രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി.
അസുരന്മാരുടെ ശില്പിയായ മയന്റെ മകളാണ് മണ്ഡോദരി. മകൾ എന്നു ശരിക്കും പറയുക വയ്യ; വളർത്തു മകളാണ്. ഒരു പൊട്ടക്കിണറ്റിൽനിന്നാണ്, അതിനടുത്തു തപസ്സുചെയ്യുകയായിരുന്ന മയൻ-ഹേമ ദമ്പതിമാർക്ക് അവളെ ലഭിച്ചത്.
പഞ്ചകന്യകമാരിൽ ഒരാളായ മണ്ഡോദരി രാവണന്റെ ഭാര്യ ആണ്.
ശില്‌പകലയിൽ അതുല്യനാണ് മയൻ. ദേവൻമാർക്കും അസുരൻമാർക്കും ഒരുപോലെ പ്രിയങ്കരൻ. ദേവലോകത്തുവെച്ചു കണ്ട ഹേമ എന്ന അപ്‌സരസ്‌ത്രീയിൽ മയൻ പ്രേമവിവശനായിത്തീർന്നു. ദേവൻമാർ അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്‌തു.
മയൻ-ഹേമ ദമ്പതികൾക്കു രണ്ടു പുത്രന്മാരുണ്ടായി. എങ്കിലും ഒരു പെൺകുഞ്ഞിനുവേണ്ടി അവർ ആഗ്രഹിച്ചു. ആ ആഗ്രഹം സാധിക്കാനായിരുന്നു തപസ്സ്.
മയൻ-ഹേമ ദമ്പതികൾക്കു രണ്ടു പുത്രന്മാരുണ്ടായി. എങ്കിലും ഒരു പെൺകുഞ്ഞിനുവേണ്ടി അവർ ആഗ്രഹിച്ചു. ആ ആഗ്രഹം സാധിക്കാനായിരുന്നു തപസ്സ്.
അവർ തപസ്സു ചെയ്യുന്ന വനത്തിലെ പൊട്ടക്കിണറ്റിൽ ഒരു തവള-മണ്ഡൂകം-ഉണ്ടായിരുന്നു. പാർവ്വതിയുടെ ശാപത്താൽ മധുര എന്ന ദേവസ്‌ത്രീയാണ് അങ്ങനെ കഴിയുന്നത്. പാർവ്വതി ഇല്ലാത്ത അവസരത്തിൽ മധുര, സോമവാരവ്രതം അനുഷ്‌ഠിച്ചു കൈലാസത്തിൽ ശിവപൂജയ്‌ക്ക് എത്തുകയുണ്ടായി. സംപ്രീതനായ ശിവൻ മധുരയെ ആശ്ലേഷിച്ചു. അതു കണ്ടുകൊണ്ടു വന്ന പാർവതി ശപിക്കുകയായിരുന്നു.
“നീ പൊട്ടക്കിണറ്റിൽ മണ്ഡൂകമായിത്തീരട്ടെ!”
ശാപം ഉടനെ ഫലിച്ചു. ശാപമോക്ഷത്തിനുവേണ്ടി പൊട്ടക്കിണറ്റിൽനിന്നു മധുര എന്ന മണ്ഡൂകം നിലവിളി തുടങ്ങി. ശിവന് അതു കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. സോമവാരവ്രതം നോറ്റു, തന്നെ സന്തോഷിപ്പിച്ച ഭക്തയുടെ ദുരവസ്ഥ ഭഗവാൻ മാറ്റേണ്ടതല്ലേ?
മണ്ഡൂകമായി കഴിയുന്ന മധുരയുടെ അരികിലെത്തി ശിവൻ അനുഗ്രഹിച്ചു. “നീ പന്ത്രണ്ടുവർഷം കഴിഞ്ഞാൽ സുന്ദരിയായ ഒരു പെൺകുഞ്ഞായി മാറും. ഒരു രാജകുമാരിയായി വളർത്തപ്പെടും മഹാ പ്രതാപിയായ ഒരാളുടെ പത്‌നിയും വീരസന്താനങ്ങളുടെ മാതാവുമായി ഏറെക്കാലം ജീവിക്കും.”
അങ്ങനെ പന്ത്രണ്ടു വർഷം തികയുന്ന ദിവസമാണ്, മയനും ഹേമയും പൊട്ടക്കിണറ്റിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. വർഷങ്ങളോളം തവളയായി ജീവിച്ച മധുര എന്ന ദേവസ്‌ത്രീയാണ് അതെന്ന് അവരുണ്ടോ അറിയുന്നു!
മയനും ഹേമയും കൂടി കുഞ്ഞിനെ കിണറ്റിൽനിന്നും പുറത്തെടുത്തു. സുന്ദരിയായ ഒരു പെൺകുഞ്ഞ്! തങ്ങളുടെ തപസ്സിന്റെ ഫലമായി ലഭിച്ച ശിവപ്രസാദമായി അവർ ആ കുഞ്ഞിനെ കണ്ടു.
മണ്ഡോദരി എന്നാണ് അവർ കുഞ്ഞിനു പേർ നൽകിയത്. മയന്റെ കൊട്ടാരത്തിൽ രാജകുമാരിയായി അവൾ വളർന്നു. യൗവനയുക്തയായ ആ സുന്ദരിയെ ഒരു ജൈത്രയാത്ര കഴിഞ്ഞു വരികയായിരുന്ന രാവണൻ കണ്ടു മോഹിച്ചു. പിതാവായ മയൻ അവളെ സന്തോഷപൂർവ്വം രാവണനു വിവാഹം ചെയ്‌തു കൊടുക്കുകയും ചെയ്‌തു.
ഈ കഥയിൽ ഒരു താരതമ്യത്തിനു പ്രസക്തിയുണ്ട്. വളർത്തു മകൾ എന്ന പ്രത്യേകതയാണത്. മയാസുരന്റെ വളർത്തുമകളായ മണ്ഡോദരി (പൂർവ്വജന്മത്തിൽ ശിവഭക്തയാണവൾ) രാവണന്റെ ഭാര്യയായിത്തീരുന്നു.
അപ്പുറം, രാമപക്ഷത്തേയ്‌ക്കും ഒന്നു നോക്കൂ. ജനക മഹാരാജാവിന്റെ വളർത്തുമകളായ സീത (പൂർവ്വജന്മത്തിൽ വിഷ്‌ണുഭക്തയായ വേദവതിയാണവൾ) ശ്രീരാമപത്‌നിയാകുന്നു. ഇരുപക്ഷത്തേയും നായികമാർ വളർത്തുപുത്രിമാർ!
സീതയെ ഉഴവുചാലിൽനിന്നാണ് ജനകമഹാരാജാവിനു കിട്ടിയത്. മണ്ഡോദരിയെ മയാസുരനു പൊട്ടക്കിണറ്റിൽനിന്നും ലഭിച്ചു. രണ്ടും സുന്ദരിമാർ!
ഹനുമാൻ ആദ്യമായി മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ അല്‌പം അമ്പരക്കാതിരുന്നില്ല. ഒറ്റനോട്ടത്തിൽ സീതയാണെന്നു തോന്നിപ്പോയത്രെ ഹനുമാന്!
“സീതയാണെന്നു നണ്ണിപ്പോയ്
രൂപയൗവനലക്ഷ്‌മിയാൽ”
എന്നുളള വാല്‌മീകിവാക്യം ശ്രദ്ധേയമാണ്.
No comments:
Post a Comment