പുസ്തകത്തില്‍നിന്ന്
‘ലളിതയുടെ ചൂടിക്കട്ടിലില്‍, തലയിണ ചാരി കുഞ്ഞുണ്ണി ഇരുന്നു. കൂട്ടിലേക്ക് ധാന്യം ശേഖരിക്കുന്ന കുരുവിയുടെ ഉത്സാഹത്തോടെ ലളിത അടുപ്പുകൂട്ടുകയും വെള്ളം തിളപ്പിക്കുകയും ചെയ്തു. തലയിണ ചാരി അവളോട് സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണിയുടെ ശ്രദ്ധ ഒരു മുക്കാലിപ്പുറത്ത് വച്ച ചെറിയ നിലവിളക്കില്‍ പതിഞ്ഞു. കട്ടിലില്‍നിന്നെഴുന്നേറ്റ് അയാള്‍ നിലവിളക്ക് കൈയിലെടുത്തു. അതില്‍ മെഴുത്ത് തീണ്ടിയിരുന്നില്ല.
”ഇത് അലങ്കാരവസ്തുവാ?”
”അതെ,”
”ഇവടെ പഴന്തുണീണ്ടോ?” കുഞ്ഞുണ്ണി ചോദിച്ചു. ലളിതയ്ക്ക് മനസ്സിലായില്ല.
അവള്‍ എവിടെനിന്നോ കുറച്ച് പഴന്തുണി തപ്പിയെടുത്തു. കുഞ്ഞുണ്ണി അതു വാങ്ങി ചീന്തി നുറുക്കുകളാക്കി കൈപ്പത്തിയില്‍ തിരുപ്പിടിപ്പിച്ച് തിരികളുണ്ടാക്കി. എന്നിട്ട് എണ്ണയടുപ്പിന്റെ പരിസരത്തില്‍ നിലത്തു വച്ചിരുന്ന കടുകെണ്ണയെടുത്ത് വിളക്കിലൊഴിച്ചു.
”പോണവഴിക്ക് ആളൊഴിഞ്ഞ എവിടേങ്കിലും എത്തിയാല്‍,” കുഞ്ഞുണ്ണി പറഞ്ഞു, ”ഈ മാസികടെ കെട്ട് ഞാന്‍ വലിച്ചെറിയും.”
ലളിത ഒന്നും പറഞ്ഞില്ല.
”ഇന്ന് ലളിത ഈ വിളക്ക് കൊളുത്തണം.”
”കൊളുത്താം.”
”അച്ഛന്‍ ജപിച്ച മന്ത്രങ്ങള്‍ എന്തെങ്കിലും ഓര്‍മ്മേണ്ടോ?”
”ഉണ്ട്.”
”എന്നാല്‍, ലളിത ഇന്ന് അത് ജപിച്ചുതുടങ്ങണം.”
ലളിത കുഞ്ഞുണ്ണിയുടെ മുന്‍പില്‍ വന്നുനിന്നു.
”കുഞ്ഞുണ്ണിച്ചേട്ടാ-” അവള്‍ പറഞ്ഞു.
സാമീപ്യത്തിന്റെ നിമിഷത്തില്‍, സാമീപ്യത്തിന്റെ സമൃദ്ധമായ വിഷാദത്തില്‍, നമ്രശിരസ്‌കയായി നിന്ന പെണ്‍കുട്ടിയുടെ ഉള്‍ത്തലങ്ങളില്‍ സങ്കീര്‍ത്തനത്തിന്റെ മൗനധ്വനികള്‍ ഉയരുകയായിരുന്നു.”
(ഒ. വി. വിജയന്റെ ‘ഗുരുസാഗര’ത്തില്‍ നിന്ന്)
No comments:
Post a Comment