ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, April 30, 2017

രാമായണം: 10 ചോദ്യം, ഉത്തരവും



1. ദശരഥന്റെ ഭാര്യമാര്‍ എത്ര ? ആരെല്ലാം ?

2. യാഗാഗ്നിയില്‍ പ്രത്യക്ഷപ്പെട്ടതും പ്രജാപതി അയച്ചിരുന്നതുമായ അഗ്നിപുരുഷന്‍ നല്‍കിയ പായസം ദശരഥന്‍ ആര്‍ക്കെല്ലാമാണ് കൊടുത്തത്.
 3. അവര്‍ ആ പായസം എന്തു ചെയ്തു.?

4. ശ്രീകൃഷ്ണന്റെ ജന്മദിനം ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ദിവസം. ശ്രീ രാമന്റെ ജന്മദിനം എന്നാണ്. ?

5. അവതരിച്ചമാത്രയില്‍ തന്നെ ഭഗവാന്റെ ദിവ്യരൂപത്തെ ദര്‍ശിച്ച കൗസല്യദേവിയ്ക്ക് മാറിടത്തില്‍ വനമാല മാത്രമല്ല മറുകും കാണുവാന്‍ സാധിച്ചു എന്താണ് ആ മറുകിന്റെ പേര്?

6. ദശരഥന്റെ നാലുമക്കള്‍ക്കിട്ട പേര് ?

7. രാവണനെ വധിക്കണമെന്ന ബ്രഹ്മാവിന്റെ പ്രാര്‍ത്ഥന അനുസരിച്ചാണ് താന്‍ അവതരിച്ചിരിക്കുന്നതെന്ന് ശ്രീരാമചന്ദ്രന്‍ ആരോടാണ് ആദ്യമായി പറഞ്ഞത്? 8. ഭഗവാന്റെ സ്വരൂപദര്‍ശനം എന്തുകൊണ്ടാണ് കൗസല്യാദേവിക്കു സാധിച്ചത് ?

9. ദശരഥന്റെ 4 മക്കള്‍ക്കും നാമകരണം ചെയ്തതാരായിരുന്നു ?

10. യദുവംശത്തിലായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്. ഏതു രാജവംശത്തിലാണ് ശ്രീരാമന്‍ അവതരിച്ചത് ?


ഉത്തരങ്ങള്‍

1. മൂന്ന്. കൗസല്യ, കൈകേകി, സുമിത്ര.
2. ഭാര്യമാരായ കൗസല്യക്കും, കൈകേകിക്കും പകുതി വീതം കൊടുത്തു.
3. തങ്ങള്‍ക്കു ലഭിച്ച പായസത്തിന്റെ പകുതി വീതം കൗസല്യയും, കൈകേകിയും സുമിത്രക്കു നല്‍കി. മൂവരും അതു ഭക്ഷിച്ചു.
4. മേടമാസത്തിലെ പുണര്‍തം നക്ഷത്രം. കുക്ലപക്ഷം, നവമി തിഥി, കര്‍ക്കിടക ലഗ്നം.
5. ശ്രീവത്സം.
6. ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍.
7. മാതാവായ കൗസല്യദേവിയോട്.
8. പൂര്‍വ്വ ജന്മത്തില്‍ ആചരിച്ച തപസിന്റെ ഫലമായിട്ട്. (പൂര്‍വ്വ ജന്മത്തില്‍ അദിതിയും കശ്യപനുമായിരുന്നു കൗസല്യയും ദശരഥനും).
9. കുലഗുരുവായ വസിഷ്ഠന്‍.
10. ഇക്ഷാകുവംശം. (സൂര്യവംശരാജാക്കന്മാര്‍)


തയ്യാറാക്കിയത്: വി. ആര്‍. ഗോപിനാഥന്‍ നായര്‍, തലവടി.

ശുഭാനന്ദ ദര്‍ശനം


യഥാര്‍ത്ഥമായ ധര്‍മ്മമാണ് ധര്‍മ്മയുദ്ധം. സത്യത്തെയും ധര്‍മ്മത്തെയും കൊണ്ട് അസത്യത്തെയും അധര്‍മ്മത്തെയും ജയിച്ചാല്‍ കലിയുഗത്തില്‍ കിട്ടുന്നത് നാമസങ്കീര്‍ത്തനമാകുന്നു. ഇങ്ങനെ അജ്ഞാനത്തെയും അധര്‍മ്മത്തെയും സത്യധര്‍മ്മാദികളെക്കൊണ്ടു ജയിക്കുന്നു. തന്മൂലം ഗുരു തന്റെ ഉള്ളില്‍ രൂപാന്തരപ്പെടുന്നു. അപ്പോള്‍ ആ അവസ്ഥയിലുള്ള ഗുണങ്ങളെ വര്‍ണ്ണിക്കുന്നതാണ് ഈശ്വരനു സഹസ്രനാമം ഉണ്ടെന്നു പറയുന്നത്.

ഇങ്ങനെയിരിക്കുന്ന ഒരു ദൈവിക പുരുഷന്‍ മറ്റുള്ളവരെക്കാള്‍ ജ്ഞാനിയും ധര്‍മ്മിയുമാണ്. തന്മൂലം അവന്‍ മനുഷ്യര്‍ക്കും ദൈവത്തിനും മദ്ധ്യസ്ഥനാണ്. ഈ മദ്ധ്യസ്ഥനെക്കാളും ദൈവം സര്‍വ്വജ്ഞനും, സമ്പൂര്‍ണ്ണനും, സര്‍വ്വശക്തനുമാകുന്നു. അതുകൊണ്ട് ഈ മദ്ധ്യസ്ഥനു മനസ്സിലും, വായിലും, പ്രവൃത്തിയിലും യാതൊരു വഞ്ചനയും കളങ്കവും ദൈവത്തോടു ചെയ്യുവാന്‍ നിവൃത്തിയില്ല.

അതുകൊണ്ട് ദൈവം ഇവനെ വിശ്വസിക്കുന്നതു തന്നെയാണ് ഇവന്റെ സത്യധര്‍മ്മാദികള്‍ക്കുള്ള അടിസ്ഥാനവും അനുഗ്രഹവും. ഇതു പോലെ തന്നെ മനുഷ്യലോകത്തിന് ദൈവം ഗുരുവാണ്. അവന്‍ മര്‍ത്യനെക്കാള്‍ സമ്പൂര്‍ണ്ണജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വാത്മനാ മനുഷ്യലോകത്തിനു വന്ദിതനുമാണ്. തന്മൂലം മോക്ഷാര്‍ഹത ആഗ്രഹിക്കുന്ന ആരും തന്നെ മനസാ വാചാ കര്‍മ്മണാ യാതൊരു കള്ളവും ഗുരുവിന്റെ മുമ്പാകെയും തന്നില്‍ തന്നെയും ചെയ്‌വാന്‍ നിവര്‍ത്തിയില്ല. ആ ഗുരുവിന് ശിഷ്യനിലേക്കുള്ള വിശ്വാസമാണ് അവനു കിട്ടുവാന്‍ പോകുന്ന സര്‍വ്വവിധ മോക്ഷത്തിനും അനുഗ്രഹത്തിനും അടിസ്ഥാനമായിത്തീരേണ്ടത്.

പയ്യന്നൂർ പവിത്രമോതിരം


Image result for പയ്യന്നൂർ പവിത്രമോതിരം
ഇന്ത്യയിൽ ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഒരുൽപ്പന്നമാണ് പയ്യന്നൂർ പവിത്രമോതിരം.

കേരളത്തിലെ കണ്ണൂർജില്ലയിലെ പയ്യന്നൂരെന്ന ഗ്രാമത്തിലാണ് ഇതു നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്.

ത്രിമൂർത്തികളായ ബ്രഹ്മാവ്‌, വിഷ്‌ണു, ശിവൻ എന്നിവരുടെ സാന്നിധ്യം ഇതിൽ നിറഞ്ഞു നിൽക്കുന്നുവെന്നാണ് വിശ്വാസം. ഇപ്പോൾ ഇതിന്റെ വ്യാജ്യനും ഇറങ്ങുന്നുണ്ട്.


പവിത്രം
ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം.

തന്ത്രശാസ്ത്രത്തിൽ പവിത്രമോതിരത്തിനു വളരെയധികം പ്രധാനമുണ്ട്. ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജഹോമാദികൾ, പിതൃബലി എന്നീ വിശേഷക്രിയകൾ ചെയ്യുന്നത്.

ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാനുത്രേ! ആ പാപം തീർക്കാനാണ് ഇതണിയുന്നത്. അതിനാൽ പവിത്രം ധരിക്കുന്ന കൈകൾക്ക്‌ പാപസ്‌പർശം ഉണ്ടാകില്ലെന്നാണ്‌ വിശ്വാസമുണ്ട്. ഉപയോഗശേഷം ഇതഴിച്ചു കളയുന്നു.


ഐതിഹ്യവും ചരിത്രവും

ടിപ്പു സുൽത്താൻ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രങ്ങളിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉൾപ്പെട്ടിരുന്നു (964 മീനം 27).


പിന്നീട്‌ 1011 ൽ ക്ഷേത്ര പുന:പ്രതിഷ്‌ഠാകർമ്മത്തിന്‌ നേതൃത്വം നൽകാനായി തരണനെല്ലൂർ തന്ത്രിയെ കാണാൻ ക്ഷേത്ര ഭാരവാഹികൾ ഇരിങ്ങാലക്കുടയ്‌ക്ക്‌ പോയി. പക്ഷേ അന്ന് ആ ഇല്ലത്ത് പ്രതിഷ്ടാദിവസം പയ്യന്നൂരിലെത്തി തന്ത്രികർമ്മങ്ങൾക്ക്‌ നേതൃത്വം കൊടുക്കുവാൻ പ്രായപൂർത്തിയായ പുരുഷന്മാർ ഉണ്ടായിരുന്നില്ല.

എന്തായാലും വിവരം ധരിപ്പിച്ച്‌ ക്ഷേത്രഭാരവാഹികൾ മടങ്ങി. ഇല്ലത്തെ ബ്രാഹ്മണബാലൻ ഈ വിവരമറിഞ്ഞു താന്ത്രികകർമ്മം ചെയ്യുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. ആ ബ്രാഹ്മണബാലൻ അമ്മയുടെ സമ്മതം വാങ്ങി പയ്യന്നൂരിലേക്ക്‌ പുറപ്പെട്ടു(ബാലൻ മയിലിന്റെ പുറത്തേറി പറന്നെത്തി എന്നും പറയപ്പെടുന്നു).


കൃത്യസമയം തന്നെ പയ്യന്നൂരിലെത്തി പരിചയ സമ്പന്നനെ പോലെ തന്ത്ര മന്ത്രങ്ങൾ യഥാവിധി നിർവ്വഹിച്ചു. ദിവസത്തിൽ മൂന്നുനേരവും തന്ത്രമന്ത്രങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ ദർഭ കൊണ്ട്‌ പവിത്രമോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കർമ്മശേഷം മോതിരം അഴിച്ച്‌ ഭൂമിയിൽ വീണുപോയാൽ ഭൂമി ദേവി ശപിക്കുമെന്ന വിശ്വാസവും സ്വർണ്ണം കൊണ്ട്‌ പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക്‌ ബ്രാഹ്മണബാലനെ നയിച്ചു.


അദ്ദേഹം ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ ഉണ്ടാക്കാൻ അവകാശികളായ ചൊവ്വാട്ടവളപ്പിൽ കുടുംബക്കാരെ അതിനായി ചുമതലപ്പെടുത്തി.

അങ്ങനെ ചൊവ്വാട്ടവളപ്പിൽ സി.വി.കേരളപ്പൻ പെരുന്തട്ടാനാണ്‌ ആദ്യമായി പയ്യന്നൂർ പവിത്രമോതിരം നിർമ്മിച്ചത്‌.


നിർമ്മാണവും പ്രത്യേകതയും

മനുഷ്യശരീരത്തിന്റെ ഇടതുഭാഗം ഇഡനാഡിയെയും ചന്ദ്രമണ്‌ഡലത്തെയും, വലതുഭാഗം പിംഗലനാഡിയെയും സൂര്യമണ്‌ഡലത്തെയും, മധ്യഭാഗം സുഷുമ്‌നാ നാഡിയെയും അഗ്നിയെയും പ്രതിനിധാനം ചെയ്യുന്നു.

അതുപോലെ തന്നെയാണ് പവിത്രമോതിരത്തിലും. ഇതിലെ മൂന്നു വരകൾ യഥാക്രമം ഇഡ, പിംഗള, സുഷുമ്‌നാ എന്നിങ്ങനെ മൂന്നു നാഡികളാണ്. ഈ മൂന്നു വരകൾ ചേർന്ന്‌ മധ്യഭാഗത്ത്‌ ഒരു കെട്ടായി രൂപാന്തരം പ്രാപിക്കുന്നുണ്ട്‌. ഇതാണ്‌ പവിത്രക്കെട്ട്‌.

കുണ്‌ഡലിയെന്ന സൂക്ഷമമായ സൃഷ്‌ടശക്തിയെ ഉണർത്തുവാനുള്ള യോഗവിദ്യാപരമായ കെട്ടുകളാണ്‌ പവിത്രമോതിരത്തിൽ നിബന്ധിച്ചിട്ടുള്ളത്‌.

ഒരു വരിയിൽ ഏഴ്‌ മുത്തരികൾ വീതം മൂന്നു വരികളായി പവിത്രക്കെട്ടിനിരുവശവും കാണാം. ഈ ഏഴു മുത്തരികൾ സപ്‌തർഷികളായ മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്‌തിയൻ, പുലഹൻ, ക്രതു എന്നിവരാണ്‌.

പവിത്രക്കെട്ടിന്‌ മുകളിൽ കാണുന്ന മൂന്നു മുത്തരികൾ മുൻപ്‌ സൂചിപ്പിച്ചതുപോലെ ത്രിമൂർത്തികളെ സൂചിപ്പിക്കുന്നു.

പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും, ആ വര അവസാനിക്കുന്നിടത്തെ പരന്ന വട്ടമുത്തരി ചന്ദ്രഗ്രഹത്തെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌.

മൂന്നു വരകൾ ചേരുന്ന ഇടത്തിന്‌ കുറിയെന്നാണു പറയുക. അതിനു താഴെയുള്ള നാല്‌ മുത്തരികൾ ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർവവേദം എന്നീ നാലു വേദങ്ങളെ സൂചിപ്പിക്കുന്നു.

യഥാവിധി നിർമ്മിക്കുന്ന പവിത്രമോതിരം ഉടനെത്തന്നെ കിട്ടില്ല. ഉണ്ടാക്കുന്ന ലോഹം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂർത്തവും പരിശോധിച്ചാണ്. മോതിരം ഇടുന്നയാളുടെ പേരും നക്ഷത്രവും വലതു കയ്യിലെ മോതിരവിരലിന്റെ അളവും കൊടുക്കണം.


മോതിരം പണിയുന്നത്‌ അതികഠിനമായ വ്രതശുദ്ധിയോടുകൂടിയും കുറഞ്ഞത്‌ മൂന്നു ദിവസത്തെ അതിസൂക്ഷ്‌മവും കഠിനവുമായ ആദ്ധ്യാത്മിക ചിട്ടകൾ പാലിച്ചു കൊണ്ടുമാണ്.


മോതിരം ധരിക്കുന്നവർ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്‌. അതുകാരണം പണ്ട് ബ്രാഹമണർ മാത്രമേ ഇത് ധരിക്കാറുള്ളായിരുന്നു. എന്നാൽ ഇന്ന് ആർക്കും സ്‌ത്രീകളടക്കം പവിത്രമോതിരം ധരിക്കാം എന്ന നിലയിലായി.


കൂടാതെ ഇന്നു സ്‌ത്രീകൾക്കായുള്ള പവിത്രവളകളും പയ്യന്നൂരിലെ ജ്വല്ലറികളിലുണ്ട്‌.

വലതു കൈയുടെ മോതിരവിരലിലാണ്‌ പവിത്രമോതിരം ധരിക്കേണ്ടത്‌. അതിന്‌ യോഗശാസ്‌ത്രപരമായ ചില കാരണങ്ങളുണ്ട്‌. തർപ്പണം, യാഗം, പൂജ തുടങ്ങിയ കർമ്മങ്ങളിൽ സൂര്യമണ്‌ഡലത്തിനാണ്‌ പ്രാധാന്യം. വലതുകൈ സൂര്യമണ്‌ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്‌തുത കർമ്മങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമാവുകയും ചെയ്യും.


ഏഴു തരത്തിലുള്ള തൂക്കത്തിലാണ്‌ പവിത്രമോതിരം ഉണ്ടാക്കി വരുന്നത്‌. അതിൽ തികഞ്ഞ പവിത്രമെന്നു പറയുന്നതിന്‌ 39 ഗ്രാം 500 മില്ലിഗ്രാം തൂക്കമുണ്ടാവും. ഏകദേശം 93,000 രൂപയോളം ഇതിനു വിലയാകും.


മറ്റുള്ളവയ്‌ക്ക്‌ മുക്കാൽ പവിത്രം 28.900 ഗ്രാമും (വില ഏകദേശം 70,000 രൂപാ), അര പവിത്രം 19.750 ഗ്രാമും (വില ഏകദേശം 47,000 രൂപ), കാലെ അരക്കാൽ പവിത്രം 14.450 ഗ്രാമും (വില ഏകദേശം 35,000 രൂപ), കാൽ പവിത്രം 9.650 ഗ്രാമും (വില ഏകദേശം 23,500 രൂപ), അരക്കാലെ മഹാണി പവിത്രം 7.225 ഗ്രാമും (വില ഏകദേശം 18,000 രൂപ) അരക്കാൽ പവിത്രം 4.850 ഗ്രാമും (വില ഏകദേശം 12,200 രൂപ) തൂക്കമുണ്ടാവും.


ഫലങ്ങൾ
പവിത്രമോതിരം ഭൗതികമായ ശ്രേയസിനും ആത്മീയമായ വികാസത്തിനും ഒരുപോലെ ഫലപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. മോതിരം ധരിക്കുക വഴി ഒരു അലങ്കാരവസ്‌തു ധരിക്കുക എന്നതിലുപരി പല ആന്തരിക ശുദ്ധീകരണ പ്രക്രിയകളും സംഭവിച്ച്‌ ശരീരവും മനസും ആരോഗ്യപ്രദമായി തീർന്ന്‌ ആത്മീയ ഗുണവും മന:ശാന്തിയും കൈവരുമെന്നാണ്‌ കരുതപ്പെടുന്നത്‌



ഗണേശ ശരണം - ഗണേശസ്തുതികൾ



ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാർവതി നന്ദന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ശങ്കര തനയാ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മൂഷിക വാഹന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അനാഥ രക്ഷക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ആശ്രിത വത്സല ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

വിഘ്ന വിനാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

സിദ്ധിവിനായക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അറുമുഖ സോദര ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അഖില ജഗന്മയ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോഹിനീ സുതനേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോഹ വിനാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

നാരദ സേവിത ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

നരക വിനാശന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോദക ഹസ്താ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

വേദ വിശാരദ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാവന മൂർത്തേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാഹി നമസ്തേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

കലികാലേശ്വര ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

കന്മഷ നാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ



മണ്ഡോദരി - പുരാണകഥകൾ


രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. 

അസുരന്മാരുടെ ശില്പിയായ  മയന്റെ മകളാണ്‌ മണ്ഡോദരി. മകൾ എന്നു ശരിക്കും പറയുക വയ്യ; വളർത്തു മകളാണ്‌. ഒരു പൊട്ടക്കിണറ്റിൽനിന്നാണ്‌, അതിനടുത്തു തപസ്സുചെയ്യുകയായിരുന്ന മയൻ-ഹേമ ദമ്പതിമാർക്ക്‌ അവളെ ലഭിച്ചത്‌.

പഞ്ചകന്യകമാരിൽ ഒരാളായ മണ്ഡോദരി രാവണന്റെ ഭാര്യ ആണ്.
ശില്‌പകലയിൽ അതുല്യനാണ്‌ മയൻ. ദേവൻമാർക്കും അസുരൻമാർക്കും ഒരുപോലെ പ്രിയങ്കരൻ. ദേവലോകത്തുവെച്ചു കണ്ട ഹേമ എന്ന അപ്‌സരസ്‌ത്രീയിൽ മയൻ പ്രേമവിവശനായിത്തീർന്നു. ദേവൻമാർ അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്‌തു.
മയൻ-ഹേമ ദമ്പതികൾക്കു രണ്ടു പുത്രന്മാരുണ്ടായി. എങ്കിലും ഒരു പെൺകുഞ്ഞിനുവേണ്ടി അവർ ആഗ്രഹിച്ചു. ആ ആഗ്രഹം സാധിക്കാനായിരുന്നു തപസ്സ്‌.

അവർ തപസ്സു ചെയ്യുന്ന വനത്തിലെ പൊട്ടക്കിണറ്റിൽ ഒരു തവള-മണ്ഡൂകം-ഉണ്ടായിരുന്നു. പാർവ്വതിയുടെ ശാപത്താൽ മധുര എന്ന ദേവസ്‌ത്രീയാണ്‌ അങ്ങനെ കഴിയുന്നത്‌. പാർവ്വതി ഇല്ലാത്ത അവസരത്തിൽ മധുര, സോമവാരവ്രതം അനുഷ്‌ഠിച്ചു കൈലാസത്തിൽ ശിവപൂജയ്‌ക്ക്‌ എത്തുകയുണ്ടായി. സംപ്രീതനായ ശിവൻ മധുരയെ ആശ്ലേഷിച്ചു. അതു കണ്ടുകൊണ്ടു വന്ന പാർവതി ശപിക്കുകയായിരുന്നു.

“നീ പൊട്ടക്കിണറ്റിൽ മണ്ഡൂകമായിത്തീരട്ടെ!”


ശാപം ഉടനെ ഫലിച്ചു. ശാപമോക്ഷത്തിനുവേണ്ടി പൊട്ടക്കിണറ്റിൽനിന്നു മധുര എന്ന മണ്ഡൂകം നിലവിളി തുടങ്ങി. ശിവന്‌ അതു കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. സോമവാരവ്രതം നോറ്റു, തന്നെ സന്തോഷിപ്പിച്ച ഭക്തയുടെ ദുരവസ്ഥ ഭഗവാൻ മാറ്റേണ്ടതല്ലേ?

മണ്ഡൂകമായി കഴിയുന്ന മധുരയുടെ അരികിലെത്തി ശിവൻ അനുഗ്രഹിച്ചു. “നീ പന്ത്രണ്ടുവർഷം കഴിഞ്ഞാൽ സുന്ദരിയായ ഒരു പെൺകുഞ്ഞായി മാറും. ഒരു രാജകുമാരിയായി വളർത്തപ്പെടും മഹാ പ്രതാപിയായ ഒരാളുടെ പത്‌നിയും വീരസന്താനങ്ങളുടെ മാതാവുമായി ഏറെക്കാലം ജീവിക്കും.”
അങ്ങനെ പന്ത്രണ്ടു വർഷം തികയുന്ന ദിവസമാണ്‌, മയനും ഹേമയും പൊട്ടക്കിണറ്റിൽനിന്ന്‌ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്‌. വർഷങ്ങളോളം തവളയായി ജീവിച്ച മധുര എന്ന ദേവസ്‌ത്രീയാണ്‌ അതെന്ന്‌ അവരുണ്ടോ അറിയുന്നു!

മയനും ഹേമയും കൂടി കുഞ്ഞിനെ കിണറ്റിൽനിന്നും പുറത്തെടുത്തു. സുന്ദരിയായ ഒരു പെൺകുഞ്ഞ്‌! തങ്ങളുടെ തപസ്സിന്റെ ഫലമായി ലഭിച്ച ശിവപ്രസാദമായി അവർ ആ കുഞ്ഞിനെ കണ്ടു.
മണ്ഡോദരി എന്നാണ്‌ അവർ കുഞ്ഞിനു പേർ നൽകിയത്‌. മയന്റെ കൊട്ടാരത്തിൽ രാജകുമാരിയായി അവൾ വളർന്നു. യൗവനയുക്തയായ ആ സുന്ദരിയെ ഒരു ജൈത്രയാത്ര കഴിഞ്ഞു വരികയായിരുന്ന രാവണൻ കണ്ടു മോഹിച്ചു. പിതാവായ മയൻ അവളെ സന്തോഷപൂർവ്വം രാവണനു വിവാഹം ചെയ്‌തു കൊടുക്കുകയും ചെയ്‌തു.

ഈ കഥയിൽ ഒരു താരതമ്യത്തിനു പ്രസക്തിയുണ്ട്‌. വളർത്തു മകൾ എന്ന പ്രത്യേകതയാണത്‌. മയാസുരന്റെ വളർത്തുമകളായ മണ്ഡോദരി (പൂർവ്വജന്മത്തിൽ ശിവഭക്തയാണവൾ) രാവണന്റെ ഭാര്യയായിത്തീരുന്നു.
അപ്പുറം, രാമപക്ഷത്തേയ്‌ക്കും ഒന്നു നോക്കൂ. ജനക മഹാരാജാവിന്റെ വളർത്തുമകളായ സീത (പൂർവ്വജന്മത്തിൽ വിഷ്‌ണുഭക്തയായ വേദവതിയാണവൾ) ശ്രീരാമപത്‌നിയാകുന്നു. ഇരുപക്ഷത്തേയും നായികമാർ വളർത്തുപുത്രിമാർ!


സീതയെ ഉഴവുചാലിൽനിന്നാണ്‌ ജനകമഹാരാജാവിനു കിട്ടിയത്‌. മണ്ഡോദരിയെ മയാസുരനു പൊട്ടക്കിണറ്റിൽനിന്നും ലഭിച്ചു. രണ്ടും സുന്ദരിമാർ!

ഹനുമാൻ ആദ്യമായി മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ അല്‌പം അമ്പരക്കാതിരുന്നില്ല. ഒറ്റനോട്ടത്തിൽ സീതയാണെന്നു തോന്നിപ്പോയത്രെ ഹനുമാന്‌!

“സീതയാണെന്നു നണ്ണിപ്പോയ്‌
രൂപയൗവനലക്ഷ്‌മിയാൽ”
എന്നുളള വാല്‌മീകിവാക്യം ശ്രദ്ധേയമാണ്‌.

Saturday, April 29, 2017

പരിഷ്‌കര്‍ത്താവാകാന്‍ 3 കാര്യങ്ങള്‍



”നിങ്ങള്‍ക്കൊരു പരിഷ്‌കര്‍ത്താവാകണമെങ്കില്‍, മൂന്നു കാര്യങ്ങള്‍ വേണ്ടതുണ്ട്. ആദ്യം നെഞ്ചിനകത്തൊരു നോവ്; കൂടെപ്പിറപ്പുകള്‍ക്കുവേണ്ടി നിങ്ങളുടെ നെഞ്ചു നീറുന്നുണ്ടോ? ലോകത്തില്‍ ഇത്രയധികം അഴലുണ്ടെന്ന്, അജ്ഞാനമുണ്ടെന്ന്, അന്ധവിശ്വാസമുണ്ടെന്ന്, നിങ്ങളുടെ ചങ്കില്‍ തറയ്ക്കുന്നുണ്ടോ? മനുഷ്യര്‍ തന്റെ കൂടെപ്പിറപ്പുകളെന്ന് നിങ്ങള്‍ക്ക് വാസ്തവത്തില്‍ തോന്നുന്നുണ്ടോ? നിങ്ങളുടെ സമസ്ത സത്തയിലും ഈ ആശയം വ്യാപിക്കുന്നുണ്ടോ? അത് നിങ്ങലുടെ ചോരയോടൊപ്പം ഒഴുകുന്നുണ്ടോ? അത് നിങ്ങളുടെ ഞരമ്പുകളില്‍ തുടിക്കുന്നുണ്ടോ? അത് നിങ്ങളുടെ ദേഹത്തിലെ ഓരോ ധമനിയിലും തന്തുവിലും കൂടി വ്യാപരിക്കുന്നുണ്ടോ? അനുതാപമെന്ന ആ ആശയംകൊണ്ട് നിറഞ്ഞവനാണോ നിങ്ങള്‍? ആണെങ്കില്‍, അതാദ്യത്തെ ചുവടുവെപ്പേയുള്ളൂ.

അടുത്തതായി, അതിനെന്തെങ്കിലും പ്രതിവിധി കണ്ടിട്ടുണ്ടോ എന്നു ചിന്തിക്കണം. പഴയ ചിന്തകളെല്ലാം മൂഢവിശ്വാസങ്ങളാകാം; എന്നാല്‍ ഈ ആന്ധ്യസമൂഹത്തിന്റെ ഇടയ്ക്കും അടുത്തുമായി കാഞ്ചനശകലങ്ങളും ഉണ്മകളും കുടികൊള്ളുന്നുണ്ട്. അതിലെ അഴുക്കൊക്കെ നീക്കി പൊന്നുമാത്രമെടുക്കാനുള്ള ഉപായം നിങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, അത് രണ്ടാംപടിയെ ആകുന്നുള്ളൂ.

ഒരു കാര്യം കൂടി വേണ്ടതുണ്ട്. എന്താണ് നിങ്ങളുടെ പ്രേരകമായ ആന്തരചിന്ത? പൊന്നിലുള്ള ദുരയോ, പേരിനും പെരുമയ്ക്കുമുള്ള കൊതിയോ അല്ല, നിങ്ങളെ ഞെരിച്ചരയ്ക്കണമെന്ന് കരുതിയാലും, തന്റെ ലക്ഷ്യം കയ്യൊഴിക്കാതെ മുന്നേറാമെന്നു നിങ്ങള്‍ക്കുറപ്പുണ്ടോ? പ്രാണന്‍ പണത്തിലായാലും തനിയേ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന്, തന്റെ കൃത്യമിന്നതാണെന്ന് തനിക്ക് നിശ്ചയമുണ്ടെന്ന്, നല്ല ഉറപ്പുണ്ടോ? അവസാനശ്വാസംവരെ, നെഞ്ചിലെ ഒടുക്കത്തെ മിടിപ്പുവരെ, വിടാതെ പരിശ്രമിക്കുമെന്നു തന്റേടം തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങളൊരു ശരിയായ പരിഷ്‌കര്‍ത്താവ്, നിങ്ങളൊരാചാര്യന്‍, ഒരു നാഥന്‍, മാനവ സമുദായത്തിനൊരനുഗ്രഹം.

പക്ഷേ, മനുഷ്യന് തീരെ ക്ഷമയില്ല: മൂക്കിനപ്പുറം കാണാന്‍ കഴിവില്ല. അവന് അടക്കിവാഴണം, അവന് ഫലം ഉടനെ കിട്ടണം. എന്തുകൊണ്ട്? ഫലമൊക്കെ അവനുതന്നെ നേടണം; മറ്റുള്ളവരുടെ കാര്യത്തില്‍ അവന് വാസ്തവത്തില്‍ നോട്ടമില്ല അനുഷ്‌ഠേയമായതുകൊണ്ട് അനുഷ്ഠിക്കണമെന്നല്ല അവന്റെ വിചാരം. ‘കര്‍മ്മത്തിനെ നിനക്കവകാശമുള്ളൂ, അതിന്റെ ഫലത്തിനില്ല’ എന്നരുളുന്നു കൃഷ്ണന്‍. എന്തിന് ഫലത്തില്‍ തൂങ്ങണം? കര്‍ത്തവ്യം നമ്മുടേത്. ഫലം അതിന്റെ പാടു നോക്കട്ടെ. പക്ഷേ മനുഷ്യന് ക്ഷമയില്ല. അവനേതെങ്കിലും പരിപാടി കടന്നുപിടിക്കും. ലോകമെങ്ങും വരാന്‍പോകുന്ന നിരവധി പരിഷ്‌കര്‍ത്താക്കളിലധികം പേരേയും ഈ തലക്കെട്ടിലുള്‍പ്പെടുത്താം.

ഭാരതതീരങ്ങളില്‍ അടിച്ചുകയറിയ ഭൗതികതരംഗം തപോധനന്മാരുടെ അനുശാസനങ്ങളെ കുത്തിയൊലിപ്പിച്ചുകളയുമോ എന്നു സംശയം വന്നപ്പോഴാണ്, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഭാരതത്തില്‍ പരിഷ്‌കാരത്തിനുള്ള പ്രവണത ആരംഭിച്ചത്.

അത്തരം പരിവര്‍ത്തനതരംഗങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ആയിരക്കണക്കിന് ഈ ജനത താങ്ങിയിട്ടുണ്ട്. താരതമ്യേന ഇതു ലഘുവായിരുന്നു. അലയ്ക്ക് പിന്‍പേ അല അടിച്ചുകയറി നാടെല്ലാം മുക്കിയിട്ടുണ്ട്; നൂറ്റാണ്ടുകളായി സര്‍വവും ഉടച്ചും തകര്‍ത്തും കളഞ്ഞിട്ടുണ്ട്; വാളു പാളിയിട്ടുണ്ട്: ‘അള്ളാഹു അക്ബര്‍’ ധ്വനി ഭാരതത്തിന്റെ അന്തരീക്ഷത്തെ ഭേദിച്ചിട്ടുണ്ട്. ആ പെരുവെള്ളമെല്ലാം ഇറങ്ങി; ദേശീയാദര്‍ശങ്ങള്‍ അക്ഷുണ്ണമായി തുടര്‍ന്നു.”
സ്വാമി വിവേകാനന്ദന്‍

കലിയുഗ കടശ്ശി - ശുഭാനന്ദദര്‍ശനം


ശുഭാനന്ദദര്‍ശനം
കടശ്ശിയത്രെ കലിയുഗം. അവിടെ ഖഡ്ഗി അവതാരം അല്ലെങ്കില്‍ ആത്മബോധോദയം അവതരിക്കുന്നു. ഈ അവതാരത്തില്‍ ആത്മബോധോദയം എന്നു നിര്‍ണ്ണയിക്കുന്നു. ഇതുകൊണ്ട് മനുഷ്യന്‍ ആത്മാവാകുന്നു. ബോധം എന്നാല്‍ മനുഷ്യന്‍ പൂര്‍ണ്ണ അറിവായി എന്നത്രെ. ഈ അറിവില്‍ കര്‍മ്മം പൂര്‍ത്തി വരുത്തിയാല്‍ ശുഭമെന്നും, ശുഭമായാല്‍ ആനന്ദമെന്നും ഈ ശുഭാനന്ദ പദത്തെ കീര്‍ത്തിക്കുന്നതിനു നാമസങ്കീര്‍ത്തനം എന്നും സര്‍വ്വയുഗങ്ങള്‍ക്കും മുന്‍പ് കലിയുഗത്തിലെ മോക്ഷം നാമസങ്കീര്‍ത്തനമാകുന്നു എന്ന് യഥാര്‍ത്ഥമായി നിയോഗിച്ചിരിക്കുന്നു
.
സൂര്യന്‍ മാറി മാറി ഉദിക്കുന്നതു പോലെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാര്യകാരണനായി യുഗേ യുഗേ ആദ്ധ്യാത്മികബോധം മര്‍ത്യശരീരമെടുത്തു അവതരിച്ചു ഉദിച്ചു പ്രകാശിച്ചു മനുഷ്യലോകത്തിലെ അറിവുകേടും അധര്‍മ്മവും കൊണ്ട് അന്ധകാരമായിത്തീര്‍ന്ന കൂരിരുട്ടിനെ സത്യം കൊണ്ടും ധര്‍മ്മം കൊണ്ടും ഭസ്മീകരിച്ച് സ്വര്‍ഗ്ഗമെന്ന പകലാക്കിത്തീര്‍ക്കുന്നു. സര്‍വ്വ അവതാരങ്ങളും ഇതായിട്ടു മാത്രം ഇതിലേക്കു പ്രകാശിച്ചു. യുഗങ്ങളുടെ ഭേദഗതികള്‍ കൊണ്ടു മാത്രം ചില കര്‍മ്മഭേദങ്ങളെ അവരില്‍ കണ്ടിരുന്നു.

എന്നാല്‍ ആദ്ധ്യാത്മികബോധത്തില്‍ മാറ്റമുണ്ടാകുന്നതിനും ഉണ്ടാക്കുന്നതിനും ആദിയന്തം അസാദ്ധ്യവും അസാദ്ധ്യവസ്തുവുമാകുന്നു. അഖിലാണ്ഡം മുഴുവനിലുമുള്ള ഉടമസ്ഥാവകാശം അഖിലവും അഖിലേശ്വരനായ ഈ ആദ്ധ്യാത്മികബോധത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതു സൃഷ്ടികാലത്ത് ആ വിധവും പ്രകൃതികാലത്ത് മറ്റു വിധവും ആത്മപ്രകൃതിയില്‍ ആദ്ധ്യാത്മികവിധവും ഇങ്ങനെ സര്‍വ്വാത്മനാ സര്‍വ്വവിധത്തിലും സ്ഥിതി ചെയ്യുന്നു.

ഈ വിധം ആദ്യന്തം സൃഷ്ടി സ്ഥിതി സംഹാരം കൊണ്ടു അവസാനിച്ച് ആദ്ധ്യാത്മലോകമായി സര്‍വ്വശക്തി ഏകോപിച്ച് ഏകശക്തിയിലേക്കു ലയിക്കുമ്പോള്‍ സര്‍വ്വസൃഷ്ടികളും നശ്വരമായി ലോകസൃഷ്ടിക്കു മുന്‍പുള്ള അവസ്ഥയെ പ്രാപിച്ചു പ്രളയം അല്ലെങ്കില്‍ നരകമായിത്തീരുന്നു. വീണ്ടും ശുഭാനന്ദം അതിന്റെ ആദ്ധ്യാത്മിക ലോകമായി അതിന്റെ സ്ഥാനത്ത് നില്‍ക്കുന്നു.

ശ്രീകൃഷ്ണ കഥകൾ


മഹാവിഷ്ണുവിന്റെ ഏറ്റവും പ്രിയംകരനായിട്ടു കൂടി ഗരുഡന് ശാപം ഏല്ക്കേണ്ടി വന്നു. സൌഭരി മഹർഷിയാണ് കാരണം. ഗരുഡൻ വിശന്നിട്ട് കാളിന്ദി നദിയിൽ നിന്ന് തന്റെ ഭക്ഷ്യവസ്തുവായ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുമ്പോൾ അവിടെ തപസ്സു ചെയ്തിരുന്ന സൌഭരി മഹർഷി വിലക്കിയിട്ടും അതിനെ അവഗണിച്ച് പിടിച്ചു. മത്സ്യരാജനെയാണ് പിടികൂടിയത്.ആശ്രിതരായ മറ്റു മത്സ്യങ്ങളുടെ ദുഃഖം കണ്ട് മഹർഷി അവരുടെ രക്ഷക്കായി ഇനി ഗരുഡൻ ഇവിടെ വന്ന് മത്സ്യങ്ങളെ പിടിക്കുകയാണെങ്കിൽ ഉടനെ മരിച്ചു പോകും എന്ന് ശാപവും നല്കി.


ഇതറിയാമായിരുന്ന കാളിയൻ ഗരുഡനെ ഭയന്ന് കാളിന്ദീ നദിയിൽ സ്ഥിരമാക്കുകയാണ് ഉണ്ടായത്. കാളിയനും സംഘവും യാത്രയായപ്പോൾ കൃഷ്ണൻ അവർ സമ്മാനിച്ച ദിവ്യങ്ങളായ പൂമാലകൾ, സുഗന്ധപൂരിതമായ കുറിക്കൂട്ടുകൾ എന്നിവയാലും വിലമതിക്കാനാവാത്ത രത്നങ്ങൾ പതിച്ച സ്വർണ്ണാഭരണങ്ങളാലും ശോഭിക്കുന്നവനായിട്ട് കാളിന്ദിയിലെ കയത്തിൽ നിന്നും കരയിലേക്ക് വന്നു. കൃഷ്ണനെ കണ്ടപ്പോൾ ഗോകുലവാസികൾക്കെല്ലാം പ്രാണൻ തിരിച്ചു കിട്ടിയ പോലെയായി. 


ഇന്ദ്രിയങ്ങൾക്കെല്ലാം ഉണർവു വന്നതോടെ ശോകമൂകരായി ഇതികർത്തവ്യതാമൂഢരായി ജീവഛവമായി നിന്നിരുന്ന അവരെല്ലാം സന്തോഷഭരിതരായി. സന്തോഷത്താൽ ഓരോരുത്തരായി വന്ന് ഭഗവാനെ കെട്ടിപിടിച്ചു് തിരുമേനിയെല്ലാം തൊട്ടും തലോടിയും ഒന്നും പറ്റിയില്ലല്ലോകൃഷ്ണാ എന്നു ചോദിച്ചും ഭഗവാന്റെ സമീപം ഭഗവാനെത്തന്നെ സാകൂതം നോക്കി നില്പായി. ഇനി ഞങ്ങൾ കൃഷ്ണനെ ഒരാപത്തിലേയ്ക്ക് വലിച്ചിഴക്കില്ല എന്ന് പറഞ്ഞ് കേഴുവാൻ തുടങ്ങി.അവർ ഗദ്ഗദ കണ്ഠരായി കണ്ണുനീർ തൂകിക്കൊണ്ട് അവർ കൃഷ്ണനെ വീണ്ടും വീണ്ടും വാരിപ്പുണർന്നു.അമ്മ യശോദാ ദേവിയാകട്ടെ കരഞ്ഞു കരഞ്ഞു കണ്ണാ എന്നു വിളിച്ച് തെരു തെരെ കണ്ണനെ ചുംബിച്ച് ആശ്വാസം കൊണ്ടു.കൃഷ്ണന്റെ മാഹാത്മ്യം അറിയുന്ന ബലരാമൻ പുഞ്ചിരി തൂകി കൃഷ്ണനെ ആലിംഗനം ചെയ്തു. ആർത്ത സ്വരം പുറപ്പെടുവിച്ചിരുന്ന പശുക്കളും പശുക്കുട്ടികളും കൃഷ്ണനെ കണ്ടപ്പോൾ സന്തോഷത്താൽ മതിമറന്നു. വിഷജ്വാലയാൽ ഉണങ്ങിയ വൃക്ഷങ്ങളെല്ലാം തളിർത്തു. ഭഗവാന്റെ ഒരു കടാക്ഷ വീക്ഷണം കൊണ്ടാണ് എല്ലാം പൂർവ്വസ്ഥിതിയിലായത്.
അപ്പോഴേക്കും പുരോഹിത ബ്രാഹ്മണരെല്ലാം പത്നീ സമേതരായി നന്ദഗോപനെ സമീപിച്ചു.കാളിയന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട ക്യഷ്ണന്റെ പേരിൽ ബ്രാഹ്മണർക്ക് ദാനം ചെയ്യണമെന്നു പറഞ്ഞു. പശുക്കൾ സ്വർണ്ണം ഇവയെല്ലാം ദാനം ചെയ്ത് നന്ദഗോപർ ബ്രാഹ്മണരെയെല്ലാം സന്തുഷ്ടരാക്കി.നഷ്ടപ്പെട്ട മകൻ തിരിച്ചു വന്ന സന്തോഷത്തോടെ യശോദാ ദേവി കൃഷ്ണനെ മടിയിലിരുത്തി ലാളിച്ചു കൊണ്ട് ധന്യയായിത്തീർന്നു. വിശന്നും ദാഹിച്ചും തളർന്ന ഗോകുലവാസികളും പശുക്കളും ആ രാത്രി കാളിന്ദി നദീതീരത്ത് കഴിച്ചുകൂട്ടി.


അർദ്ധരാത്രിയായപ്പോൾ കാട്ടുതീയുടെ രൂപത്തിൽ വീണ്ടും ആപത്ത് അവരെ വേട്ടയാടി.എല്ലാവരും സംഭ്രാന്തരായി തങ്ങളെ വിഴുങ്ങാൻ വരുന്ന കാട്ടുതീ കണ്ട് ഏകാവലംബമായ ശ്രീ കൃഷ്ണനെത്തന്നെ ശരണം പ്രാപിച്ചു. അവർ രാമനേയും കൃഷ്ണനേയും വിളിച്ച് "പാഹി പാഹി " എന്നു പറഞ്ഞ് കരയാ ൻ തുടങ്ങി.അവർ പറയാൻ തുടങ്ങി. അല്ലയോ മഹാപരാക്രമശാലികളായ കൃഷ്ണാ രാമാ ഈ കാട്ടുതീ നിങ്ങളുടെ ബന്ധുക്കളായ ഞങ്ങളെ പിടികൂടുന്നു.ഇതിനെ നേരിടാൻ അശക്തരായ ഞങ്ങളെ സംരക്ഷിക്കേണമേ.ഇങ്ങനെ കൃഷ്ണനേയും രാമനേയും വിളിച്ച് സങ്കടം പറയുന്ന അവരുടെ പരിതാപസ്ഥിതി കണ്ട ആദ്യന്തവിഹീനനും ലോക നായകനുമായ ഭഗവാൻ ആകാട്ടു തീയെപാനം ചെയ്തു.എന്തുവന്നാലും കൃഷ്ണൻ മാത്രമെ അശ്രയമുള്ളു എന്ന വസ്ഥയിലേക്ക് അവർ എത്തിച്ചേർന്നു. 


നമുക്കും അവരുടെ പാത പിന്തുടരാം. സുഖമായാലും ദു:ഖമായാലും കൃഷ്ണന്റെ ഒരു കൈ പിടിച്ചു കൊണ്ടാവട്ടെ നമ്മുടെ ഈ സംസാരസാഗരത്തെതരണം ചെയ്യുന്നത്. കാറ്റും കോളും ഒന്നും നമുക്ക് പ്രശ്നമാവില്ല. കൈതാങ്ങായി കൃഷ്ണൻ കൂടേയില്ലെ ?.


അല്ലയോ ഗുരുവായൂരപ്പ അവിടുന്നു സന്തോഷിക്കണെ.ആ സന്തോഷം എല്ലാ ഭക്തജനഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പണെ

കടപ്പാട് 

വെള്ളായണി ദേവീ ക്ഷേത്രം...


തിരുവനന്തപുരം ജില്ലയിൽ  കല്ലിയൂർ  പഞ്ചായത്തിലാണ് നൂറ്റാണ്ടുക്കൾ പഴക്കമുള്ള വെള്ളായണി ദേവീക്ഷേത്രം.കേരളത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
Image result for വെള്ളായണി ദേവീ ക്ഷേത്രം...
ക്ഷേത്രത്തില്‍ നിന്നും കുറച്ച് അകലെ വെള്ളായണിക്കായല്‍. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില്‍  കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് തോന്നി.


കള്ളനെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അതുപോലൊരു തവളയെ മുന്‍പൊരിക്കലും അയാള്‍ കണ്ടിരുന്നില്ല. വിചിത്രമായ തവളയെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ കൈയ്യിലിരുന്ന തേര്‍കൊണ്ടാരു ഏറുകൊടുത്തു.

കാലില്‍ ഏറുകൊണ്ട തവള കായലില്‍ ചാടി രക്ഷപ്പെട്ടു. തവളയില്‍ അസാധാരണശക്തി വൈഭവമാണ് അയാള്‍ ദര്‍ശിച്ചത്. ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.  വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിക്കുകയുണ്ടായി.


പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി. വടക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്ക്ക് ദീപാരാധന നടക്കും. എന്നാല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടതുറന്ന് ഒന്നരയ്ക്ക് മധു പൂജയുണ്ട്. ഇവിടുത്തെ ഭഗവതിയുടെ പ്രസാദത്തിന് ചാര്‍ത്തുപൊടി എന്നാണ് പറയുക. മാടനാണ് ഉപദേവന്‍.
വെള്ളായണിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് പ്രസിദ്ധം. കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. മേടം ഒന്നാം തീയതിക്കാണ് നിറപറ. ദാരികനെ അനേ്വഷിച്ചുള്ള യാത്രയെ ഇത് സൂചിപ്പിക്കുന്നു. നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്തു ദേവി വിശ്രമിക്കും. ദാരികനെ കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക. ഒരുവെളിപാട് പോലെ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്ക് ഇരുന്ന് അനേ്വഷിക്കാമെന്ന് തീരുമാനിക്കുന്നു. അങ്ങനെയാണു പണറു കെട്ടുന്നത്. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണു കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും.
പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. ഒരു ചെറിയ പണറ് വേറെയും കെട്ടും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഭദ്രകാളിയും ദാരികനും മേടം പത്തിന് ഏറ്റുമുട്ടും. ദാരികന്റെ തലയറുത്തെടുത്തശേഷം ക്ഷേത്രപരിസരത്തുള്ള ചെമ്പരത്തിപ്ലാവിന്റെ ചുവട്ടില്‍ ദേവി വിശ്രമിക്കും.  പിന്നെ ആറാട്ടു നടക്കും.


ആറാട്ടിനോടനുബന്ധിച്ച് വെള്ളായണികായലില്‍ ഇറങ്ങി ആരും കുളിക്കാറില്ല. അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയായിരിക്കും അമ്മയ്ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.

ശ്രീകൃഷ്ണൻ - പൂർണ്ണാവതാരം



ശ്രീകൃഷ്ണനെക്കുറിച്ചു പൊതുവെയുള്ള സങ്കല്പം സർവ സുഖ സൗകര്യങ്ങളിൽ മുഴുകി ജീവിതം ആസ്വദിച്ചവനെന്നാണ് എന്നാൽ കൃഷ്ണന്റെ ജീവിതം മുഴുവനും പ്രതിസന്ധികൾക്കെതിരെയുള്ള പോരാട്ടമാണ് .. ..


തന്റെ ജീവിതത്തെ കൃഷ്ണൻ സ്വീകരിച്ച രീതിയാണ് അതങ്ങേയറ്റം ആസ്വാദ്യമെന്നു നമുക്ക് തോന്നാനിടയാക്കിയത്. കൃഷ്ണനൊരിക്കലും സുഖത്തിലൂടെ മാത്രം സഞ്ചരിച്ചിരുന്നവനല്ല. തന്റെ കുലം തമ്മിൽ തല്ലി നശിക്കുന്നത് ഭാവഭേദമില്ലാതെ നോക്കി നിന്നവനാണ് കൃഷ്ണൻ. എന്തെല്ലാം വിപത്തുകൾ വന്നു ചേർന്നാലും വിലപിക്കാതെ അവയെ സധൈര്യം നേരിട്ടവനായിരുന്നു കൃഷ്ണൻ .

ഇക്കാരണങ്ങളെക്കൊണ്ട് ശ്രീകൃഷ്ണനെ ഭാരതീയർ പൂർണ്ണാവതാരവരിഷ്ഠനെന്നു വിളിക്കുന്നു.. 

ഓരോ നിമിഷവും പൂർണ്ണമായ അവബോധത്തോടെ ജീവിച്ചു തീർത്ത, ലാഭനഷ്ടങ്ങളുടെ കണക്കുകൾ എണ്ണിയിരിക്കാത്ത, മോക്ഷത്തെ നിമിഷംതോറും അനുഭവിക്കുന്ന, സാധാരണക്കാർക്ക് അപ്രാപ്യമായ ജീവിതം നയിച്ചവനെ മറ്റെന്തു വിളിക്കാൻ..


ഇനിയുമാ ചോദ്യം ബാക്കിയാണ് .. 

ആരായിരുന്നു കൃഷ്ണൻ?
അച്ചടക്കമില്ലാത്ത , വികൃതിയായ ഒരു കൊച്ചു കുട്ടി?
സർവ ചരാചരങ്ങളെയും മുരളിവായനയിൽ മയക്കിയ സംഗീത വിദ്വാൻ?
മനോഹരമായതും പ്രീതിയുളവാക്കുന്നതുമായ നൃത്തം ചെയ്ത സുന്ദരനായ നർത്തകൻ? 

അപ്രതിരോധ്യമാം വണ്ണം കാമുകിമാരെ തന്നിലേക്കാകർഷിച്ച കാമുക മനസ്സുള്ളവൻ?

സഭയിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മാനം കാത്തവൻ?
വീരനും ധീരനായ പോരാളി? 

യുദ്ധത്തിൽ നിന്നും ഒളിച്ചോടിയ ഭീരു?
ശാന്തി ദൂതൻ? 
ഋഷി?
മോഷ്ടാവ്?
അനിവാര്യമായ യുദ്ധത്തിൽ പ്രതിജ്ഞ പോലും ലംഘിച്ചു ആയുധമെടുക്കാൻ തുനിഞ്ഞവൻ?

തന്റെ സുഹൃത്തിന്റെ അപാരമായ സാധ്യതകളിലേക്ക് വെളിച്ചം വീശി അവനെ യുദ്ധത്തിന് പര്യാപ്തനാക്കിയവൻ? 

യാഗങ്ങളെയും യജ്ഞങ്ങളേയും യഥാവിധി അനുഷ്ഠിക്കുകയും എന്നാൽ  ജീവിതം അവയിലേക്ക് മാത്രം  ഒതുങ്ങിപ്പോകരുതെന്നും പറഞ്ഞവൻ?
തന്റെ സേനയെ പോലും അപരന് ദയാരഹിതമെന്നു തോന്നും വിധം ഉപേക്ഷിച്ചവൻ?

വിവേകശാലിയും കൗശലക്കാരനായ നയതന്ത്രജ്ഞൻ?

അധികാരത്തെ സ്വീകരിക്കുവാനും അതെ സമയം പുല്ലുപോലെ വലിച്ചെറിയുവാനും മടിയില്ലാത്തവൻ? 

സംഭാഷണങ്ങളിൽ അങ്ങേയറ്റം മാന്യത പുലർത്തി സംസാരിക്കുന്ന കുലീനൻ? 

യോഗസപര്യയുടെ മറുകര കണ്ടവൻ?

ജീവിതത്തിന്റെ ഏതൊരു സാഹചര്യവുമായും ഇണങ്ങി ചേരാൻ സാധിക്കുന്നവർ?

ജീവിതത്തെ അതിന്റെ പരിപൂർണ്ണമായ വർണ്ണ വൈവിധ്യങ്ങളിൽ അനുഭവിച്ചറിഞ്ഞവൻ? 

പ്രകൃതിയോടിണങ്ങി ജീവിച്ചവൻ?

യഥാർത്ഥത്തിൽ ആരായിരുന്നു കൃഷ്ണൻ? ഇതൊന്നുമായിരുന്നില്ലേ? അതോ ഇതെല്ലാമായിരുന്നോ? 

കൃഷ്ണനെ കേവലം വാക്കുകളിൽ ഒതുക്കാനാകുമോ?

കൃഷ്ണനെ പൂർണ്ണമായി അറിഞ്ഞവരാരുണ്ട്? 

അറിഞ്ഞവരുണ്ടെങ്കിൽ, അവരെപ്പോലെ ഭാഗ്യവാന്മാർ മറ്റാരുണ്ട്?

പലരും കൃഷ്ണനെ കണ്ടത് പലവിധത്തിലാണ്. ചിലർക്ക് കൃഷ്ണൻ എന്നുമൊരു ചെറുബാലകനാണ്, ചിലർക്ക് പ്രിയപ്പെട്ട സുഹൃത്താണ്, ചിലർക്ക് ഗുരുവാണ്, ചിലർക്ക് യോഗേശ്വരനാണ്. ഈ വേഷങ്ങളിലെല്ലാം കൃഷ്ണനെ മാത്രമേ കാണുവാൻ കഴിയൂ എന്നൊരു പ്രത്യേകത കൂടിയുണ്ട് ..
കൃഷ്ണൻ സകല രുചിഭേദങ്ങളെയും ഉൾക്കൊള്ളുന്നവനാണ്. ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ചു ഇതാണ് കൃഷ്ണൻ എന്ന് പറയുന്നു.. കൃഷ്ണൻ പ്രവചനാതീതനാണ്.. ദേശത്തിനും കാലത്തിനും അതീതനാണ്.. ധർമ്മക്ഷയമുണ്ടാകുമ്പോൾ വീണ്ടും വീണ്ടും അവതരിക്കുന്നവനാണ്.. കൃഷ്ണൻ അങ്ങനെയെന്തെല്ലാമായിരുന്നു? ആരെല്ലാമായിരുന്നു? അറിയില്ല.. ഒരിക്കലും അറിയാനും സാധിക്കില്ല .. 


അതെ , കൃഷ്ണനെ ഒരിക്കലും പൂർണ്ണമായും അറിയാൻ സാധിക്കില്ല.. ലോകം കൃഷ്ണനെ ഭാഗികമായേ അറിഞ്ഞിട്ടുള്ളൂ .. .

കൃഷ്ണന്റെ നിറം കറുപ്പായിരുന്നു . കൃഷ്ണ എന്ന വാക്കിന്റെ അർഥം തന്നെ കറുപ്പ് എന്നാണല്ലോ .

എന്നാൽ നമ്മുടെ വീക്ഷണ പരിധിയിലൊതുങ്ങാത്തതിന് , അപരിമേയമായതെന്തിനും നീലനിറമാണത്രെ.. .. 

സമുദ്രവും ആകാശവുമെല്ലാം നീലയാണ്... 

കൃഷ്ണനെ നീല നിറത്തിൽ ആലേഖനം ചെയ്യുവാനും കാരണം ഇതായിരിക്കണം .. കൃഷ്ണൻ അപരിമേയനാണ്.. നമ്മുടെയൊക്കെ വീക്ഷണ പരിധികൾക്കപ്പുറത്തുള്ളവനാണ്.. എനിക്കിനിയും ഏറെ ശ്രീകൃഷ്ണനിൽ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്.. കൃഷ്ണനിലേക്കു വളരേണ്ടതുണ്ട് ..
ജീവിതം നമുക്ക് മുന്നിൽ കാഴ്ചവെക്കുന്നത് സുഖമാകട്ടെ ദുഖമാകട്ടെ പരാതികളില്ലാതെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ സാധിക്കുന്നതാണ് കൃഷ്ണാവബോധം.. കൃഷ്ണനെയറിയാൻ ശ്രമിക്കുന്നതിലൂടെ നാമോരുരുത്തരും
കൃഷ്ണാവബോധമുള്ളവരായ് തീരട്ടെ ..


ഹരിഓം ....

Friday, April 28, 2017

രാമായണം: 10 ചോദ്യം, ഉത്തരവും


1. ദശരഥന് എത്ര മന്ത്രിമാര്‍ ? ആരെല്ലാം ?

2. ദശരഥന് എത്ര പുരോഹിതര്‍ ?

3. ദശരഥന്റെ അച്ഛനമ്മമാര്‍ ആരെല്ലാം. ? 
4. ദശരഥന് അച്ഛനമ്മമാര്‍ ഇട്ട പേര്. ? 
5. ദശരഥന്‍ എന്ന പേര് എങ്ങനെ കിട്ടി ?

6. കോസലത്തിന്റെ തലസ്ഥാനം. ?
7. ലങ്ക ഒരു വര്‍വ്വതത്തിന്റെ മുകളിലും അയോദ്ധ്യ ഒരു നദിതീരത്തുമാണ്. ഏതാണ് ഈ പര്‍വ്വതവും നദിയും.?

8. മക്കളില്ലാതിരുന്ന ദശരഥ മഹാരാജാവിനോട് പുത്രകാമേഷ്ടി യാഗം നടത്തുവാന്‍ ആരാണ് ഉപദേശിച്ചത്. ?

9. ആരുടെ നേതൃത്വത്തിലാണ് യാഗം നടത്തിയത്?

10. ആരായിരുന്നു ഋശ്യശൃംഗ മഹര്‍ഷിയുടെ ഭാര്യ ?


ഉത്തരങ്ങള്‍
1. എട്ട്. ധൃഷ്ടി, ജയന്‍, വിജയന്‍, സിദ്ധാര്‍ത്ഥന്‍, അര്‍ത്ഥസാധകന്‍, അശോകന്‍, മന്ത്രപാലന്‍, സുമന്ത്രന്‍.
2. രണ്ട്. വസിഷ്ഠന്‍, വാമദേവന്‍.
3. അജനും, ഇന്ദുമതിയും
4. നേമി
5. ദേവലോകത്തുവെച്ച് ശംബരന്‍ പത്തു ശംബരന്‍മാരായി രൂപം പ്രാപിച്ച് നേമിയോട് എതിരിട്ടപ്പോള്‍ പത്തുദിക്കിലേക്കും മിന്നല്‍ വേഗത്തില്‍ രഥം പായിച്ച് അവനെ വധിച്ചു. നേമി ദശരഥനായി.
6. അയോദ്ധ്യ
7. ത്രികൂട പര്‍വ്വതവും സരയൂ നദിയും.
8. കുലഗുരുവായ വസിഷ്ഠന്‍.
9. വിഭണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗ മഹര്‍ഷിയുടെ നേതൃത്വത്തില്‍.
10. അംഗ രാജ്യത്തെ രാജാവായ ലോമപാദന്റെ പുത്രി ശാന്ത.

മംഗളകരമായത് വേഗത്തിൽ



ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹ ആശ്രമത്തില്‍ 1957 ഫെബ്രുവരി 26 ന് നടന്നതാണ് സംഭവം. പൂജനീയ പുരുഷോത്തമാനന്ദ സ്വാമികളായിരുന്നു അവിടുത്തെ ആചാര്യന്‍. തന്റെ പൂര്‍വ്വാശ്രമത്തില്‍ പൂജനീയ നിര്‍വ്വേദാനന്ദ സ്വാമികള്‍ അവിടം സന്ദര്‍ശിച്ച് പഠിക്കുകയും സേവിക്കുകയും മറ്റും ചെയ്തിരുന്നു. അവിടെ താമസിച്ച് സേവാ-പഠനാദികള്‍ നടന്നുപോന്നു. ഇടക്കിടക്ക് മറ്റിടങ്ങളില്‍ പോയിവരുന്നത് പതിവായിരുന്നു.

അങ്ങനെയിരിക്കെ, ഒരു ദിവസം (ഫെബ്രുവരി 25) സ്വാമിജിയുടെ അനുവാദപ്രകാരം വീണ്ടും അവിടെ വരാനിടയായി. അന്ന് അവിടെ സാധനാനിര്‍ഭരമായി കഴിഞ്ഞു. പിറ്റേ ദിവസം ഉച്ചഭക്ഷണത്തിനു ശേഷം സ്വാമിജി സംസാരത്തിനിടയില്‍ ‘…അതുകൊണ്ട് നിനക്ക് മന്ത്രദീക്ഷ വേണം. നാളെ ശിവരാത്രിയാണ്. നാളെ രാവിലെ ഞാന്‍ നിനക്ക് മന്ത്രദീക്ഷ നല്‍കും. ഇന്നു രാത്രി പാലും പഴങ്ങളും മാത്രം കഴിക്കുക. നാളെ മന്ത്രദീക്ഷ സമയം വരെ മറ്റൊന്നും സ്വീകരിക്കരുത്.’ അന്നു വൈകിട്ട് സ്വാമിജി ഗുഹാമുഖത്ത് ശിഷ്യഗണസമേതനായി സത്സംഗത്തിനു തയ്യാറയിരിക്കുകയായിരുന്നു. അവിടെ സത്സംഗത്തിനുശേഷം എല്ലാവരും ധ്യാനത്തില്‍ മുഴുകി. സന്ധ്യയായി.

സ്വാമിജി ബ്രഹ്മചാരി ആത്മ ചൈതന്യയെ വിളിച്ച് ഒരു നിലവിളക്ക് കൊണ്ടുവരാനും ആസനം ഗുഹക്കകത്തേക്ക് വെയ്ക്കാനും ആവശ്യപ്പെട്ടു. സ്വാമിജി അകത്തേക്കു കടന്ന് തന്റെ ആസനത്തിലിരിക്കുകയും അദ്ദേഹത്തെ അകത്തേക്കു വിളിക്കുകയും ചെയ്തു.
നാളെയായിരുന്നു മന്ത്രദീക്ഷ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ അദ്ദേഹത്തിനു മന്ത്രദീക്ഷ നല്കാം എന്നു പറഞ്ഞു. ഈ വിവരം പുറമെയുള്ള ശിഷ്യനോട് അറിയിക്കാന്‍ പറഞ്ഞു. കുളിക്കാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ബ്രഹ്മചാരി ആത്മ ചൈതന്യയോട് ചോദിച്ചപ്പോള്‍ , ‘ഓ, വേണ്ട, …..വരാന്‍ പറയൂ…..കൈകാലുകള്‍ കഴുകിയാല്‍ മതി’യെന്നായിരുന്നു മറുപടി. ഈ കാര്യം അറിഞ്ഞ നിര്‍വേദാനന്ദ സ്വാമികള്‍ അത്ഭുതത്തോടെ ഗുഹക്കുള്ളില്‍ പ്രവേശിച്ച് ചെറിയ നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന ഗുരുവിന്റെ മുഖം ദര്‍ശിച്ച് പാദനമസ്‌കാരാദികള്‍ക്കുശേഷം മുമ്പില്‍ ഉപവിഷ്ടനായി. വിധിപ്രകാരമുള്ള മന്ത്രദീക്ഷയും നടന്നു.

മന്ത്രദീക്ഷക്കുശേഷം സ്വാമിജി പറയുകയുണ്ടായി – ‘നിനക്ക് നാളേക്ക് നിശ്ചയിച്ചിരുന്ന മന്ത്രദീക്ഷ ഇന്നുതന്നെ നല്കിയതിയതിനാല്‍ ഞാന്‍ തീവ്രമായ വൈകാരികത അനുഭവിക്കുന്നു. അതുകൊണ്ട് ഞാന്‍ വിചാരിക്കുന്നു, ശുഭസ്യ ശീഘ്രം (മംഗളകരമായത് വേഗത്തിലാവണം)’ എന്ന്.
തന്റെ പ്രിയ ശിഷ്യരുടെ നേരെ സദ്ഗുരുക്കള്‍ എപ്പോഴും ഇത്തരത്തിലുള്ള വ്യഗ്രതകള്‍ കാണിച്ചിട്ടുണ്ടെന്ന് നാം മഹാത്മാക്കളുടെ ജീവചരിത്രത്തില്‍ നിന്നും മനസ്സിലാക്കുന്നു. അതുപോലെയായിരന്നു ശ്രീരാമകൃഷ്ണ പരമഹംസരും. തന്റെ പ്രിയ ശിഷ്യനായ നരേന്ദ്രനെ കാണാതിരുന്നാല്‍ എന്താണ് അവന്‍ വരാത്തതെന്നു പറഞ്ഞ് അസ്വസ്ഥഭാവം കൈക്കൊള്ളാറുണ്ടായിരുന്നു. ഇങ്ങനെ ഗുരുപ്രീതി ആര്‍ജിക്കാന്‍ സാധിച്ചാല്‍ ജീവിതവിജയം സുനിശ്ചിതമാണ്.


(അവലംബം : At the feet of my Guru’  – Swami Nirvedananda ) )

വായുവും അഗ്നിയും പഠിപ്പിക്കുന്നത്


ഭാഗവതത്തില്‍ നിന്ന് ലഭിക്കുന്ന ജീവിതപാഠങ്ങള്‍ ഏറെയാണ്. വായുവിന് ഒന്നും ആവശ്യമില്ല. രൂപമോ രസമോ, ഗന്ധമോ, ഇത്യാദികളൊന്നുപോലും വായുവിനെ പ്രകോപിപ്പിക്കുകയോ അഹങ്കരിപ്പിക്കുകയോ ചെയ്യുന്നില്ല. ജീവികളുടെ പ്രാണവായുവിന്. ശ്വാസഉച്ഛ്വാസങ്ങള്‍ക്ക് ശക്തിയുണ്ടാകുന്നതിന് ശരീരത്തിന് സ്വല്‍പാഹാരം ആവശ്യമുണ്ട്. അതിനുള്ള മാര്‍ഗം പ്രകൃതി തന്നെ നല്‍കും. അതിന് പ്രകൃതിയോട് നന്ദിയുള്ളവരാകുക. മേടിക്കുന്നവന്‍ കൊടുക്കാനും സന്നദ്ധരാകുക. അതിന് പാകത്തിനുള്ള പ്രവൃത്തി നിര്‍വഹിക്കുകയും വേണം. അങ്ങനെ കൊടുക്കാനുള്ള മനഃസ്ഥിതിയാണ് കൂടുതലുണ്ടാകേണ്ടത്.

വായുവിന് എവിടെനിന്നെങ്കിലും അല്‍പം സൗരഭ്യം കിട്ടിയാല്‍ കുറച്ചുനേരത്തേക്ക് അതും കൊണ്ടു നടക്കും. താമസിയാതെ അതുപേക്ഷിക്കുകയും ചെയ്യും. കുറേശെയായി അത് ചുറ്റുപാടും വ്യാപിപ്പിച്ച് നിശ്ശേഷം ഒഴിവാക്കുന്നു. സുഗന്ധമായാലും ദുര്‍ഗന്ധമായാലും ഒരേപോലെ സ്വീകരിച്ച് ഉപേക്ഷിക്കുന്നു. ഇതൊന്നും എന്റേതല്ല, എനിക്കുള്ളതല്ല, എനിക്കുണ്ടാവേണ്ടതുമില്ല. എന്നിത്യാദിബോധത്തോടെ ഉപേക്ഷിക്കുന്നു. ഇതൊന്നും എന്റെതല്ല, എനിക്കുള്ളതല്ല, എനിക്കുണ്ടാവേണ്ടതുമല്ല. എന്നിത്യാദിബോധത്തോടെ ഉപേക്ഷിക്കുന്നു. ഗന്ധാദികള്‍, മുല്ലയുടെ സുഗന്ധം, റോസിന്റെ വാസന എന്നിങ്ങനെയേ പറയാറുള്ളൂ. വായുവിന്റെയല്ല.

ജ്ഞാനി ഇതുപോലെ ഒന്നിലും ആസക്തനാകരുത്. അതില്‍ ബന്ധിതനുമാകരുത്.

സുഖദുഃഖങ്ങളെ സമബുദ്ധിയോടെ കാണാന്‍ മനസിനെ പാകപ്പെടുത്തണമെന്ന് വായുവാണ് പഠിപ്പിച്ചത്. ധനികനിലും ദരിദ്രനിലുമെല്ലാം വായു ഒരേ സ്വഭാവത്തില്‍ കടന്നുചെല്ലുന്നു. കുടിലിലും കൊട്ടാരത്തിലും ഒരേ മനസുമായി കടന്നുകയറുവാന്‍ വായുവിന് കഴിയും. അവിടുത്തെ പ്രക്രിയകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് വായുവില്‍നിന്ന് കണ്ടുപഠിക്കുന്നതായിരിക്കണം. ജ്ഞാനിയുടെ വിവേകം.

ആകാശം എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്നു. ബ്രഹ്മഭാവത്തില്‍ സര്‍വ്വതിലും സമന്വയിച്ചുനിന്ന് നിസ്സംഗത പാലിക്കും. ശബ്ദാദികളെല്ലാം ആകാശം ഉള്‍ക്കൊള്ളുന്നു. അതെല്ലാം തരംഗങ്ങളായി ലയിപ്പിച്ചു മാറ്റുന്നു. എല്ലാ ദേഹത്തിലും നിലനില്‍ക്കുന്ന ആത്മാവ് ആ ദേഹത്തില്‍ അഭിമാനം കൊള്ളുന്നില്ല. പിന്നെ മനസ്സ് എന്തിന് അതില്‍ അഹങ്കരിക്കുന്നു.

ജലം എല്ലാവരേയും ശുദ്ധമാക്കും. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജലം തന്നെയാണ്. നിര്‍മലത്വവും സ്‌നേഹപ്രകൃതവും ജലത്തിനു സ്വതേ തന്നെയുണ്ട്. ഇതില്‍ മധുരിമ അടങ്ങിയിരിക്കുന്നു. ഇതുപോലെ മനസ്സില്‍ നൈര്‍മല്യമുള്ള, സ്‌നേഹ സ്വഭാവമുള്ള മനുഷ്യര്‍ക്ക് മറ്റുള്ളവരുടെ മാലിന്യങ്ങള്‍ നീക്കാനും അവരുടെ ജീവിതം മധുരമുള്ളതാക്കാനും സാധിക്കുമെന്ന് വ്യക്തമായി. ജ്ഞാനി മധുരമായി സംസാരിക്കുന്ന പ്രകൃതക്കാരനാകണം. പരോപകാര തല്‍പ്പരനായിരിക്കണം. മറ്റുള്ളവരെയും ജ്ഞാനത്തിലേക്ക് തിരിച്ചുവിടാന്‍ ജ്ഞാനിക്ക് സാധിക്കുമെന്ന് വെള്ളം പഠിപ്പിച്ചു. ജലം ശരീരത്തെ ശുദ്ധമാക്കുന്നതുപോലെ ജ്ഞാനി എല്ലാവരുടേയും മനസ്സിനെ ശുദ്ധമാക്കണം. ജ്ഞാനിയുടെ നൈര്‍മല്യം പൊതുജനങ്ങളിലേക്ക് സ്വച്ഛമായി ഒഴുകിയെത്തണം.

ശുഭചിന്ത



കാര്യസിദ്ധി ഉണ്ടാകുന്നത് കൊണ്ട് ആനന്ദം കിട്ടണമെന്നില്ല,മറിച്ച് എന്തു കർമ്മവും ആനന്ദത്തോടെ ചെയ്താലായിരിക്കും ജീവിതവിജയം ഉണ്ടാവുന്നത്.


Success is not the key to happiness, Happiness is the key to success. If you love  what you  do,will be successful.
      

ശിവസ്തുതികൾ - നരനായിങ്ങനെ


ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ


നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിങ്കേന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ


ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ


മരണ കാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ


ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ


ശിവ ശിവ ഒന്നും പറയാവതല്ല
മഹമായ തൻെറ പ്രകൃതികൾ
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ


ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ


വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർ വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ


ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ


എളുപ്പമായുള്ള വഴിയേ കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ട്
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ


ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ


കണ്ണന്‍ വൃന്ദാവനം വിട്ടു പോകുന്നു. - ശ്രീകൃഷ്ണ കഥകൾ


കണ്ണന്‍ വൃന്ദാവനം വിട്ടു പോകുന്നു. ഗോപികമാർക്ക് അത് സഹിക്കുവാനായീല്യ. ഒരു നിമിഷം പോലും കൃഷ്ണനെ പിരിയേണ്ടതായി വരുമെന്ന്  അവര്‍ ഒരിക്കലും ചിന്തിച്ചില്ല. അവരെല്ലാവരും കൂടി ഓടി രധയുടെ അടുത്തെത്തി. സഖി അറിഞ്ഞുവോ നമ്മുടെ പ്രാണനായ കണ്ണനിതാ നമ്മേ വിട്ടു പോകാന്‍ ഒരുങ്ങുന്നു. കണ്ണന്‍ മഥുരയ്ക്ക് പോകുന്നുവത്രേ. രാധ ഒരു നിമിഷം എല്ലാവരുടേയും മുഖത്തേക്കു നോക്കി നിശ്ചലം നിന്നു. പെട്ടെന്ന് കാറ്റടിച്ച വാഴ കണക്കേ രാധ ആലസ്യപ്പെട്ടു വീണു. എല്ലാവരും അതേ അവസ്ഥയിലായിരുന്നു.

ആഭരണങ്ങളഴിഞ്ഞ് മുടിക്കെട്ടഴിഞ്ഞ് വരച്ചു വച്ച ചിത്രങ്ങള്‍ പോലെ നിശ്ചലരായിത്തീര്‍ന്നു. എന്നാല്‍ ചില ഗോപികളാകട്ടെ ഏതോ ഒരാനന്ദത്തിലകപ്പെട്ട് ഹേ! കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ എന്നു പാടി നൃത്തം വയ്ക്കാന്‍ തുടങ്ങി. കൃഷ്ണനാമത്തെ കേട്ടതും പരമാനന്ദ മനുഭവിച്ചുകൊണ്ട് രാധ എഴുന്നേററു.


അവളുടെ മുഖത്ത് അത്യത്ഭുതമായ ഒരുതേജസ്സ് നിറഞ്ഞു. രാധ കണ്ണടച്ച് ഒരു യോഗിയേപ്പോലെ സമാധിയിലിരുന്നു. പലരും മനോഗതം കൊണ്ട്  അവിടവിടെയായി ഇരുന്നു
.
പ്രാണനായ കണ്ണനില്ലാതെ എങ്ങിനെ ജീവിക്കാനാകും? കണ്ണാ നിന്റെ മന്ദഗതി, സര്‍വ്വ ദുഖങ്ങളേയും നീക്കുന്ന മധുരമായഭാഷണം, ഹൃദയം കവരുന്ന കടക്കണ്‍നോട്ടം, ഇതെല്ലാം ഞങ്ങള്‍ക്കിനി സ്വപ്നമാകുമെന്നോ. ഞങ്ങളെ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ എന്തിനാണ് കൊടുങ്കാറ്റില്‍ നിന്നും, പേമാരിയില്‍ നിന്നുമെല്ലാം കാത്തു രക്ഷിച്ചത് ? ഏറി വന്ന സങ്കടത്താൽ അവർ ബ്രഹ്മാവിനോട് പരാതി പറയാൻ തുടങ്ങി.
ഹേ വിധാതാവേ അങ്ങല്ലേ എല്ലാം സൃഷ്ടിച്ചത്?
അതിനാല്‍ ഞങ്ങളില്‍ ദയ കാണിക്കേണ്ടവനല്ലേ അങ്ങ്. ഇത് മഹാ കഷ്ടം തന്നെയാണ്.

ഒരോ ആള്‍ക്കാരേയും ഓരോരുത്തരുമായി യോജിപ്പിക്കുന്നത് അങ്ങു തന്നെയല്ലേ? എന്നീട്ട് സ്നേഹിച്ചു തീരുന്നതിനു മുമ്പ് അവരെ വേർതിരിക്കുന്നത് ഉചിതമാണോ?


വേർപ്പിരിക്കാനാണെങ്കില്‍ പിന്നെന്തിന് ഞങ്ങളെ കണ്ണനോട് ചേർത്തു?
സര്‍വ്വജ്ഞനായ അവിടുന്ന് ഈ അനാഥകളെക്കോണ്ട് കളിക്കുന്നത് അനുചിതം തന്നെയാണ്. കറുത്തിരുണ്ട സുന്ദരമായ മുടിയില്‍ പീലികൊണ്ടലങ്കരിച്ച് ,കണ്ണാടിപോലെ മിനുസമുള്ളതും കവിളുകളും ഉന്നതമായ നാസികയും സര്‍വ്വ സന്താപത്തേയും നീക്കുന്ന മൃദുഹാസവും, കടക്കണ്ണു കൊണ്ട് ഹൃദയത്തെ മഥിപ്പിക്കുന്ന നോട്ടവുമുള്ള ശ്രീ കൃഷ്ണനെ ഞങ്ങള്‍ക്കു തന്നീട്ട് ഇനി കാണുവാന്‍ സാധിക്കാത്ത വിധം നിർദ്ദയമായി പിരിക്കുവാനെങ്ങിനെ കഴിയുന്നു?

അതിനായി അക്രൂരനെന്ന പേരില്‍ ഒരു അതിക്രൂരനെ അയച്ചിരിക്കുന്നുവല്ലോ?

ഈ കൃഷ്ണാപഹരണം ഞങ്ങളുടെ നേത്രങ്ങള്‍ അപഹരിക്കുന്നതിനു സമമാണ്.
ഈകണ്ണുകളും കൂടി എടുത്തുകൊള്ളൂ. കണ്ണനെ കാണാനാകില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ കണ്ണുകളെന്തിനാണ്? വേണുഗാനം കേൾക്കാൻ കഴിയാത്ത കാതുകളും ഞങ്ങള്‍ക്കു വേണ്ട. 

അല്ലെങ്കില്‍ അങ്ങയെ എന്തിനു കുറ്റം പറയുന്നു?

ഞങ്ങളുടെ സ്നേഹമെല്ലാം അറിഞ്ഞീട്ടും ഞങ്ങളെ ഒട്ടും ദയയില്ലാതെ വിട്ടു പിരിയുന്ന കൃഷ്ണനെത്തന്നെയാണ് പറയേണ്ടത്.
പെട്ടന്ന് ലളിത ചാടിയെഴുന്നേറ്റുകൊണ്ടു പറഞ്ഞു.
"ഹേ! സഖികളേ എല്ലാവരും എഴുന്നേല്ക്കൂ
നമ്മുടെ കണ്ണനെ ആര്‍ക്കും വിട്ടു കൊടുക്കരുത്.
ഏതു വിധത്തിലും തടഞ്ഞു നിർത്തണം.
എല്ലാവരും വേഗം വരൂ"

മിത്രവിന്ദ ചോദിച്ചു.
അബലകളായ നമുക്ക് കണ്ണനെ തടയാനാകുമോ? കണ്ണീരോടെ ചന്ദ്രാവലി പറഞ്ഞു

അത് ശരിയാണ്. നമുക്ക് കണ്ണനെ തടയാനാവില്ല.
നമ്മുടെ ആനന്ദ സൂര്യന്‍ അസ്തമിച്ചു.
അതിനി മഥുരയുടെ ഭാഗ്യമായി മാറാൻ പോകുന്നു.  വിശാഖ അതിനെ അനുകൂലിച്ചു.

"ഇനി മഥുരാപട്ടണത്തിലുള്ളവര്‍ കണ്ണന്റെ വിലാസഹാസത്താല്‍ പുളകം കൊള്ളും."
കണ്ണനോടൊപ്പം ആടിയ രാസം ഓർത്തപ്പോൾ ലളിത ദുഃഖം നിയന്ത്രിക്കാനാവുന്നില്ല.
കഷ്ടം ! രാസരംഗത്തു വച്ച് 'നിങ്ങളെ ഞാൻ ഒരിക്കലും പിരിയില്യ' എന്നു കണ്ണൻ നമ്മോടു സത്യം ചെയ്തതാണ്. ആ സത്യത്തെ മറന്ന് നമ്മുടെ കണ്ണന്‍ മഥുരക്ക് പുറപ്പെട്ടിരിക്കുന്നു 

ഇങ്ങിനെ ഗോപിമാര്‍ ദുഖത്തിലുരുകിയപ്പോള്‍ കണ്ണന്‍ അവരുടെ അരികിലെത്തി.
കണ്ണന്‍ മൃദുഹാസത്തോടെ ചോദിച്ചു.

"സഖിമാരേ നിങ്ങള്‍  എന്തിനാണ് ഇങ്ങിനെ വിഷമിക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് തന്ന സത്യം ഒരിക്കലും ലംഘിക്കില്യ. ഒരിക്കലും നിങ്ങളെ പിരിയുന്നില്ല. സദാ നിങ്ങളോടു കൂടെ ഉണ്ടാവും.
ഇപ്പോള്‍ നിങ്ങളുടെ വിഷാദത്തിന് കാരണം ബാഹ്യമായ ഈ സ്വരൂപത്തെ മാത്രം  ഓർത്തുകൊണ്ടാണ്. ഈ രൂപം ഞാന്‍ സ്വീകരിച്ച് നിങ്ങളെ മോഹിപ്പിച്ചതും,  ഇപ്പോള്‍ വിട്ടു പോകുന്നതും എല്ലാവരേയും ഒരു സത്യം ബോധിപ്പിക്കാനാണ്. ബാഹ്യമായി എന്തിനെ സ്വന്തമെന്ന് കതുതി പ്രിയത്തോടെ ചേർത്തുപിടിച്ചാലും അതെല്ലാം ഒരിക്കല്‍ വിട്ടു പോകും. നിങ്ങളുടേതെന്നു കരുതുന്ന ഈ ശരീരം പോലും നിങ്ങളെ വിട്ടുപോകും. അന്തര്യാമിയായ ഞാന്‍ ഒരിക്കലും വിട്ടു പിരിയില്യ. അതുകൊണ്ട് എന്റെ ഈ ബാഹ്യ രൂപത്തോടുള്ള ഭ്രമം ഉപേക്ഷിക്കൂ. ഞാന്‍ സദാ നിങ്ങളോടൊപ്പമുണ്ട് "


എല്ലാവരേയും ആശ്വസിപ്പിച്ചുകൊണ്ട്
എത്ര ഗോപികമാരുണ്ടോ അത്രയും രൂപമെടുത്ത് കണ്ണന്‍ ഓരോ ഗോപികമാർക്കരികില്‍ വിളങ്ങി.
ഗോപികമാർ ആനന്ദത്തിൽ ലയിച്ചു. ഈ സമയം
കണ്ണന്‍ രാധയുടെ അടുത്തെത്തി.

രാധ കണ്ണനില്‍ ലയിച്ച് അതിതേജസ്വിയായി ഇരിക്കുന്നു. ആത്മാരാമനായ കണ്ണന്‍ ആ ഭാവത്തില്‍ രമിച്ച് അല്പസമയം രാധയെ മന്ദഹാസത്തോടെ നോക്കി നിന്നു. പിന്നെ രാധയുടെ സമീപം ഇരുന്ന് പ്രേമത്തോടെ തന്‍റെ മുരളിയൂതി. രാധ മിഴികൾ തുറന്ന് അകത്തു കണ്ടുകൊണ്ടിരുന്ന കണ്ണനെ പുറത്തു കണ്ട്

അതിമനോഹരമായി പുഞ്ചിരിച്ചു. കണ്ണൻ ചേർന്നിരുന്ന് രാധയേ തന്റെ മാറോടു ചേർത്തുകൊണ്ട് പ്രേമത്തോടെ ചോദിച്ചു
.
" നമ്മൾ ഒന്നല്ലേ പ്രിയേ!
"അതെനിക്കറിയാം കണ്ണാ! കണ്ണനില്ലാതായാല്‍ ഈ രാധ കര്‍പ്പൂരംപോലെ ഉരുകി ഇല്ലാതാവും. "

"എല്ലാം അറിയുന്ന നീയ്യെന്തിന് ദുഖിച്ചു വീണു?"
രാധയുടെ കണ്ണുകളിൽ നിന്നൊഴുകിയ പ്രേമാശ്രുക്കൾ കണ്ണന്റെ മാറിലെ അംഗരാഗത്തെ മായ്ച്ചു കളഞ്ഞു.
"നാഥാ അങ്ങു തന്ന വേഷം ഭംഗിയായി ആടേണ്ടതല്ലേ ഇവളുടെ നിയോഗം. അതേ ഞാന്‍ ചെയ്തുള്ളൂ ദേവാ!

രാധികേ നിന്റെ സ്നേഹം സത്യമാണ്. നിഷ്കപടമായി, നിഷ്ക്കാരണമായി ഒരേതലത്തില്‍ സ്നേഹിക്കുന്നവനാണ് യഥാര്‍ത്ഥ മിത്രം. ആ സ്നഹത്തെ കാപട്യത്തോടെ കാണുന്നവന്‍ മിത്രവേഷം ധരിച്ച നടന്‍ മാത്രമാണ്. കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് രസാദികളറിയാന്‍ സാധിക്കാത്തതു പോലെ സകാമരായവര്‍ക്ക് പരമ പ്രേമത്തെ അറിയാന്‍ കഴിയില്ല. ഇരുവരും ഒരേ ഭാവത്തോടെ പരസ്പരം സ്നേഹിക്കണം. ഏകപക്ഷീയമായാല്‍ ആ ഭാവം സിദ്ധിക്കില്ല. പ്രേമത്തെ അറിയാന്‍ കഴിയില്ല. പ്രിയേ പരമപ്രേമത്തിനു സമമായി ഈ ഭൂമിയില്‍ വേറെ ഒന്നും തന്നെയില്ല. ഒരിക്കലും ഉറവ വറ്റാത്ത
പ്രവാഹമായി അനുസ്യൂതം ഒഴുകുന്ന ആ പ്രേമം നീ തന്നെയാണ്.  പ്രേമമായി സര്‍വ്വ ചരാചരങ്ങളിലും നീ നിറഞ്ഞു നില്ക്കുന്നതുകൊണ്ട് തന്നെ അഹൈതുകമായ പ്രേമത്തോടെ ആര് എന്നെ ആശ്രയിച്ചാലും ഞാന്‍ അവര്‍ക്ക് വശംവദനാവും. അന്തരാത്മാവായി വസിക്കുന്ന എന്നോട് പ്രേമസ്വരൂപിണിയായ നിന്നേ ചേര്‍ത്തു വയ്ക്കുന്നവരാണ് അവർ. നമ്മുടെ സംഗമം അവരുടെ ഹൃദയത്തില്‍ രാസരസം നിറക്കുന്നു.
രാധയും കൃഷ്ണനും പാലും വെളുപ്പും പോലെ അഭേദമായി ഇരിക്കുന്നു എന്നറിയുന്നവനാണ് അഹൈതുക ഭക്തിയുള്ളവന്‍ അവന്‍ ബ്രഹ്മപദം പ്രാപിക്കുന്നു. നമ്മളെ രണ്ടായിക്കണ്ട് ഭേദഭാവത്തോടെ ചിന്തിക്കുന്ന ബുദ്ധിഹീനന്മാര്‍ സൂര്യ ചന്ദ്രന്മാരുള്ള കാലത്തോളം കാലസൂത്രമെന്ന നരകത്തില്‍ പതിച്ച് ദുഖിക്കാനിടവരും."


"കൃഷ്ണാ! ഇത് ബ്രഹ്മ രഹസ്യം. ആയിരം ജന്മങ്ങള്‍ കൊണ്ട് നേടിയ പുണ്യം കൊണ്ട് മാത്രമേ ഒരു ജീവന് ഇത് കേള്‍ക്കുവാനുള്ള ഭാഗ്യം ലഭിക്കുകയുള്ളു. ഞാനും ഈ ശരീരം എടുത്തതനുസരിച്ച് ലീലകളാടി ഗോപികളായി ജനിച്ച ഈ വ്രജത്തിലെ പുണ്യത്മാക്കള്‍ക്ക് പരമാത്മതത്വം ബോധിപ്പിക്കാം."
കണ്ണൻ സന്തോഷത്തോടെ വേണുവൂതി. രാധ ആ വേണുഗാനത്തിൽ അലിഞ്ഞ് മാധവന്റെ മാറിൽ  വനമാലയായി . 

അതിമനോഹരമായ രാധാമാധവ സംഗമം.
ഈ രാധാമാധവ സംഗമം നമ്മുടെ ഹൃദയത്തിലും രാസരസം നിറയ്ക്കട്ടെ. 

രാധേ കൃഷ്ണാ


സുദർശന രഘുനാഥ്
വനമാലി

Thursday, April 27, 2017

സംസ്‌കൃതം പഠിക്കാം- പാഠം 9



സംസ്‌കൃതം സംസ്‌കൃതിസ്തഥാ സ്വാധ്യായ സംസ്‌കൃതം

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ
സമ്പത്തൗ = സമ്പത്തിലും
വിപത്തൗ = വിപത്തിലും
മഹതാം = മഹാത്മാക്കള്‍ക്ക്
ഏകരൂപതാ = ഒരേ ഭാവമുള്ളവര്‍.

(മഹാത്മാക്കള്‍ സമ്പത്തിലും ആപത്ത് കാലത്തും ഒരേ ഭാവത്തില്‍ പ്രതികരിക്കുന്നു)

അതിങ്കലതില്‍ വെച്ചെന്നും
വിഷയം സപ്തമീമതാ
1. ഗൃഹേ മാതാ ഭവതി (വീട്ടില്‍ അമ്മയുണ്ട്)
2. ഉദ്യാനേ പുഷ്പം വര്‍ത്തതേ (പൂന്തോട്ടത്തില്‍ പൂവുണ്ട്)
3. പുഷ്‌പേ സുഗന്ധഃ അസ്തി (പൂവില്‍ സുഗന്ധമുണ്ട്)
4. പാഠശാലായാം ഛാത്രാഃ സന്തി
(വിദ്യാലയത്തില്‍ കുട്ടികളുണ്ട്)
5. ലേഖന്യാം മഷീ വര്‍ത്തതേ (പേനയില്‍ മഷിയുണ്ട്)

കരാഗ്രേ വസതേ ലക്ഷ്മീഃ
കരമധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം
(കൈയിന്റെ അറ്റത്ത് ലക്ഷ്മീ ഭഗവതിയും മധ്യത്തില്‍ സരസ്വതിയും കരമൂലത്തില്‍ ഗോവിന്ദനും (സ്ഥിതിചെയ്യുന്നു) ഉള്ള കൈ പ്രഭാതത്തില്‍ കാണുന്നു. ഇവിടെ കരാഗ്രേ, കരമധ്യേ, കരമൂലേ, പ്രഭാതേ എന്നീ പ്രയോഗങ്ങളുടെ സപ്തമീ വിഭക്തി പ്രയോഗം പരിശോധിക്കുക. അധികരണത്തിന് = അടിത്തറയായി സ്ഥിതി ചെയ്യുന്നതിന് സപ്തമീ വിഭക്തി വരും.

മനസ്യേകം വചസ്യേകം
കര്‍മണ്യേകം മഹാത്മനാം
മനസ്യന്യദ് വചസ്യന്യദ്
കര്‍മ്മണ്യന്യദ് ദുരാത്മനാം

(മഹാത്മാക്കള്‍ക്ക് മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഒരേപോലെ താല്‍പ്പര്യമാണ്. ദുരാത്മാക്കള്‍ വിപരീതന്മാരാണ്.)
യഥാ ചിത്തം തഥാ വാണീ
യഥാ വാണീ തഥാ ക്രിയാ
ചിത്തേ വാചി ക്രിയായാം ച
സാധൂനാമേകരൂപതാ

തയ്യാറാക്കിയത്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, കേരളം (സംസ്‌കൃത ഭാരതി)

പുഞ്ചിരിയുടെ മഹത്വം


മറ്റുള്ളവര്‍ക്കുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, ദുഃഖിക്കുന്നവരെക്കാണുമ്പോള്‍ സ്‌നേഹപൂര്‍വ്വം ഒന്നുപുഞ്ചിരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.
മക്കളെ, ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യമാണ് നമ്മുടെ മുഖത്ത് പുഞ്ചിരിയായി പ്രകടമാകുന്നത്. എവിടെ ആത്മാര്‍ത്ഥമായ പുഞ്ചിരിയുണ്ടോ അവിടെ സ്‌നേഹവും കാരുണ്യവും ക്ഷമയും സന്തോഷവുമുണ്ടാവും. പുഞ്ചിരി നമ്മുടെ ജീവിതത്തെ ശോഭനമാക്കുന്നു. അത് മറ്റു ഹൃദയങ്ങളിലെ ദുഃഖവും നിരാശയുമാകുന്ന ഇരുളകറ്റി പ്രകാശം പരത്തുന്നു.

ഒരിക്കല്‍, ഒരാള്‍ വളരെ ദുഃഖിതനായി വഴിയരികില്‍ നില്‍ക്കുകയായിരുന്നു. അതു വഴി നടന്നുപോയ ഒരു കൊച്ചു പെണ്‍കുട്ടി അയാളെ നോക്കി വെറുതെ ഒന്നു പുഞ്ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ട് ജീവിതാശ തന്നെ നഷ്ടപ്പെട്ട ആ മനുഷ്യന്, ആ പുഞ്ചിരി എന്തെന്നില്ലാത്ത ആശ്വാസം നല്‍കി. ഒരാളെങ്കിലും തന്നെ നോക്കി ചിരിക്കുവാനുണ്ടല്ലോ എന്ന ചിന്ത അദ്ദേഹത്തിന് ഉന്മേഷം പകര്‍ന്നു. അപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ വളരെ പ്രതികൂല സാഹചര്യത്തില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെ അദ്ദേഹം ഓര്‍ത്തു. തന്റെ സന്തോഷം പങ്കുവെയ്ക്കാനായി ഒരു കത്തെഴുതി തന്റെ പഴയ സുഹൃത്തിനയച്ചു.

കുറെക്കാലമായി ഒരു വിവരവുമില്ലാതിരുന്ന സുഹൃത്തിന്റെ കത്തുകിട്ടിയപ്പോള്‍, കൂട്ടുകാരനും വളരെ സന്തോഷം തോന്നി. ആ സന്തോഷത്തില്‍ അദ്ദേഹം അടുത്തുനിന്ന ഒരു സാധുവിനു പത്തുരൂപ എടുത്തുകൊടുത്തു. അയാള്‍ ആ തുക കൊണ്ടു് ഒരു ലോട്ടറി ടിക്കറ്റു വാങ്ങി. അദ്ഭുതമെന്നു പറയട്ടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കു തന്നെ. ലോട്ടറിത്തുകയും വാങ്ങി പോകുമ്പോള്‍, വഴിയരികില്‍ ഒരു യാചകന്‍ അസുഖമായി കിടക്കുന്നതുകണ്ടു. ദൈവം തനിക്കു തന്ന പണമല്ലെ, അതില്‍കുറച്ചു് ആ പാവത്തിന് ഉപകരിക്കട്ടെ എന്നുചിന്തിച്ചു, അയാള്‍ ആ യാചകനെ ആശുപത്രിയില്‍ എത്തിച്ചു; ചികിത്സയ്ക്കുവേണ്ട പണവും നല്‍കി.

ആ യാചകന്‍, അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു നായ്ക്കുട്ടി വെള്ളത്തില്‍ വീണു കുതിര്‍ന്നു തളര്‍ന്നു കിടക്കുന്നതു കാണാനിടയായി. തണുപ്പും വിശപ്പും കാരണം അതു നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍, ആ നായ്ക്കുട്ടിയെ തന്റെ വസ്ത്രത്തില്‍പൊതിഞ്ഞു തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്‍പ്പം തീ കൂട്ടി തണുപ്പകറ്റി. തന്റെഭക്ഷണത്തോടൊപ്പം, ആ നായ്ക്കും ആഹാരം നല്‍കി. തണുപ്പു മാറി ആഹാരവും കിട്ടിയപ്പോള്‍, നായ്ക്കുട്ടിയുടെ തളര്‍ച്ച മാറി. അത് ആ യാചകന്റെ പിന്നാലെകൂടി. അവര്‍ ആ രാത്രി അന്തിയുറങ്ങാന്‍ ഒരു വീട്ടുകാരോട് അനുവാദം ചോദിച്ചു; വീടിന്റെ വരാന്തയില്‍ കിടക്കുവാന്‍ അനുവാദം നല്‍കി.

അന്നുരാത്രി, നായയുടെ നിലയ്ക്കാത്ത കുരകേട്ട് ആ യാചകനും വീട്ടുകാരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍, വീടിന്റെ ഒരു ഭാഗത്ത് തീ പടരുന്നതാണ് കണ്ടത്. ആ വീട്ടിലെ ഒരേ ഒരു കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണു തീപ്പിടിച്ചത്. വീട്ടുകാര്‍ വേഗം തന്നെ കുട്ടിയെ പുറത്തെടുത്തു. എല്ലാവരും ശ്രമിച്ച് തീ അണച്ചു. ആ യാചകനും നായ്ക്കും കിടക്കാന്‍ ഇടം നല്‍കിയത്, ആ വീട്ടുകാര്‍ക്ക് അനുഗ്രഹമായി. തീയില്‍നിന്നും രക്ഷപ്പെട്ട ആ ബാലന്‍ വളര്‍ന്നുവലുതായപ്പോള്‍ ഒരു മഹാത്മാവായിത്തീര്‍ന്നു. ആ മഹാത്മാവിന്റെ സാമീപ്യത്തില്‍ അനേകം ജനങ്ങള്‍ ശാന്തിനേടി.

ഇതിന്റെയെല്ലാം തുടക്കം ആ കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയില്‍നിന്നായിരുന്നു. അത് എത്ര പേരുടെ ജീവിതത്തെയാണ് സ്വാധീനിച്ചത്; എത്രയോ പേരുടെ ഹൃദയങ്ങളില്‍ കാരുണ്യവും സ്‌നേഹവും ഉണര്‍ത്താനും, അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനും ആ പുഞ്ചിരിക്കു കഴിഞ്ഞു! മറ്റുള്ളവര്‍ക്കുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, ദുഃഖിക്കുന്നവരെക്കാണുമ്പോള്‍ സ്‌നേഹപൂര്‍വ്വം ഒന്നുപുഞ്ചിരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.
മാതാ അമൃതാനന്ദമയി

ശ്രീരാമനും നൃഗരാജാവും തമ്മില്‍




















സൗമിത്രിണാ പൃഷ്ട ഉദാരബുദ്ധിനാ
രാമഃ കഥാഃ പ്രാഹ പുരാതനീ ശുഭാഃ
രാജ്ഞഃ പ്രമത്തസ്യ നൃഗസ്യ ശാപതോ
ദ്വിജസ്യ തിര്യക്ത്വമഥാഹ രാഘവഃ.

അയാദ്ധ്യയിലെ അരമനയില്‍ സംവാദത്തിലേര്‍പ്പെട്ടിരിക്കുന്ന രാമലക്ഷ്മണന്മാരുടെ രൂപം മനസ്സില്‍ കണ്ടെന്നോണം ശിവന്‍ വിവരണം തുടരുന്നു. ശരിയായ ജീവിതമൂല്യങ്ങള്‍ അവലംബിക്കേണ്ടത് ഉദാഹരിക്കുന്ന പുരാണകഥകള്‍ ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞു.

ജീവിതയാത്രയില്‍ സംഭവിച്ചേക്കാവുന്ന അധഃപതന സാധ്യതകളും നിസ്സാരകുറ്റങ്ങള്‍ക്കുപോലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങളും അവ ചൂണ്ടിക്കാട്ടി. ദ്വൈതത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും വിട്ടുവീഴ്ചകളും മാത്രമേ കാണുന്നുള്ളൂ. ശുദ്ധബോധത്തിന്റെ പരമോന്നത മേഖലയിലെത്തിയാലേ സത്യത്തിന്റെ തനതായ മഹിമയും പരിശുദ്ധിയും പൂര്‍ണമായി അനുഭവിക്കാനാവൂ.

നൃഗരാജാവിന്റെ കഥയ്ക്ക് ശ്രീരാമന്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചതായി തോന്നുന്നു. ന്യായീകരിക്കാനാവാത്ത ഒരു ദുര്‍വിധിക്ക് നിരപരാധിയായ ആ രാജാവ് വിധേയനാവേണ്ടിവന്നു. എന്തൊരു വൈചിത്ര്യം!

മംഗളവേളകളിലെല്ലാം ശാസ്ത്രപണ്ഡിതര്‍ക്കും ദരിദ്രബ്രാഹ്മണര്‍ക്കും നൃഗരാജാവ് പശുക്കളെ ദാനം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഒരു ബ്രാഹ്മണന് ദാനം ചെയ്യപ്പെട്ട ഒരു പശു എങ്ങനെയോ രാജാവിന്റെ ഗോശാലയില്‍ത്തന്നെ തിരിച്ചെത്തി. ഇക്കാര്യമറിയാത്ത രാജാവ് ആ പശുവിനെ അടുത്ത അവസരത്തില്‍ മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്യാനുമിടയായി. ഇതറിഞ്ഞ പഴയ ബ്രാഹ്മണന്‍ ക്രുദ്ധനായി. രാജാവ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ല. എങ്കിലും ആ ബ്രാഹ്മണന്‍ ക്ഷമിച്ചില്ല. അയാള്‍ രാജാവിനെ ശപിച്ച് ഓന്താക്കി.

നിരപരാധിയായ നൃഗരാജാവിന് വന്നുപെട്ട ദുര്‍വിധിയുടെ കഥയ്ക്ക് ശ്രീരാമന്റെ ഇപ്പോഴത്തെ അവസ്ഥയുമായി സാമ്യമുണ്ടല്ലോ. ഇതിലെ സൂചന ലക്ഷ്മണന്‍ മനസ്സിലാക്കിയോ, എന്തോ? വേദാന്തത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കഥകളിലൂടെ ഉത്കൃഷ്ടജീവിതമൂല്യങ്ങളെ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും വേണ്ട ശിക്ഷണം ലഭിക്കുന്നു.

അദ്ധ്യേതാക്കളുടെ സ്വഭാവസംസ്‌കരണത്തെ ഉന്നംവച്ചുകൊണ്ടുള്ള വിദ്യാഭ്യാസസമ്പ്രദായം ഈ രീതി അവലംബിക്കേണ്ടതാണ്. വളരുന്ന തലമുറയ്ക്ക് ആരോഗ്യകരങ്ങളായ ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാനും അവരെ ധര്‍മതല്‍പ്പരരാക്കാനും ഇതല്ലാതെ വേറെ വഴിയില്ല. ജീവിതമൂല്യങ്ങളും ധാര്‍മികതത്ത്വങ്ങളുമൊക്കെ, അനുഭവങ്ങളിലൂടെ പഠിക്കാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികളുടെ കുരുന്നുമനസ്സിന് ഗ്രഹിക്കാന്‍ എളുപ്പമല്ല. എന്നാല്‍ കഥാരൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഈ സൂക്ഷ്മമൂല്യങ്ങള്‍ സുഗ്രഹങ്ങളായിത്തീരുന്നു-അദ്ധ്യേതാക്കള്‍ക്ക് അവ വേഗം ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയുന്നു

ശ്രീ സൂര്യാഷ്ടകം

Suryashtakam
ആദിദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര:
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ |


സപ്താശ്വ രഥമാരൂഢം പ്രചംഡം കശ്യപാത്മജം‌
ശ്വേതപദ്മധരം ദേവം തം സൂര്യം പ്രണമാമ്യഹമ് |


ലോഹിതം രഥമാരൂഢം സര്വലോകപിതാമഹം‌
മഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം |


ത്രൈഗുണ്യംച മഹാശൂരം ബ്രഹ്മവിഷ്ണുമഹേശ്വരം‌
മഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം |


ബൃംഹിതം തേജ: പുംജം ച വായുമാകാശ മേവച
പ്രഭുംച സര്വ ലോകാനാം തം സൂര്യം പ്രണമാമ്യഹം‌ |


ബംധൂക പുഷ്പ സംകാശം ഹാര കുംഡല ഭൂഷിതം‌
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം‌ |


തം സൂര്യം ജഗത്കര്താരം മഹാ തേജ: പ്രദീപനം
മഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം |


തം സൂര്യം ജഗതാം നാഥം ജ്ഞാനവിജ്ഞാനമോക്ഷദം‌
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം‌ |


സൂര്യാഷ്ടകം പഠേന്നിത്യം ഗ്രഹപീഡാപ്രണാശനം
അപുത്രോ ലഭതേ പുത്രം ദരിദ്രോ ധനവാന്‌ ഭവേത്‌ |


|| ഇതി ശ്രീ സൂര്യാഷ്ടകം സംപൂര്ണം‌ ||

ശ്രീകൃഷ്ണ കഥകൾ

ന്റെ കൃഷ്ണാ! 

കണ്ണനെ കുറൂരമ്മ കലത്തിലടച്ച കഥ എല്ലാവരും കേട്ടീട്ടില്യെ? അതുപോലെ കണ്ണനെ കലത്തിലടച്ച  വേറൊരു മഹാത്മാവിന്റെ കഥ കേട്ടീട്ടുണ്ടോ? ഇത് വൃന്ദാവന നിവാസികൾ പറയുന്ന കഥയാണ്‌. 


വൃന്ദാവനത്തില്‍ തയിരു വില്‍ക്കുന്ന ഒരാളാണ്  ദധിപാണ്ഡന്‍.  തയിരു ഉണ്ടാക്കി അടുത്തുള്ള ഗ്രാമങ്ങളിലും മറ്റും കൊണ്ടു പോയി കച്ചവടം ചെയ്താണ് നിത്യവൃത്തി കഴിച്ചിരുന്നത്. കിട്ടുന്ന വരുമാനത്തില്‍ സന്തുഷ്ടനായിരുന്നു അദ്ദേഹം .  കൃഷ്ണന്റെ ഗൃഹത്തിനടുത്തായിരുന്നു ദധിപാണ്ഡൻ താമസിച്ചിരുന്നത്. അദ്ദേഹത്തിന് കൃഷ്ണനെ വലിയ  ഇഷ്ടമായിരുന്നു. കണ്ണന് രണ്ടു വയസ്സായി. തൈര് വിൽക്കാൻ പോകുന്ന വഴി കണ്ണനെ കാണുമ്പോൾ കണ്‍ നിറയെ നോക്കി നിൽക്കും. ഒന്ന് എന്റെ കൂടെ ഗൃഹത്തിലേക്ക് വരുമോ കണ്ണാ ന്നു ചോദിച്ചാൽ സമയാവട്ടേ എന്നും പറഞ്ഞു കണ്ണൻ കള്ളച്ചിരിയോടെ ഓടിപ്പോകും. ഇതിങ്ങിനെ ഒരു നിത്യ പതിവായി.
കൃഷ്ണന്‍ നന്നായി ഓടി നടക്കും. വായിൽ പല്ലു വന്നു കഴിഞ്ഞു. പക്ഷെ അമ്മിഞ്ഞപ്പാലിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞില്ല.
കേട്ടീട്ടില്യേ...


"അമ്മയിരുന്നു തൈർ കടഞ്ഞീടുമ്പോൾ  
അമ്മിഞ്ഞ കണ്ടു കൊതിച്ച കൃഷ്ണാ ഹരീ "

അങ്ങിനെ ഒരു ദിവസം  യശോദാമ്മ കണ്ണനെ കുളിപ്പിച്ച് മുടിയിൽ പീലിയും മുത്തുമാലകളും കൊണ്ട് അലങ്കരിച്ച്‌, കണ്ണെഴുതി ഗോപിക്കുറി തൊടുവിച്ചു. കാതിൽ മകരകുണ്ഡലങ്ങളും കഴുത്തിൽ പുലിനഖവും പലയ്ക്കാമോതിരവും അണിയിച്ചു. കണ്ണന് പട്ടുകോണകത്തിനോടുള്ള ഇഷ്ടം എത്ര്യാന്ന്  പറഞ്ഞാൽ തീരില്യ. എന്നും കണ്ണന് പട്ടുകോണകം വേണം. അതും പുതുപുത്തൻ. അമ്മ കണ്ണനെ പുതിയ പട്ടു കോണകം  ഉടുപ്പിച്ചു. കണ്ണനെ കളിയ്ക്കാൻ അയച്ചീട്ടു അടുപ്പില്‍ പാൽ  കാച്ചാന്‍ വെച്ചു യശോദാമ്മ  തൈർ കടയുയായിരുന്നു. യശോദാമ്മ അറിയാതെ ആനന്ദത്തോടെ കൃഷ്ണ ഗീതികൾ പാടാൻ തുടങ്ങി. അത് കേട്ടപ്പോൾ    കണ്ണൻ ഒരു കള്ളച്ചിരിയോടെ അമ്മയുടെ മടിയിലേക്ക്‌ നുഴഞ്ഞു കയറി അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി. കൊതിയോടെ ആസ്വദിച്ച്‌ കാലാട്ടിക്കൊണ്ട് അമ്മയുടെ മടിയിൽ കിടന്നു പാലു കുടിക്കുന്ന കണ്ണന്റെ മേൽ തൈർ തുള്ളികൾ തെറിച്ചു വീണീട്ടുണ്ട്. ഒരു അലങ്കാരം പോലെ കണ്ണന്റെ ശ്യാമവർണ്ണത്തിനു അത് മോടി കൂട്ടി. പെട്ടെന്ന് അടുപ്പിൽ വച്ച പാൽ പൊങ്ങുന്നത് കണ്ടു കൃഷ്ണനെ മടിയിൽ നിന്ന് ഇറക്കി  വെച്ചിട്ടു അടുപ്പിന്റെ അടുത്തേയ്ക്കു ഓടി. കൃഷ്ണനു അതു ഒട്ടും രസിച്ചില്ല. അമ്മക്ക് എന്നെക്കാൾ പ്രിയം പാലിനോടോ? ദേഷ്യം കൊണ്ട് ആദ്യം മുടിയിൽ ചാർത്തിയ മാല അഴിച്ചു  എറിഞ്ഞു. എന്നീട്ടും  കോപം തീരാതെ പട്ടുകോണകം അഴിച്ചെറിഞ്ഞു. അത് ചെന്ന് വീണത്‌ കടകോലിന്മേൽ. വേഗം ആ കടകോലെടുത്തു തയിർക്കലത്തിൽ ഒറ്റയടി. കാലം പൊട്ടി തൈര് പരന്നൊഴുകി. തൈരും വെണ്ണയുമെല്ലാം കണ്ണന്റെ മുഖത്തും ദേഹത്തും തെറിച്ചു വീണു അങ്കരാഗം ആയി. കണ്ണന്റ  കോപം ശമിച്ചു.  അപ്പോൾ ഓർത്തു. 'വേണ്ടായിരുന്നു. അമ്മ ഇപ്പോൾ വന്ന്‌ ഇത് കണ്ടാൽ എന്നെ തല്ലും.  ഓടിയാലോ.  വേണ്ട. അമ്മക്ക് ദേഷ്യം കൂടും. നിന്നാൽ അടിക്കേം ചെയ്യും. എന്നാൽ ഗോപികമാരുടെ അടുത്ത് പോയി രക്ഷിക്കാൻ പറഞ്ഞാലോ. ഉം.. അസ്സലായി. പാലും വെണ്ണയും കട്ടു തിന്ന ദേഷ്യം അവർക്കുണ്ട്. അതും പറഞ്ഞ് ആ കുശുമ്പികൾ അടി കൂടുതൽ വാങ്ങി തരും.'


എന്നിങ്ങനെ  ഓർത്തപ്പോഴേക്കും ഓടി വന്ന യശോദ കുഞ്ഞുകൃഷ്ണൻ കലമുടച്ചത് കണ്ടു. ഈയിടയായി കുറുമ്പ് കുറച്ചു കൂടുന്നുണ്ട്. മാത്രമല്ല ഒട്ടും ഭയമില്ല താനും. അടുത്തു കിടന്നിരുന്ന ഒരു വടി എടുത്തു കൊണ്ടു അടിക്കാൻ ചെന്നു. മിന്നല്‍ പോലെ കൃഷ്ണന്‍ ഓടി മറഞ്ഞു. യശോദ പിറകെ  കൊണ്ടു ഓടി. ഇന്നു അവനെ ഒരു പാഠം പഠിപ്പിച്ചിട്ടെ എന്തു കാര്യമുള്ളൂ.
ഈ സമയം ദധിപാണ്ഡന്‍ തന്റെ ജോലി എല്ലാം കഴിഞ്ഞു വീടിന്റെ തിണ്ണയില്‍ വിശ്രമിച്ചു കൊണ്ടു കൃഷ്ണനെ ഓർത്ത് 'കൃഷ്ണ കൃഷ്ണ 'എന്ന് ചൊല്ലി ഇരിക്കുകയായിരുന്നു. അപ്പോഴതാ ഉണ്ണിക്കണ്ണൻ ദൂരേന്നു ഓടി വരുന്നു! അഴിഞ്ഞുലഞ്ഞ തലയിൽ മയില്‍ പീലി തൂങ്ങി ആടി കൊണ്ടു, മേലാകെ തൈരും വെണ്ണയും പുരണ്ടു ദിഗ്വാസസത്തോടെ തിരിഞ്ഞു നോക്കി കൊണ്ടു, ശ്വാസം മുട്ടെ  കണ്ണൻ ഓടി വന്നു.  പിറകെ യശോദമ്മയും  വരുന്നുണ്ട്.


'ഓടരുത് ഉണ്ണി! അവിടെ നിൽക്കൂ. നിന്നെ എന്റെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഞാന്‍ അടിക്കും. മര്യാദയ്ക്ക് നിന്നാല്‍ തല്ലില്ല!' 

എന്നു വിളിച്ചു പറയുന്നു യശോദാമ്മ. 

കൃഷ്ണനു അമ്മയുടെ  വാക്കില്‍ ഒട്ടും വിശ്വാസം ഇല്ല. കയ്യില്‍ കിട്ടിയാല്‍ തന്നെ തല്ലും.  പോരാത്തതിനു എന്തായാലും നിന്റെ മകന് അടിയുടെ കുറവ്  നല്ലോണം ഉണ്ട്  എന്ന് പറഞ്ഞ് യശോദയുടെ കൂടെ കുറച്ചു ഗോപികളും  വരുന്നുണ്ട്. ദധിപാണ്ഡന്റെ അടുത്തു എത്തിയ കൃഷ്ണന്‍ അയാളോട്  

'അമ്മാവാ ! എന്നെ ഒന്ന് സഹായിക്കു. ദയവു ചെയ്തു എന്നെ ഇവിടെ എവിടെയെങ്കിലും ഒളിപ്പിക്കു. എന്റെ അമ്മയുടെ കയ്യില്‍ നിന്നും എന്നെ ഒരു രക്ഷിക്കു!'
എന്നു കെഞ്ചി . 

ആ സമയം അദ്ദേഹം പറഞ്ഞു. 

"അമ്മേടെ ഉണ്ണിക്കു രണ്ടു അടിയുടെ കുറവുണ്ട്. എത്ര വിളിച്ചു ഞാൻ.  അന്നൊന്നും വന്നില്യാ. ഇപ്പോൾ ഞാൻ സഹായിക്കില്യ." 

അത് കേട്ടപ്പോൾ കണ്ണൻ വങ്ങി വിങ്ങി കരയാൻ തുടങ്ങി.  കെഞ്ചുന്ന മുഖത്ത് നോക്കിയപ്പോൾ  ദധിപാണ്ഡന്റെ മനസ്സലിഞ്ഞു. അയാള്‍ക്ക്‌ നല്ലൊരു നേരമ്പോക്കും ആയി. ദധി പാണ്ഡൻ   അവിടെ ഇരുന്ന ഒരു വലിയ പാന കാണിച്ചിട്ട്  അതില്‍ ഒളിച്ചിരിക്കാൻ പറഞ്ഞു  ആ കലം മറ്റൊരു കലം കൊണ്ടു അടച്ചിട്ടു.

എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ അവിടെ ഇരുന്നു. വലിയ കിതപ്പോടെ യശോദ അവിടെ എത്തി എന്നിട്ട് ദധിപാണ്ഡനോട് കൃഷ്ണനെ കണ്ടോ എന്നു ചോദിച്ചു. 

"അമ്മേ കണ്ണൻ ഇവിടെ എങ്ങും വന്നിട്ടില്ലല്ലോ! "

'അവന്‍ ഇങ്ങോട്ട് വരുന്നത് ഞാന്‍ കണ്ടതാണ്'  എന്നായി  യശോദ .
ദധിപാണ്ഡൻ പറഞ്ഞു 

''യശോദാമ്മേ! നിങ്ങള്‍ക്കു എന്തു കണ്ടാലും കൃഷ്ണന്‍ എന്നെ തോന്നൂ. എന്തിനധികം ഇരുട്ടത്ത്‌ ഇവിടെ വെച്ചിരിക്കുന്ന കലം കണ്ടാലും നിങ്ങള്‍ കൃഷ്ണന്‍ എന്നെ പറയൂ. കലവും കൃഷ്ണനെ പോലെ കറുത്ത നിറമാണല്ലോ?''
ശരിയാണ്! അവര്‍ക്കു എല്ലാം കൃഷ്ണമയമാണ്.   

കലത്തിന്റെ അകത്തു ഇരുന്നു കൊണ്ടു കൃഷ്ണന്‍ ഒക്കെ കേട്ടു കൊണ്ടു ഇരിക്കുകയായിരുന്നു.  അയാള്‍ കൃഷ്ണന്‍ ഇവിടെ ഇല്ല എന്നു തന്നെ പറഞ്ഞു. യശോദയുടെ കാലൊച്ച അകന്നകന്നു പോയപ്പോൾ കണ്ണൻ പറഞ്ഞു.
"അമ്മാവാ ! എന്നെ തുറന്നു വിടു, ഇതിന്റെ അകത്തു എനിക്ക് ശ്വാസം മുട്ടുന്നു. എന്തൊരു ചൂട്!'' 

സാക്ഷാത് ഭഗവാന്‍ തന്നെയാണ്. ഒരു ഇടയ ചെറുക്കാനായി വേഷം മാറി വന്നിരിക്കുന്നത് എന്ന് മനസിലാക്കിയീട്ടുള്ള അദ്ദേഹം കൃഷ്ണനോടു പറഞ്ഞു " ഇല്ല്യ കണ്ണാ ഞാൻ വിടില്യ.  വിടണമെങ്കിൽ ഞാൻ ചോദിക്കുന്ന കാര്യങ്ങൾ എനിക്ക് സാധിച്ചു തരണം."

കണ്ണൻ ചോദിച്ചു.
  "എന്റെ അമ്മ പോയില്ലേ? ഇനി എന്നെ തുറന്നു വിടൂ. ഞാൻ ഒരു കുഞ്ഞല്ലേ? എനിക്ക് എന്ത് തരാനാവും?"

പക്ഷെ ദധിപാണ്ഡന്‍ തന്റെ വാദത്തില്‍ ഉറച്ചു തന്നെ നിന്നു.
'എനിക്കും ഇവിടെയുള്ള എല്ലാത്തിനും മോക്ഷം തരുമെങ്കില്‍ നിന്നെ ഞാന്‍ തുറന്നു വിടാം'
എന്നു പറഞ്ഞു. 

"ശരി അമ്മാവാ ഞാന്‍ ഇതാ മോക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനി എന്നെ തുറന്നു വിടൂ. "
അദ്ദേഹം പരമ സന്തോഷത്തോടെ കലം തുറന്നു കൊടുത്തു. കണ്ണന്റെ ലീലകൾ കണ്ടു ആസ്വദിക്കുന്ന ദേവന്മാർക്ക് ഇത് കണ്ടു ആശ്ചര്യവും ലജ്ജയും തോന്നി. ഭഗവാനോടു ഇങ്ങനെ ചോദിക്കണം എന്നു ഒരിക്കലും തങ്ങൾക്കു തോന്നിയിട്ടില്ലല്ലോ!

അഹോ ഭാഗ്യം! 'സത്യം വദ' എന്നു വേദങ്ങള്‍ ഉത്ഘോഷിക്കുമ്പോള്‍ സര്‍വ വ്യാപിയായ ഭഗവാന്‍ ഇവിടെ ഇല്ല എന്നു പച്ചക്കള്ളം പറഞ്ഞ വെറും ഒരു തയിരു കച്ചവടക്കാരന്‍ മോക്ഷം ലഭ്യമാക്കി . അതാണ്‌ കൃഷ്ണ ലീല.  പ്രഹ്ലാദനെക്കൊണ്ട് തൂണിലും തുരുമ്പിലും ഉണ്ട് എന്നു പറയിപ്പിച്ച അതെ കൃഷ്ണൻ ദധിപാണ്ഡനെകൊണ്ട്  ഇവിടെ ഇല്ല എന്നു പറയിച്ചു അത്രേയുള്ളൂ.
ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ കണ്ണൻ നാണത്തോടെ തല താഴ്ത്തി നിന്നു. ദധിപാണ്ഡന്‍ ചോദിച്ചു 

"എന്ത് പറ്റി കണ്ണാ? എന്താ? "
"അത് അമ്മാവാ വഴിയിൽ നിറച്ചു ആളുകൾ ഉണ്ട്. പോരാത്തതിന് ആ ഗോപികമാരും."
"അതിനെന്താ കണ്ണാ"
കണ്ണന്റെ മുഖത്ത് നാണം കലർന്ന ഒരു കള്ളച്ചിരി. 

"അമ്മാവാ അവരെല്ലാം കളിയാക്കും. നിക്ക് ഒരു പട്ടുകോണകം തരൂ. "
ദധിപാണ്ഡൻ പൊട്ടിച്ചിരിച്ചു. 

"കൃഷ്ണാ ഇതിപ്പോൾ ഇങ്ങനെ തന്നെയല്ലേ
ഇങ്ങോട്ട് വന്നത്. പിന്നെന്താ? "
"ഇങ്ങോട്ട് വരുമ്പോൾ ഞാൻ കണ്ണടച്ചാണ് ഓടീത്."

കേവലം മാനുഷ ബാലനായി ലീലയാടുന്ന കണ്ണന്റെ നിഷ്കളങ്ക ഭാവം കണ്ട ദധിപാണ്ഡന്‍ എല്ലാം മറന്ന് കണ്ണനെ മാറോടു ചേർത്തു. കണ്ണന് പട്ടുകോണകം നല്ല ഇഷ്ടാണ് എന്ന് അദ്ദേഹവും കേട്ടീട്ടുണ്ട്. എന്നെങ്കിലും കണ്ണൻ വന്നാൽ നൽകാൻ കരുതി വച്ച പട്ടുകോണകം കണ്ണനെ ഉടുപ്പിച്ചു. കണ്ണൻ സന്തോഷത്തോടെ തിരിച്ചു പോയി.

ഭക്തിയുടെ മഹത്വം കണ്ട് ദേവന്മാർ അത്ഭുതപ്പെട്ടു. ഭക്തനോട്‌ ബന്ധമുണ്ടായത് കാരണം  അചേതന വസ്തുക്കൾക്ക്‌ പോലും ഭഗവാന്‍ മോക്ഷം നൽകി അനുഗ്രഹിച്ചിരിക്കുന്നു.


ജയിക്കട്ടെ ശ്രീകൃഷ്ണ ഭഗവാൻ
ജയിക്കട്ടെ ദേവി രാധിക
ജയിക്കട്ടെ ജയിക്കട്ടെ
ശ്രീമദ് ഭാഗവതം പുണ്യം
ജയിച്ചീടട്ടെ എന്നെന്നും
ശ്രീകൃഷ്ണ പ്രേമ ഭക്തരും

രാധേ ശ്യാം!


സുദർശന രഘുനാഥ്
വനമാലി