ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

അദൃശ്യദൈവത്തിന്റെ ദൃശ്യസ്മൃതി - 32

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 32 
ബിംബ പ്രതിഷ്ഠയ്ക്കുശേഷം, അതിന്മേലോ അതിന് മുന്നിലോ ഉള്ള അനുഷ്ഠാനം അഥവാ ചടങ്ങ്, ദൈവനാമത്തിലാണ്. ഒരു ബിംബത്തിനുമുന്നില്‍ നില്‍ക്കുന്ന ഹിന്ദുഭക്തര്‍, ആ സ്ഥാനത്ത് ദൈവത്തെ സങ്കല്‍പിക്കുകയും അവനെ, സര്‍വവ്യാപിയും അരൂപിയും അനന്തനുമായ ചൈതന്യരൂപിയായി കീര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങളൊന്നും, ലോഹവിഗ്രഹത്തിനോ, മരബിംബത്തിനോ ചേരുകയില്ല. ഒരു കല്ല് സര്‍വവ്യാപിയാണെന്നോ ചൈതന്യരൂപം (ബോധം അഥവാ ജീവശക്തി) ആണെന്ന് ആരെങ്കിലും പറയുമോ?
nada-raja
അധ്യായം/31 മൂന്നാംഭാഗം
ബിംബാരാധനയും വിഗ്രഹാരാധനയും വിലക്കിയ ഒരു രാജാവിന്റെ കഥയുണ്ട്. തന്റെ ചിത്രത്തിലേക്ക് ഒരാള്‍ ചന്ദനം പ്രോക്ഷിച്ചപ്പോള്‍, ദേഷ്യപ്പെട്ട് രാജാവ് അയാളെ തടവിലാക്കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. രാജാവിന്റെ ചിത്രം വരച്ച കാന്‍വാസിനെ പൊതിഞ്ഞ ഗ്ലാസില്‍ ചന്ദനമെറിയുമ്പോള്‍ രാജാവിന് വെറുപ്പു തോന്നാമെങ്കില്‍, എന്തുകൊണ്ട് താന്‍ ഒരു വിഗ്രഹത്തിന് മാലയിടുമ്പോള്‍ ഒരാള്‍ക്ക് ഭക്തിവികാരം ഉണ്ടായിക്കൂടാ എന്നു മന്ത്രി ചോദിച്ചു. പശ്ചാത്തപിച്ച രാജാവ്, വിഗ്രഹങ്ങള്‍ സര്‍വവ്യാപിയായ ദൈവത്തെ ആരാധിക്കുന്നതിന് നന്നാണെന്ന് പ്രഖ്യാപിച്ചു.
ശിവനെ പ്രതിനിധീകരിക്കാന്‍ ഹിന്ദുക്കള്‍ ചെറുതൂണുപോലെ വൃത്താകൃതിയിലുള്ള കല്ലാണ് ബിംബമായി ഉപയോഗിക്കുന്നത്. ജൂതരാഷ്ട്രത്തിന്റെ ആദിമ പിതാവായ യാക്കോബ്, ചെറിയ തൂണ്‍പോലുള്ള കല്ല് ദൈവരാധനയ്ക്ക് ഉപയോഗിച്ചിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. യാക്കോബ്, ഒരു യാത്രക്കിടയില്‍ ഒരു രാത്രി ലൂസില്‍ താമസിച്ചു. അവിടന്നെടുത്ത ഒരു കല്ല് അയാള്‍ തലയിണയായി ഉപയോഗിച്ചു. സ്വപ്നത്തില്‍ ദൈവം സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി. അടുത്ത പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍, ആ സ്ഥാനം ദൈവത്തിന് പ്രിയപ്പെട്ടതായി തോന്നി, അയാള്‍ കല്ല് തൂണാക്കി നിര്‍ത്തി, അതിനുമേല്‍ എണ്ണ വഴിപാടായി ഒഴിച്ച് പ്രതിജ്ഞ ചെയ്തു.
ഞാന്‍ ഒരു തൂണായി കുത്തി നിര്‍ത്തിയിരുന്ന ഈ കല്ല്, ദൈവത്തിന്റെ ആലയം ആയിരിക്കും.
(ഉല്‍പത്തി, 28:11-22).
വര്‍ഷങ്ങള്‍ക്കുശേഷം, ആ പ്രതിജ്ഞ ഓര്‍മിപ്പിച്ച് ദൈവം ആ സ്ഥലത്തുപോയി താമസിക്കാന്‍ യാക്കോബിനോട് നിര്‍ദ്ദേശിച്ചു (ഉല്‍പത്തി 31:13, 35:1). യാക്കോബ് അത് ചെയ്തു. അപ്പോള്‍,
ദൈവവുമായി സംസാരിച്ച സ്ഥാനത്ത് യാക്കോബ് ഒരു തൂണ്, കല്‍ത്തൂണ്, സ്ഥാപിച്ചു. അയാള്‍ അതിന്മേല്‍ ഒരു പാനീയ നിവേദ്യം അര്‍പ്പിക്കയും എണ്ണ ഒഴിക്കയും ചെയ്തു.
(ഉല്‍പത്തി, 35:74)
യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ട ഒരു സംഭവവും ബൈബിള്‍ വിവരിക്കുന്നു (ഉല്‍പത്തി 32:30). ആ ദര്‍ശനത്തിന് ശേഷവും, അയാള്‍ കല്‍ത്തൂണ്‍ ബിംബമാക്കി ദൈവത്തിന് നിവേദ്യം നല്‍കി. ഒരു ബിംബമോ വിഗ്രഹമോ ആരാധനയ്ക്ക് ദൈവ പ്രതിനിധാനം ആകുന്നതിന്റെ ബോധ്യമാണ് അത്.ദൈവപ്രതീകമായ പേടകത്തിന് മുന്നിലാണ് ജൂത ആരാധന. ദാവീദ്, സയോണില്‍ കൂടാരം പണിത് അതിന് നടുവില്‍ പേടകം പ്രതിഷ്ഠിച്ചപ്പോള്‍,
ദാവീദ് കര്‍ത്താവിന്റെ സന്നിധിയില്‍ ഹോമബലികളും സമാധാനബലികളും അര്‍പ്പിച്ചു.
(2 ശമൂവേല്‍ 6:17)
സോളമന്‍ യരൂശലേമില്‍ ദേവാലയം പണിതപ്പോള്‍, പുരോഹിതര്‍ പേടകം ദേവലായത്തിലെ അതിവിശുദ്ധ സ്ഥലമായ അന്തര്‍ മന്ദിരത്തില്‍ കൊണ്ടുവന്ന്,
സോളമന്‍ രാജാവും അയാളോടൊത്തു സമ്മേളിച്ച ഇസ്രായേല്‍ സമൂഹം മുഴുവനും പേടകത്തിന് മുന്‍പാകെ കൈയും കണക്കുമില്ലാതെ ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചു
(രാജാക്കന്മാര്‍ 8:6,62)
ഈ രണ്ടു ഭാഗങ്ങളിലും, പേടകത്തിനു മുകളില്‍ സങ്കല്‍പിച്ച ദൈവത്തിന് മുന്‍പിലാണ് ബലി (പുറപ്പാട് 25:22 കാണുക). ജൂതന്മാര്‍, ദേവാലയത്തിലെ പേടകം, ദൈവസാന്നിദ്ധ്യമുണ്ടാകുന്ന ബിംബമായി ഭാവനയില്‍ കാണുന്നു. വിശ്വാസി, അതിനുമുന്നില്‍ നടത്തുന്ന ആരാധന ദൈവത്തിനുള്ളതായി ന്യായീകരിക്കപ്പെടുന്നു.
ഹിന്ദുഭക്തന്മാര്‍ക്കും, വിഗ്രഹങ്ങള്‍ ദൈവസാന്നിദ്ധ്യം സങ്കല്‍പിച്ച ബിംബങ്ങളാണ്. ഒരു വിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന അനുഷ്ഠാനത്തില്‍ (പ്രാണ പ്രതിഷ്ഠ), ദൈവ സാന്നിധ്യത്തെ ആവാഹിക്കുന്ന ശ്ലോകം ഇങ്ങനെ:
ഈശ്വരാ! ഈ കല്ലില്‍ ഇരുന്നാലും; ഈ കല്ല് അങ്ങേക്ക് ശരീരമാകട്ടെ (ഐ ഹി ആസ്മാനം ആതിഷ്ഠ; അസ്മ ഭവതു തേ തനു)
(അഥര്‍വവേദം 1:2:3)
ഇതിന്, ബൈബിളില്‍, പ്രതിഷ്ഠാ നേരത്ത് യാക്കോബ് നടത്തുന്ന പ്രാര്‍ത്ഥനയോടുള്ള സാമ്യം ശ്രദ്ധിക്കുക (ഉല്‍പത്തി 28:22):
ഞാന്‍ ഒരു തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ആ കല്ല് ദൈവത്തിന്റെ ആലയം ആയിരിക്കും.
രണ്ടും, വാച്യാര്‍ത്ഥത്തില്‍, ബിംബമായ കല്ലില്‍ ദൈവസാന്നിദ്ധ്യത്തിനുള്ള പ്രാര്‍ത്ഥനയാകാം; സത്തയില്‍ അത്, കല്ലിന്റെ സ്ഥാനത്ത് ദൈവസാന്നിദ്ധ്യം ഭാവനയില്‍ കാണുന്നു-സര്‍വവ്യാപിയായ ആത്മാവിനെ ആരാധിക്കുകയാണ് ലക്ഷ്യം.
ബിംബ പ്രതിഷ്ഠയ്ക്കുശേഷം, അതിന്മേലോ അതിന് മുന്നിലോ ഉള്ള അനുഷ്ഠാനം അഥവാ ചടങ്ങ്, ദൈവനാമത്തിലാണ്. ഒരു ബിംബത്തിനുമുന്നില്‍ നില്‍ക്കുന്ന ഹിന്ദുഭക്തര്‍, ആ സ്ഥാനത്ത് ദൈവത്തെ സങ്കല്‍പിക്കുകയും അവനെ, സര്‍വവ്യാപിയും അരൂപിയും അനന്തനുമായ ചൈതന്യരൂപിയായി കീര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങളൊന്നും, ലോഹവിഗ്രഹത്തിനോ, മരബിംബത്തിനോ ചേരുകയില്ല. ഒരു കല്ല് സര്‍വവ്യാപിയാണെന്നോ ചൈതന്യരൂപം (ബോധം അഥവാ ജീവശക്തി) ആണെന്ന് ആരെങ്കിലും പറയുമോ? ഒരു ബിംബമോ വിഗ്രഹമോ ഒരു കഷണം ജഡലോഹമോ, മരമോ കല്ലോ ആണ്; കീര്‍ത്തനങ്ങളെല്ലാം ബിംബത്തിലോ അതിനകത്തോ സങ്കല്‍പിക്കപ്പെട്ട ദൈവത്തെ സംബന്ധിച്ചതാണ്. വിഗ്രഹത്തിനുമേല്‍ സങ്കല്‍പിച്ച ദൈവസാന്നിദ്ധ്യത്തെയാണ് ഭക്തര്‍ ആരാധിക്കുന്നത്; ആ പദാര്‍ത്ഥത്തെ അല്ല.
ദൈവബോധം ഉണര്‍ത്താനും ദൈവചിന്തയില്‍ മനസ്സിനെ ഉറപ്പിക്കാനുമാണ് വിഗ്രഹങ്ങളെ ഉപയോഗിക്കുന്നത് എന്നതും, അതിനുമുന്നില്‍ പ്രാര്‍ത്ഥിക്കുകയും കീര്‍ത്തിക്കുകയും ചെയ്യുന്ന ഭക്തര്‍, അതിനെയല്ല, സര്‍വവ്യാപിയായ ദൈവത്തെയാണ് പൂജിക്കുന്നത് എന്നതും, ഭാരതത്തിലെ ചില ആഘോഷാനുഷ്ഠാനങ്ങളില്‍ വ്യക്തമാണ്. വാര്‍ഷിക ഗണേശോത്സവങ്ങളും ദുര്‍ഗാപൂജയും ഉദാഹരണം. ഈ ഘട്ടങ്ങളില്‍ മിക്കവാറും ഹിന്ദുക്കള്‍ വീടുകളിലും ആഘോഷം നടത്തുന്നു. നിറംചാര്‍ത്തിയ കളിമണ്‍ ദൈവ/ദേവീ വിഗ്രഹങ്ങളില്‍ മാലകള്‍ ചാര്‍ത്തി അലങ്കരിക്കുന്നു; പൂക്കള്‍, ചന്ദനത്തിരികള്‍, വിളക്കുകള്‍, സംഗീത കച്ചേരികള്‍ തുടങ്ങി വിപുലമായ ആഘോഷങ്ങളാണ് വിഗ്രഹത്തിനുമുന്നില്‍ സമര്‍പിക്കുന്നത്.
ആഘോഷം കഴിഞ്ഞാല്‍, അലങ്കരിച്ച വിഗ്രഹങ്ങള്‍ ഏതെങ്കിലും പുഴയിലോ തടാകത്തിലോ കുളത്തിലോ കടലിലോ കൊണ്ടുപോയി മുക്കും. (കളിമണ്ണ് അലിഞ്ഞുചേരാന്‍). അടുത്തവര്‍ഷത്തെ ആഘോഷത്തിന്, പുതിയ വിഗ്രഹങ്ങള്‍ എത്തും. ഭക്തന്‍ പരമാവധി തന്നാലാകും വിധവും അതീവ ഭക്തിയോടെയുമാണ് ചടങ്ങുകള്‍ നടത്തുന്നത് എങ്കിലും, ആത്യന്തികമായി വിഗ്രഹം വെള്ളത്തില്‍ കളയുകയാണ് എന്നത്, അയാള്‍ ആഘോഷസമയത്ത് ആരാധിച്ചത് അലങ്കരിച്ച വിഗ്രഹത്തെയല്ല, അത് പ്രതിനിധീകരിച്ച ദേവനെയോ ദേവിയെയോ ആണ് എന്ന് വ്യക്തം.
മറ്റ് ആരാധനാ കേന്ദ്രങ്ങളിലെ കാര്യവും ഇതുതന്നെ. ഭക്തിയും ആരാധനയും വളര്‍ത്താന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍, മതലക്ഷ്യം നന്നായി നിര്‍വഹിക്കുന്നുണ്ട്.
ഒരു പള്ളിയുടെ അഭിഷേകവും ഇതേ പ്രാധാന്യമുള്ളതാണ്. ‘ഇപ്പോള്‍ ഇട്ടിരിക്കുന്ന അസ്തിവാരം, അതായത് യേശുക്രിസ്തു അല്ലാതെ മറ്റൊരു അസ്തിവാരവും ഇടാന്‍ ആര്‍ക്കും സാധ്യമല്ല‘ (1 കോറിന്തോസുകാര്‍ 3:11) എന്നത് ആധാരമാകിലും, പള്ളിയുടെ അഭിഷേകത്തിനു സമ്മേളിച്ചവര്‍ പള്ളിയുടെ അള്‍ത്താരയിലേക്ക് യേശു ഇറങ്ങിവന്നു എന്നാണ് സങ്കല്‍പിക്കുന്നത്. തുടര്‍ന്ന്, പള്ളി ‘യേശുവിന്റെ ആലയം’ ആവുകയും ആരാധകര്‍ അള്‍ത്താരയില്‍ യേശുവിന്റെ രൂപത്തില്‍ ദൈവത്തെ സങ്കല്‍പിക്കുകയും അതിന് മുന്നില്‍ മുട്ടുകുത്തുകയും ചെയ്യുന്നു. അവന്റെ ഇച്ഛയ്ക്ക് പൂര്‍ണമായി വഴങ്ങുന്നു എന്നാണ് അര്‍ത്ഥം.
ഫിലോകാലിയയിൽ, (വാല്യം 1, പേജ് 348) മഹാനായ അന്തോണീസ് പുണ്യവാളൻ നിരീക്ഷിക്കുന്നു:
വിഗ്രഹങ്ങളെ ആരാധിക്കുന്നവർക്ക് അവരുടെ ഹൃദയത്തിൽ എന്തിനെയാണ് ആരാധിക്കുന്നത് എന്ന് മനസ്സിലായിരുന്നെങ്കിൽ, സത്യമായ ആരാധനയിൽ നിന്ന് അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പുറത്ത് പോകില്ലായിരുന്നു.
വിഗ്രഹത്തെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് ഭക്തൻ ഓർമിച്ചാൽ, വിഗ്രഹാരാധന ദൈവത്തിനുള്ള ‘സത്യമായ ആരാധന’ ആകും. വിഗ്രഹത്തെയാണ് ആരാധിക്കുന്നത് എന്ന് അയാൾ കരുതിയാൽ അത് അസംബന്ധമാണ്; അത്തരമൊരു മിഥ്യാ ധാരണയ്ക്കുള്ള സാധ്യത വിരളമാണ്. ഒരു ചടങ്ങിൽ ദേശീയ നേതാവിന്റെ പ്രതിമയ്ക്ക് മാലയിടുന്ന ആരെങ്കിലും, ആ പ്രതിമയെയാണ് താൻ ആദരിക്കുന്നത് എന്ന് വിചാരിക്കുമോ (ആ നേതാവിന് പകരം)?
കടലാസിൽ വരച്ച ഒരു ചിത്രത്താൽ, നാം ഇത്തിരി വലിപ്പമുള്ള ഒരു വസ്തുവിനെ സങ്കൽപിക്കുന്നു. ഒരു കല്ലോ ലോഹ ബിംബമോ കൊണ്ട് ഭക്തൻ വ്യക്തിദൈവത്തെയോ ദൈവത്തെ തന്നെയോ നിശ്ചിതരൂപത്തിൽ സങ്കൽപിക്കുന്നു. ബിംബത്തിലോ ബിംബത്തിനു മുന്നിലോ ആരാധിക്കുന്ന ഭക്തൻ കല്ലിനെയോ മരത്തെയോ ലോഹത്തെയോ മറന്ന്, ദൈവത്തെ ആ സ്ഥലത്തെ ആ രൂപത്തിൽ സങ്കൽപിച്ച് ദൈവത്തിന് ആരാധന നടത്തുകയാണ്; ആ ദൈവബിംബത്തിന് അല്ല.
ബിംബങ്ങൾ, വിഗ്രഹങ്ങൾ, ചിത്രങ്ങൾ, പേടകങ്ങൾ, ക അബയിലെ കറുത്ത ശില, മറ്റു ബിംബങ്ങൾ എല്ലാം ദൈവസങ്കൽപം ഉണർത്താൻ വേണ്ടിയുള്ളതാണ് (ജാബാലദർശന ഉപനിഷത് 4:59). ഒരു വിഗ്രഹം അഥവാ ക്രൂശിതരൂപം, ഉരുക്കിയ ലോഹമോ കടഞ്ഞ മരമോ ആയി മാത്രം വിശേഷിപ്പിച്ചു സംസാരിക്കുന്നത്, സത്തയെ ഉപേക്ഷിച്ച്, പദാർത്ഥത്തെ വിവരിക്കലാണ്. ഒരു ഗ്രന്ഥം, മഷി പുരണ്ട കടലാസ് കൂട്ടമാണ് എന്നുപറയുംപോലെയാണ്. തീർച്ചയായും, ഗ്രന്ഥം മഷി പുരണ്ട കടലാസു കെട്ടാണ്; പക്ഷേ, അതിനെ അങ്ങനെ മാത്രം വിശേഷിപ്പിക്കുന്നത്, തീർത്തും തെറ്റാണ്- ആ വിശേഷണം ആ ഗ്രന്ഥത്തിലടങ്ങിയ ജ്ഞാനത്തെ, അവഗണിക്കുന്നു. ഗ്രന്ഥം സത്യത്തിൽ ഊർജതന്ത്രമോ ഭൂമിശാസ്ത്രമോ ദൈവശാസ്ത്രമോ ആണ്. നാം ഒരു ഗ്രന്ഥത്തെ ആദരിക്കുന്നത് അതിന്റെ കടലാസോ മഷിയോ കാരണം അല്ല; അതിലടങ്ങിയ വിജ്ഞാനം കൊണ്ടാണ്. അതുപോലെ, വിഗ്രഹങ്ങൾ, ബിംബങ്ങൾ, മറ്റു പ്രതീകങ്ങൾ എല്ലാം ആദരിക്കപ്പെടുന്നത്, ദൈവബോധത്തിന്റെ വാഹകർ എന്ന നിലയ്ക്കാണ്. മാഴ്‌സെയ്ൽസിലെ മെത്രാനായിരുന്ന സെറീനസ്, യേശുവിന്റെയും കന്യാമറിയത്തിന്റെ ചിത്രങ്ങളും ബിംബങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുന്നത് വിലക്കിയപ്പോൾ, മഹാനായ ഗ്രിഗറി മാർപ്പാപ്പ (590-604), അദ്ദേഹത്തിന് എഴുതി:
ഒരു ചിത്രത്തെ ആരാധിക്കുന്നത് ഒന്നാണ്; ആ ചിത്രത്തിലെ പ്രതീകം വഴി, എന്തിനെയാണ് ആരാധിക്കുന്നത് എന്നറിയുന്നത് മറ്റൊന്നാണ്.
കോൺസ്റ്റാന്റിനോപ്പിളിൽ 754 ൽ ചേർന്ന ഒരു പുരോഹിതസഭ, ക്രിസ്തുവിന്റെ ദൃശ്യബിംബങ്ങളെല്ലാം മതവിരുദ്ധമാണെന്ന് വിധിച്ചപ്പോൾ, വൈദികരും ഭക്തരും കലാപമുണ്ടാക്കി; പ്രതിഷേധം ശക്തമായതിനാൽ, ഒടുവിൽ, എല്ലായിടത്തും കത്തോലിക്കാ പള്ളികളിൽ, പ്രതീകങ്ങൾ പുനഃസ്ഥാപിച്ചു (In Search of the Soul, വാല്യം 1, പേജ് 83).
വിഗ്രഹാരാധന എന്നുപറഞ്ഞാൽ അത്, വിഗ്രഹത്തിലെ ദൈവത്തെ ആരാധിക്കൽ അല്ല; ആ വിഗ്രഹത്തെ തന്നെ ദൈവമായി പൂജിക്കലാണ്. വിഗ്രഹാരാധനയുടെ പൊള്ളത്തരം വരച്ചുകാട്ടാൻ ബൈബിൾ ഒരു സന്ദർഭം വിവരിക്കുന്നു:
ഇരുമ്പുപണിക്കാരൻ ഉളിക്കു മൂർച്ച വരുത്തി തീക്കനലിനു മുകളിൽ വച്ചു പണി നടത്തി അത് രൂപപ്പെടുത്തുന്നു… അയാൾ ദേവദാരു മരങ്ങൾ വെട്ടിവീഴ്ത്തുന്നു… അത് എരിച്ച് അപ്പം ചുടുന്നു…. അതിൽ നിന്ന് ഒരു ദേവനെ ഉണ്ടാക്കി അയാൾ അതിനെ ആരാധിക്കുന്നു; അതൊരു കൊത്തു രൂപമാക്കി അതിന്റെ മുമ്പാകെ അയാൾ കമിഴ്ന്നു വീഴുന്നു. അതിന്റെ പകുതിഭാഗം അയാൾ തീ കത്തിക്കാൻ ഉപയോഗിക്കുന്നു. ജ്വലിക്കുന്ന കനൽക്കട്ടയിൽ വച്ച് മാംസം പാകം ചെയ്ത് ഭക്ഷിച്ച് തൃപ്തിയടയുന്നു….. ശേഷിച്ച ഭാഗംകൊണ്ട് അയാൾ തന്റെ ദേവവിഗ്രഹം ഉണ്ടാക്കുന്നു. അയാൾ അതിന്റെ മുമ്പാകെ വീണ് ആരാധിച്ചു പ്രാർത്ഥനാപൂർവം ഇങ്ങനെ പറയുന്നു: ‘എന്നെ രക്ഷിക്കൂ, കാരണം, നീയാണ് എന്റെ ദൈവം!’
(യെശയ്യാ 44:13-17).
അത് വ്യക്തമായും മരബിംബത്തോടുള്ള ഒരു മണ്ടൻ അനുബന്ധ പ്രാർത്ഥനയായിരുന്നു. യെശയ്യ ഇങ്ങനെയും പറഞ്ഞു:
ഭൂമിയിലെ ജനങ്ങൾക്ക് ശ്വാസവായുവും ഭൂമിയിൽ നടക്കുന്നവർക്കു ചൈതന്യവും നൽകിയവൻ അരുൾ ചെയ്യുന്നു: ‘ഞാനാണ് കർത്താവ്……ഞാൻ എന്റെ മഹത്വം മറ്റാർക്കെങ്കിലുമോ എന്റെ സ്തുതി കൊത്തുരൂപങ്ങൾക്കോ നൽകുന്നില്ല.’
(യെശയ്യാ 42:5, 6, 8, 9).
ദൈവത്തിന് മാത്രമുള്ള പ്രാർത്ഥന ബിംബങ്ങൾക്കോ വിഗ്രഹങ്ങൾക്കോ നൽകിയതിനെ ബൈബിൾ വിലക്കി. ഒരു വിഗ്രഹം ദൈവകമാകാനാവില്ല; അത് ദൈവത്തിന്റെ ബിംബമേ ആകൂ. പ്രാർത്ഥന ദൈവത്തിനാണ്, വിഗ്രഹത്തിനല്ല.
യെശയ്യാ ജീവിച്ചത് ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിലാണ്. ആ കാലത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹത്തിന്റെ വിവരണം. യേശുവിന്റെ കാലമായപ്പോൾ, പലസ്തീനിൽ സാഹചര്യങ്ങൾ ഭേദമായി എന്നുതോന്നുന്നു. പുതിയനിയമത്തിലെ സുവിശേഷങ്ങളിലോ മറ്റിടങ്ങളിലോ കാണുന്ന അദ്ദേഹത്തിന്റെ വചനങ്ങളിൽ, വിഗ്രഹങ്ങളോ വിഗ്രഹാരാധനയോ ഇല്ല. പൗലോസ് അപ്പോസ്തലൻ, കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വിഗ്രഹാരാധനാ വിലക്ക്, അക്കാലത്ത്, കോറിന്തിൽ ആ പ്രാകൃത രീതി തുടർന്നതിനു സൂചനയാകാം. എല്ലായിടത്തും എല്ലാ സാഹചര്യത്തിലും, ബിംബങ്ങളുടെ ഉപയോഗം വിലക്കുന്നത് വ്യക്തിക്കു നിരക്കുന്നതല്ല; അത് അദൃശ്യദൈവത്തിന്റെ ദൃശ്യസ്മൃതിയാണ്.

No comments:

Post a Comment