ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 13, 2012

നമ്മുടെ പരമകര്‍ത്തവ്യം (മഹാഭാരതം)



ശ്ലോകം


ദിവസേനൈവ തത് കുര്യാദ്യേന രാത്രൌ സുഖം വസേത്
അഷ്ടമാസേന തത് കുര്യാദ്യേന വര്‍ഷാസുഖം വസേത്
പുര്‍വ്വേ വയസി തത് കുര്യാദ്യേന വൃദ്ധഃ സുഖം വസേത്
യാവജ്ജീവേന തത് കുര്യാദ്യേന പ്രേത്യ സുഖം വസേത്



അർത്ഥം

 രാത്രി സുഖമായി കഴിയാൻ തക്കവണ്ണം പകൽ പ്രവർത്തിക്കുക.  വര്‍ഷക്കാലം സുഖമായി കഴിയാൻ തക്കവണ്ണം എട്ടു മാസം പ്രവര്‍ത്തിക്കുക.   വയസ്സ്കാലത്ത് സുഖമായി കഴിയാൻ തക്കവണ്ണം യൗവനത്തില്‍ പ്രവര്‍ത്തിക്കുക.  മരിച്ചതിനുശേഷം സുഖമായി കഴിയാൻതക്കവണ്ണം ജിവിത കാലം മുഴുവന്‍ പ്രവര്‍ത്തിക്കുക. (മഹാഭാരതം)



സർവ്വ ഐശ്വര്യ പ്രാപ്തിക്ക്

ഓം അയുർദേഹി ധനംദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹി മേ പരമേശ്വരി

Tuesday, November 27, 2012

നമസ്തേ എന്നാല്‍ എന്ത്?



തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്.


കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു.


അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.


ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു.


ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.


മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം.


ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.


ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം
.

(ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.)


ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.


ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്.


കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.

Friday, October 26, 2012

നവരാത്രി October 24, 2012


നവരാത്രി


ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഹൈന്ദവഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

വിവിധ നവരാത്രികള്‍

യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി

ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ്(സെപ്റ്റംബര്‍ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ ശിവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

വസന്തനവരാത്രി

വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ്(മാര്‍ച്ച്ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

അശാത നവരാത്രി

ജൂലൈഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ അഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. ഹിമാചല്‍ പ്രദേശില്‍ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും

ദേവിയുടെ പടുകൂറ്റന്‍ കോലങ്ങള്‍ മുതല്‍ മണ്ണില്‍ തീര്‍ത്ത കൊച്ച് ബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ്‍ നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. തമിഴ്‌നാട്ടില്‍ ബ്രാഹ്മണര്‍ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരാചാരംകൂടിയാണ്‍ കൊലുവയ്ക്കല്‍.

നവരാത്രവ്രതം

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളില്‍ നവരാത്രമാചരിക്കാമെങ്കിലും കനിനവരാത്രത്തിനാണ് സര്‍വ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാന്‍ സൗകര്യപ്പെടാത്തവര്‍ക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്തിക്കുവാന്‍ വിധിയുണ്ട്. കേരളത്തില്‍ പ്രായേണ മൂന്നു ദിവസമാണ് പൂജവെയ്പ് മുതല്‍ പൂജയെടുപ്പുവരെ ആചരിക്കുന്നത്.ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളില്‍ ദേവീഭാഗവതം, കാളികാപുരാണം, മാര്‍ക്കണേഡേയപുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികള്‍ ആചരിക്കുകയും വേണം.
ത്രികാലം പൂജയേദ്ദേവിം ജപസ്‌തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുര്‍ഗ്ഗാഷ്ടമി

ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.

മഹാനവമി

പൂജാവൈപ്പിന്റെ രണ്ടാം ദിനമാണിത്.

വിജയദശമി

കന്നി വെളുത്തപക്ഷത്തിലെ ദശമി നവമി രാത്രിയുടെ അവസാനത്തില്‍ വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയസൂചകമായ ഈ പുണ്യദിനം ക്ഷത്രിയര്‍ പ്രധാനമായി കരുതുന്നു.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സര്‍വ്വകാര്യാര്‍ത്ഥസിദ്ധയേ
എന്നാണ് പ്രമാണം. സമസ്ത സത്കര്‍മ്മങ്ങള്‍ക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകര്‍മ്മങ്ങള്‍ അന്ന് ആരംഭിക്കുന്നു. (കടപ്പാട്: വിക്കിപീഡിയ)

നവരാത്രി ആഘോഷദൃശ്യങ്ങള്‍
ഗംഗാനദിയിലിറങ്ങി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ . നവരാത്രിയുടെ ഒന്നാം ദിനക്കാഴ്ച.


ഗാന്ധിനഗര്‍ ,23.10.2012.


ഗാര്‍ബനൃത്തം, ഉമാമാതാ ക്ഷേത്രം, ഗുജറാത്ത്. 22.10.2012.


കാളിദേവിയെ പ്രീതിപ്പെടുത്താന്‍ വായില്‍ തീ കത്തിച്ച് ഒരു ഭക്തന്‍ , അലഹബാദ്, 21.10.2012


ദുര്‍ഗ്ഗാദേവിയുടെ നൂറുകണക്കിന് പ്രതിമകള്‍ നദികളിലും കുളത്തിലും സമുദ്രത്തിലുമായി നിമജ്ജനം ചെയ്തു കൊണ്ട് വിജയദശമി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് അവസാനമായി. നാലു ദിവസമായി നീണ്ടു നിന്ന ഉത്സവമാണ് ആഹ്ലാദാരവങ്ങളോടെ ബുധനാഴ്ച കൊടിയിറങ്ങിയത്. കൊല്‍ക്കത്തയില്‍ കാലത്ത് തന്നെ വിജയദശമിയോടനുബന്ധിച്ച പൂജകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വിവാഹിതരായ വനിതകള്‍ യാത്രപുറപ്പെടും മുമ്പ് വിഗ്രഹങ്ങള്‍ ഒരുക്കി നിര്‍ത്തി. ആചാരത്തിന്റെ ഭാഗമായി അവര്‍ പരസ്‌പരം കുങ്കുമപൊടി കവിളിലും നെറ്റിയിലും പതിച്ചു. കുടുംബത്തിന് ഐശ്വര്യവും സന്തോഷവും നിലനില്‍ക്കാന്‍ അവര്‍ ദുര്‍ഗ്ഗയ്ക്കു മധുരപലഹാരങ്ങള്‍ നേദിച്ചു.


മഹാആരതി, അഹമ്മദാബാദ്, 24.10.2012.


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..



ബംഗാളില്‍ നിന്ന്‌


ബംഗാളില്‍ നിന്ന്‌


ആഘോഷം വീക്ഷിക്കുന്ന ഒരു കുട്ടി.


ദീപങ്ങളേന്തി ഭക്തര്‍ , ഉമാ മാതാ ക്ഷേത്രം, അലഹബാദ്, 22.10.2012.


പ്രാര്‍ത്ഥനയില്‍ , പ്രേംഭക്തി മന്ദിര്‍ ഹിന്ദുക്ഷേത്രം, ജമൈക്ക, 24.10.2012.


ആന്ധ്ര പ്രദേശ്, 22.10.2012.


ക്ഷേത്രാങ്കണത്തില്‍ ദീപങ്ങള്‍ കത്തിക്കുന്നവര്‍ , ന്യൂ ഡെല്‍ഹി, 16.10.2012.


ഗംഗാനദിയില്‍ ദീപമര്‍പ്പിക്കുന്ന പുരോഹിതന്‍, 16.10.2012.


കാളി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഭക്തന്‍ . ജമ്മു കാശ്മീര്‍ , 16.10.2012.


ആഘോഷം, അലഹബാദ്.


ഉമാമാതാക്ഷേത്രം, 22.10.2012.


നൃത്തം.


കാളിവേഷമണിഞ്ഞ് ഒരു പെണ്‍കുട്ടി.



മോഡല്‍ പ്രിയ പട്ടേല്‍ നവരാത്രി ആഘോഷത്തില്‍ , മുംബൈ.


ഇന്ത്യന്‍ വേഷത്തില്‍ ഒരു വിദേശവിദ്യാര്‍ത്ഥിനി, 16.10.2012.


ദീപം.. ദീപം..


ഉമാ മാതാ ക്ഷേത്രം.

Monday, October 15, 2012

ദശനാമി സമ്പ്രദായം എന്താണ്?


ആചാര്യന്മാ രുടെ പേരുകളോടൊപ്പം കാണുന്ന  സരസ്വതി, പുരി, ചൈതന്യ തുടങ്ങിയ വിശേഷണങ്ങള്‍  എന്തിനെ സൂചിപ്പിക്കുന്നു?


പ്രസ്ഥാനം എത്ര മഹത്തരമായാലും അതിനെ അനുസരിക്കാനും പാലിക്കാനും പോഷിപ്പിക്കാനും ആളില്ലെങ്കില്‍ അത് കാലാന്തരത്തില്‍ നഷ്ടമായിപ്പോകും. അങ്ങനെയൊരു ദുര്‍ദ്ദശ തന്റെ പ്രസ്ഥാനത്തിന് സംഭവിക്കരുത് എന്നു കരുതി ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. അവിടെ ജിജ്ഞാസുക്കളായ സാധകന്മാര്‍ക്ക് താമസിച്ചു വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ട ഏര്‍പ്പാടുകളും ചെയ്തു. ദശനാമിസമ്പ്രദായത്തില്‍പ്പെട്ട സന്ന്യാസിമാരെല്ലാം ഈ നാലു മഠങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടവരായിരിക്കും.



ശൃംഗേരിമഠ‍ം

തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു.



ശാരദാമഠം

ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു.



ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം)

ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു.



ഗോവര്‍ദ്ധനമഠ‍ം

കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്.



ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്.

Thursday, September 13, 2012

ദശോപനിഷത്തുക്കൾ


"ഈശംകേനംകഠംപ്രശ്നം മുണ്ഡകമാണ്ഡൂക്യതിത്തിരി: ഐതരേയം ച ഛാന്ദോഗ്യം  ബൃഹദാരണ്യകം തഥാ" ദശോപനിഷത്തുക്കൾ



1.ഈശാവാസ്യോപനിഷത്ത്
(ശുക്ല യജുർ വേദം)

യജുർവ്വേദസംഹിതയിൽ യാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകൾ വേദസംഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസം‌ഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.



2.കേനോപനിഷത്ത്
(സാമവേദം)

ഈശ്വാവാസ്യോപനിഷത്തിനെപ്പോലെ, ഇതിന്റെ പേരും തുടക്കത്തെ അവലംബിച്ചാണ്. ആദ്യമന്ത്രത്തിലെ ആദ്യവാക്കാണ് 'കേനം'. ആദ്യത്തെ രണ്ടു വാക്കുകൾ ചേർന്ന്, "കേനേഷിതോപനിഷത്ത്" എന്ന പേരും ഇതിനുണ്ടെങ്കിലും ആ പേരിന് പ്രചാരം കുറവാണ്. ഉപനിഷത്ത് ഉൾക്കൊള്ളുന്ന ബ്രാഹ്മണത്തെ ആശ്രയിച്ച്, തലവകാരോപനിഷത്തെന്ന പേരും ഇതിനുണ്ട്.



3.കഠോപനിഷത്ത്
(കൃഷ്ണ യജുർ വേദം)

കൃഷ്ണയജുർവേദത്തിന്റെ, കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കരുതപ്പെടുന്നതു കൊണ്ടാണ് ഈ ഉപനിഷത്തിന് കഠോപനിഷത്ത് എന്നു പേരായത്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്നു കഠൻ.



4.പ്രശ്നോപനിഷത്ത്
(അഥർവവേദം)

ആറു വിദ്യാർത്ഥികൾ ഗുരുവിനെ സമീപിച്ച് ചോദിക്കുന്ന ആറുചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ആയതു കൊണ്ട്, ഈ ഉപനിഷത്ത് "പ്രശ്നങ്ങൾ" എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. മുന്നോട്ടുപോകും തോറും ചോദ്യങ്ങൾ ആത്മവിദ്യയുടെ കൂടുതൽ ദുർഗ്രഹമായ തലങ്ങളെ സ്പർശിക്കുന്നു.



5.മുണ്ഡകോപനിഷത്ത്
(അഥർവവേദം)

മുണ്ഡകന്മാർക്കു വേണ്ടി രചിച്ചതിനാലാണ് ഇതിന് മുണ്ഡകോപനിഷത്ത് എന്ന പേരുണ്ടായതെന്ന് പറഞ്ഞു വരുന്നു. മുണ്ഡകന്മാർ എന്നതിന് എല്ലാ കാമങ്ങളും മുണ്ഡനം ചെയ്തുകളഞ്ഞ സംന്യാസികൾ എന്നാണർത്ഥം. ഈ ഉപനിഷത്ത്പഠിക്കുന്നതിനു മുൻപ്, ബുദ്ധഭിക്ഷുക്കൾക്കിടയിൽ പതിവുള്ളതുപോലെയുള്ള ശിരോമുണ്ഡനം നിർബ്ബന്ധമായിരുന്നതിൽ നിന്നാണ് ഈ പേരുവന്നത് എന്ന് മറ്റൊരഭിപ്രായവുമുണ്ട്.വൃതനിർവഹണം നടത്തിയിട്ടില്ലാത്തവർ ഇത് വായിക്കാതിരിക്കട്ടെ എന്നൊരു വിലക്ക് ഉപനിഷത്തിന്റെ അവസാനഭാഗത്തെ ഒരു മന്ത്രത്തിൽ‍ കാണാം. മുണ്ഡകമെന്നത്, ഈ ഉപനിഷത്തിന്റെ എന്നതിനൊപ്പം അതിലെ അദ്ധ്യായങ്ങളുടെ കൂടി പേരാണ്. മുണ്ഡകോപനിഷത്തിൽ മൂന്നു "മുണ്ഡകങ്ങൾ" അടങ്ങിയിരിക്കുന്നു. ഓരോ മുണ്ഡകവും ഈരണ്ട് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.



6.മാണ്ഡൂക്യോപനിഷദ്
(അഥർവവേദം)

ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. അഥർവ വേദത്തിൽപ്പെട്ടതാണ്‌മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെവിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്. മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തുംതമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ  വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്. മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ്‌ ഏതെങ്കിലും ഒന്നു രണ്ട്‌ ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്‌, ഗൗഡപാദർമാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്‌. പഠിക്കുവാനുള്ള എളുപ്പത്തിന്‌ സാധാരണ മാണ്ഡൂക്യകാരികയാണ്‌ ആശ്രയിക്കപ്പെടുന്നത്‌. ഇതിൽ നാല്‌ അദ്ധ്യായങ്ങളുണ്ട്‌. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത്‌ ഉപനിഷത്തിനോട്‌ ചേർത്താണ്‌ വായിക്കുന്നത്‌. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു.





7.തൈത്തിരീയോപനിഷദ്
(കൃഷ്ണ യജുർ വേദം)

യജുർവേദത്തിന്റെ തൈത്തിരീയശാഖയോടനുബന്ധിച്ചുള്ള തൈത്തിരീയ ബ്രാഹ്മണത്തിന് പ്രപാഠങ്ങൾ എന്നറിയപ്പെടുന്ന പത്തദ്ധ്യായങ്ങളുള്ളതിൽ അവസാനത്തേതിന് മുൻപുള്ള (ഏഴുമുതൽ ഒൻപതു വരെ) മൂന്നദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്തായി കണക്കാക്കപ്പെടുന്നത്. തൈത്തിരീയം എന്ന പേരിനെ വിശദീകരിക്കാറുള്ളത് തിത്തിരിപ്പക്ഷിയുമായി ബന്ധപ്പെടുത്തിയാണ്. പഠിച്ചതെല്ലാം പുറത്തുകളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായനൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യൻ യാജ്ഞവൽക്യൻ ഛർദ്ദിച്ചുകളഞ്ഞ വിദ്യയിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുക്കുക വഴി സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെതൈത്തിരീയശാഖ എന്നൊരു കഥയുണ്ട്. ആ വേദശാഖയ്ക്കും അതിന്റെ അനുബന്ധമായ ബ്രാഹ്മണത്തിനും അതിലെ ഉപനിഷത്തിനും ഈ പേരുകിട്ടിയതിനു പിന്നിൽ ആ കഥയാണ്.



8.ഐതരേയോപനിഷത്ത്
(ഋഗ്വേദം)

ഋഗ്വേദത്തോടുചേർന്നുള്ള ഐതരേയ ബ്രാഹ്മണത്തിന്റെ തുടർച്ചയായി വരുന്ന ഐതരേയാരണ്യകത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്.ഐതരേയ ബ്രാഹ്മണത്തിന്റേയും ഐതരേയാരണ്യകത്തിന്റേയും കർത്താവായി കരുതപ്പെടുന്ന മഹിദാസ ഐതരേയനുമായി ബന്ധപ്പെടുത്തിയാണ് ഈ ഉപനിഷത്തിന്റെ പേരിനെ വിശദീകരിക്കാറുള്ളത്. സൃഷ്ടലോകത്തിന്റേയും ജീവന്റേയും ഉല്പത്തി-വികാസങ്ങളെ ലളിതവും നാടകീയവുമായി ചിത്രീകരിച്ച്, എല്ലാറ്റിലും കുടികൊള്ളുന്ന ആന്തരികസത്ത ആത്മാവാണെന്ന് സ്ഥാപിക്കുകയാണ് ഈ ഉപനിഷത്ത്.




9.ചാന്ദോഗ്യോപനിഷദ്
(സാമവേദം)

ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നായി ഛാന്ദോഗ്യം കണക്കാക്കപ്പെടുന്നു. മുഖ്യ ഉപനിഷത്തുകൾക്കിടയിൽ ബൃഹദാരണ്യകം കഴിഞ്ഞാൽ ഏറ്റവും വലിയ ഉപനിഷത്താണിത്. ഗദ്യരൂപത്തിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. സാമവേദത്തിന്റെ അനുബന്ധമായ ഛാന്ദോഗ്യബ്രാഹ്മണത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്. ഛാന്ദോഗ്യം എന്ന പേര് എന്ന പേര് വേദം, വൃത്തം, വൃത്തശാസ്ത്രം എന്നൊക്കെ അർത്ഥമുള്ളതും സാധാരണയായി സാമവേദത്തെ സൂചിപ്പിക്കുന്നതുമായ ഛന്ദസ് എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛന്ദസ്, അല്ലെങ്കിൽ സാമവേദം പഠിച്ചവരായ ഛന്ദോഗന്മാരുടെ ഉപനിഷത്താണ് ഛാന്ദോഗ്യോപനിഷത്ത്. ഛാന്ദോഗ്യബ്രാഹ്മണത്തിൽ ആകെയുള്ള പത്തദ്ധ്യായങ്ങളിൽ ഒടുവിലത്തെ എട്ടദ്ധ്യായങ്ങളാണ് ഈ ഉപനിഷത്ത്. അദ്ധ്യായങ്ങൾ പ്രപാഠകങ്ങൾ എന്നറിയപ്പെടുന്നു. പ്രപാഠകങ്ങൾ ഓരോന്നും ഖണ്ഡങ്ങൾ എന്നു പേരുള്ള ഉപവിഭാഗങ്ങളായും തിരിഞ്ഞിരിക്കുന്നു. എല്ലാ പ്രപാഠകങ്ങളിലുമായി മൊത്തം 154 ഖണ്ഡങ്ങളുണ്ട്.




10.ബൃഹദാരണ്യകോപനിഷത്ത്
(ശുക്ല യജുർ വേദം)

ബൃഹദ് എന്ന വിശേഷണത്തിനൊത്തു പോകും വിധം, ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യംഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്

Wednesday, August 15, 2012

ശിവശങ്കര സ്തോത്രം



അതിഭീഷണ കടുഭാഷണ യമകിങ്കരപടലീ-

കൃതതാഡനപരിപീഡനമരണാഗതസമയേ

ഉമയാസഹ മമചേതസി യമശാസന നിവസൻ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

അസദിന്ദ്രിയ വിഷയോദയ സുഖസാത് കൃത സുകൃതേഃ

പരദൂഷണ പരിമോക്ഷണ കൃതപാതക വികൃതേഃ

ശമനാനനഭവകാനനനിരതേർ ഭവ ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

വിഷയാഭിധബഡിശായുധപിശിതായിതസുഖതോ

മകരായിത ഗതി സംസൃതി കൃതസാഹസവിപദം

പരമാലയ പരിപാലയ പരിതാപിതമനിശം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ദയിതാ മമ ദുഹിതാ മമ ജനനീ മമ ജനകോ

മമ കല്പിതമതിസന്തതിമരുഭൂമിഷു നിരതം

ഗിരിജാസഖ ജനിതാസുഖവസതിം കുരു സുഖിനം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ജനിനാശന മൃതിമോചന ശിവപൂജന നിരതേഃ

അഭിതോfദൃശമിദമീദൃശമഹമാവഹ ഇതിഹാ

ഗജകച്ഛപജനിതശ്രമ വിമലീകുരു സുമതിം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ത്വയി തിഷ്ഠതി സകലസ്ഥിതികരുണാത്മനി ഹൃദയേ

വസുമാർഗണകൃപണേക്ഷണമനസാ ശിവവിമുഖം

അകൃതാഹ്നികമസുപോഷകമവതാദ് ഗിരിസുതയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


പിതരാവതിസുഖദാവിതി ശിശുനാ കൃതഹൃദയൗ

ശിവയാഹൃതഭയകേ ഹൃദി ജനിതം തവ സുകൃതം

ഇതി മേ ശിവ ഹൃദയം ഭവ ഭവതാത് തവ ദയയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ശരണാഗതഭരണാശ്രിതകരുണാമൃതജലധേ

ശരണം തവ ചരണൗ ശിവ മമ സംസൃതിവസതേഃ

പരിചിന്മയ ജഗദാമയഭിഷജേ നതിരവതാത്

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


വിവിധാധിഭിരതിഭീതിഭിരകൃതാധികസുകൃതം

ശതകോടിഷു നരകാദിഷു ഹതപാതകവിവശം

മൃഡമാമവ സുകൃതീഭവ ശിവയാ സഹ കൃപയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


കലിനാശന ഗരലാശന കമലാസനവിനുത

കമലാപതിനയനാർച്ചിത കരുണാകൃതിചരണ

കരുണാകര മുനിസേവിത ഭവസാഗരഹരണ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


വിജിതേന്ദ്രിയവിബുധാർച്ചിതവിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാങ്ഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

കനകാസന കനകാംബര കലിനാശന ശരണം


ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


Tuesday, August 14, 2012

പാക്കിൽ ശാസ്താവ്




പാക്കിൽ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ നാട്ടകം പകുതിയിലാണ്. ഈ ക്ഷേത്രം പണ്ട് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല.



ശ്രീ പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായിട്ട് കിഴക്കു മലകളിലും പടിഞ്ഞാറു സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. പാക്കിൽശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാൽ സ്വൽപം ഭേദമില്ലെന്നുമില്ല.



ഒരിക്കൽ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തിൽനിന്ന് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയിൽ കൊടുത്ത്, "ഇതു പരശുരാമന്റെ കയ്യിൽ കൊടുത്ത്, ഇതിനെ യഥോചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു പ്രതിഷ്ഠിക്കാൻ പറയണം" എന്നു പറഞ്ഞയച്ചു. അഗ്നിദേവൻ അപ്രകാരം ചെയുകയാൽ പരശുരാമൻ ആ വിഗ്രഹവും കൊണ്ട് പുറപ്പെട്ട് "പാക്ക്" എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു വന്നപ്പോൾ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാൽ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു. എങ്കിലും അത് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാൽ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ സാക്ഷാൽ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേർന്നു. പാക്കനാരെ കണ്ടപ്പോൾ പരശുരാമൻ പരമാർത്ഥമെലാം പറഞ്ഞു. ഉടനെ പാക്കനാർ ആ ബിംബത്തിന്മേൽപ്പിടിച്ച് കീഴ്പ്പോട്ട് അമർത്തിക്കൊണ്ട് "ഇവിടെപ്പാർക്ക്" എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാർ "പാർക്ക്" എന്നു പറഞ്ഞതിനാൽ ആ ദേശത്തിനു "പാർക്ക്" എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ "പാക്ക്" എന്നായിത്തീർന്നു. ഇപ്രകാരമൊക്കെയാണ് പാക്കിൽ ശാസ്താവിന്റെ ആഗമം. അതിനാൽ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തർ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമൻ പോയതിന്റെ ശേ‌ഷം ശാസ്താവ് ദിവ്യനായ പാക്കനാർക്കു പ്രത്യക്ഷീഭവിക്കുകയും "പാക്കനാരെ ആണ്ടിലൊരിക്കലെങ്കിലും ഇവിടെ കണ്ടാൽ കൊള്ളാമെന്നുണ്ട്" എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു പാക്കനാർ സമ്മതിക്കുകയും ചെയ്തു. പാക്കനാർ മുറം വിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന അവസരത്തിലാണ് അവിടെച്ചെന്നിരുന്നത്. അതുപോലെ പാക്കനാർ പിന്നെയും ആണ്ടുതോറും കർക്കടക സംക്രാന്തിനാൾ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാർ പതിവായി കർക്കടകസംക്രാന്തിനാൾ പാക്കിൽചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കർക്കടക സംക്രാന്തിതോറും ജനങ്ങൾ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ട്. അതിനു 'സംക്രാന്തിവാണിഭം" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകൾ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ വരുന്നവരിൽ അധികം പേരും പറയറും പുലയരും സാമാനങ്ങളിൽ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും.



പ്രതിഷ്ഠാനന്തരം പരശുരാമൻ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനുസരിച്ചു ജനങ്ങൾ കൂടി അവിടെ ഉപായത്തിൽ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയർക്കാട്ടു നമ്പൂരിയെക്കൊണ്ട് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവന് ആദ്യം നിവേദ്യം കഴിച്ചതു നാഴിയരിവച്ച് അതിന്റെ മുകളിൽ ഒരു തുടം വെണ്ണയും വച്ചാണ്. അതിനാൽ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീർന്നു. അങ്ങനെ വഴിപാടായിട്ട് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ട്. അതിനു നാഴിയരിയും വെണ്ണയും എന്നാണ് പേരു പറഞ്ഞുവരുന്നത്.



ദേശക്കാർക്കൂടി ഉപായത്തിൽ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പുഷ്ടിയൊക്കെ വരുത്തിയതു തെക്കുംകൂർ രാജാവാണ്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂർ രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമല ക്ഷേത്രത്തിൽപ്പോയി സ്വാമിദർശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാൽ ഒരാണ്ടിൽ അവിടെച്ചെന്നിരുന്നപ്പോൾ നടയിൽ തൊഴുതുകൊണ്ടുനിന്ന് "എന്റെ സ്വാമിൻ! ഇവിടെ വന്നു ദർശനം കഴിചപോകാൻ ഞാൻ ശക്തനല്ലാതെയായിത്തീർന്നിരിക്കുന്നു. ഇതു മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു പരമസങ്കടമാണ്. അതിനാൽ ഇതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ" എന്നു ഭക്തിപൂർവം പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ തമ്പുരാൻ കിടന്നുറങ്ങിയിരുന്ന സമയം ഒരാൾ അടുക്കൽ ച്ചെന്ന്, "ഇവിടെ വന്ന് എന്നെ ദർശിക്കുന്നതിന് നിവൃത്തിയില്ലാത്തവർ എന്റെ കിഴക്കേ നടയിൽ വന്ന് എന്നെക്കണ്ടാലും മതി. പാക്കിൽ പാർക്കുന്നതും ഞാൻതന്നെയാണ്" എന്നു പറഞ്ഞതായി അദ്ദേഹത്തിനുതോന്നി. ഉണർന്ന് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാൽ ഇത് കരുണാനിധിയായ ശബരിമലശാസ്താവു തന്റെ പ്രാർത്ഥനയെ കൈക്കൊണ്ട് അരുളിച്ചെയ്തതാണെന്നു തന്നെ തമ്പുരാൻ വിശ്വസിച്ചു.



തമ്പുരാൻ ശബരിമലയിൽനിന്ന് തിരിയെ രാജധാനിയിൽ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കിൽ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കൽപ്പുരം, വാതിൽമാടം മുതലായവയോടുകൂടി ഭംഗിയായി പണിയിക്കുന്നതിനു കൽപന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ട് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾക്കും മാസവിശേ‌ഷങ്ങൾക്കും നിത്യനിദാനം മുതലായതിനും പതിവുകൾ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകൾ ദേവസ്വംപേരിൽ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ട് അന്നു കലശം നടത്തിച്ചതും അയർക്കാട്ടു നമ്പുരിയെക്കൊണ്ടുതന്നെയാണ് അതിനാൽ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീർന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതൽ തെക്കുംകൂർ രാജാക്കന്മാർ പാക്കിൽ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവർ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദർശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാൽ പാക്കിൽ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാൽ അങ്ങോട്ടു കൂടെക്കൂടെ പ്പോകുന്നതിനു സൗകര്യവുമുണ്ടായിരുന്നു.



പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീർന്നു. അതിനാൽ അവർക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടത് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂർ രാജാവും ഇക്കൂട്ടത്തിൽ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്നതിനാൽ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാൽ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാർ ഓരോ കരകളിലും കളരികൾ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് ഏർപ്പാടു ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടാ യിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്കപ്പെടുന്നവർക്കു ആണ്ടിലൊരിക്കൽ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു പാക്കിൽ ശാസ്താവിന്റെ സന്നിധിയിൽവച്ചു വേണമെന്നും നിശ്ചയിച്ചു.



ആണ്ടുതോറും വിജയദശമിക്കു വിദ്യാംരംഭം കഴിഞ്ഞിട്ട് രാജാവ് ഒരു നല്ല ദിവസം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളിൽനിന്നും ആശാന്മാർ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കിൽ വന്നുചേരും. അപ്പോൾ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഥായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിർത്തും. അവർ തെക്കും വടക്കുമായി പിരിഞ്ഞ് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോൾ യുദ്ധം തുടങ്ങുന്നതിന് രാജാവ് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവ്. ഈ പരീക്ഷായുദ്ധത്തിന് പാക്കിൽ പട എന്നാണ് പേരു പറഞ്ഞുവന്നിരുന്നത്. ഈ യുദ്ധത്തിനായി പാക്കിൽ ക്ഷേത്രത്തിനുസമീപം മതിൽക്കുപുറത്തായിട്ട് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിന് 'പടനിലം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തിൽ ജയിക്കുന്നവർക്കു സൈന്യത്തിൽ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു കൽപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാർ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരിക്കുന്നത്. അതിനാൽ തെക്കുംകൂർ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കിൽ ശാസ്താവിനെ ഒരു പരദേവതയായിട്ടാണ് ആചരിച്ചുവരുന്നത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമില്ലാതായപ്പോൾ മുതൽ അതിനൊക്കെ സ്വല്പം കുറവു വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടിമാരുടെ പള്ളിക്കെട്ടു കഴിഞ്ഞാൽ പാക്കിൽ കൊണ്ടുചെന്നു ദർശനം കഴിപ്പിചു കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ട്.



ശബരിമലശാസ്താവും പാക്കിൽ ശാസ്താവും ഒന്നുതന്നെയെന്നാണ് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്ക് പോകുവാൻ സാധിക്കാത്തവരും മറ്റുമായി അനേകം ജനങ്ങൾ മകരസംക്രാന്തിക്കു പാക്കിൽ പോയി ദർശനം കഴിക്കുക ഇപ്പോഴും പതിവാണ്.



പാക്കിൽ ശാസ്താവിനു മുൻകാലങ്ങളിൽ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂർ രാജ്യം തിരുവിതാംകൂറിൽ ചേർന്നതോടുകൂടു അതിനൊക്കെ വളരെ ഭേദഗതിവന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാർ ഇപ്പോഴും ആ ശാസ്തവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ട്. ആണ്ടു തോറുമുള്ള ഉത്സവത്തിനു സർക്കാരിൽനിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്ത് ഉത്സവം കേമമാക്കുന്നതും അഹസ്സുകൾ നടത്തുന്നതും ഇപ്പോഴും ദേശക്കാർ തന്നെയാണ്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായി ഇപ്പോൾ തുനിയുന്നില്ല.

Friday, August 10, 2012

ഗജേന്ദ്രമോക്ഷം



പാണ്ഡ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍ മലയപര്‍വ്വതത്തിന്റെ താഴ്വരയില്‍ ആശ്രമം കെട്ടി വിഷ്ണുനാഥനെ പ്രാര്‍ത്ഥിച്ചു. ഒരു ദിവസം അഗസ്ത്യ മഹര്‍ഷി ആശ്രമത്തിലെത്തി. ധ്യാനനിരതനായ രാജാവ് മഹര്‍ഷി വന്ന വിവരം അറിഞ്ഞില്ല. തന്നെ വിധിയാംവണ്ണം സ്വീകരിക്കാത്ത രാജാവിനെ മഹര്‍ഷി ശപിച്ചു . "തന്നെ ധിക്കരിച്ചു ഇളകാതിരിക്കുന്ന ഇവന്‍ കാട്ടാനത്തലവനായി ആരോടും മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ നടക്കട്ടെ". എന്ന് ശപിച്ചിട്ട് മഹര്‍ഷി നടന്നു പോയി. ധ്യാനമുണര്‍ന്നപ്പോള്‍ ഭടന്മാരില്‍ നിന്നും വിവരമറിഞ്ഞ രാജാവ് മഹര്‍ഷിയുടെ പിന്നാലെചെന്നു നമസ്കരിച്ച്, മാപ്പപേക്ഷിച്ചു. പശ്ച്താപം തോന്നിയ മഹര്‍ഷി ഈ ശാപം ദൈവഹിതമാണെന്നും വിഷ്ണുഭാഗവാന്റെദര്‍ശനം കിട്ടാന്‍ വേണ്ടിയാണെന്നും അറിയിച്ചു



മദയാനയായി മാറിയ രാജാവ് കാട്ടിലേക്ക് ഓടിപ്പോയി. അവിടെ മറ്റു ആനകളുടെ തലവനാകയും, മരശാഖകള്‍ ഒടിച്ചും, ചീന്തിതിന്നും, മണ്ണ്കുത്തിയാറാടിയും , തടാകങ്ങളില്‍ കുളിച്ചും,  കാട്ടിലങ്ങനെ വിളയാടി. ആനയായാലും അവനു മുന്‍പുണ്ടായിരുന്ന വിഷ്ണുഭക്തി നിലനിന്നു പോന്നു.
അതുകൊണ്ട് പാപനാശിനികളായ തീര്‍ത്ഥങ്ങള്‍ കണ്ടാല്‍ അതില്‍ സേവിക്കയും, തീര്‍ത്ഥം കുടിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഭൂപ്രദക്ഷിണം ചെയ്തുചെയ്ത് ആനക്കൂട്ടം ത്രികുടപര്‍വ്വതത്തില്‍ എത്തി. ആ പര്‍വ്വതത്തിന് ഇരുമ്പ്, വെള്ളി,സ്വര്‍ണം എന്നിവയുടെ നിറങ്ങളില്‍ മൂന്നു കൊടുമുടികള്‍ ഉണ്ട്. ചുറ്റും പാലാഴി. യക്ഷകിന്നരന്മാര്‍ ആനന്ദിച്ചുല്ലസിക്കുന്ന ദിവ്യപ്രദേശമാണ്‌ അവിടം. അതിന്റെ താഴ്വരയില്‍ വരുണന്റെ ഋതുമത് എന്ന് പേരുള്ള അതിമനോഹരമായ ഉദ്യാനമുണ്ട്. പക്ഷിമൃഗാദികള്‍ ഒന്നിച്ചുല്ലസിക്കുന്ന ആ ഉദ്യാനത്തില്‍ ഒരു താമര പൊയ്കയുമുണ്ട് . ഇതെല്ലാം കണ്ടപ്പോള്‍ ഗജേന്ദ്രനു ആ പ്രദേശം നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെ കാട്ടാനക്കൂട്ടം അവിടെ താമസമുറപ്പിച്ചു


ഒരു ദിവസം ആഹാരമൊക്കെ കഴിഞ്ഞ് മധ്യാഹ്നമായപ്പോള്‍ ആനക്കൂട്ടം ആ താമര പൊയ്കയുടെ അടുത്തെത്തി. ഗജേന്ദ്രനു അതില്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാമെന്നുതോന്നി. അവന്‍ വേണ്ടുവോളം കുളിക്കുകയും താമര വളയങ്ങള്‍ ചുറ്റിപ്പറിച്ചെടുത്ത് തിന്നുന്നുമുണ്ടായിരുന്നു. അപ്പോള്‍ അതാ ഒരു കൂറ്റന്‍ മുതല ആനയുടെ കാലില്‍പിടികൂടി . വേദനകൊണ്ട് ആന അലറി ചിന്നം വിളിച്ചു, ശക്തിയായി കാല്‍ കുടഞ്ഞു മുതലയെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റു ആനകളെല്ലാം കൂടി ഈ ആനയെ പിടിച്ചുവലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലു ഫലമുണ്ടായില്ല. അങ്ങനെ ഒരായിരം വര്‍ഷം അവര്‍ തമ്മില്‍ പിടിയും വലിയും ആയി കഴിച്ചുകൂട്ടി. അപ്പോഴതാ ദൈവഹിതംപോലെ ഗജേന്ദ്രനു പണ്ട് മഹര്‍ഷി കൊടുത്ത ശാപമോക്ഷം ഓര്‍മ്മ വന്നു. ഭഗവദ്സ്മൃതിയുണര്‍ന്ന് സര്‍വ്വലോകേശനായ സാക്ഷാല്‍ ഭഗവാന്‍ നാരായണനെ സ്തുതിച്ചു .തുമ്പിക്കൈകൊണ്ട്‌ താമരപ്പൂക്കള്‍ പറിച്ചെടുത്ത് ഭഗവാനെ ആരാധിച്ചു. അവന്റെ സ്തുതികേട്ട് ഭഗവന്‍ ഗരുഡന്റെ പുറത്തുകയറി ആ താമരപോയ്കയിലെത്തി.
ഗജേന്ദ്രന്റെ തുമ്പിക്കൈ മാത്രം ജലനിരപ്പിനു മുകളില്‍ കാണാമായിരുന്നു. ഭഗവാന്‍ ആനയെ മെല്ലെ കരക്കെത്തിച്ചു. അപ്പോഴും മുതലയുടെ പിടി മാറിയിരുന്നില്ല. ഭഗവാന്‍ തന്റെ സുദര്‍ശനചക്രം കൊണ്ട് മുതലയുടെ കഴുത്തറുത്തു.. അപ്പോഴതാ, അതിമനോഹര വേഷധാരിയായി ഉദയസൂര്യനെപോലെ ശോഭിക്കുന്ന ഒരു ഗന്ധര്‍വ്വശ്രേഷ്ടന്‍
മുതലയില്‍ നിന്നും ആവിര്‍ഭവിച്ച് ഭഗവാനെ സ്തുതിച്ചു വാഴ്ത്തി .


ദേവലമുനിയുടെ ശാപമേറ്റാണ് ഗന്ധര്‍വ്വന്‍ മുതലയായിത്തീര്‍ന്നത്‌. ഭഗവാന്റെ സുദര്‍ശനചക്രം കൊണ്ട് തന്നെ ആ ഗന്ധര്‍വ്വന് ശാപമോക്ഷം ലഭിച്ചു.



ഭഗവാന്റെ വാത്സല്യപൂര്‍വ്വമായ തലോടല്‍ കൊണ്ട് ഗജേന്ദ്രന് ശാപമോക്ഷം കിട്ടുകയും ഇന്ദ്രദ്യുമ്നരാജാവായി തീരുകയും ചെയ്തു. അങ്ങനെ ഇന്ദ്രദ്യുമ്നന്‍ വിഷ്ണു സായൂജ്യം നേടി.


അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം  മുളപൊട്ടുന്നു…അപ്രതീക്ഷമായ വീഴ്ചകള്‍  സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു…ഞാന്‍ ഒരു  നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു…


ഗജേന്ദ്രമോക്ഷം  കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും  അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍  ഉണ്ടാകും…വീഴ്ചകള്‍ക്ക് മുന്‍പുതന്നെ  ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍  ഭാഗ്യവാന്മാരാണ് …

Thursday, July 12, 2012

അദിതി



അനന്തത, സ്വാതന്ത്ര്യം, സര്‍ഗശക്തി, സമഗ്രത, സമൃദ്ധി തുടങ്ങിയ പല വിവക്ഷിതാര്‍ഥങ്ങളുമുള്ള ഈ പദം പ്രപഞ്ചത്തിലെ എല്ലാ സത്പ്രഭാവങ്ങളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും മാതൃസ്ഥാനത്ത് ഭാരതീയര്‍ സങ്കല്പിക്കുന്ന അനാദ്യന്തസ്വരൂപിണിയും മൌലികശക്തിയുടെ മൂര്‍ത്തിമദ്ഭാവവുമായ ദേവിയുടെ പേരാണ്. പരിമിതമായ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേയമായ സ്വര്‍ഗമാണ് അദിതി. തന്‍മൂലം ആകാശത്തിന്റെ അധിദേവതയായും ഭൂമിയെ താങ്ങിനിര്‍ത്തുന്ന ദേവിയായും സങ്കല്പിക്കപ്പെടുന്നു. എല്ലാ ദേവന്‍മാരുടെയും അമ്മ എന്ന അര്‍ഥത്തില്‍ ദേവമാതാവ് എന്നും അദിതിയെ വിളിക്കുന്നു. ഗോക്കളെയും ശിശുക്കളെയും സംരക്ഷിക്കുന്നതിനും അവരുടെ അജ്ഞാനത്തിനു മാപ്പുകൊടുത്ത് അവരെ അനുഗ്രഹിക്കുന്നതിനും അര്‍ഹതയുള്ള ദേവിയാണ് അദിതി എന്ന് ഋഗ്വേദം പറയുന്നു.



അദിതിയെക്കുറിച്ച് പുരാണങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ വൈരുധ്യങ്ങളുണ്ട്. ബ്രഹ്മാവിന്റെ പുത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. എട്ടു പുത്രന്‍മാരുണ്ടായതില്‍ ഒരാളെ പരിത്യജിച്ചു. ആ പുത്രനാണ് മാര്‍ത്താണ്ഡന്‍. ശേഷിച്ച ഏഴുപേര്‍ ആദിത്യന്മാര്‍. ആദിത്യന്മാര്‍ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രന്‍മാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി മഹാഭാരതം പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതല്‍ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്.



യജുര്‍വേദമനുസരിച്ച് അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനന്‍ എന്ന് വിഷ്ണുപുരാണത്തില്‍ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജന്‍ എന്ന് വിഷ്ണുവിനു പേരുണ്ടായി. ദശാവതാരങ്ങളില്‍ മൂന്നെണ്ണം അദിതിയില്‍ നിന്നാണ്. അദിതിയില്‍നിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൌസല്യയില്‍നിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയില്‍നിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രന്‍മാരും അഷ്ടവസുക്കളും അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രന്‍മാര്‍ എന്ന അര്‍ഥത്തിലാണ് ആദിതേയന്മാര്‍ എന്നു ദേവന്‍മാരെ വിളിക്കുന്നത്.



തത്ത്വചിന്താപരമായ വ്യാഖ്യാനങ്ങള്‍കൊണ്ട് സാധൂകരിക്കാവുന്നതാണ് ഈ വൈരുധ്യങ്ങളെല്ലാം. സനാതനവും അനന്തവുമായ ചൈതന്യമാണ് അദിതി. അദിതിയില്‍നിന്ന് ദക്ഷന്‍, അഥവാ വിവേകവും തിരിച്ചറിവുമുള്ളവന്‍, ജനിച്ചു; മൌലികമായ ആ ജ്ഞാനത്തില്‍നിന്ന് ചൈതന്യം സ്വയം ഉദ്ഭവിച്ചു. സര്‍ഗശക്തിയില്‍നിന്ന് പ്രജ്ഞയും പ്രജ്ഞയില്‍ നിന്ന് സര്‍ഗശക്തിയും ഉണ്ടാകുന്നു; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരമാത്മാവില്‍ നിന്നുയിര്‍കൊള്ളുന്ന ജീവാത്മാവ് പരമാത്മാവില്‍ത്തന്നെ ലയിക്കുന്നു. ഈ ചാക്രികപ്രക്രിയയാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. ദിതി എന്ന സങ്കല്പം ഈ വ്യാഖാനത്തിന്നുറപ്പു നല്കുന്നുണ്ട്. മനസ്സിന്റെ പരിധിക്കുമപ്പുറത്തുള്ള ഭാസുര തേജസ്സാണ് ബ്രഹ്മപുത്രനായ കശ്യപന്‍. ആ ജ്യോതിസ്സും അദിതി എന്ന അഖണ്ഡമായ ചിത്തശക്തിയും ഒത്തുചേരുന്നതാണ് സര്‍ഗപ്രക്രിയ; അതില്‍ നിന്ന് ചേതനാചേതനങ്ങള്‍ ഉണ്ടായി. അവയാണ് ദിതിയുടെ ജന്‍മത്തിനു കാരണം. ദിതിയും അദിതിയും കശ്യപന്റെ പത്നിമാരാണ്. ദിതിയില്‍നിന്ന് ദൈത്യന്‍മാര്‍ (അചിത്തി) ജനിക്കുന്നു; അദിതിയില്‍നിന്ന് ആദിതേയന്മാര്‍ അഥവാ ചിത്പുരുഷന്‍മാരായ ദേവന്‍മാര്‍ രൂപംകൊള്ളുന്നു. രണ്ടിന്റെയും ഉറവിടം അഭിന്നമാണെന്നുമാത്രം.



ഭൂമി, പാര്‍വതി, പുണര്‍തം നക്ഷത്രം, ഗൃഹനിര്‍മാണത്തില്‍ വ. വശത്തുവച്ചു പൂജിക്കേണ്ട വാസ്തുദേവത, സര്‍വത്തെയും 'അദി'ക്കുന്നത് (ഭക്ഷിക്കുന്നത്) എന്ന അര്‍ഥത്തില്‍ മൃത്യു എന്നിവയ്ക്കൊക്കെ അദിതി എന്നു പേരുണ്ട്. രാത്രിയിലെ പതിനഞ്ചു നിത്യനക്ഷത്രമുഹൂര്‍ത്തങ്ങളില്‍ ഒന്നിന്റെ പേര് 'അദിതിമുഹൂര്‍ത്തം' എന്നാണെന്ന് മാധവനിദാനം എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും സാരാവലി എന്ന ജ്യോതിഷകൃതിയിലും പരാമര്‍ശിച്ചു കാണുന്നു.