ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

അദ്വൈതം - 01


ശാസ്ത്രം പറയുന്നത് ദേഹസംബന്ധമായ അഹങ്കാരം ഉപേക്ഷിച്ചാല്‍ നമ്മള്‍ സുഷുപ്തിയില്‍ എന്നപോലെ പൂര്‍ണ സ്വതന്ത്രരായിത്തീരുമെന്നാണ്. ഞാനെന്നും എന്റേത് എന്നുമുള്ള അഹന്താമമതകളാണ് ആത്മാനുഭൂതിക്ക് തടസ്സമായിരിക്കുന്നത്. 'ഞാന്‍' ഇല്ലാതായാല്‍ 'എന്റേതും' ഇല്ലാതാവും. അപ്പോള്‍ നാം ദേഹസംബന്ധമായ (മനുഷ്യന്‍ എന്ന) പരിമിതിക്കതീതരായിത്തീരും. ഇതിനെയാണ് ബ്രഹ്മമായിത്തീരുക എന്നുപറയുന്നത്. നമ്മള്‍ പ്രകൃതിയിലെ എല്ലാ ജീവികളെയുംപോലെ സ്വതന്ത്ര ജീവിയായിത്തീരുന്നു എന്നുമാത്രമേ ഇതിനര്‍ത്ഥമുള്ളൂ. പ്രകൃതിയില്‍ എന്താണോ ഉള്ളത് അതിന്റെ പേരാണ് സത്യം. അതിന്റെ രൂപമാണ് സമത്വം.


രണ്ടില്ലാത്ത, രണ്ടല്ലാത്ത അവസ്ഥയെയാണ് അദ്വൈതം എന്നുപറയുന്നത്. എന്നാല്‍പിന്നെ ഏകം എന്നുപറഞ്ഞാല്‍ പോരേ. അതുപോര. കാരണം ഇത് സാധാരണയായി രണ്ടായി കാണപ്പെടുന്നതാണ്. ബ്രഹ്മമായും ജഗത്തായും ജീവാത്മാവായും പരമാത്മാവായും വേര്‍പിരിഞ്ഞതായി കാണപ്പെടുന്നതുകൊണ്ട് ഇത് രണ്ടും രണ്ടാണെന്നാണ് സാധാണയായി നമുക്ക് തോന്നുക. അതുകൊണ്ടാണ് വാസ്തവത്തില്‍ ഇത് രണ്ടല്ല എന്നു പറയേണ്ടിവരുന്നത്. ദ്വയം എന്നുപറഞ്ഞാല്‍ രണ്ട്. ദ്വൈതം എന്നുപറഞ്ഞാല്‍ രണ്ടായി നില്‍ക്കുന്ന അവസ്ഥ. ഒരെണ്ണത്തെ അല്ലെങ്കില്‍ ഒരു സംഖ്യയെ സൂചിപ്പിക്കുന്ന പദമല്ല അദ്വൈതം. അതൊരവസ്ഥയാണ്. ജീവാത്മാവും പരമാത്മാവും ഒന്നായിത്തീരുന്ന അവസ്ഥയെയാണ് ആചാര്യസ്വാമികള്‍ അദ്വൈതം എന്നുവിളിച്ചത്.


”മായാമാത്രമിദം ദ്വൈതം അദ്വൈതം പരമാര്‍ത്ഥത
ഇതിബ്രൂതേ ശ്രുതിഃ സാക്ഷാത് സുഷുപ്താവനുഭൂയതേ”

മായ അഥവാ അവിദ്യകൊണ്ടാണ് രണ്ടായിതോന്നുന്നത്. വാസ്തവത്തില്‍ രണ്ടില്ലെന്ന് ശ്രുതി വ്യക്തമായി പറയുന്നു. ആയത് എല്ലാവരും സുഷുപ്തിയില്‍ അനുഭവിക്കുകയും ചെയ്യുന്നു. (വിവേകചൂഡാമണി: ആചാര്യസ്വാമികള്‍).

വാസ്തവത്തില്‍ ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ നമുക്കെന്തുകൊണ്ടാണത് അനുഭവപ്പെടാത്തത്? എന്തുകൊണ്ടാണ് വീണ്ടും ഒന്നായിത്തീരേണ്ടിവരുന്നത്? ഇതിനുത്തരമാണ് മായ എന്നുപറഞ്ഞത്. മായയുടെ പിടിയില്‍പെട്ടതുകൊണ്ടാണ് സത്യം അറിയാന്‍ കഴിയാതെ വരുന്നത്. എന്തുകൊണ്ടാണ് മായയുടെ പിടിയില്‍ പെടുന്നത് എന്നുചോദിച്ചാല്‍ അവിദ്യ അഥവാ അജ്ഞാനം (തെറ്റായ അറിവുകള്‍) എന്നാണുത്തരം. അറിവില്ലാത്ത അവസ്ഥയല്ല അജ്ഞാനം. അന്യഥാ ജ്ഞാനമാണ് അജ്ഞാനം. പാരമാര്‍ത്ഥിക ജ്ഞാനമല്ലാത്തതെല്ലാം അജ്ഞാനത്തില്‍ പെടുന്നു. ഇതിന്റെ ഏറ്റവും അടിസ്ഥാനപരമായ രൂപമാണ് ദേഹാഭിമാനം. ഈ ശരീരമാണ് ഞാന്‍ എന്ന തോന്നല്‍. ആചാര്യസ്വാമികളുടെ ഭാഷയില്‍ പറഞ്ഞാല്‍ അനാത്മാവിനെ ആത്മാവായി കാണുന്നതാണ് അജ്ഞാനം.

അപ്പോള്‍ ആത്മാവും അനാത്മാവും വേറെ വേറെ ഉണ്ടോ എന്നു ചോദിച്ചാല്‍, പരമാര്‍ത്ഥികമായി എല്ലാം ആത്മാവ് തന്നെയാണ്. അതില്‍നിന്ന് ഭിന്നമായി യാതൊന്നും തന്നെയില്ല. എങ്കിലും വ്യാവഹാരികമായി പറയുമ്പോള്‍ സ്ഥിരമായി നിലനില്‍ക്കുന്നതിനെ ആത്മാവെന്നും അല്ലാത്തതിനെ അനാത്മാവെന്നും പറയുന്നു. നമ്മള്‍ പേരുകൊണ്ട് സൂചിപ്പിക്കുന്ന രൂപങ്ങളൊന്നും ശാശ്വതമായി നിലനില്‍ക്കുന്നവയല്ല. ഇന്നല്ലെങ്കില്‍ നാളെ അവ നശിക്കും. ഉണ്ടായതെല്ലാം ഇല്ലാതാവും. തുടക്കമുള്ളതിന് ഒടുക്കവും ഉണ്ടാവും. ആദിയും അന്തവുമില്ലാത്ത, ഒരിക്കലും നശിക്കാത്ത വസ്തു ഒന്നേയുള്ളൂ. അതിനെയാണ് ആത്മാവ് അഥവാ ബ്രഹ്മം എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നത്. വാസ്തവത്തില്‍ ബ്രഹ്മം എന്ന പേരില്‍ ഒരു വസ്തു ഇല്ല.

രൂപനാമങ്ങളില്ലാത്ത, സര്‍വവ്യാപിയായ ചൈതന്യത്തെ നാം ബ്രഹ്മം എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. പേരിലോ, സങ്കല്‍പത്തിലോ ഒതുങ്ങുന്ന വസ്തുവല്ല അത്. അതുകൊണ്ട് യതോവാചോ നിവര്‍ത്തന്തേ, അപ്രാപ്യ മനസാസഹാ (മനസ്സുകൊണ്ടതിനെ പ്രാപിക്കാന്‍ കഴിയാത്തതുകൊണ്ട് വാക്കുകള്‍ പിന്തിരിയുന്നു) എന്ന് തൈത്തിരിയോപനിഷത് പറയുന്നു.
അങ്ങനെയുള്ള ബ്രഹ്മമാണ് നമ്മള്‍ എന്നാണ് ”ജീവോ ബ്രഹ്മൈവ നാ പര” എന്ന മഹാവാക്യത്തിലൂടെ ആചാര്യസ്വാമികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്താണിതിനര്‍ത്ഥം. ഒരാള്‍ക്ക് രൂപനാമങ്ങളില്ലാത്ത, സര്‍വവ്യാപിയായ ബ്രഹ്മമായിത്തീരാനാവുമോ? ആവും എന്ന് ശാസ്ത്രം പറയുന്നു.

”ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി”(ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെയായിരുന്നു).
സാധാരണ അറിവൊക്കെ നമ്മില്‍ നിന്നന്യമായതിനെക്കുറിച്ചുള്ള അറിവാണ്. ബ്രഹ്മജ്ഞാനം അവനവനെക്കുറിച്ചുള്ള അറിവായതിനാല്‍ അറിവും അറിയുന്നവനും ഒന്നായിത്തീരുന്നു. എപ്പോഴാണത് സംഭവിക്കുക?

സാധാരണനിലയില്‍ അതല്‍പം പ്രയാസമുള്ള കാര്യം തന്നെയാണ്. സുഷുപ്തിയില്‍ സഹജമായിത്തന്നെ അത് സംഭവിക്കുന്നുണ്ട്. നമ്മള്‍ പ്രയത്‌നിച്ചുനേടുകയല്ല. സ്വാഭാവികമായി സംഭവിക്കുകയാണ്. ഉറക്കത്തിനുവേണ്ടി ആര്‍ക്കും പരിശ്രമിക്കാനാവില്ലല്ലൊ. എല്ലാ പരിശ്രമവും ഉപേക്ഷിക്കപ്പെടുമ്പോള്‍ ഉറക്കം സംഭവിക്കുന്നു. അവിടെ ജീവാത്മാവും പരമാത്മാവും ഒന്നായിത്തീരുന്നു. ”രാത്രിയില്‍ നാം ദൈവത്തിന്റെ കൈകളിലുറങ്ങുന്നു.” ദൈവത്തിലേക്ക് നാം സമര്‍പ്പിതരാവുന്നു. ഇത് ഉറക്കത്തിന്റെ കാര്യം. എപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കാന്‍ പറ്റില്ലല്ലൊ. ഉണരുമ്പോള്‍ നാം വീണ്ടും പഴയ മനുഷ്യനാവില്ലെ. അപ്പോള്‍പിന്നെ എന്തുചെയ്യും?

മാര്‍ഗ്ഗമുണ്ട്. ശാസ്ത്രം പറയുന്നത് ദേഹസംബന്ധമായ അഹങ്കാരം ഉപേക്ഷിച്ചാല്‍ നമ്മള്‍ സുഷുപ്തിയില്‍ എന്നപോലെ പൂര്‍ണ സ്വതന്ത്രരായിത്തീരുമെന്നാണ്. ഞാനെന്നും എന്റേത് എന്നുമുള്ള അഹന്താമമതകളാണ് ആത്മാനുഭൂതിക്ക് തടസ്സമായിരിക്കുന്നത്. ‘ഞാന്‍’ ഇല്ലാതായാല്‍ ‘എന്റേതും’ ഇല്ലാതാവും. അപ്പോള്‍ നാം ദേഹസംബന്ധമായ (മനുഷ്യന്‍ എന്ന) പരിമിതിക്കതീതരായിത്തീരും. ഇതിനെയാണ് ബ്രഹ്മമായിത്തീരുക എന്നുപറയുന്നത്. നമ്മള്‍ പ്രകൃതിയിലെ എല്ലാ ജീവികളെയുംപോലെ സ്വതന്ത്ര ജീവിയായിത്തീരുന്നു എന്നുമാത്രമേ ഇതിനര്‍ത്ഥമുള്ളൂ. പ്രകൃതിയില്‍ എന്താണോ ഉള്ളത് അതിന്റെ പേരാണ് സത്യം. അതിന്റെ രൂപമാണ് സമത്വം. അല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ ആര്‍ക്കും ബ്രഹ്മമായിത്തീരാനാവില്ല.

ആയിത്തീരാന്‍ അങ്ങനെയൊരു ‘സാധനം’ എവിടെയും ഇല്ല. അതിന്റെ തെളിവാണ് എത്ര വലിയ ജ്ഞാനിയും ശ്വാസം കഴിക്കുകയും ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്നു എന്നുള്ളത്. ശരീരത്തെ ശവംപോലെ ത്യജിക്കണം എന്നൊക്കെ വിവേകചൂഡാമണിയില്‍ കാണാന്‍ കഴിയും. ശരീരത്തില്‍ ഞാനെന്ന അഹങ്കാരം പാടില്ല എന്നേ ഇതിനര്‍ത്ഥമുള്ളൂ. ശരീരത്തെ ആര്‍ക്കും ത്യജിക്കാനാവില്ല. ഞാന്‍ ബ്രഹ്മമാകുന്നു എന്നു പറയാനും ബ്രഹ്മാനന്ദം അനുഭവിക്കാനും ശരീരം വേണം. ബ്രഹ്മത്തിന് രൂപമോ നാമമോ ഇല്ല. അതിനെ മനുഷ്യനെന്നോ മൃഗമെന്നോ മരമെന്നോ വേര്‍തിരിക്കാനുമാവില്ല. ശരീരത്തിന്റെ പ്രത്യേകത അനുസരിച്ചാണ് ഓരോ തരം ജീവികളെയും വേര്‍തിരിച്ചറിയുന്നത്. മനുഷ്യന്‍ എന്നുപറയുന്നതും പ്രത്യേക രൂപത്തോടുകൂടിയ ഈ ശരീരത്തെയാണ്. ”ഘടേ നഷ്‌ടേ യഥാവ്യോമ വ്യോമൈവ ഭവതി” (കുടം ഉടഞ്ഞാല്‍ ഘടാകാശം മഹാകാശമായിത്തീരുന്നതുപോലെ) എന്ന് വിവേകചൂഡാമണി.

ദേഹേന്ദ്രിയാദി ഉപാധികള്‍ നശിക്കുമ്പോള്‍ ബ്രഹ്മങ്ങള്‍ ബ്രഹ്മമായിത്തീരുന്നതും ഇതുപോലെയാണ്. ദേഹാഭിമാനം ഉപേക്ഷിച്ചാല്‍ മാത്രമേ അദ്വൈതാനുഭൂതിയിലെത്താന്‍ കഴിയൂ. അവിടെ മനുഷ്യര്‍ എന്ന വ്യതിരിക്തത ഉണ്ടായിരിക്കുകയുമില്ല.

ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു മോഹം കലര്‍ന്നു ജന്തുക്കള്‍ ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെന്നിങ്ങനെ നിരൂപിക്കുമെന്ന് രാമായണം പറയുന്നു. ഈ അഹംബുദ്ധി ഉപേക്ഷിച്ചാല്‍ ബാക്കിയാവുന്ന ജന്തുവാണ് ‘ബ്രഹ്മം.’ നമ്മള്‍ ജന്തുക്കളാണ് എന്നതിന് എന്താണ് തെളിവ് എന്നു ചോദിച്ചാല്‍ അതും രാമായണം പറയുന്നു, ”മൃത്യുവും കൂടൊരു നേരം പിരിയാതെ ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിക്കുന്നു അതുകൊണ്ട് നന്നല്ല ദേഹം നിമിത്തം മഹാമോഹം.”

സമയമാകുമ്പോള്‍ വാര്‍ധക്യം വരും ജരാനരവരും മരണവും കടന്നുവരും. ആര്‍ക്കും രക്ഷപ്പെടാനാവില്ല. എത്ര വലിയ ജ്ഞാനിയുടെയും ഗതി ഇതുതന്നെ. കാരണം അടിസ്ഥാനപരമായി നമ്മളെല്ലാം സാധാരണ ജന്തുക്കള്‍ മാത്രമത്രെ. ജാഗ്രതാവസ്ഥയില്‍ അഹങ്കാരത്തിന്റെ പിടിയിലായതുകൊണ്ട് അതു നാം തിരിച്ചറിയുന്നില്ല. ഉറക്കത്തിലാവട്ടെ എത്ര വലിയ മണിമാളികയിലായാലും എത്ര നല്ല വസ്ത്രം ധരിച്ചാലും നമ്മളെല്ലാം ഒന്നുപോലെ. താല്‍ക്കാലികമായ മരണംതന്നെ ഉറക്കവും. എല്ലാ തത്ത്വശാസ്ത്രവും പ്രത്യക്ഷമായോ പരോക്ഷമായോ നമ്മെ ഈ സത്യത്തിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ളതാണ്. അത് നേരിട്ട് പറഞ്ഞാല്‍ അഹങ്കാരത്തില്‍ നില്‍ക്കുന്ന നമുക്ക് സ്വീകാര്യമാവാത്തതുകൊണ്ട് ആലങ്കാരികമായി പറയുന്നു എന്നുമാത്രം.

പ്രകൃതിയില്‍ എന്താണോ ഉള്ളത്, അതിന്റെ പേരാണ് അദ്വൈതം. അതിന്റെ പേരാണ് മോക്ഷം. അതിനപ്പുറം ഒരു സാധ്യതയില്ല. മനുഷ്യന്‍ മനുഷ്യനല്ലാതാവുമ്പോള്‍-സാധാരണ ജീവിയായി മാറുമ്പോള്‍-പ്രകൃതിനിയമങ്ങളെല്ലാം സ്വാഭാവികമായിത്തീരും. എല്ലാ ഭയവും അസ്തമിക്കും. ജീവിതവും മരണവും പ്രശ്‌നമല്ലാതായിത്തീരുകയും ചെയ്യും. ആട്ടെ, ഇത്രയും പ്രശ്‌നക്കാരനായ ഈ ദേഹാഭിമാനം ഉപേക്ഷിക്കാനെന്താണ് വഴി എന്നാണെങ്കില്‍ അതിന് രണ്ടുമൂന്ന് വഴികളുണ്ട്. അവ ഭക്തിജ്ഞാന കര്‍മയോഗങ്ങളായി അറിയപ്പെടുന്നു.

ഭക്തിമാര്‍ഗ്ഗം പ്രായേണ സരളവും സുരക്ഷിതവുമാണ്. മനസ്സ് ഏതെങ്കിലും സാങ്കല്‍പികമായ ഈശ്വരനില്‍ അര്‍പ്പിക്കുകയേ വേണ്ടൂ. ചിന്തകളാണ് മനസ്സായി മാറുന്നത്. അവയെ നേരിട്ട് ജയിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് എല്ലാ ചിന്തകളെയും ഈശ്വരനിലേക്ക് തിരിച്ചുവിടുക എന്നതാണ് ഭക്തിമാര്‍ഗ്ഗത്തിന്റെ രീതി.

വി. വിഷ്ണു നമ്പൂതിരി
ജന്മഭൂമി

No comments:

Post a Comment