ഇതിഹാസങ്ങളും പുരാണങ്ങളും സമ്മാനിക്കുന്ന സമൃദ്ധമായൊരു കഥാലോകവും സമര്‍ത്ഥരായ കഥാപാത്രങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ എക്കാലത്തെയും നല്ല സമ്പാദ്യമാണ്. ഒരു രാഷ്ട്രസംസ്‌കാരത്തിന്റെ ചിന്താപരവും ആശയപരവുമായ കാഴ്ചപ്പാടുകള്‍, സമൂഹസങ്കല്‍പ്പത്തിന്റെ രൂപരേഖകള്‍, സദാചാരത്തിന്റെ നൈര്‍മല്യം തുടങ്ങിയവയൊക്കെ ഈ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
ക്രമബദ്ധവും ചിന്താബന്ധുരവുമായ ഒരു സമൂഹസൃഷ്ടിയാണ് പൗരാണിക സാഹിത്യത്തിന്റെയും വൈദികചിന്തകളുടെയും അകപ്പൊരുള്‍. കാലത്തിന്റെ പിന്നില്‍നിന്നിറങ്ങിയെത്തുന്ന അറിവ്, ജീവിതസന്ദര്‍ഭങ്ങളിലൂടെ സഹൃദയമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഈ കഥകളുടെ പ്രധാന ദൗത്യം. സ്ത്രീ പുരുഷ വ്യക്തിത്വങ്ങളുടെ തിളക്കവും ധാര്‍മികതയുടെ സുഗന്ധവും കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും നമ്മുടെ പഴങ്കഥകളിലുണ്ട്. കഥാപാത്രങ്ങളുടെ പുറന്തോടു നീക്കി കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കണമെന്ന് മാത്രം.
ഇന്നാകട്ടെ, ഉപരിപ്ലവമായി, കഥയെ കഥയായി മാത്രം സമീപിക്കുന്നവരാണ് കുറെപ്പേര്‍. മറ്റൊരു കൂട്ടര്‍, സംസ്‌കാരവിരോധത്തിന്റെ തൂലികയുമായി നിഷേധാത്മകസമീപനത്തിലൂടെ മൃഗീയമായി ആ മുന്‍കഥകളെ അപലപിക്കുന്ന അക്കാദമിക് വിദ്വാന്മാരുമാണ്. രാജനൈതികതയുടെയും സമൂഹ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും സംശുദ്ധിയും സ്വച്ഛതയും കഥകളില്‍ ഒളിപ്പിച്ചുവച്ചുകൊണ്ട് നിലനിര്‍ത്തിപ്പോരാനാണ് നമ്മുടെ ഋഷിമാര്‍ ശ്രമിച്ചത്. സമൂഹശുദ്ധിയിലേക്കുള്ള താക്കോലുകളാണ് പല കഥകളും കഥാ സന്ദര്‍ഭങ്ങളും എന്നതാണ് നേര്.
സ്ത്രീ സംരക്ഷിക്കപ്പെടുന്നിടം
ആദികാവ്യത്തിന്റെ സൗന്ദര്യപര്‍വ്വത്തില്‍ നിന്നുതന്നെയാകട്ടെ, തുടക്കം, ശ്രീരാമഭക്തനും വിജ്ഞനും സര്‍വോപരി വാനരരൂപിയുമായ ഹനുമാന്റെ ആകാശയാത്രയിലാണല്ലൊ, സുന്ദരകാണ്ഡം തുടങ്ങുന്നത്. കടല്‍ കടന്ന് ലങ്കയുടെ മതിലകത്തെത്തുന്ന ഹനുമാനെ, ആക്രോശതാഡനങ്ങളോടെ നേരിടുന്നത് ലങ്കയുടെ രാജ്യശ്രീ കാത്തുസൂക്ഷിക്കുന്ന ലങ്കാ ലക്ഷ്മിയാണ്- രാക്ഷസീരൂപത്തില്‍ ലങ്കയുടെ കാവലാള്‍.
ക്രുദ്ധനായ ഹനുമാന്റെ ഒറ്റയടികൊണ്ട് നിലത്തുവീണ ലങ്കാലക്ഷ്മിയാകട്ടെ ലങ്കാപാലനമെന്ന ശാപകാലത്തിനറുതിയായെന്നറിഞ്ഞ് ലങ്കവിട്ട് പോവുകയാണ്. ”ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊള്‍കില്‍ നീയോടി വാങ്ങിക്കൊള്ളുകെ”ന്ന ബ്രഹ്മാവിന്റെ വരം ആ ദേവി ഓര്‍മിക്കുകയും ചെയ്യുന്നു. അഹങ്കാരവും അസാന്മാര്‍ഗികതയും ധാര്‍മികതയെ നശിപ്പിച്ച രാവണനാടിന്റെ ഐശ്വര്യദേവത പടിയിറങ്ങുന്നതോടെ, ലങ്കയുടെ കഷ്ടകാലം തുടങ്ങുന്നു. ഹനുമാന്‍ പരാക്രമങ്ങളിലൂയലാടുന്ന ലങ്കയുടെ സംഭ്രമം തുടക്കം മാത്രമാണ്. കഥയിങ്ങനെ പോവുമ്പോള്‍, ഈ സന്ദര്‍ഭത്തെ പ്രത്യേകമായൊന്ന് വിലയിരുത്തേണ്ടതുണ്ട്.
ലങ്കയുടെ ശ്രേയസ്സ് നാളിത്രയും കാത്തത് ലക്ഷ്മിയാണ്. അതെ, സ്ത്രീയാണ് സ്ത്രീയുടെ ശക്തിയാണ്, സ്ത്രീയുടെ ഐശ്വര്യമാണ് ലങ്കയെ പരിപാലിച്ചത്. അത്തരം ലങ്കയുടെ അധിപനാകട്ടെ, ഈ ശക്തിയെത്തന്നെ നിന്ദിക്കുന്ന വിധത്തില്‍ അശരണയായ ഒരു പാവം സീതയെ ബലം പ്രയോഗിച്ച് സ്വാധീനതയില്‍ വെക്കുന്നു! സ്ത്രീപീഡനത്തിന്റെ ഒരാദിമ സന്ദര്‍ഭമാണിത്. അതിന്റെ പരിണതിയായിട്ടാണ് കാലക്കേടിന്റെ കയത്തിലേക്ക് ലങ്കയെ ഇറക്കിവച്ചുകൊണ്ടുള്ള ലങ്കാലക്ഷ്മിയുടെ ഇറങ്ങിപ്പോക്ക്.
രാജാവ് തന്നെ സ്ത്രീയെ അധാര്‍മികമായി, ഉപഭോഗവസ്തുവായി സമീപിക്കുന്നതിലൂടെ രാവണന്‍ സ്ത്രീനിന്ദയുടെ മാതൃക രാജ്യത്തിന് മുന്നില്‍വക്കുകയാണ്. നാടിന്റെ ഐശ്വര്യവും ഭാവിയും സ്ത്രീപീഡനത്തിലല്ല, മറിച്ച് സ്ത്രീ സുരക്ഷയിലാണ് എന്ന സന്ദേശത്തിലേക്കാണ് ഇത് നയിക്കുന്നത്. അമ്മയായി ആദരിക്കേണ്ട പരസ്ത്രീയെ ഉപഭോഗവസ്തുവാക്കാന്‍ ശ്രമിച്ചതിന്റെ പിഴയാണ് ഐശ്വര്യനഷ്ടത്തിലൂടെയും സ്വന്തം തകര്‍ച്ചയിലൂടെയും രാവണന്‍ ഒടുക്കുന്നത്. സീത സ്വതന്ത്രയായി ആദരിക്കപ്പെട്ടപ്പോള്‍, ലങ്ക തിരിച്ച് ശ്രേയസ്സിലേക്ക് പോകുന്നുമുണ്ട്.
ഇതിഹാസ കഥാപാത്രങ്ങളുടെ ഔന്നത്യത്തില്‍നിന്ന് സാധാരണ ജൈവസ്വത്വത്തിലേക്ക് ഈ കഥാപാത്രങ്ങളെ ഇറക്കിവച്ചുകൊണ്ട് ഒരു പുനര്‍വായന കൂടി ഇവിടെ നടത്തേണ്ടതുണ്ട്.
ലങ്കാലക്ഷ്മിയെ വെറും സ്ത്രീയായും ഹനുമാനെ വെറും കപിയായും ഒരു നിമിഷം സങ്കല്‍പ്പിക്കുക. ദൈവസങ്കല്‍പ്പത്തെ നിന്ദിക്കാനല്ല ഇങ്ങനെ ചെയ്യുന്നത്. സ്ത്രീയെ അടിച്ചുവീഴ്ത്തുന്ന കുരങ്ങുമനുഷ്യന്റെ ചിത്രമായ ഈ സന്ദര്‍ഭത്തെ ഒന്നു ചുരുക്കാം. ഇതാണ് ഐശ്വര്യനഷ്ടത്തിലേക്കും നാശത്തിലേക്കും ലങ്കയെ നയിക്കുന്നത്. സംസ്‌കാരരഹിതനായ മനുഷ്യന്റെ, ധാര്‍മികതയും സദാചാരവുമില്ലാത്ത മനുഷ്യന്റെ പ്രതീകമാണ് കുരങ്ങന്‍-വകതിരിവില്ലാത്ത മൃഗസ്വഭാവം. അത്തരം സംസ്‌കാരശൂന്യന്‍ സ്ത്രീയെ കയ്യേറ്റം ചെയ്യുമ്പോള്‍ സ്ത്രീ സുരക്ഷിതത്വം ഇല്ലാതാവുന്നു; അതോടെ നാടു നശിക്കുന്നു. രാവണരാജ്യത്ത് സ്ത്രീ സുരക്ഷിതയല്ലാതാവുകയും, ഏതു ”കുരങ്ങ”നും സ്ത്രീയെ ഉപദ്രവിക്കാമെന്നാവുകയും ചെയ്യുമ്പോള്‍ രാജ്യം നാശോന്മുഖമാകുന്നു എന്നര്‍ത്ഥം.
അപ്പോള്‍ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭാവി സ്ത്രീ സുരക്ഷയിലാണെന്നു വരും. സ്വയം അധഃപതിച്ച രാവണനാകട്ടെ, പരസ്ത്രീയെ അമ്മയായി ബഹുമാനിക്കാന്‍ ഒരുക്കവുമല്ല. സ്ത്രീപീഡനക്കാലത്തിലൂടെ സമൂഹം തകരുമെന്നതിന്റെ പൗരാണിക സൂചനയാണ് ഈ ‘അടിക്കഥ’പറയുന്നത്. സദാചാരവും ധാര്‍മികതയും നഷ്ടപ്പെടുന്ന രാഷ്ട്രത്തിന് പ്രതീക്ഷിക്കാനൊന്നുമില്ല എന്ന് ഈ സന്ദര്‍ഭം ഓര്‍മിപ്പിക്കുന്നു. കപിയെന്ന നിലയില്‍ നിന്ന് സാക്ഷാല്‍ ഹനുമാനിലെത്തുമ്പോഴേക്ക് സ്ത്രീയെ അമ്മയായി പൂജിക്കുന്ന സംസ്‌കാരവും വളരുന്നു.
ഇന്ന് നമുക്കുചുറ്റും കേള്‍ക്കുന്നത് സ്ത്രീപീഡനകഥകളാണ്. സ്ത്രീ സുരക്ഷയാകട്ടെ, കടലാസില്‍ ഒതുങ്ങുന്നു. അര്‍ത്ഥകാമങ്ങളുടെ മടിത്തട്ടില്‍ വിഹരിക്കുന്ന അഭിനവമനുഷ്യന് ധാര്‍മികത ഉള്‍ക്കൊള്ളാനാവുന്നില്ല. സ്ത്രീയെ ആദരിക്കുന്നിടത്ത് ഐശ്വര്യമുണ്ടാവുമെന്ന ആപ്തവാക്യം പറയാനും കേള്‍ക്കാനും ആരും തയ്യാറല്ല. ക്ഷണികസുഖങ്ങളുടെ മരീചിക തേടുന്നവരായി പുതുതലമുറയും പാളം തെറ്റുകയാണ്. ഹനുമാനെന്ന സമൂഹരക്ഷകന്‍ രാവണന്റെ നാശം ഉറപ്പുവരുത്തുന്നു. കപിയെന്ന രീതിയില്‍ അപഗ്രഥിക്കുമ്പോള്‍ അത് രാവണന്റെ സ്ത്രീപീഡനത്തിനെതിരെയുള്ള പ്രതികരണമായും മാറുന്നു.
സ്ത്രീ സുരക്ഷയുടെ ചില ദിശകളാണ് ഇവിടെ, മുന്‍വിധികളില്ലാതെ വ്യാഖ്യാനിക്കുന്നത്. ഭാരതീയ പൗരാണികത, സമൂഹത്തില്‍ സ്ത്രീക്ക് കല്‍പ്പിച്ച ആദരണീയതയും നിലയും വിലയും ഇന്നും നിലനിര്‍ത്താന്‍ സാധിക്കണം. അതിന് പുരുഷമനസ്സിലും, അതിന്നര്‍ഹത നേടുന്ന തരത്തില്‍ സ്ത്രീ മനസ്സിലും മാറ്റം അനിവാര്യമാണ്.
പ്രൊഫ. വി.ടി. രമ
No comments:
Post a Comment