നിസ്സഹായനും പരിമിതനുമായി കഴിയുന്ന മനുഷ്യനെ സ്വതന്ത്രനായ മനുഷ്യാതീതന്റെ ആനന്ദത്തിലേക്ക് നയിക്കുന്ന ജൈവപ്രചോദനം മനുഷ്യനിലുണ്ട്. സ്വയം ഉണരാനുള്ള ഉപാധിയാണ് ധ്യാനം. വാനരനെ നരനായി പരിണമിപ്പിക്കുന്നതില്‍ പ്രകൃതിനിര്‍ദ്ധാരണം നല്ല പങ്കുവഹിച്ചു. ഭഗവദ്ഗീത 6-ാം അധ്യായത്തിലെ 5-ാം ശ്ലോകത്തില്‍ നിര്‍ദ്ദേശിക്കുംപോലെ സ്വയം ഉദ്ധരിക്കുവാനുള്ള ചുമതല പ്രകൃതി മനുഷ്യനെത്തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്.
അധപ്പതിക്കാതിരിക്കുവാനുള്ള ഉത്തരവാദിത്തവും മനുഷ്യനു തന്നെയാണെന്ന് അതേ ശ്ലോകത്തില്‍ ഓര്‍മിപ്പിക്കുന്നു. കര്‍മത്തിന്റെ രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്ന മനുഷ്യസ്ഥിതിയില്‍, സ്വന്തം പ്രവണതകളെ വിവേചിച്ചറിഞ്ഞ് പരിണമിച്ചുയരാന്‍ സഹായിക്കുവാനായി ‘ദൈവാസുരസമ്പദ്‌വിഭാഗയോഗം’ എന്ന അധ്യായവും അതിലുണ്ട്. മനസ്സിനെ ഉദ്ധരിക്കുവാന്‍ സഹായിക്കുന്ന അറിവാണിത്.
യുദ്ധം ഒഴിവാക്കാന്‍ മറ്റൊരു യുദ്ധത്തിന് സാധ്യമല്ലെന്ന് രണ്ടാം ലോകമഹായുദ്ധം വ്യക്തമാക്കി. ഇനിയൊരു യുദ്ധം സര്‍വവിനാശകമാകും. ഒന്നുകില്‍ നാശം അല്ലെങ്കില്‍ പരിണാമപരമായ മുന്നേറ്റം- ഈ തിരഞ്ഞെടുക്കലിന്റെ സന്ദിഗ്ദ്ധാവസ്ഥയിലാണിന്ന് ആജ്ഞ; അല്ലെങ്കില്‍ നിന്നും സ്വയം നിര്‍മാര്‍ജ്ജനം ചെയ്തുകൊള്ളാനും. ഭൂഖണ്ഡാന്തരമിസൈലുകള്‍ ഭ്രാന്തമനസ്സുകള്‍ വികസിപ്പിക്കുമ്പോള്‍ കൃത്രിമാവയവ ഫാക്ടറികള്‍ സ്ഥാപിക്കുന്നതുകൊണ്ടോ കൃത്രിമബുദ്ധി വികസിപ്പിച്ചെടുക്കുന്നതുകൊണ്ടോ എന്തു നേടാനാണ്!
ഉള്ളിലേക്ക് കടന്നു ചെന്നുള്ള ബോധപൂര്‍വമായ വികാസമാണ് ഉദാത്തമായ പരിണാമഘട്ടത്തിലേക്ക് നയിക്കുന്നതെന്ന സന്ദേശമാണ് മഹാഭാരതയുദ്ധത്തില്‍ വെളിവാക്കുന്നത്. തന്നെപ്പറ്റിതന്നെ അറിയുവാനും സ്വയം സ്ഫുടം ചെയ്യുവാനും സഹായിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളും സംഭവങ്ങളും സന്ദേശങ്ങളുമാണ് അതിലൂടെ മനുഷ്യമനസ്സില്‍ വന്ന് അണിനിരക്കുന്നത്! യുദ്ധം അപ്രസക്തമാക്കുന്നതില്‍ ധ്യാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ അവബോധം ആര്‍ജിക്കേണ്ട കാലഘട്ടമാണിത്.
No comments:
Post a Comment