ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 27, 2017

ശ്രീരാമനും നൃഗരാജാവും തമ്മില്‍




















സൗമിത്രിണാ പൃഷ്ട ഉദാരബുദ്ധിനാ
രാമഃ കഥാഃ പ്രാഹ പുരാതനീ ശുഭാഃ
രാജ്ഞഃ പ്രമത്തസ്യ നൃഗസ്യ ശാപതോ
ദ്വിജസ്യ തിര്യക്ത്വമഥാഹ രാഘവഃ.

അയാദ്ധ്യയിലെ അരമനയില്‍ സംവാദത്തിലേര്‍പ്പെട്ടിരിക്കുന്ന രാമലക്ഷ്മണന്മാരുടെ രൂപം മനസ്സില്‍ കണ്ടെന്നോണം ശിവന്‍ വിവരണം തുടരുന്നു. ശരിയായ ജീവിതമൂല്യങ്ങള്‍ അവലംബിക്കേണ്ടത് ഉദാഹരിക്കുന്ന പുരാണകഥകള്‍ ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞു.

ജീവിതയാത്രയില്‍ സംഭവിച്ചേക്കാവുന്ന അധഃപതന സാധ്യതകളും നിസ്സാരകുറ്റങ്ങള്‍ക്കുപോലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങളും അവ ചൂണ്ടിക്കാട്ടി. ദ്വൈതത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും വിട്ടുവീഴ്ചകളും മാത്രമേ കാണുന്നുള്ളൂ. ശുദ്ധബോധത്തിന്റെ പരമോന്നത മേഖലയിലെത്തിയാലേ സത്യത്തിന്റെ തനതായ മഹിമയും പരിശുദ്ധിയും പൂര്‍ണമായി അനുഭവിക്കാനാവൂ.

നൃഗരാജാവിന്റെ കഥയ്ക്ക് ശ്രീരാമന്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചതായി തോന്നുന്നു. ന്യായീകരിക്കാനാവാത്ത ഒരു ദുര്‍വിധിക്ക് നിരപരാധിയായ ആ രാജാവ് വിധേയനാവേണ്ടിവന്നു. എന്തൊരു വൈചിത്ര്യം!

മംഗളവേളകളിലെല്ലാം ശാസ്ത്രപണ്ഡിതര്‍ക്കും ദരിദ്രബ്രാഹ്മണര്‍ക്കും നൃഗരാജാവ് പശുക്കളെ ദാനം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഒരു ബ്രാഹ്മണന് ദാനം ചെയ്യപ്പെട്ട ഒരു പശു എങ്ങനെയോ രാജാവിന്റെ ഗോശാലയില്‍ത്തന്നെ തിരിച്ചെത്തി. ഇക്കാര്യമറിയാത്ത രാജാവ് ആ പശുവിനെ അടുത്ത അവസരത്തില്‍ മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്യാനുമിടയായി. ഇതറിഞ്ഞ പഴയ ബ്രാഹ്മണന്‍ ക്രുദ്ധനായി. രാജാവ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ല. എങ്കിലും ആ ബ്രാഹ്മണന്‍ ക്ഷമിച്ചില്ല. അയാള്‍ രാജാവിനെ ശപിച്ച് ഓന്താക്കി.

നിരപരാധിയായ നൃഗരാജാവിന് വന്നുപെട്ട ദുര്‍വിധിയുടെ കഥയ്ക്ക് ശ്രീരാമന്റെ ഇപ്പോഴത്തെ അവസ്ഥയുമായി സാമ്യമുണ്ടല്ലോ. ഇതിലെ സൂചന ലക്ഷ്മണന്‍ മനസ്സിലാക്കിയോ, എന്തോ? വേദാന്തത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കഥകളിലൂടെ ഉത്കൃഷ്ടജീവിതമൂല്യങ്ങളെ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും വേണ്ട ശിക്ഷണം ലഭിക്കുന്നു.

അദ്ധ്യേതാക്കളുടെ സ്വഭാവസംസ്‌കരണത്തെ ഉന്നംവച്ചുകൊണ്ടുള്ള വിദ്യാഭ്യാസസമ്പ്രദായം ഈ രീതി അവലംബിക്കേണ്ടതാണ്. വളരുന്ന തലമുറയ്ക്ക് ആരോഗ്യകരങ്ങളായ ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാനും അവരെ ധര്‍മതല്‍പ്പരരാക്കാനും ഇതല്ലാതെ വേറെ വഴിയില്ല. ജീവിതമൂല്യങ്ങളും ധാര്‍മികതത്ത്വങ്ങളുമൊക്കെ, അനുഭവങ്ങളിലൂടെ പഠിക്കാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികളുടെ കുരുന്നുമനസ്സിന് ഗ്രഹിക്കാന്‍ എളുപ്പമല്ല. എന്നാല്‍ കഥാരൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഈ സൂക്ഷ്മമൂല്യങ്ങള്‍ സുഗ്രഹങ്ങളായിത്തീരുന്നു-അദ്ധ്യേതാക്കള്‍ക്ക് അവ വേഗം ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയുന്നു

No comments:

Post a Comment