ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 23
തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം.
അധ്യായം/21, പുനര്‍ജന്മം
പുതിയ ശരീരത്തില്‍, അടുത്ത ജനനമാണ്, പുനര്‍ജന്മം. ആത്മാവ് ശരീരം വിട്ടകലുന്നതാണ് മരണമെന്നും, സാധാരണ, വിട്ടുപോയ ഓരോ ആത്മാവും ഇന്നോ നാളെയോ പുതിയ ശരീരത്തില്‍ പുനര്‍ജന്മം നേടുന്നുവെന്നും ഭാരതീയ തത്വചിന്ത പറയുന്നു (ഭഗവദ്ഗീത 2:27). മരണത്തിനും പുനര്‍ജന്മത്തിനുമുള്ള ഇടവേള, വ്യക്തിഭിന്നമാണ്. ഏലിയ പ്രവാചകന്‍ മരിച്ച്, സ്‌നാപക യോഹന്നാനായി പുനരവതരിച്ചതിനുള്ള ഇടവേള എട്ടുനൂറ്റാണ്ടായിരുന്നു; എന്നാല്‍, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത, അലാസ്‌കയിലെ വില്യം ജോര്‍ജിന്റെ പുനര്‍ജന്മത്തിന്, (Twenty Cases of Suggestive Reincarnation) (232-235) ഗര്‍ഭധാരണകാലമേ വേണ്ടിവന്നുള്ളൂ. (അധ്യായം 1).
തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം.
പുതിയ ജന്മത്തില്‍, പഴയ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിക്കുകയും അവ മുന്‍കര്‍മങ്ങളുടെ ഫലങ്ങള്‍ കൊണ്ടുവരുന്ന പ്രവൃത്തികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കര്‍മഫലം നല്‍കിക്കഴിയുമ്പോള്‍, പ്രചോദനം കൊണ്ടുണ്ടായ കര്‍മത്തിന്റെ ഉടന്‍ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകഴിയുമ്പോള്‍, അത് പ്രചോദിപ്പിച്ച കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. അതിനിടയില്‍, ആ പുതിയ പ്രവൃത്തിയുടെ പുത്തന്‍ കര്‍മഭാവങ്ങള്‍, സൂക്ഷ്മശരീരത്തില്‍ ഉണ്ടായെന്നു വരാം.
ആകസ്മിക അനുഭൂതി സ്പന്ദങ്ങളും വിചാരങ്ങളും സൃഷ്ടിക്കുന്ന അഭിലാഷങ്ങളും കര്‍മങ്ങളും പുതിയ കര്‍മഭാവങ്ങള്‍ സൃഷ്ടിച്ചേക്കാം. കര്‍മം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം കര്‍മഫലം അനുഭവിക്കാന്‍ എടുക്കുമെന്നതിനാല്‍, സഞ്ചിതകര്‍മം കൂടിക്കൊണ്ടിരിക്കുമെന്നു മഹര്‍ഷിമാര്‍ പറയുന്നു. ഓരോ ജീവിതത്തിലും ഇതു കൂടിക്കൊണ്ടിരിക്കുന്നതിനാല്‍, കര്‍മഫലത്തിന്റെ കുടിശിക ഭക്ഷിക്കാന്‍ ആത്മാവ് പല ജന്മങ്ങള്‍ എടുക്കേണ്ടിവരും. അത്, മനസ്സിന്റെയും കര്‍മങ്ങളുടെയും സമ്പൂര്‍ണ ശുദ്ധി ആര്‍ജിച്ച്, പുതിയ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിലയ്ക്കുംവരെ, തുടരും.
ശരീരം വിടുന്ന ആത്മാവ്, ഹെയ്ഡ്‌സില്‍ (സംസ്‌കൃതത്തില്‍, പിതൃലോകം) വസിച്ച് ഭൂമിയിലേക്ക് വീണ്ടും വീണ്ടും കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യനായോ മൃഗമായോ മറ്റ് ശരീരരൂപങ്ങളായോ വരുന്നുവെന്ന് ഗ്രീക്ക് ചിന്തകന്‍ പൈതഗോറസും (582-500 ബിസി) വിശദീകരിച്ചിരുന്നു (In Search of Soul, വാല്യം 1, പേജ് 27).
മരണവും പുനര്‍ജന്മവും സഞ്ചിതകര്‍മത്തില്‍ നിന്ന് പുത്തന്‍ പ്രാരബ്ധകര്‍മം ഉണ്ടാകുമ്പോഴാണ് (അടുത്ത അധ്യായം). അപൂര്‍വ അപവാദങ്ങളിലല്ലാതെ, പുത്തന്‍ പ്രാരബ്ധകര്‍മത്തിനും പുനര്‍ജന്മത്തിനും ഇടവേളയുണ്ടായിരിക്കും. പുത്തന്‍ പ്രാരാബ്ധകര്‍മത്തിന് പറ്റിയ സ്ഥലം തെരഞ്ഞെടുക്കാന്‍ ആത്മാവ് അതിന്റേതായ സമയമെടുക്കും. ശരീരം വിട്ട ആത്മാവ്, പുനര്‍ജന്മത്തിനോടടുക്കുമ്പോള്‍, പുത്തന്‍ പ്രാരബ്ധകര്‍മം അനുഭവിക്കാന്‍ വേണ്ടി, തനിക്കുചേര്‍ന്ന ഭാര്യാ-ഭര്‍തൃജോഡിക്കായി അലയും.
പദാര്‍ത്ഥമില്ലാത്തതിനാല്‍, ആത്മാവിന് ഏത് ശരീരത്തിലും കടക്കാന്‍ കഴിയും. അത് തെരഞ്ഞെടുത്ത പുരുഷന്റെ ശരീരത്തില്‍ പ്രവേശിച്ച്, അയാളില്‍ പുതുതായി ഉണ്ടായ ഒരു ബീജത്തില്‍ നില്‍ക്കുന്നു (ഐതരേയ ഉപനിഷത് 2:1, മഹാനാരായണ ഉപനിഷത് 1:1). തുടര്‍ന്ന്, അത് ആ ബീജം തെരഞ്ഞെടുത്ത സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ പുരുഷനെ പ്രചോദിപ്പിക്കുന്നു. അങ്ങനെ ആ സ്ത്രീ വഴി ആശിച്ച പുനര്‍ജന്മം നേടുന്നു.
മരണസമയത്ത് ഒരു വ്യക്തിക്ക് എന്തെങ്കിലും ചെയ്യാന്‍ തീക്ഷ്ണമായ ആഗ്രഹം അവശേഷിച്ചിരുന്നു എങ്കില്‍, പുനര്‍ജന്മം ഉടനാകാം. ബ്രസീലിലെ മരിയ ജനുവരിയ, അലാസ്‌കയിലെ വില്യം ജോര്‍ജ് എന്നിവര്‍ ഉദാഹരണം ( Twenty Cases of Suggestive Reincarnation, Dr.Ian stevenson, 183, 232).
നാരദ പരിവ്രാജക ഉപനിഷത്, യോഗശിഖ ഉപനിഷത് തുടങ്ങിയവ പറയുന്നത്, മരണനേരത്ത് ഒരാള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍, അയാള്‍ പുനര്‍ജന്മം നേടും എന്നാണ്.
ഭഗവദ്ഗീതയും (8:6) പറയുന്നു:
എന്തെന്തു വസ്തുവോര്‍ത്തന്തത്തിങ്കല്‍ ദേഹം ത്യജിക്കുമോ അതാതിലെത്തും കൗന്തേയ, മുറ്റും തല്‍ ഭാവനാവശാല്‍.
ആത്മാവ് ദേഹം വിടുകയും പുനര്‍ജനിക്കുകയും ചെയ്യുന്നതിന്റെ ഇടവേളയില്‍ സദാ ഈ ഭാവനയുണ്ട്. ആ ഭാവനയില്‍, മരണനേരത്ത് ആകസ്മികമായി തോന്നിയ മനുഷ്യരൂപം, ആ രൂപം കിട്ടുംവരെ സദാ ഉണ്ടാകും. തീക്ഷ്ണമായി ചിന്തിച്ചാല്‍, പുനര്‍ജന്മത്തില്‍ അത് നേടും.
No comments:
Post a Comment