ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

മരിച്ച പിതാവിനെ ഡോറിസ് കണ്ടു - 02



മുഖവുര



ആത്മാവു വഴി മനുഷ്യന്‍ ഈശ്വരനോടു ചേരുന്നു; ശരീരംവഴി അവന്‍ മൃഗത്തോടും

ആത്മാവ്, മനുഷ്യനിലും മറ്റു ജീവജാലങ്ങളിലുമുള്ള ജീവതത്വത്തിന്റെ പര്യായമാകുന്നു. ശരീരത്തിലായിരിക്കുമ്പോള്‍ അതിനെ ജീവന്‍ എന്നുപറയുന്നു: കാലഭേദമില്ലാതെ അതിനെ ആത്മാവ് എന്നു വിളിക്കുന്നു. ആത്മാവിന് മരണമില്ല എന്നും അത് ഒരു ജീവജാലത്തില്‍ ഇടക്കിടെ ജീവന്റെ വേഷമിടുന്നു എന്നും മനുഷ്യര്‍ വിശ്വസിക്കുന്നു. ശരീരം മരിച്ചശേഷവും ആത്മാവ് നിലനില്‍ക്കുന്നുവെന്ന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ടും വിശ്വസിക്കുന്നതായി 1982 ലെ ഒരഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുകയുണ്ടായി. ആത്മാവ്, മരണത്തിനുശേഷം നിലനില്‍ക്കുന്നുവെങ്കില്‍, ജനനത്തിന് മുന്‍പും നിലനിന്നിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അന്വേഷണത്തിനായി മുന്നില്‍ കാണുന്നത് വിശാലമായൊരു മേഖലയാണ്. അതേപ്പറ്റിയുള്ള വിനയപൂര്‍ണമായ ഒരന്വേഷണമാണ് ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിലുള്ളത്.
ആദ്യഭാഗം ആത്മാവിനെ വിവരിക്കുകയും അതിന്റെ ഉറവിടം ബോധം അഥവാ ജീവശക്തിയുടെ പ്രാപഞ്ചിക സത്തയാണെന്നു കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ സംസ്‌കൃതത്തില്‍ ബ്രഹ്മന്‍ എന്നും ഇംഗ്ലീഷില്‍ ഈശ്വരന്‍ (God) എന്നും വിളിക്കുന്നു. ഒന്നാംഭാഗം ബോധം, ബ്രഹ്മന്‍ എന്നിവയെ ലളിതമായി വിവരിക്കുന്നു.

രണ്ടാം ഭാഗമാകട്ടെ, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ തുടങ്ങിയവയാല്‍ ഉണ്ടാക്കപ്പെട്ട ആത്മാവിന്റെ പദാര്‍ത്ഥരഹിത വലയമായ ആത്മീയ ശരീരത്തെ വര്‍ണിക്കുന്നു. ബുദ്ധിയെയും മനസ്സിനെയുംപോലെ ലളിതമാണ് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ അസ്തിത്വമെന്ന് കാണിക്കുകയാണ്. വൈദ്യുത തരംഗങ്ങളും റേഡിയോ തരംഗങ്ങളും നമ്മുടെ വിചാരങ്ങള്‍ ഫോണ്‍ വഴി ലോകത്തിന്റെ മറുഭാഗത്തെ മനുഷ്യരിലെത്തിക്കുന്നതുപോലെ ഭൗതികശരീരത്തിലെ തരംഗങ്ങള്‍ എല്ലാ അനുഭൂതികളെയും പ്രവൃത്തികളെയും അനുഭവങ്ങളെയും വിനിമയം ചെയ്യുന്നു.
മൂന്നാംഭാഗം നമ്മുടെ വര്‍ത്തമാനകാലജീവിതത്തില്‍ പൂര്‍വകര്‍മങ്ങള്‍ക്കുള്ള സ്വാധീനം വെളിവാക്കുന്നു. ആത്മീയശരീരത്തില്‍ കുടികൊള്ളുന്ന പൂര്‍വകര്‍മ ബോധത്തില്‍നിന്നാണ് വര്‍ത്തമാനകാല കര്‍മങ്ങളുടെ അടിസ്ഥാന ചോദനകള്‍ ഉടലെടുക്കുന്നതെന്ന് വേദങ്ങള്‍ ഉറപ്പിച്ചുപറയുന്നു.

നാലാംഭാഗം ഈശ്വരനെ പ്രപഞ്ചത്തിന്റെയും അതിലെ ജീവന്റെയും മുഖ്യവിധാതാവായി വെളിവാക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധവും ഇതില്‍ വരുന്നു.

ആധുനിക മനസ്സിനെ തൃപ്തിപ്പെടുത്താന്‍, ശാസ്ത്രീയമായാണ് ഈ വിഷയങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്; ഉപനിഷത്തുക്കള്‍, ബൈബിള്‍, ഫിലോകാലിയ, ഖുര്‍ ആന്‍ എന്നിവയിലെ വചനങ്ങളുടെയെല്ലാം ലയം കൃത്യമായി ഇവിടെ അനാവരണം ചെയ്യുന്നു.
അന്വേഷികളെ സഹായിക്കാനായി വിശദമായ ഉദ്ധരണികള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.


ഭാഗം 1, ആത്മാവ്, അധ്യായം 1


ആധുനിക ഗവേഷണങ്ങള്‍


ചിന്തിക്കുന്ന മനുഷ്യര്‍, എക്കാലവും എല്ലായിടത്തും, ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളെപ്പറ്റി കൗതുകമുള്ളവരായിരുന്നു. അവര്‍ തുടങ്ങിയ അന്വേഷണങ്ങള്‍ ഇപ്പോഴും, പ്രത്യേകിച്ച് പാശ്ചാത്യര്‍, തുടരുകയാണ്. മരണത്തിന്റെ രഹസ്യങ്ങള്‍ അറിയാനാഗ്രഹിച്ച ആദ്യകാല ചിന്തകരില്‍ പലരും മനുഷ്യന്‍ ഭൗതികശരീരത്തിന്റെയും അവര്‍ ആത്മാവ് എന്നുവിളിച്ച അരൂപിയുടെയും സംഗമമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ആത്മാവ് ശരീരത്തില്‍ നില്‍ക്കുന്നതാണ് ജീവിതം; അത് ശരീരം വിടുന്നതാണ് മരണം. ഒരു യഥാര്‍ത്ഥ വ്യക്തിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജീവഘടകമാണ് ആത്മാവെന്നും മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതാണെന്നും മഹര്‍ഷിമാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, യുക്തിവാദികള്‍ മനുഷ്യനില്‍ അദൃശ്യമായ ഒരാത്മാവുണ്ടെന്ന് വിശ്വസിച്ചില്ല.

ശരീരത്തിന്റെ പ്രവര്‍ത്തനത്തിനായി നിരന്തരമായി ഉണ്ടാകുന്നതും നിലനിര്‍ത്തപ്പെടുന്നതുമായ ഊര്‍ജം മാത്രമാണ് മനുഷ്യന്‍, അവന്റെ ശരീരത്തിലും ജീവനിലുമെന്ന് അവര്‍ വാദിച്ചു. 1960 വരെ വൈദ്യശാസ്ത്രവും പറഞ്ഞിരുന്നത്, ഭൗതികശരീരം, ഒരു പൂര്‍ണ, പ്രവര്‍ത്തനക്ഷമമായ ഘടകമാണ് എന്നാണ്. അത് ആഹാരത്തില്‍നിന്ന് ഊര്‍ജം ശേഖരിച്ച് സൂക്ഷിച്ച്, വിവിധ പ്രവൃത്തികള്‍ക്കായി അവയവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ശരീരത്തിനെ ചലനാത്മകമാക്കാനോ പ്രവര്‍ത്തിപ്പിക്കാനോ ആത്മാവ് പോലെ ഒരു ബാഹ്യഘടകവും ഇല്ല. എന്നാല്‍, എക്കാലവും മനുഷ്യര്‍ക്കിടയിലെ ഭൂരിപക്ഷവും ഋഷിവര്യന്മാരുടെ ഉദ്‌ബോധനങ്ങള്‍ സ്വീകരിച്ച് അവരിലാരെങ്കിലും സ്ഥാപിച്ച മതത്തിലും ജീവനുള്ള ഏത് വ്യക്തിയിലും അദൃശ്യമായ ആത്മാവിലും വിശ്വസിച്ചുപോന്നു. ശരീരം മരിച്ചാലും അത് നിലനില്‍ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു.

സമീപകാലത്ത്, പടിഞ്ഞാറുള്ള ശാസ്ത്രജ്ഞര്‍, ആത്മാവിനെ സംബന്ധിച്ച സത്യം അറിയാന്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുണ്ട്. രൂപംകൊണ്ട് തിരിച്ചറിയാനാവുന്ന പരേതാത്മാക്കള്‍ പ്രേതരൂപങ്ങളായി കാണപ്പെടുന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങളിലാണ് ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി കൃത്യമായ ഗവേഷണങ്ങള്‍ ആരംഭിച്ചത്. പുരാണങ്ങളില്‍ തന്നെ ഇത്തരം പ്രേതാത്മാക്കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ധ്യാത്മ രാമായണത്തില്‍ (6:7:26-27) ഹനുമാന് ഒരു പ്രേതം പ്രത്യക്ഷപ്പെട്ട് തന്റെ അടിയന്തര ദൗത്യം വൈകിപ്പിക്കാന്‍ ഗൂഢപദ്ധതിയുള്ളതായി മുന്നറിയിപ്പു നല്‍കുന്നു.

ശമുവേല്‍ ചക്രവര്‍ത്തിയുടെ പ്രേതം ശൗല്‍ ചക്രവര്‍ത്തിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതായി ബൈബിള്‍ (1 സങ്കീര്‍ത്തനം 28:14-19) പറയുന്നു. പ്രവാചകരായ മോശയും ഏലിയായും മരിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ രൂപങ്ങള്‍ യേശുവിന് മുന്‍പാകെ അവന്റെ അന്ത്യം പ്രവചിക്കാന്‍ എത്തുന്നുവെന്ന് ബൈബിളില്‍ പറയുന്നു (ലൂക്കോസ് 9:30,31). എന്നാല്‍, മധ്യകാലഘട്ടത്തില്‍ പ്രേതങ്ങളെപ്പറ്റി പൊതുവേ അവിശ്വാസമായിരുന്നതിനാല്‍ ഇത്തരം അനുഭവങ്ങളെ പരിഹസിക്കുകയാണുണ്ടായത്. ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ബ്രൂഹാം പ്രഭുവിനെപ്പോലുള്ളവര്‍ അവരുടെ പ്രേതാനുഭവങ്ങള്‍ വിവരിച്ചപ്പോഴാണ് ഈ പരിഹാസത്തിന്റെ മുനയൊടിഞ്ഞത്. (1)അന്നുമുതല്‍, മരണത്തിന്റെ വക്കത്തുനിന്ന് രക്ഷപ്പെട്ടവര്‍ പരേതരായ ബന്ധുക്കളുടെ പ്രേതങ്ങളെ കാണുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങി.

പ്രേതങ്ങളെപ്പോലുള്ള പ്രതിഭാസങ്ങളില്‍ 1880 ആയപ്പോഴേക്കും ചില ഇംഗ്ലീഷ് ശാസ്ത്രജ്ഞരും തത്വചിന്തകരും താല്‍പര്യം കാട്ടി. പത്രങ്ങളില്‍ പ്രേതങ്ങളെപ്പറ്റി വരുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ ശേഖരിച്ചു. ഫെബ്രുവരിയില്‍ അവര്‍ ലണ്ടനില്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എസ്പിആര്‍) ആരംഭിച്ച് ക്രമമായുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ പ്രധാന സ്ഥാപകരും അന്വേഷകരുമായ ഗര്‍ണി, മേയേഴ്‌സ് എന്നിവര്‍ പ്രേതാനുഭവമുള്ള നിരവധിയാളുകളെ പരിശോധിച്ച് അവരുടെ സാക്ഷ്യങ്ങള്‍ അപഗ്രഥിച്ച് ഇവ ‘ജീവിച്ചിരിക്കുന്നവരുടെ പ്രേതാനുഭവങ്ങള്‍ (Phantasms of the Living) എന്ന പേരില്‍ 1886 ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഗര്‍ണി പറഞ്ഞത്, ഒരു പ്രേതാനുഭവമുണ്ടാകുന്നത് പരേതാത്മാവില്‍നിന്നുള്ള ടെലിപ്പതി വഴിയുള്ള ആശയവിനിമയവും സ്വീകര്‍ത്താവിന്റെ മാനസിക സൃഷ്ടിയും ചേരുമ്പോഴാണ് എന്നാണ്.

എന്നാല്‍ മേയേഴ്‌സ് പറഞ്ഞത്, പരേതാത്മാവ് സംഭവസ്ഥലത്തുവന്ന് ചില സവിശേഷ സ്പന്ദങ്ങള്‍ ഉളവാക്കിയപ്പോള്‍, അത് സ്വീകര്‍ത്താവില്‍ പ്രേതാനുഭവമുണ്ടാക്കിയെന്നും അയാളുടെ മഹസ്സിന്റെ സൂക്ഷ്മഭാവം അതിനു കാരണമായി എന്നുമാണ്. കുറച്ചുകഴിഞ്ഞ് ഗര്‍ണി തന്നെ രണ്ടു പ്രേതാനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ സ്വീകര്‍ത്താവ് കണ്ട ആദ്യപ്രേതത്തിന് രണ്ടാം കാഴ്ചയില്‍ താടിവളര്‍ന്നിരുന്നു.(2) ഈ സംഭവങ്ങള്‍ സ്വീകര്‍ത്താവിന്റെ മനഃസൃഷ്ടി എന്ന ഗര്‍ണിയുടെ സങ്കല്‍പത്തെ നിരാകരിച്ചു. രണ്ടു ഗവേഷകരും, മനുഷ്യരുടെ ശാരീരിക മരണത്തിനുശേഷം ആത്മാവ് ജീവിക്കുന്നുണ്ടെന്നും അവതാരമൊഴിഞ്ഞ ആത്മാക്കള്‍ക്ക് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ എത്താന്‍ കഴിവുണ്ടെന്നും കണ്ടെത്തി.

പ്രൊസീഡിംഗ്‌സ് ഓഫ് ദ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (1927, വാല്യം 36, പേജ് 517-24) പ്രേതാനുഭവത്തിന്റെ മികവാര്‍ന്ന ഒരു ചിത്രം നല്‍കുന്നു. 1905 നവംബര്‍ 16 ന് നോര്‍ത് കരോലിനയിലെ കര്‍ഷകനായ ജെയിംസ് എല്‍. ചാഫിന്‍ തന്റെ മൂന്നാമത്തെ മകന് എല്ലാ സ്വത്തും നല്‍കുന്ന വില്‍പത്രം റജിസ്റ്റര്‍ ചെയ്തു. അതുകഴിഞ്ഞ്, 1919 ജനുവരി 16 ന് അദ്ദേഹം സ്വത്തുക്കള്‍ നാലുമക്കള്‍ക്കുമായി ഒരുപോലെ വീതിക്കുന്ന മറ്റൊരു വില്‍പത്രം എഴുതി രഹസ്യമായി സൂക്ഷിച്ചു. നോര്‍ത് കരോലിനയിലെ ചട്ടമനുസരിച്ച്, ഒരാള്‍ സ്വന്തം കയ്പടയില്‍ എഴുതിയ വില്‍പത്രത്തിനാണ്, അത് റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍പോലും, സാധുത. രണ്ടാമത്തെ വില്‍പത്രമുള്ളതായി അത് എഴുതിയ ആള്‍ക്കല്ലാതെ മറ്റാര്‍ക്കും വിവരമുണ്ടായിരുന്നില്ല. 1921 സെപ്തംബര്‍ ഏഴിന് ചാഫിന്‍ ഒരപകടത്തില്‍ മരിച്ചു. സെപ്തംബര്‍ 24 ന് ഒരു തര്‍ക്കവുമില്ലാതെ മൂന്നാമത്തെ മകന് ആദ്യ വില്‍പത്രപ്രകാരമുള്ള അവകാശ പത്രം കിട്ടി.

നാലുവര്‍ഷം കഴിഞ്ഞ് 1925 ജൂണില്‍ ചാഫിന്റെ രണ്ടാമത്തെ മകന് കിടക്കക്കരികില്‍, പിതാവിന്റെ കൃത്യമായ സ്വപ്നദര്‍ശനങ്ങള്‍ കിട്ടാന്‍ തുടങ്ങി. ആ മാസാവസാനം രണ്ടാമത്തെ വില്‍പത്രം എങ്ങനെ കണ്ടെത്താനാകുമെന്ന് പ്രേതം ദര്‍ശനത്തില്‍ മകനോട് വെളിപ്പെടുത്തി. തന്റെ ഓവര്‍കോട്ടിന്റെ അകത്തെ കീശയിലെ രഹസ്യ അറയില്‍ അതിന്റെ സൂചനയുണ്ടെന്നാണ് പ്രേതം പറഞ്ഞത്. ഇതേതുടര്‍ന്ന്, രണ്ടാമത്തെ മകന്‍ അമ്മയോടും മറ്റുള്ളവരോടുമൊപ്പം നീണ്ട തെരച്ചില്‍ നടത്തി രണ്ടാം വില്‍പത്രം കണ്ടെടുത്തു. സൂചനയില്‍ പറഞ്ഞപോലെ, മൂത്തസഹോദരന്റെ വീട്ടിലെ പഴയ മര അലമാരയ്ക്കകത്താണ്, വില്‍പത്രമുള്ള ബൈബിള്‍ കണ്ടത്. 1925 ഡിസംബറില്‍ മേല്‍കോടതി ആദ്യവില്‍പത്രം റദ്ദാക്കി രണ്ടാം വില്‍പത്രം സാധുവാക്കി.

ഈ സംഭവത്തില്‍, പ്രേതം സ്വപ്നങ്ങളില്‍ നല്‍കിയ വിവരം സ്വീകര്‍ത്താവിന്റെ ഭാവനയാകാന്‍ വഴിയില്ല. ഈ സംഭവം, മരണശേഷവും ആത്മാവ് നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് പ്രത്യക്ഷത്തില്‍ വരാനും സാധാരണക്കാരനെപ്പോലെ ആശയവിനിമയം നടത്താന്‍ കഴിയുമെന്നും തെളിയിച്ചു. ഡബ്‌ളിനിലെ റോയല്‍ കോളജ് ഓഫ് സയന്‍സില്‍ പ്രൊഫസറായിരുന്ന സര്‍ വില്യം ബാട്രറ്റ് എഴുതിയ ഡെത്ത് ബെഡ് വിഷന്‍, മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിശദീകരിക്കുന്നു. 1924 ജനുവരി 12 ന് ബാരെറ്റിന്റെ ഉദര ശസ്ത്രക്രിയാ സര്‍ജനായ ഭാര്യ, പ്രസവശേഷം രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച മിസിസ് ഡോറിസിനടുത്തു നില്‍ക്കുകയായിരുന്നു. പൊടുന്നനെ ഡോറിസിന്റെ മുഖം പ്രകാശമാനമാവുകയും, ‘മുറിയില്‍ ഒരിടത്ത് സുന്ദരമായ രൂപത്തെ കാണുന്നില്ലേ’ എന്നു ചോദിക്കുകയും ചെയ്തു. മിസിസ് ഡോറിസ് ആ ഭാഗത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി, അത് തന്റെ (പരേതനായ)പിതാവാണെന്ന് പറഞ്ഞു. മിസിസ് ബാരെറ്റിന് രൂപത്തെ കാണാനായില്ല. തുടര്‍ന്ന്, പിതാവിനൊപ്പം തന്റെ സഹോദരിയുടെ രൂപത്തെ കൂടി രോഗിണി ദര്‍ശിച്ചു. മൂന്നാഴ്ച മുന്‍പ് സഹോദരി മരിച്ചെങ്കിലും, മിസിസ് ഡോറിസിന്റെ അസുഖം നിമിത്തം അവരെ വിവരം അറിയിച്ചിരുന്നില്ല. ഈ കാഴ്ചകള്‍ക്കുശേഷം മിസിസ് ഡോറിസ് മരിച്ചു. ബാരെറ്റിന്റെ ഭാര്യ വീട്ടിലെത്തി നടന്ന സംഭവങ്ങള്‍ വിസ്മയത്തോടെ ഭര്‍ത്താവിനോട് വിവരിച്ചു.

രോഗിണിയുടെ മുഖത്ത് കണ്ട യഥാര്‍ത്ഥ പ്രതീതി ഗംഭീരമായിരുന്നുവെന്ന് മിസിസ് ബാരെറ്റ് ഓര്‍മിച്ചു. മിസിസ് ഡോറിസ് സഹോദരിയുടെ പ്രേതത്തെ കണ്ട സംഭവത്തില്‍ വിസ്മയം പൂണ്ട ബാരെറ്റ് മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി ഗവേഷണം ആരംഭിച്ചു. മരിക്കുന്നവര്‍ മുന്‍പേ മരിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രേതങ്ങളെ കാണുന്നുണ്ടെന്നും അവ മരിക്കുന്നയാളെ അടുത്ത ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഈ പ്രേതദര്‍ശനങ്ങള്‍, ആത്മാവിന്റെ മരണശേഷമുള്ള തുടര്‍ച്ച സത്യമാണെന്നും സാധാരണനിലയില്‍ അദൃശ്യമായ ആത്മാവ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മുന്‍പാകെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വെളിവാക്കുന്നു. ആത്മാക്കള്‍ യാഥാര്‍ത്ഥ്യങ്ങളാണ്.  ന്യൂയോര്‍ക്കില്‍ 1885 ല്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എഎസ്പിആര്‍) രൂപീകരിച്ചു. ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ആത്മാവിനെപ്പറ്റി പഠിക്കാന്‍ ഇത്തരം സംഘടനകള്‍ പല നഗരങ്ങളിലും രൂപംകൊണ്ടു.

അമേരിക്കയില്‍ 1960 ആകുമ്പോഴേക്കും ആത്മാവിന്റെ അതിജീവനത്തെപ്പറ്റി പഠിക്കാന്‍ പലരും ഫണ്ടുകള്‍ ഏര്‍പ്പെടുത്തിയത് ജനത്തിന് ഇക്കാര്യത്തിലുള്ള ഉത്സാഹം വെളിവാക്കി. വിഷയത്തിന്റെ ഭിന്നവശങ്ങളെപ്പറ്റി വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ അന്വേഷണങ്ങള്‍ തുടങ്ങി. അവരില്‍ ചിലര്‍ ഇവരാണ്: ഡോ.ഓസിസ്- പാരാ സൈക്കോളജി ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ഇദ്ദേഹം എഎസ്പിആറില്‍ ചേര്‍ന്ന് മരണക്കിടക്കയിലുള്ളവരുടെ പ്രേതക്കാഴ്ചകള്‍ പഠിച്ചു. കുട്ടികളുടെ മുജ്ജന്മ സ്മരണകള്‍ വിര്‍ജീനിയ സര്‍വകലാശാലയിലെ മെഡിക്കല്‍ പ്രൊഫസര്‍ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ പഠനവിധേയമാക്കി. വിര്‍ജീനിയ സര്‍വകലാശാലയില്‍ സൈക്കാട്രിസ്റ്റായ ഡോ.റെയ്മണ്ട് മൂഡി ആശുപത്രികളില്‍ കൃത്രിമ ശ്വാസോച്ഛ്വാസം വഴി രക്ഷപ്പെട്ട രോഗികളുടെ മരണാനുഭവങ്ങള്‍ പഠിച്ചു.

1) The Life and Times of Henry Lord Brougham/1871, Vo. 1, page 146-48.
2) Proceedings of SPR 1888-89. page 412-415

No comments:

Post a Comment