ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 12
അധ്യായം/8, ഭാഗം/രണ്ട്
ബ്രഹ്മന്‍ ‘അനക്കമില്ലാതെ കമ്പനം ചെയ്തു’ എന്നാണ് വേദഭാഗത്തില്‍. നിന്നിടത്തു നിന്നനങ്ങാതെ കമ്പനം ചെയ്തു എന്നര്‍ത്ഥം.
കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുന്നു എന്നാണ് പൊതുവേ പറയാറ്. ബ്രഹ്മനിലുണ്ടായ കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുകയും അവ സകലദിശയിലേക്കും-മുകളില്‍, താഴെ, പാര്‍ശ്വത്തില്‍, പ്രസരിക്കുകയും ചെയ്തു. സൂക്ഷ്മമായിരുന്നെങ്കിലും അവ എല്ലായിടത്തും നിറഞ്ഞിരുന്നു. അന്നാകെ നിലനിന്ന പദാര്‍ത്ഥരഹിതമായ ബോധത്തില്‍ സിദ്ധികള്‍ ഉണ്ടാക്കാന്‍ അതുമതിയായിരുന്നു. അവ ഉണ്ടാക്കിയ അനുരണനങ്ങള്‍ അഥവാ സിദ്ധികള്‍ രണ്ടായിരുന്നു:
ഒന്നാമതായി, ഒരു തരംഗം മറ്റൊന്നില്‍ ഇടിക്കുമ്പോള്‍ രണ്ടാമത്തേതില്‍ ഒരാക്കം ഉണ്ടാക്കുന്നതിനാല്‍, ബ്രഹ്മനിലെ അടുത്തടുത്ത കമ്പനങ്ങള്‍ പരസ്പരം തള്ളുകയും ആ തള്ളല്‍ കമ്പനങ്ങളെ വിഘടിപ്പിച്ച് സ്വതന്ത്രഘടകങ്ങളാക്കുകയും ചെയ്തു. ഇത് ബ്രഹ്മനിലുടനീളം ഉണ്ടാകയാല്‍, ബ്രഹ്മന്‍ അനന്തമായ കമ്പന കണികകളുടെ സങ്കരമായി. ബ്രഹ്മനിലെ കമ്പന കണികകളിലെ സംഭവവികാസങ്ങളെ പ്രതിപാദിക്കുമ്പോള്‍, ‘കമ്പന കണിക’ എന്ന പ്രയോഗം, കമ്പനങ്ങളുടെ ആന്ദോളനങ്ങളെ കുറിക്കാന്‍ മാത്രമല്ല, കമ്പനം ചെയ്യുന്ന ബ്രഹ്മന്റെ ഭാഗത്തെ കുറിക്കാന്‍കൂടിയാണ് ഉപയോഗിക്കുന്നത്. രണ്ടിനെയും ചേര്‍ത്ത് ‘കമ്പന കണിക’ എന്നുപറയുകയാണ്.
രണ്ടാമതായി, തരംഗങ്ങളുടെ അനുസ്യൂതമായ തള്ളല്‍, കമ്പനകണികകളുടെ കറക്കത്തിന് കാരണമായി. പ്രകൃതിയില്‍ ചുഴലിക്കാറ്റുണ്ടാകുന്നതുപോലെയായിരുന്നു അത്. ഭിന്നദിശകളില്‍ വീശുന്ന കാറ്റുകള്‍ ഒരു കേന്ദ്രത്തിലെത്തി സംഘര്‍ഷത്തിലാകുമ്പോള്‍, അവയുടെ പരസ്പരമുള്ള തള്ളല്‍, ഒന്നിച്ച് ഒരു ചുഴലിയുണ്ടാക്കുകയും കാറ്റുകളെല്ലാം ചേര്‍ന്ന് ചുഴലിക്കാറ്റാവുകയും ചെയ്യുന്നു. ശ്വേതാശ്വതാര ഉപനിഷത് (5:8) സൂചിപ്പിക്കുന്നത്, ഒരാത്മാവിന് സൂചിയുടെ അഗ്രത്തിന്റെ വലിപ്പം (ആരാഗ്രമാത്ര) മാത്രമേ ഉണ്ടാവുകയുള്ളൂ എങ്കിലും, അതിന്റെ തരംഗങ്ങളുടെ ശക്തി പ്രപഞ്ചത്തില്‍ തള്ളവിരലിന്റേതു (അംഗുഷ്ടമാത്ര)പോലെ അനുഭവപ്പെടുമെന്നാണ്. ബ്രഹ്മനിലെ ഓരോ കമ്പനകണികയില്‍നിന്നുമുള്ള അംഗങ്ങള്‍ സകലദിശയിലേക്കും പ്രസരിക്കുമ്പോള്‍, ബ്രഹ്മനിലെ ഓരോ കമ്പനകണികയിലും, മറ്റു കണികകളില്‍നിന്ന് സകലദിശയിലും പ്രസരിക്കുന്ന തരംഗങ്ങള്‍ വന്നിടിക്കുന്നു. ഭിന്നദിശകളില്‍നിന്നുള്ള തള്ളല്‍ ഒന്നിക്കുമ്പോള്‍, (ചുഴലിക്കാറ്റിലെന്നപോലെ), ഭ്രമണമുണ്ടാകുന്നു. ഇങ്ങനെ, ബ്രഹ്മനിലെ കമ്പനങ്ങള്‍ കറങ്ങാന്‍ തുടങ്ങി. ബ്രഹ്മന്‍ പദാര്‍ത്ഥരഹിതമായതിനാല്‍, ഭ്രമണത്തിന് പ്രതിരോധമുണ്ടായില്ല. ബ്രഹ്മനിലെ കമ്പനം ചെയ്ത ഓരോ സൂക്ഷ്മകണികയും കറങ്ങാന്‍ തുടങ്ങി. തുടര്‍ച്ചയായി അവ കറങ്ങിയപ്പോള്‍, അവയില്‍നിന്നുള്ള തരംഗങ്ങള്‍ ശക്തമാവുകയും, അവയുടെ തള്ളല്‍ ശക്തമാവുകയും, കറക്കങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്തു. ഇത് നിരന്തരമായപ്പോള്‍, കറക്കങ്ങള്‍ അതിവേഗമാവുകയും അത് ഉച്ചസ്ഥായിലെത്തുകയും ചെയ്തു. ഫോട്ടോണുകളില്‍ നാം കണ്ടതിനെക്കാള്‍ (നാലാം അധ്യായം) ഭ്രമണവേഗമാണ് ഇവയിലുണ്ടായത്. പ്രകാശത്തിന്റെ സൂക്ഷ്മകണികകളായ, ഏതാണ്ട് പദാര്‍ത്ഥരഹിതമായ ഫോട്ടോണുകള്‍ സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണവേഗത്തില്‍ കറങ്ങുന്നു എന്നതുവച്ച്, ബ്രഹ്മനിലെ പദാര്‍ത്ഥരഹിതമായ കണികകളുടെ അതിദ്രുത ഭ്രമണവേഗം നമുക്ക് ഊഹിക്കാന്‍ കഴിയും. കമ്പനങ്ങള്‍ അവയുടെ ഇരിപ്പിടങ്ങളില്‍നിന്ന് അതിവേഗം കറങ്ങുമ്പോള്‍, അവ സ്ഥിരമായ ചുഴലിതരംഗങ്ങളാകുന്നു. ഇങ്ങനെ, ബ്രഹ്മന്‍, അനന്തമായി, അതിവേഗം ഭ്രമണം ചെയ്യുന്ന ചുഴലിതരംഗങ്ങളുടെ പ്രപഞ്ചസങ്കരമായി. ഇങ്ങനെ, സൃഷ്ടിക്കായുള്ള അഭിലാഷം, ബ്രഹ്മനിലെ ഓരോ കണികയെയും ചുഴലിതരംഗങ്ങളെപ്പോലെ കറക്കി.
ബ്രഹ്മനിലെ ചുഴലിതരംഗ കണികകളുടെ വലിയ ഭ്രമണവേഗം കാരണം, അതിലെ ചില കണികകള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങി. അവ മഹാപ്രപഞ്ചത്തില്‍ വീണ സൂക്ഷ്മ ബ്രഹ്മകണികകളായി. അപ്പോഴും അവ കറങ്ങിക്കൊണ്ടിരുന്നു. അവയില്‍ പലതും, താമസിയാതെ, ബ്രഹ്മനില്‍ തന്നെ ലയിച്ചു. ചിലവ ഇളകി നടന്ന്, ജീവജാലങ്ങളില്‍ ആത്മക്കളായി. അവസാനമായി, എല്ലാ ആത്മാക്കളും ബ്രഹ്മനില്‍ ലയിച്ചേക്കാം. ഇത്തരം കണികകളുടെ അലച്ചിലും ലയനവും ബ്രഹ്മനിലെ സാധാരണ വിശേഷമായെന്ന് മുണ്ഡക ഉപനിഷത് (2:1:1) വിവരിക്കുന്നു:
ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള ഒരേതരം സ്ഫുലിംഗ സഹസ്രങ്ങള്‍ പോലെ, അനന്തത (ബ്രഹ്മന്‍)യില്‍നിന്ന് ഒരുപാട് ജീവനുകള്‍ ഉറവെടുക്കുന്നു; അവസാനമായി അവ അതിലേക്ക് മടങ്ങുന്നു.
ഈ ശ്ലോകത്തിലെ ‘ജീവനുകള്‍’, ‘ജീവനുകളിലെ ആത്മാക്കള്‍’ എന്നതിന് സമമാണ്. ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള സ്ഫുലിംഗങ്ങള്‍ പോലെ, ബ്രഹ്മനില്‍നിന്ന് അറ്റുപോയ കണികകളാണ് ആത്മാക്കള്‍ എന്നര്‍ത്ഥം. വേറൊര്‍ത്ഥത്തില്‍, ആത്മാക്കള്‍, ബ്രഹ്മകണങ്ങളാണ്. അവ ബ്രഹ്മന്റെ ‘അതേ രൂപ’ത്തിലാണ്; എന്നുവച്ചാല്‍, ആത്മാവും ബ്രഹ്മനും സൃഷ്ടിച്ചത് ഒരേ സംഗതികൊണ്ടാണ്. അഗ്നിസ്ഫുലിംഗങ്ങള്‍, സൂക്ഷ്മാഗ്നിയാണ്; അങ്ങനെ, ആത്മാവ്, അതിസൂക്ഷ്മ ബ്രഹ്മനാണ്. ആത്മാക്കള്‍, അവയോട് പറ്റിക്കിടക്കുന്ന സൂക്ഷ്മ കണികകളെ ആകര്‍ഷിച്ച് സൂക്ഷ്മ ആവരണങ്ങളാക്കി, അഥവാ സൂക്ഷ്മ ശരീരങ്ങളാക്കി എന്ന്, താമസിയാതെ കാണാം. പ്രകൃതിയില്‍ ഭൗതിക ശരീരങ്ങളുണ്ടാവുകയും അലയുന്ന ബ്രഹ്മകണികകള്‍ (സൂക്ഷ്മശരീരത്തോടെ) അവയില്‍ കടക്കുകയും ചെയ്തപ്പോള്‍, അവ ജീവജാലങ്ങളായി. ഇങ്ങനെ അസംഖ്യം ജീവജാലങ്ങളുണ്ടായി. ബ്രഹ്മകണങ്ങളാണ് അവയില്‍ ജീവനായത്. ജീവചൈതന്യത്തിന്റെ അഥവാ ജീവന്റെ കണങ്ങള്‍ ആണ് ബ്രഹ്മകണങ്ങള്‍ എന്ന് തെളിഞ്ഞു; ജീവചൈതന്യത്തിന്റെ പ്രപഞ്ചാസ്തിത്വം ബ്രഹ്മന്‍ തന്നെയാണെന്നും തെളിഞ്ഞു. ശരീരത്തിലെ ബ്രഹ്മകണത്തെ ആത്മന്‍ അഥവാ ആത്മാവ് എന്നുവിളിക്കുംപോലെ, ബ്രഹ്മനെ പ്രപഞ്ചാത്മാവ് അഥവാ പരമാത്മന്‍ എന്നുവിളിക്കുന്നു.
ബ്രഹ്മന്‍, പ്രപഞ്ചചൈതന്യമാണെന്ന ജ്ഞാനം, ബ്രഹ്മന്‍ സര്‍വവ്യാപിയും സമഷ്ടിയുമാണെന്ന നിഗമനത്തിലേക്ക് നയിച്ചു. പ്രപഞ്ചത്തില്‍ സര്‍വ്യാപിയായ ബോധത്തിന്, നിലനില്‍ക്കുന്ന എല്ലാറ്റിനെപ്പറ്റിയും ബോധമുണ്ടാകണം. അതിനാല്‍, സര്‍വവ്യാപിയായ ബ്രഹ്മന്‍, സൃഷ്ടിയുമാണ്. ഒരു സാഹചര്യത്തെ സംബന്ധിച്ച വസ്തുതകളെക്കുറിച്ചുള്ള പൂര്‍ണ അവബോധം, ആ സാഹചര്യത്തില്‍ ആഗ്രഹിച്ച സിദ്ധിയുണ്ടാക്കാന്‍ ഒന്നിനെ പ്രാപ്തമാക്കും. എന്നുവച്ചാല്‍, സമഷ്ടി, പ്രായോഗികതലത്തില്‍, സര്‍വവ്യാപിയാകുന്നു. അതിനാല്‍, ബ്രഹ്മനെ സര്‍വവ്യാപിയായും വിവരിക്കുന്നു. അത്രയും പരമശക്തിയുള്ളതിനാല്‍, ബ്രഹ്മന്‍ സ്വയം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ വിധാതാവായി. ആ വേഷത്തില്‍, ബ്രഹ്മന്‍, ഈശ്വരനാകുന്നു. ഒരു മൂര്‍ത്ത ഏകകമെന്ന നിലയില്‍, ഈശ്വരന്‍ അദൃശ്യനായിരിക്കുമെങ്കിലും, സര്‍വവ്യാപിയായ വ്യക്തിയെപ്പോലെ, പ്രപഞ്ചത്തിലുടനീളം സദാ കര്‍മനിരതനാണ്. ഇത് പിടികിട്ടാത്ത ഒന്നായി തോന്നാം. എന്നാല്‍, പ്രപഞ്ചത്തിലെ ഏത് പ്രതിഭാസവും അപഗ്രഥിക്കുന്ന ആര്‍ക്കും, അതില്‍ സര്‍വവ്യാപിയായ ബ്രഹ്മന്‍ കെട്ടിയാടുന്ന അപാരമായ വേഷം മനസ്സിലാകും (27-ാം അധ്യായം കാണുക). അപ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ബ്രഹ്മന്‍ എന്നും മനസ്സിലാകും
No comments:
Post a Comment