ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 15, 2012

ദശനാമി സമ്പ്രദായം എന്താണ്?


ആചാര്യന്മാ രുടെ പേരുകളോടൊപ്പം കാണുന്ന  സരസ്വതി, പുരി, ചൈതന്യ തുടങ്ങിയ വിശേഷണങ്ങള്‍  എന്തിനെ സൂചിപ്പിക്കുന്നു?


പ്രസ്ഥാനം എത്ര മഹത്തരമായാലും അതിനെ അനുസരിക്കാനും പാലിക്കാനും പോഷിപ്പിക്കാനും ആളില്ലെങ്കില്‍ അത് കാലാന്തരത്തില്‍ നഷ്ടമായിപ്പോകും. അങ്ങനെയൊരു ദുര്‍ദ്ദശ തന്റെ പ്രസ്ഥാനത്തിന് സംഭവിക്കരുത് എന്നു കരുതി ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. അവിടെ ജിജ്ഞാസുക്കളായ സാധകന്മാര്‍ക്ക് താമസിച്ചു വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ട ഏര്‍പ്പാടുകളും ചെയ്തു. ദശനാമിസമ്പ്രദായത്തില്‍പ്പെട്ട സന്ന്യാസിമാരെല്ലാം ഈ നാലു മഠങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടവരായിരിക്കും.



ശൃംഗേരിമഠ‍ം

തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു.



ശാരദാമഠം

ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു.



ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം)

ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു.



ഗോവര്‍ദ്ധനമഠ‍ം

കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്.



ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്.

No comments:

Post a Comment