ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 27, 2017

പുഞ്ചിരിയുടെ മഹത്വം


മറ്റുള്ളവര്‍ക്കുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, ദുഃഖിക്കുന്നവരെക്കാണുമ്പോള്‍ സ്‌നേഹപൂര്‍വ്വം ഒന്നുപുഞ്ചിരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.
മക്കളെ, ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യമാണ് നമ്മുടെ മുഖത്ത് പുഞ്ചിരിയായി പ്രകടമാകുന്നത്. എവിടെ ആത്മാര്‍ത്ഥമായ പുഞ്ചിരിയുണ്ടോ അവിടെ സ്‌നേഹവും കാരുണ്യവും ക്ഷമയും സന്തോഷവുമുണ്ടാവും. പുഞ്ചിരി നമ്മുടെ ജീവിതത്തെ ശോഭനമാക്കുന്നു. അത് മറ്റു ഹൃദയങ്ങളിലെ ദുഃഖവും നിരാശയുമാകുന്ന ഇരുളകറ്റി പ്രകാശം പരത്തുന്നു.

ഒരിക്കല്‍, ഒരാള്‍ വളരെ ദുഃഖിതനായി വഴിയരികില്‍ നില്‍ക്കുകയായിരുന്നു. അതു വഴി നടന്നുപോയ ഒരു കൊച്ചു പെണ്‍കുട്ടി അയാളെ നോക്കി വെറുതെ ഒന്നു പുഞ്ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ട് ജീവിതാശ തന്നെ നഷ്ടപ്പെട്ട ആ മനുഷ്യന്, ആ പുഞ്ചിരി എന്തെന്നില്ലാത്ത ആശ്വാസം നല്‍കി. ഒരാളെങ്കിലും തന്നെ നോക്കി ചിരിക്കുവാനുണ്ടല്ലോ എന്ന ചിന്ത അദ്ദേഹത്തിന് ഉന്മേഷം പകര്‍ന്നു. അപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ വളരെ പ്രതികൂല സാഹചര്യത്തില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെ അദ്ദേഹം ഓര്‍ത്തു. തന്റെ സന്തോഷം പങ്കുവെയ്ക്കാനായി ഒരു കത്തെഴുതി തന്റെ പഴയ സുഹൃത്തിനയച്ചു.

കുറെക്കാലമായി ഒരു വിവരവുമില്ലാതിരുന്ന സുഹൃത്തിന്റെ കത്തുകിട്ടിയപ്പോള്‍, കൂട്ടുകാരനും വളരെ സന്തോഷം തോന്നി. ആ സന്തോഷത്തില്‍ അദ്ദേഹം അടുത്തുനിന്ന ഒരു സാധുവിനു പത്തുരൂപ എടുത്തുകൊടുത്തു. അയാള്‍ ആ തുക കൊണ്ടു് ഒരു ലോട്ടറി ടിക്കറ്റു വാങ്ങി. അദ്ഭുതമെന്നു പറയട്ടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കു തന്നെ. ലോട്ടറിത്തുകയും വാങ്ങി പോകുമ്പോള്‍, വഴിയരികില്‍ ഒരു യാചകന്‍ അസുഖമായി കിടക്കുന്നതുകണ്ടു. ദൈവം തനിക്കു തന്ന പണമല്ലെ, അതില്‍കുറച്ചു് ആ പാവത്തിന് ഉപകരിക്കട്ടെ എന്നുചിന്തിച്ചു, അയാള്‍ ആ യാചകനെ ആശുപത്രിയില്‍ എത്തിച്ചു; ചികിത്സയ്ക്കുവേണ്ട പണവും നല്‍കി.

ആ യാചകന്‍, അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു നായ്ക്കുട്ടി വെള്ളത്തില്‍ വീണു കുതിര്‍ന്നു തളര്‍ന്നു കിടക്കുന്നതു കാണാനിടയായി. തണുപ്പും വിശപ്പും കാരണം അതു നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍, ആ നായ്ക്കുട്ടിയെ തന്റെ വസ്ത്രത്തില്‍പൊതിഞ്ഞു തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്‍പ്പം തീ കൂട്ടി തണുപ്പകറ്റി. തന്റെഭക്ഷണത്തോടൊപ്പം, ആ നായ്ക്കും ആഹാരം നല്‍കി. തണുപ്പു മാറി ആഹാരവും കിട്ടിയപ്പോള്‍, നായ്ക്കുട്ടിയുടെ തളര്‍ച്ച മാറി. അത് ആ യാചകന്റെ പിന്നാലെകൂടി. അവര്‍ ആ രാത്രി അന്തിയുറങ്ങാന്‍ ഒരു വീട്ടുകാരോട് അനുവാദം ചോദിച്ചു; വീടിന്റെ വരാന്തയില്‍ കിടക്കുവാന്‍ അനുവാദം നല്‍കി.

അന്നുരാത്രി, നായയുടെ നിലയ്ക്കാത്ത കുരകേട്ട് ആ യാചകനും വീട്ടുകാരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍, വീടിന്റെ ഒരു ഭാഗത്ത് തീ പടരുന്നതാണ് കണ്ടത്. ആ വീട്ടിലെ ഒരേ ഒരു കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണു തീപ്പിടിച്ചത്. വീട്ടുകാര്‍ വേഗം തന്നെ കുട്ടിയെ പുറത്തെടുത്തു. എല്ലാവരും ശ്രമിച്ച് തീ അണച്ചു. ആ യാചകനും നായ്ക്കും കിടക്കാന്‍ ഇടം നല്‍കിയത്, ആ വീട്ടുകാര്‍ക്ക് അനുഗ്രഹമായി. തീയില്‍നിന്നും രക്ഷപ്പെട്ട ആ ബാലന്‍ വളര്‍ന്നുവലുതായപ്പോള്‍ ഒരു മഹാത്മാവായിത്തീര്‍ന്നു. ആ മഹാത്മാവിന്റെ സാമീപ്യത്തില്‍ അനേകം ജനങ്ങള്‍ ശാന്തിനേടി.

ഇതിന്റെയെല്ലാം തുടക്കം ആ കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയില്‍നിന്നായിരുന്നു. അത് എത്ര പേരുടെ ജീവിതത്തെയാണ് സ്വാധീനിച്ചത്; എത്രയോ പേരുടെ ഹൃദയങ്ങളില്‍ കാരുണ്യവും സ്‌നേഹവും ഉണര്‍ത്താനും, അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനും ആ പുഞ്ചിരിക്കു കഴിഞ്ഞു! മറ്റുള്ളവര്‍ക്കുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, ദുഃഖിക്കുന്നവരെക്കാണുമ്പോള്‍ സ്‌നേഹപൂര്‍വ്വം ഒന്നുപുഞ്ചിരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.
മാതാ അമൃതാനന്ദമയി

No comments:

Post a Comment