ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 25, 2017

തുരീയാവസ്ഥ



സുഷുപ്തിയില്‍ ചിന്താസ്പന്ദനങ്ങളില്ല. സ്വപ്നത്തിലും ജാഗ്രദവസ്ഥയിലും ചിന്തയുടെ പ്രവര്‍ത്തനമുണ്ട്. എന്നാല്‍ സ്വപ്നത്തില്‍ ചിന്തയുടെ മേല്‍ മനസ്സിന് കാര്യമായ നിയന്ത്രണമില്ല. ജാഗ്രദവസ്ഥയില്‍ ചിന്തകളെ പരിശീലനത്തിലൂടെ മനസ്സിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ സാധ്യമാണ്. മനസ്സിന്റെ ഈ മൂന്ന് അവസ്ഥകളെയാണ് ആധുനിക ശാസ്ത്രത്തിന് പൊതുവെ അറിയാവുന്നത്.

എന്നാല്‍ അതിന്റെ നാലാമതൊരു അവസ്ഥയെ വേദാന്തദര്‍ശനം വെളിവാക്കുന്നു. അതാണ് തുരീയാവസ്ഥ. നാലാമത്തെ അവസ്ഥ എന്നാണ് ഇതിന്റെ അര്‍ത്ഥം തന്നെ. സുഷുപ്തിയില്‍ ബോധവും ചിന്തയും പ്രകടമല്ല. സ്വപ്നത്തിലും ജാഗ്രത്തിലും രണ്ടുമുണ്ട്. എന്നാല്‍ തുരീയാവസ്ഥയില്‍ ബോധമുണ്ട്, പക്ഷേ ചിന്താസ്പന്ദനങ്ങളില്ല. അതായത് ചിത്തവൃത്തി നിരോധനം എന്ന യോഗസാധ്യത കൈവന്നിരിക്കുന്ന സ്ഥിതി. ബോധാത്മകമായ ആനന്ദമാണ് അപ്പോഴുള്ള അനുഭവം.

സുഷുപ്തിയിലും തുരീയാവസ്ഥയിലും മനസ്സ് അതിന്റെ ആനന്ദമയകോശം എന്ന ഘടനാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വിവേകചൂഡാമണിയില്‍ സൂചിപ്പിക്കുന്നതുപോലെ, അപരിമേയമായ ഉണ്മ (ബ്രഹ്മം) അഥവാ പ്രജ്ഞാനം, ദ്രവ്യാവിഷ്‌കാര ഉപാധിയായ തമോഗുണത്തില്‍ പ്രതിബിംബിക്കുന്ന സ്ഥിതിയാണ് ആനന്ദമയകോശം. അതിനാല്‍ തമോഗുണപ്രധാനമായ സുഷുപ്തിയില്‍ ബ്രഹ്മാനന്ദാനുഭവമാകുന്നു.

ഈ ബോധാവസ്ഥകളെല്ലാം ആത്യന്തികമായി ഒരേയൊരു അടിസ്ഥാന വൈഭവത്തിന്റെ- പ്രജ്ഞാനത്തിന്റെ-താഴ്ന്നതും ഉദാത്തവുമായ ആവിഷ്‌കാരഘട്ടങ്ങളാണ്. ഇക്കാര്യമാണ് ശ്രീ ലളിതാസഹസ്രനാമസ്‌തോത്രത്തില്‍ വളരെ തന്മയത്വമായി ഒരൊറ്റവരിയില്‍ പ്രകാശിപ്പിക്കുന്നത്: സുപ്താപ്രാജ്ഞാത്മികാ തുര്യാ സര്‍വ്വാവസ്ഥാവിവര്‍ജിതാ-സുഷുപ്തി സ്വപ്ന ജാഗ്രത് തുര്യാ എന്നീ അവസ്ഥകള്‍ സ്വീകരിക്കുന്നവളും എന്നാല്‍ ഇവയ്‌ക്കെല്ലാം അതീതയും ആയ ദേവീ നമസ്‌കാരം എന്നാണ് ഈ വരിയുടെ സാരം. മാതൃഭാവത്തില്‍ ആരാധിക്കപ്പെടുന്ന ഉണ്മയുടെ-ബ്രഹ്മത്തിന്റെ-അനന്തമായ വൈഭവങ്ങളെയാണ് ശ്രീ ലളിതാസഹസ്രനാമസ്‌തോത്രത്തില്‍ സ്മരിക്കുന്നത്.

ആ സര്‍വസ്വതന്ത്ര ഉണ്മതന്നെയാണ് ആരാധകന്റെയും ആത്യന്തികസത്ത. ക്രമേണ ആ അപരിമേയ വൈഭവങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കുമാണ് യുക്തിയുക്തമായ ധ്യാനം നയിക്കുന്നത്. അതിനാല്‍, സ്വന്തം പരമമായ സത്തയെ സ്മരിക്കുകയാണ് ധ്യാനം. ഇക്കാര്യം വ്യക്തമാകുവാനായി അഹം എന്ന പദത്തിലേക്കും അതിന്റെ വ്യാപ്തിയിലേക്കും സാധ്യതകളിലേക്കും തുടര്‍ന്ന് അന്വേഷിച്ചു ചെല്ലാം.

No comments:

Post a Comment