ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 17, 2017

കൊട്ടാരക്കര ഉണ്ണിയപ്പം


പ്രസാദം പവിത്രം
കൊട്ടാരക്കര ഉണ്ണിയപ്പം ലോകപ്രസിദ്ധമാണ്. വിശ്വാസവും സ്വാദും , ആത്മീയ-ഭൗതിക ലോകങ്ങളെ ഈ പ്രസാദവുമായി കൂട്ടിയിണക്കുന്നു. ഗണപതി ക്ഷേത്രത്തില്‍ ഗണപതി നടയിലെ തിടപ്പള്ളിയിലൊരുക്കിയ അപ്പക്കാരയിലാണ് ഉണ്ണിയപ്പം വഴിപാടു തയ്യാര്‍ ചെയ്യുന്നത്.

പരമശിവക്ഷേത്രത്തില്‍ ഉപദേവനായി പ്രതിഷ്ഠിക്കപ്പെട്ട മകന്‍ മഹാഗണപതിയിലൂടെ കൂടുതല്‍ പ്രസിദ്ധമായ ക്ഷേത്രത്തില്‍ ഗണപതിക്ക് ഉണ്ണിയപ്പം വഴിപാടായതിന് പിന്നിലെ ഐതിഹ്യം ഇതാണ്. പെരുന്തച്ചനാണ് ഈ ഗണപതി വിഗ്രഹം കൊത്തിയത്. കൊട്ടാരക്കരയിലെ പടിഞ്ഞാറ്റിന്‍കരയില്‍ ഒരു പ്ലാവിന്റെ മൂട്ടിലാണ് പെരുന്തച്ചന്‍ ഗണപതിയുടെ വിഗ്രഹം കൊത്തിയത്. പക്ഷേ, വിഗ്രഹം പടിഞ്ഞാറ്റിന്‍ കര ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ സമ്മതിച്ചില്ലത്രെ.

എന്നാല്‍ കൊട്ടാരക്കര ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അനുവാദം നല്‍കുകയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ശിവ-പാര്‍വതി പ്രതിഷ്ഠകളുള്ളതിനാല്‍ തെക്കോട്ടു ദര്‍ശനമായി ഗണപതിയെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ.

ഗണപതിക്ക് എന്തു നിവേദ്യമാകുമെന്ന് പെരുന്തച്ചന്‍ ശാന്തിക്കാരനോട് ചോദിച്ചപ്പോള്‍, ഉണ്ണിയപ്പം ചുട്ടുകൊണ്ടിരുന്ന ശാന്തിക്കാരന്‍ ‘കൂട്ടപ്പം ആയിക്കൊള്ളട്ടെ’ എന്നുപറഞ്ഞുവത്രേ. അന്നുമുതല്‍ ഉണ്ണിയപ്പം ഇവിടത്തെ നിവേദ്യമായെന്ന് വിശ്വാസം.

വെളുപ്പിന് അഞ്ച് മണിക്ക് നട തുറക്കുമ്പോള്‍ കീഴ്ശാന്തിക്കാരന്‍ ഉണ്ണിയപ്പം ഉണ്ടാക്കിത്തുടങ്ങും, പതിനൊന്നരയോടെ വാര്‍ത്തുതീരും. വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെയും ഉണ്ടാക്കും. ഉണ്ണിയപ്പം അപ്പപ്പോള്‍ നിവേദിക്കുകയും ഭക്തര്‍ക്ക് നല്‍കുകയും ചെയ്യും.

ഉദയാസ്തമയ പൂജയുള്ള ദിവസം ഉണ്ണിയപ്പം മുഴുവന്‍ വഴിപാടു നടത്തുന്നവര്‍ക്കാണ്.

ഉണ്ണിയപ്പത്തിനുള്ള അരിപ്പൊടി തിടപ്പള്ളിക്ക് സമീപമുള്ള തുറന്ന പുരയില്‍ ഉരലില്‍ ഇടിച്ചാണുണ്ടാക്കുന്നത്.

അരിപ്പൊടി, ശര്‍ക്കര, നാളികേരം, കദളിപ്പഴം, ചുക്കുപൊടി, ഏലയ്ക്കാപൊടി എന്നിവയാണ് ചേരുവകള്‍. പക്ഷേ, ഇതിനപ്പുറം സ്വാദുപകരുന്ന ഉണ്ണിയപ്പ പ്രസാദത്തിന്റെ പവിത്ര മഹിമ ഒരിക്കല്‍ രുചിച്ചവര്‍ പുകഴ്ത്താതിരിക്കില്ല. അവര്‍ നുകരുന്ന ആത്മീയാനന്ദവും നാവിലെ സ്വദും പറഞ്ഞറിയിക്കാവല്ല.

No comments:

Post a Comment