ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, April 16, 2017

അഭിമന്യു വധം --- യഥാർത്ഥ കഥ - പുരാണകഥകൾ,

Image result for അഭിമന്യു
 വെറും വ്യാസഭാരതത്തിൽ മാത്രമൊതുങ്ങാതെ , മറ്റു ഭാരത ഗ്രന്ഥങ്ങളെയും കണക്കിലെടുത്തു , എന്നാൽ വ്യാസഭാരതത്തിൽ വർണ്ണിച്ചതുപോലെ , തയ്യാറാക്കിയ മഹാഭാരത ഭാഗമാണിത് . വ്യാസൻ പറയാതെ വിട്ടുപോയ ഭാഗങ്ങളെ ഇതിൽ മറ്റു ഗ്രന്ഥങ്ങളുടെ സഹായത്തോടെ കൂട്ടി ചേർത്തിരിക്കുന്നു . 

അവലംബം :- [വ്യാസഭാരതം , ശുകഭാരതം , സരളാ ഭാരതം ( ഒറിയ ), ബംഗാളീ ഭാരതം , വൈശംപായന കൃതി ]



അഭിമന്യു യുദ്ധം :-

മരണത്തിന്റെ 13 ആം ദിവസം,  ഈ അഭിമന്യു പൂർവ്വജന്മത്തിൽ " വർച്ചസ്‌ " എന്ന ചന്ദ്രപുത്രനാണ് .ഈ വർചസ്സാണ് , ചന്ദ്രന്റെ പാലൊളി കിരണങ്ങളെ ലോകമാസകലം വ്യാപിപ്പിക്കുന്നത് . അന്നേ ദിവസം തന്നെ , ജീവിതമവസാനിപ്പിച്ചു അവനു പിതാവായ ചന്ദ്രന്റെയടുത്തു എത്തേണ്ടതുണ്ട് . ചന്ദ്രദേവൻ നൽകിയ വരമനുസരിച്ചു , അതിശക്തനായി മാറിയ അഭിമന്യുവിനെ തകർക്കുവാൻ കർണ്ണനോ ദ്രോണനോ പോലും സാധിക്കുന്നില്ല .

അഭിമന്യുവിനെ കൊല്ലുവാൻ മനുഷ്യർക്ക് സാധ്യമല്ല .കാരണം അവൻ മനുഷ്യനല്ല . ജനിച്ചപ്പോൾ തന്നെ തൃകാല ജ്ഞാനവും , പതിനായിരം ആനയുടെ ബലവും , ബൃഹസ്പതിക്കു തുല്യമായ ബുദ്ധിയുമുണ്ടായിരുന്നവനാണ് അഭിമന്യു .അതുകൊണ്ടാണ് ഗര്ഭത്തിലിരിക്കെ തന്നെ , കൃഷ്ണന്റെയും , അർജുനന്റെയും സംഭാഷണത്തിൽ നിന്നും , ചക്രവ്യൂഹം തകർക്കുന്ന വിദ്യ പഠിച്ചത് . കൂടാതെ അവന്റെ അമ്മാവൻ , സാക്ഷാൽ കൃഷ്ണനാണ് . അമ്മയാകട്ടെ , ലോകമാതാവായ കാർത്യായനിയുടെ അംശവും . സുഭദ്രാ ദേവി , കാർത്യായനിയാണ് . അവര് അഭിമന്യുവിന് പല നിഗൂഢ വിദ്യകളും , " ശാക്തികം " എന്നൊരു അസ്ത്രവും നൽകുന്നുണ്ട് .ഈ അസ്ത്രം അര്ജ്ജുനന് പോലുമില്ല .കൂടാതെ ഭഗവാൻ കൃഷ്ണനും , ധാരാളം നിഗൂഢമായ വിദ്യകൾ അവനുപദേശിച്ചു കൊടുത്തിരുന്നു . അതൊന്നും അര്ജ്ജുനന് പോലുമില്ലായിരുന്നു .അർജ്ജുനനും തന്റെ അസ്ത്രങ്ങളെല്ലാം അഭിമന്യുവിന് കൊടുത്തിട്ടുണ്ടായിരുന്നു .


ചക്രവ്യൂഹത്തിനുള്ളിൽ അകപ്പെട്ടുപോയ അഭിമന്യു , തിരിച്ചു പോകാനുള്ള വഴിയടഞ്ഞു എന്ന് കണ്ടപ്പോൾ , തന്റെ മരണം തീർച്ചപ്പെടുത്തി . ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ അഭിമന്യു കഴിവതും ശത്രുക്കളെ വധിച്ചു , അഭിമാനത്തോടെ മരിക്കുവാൻ തീരുമാനിക്കുന്നു . എന്നാൽ ഈ വിവരം അവൻ ആരോടും പറഞ്ഞില്ല . പിതാവായ അർജ്ജുനനെയും , അമ്മാവനായ കൃഷ്ണനെയും സ്മരിച്ചുകൊണ്ട് , തന്റെ വില്ലായ അജഗവം കയ്യിലെടുത്തു ഗർജ്ജിച്ചു കൊണ്ട് സൈന്യത്തിന് നേരെ വരുണാസ്ത്രം തൊടുത്തു വിട്ടു . ശേഷം ശത്രുനിരയിലെ സേനാപതികളെ കൊന്നുമുടിച്ചുകൊണ്ടു മുന്നേറുന്നു .പർവ്വതത്തിൽ നിന്നും ജലമൊഴുകും പോലെ അഭിമന്യുവിന്റെ രഥത്തിൽ നിന്നും ബാണങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരുന്നു . അതേറ്റു കൗരവപ്പട തകർന്നു . ദുര്യോധനൻ ഭാസ്കരാസ്ത്രം പ്രയോഗിച്ചു അഭിമന്യുവിന്റെ വരുണാസ്ത്രത്തെ അടക്കിയിട്ടു അവനോടു യുദ്ധത്തിലേർപ്പെട്ടു . എന്നാൽ ദ്രോണരും കർണ്ണനും സംയുക്തമായി പരിശ്രമിച്ചു അഭിമന്യുവിൽ നിന്നും ദുര്യോധനനെ രക്ഷിച്ചു .
അഭിമന്യൂ കൗരവസൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ കൊന്നൊടുക്കുകയായിരുന്നു. ആര്‍ക്കും ആ യുവാവിന്റെ മുന്നേറ്റം തടുക്കാനായില്ല. ശല്യപുത്രനായ രുഗമരഥന്‍ അഭിമന്യുവിനെ വെല്ലുവിളിച്ചെങ്കിലും ഏറെത്താമസിയാതെ അഭിമന്യൂവാല്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന ശല്യരുടെ ഒന്നിലധികം പുത്രന്മാര്‍ അഭിമന്യൂവിനോടേറ്റുമുട്ടിയെങ്കിലും അഭിമന്യുവിന്റെ ശരാസ്‌ത്രങ്ങളാല്‍ പീഢിതരായി പോര്‍ക്കളം വിട്ടു. 


അശ്വത്ഥാമാവ്‌, ദ്രോണര്‍, കൃപര്‍, എന്നിവരോട്‌ അഭിമന്യൂ നിര്‍ത്താതെ പൊരുതി. ഇടയ്‌ക്കെത്തിയ ജയദ്രഥനും കടുത്ത രീതിയില്‍ പ്രഹരമേറ്റു. തന്റെ കൂട്ടാളികളെ ക്രൂരമായി വഴിയില്‍ തടഞ്ഞത്‌ ഇയാളാണെന്ന ധാരണ അഭിമന്യൂവില്‍ ദൃഢമായിരുന്നു. ആറു മഹാരഥന്മാരോടും ആ യുവാവ്‌ ഒറ്റയ്‌ക്കു പോരാടി.

പിന്നീട് മഹാനായ കർണ്ണൻ അഭിമന്യുവിനോട് ഏറ്റുമുട്ടി . വളരെനേരം അവർ തമ്മിൽത്തമ്മിൽ പൊരുതിയെങ്കിലും , അവസാനം മാതാവായ സുഭദ്രാ ദേവി നല്കിയിരുന്ന  " ശാക്തികം "  എന്ന അസ്ത്രം അഭിമന്യു കര്ണ്ണന് നേരെ പ്രയോഗിച്ചു . ആ അസ്ത്രമേറ്റു കര്ണ്ണന് മുറിവ് പറ്റുകയും , കുതിരകളും തേരാളിയും  തേരുമെല്ലാം പൊടിഞ്ഞു കർണ്ണൻ പരാജിതനാവുകയും ചെയ്തു .അതിനു ശേഷം ഇന്ദ്രാസ്ത്രം പ്രയോഗിച്ചു കർണ്ണന്റെ ഒരു സൂത സഹോദരനെയും വധിച്ചു .

സഹോദരൻ മരണപ്പെട്ടതുകൊണ്ടു ദുഖിതനായ കർണ്ണൻ കോപത്തോടെ അഭിമന്യുവിന് നേരെ ഭാർഗ്ഗവാസ്ത്രം തൊടുത്തുകൊണ്ടു യുദ്ധം ചെയ്തു . മുറിവേറ്റു ആർത്തനും കോപാന്ധനുമായ  അഭിമന്യു  എതിരില്ലാത്ത ആ അസ്ത്രത്തെ അമ്മാവനായ ശ്രീകൃഷ്ണൻ നൽകിയിരുന്ന  "വൈഷ്ണവാസ്ത്രം"  കൊണ്ട് തടുത്തു . വൈഷ്ണവാസ്ത്രത്തിൽ നിന്നും പുറപ്പെട്ട ഭയാനകമായ വജ്രങ്ങളും ക്ഷുരപ്രങ്ങളും കർണ്ണനെയും സൈന്യത്തെയും മൂടിക്കളഞ്ഞു . തേരും കുതിരയുമെല്ലാം നഷ്ടപ്പെട്ട കർണ്ണൻ യുദ്ധഭൂമിയിൽ നിന്നും നിരാശനായി പിൻവാങ്ങി . 

ഇത്തരത്തിൽ രണ്ടു പ്രാവശ്യം കർണ്ണൻ അഭിമന്യുവിനോട് പരാജയപ്പെട്ടു .
കൗരവസൈന്യം തകർന്നു പൊളിയുകയാണ് . ചക്രവ്യൂഹം അഴിഞ്ഞു തുടങ്ങി . ഇതുകണ്ട് ദ്രോണന് ഭയവും അത്ഭുതവും ബാധിച്ചു . ഭീകരമായ  അഭിമന്യുവിന്റെ വൈഷ്ണവാസ്ത്രം സൈന്യത്തിൽ പടർന്നേൽക്കുന്നു . കൗരവസൈന്യം ചത്തു വീണുകൊണ്ടിരിക്കുന്നു . ഈ സമയം ചിരംജീവിയും , മഹാബലവാനുമായ അശ്വത്ഥാമാവ് അഭിമന്യുവിനോട് യുദ്ധത്തിന് തയ്യാറായി വന്നു . കൗരവർക്കു ജീവൻ തിരിച്ചു കിട്ടിയതുപോലെ ആശ്വാസമായി .


മഹാനായ അശ്വത്ഥാമാവ് , ദ്രോണന് പരശുരാമനിൽ നിന്നും ലഭിച്ച രുദ്രാസ്ത്രം അഭിമന്യുവിന് നേരെ തൊടുത്തു വിട്ടു . അത് അഭിമന്യുവിന്റെ വൈഷ്ണവാസ്ത്രത്തെ ശാന്തമാക്കി . തന്റെ അസ്ത്രം നശിച്ചതുകണ്ടു കോപാന്ധനായി മാറിയ അഭിമന്യു അശ്വത്ഥാമാവിനോടേറ്റു . പരസ്പരം അസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞ അവർ , വളരെനേരം പോരടിച്ചു . ഈ സമയം ദുര്യോധനന്റെ മകനായ ലക്ഷ്മണനും അഭിമന്യുവിനോട് യുദ്ധത്തിന് വന്നു .


പിന്നീട് സമപ്രായക്കാരായ ആ കുമാരന്മാർ തമ്മിലായി യുദ്ധം . യുദ്ധം അതിന്റെ മൂര്ധന്യത്തിലെത്തിയപ്പോൾ , അഭിമന്യു തന്റെ മാതാവായ സുഭദ്ര നൽകിയിരുന്ന ശാക്തികബാണം കയ്യിലെടുത്തു . എന്നിട്ടു ഇങ്ങനെ വിളിച്ചു പറഞ്ഞു . " ലക്ഷ്മണാ , ഈ ലോകത്തെ നീ അവസാനമായി ഒന്ന് നോക്കി കണ്ടുകൊള്ളൂ ... നിന്റെ പിതാവ് നോക്കി നിൽക്കേ , നിന്നെ ഞാൻ പരലോകത്തേക്കു പറഞ്ഞയയ്ക്കുകയാണ് " ... തുടർന്ന് അഭിമന്യു പ്രയോഗിച്ച ശാക്തിക ബാണമേറ്റു , ലക്ഷ്മണൻ മരിച്ചു വീണു . തലയറ്റ പുത്രന്റെ ഉടല് നോക്കികൊണ്ട്‌ ദുര്യോധനൻ പല്ലിറുമ്മി കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു ....... " അവനെ കൊല്ലുക .......അവനെ കൊല്ലുക ........ഇല്ലെങ്കിൽ ഞാൻ പ്രാണൻ വെടിയും" .

അതിനു ശേഷം , ദ്രോണർ , കർണ്ണൻ , കൃപൻ , ശല്യൻ , ബൃഹത്‌ബലൻ, ഹാർദ്ദിക്യൻ , അശ്വത്ഥാമാവ് എന്നിവരും അഭിമന്യുവിനെ എതിരിട്ടു . നിഷാദാരെയും , ബൃഹത്‌ബലനെയും, വൃന്ദാകരനെയും, ഇരുപതിനായിരം ക്ഷത്രിയരെയും , പതിനായിരം യോദ്ധാക്കളെയും , കലിംഗരുടെ ഗജസേനയെയും അഭിമന്യു സംഹരിച്ചു . കൂടാതെ കർണ്ണന്റെ ആറ് മന്ത്രിമാർ , സൂര്യഭാസ് , ചന്ദ്രകേതു , ശത്രുഞ്ജയൻ , അശ്വകേതു , മാർത്തികാവതൻ , കുഞ്ചരകേതു എന്നീ രാജാക്കളും കൊല്ലപ്പെട്ടു . കർണ്ണൻ വീണ്ടും ധീരമായി പോരടിച്ചെങ്കിലും , ഒടുവിൽ പിന്തിരിഞ്ഞു . ഇത്തരത്തിൽ നശിച്ചു തുടങ്ങിയ സൈന്യത്തെ കണ്ടു ശകുനി ഭയത്തോടെ ദുര്യോധനനോട് പറഞ്ഞു . "---------ഇവനെ ഇനി ബാക്കി വച്ചുകൂടാ ... എന്ത് തന്ത്രമെങ്കിലും പ്രയോഗിച്ചു ഇവനെ ഉടനെ കൊന്നില്ലെങ്കിൽ , നമ്മെയെല്ലാം ഇവൻ വധിക്കും ...യുദ്ധം ഇന്നത്തോടെ തീരുകയും ചെയ്യും ---"



കൈരാതന്റെ പകയും , അഭിമന്യുവിന്റെ മരണവും :-
അസുരസൈന്യാധിപനായ രാഹുവിന്റെ ഇളയ പുത്രനായിരുന്നു കൈരാതൻ . ഇദ്ദേഹം കിരാതി എന്ന ഭാര്യയിൽ , രാഹുവിനു ഗുർജ്ജര ദേശത്തു ജനിച്ചവനാണ് . ഈ കൈരാതൻ പൂർവ്വജന്മത്തിൽ ദേവാസുരയുദ്ധത്തിൽ വച്ച് ചന്ദ്രപുത്രനായ വർച്ചസ്സുമായി ഏറ്റുമുട്ടി . ആ സമയം , മാരകമായ ആഭിചാരമന്ത്രം പ്രയോഗിക്കാനൊരുങ്ങിയ  കൈരാതന്റെ  നാവിൽ , ചന്ദ്രൻ വികട സരസ്വതിയായി പ്രവേശിക്കുകയും , മന്ത്രത്തിലെ ഉച്ചാരണത്തെറ്റു കൊണ്ട് കൈരാതന് മന്ത്രം തിരിച്ചടിക്കുകയും കൊല്ലപ്പെടുകയും ചെയ്തു .

ഈ കൈരാതനാണ് മഞ്ഞക്കണ്ണനായ ദുശ്ശാസ്സനൻറെ മകൻ " ഭരതൻ ". വർച്ചസ്സാണ് അഭിമന്യു . ജനിച്ചപ്പോൾ തന്നെ പൂർവ്വജന്മ വാസനയനുസരിച്ചു ഭരതകുമാരൻ വലിയ രാഹുഭക്തനും , രാഹുവിന്റെ അഥർവ്വോക്തമായ ആഭിചാരമന്ത്രം ജപിച്ചു നിത്യവും സന്ധ്യാവന്ദനാദികൾ ചെയ്യുന്നവനുമായിരുന്നു .

ഒരിക്കൽ ഒരു സന്ധ്യാവേളയിൽ , ഭരതൻ രാഹുവിനു ഉഴുന്ന് ധാന്യം നിവേദിച്ചു പൂജ നടത്തവേ , രാഹു പ്രത്യക്ഷനാവുകയും , ഭരതന്റെ ജന്മരഹസ്യം അവനെ ധരിപ്പിക്കുകയും ചെയ്തു . തുടർന്ന് ഭരതനോട്  അഭിമന്യു വധമാണ് അവന്റെ ജീവിത ലക്ഷ്യമെന്നും , അതിനു ശേഷം ഘടോൽക്കചന്റെ കയ്യാൽ മരണപ്പെട്ടു രാഹുലോകം പ്രാപിക്കുമെന്നും അരുളിച്ചെയ്തു . തുടർന്ന് ഒന്നാംതരം ഒരു ഇരുമ്പു ഗദയും രാഹു ഭരതന് നൽകിയിട്ടു മറഞ്ഞു .


തന്ത്രശാലിയായ ഭരതൻ ഈ കാര്യം ആരോടും പറഞ്ഞില്ല . ഇരുമ്പു ഗദയുമായി അഭിമന്യുവിനെ കൊല്ലുവാൻ അവൻ കാത്തിരുന്നു .

കർണ്ണനും ദ്രോണരുമായി ഇതിനോടകം ഒരു സംഭാഷണമുണ്ടായി . കർണ്ണൻ പറഞ്ഞു . "ആചാര്യാ! ഈ യുവാവിന്റെ കരുത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞങ്ങള്‍പോലും ശക്തരല്ലാതായിരിക്കുന്നു. ഇയാളെ കൊല്ലാന്‍ എന്തെങ്കിലും ഒരുപായം അങ്ങു കണ്ടെത്തിയേ തീരു!" ദ്രോണര്‍ പറഞ്ഞു. "----------അര്‍ജ്ജുന പുത്രനായ ഈ യുവാവ്‌ മഹരഥന്മാരില്‍ വെച്ച്‌ മഹാരഥനാണ്‌. ഇയാളെ കൊല്ലണമെങ്കില്‍ ഇയാളണിഞ്ഞിരിക്കുന്ന പടച്ചട്ട മുറിയ്‌ക്കണം. സ്വന്തം പിതാവണിയിച്ച ഈ പടച്ചട്ട അയാള്‍ക്ക്‌ അമരത്വം പ്രദാനം ചെയ്യുന്നു. പിന്നെ, മറ്റൊരു കാര്യം, വില്ലും ശരവും കയ്യിലുള്ള കാലത്തോടളം ഇയാളെ തോല്‍പ്പിക്കാൻ ആരാലുമാവില്ല. അദ്ദേഹം നോക്കി നില്‍ക്കെ നിങ്ങള്‍ക്കും അദ്ദേഹത്തിന്റെ വില്ലു മുറിയ്‌ക്കാന്‍ സാധ്യമല്ല. 

നിങ്ങളിലാരെങ്കിലുമൊരാള്‍ ചതിപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ വില്ലു മുറിച്ചാല്‍ രഥം നശിപ്പിയ്‌ക്കുന്ന കാര്യം ഞാനേറ്റു. രഥവും വില്ലും ഇല്ലാതായാല്‍ മാത്രമേ ഈ അര്‍ജ്ജുന പുത്രനെ വധിയ്‌ക്കാനാവൂ. ഏറെ ദിവ്യനാണീ കുമാരന്‍!"


ആലോചനയ്‌ക്കിടം നല്‍കാതെ കർണ്ണൻ  തന്റെ ജീവിതത്തിലെ ഏറ്റവും നിന്ദ്യമായ കര്‍മ്മം ചെയ്‌തു. പിന്നിലൂടെ ചെന്ന്‌ യുദ്ധം ചെയ്‌ത്‌ കൊണ്ടിരുന്ന അഭിമന്യുവിന്റെ വില്ലു മുറിച്ചു . പെട്ടെന്ന്  സംഭ്രമിച്ച അഭിമന്യൂ,  ഈ ചതി ചെയ്‌തതാരെന്ന്‌ തിരിഞ്ഞു നോക്കുന്നതിനിടയില്‍ ദ്രോണര്‍ അദ്ദേഹത്തിന്റെ രഥം നശിപ്പിച്ചു. അശ്വങ്ങളെ കൊന്നു. കൃപര്‍ അഭിമന്യുവിന്റെ സാരഥിയേയും കൊന്നു. അവര്‍ ആറു മഹാരഥന്‍മാര്‍ ആ യുവാവിനു നേരെ വ്യാഘ്രസമാനം പാഞ്ഞടുത്തു. രോഷവും വെറുപ്പും കൊണ്ട്‌ അഭിമന്യുവിന്റെ കണ്ണൂകള്‍ ചുവന്നു. അദ്ദേഹം ദ്രോണരോട്‌ ഇപ്രകാരം പറഞ്ഞു. കൗരവസൈന്യാധിപനും എന്റെ അച്ഛന്‍ എന്നും ഭക്തി പൂര്‍വ്വം സ്‌മരിക്കുന്ന,  അദ്ദേഹത്തിന്റെ പ്രിയ ആചാര്യൻ  ഇന്നീ ശിഷ്യപുത്രനോട്‌ കടുത്ത അനീതി പ്രവര്‍ത്തിച്ചിരിക്കുന്നു. ധര്‍മ്മിഷ്‌ഠനെന്ന്‌ അഭിമാനിയ്‌ക്കുന്ന അങ്ങയുടെ ഈ ക്രൂര പ്രവര്‍ത്തി ലജ്ജാകരം തന്നെ,! അഭിമന്യു രാധേയനെ നോക്കി പറഞ്ഞു. അങ്ങ്‌ ഭാര്‍ഗ്ഗവശിഷ്യനും യുദ്ധവിദഗ്‌ദനുമാണെന്ന്‌ അവകാശപ്പെടുന്നു. കേവലം ബാലനായ എന്നോട്‌ ഇത്തരം ഒരു ചതി പ്രവര്‍ത്തിയ്‌ക്കുന്നതാണോ അങ്ങയുടെ ധര്‍മ്മനീതി. ഇതാണോ ഏവരും പുകഴ്‌ത്തിപ്പറയുന്ന അങ്ങയുടെ മഹത്വം. നിങ്ങളെപ്പോലുള്ള ദുഷ്ടന്മാരെ ഭൂമിദേവി ഗ്രസിക്കാത്തതെന്തന്ന്‌ ഞാന്‍ അത്ഭുതപ്പെടുന്നു.


ചിന്തയ്‌ക്കിടം നല്‍കാതെ, വാളും പരിചയുമെടുത്ത്‌ അദ്ദേഹം ശത്രുക്കളുടെ നേരെ പാഞ്ഞു. ദ്രോണര്‍ അഭിമന്യുവിന്റെ വാള്‍ അസ്‌ത്രത്താല്‍ മുറിച്ചു. രാധേയന്റെ അസ്‌ത്രങ്ങള്‍ അഭിമന്യുവിന്റെ ചരിചയും മുറിച്ചു. നിരായുധനായ ആ യുവാവ്‌, ആ ആറു യോദ്ധക്കാളുടെ അസ്ത്രവേഗത്തിനു  പാത്രമായി.... ജീവിച്ചു തീര്‍ത്ത വളരെ ചെറിയ കാലഘട്ടത്തിലെ മധുരമായ ഓര്‍മ്മകള്‍ ആ ബാലന്റെ മനസ്സില്‍ ഓടി എത്തി. തന്റെ വിയോഗത്തില്‍ ദുഃഖിയ്‌ക്കുന്ന തന്റെ പ്രിയപ്പെട്ട അമ്മ. എന്നും പ്രേരണയായിരുന്ന തന്റെ പ്രിയപ്പെട്ട മാതുലന്‍, ഗര്‍ഭിണിയായ തന്റെ പ്രിയ്യപ്പെട്ട ഉത്തര - ഒരു നിമിഷം ആ ധീരനായ യുവാവിന്റെ കണ്ണു നിറഞ്ഞു. തന്റെ പൊന്നോമനയെ ഒന്നു കാണാന്‍ വിധി എനിയ്‌ക്കു സാവകാശം തരുമോ? വേണ്ട ഒന്നും വേണ്ട!! യുദ്ധരംഗത്തെ യോദ്ധാവിന്‌ ബന്ധമില്ല കര്‍മ്മം മാത്രമേ ഉള്ളൂ" അഥവാ ഞാന്‍ വധിയ്‌ക്കപ്പെട്ടാല്‍ എന്റെ അച്ഛനതെങ്ങനെ സഹിക്കും. എന്റെ അച്ഛന്‍ എന്നെക്കുറിച്ച്‌ അഭിമാനിയ്‌ക്കും. കണ്ണുകള്‍ നിറയുന്നതിനിടയില്‍ പോലും ആ യോദ്ധാവ്‌ തന്റെ പ്രിയ്യപ്പെട്ട വല്യച്ചന്മാരെ സ്‌നേഹത്തോടെ സ്‌മരിച്ചു. വല്യച്ഛന്മാരേയും തന്നെ സഹായിക്കാന്‍ പിന്നാലെ എത്തിയ യോദ്ധാക്കളേയും ക്രൂരമായി തടുത്തു നിര്‍ത്തിയ ജയദ്രഥനെ വെറുത്തു...... ധീരനായ അഭിമന്യൂ രഥചക്രം കയ്യിലൂരി എടുത്തുകൊണ്ട്‌ പറഞ്ഞു........ നിങ്ങള്‍ ഓരോരുത്തരായി വരൂ! ഞാന്‍ നിങ്ങളെ നേരിടാം" തന്റെ തലയ്‌ക്കു മീതെ രഥം ചക്രം ചുഴറ്റിക്കൊണ്ട്‌ കൃഷ്‌ണസമാനനായ ആ അര്‍ജ്ജുനകുമാരന്‍ ക്രുദ്ധനായി അശ്വത്ഥാമാവിനു നേരെ പാഞ്ഞു. ഭയചകിതനായ അശ്വത്ഥാമാവ്‌ പിന്‍തിരിഞ്ഞോടി. ആ കോമളകുമാരന്റെ മുടിയിഴകള്  കാറ്റില്‍ പാറിക്കളിച്ചു. മുഖത്ത്‌ പ്രകടമായ വൈഷ്‌ണവതേജസ്സ്‌ ഏവരെയും അത്ഭുതപ്പെടുത്തി. കാണികള്‍ , അവര്‍ പോലുമറിയാതെ ആ ധീരതയ്‌ക്കു മുമ്പില്‍ പ്രണമിച്ചു.


"നിങ്ങളുടെ മാനം വീണ്ടെടുക്കാന്‍ ഇതാ ഒരവസരം കൂടി ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്നു. നിങ്ങള്‍ ഓരോരത്തരായി വന്ന്‌ എന്നെ നേരിടുക. അതാണ്‌ ക്ഷത്രിയോജിതമായ യുദ്ധം." സംസാരിക്കുന്നതിനിടയില്‍ അഭിമന്യൂ ചക്രം ചുഴറ്റിക്കൊണ്ട്  ദ്രോണരുടെ നേരെ പാഞ്ഞു. ആ മിമിഷം, ആ ചക്രത്താല്‍ ദ്രോണര്‍ വധിക്കപ്പെടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. മറ്റുള്ള കൗരവയോദ്ധാക്കള്‍ ഒന്നിച്ചു അഭിമന്യുവിന്‌ മേല് ശരവര്‍ഷം പെയ്‌ത്‌ രഥചക്രം നിര്‍വ്വീര്യമാക്കി. ഗദ കയ്യിലെടുത്ത്‌ അഭിമന്യൂ വീണ്ടും അവരെ ഓരോരത്തരെയായി പോര്‍ വിളിച്ചു. ആര്‍ക്കും ആ യുവാവിന്റെ തീഷ്‌ണതയെ ഒറ്റയ്‌ക്ക്‌ നേരിടാനായില്ല. അശ്വര്‍ത്ഥാമാവിന്റെ കുതിരകളെ അഭിമന്യൂ കൊന്നും പാഞ്ഞു ...


ഇതിനിടയിൽ കാലകേയനെയും സംഘത്തേയും കൊന്നൊടുക്കിയ അഭിമന്യു , ദുശ്ശാസ്സനനോട് അടുത്തെത്തി . ആ സമയം കൈരാതനായ ഭരതന് പൂർവ്വജന്മ സ്മരണയുണർന്നു .


ഭരതൻ അഭിമന്യുവിനെ കൊല്ലുന്നു :-

ആ സമയം ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന ഇരുമ്പു ഗദ വെളിയിലെടുത്തു കൊണ്ട് മഞ്ഞക്കണ്ണനായ ഭരതൻ രംഗത്തെത്തി . ആ മഹാഗദ കണ്ടു ദുശ്ശാർസ്സനൻ പോലും അത്ഭുതപ്പെട്ടു . അഭിമന്യു കൂസാതെ ഭരതനുമായി ഗദായുദ്ധം ചെയ്തു . അതോടെ രാഹുദത്തമായ ഗദയുടെ മാഹാത്മ്യത്താൽ , അഭിമന്യുവിന് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി . ഭരതനെയും അഭിമന്യു അടിച്ചു അവശനാക്കി . ഭരതനും അഭിമന്യുവും രുദ്രനും അന്തകനും എന്നതുപോലെ പോരടിച്ചു . രണ്ടു നാഴികയോളം പൊരുതിയ അവർ , മറ്റെല്ലാവരെയും കാണികളാക്കി നിറുത്തിക്കൊണ്ടു യുദ്ധം ചെയ്തു . ഒടുവിൽ അഭിമന്യുവും ഭരതനും നിലത്തു വീണു .
"-----ഭരതാ...... പരിശ്രമിക്കുക ... ഇതാണവസരം ...------ "  അസുരന്മാർ കൈകൊട്ടിയാർത്തു ...


ഉടനെ ചാടിയെഴുന്നേറ്റ ഭരതൻ , പതിയെ എഴുന്നേൽക്കാനൊരുങ്ങുന്ന അഭിമന്യുവിന്റെ ശിരസ്സിനെ ഇരുമ്പു ഗദയാൽ അടിച്ചു തകർത്തു . തലയോട് പൊട്ടി , തലച്ചോറ് വെളിയിൽ ചാടി , അഭിമന്യു മരിച്ചു വീണു .

No comments:

Post a Comment