഴെയിറക്കാൻ കീഴ്ശാന്തി മാത്രം മതി.


ഉപ്പിട്ട വഴുതനങ്ങ നിവേദ്യം ഉദരരോഗികൾക്ക് നലകുന്ന ക്ഷേത്രം.


കർപ്പൂരവും ചന്ദനത്തിരിയും ഇവിടെ ഉപയോഗിക്കില്ല.

Thursday, June 6, 2019

ലോകാ സമസ്താ സുഖിനോ ഭവന്തുഃ




     "ലോകാ സമസ്താ സുഖിനോ ഭവന്തുഃ " എന്തൊരു വിശാലമായ ചിന്താഗതിയാണ് നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നു തന്നിട്ടുള്ളത് !! നമ്മുടെ ഭാരതീയ സംസ്ക്കാരത്തിൽ മാത്രം കാണാൻ കഴിയുന്ന ഗംഭീരമായ ഒരു പ്രാർത്ഥന !! ലോകത്തിലുള്ള സർവ്വതിനും സുഖം ലഭിക്കാനായിട്ടുള്ള പ്രാർത്ഥന !!


    നമ്മിൽ പലരും പ്രാർത്ഥിക്കുമ്പോൾ ഈ ഒരു പ്രാർത്ഥന ചൊല്ലാറുണ്ടെങ്കിലും, അത് എങ്ങിനെ പ്രാവർത്തികമാക്കണം എന്ന് ചിന്തിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്. നമ്മുടെ പുരാണേതിഹാസങ്ങളായാലും, മറ്റു വിശിഷ്ട ഗ്രന്ഥങ്ങളായാലും വായിക്കുകയും, കാണാപ്പാഠം ചൊല്ലുകയും ചെയ്യുന്നവരാണ് ജ്ഞാനികൾ എന്ന് കരുതിയാൽ അത് തെറ്റാണ്.അതിൽ ഓരോന്നിലും അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ മനസ്സിലാക്കുകയും, നന്നായി മനനം ചെയ്യുകയും, അത് കഴിയുന്നതും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ജ്ഞാനികൾ !!
അല്ലാതെ ഇതൊക്കെയും വായിച്ചു മനസ്സിലാക്കിയ ശേഷം സഹജീവികളോട് പരുഷമായി പെരുമാറുകയും, വിദ്വേഷം വെച്ചു പുലർത്തുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല തന്നെ!

   

     നമ്മുടെ ഏതൊരു പുരാണ ഗ്രന്ഥങ്ങളിലെയും തത്ത്വങ്ങൾ വിശകലനം ചെയ്തുനോക്കിയാൽ എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എത്തിച്ചേരുന്നത് ഒരേ ഒരു സത്യത്തിലേക്കാണ് ! ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നു തന്നെയാണ്! അതു തന്നെയാണ് ഈശ്വരൻ !! അതല്ലാതെ മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ല എന്നാണ്.
അപ്പോൾ നമുക്ക് ആരോടാണ് ദ്വേഷ്യപ്പെടാൻ സാധിക്കുക? എല്ലാം എല്ലാം ഈശ്വരനാണ്, നാം എന്തിനെയാണ് സ്നേഹിക്കാതിരിക്കുക?
ഇവിടെയാണ് "ലോക സമസ്ത സുഖിനോ ഭവന്തു :" എന്ന പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്ന സാരം

നാം മനസ്സിലാക്കേണ്ടത്. നമ്മിൽ നിന്ന് വേറിട്ട് ഒന്നുമില്ലെങ്കിൽ പിന്നെ നമുക്ക് എല്ലാത്തിനേയും ഒരു പോലെ സ്നേഹിക്കാൻ സാധിക്കണം ! അപ്പോൾ നാം കൊടുത്ത സ്നേഹം ഇരട്ടിയായിട്ട് നമുക്കും തിരിച്ച് കിട്ടുകയും ചെയ്യും!


     ക്ഷണികമായ നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരെയും, മനസ്സറിഞ്ഞ്, യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ സ്നേഹിക്കുക! ഭഗവാൻ, ഗീതയിൽ പറയുന്നത്, പ്രതിഫലേച്ഛയൊന്നുമില്ലാതെ ,ഭഗവാനുള്ള സമർപ്പണമായിട്ട് നാം  ഓരോ കർമ്മവും ചെയ്യണം എന്നാണല്ലൊ! അതുപോലെ തന്നെയാണ് നാം നമ്മുടെ പെരുമാറ്റത്തിലും കാണിക്കേണ്ടത്. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹവും, നല്ല വാക്കുകളും, നല്ല പ്രവർത്തികളും ചെയ്യുക!

ഫലം നാം ഇച്ഛിക്കേണ്ട ,ഭഗവാൻ നൽകുന്നത് സന്തോഷമായി സ്വീകരിച്ചാൽ മതി.


    ഒരാൾക്ക് മറ്റൊരു വ്യക്തിയോട് നിസ്സാര കാര്യത്തിന് ക്രോധം തോന്നിയെന്നിരിക്കട്ടെ. അത് തന്നെയും, തനിക്ക് ചുറ്റിലുമുള്ള അടുപ്പമുള്ളവരെയുമടക്കം മനഃസംഘർഷത്തിലേക്ക് എത്തിക്കും. മനഃസമാധാനം നഷ്ടപ്പെടുകയും, അവിവേകം പ്രവർത്തിക്കുകയും,
നേരായ ബുദ്ധിക്ക് കോട്ടം തട്ടുകയും, സ്വയം നാശം സംഭവിക്കുകയും ചെയ്യും. ഇതും ഭഗവാന്റെ ഗംഭീരമായ ഒരു ഉപദേശമാണ്! സത്യമതല്ലെ ! ക്രോധം കൊണ്ട് എന്തു നേട്ടമാണുണ്ടാവുന്നത്?
മറിച്ച് ഒരു സദസ്സിൽ എത്തി സ്നേഹപൂർവ്വം എല്ലാവരോടും ഇടപഴകുമ്പോൾ നമ്മിൽ അറിയാതെ തന്നെ ഒരു പോസിറ്റീവ് എനർജി ഉടലെടുക്കും. അത് നമുക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാക്കും.


    ഒരമ്മ തന്റെ പിഞ്ചുകുഞ്ഞിനോട്  സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെ? എത്ര സൗമ്യമായാണ് വാത്സല്യത്തോടെ സംസാരിക്കുന്നത്, അല്ലെ? വളരെ മൃദുവായും, ചെറിയ ശബ്ദത്തിലുമാണ് കുഞ്ഞിനോട് സംസാരിക്കുക. അതാണ് സ്നേഹം ഉള്ളിടത്ത് മൃദുവായ ശബ്ദം മതിയാവും.മറിച്ച് രണ്ടുപേർ ശണ്ഠകൂടുന്നതാണെങ്കിലോ, എത്ര സമീപത്താണെങ്കിലും ശബ്ദം ഉയർന്നു കൊണ്ടേയിരിക്കും. നമ്മുടെ പുരാണങ്ങളിലെ അസുരന്മാരെപ്പറ്റി കേട്ടിട്ടില്ലെ? അവർ ഗർജ്ജിക്കുകയാണ് ചെയ്യുന്നത്, അവരെ അമർച്ച ചെയ്യാനും, അവരെ ഇല്ലാതാക്കാനും, ധർമ്മ സംസ്ഥാപനത്തിനുമായി ഭഗവാൻ അവതരിക്കേണ്ടിയും വരുന്നു.അതുപോലെ നമുക്കും ക്രോധം വരുമ്പോൾ നമുക്കും ആസുരികഭാവം കൈവരും. ആ ഭാവം നമ്മെ നാമറിയാതെ തന്നെ നാശത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. അതു കൊണ്ട് ക്രോധം ഒഴിവാക്കി, എല്ലാവരെയും സ്നേഹിക്കാനാണ് ശ്രമിക്കേണ്ടത്.


 വാസ്തവത്തിൽ
ധൃതരാഷ്ട്ര മഹാരാജാവിന്റെയും, ദുര്യോധനന്റെയും ഞാൻ, എന്റെത് എന്നുള്ള ഭാവമാണ് ,കുരുക്ഷേത്രയുദ്ധത്തിന് തന്നെ കാരണം എന്ന് പറയാം. ആ ഭാവത്തെ എപ്പോൾ ത്യജിക്കുന്നുവോ അപ്പോൾ അവിടെ ധർമ്മം പാലിക്കപ്പെടും. കഥകൾ വായിച്ച് ധൃതരാഷ്ട്രരുടെയും, ദുര്യോധനന്റെയും സ്വഭാവദൂഷ്യം പറയുകയല്ല നാം വേണ്ടത്, നമ്മിൽ ഓരോരുത്തരിലും ധൃതരാഷ്ട്രത്വവും, ദുര്യോധനത്വവും അൽപ്പമെങ്കിലുമുണ്ടെങ്കിൽ അത് മനസ്സിലാക്കി, അതിനെ ഇല്ലായ്മ ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്.


  സ്നേഹം എന്നത് ഒരു പുഞ്ചിരിയിലൂടെയോ, ഒരു നോട്ടത്തിലൂടെയോ,  നല്ല വാക്കുകളിലൂടെയോ, ഒരു നല്ല പ്രവർത്തിയിലൂടെയോ, ഒരു അഭിനന്ദനത്തിലൂടെയോ നമുക്ക് മറ്റുള്ളവർക്ക് നൽകാനാവും .സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.

കാരണം, എത്ര കൊടുത്താലും തീരാത്ത അക്ഷയഖനി പോലെ നമുക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം കൊടുക്കുന്തോറും ഇരട്ടിയായി നമുക്ക് തിരിച്ചു കിട്ടുകയും ചെയ്യും!

നമുക്ക് സ്നേഹിക്കാം!

ഈ പ്രകൃതിയേയും, വൃക്ഷങ്ങളേയും, പുഴകളെയും, പക്ഷിമൃഗാദികളെയും, സർവ്വ ചരാചരങ്ങളെയും മനസ്സറിഞ്ഞ്, ഹൃദയം നിറഞ്ഞ് സ്നേഹിക്കാം!
ക്രോധത്തെയും, ദ്വേഷത്തേയും ആട്ടിയോടിക്കാം!

സ്നേഹം ഉള്ളിടത്ത് ഞാൻ എന്ന ഭാവം ത്യജിക്കപ്പെടും. അവിടെ ധർമ്മമുണ്ടാവും!ധർമ്മമുണ്ടായാൽ അവിടെ ഭഗവാനുണ്ടാവും!
ലോകാ സമസ്താ സുഖിനോ ഭവന്തുഃ


ചിന്താമണി വിശ്വനാഥൻ
സദ്ഗമയ സത്സംഗവേദി

Wednesday, June 5, 2019

കൃഷ്ണമുക്തകങ്ങൾ



ഡി.കെ.എം. കർത്താ (published in May 2016 Yajn^Opaveetam)



കൃഷ്ണാഷ്ടമി 

ഇന്നാണഷ്ടമി; യിന്നു ചന്ദ്രഹൃദയം ചേരുന്നു ശ്രീരോഹിണീ--

കന്യാചേതനയോടു; ഭൂമി പുളകംകൊള്ളുന്നു പുഷ്പങ്ങളാൽ !

ഇന്നാണച്യുത, പുണ്യപൂർണ്ണദിവസം ! നിൻ നാമകാളിന്ദിയിൽ--

ചെന്നാമഗ്നത നേടുവാനിവനു നിന്നാശിസ്സു തന്നീടണേ !! 



കൃഷ്ണകേശം 

ആരേ ശ്രീമദ് യശോദാസുതഘനചികുരം കോതി മന്ദാരമാലാ--

സൌരഭ്യംചേർത്തു കെട്ടിക്കിസലയകുസുമശ്രേണി ചൂടിച്ചു വീണ്ടും?

ആരേ മായൂരപിഞ്ഛം നിറുകയിലണിയിച്ചെത്രനേരം സലീലം 

സൌന്ദര്യം നോക്കിനിന്നൂ, പരമരസികയാ രാധികയ് ക്കെൻ പ്രണാമം !! 



കൃഷ്ണകരുണ 

വ്യോമം, വായു, ഹുതാശനൻ, ജലഗണം, പൃഥ്വീതലം, എന്നിവ--

യ് ക്കാകുന്നൂ ഹരിതന്നപാരദയയെപ്പ്രത്യക്ഷമാക്കീടുവാൻ !!

ഗോക്കൾ; മക്ഷിക, യാർദ്രസസ്യഗണവും, വൃക്ഷങ്ങളും ജീവനായ് 

രൂപംകൊണ്ട മുരാരിതന്റെ കരുണാവൈപുല്യ---മത്യത്ഭുതം !! 




കൃഷ്ണഭാഷ 

പേരാണോ നീ വിളിച്ചൂ, ശുഭകര, മുരളീവാദ്യഗാനത്തിലൂടെ?---

പ്പാഞ്ഞീ വത്സം വരുന്നൂ, ഉടനടിയശനം നിർത്തി നിൻ നേർക്കമന്ദം !

നാദത്താലാരചിയ് ക്കും ഭണിതിയുമമലം വൈഖരിയ് ക്കൊപ്പമർത്ഥം 

ദ്യോതിപ്പിച്ചോ ? പരാവാങ് മയ ! സ്വരകുശലൻ നീ ഹരേ, ബ്രഹ്മതത്വം !! 



കൃഷ്ണസമ്മാനം 
കണ്ണാൽക്കാണുക വയ് യ കൃഷ്ണഭഗവൻ ! നിന്നത്ഭുതാകാര, മീ---

യെങ്ങൾക്കില്ല മഹർഷിമാർക്കു വശമാം ദൃഷ്ടീവിശേഷം, വരം!

എങ്കിൽക്കൂടിയിവന്നുപോലുമെളുതായ് സ്സാധിപ്പു കേട്ടീടുവാൻ 

ഇന്നും നിന്റെ കഥാശതങ്ങളമൃതവ്യാസസ്വരത്തിൽ, ഹരേ !



കൃഷ്ണമൌനം 

വാത്സല്യത്തിന്റെ സത്തായ് വ്രജജനപദമാം ഭൌമവൈകുണ്ഠമുറ്റ---

ത്താടിപ്പാടിക്കളിച്ചും ചിരിയുടെ സുമജം തൂകിയും നീ നടന്നൂ;

വൈരാഗ്യത്തിന്റെ സത്തായ് ഹരി വിഷമദിരാകേളിയിൽ വൃഷ്ണിവംശം 

നാശത്തിന്നന്നൊരുങ്ങുന്പൊഴുതതു മമതാഹീനനായ് നോക്കിനിന്നൂ ! 



കൃഷ്ണോത്സാഹം 
അങ് കത്തിൽ നീയിരിയ് ക്കെ, ക്കുസൃതികൾ മുഴുവൻ കണ്ടു പൊട്ടിച്ചിരിച്ചും,

കുഞ്ഞിക്കൈയാൽത്തരും നൽപ്രഹരണപുളകംകൊണ്ടു കോരിത്തരിച്ചും, 

ചിന്തിയ് ക്കുന്നേൻ:-- പ്രപഞ്ചം മുഴുവനുമൊരിളംപൈതലാണെന്നപോൽത്ത--

ന്നങ് കത്തിൽച്ചേർത്തിടുന്നോൻ പരമകുതുകിയാണെന്മടിത്തട്ടിലെത്താൻ !!




കൃഷ്ണദൂതൻ 

കാറ്റെത്തുന്നു പഴുത്ത മാന്പഴമണം കാടിന്റെ സന്ദേശമായ്--

പ്പേറിക്കണ്ണനുറങ്ങിടുന്നൊരറയിൽ നിശ്ശബ്ദനായിട്ടിതാ !

ദേഹത്തിൻ വനമാല്യഗന്ധ, മമലം മാലേയസൌരഭ്യവും 

പേറിദ്ദേവകിതന്റെ ഗേഹമണയാൻ വെന്പുന്നു ദൂതാനിലൻ !!



കൃഷ്ണോഷസ്സ് 

ഗോപീശ്രേണി പണിപ്പെടുന്നു ഹരിയെപ്പാട്ടാൽ, വളക്കൈയിലെ--

ക്ക്വാണത്താൽ, മൃദുവായ് മൊഴിഞ്ഞ പുകളിൻ ചിന്താലുണർത്തീടുവാൻ; 

കാളിന്ദീജലവീചി പാടി:-- "ഉണരൂ !" -- സർവം വൃഥാവിൽ, ദ്ദധീ--

പാത്രത്തിൽ കടകോലു തട്ടുമൊലിയേ കണ്ണന്നുഷ:ചിഹ്നകം!!



കൃഷ്ണഗോപൻ 

കാലിക്കോലുപയോഗശൂന്യ; മതിനെക്കാളെത്ര സാഫല്യമാ-

ണേകുന്നൂ ഹരി പേറിടുന്ന മുരളീനാളം ജഗന്മോഹനം !

കാളക്കൂറ്റനിതാ മെരുങ്ങി വരിയിൽപ്പിൻഗാമിയാകുന്നു, തേ-

നൂറും രാഗരസം വിഷാണധരനെക്കുഞ്ഞാടുപോലാക്കവേ !!