ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

കര്‍മഫലങ്ങള്‍ കൊയ്‌തേ പറ്റൂ - 19

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 19 
കര്‍മഫലം കാര്‍മികന്‍ അനുഭവിച്ചേ പറ്റൂ. എല്ലാവരും അവരവരുടെ കര്‍മഫലത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ദോഷങ്ങള്‍ അനുഭവിക്കുകയും വേണം. കാര്‍മികന്‍ തന്നെ കര്‍മങ്ങളുടെ ഫലം ഭക്ഷിക്കണമെന്ന് പൈംഗളോപനിഷത് (2:5) പറയുന്നു. ഫലങ്ങളും ആത്യന്തിക പ്രത്യാഘാതങ്ങളും അനുഭവിക്കാനുള്ള ബാധ്യതയ്ക്ക് 'കര്‍മബന്ധം' എന്നുപറയുന്നു.
karma-phalam
അധ്യായം/17, കര്‍മം
സ്വാഭാവികമായും ക്രമമായും സംഭവിക്കുന്ന ഒരുപാടു സംഗതികള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. ഉഗ്രന്‍ പൂരവെടിക്കെട്ടു കണ്ടതോ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തില്‍ ഏതാനും വര്‍ഷം മുന്‍പ് തൊഴുതതോ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, മനസ്സില്‍ അത് വൈവിധ്യത്തോടെ വരികയും, ആത്മാവ് ആനന്ദത്തിലാറാടുകയും ചെയ്യും. എങ്ങനെയാണ് ഇതുണ്ടാകുന്നത്? മുജ്ജന്മ കര്‍മങ്ങളുടേയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങള്‍ നമ്മുടെ സൂക്ഷ്മശരീരത്തില്‍ നില്‍ക്കുകയും, അവയുടെ അവലോകനം വൈവിധ്യത്തോടെയുള്ള അവയുടെ പുനരനുഭവത്തിന് കാരണമാകുന്നുവെന്നും മഹര്‍ഷിമാര്‍ പറഞ്ഞു. അത് നിരവധി മറ്റദ്ഭുതങ്ങളും സൃഷ്ടിക്കുന്നു. അവയാണ് ഇപ്പുസ്തകത്തിലെ ഈ ഭാഗത്ത് വിവരിക്കുന്നത്.
കര്‍മം എന്നത്, സംസ്‌കൃതത്തില്‍, മനഃപൂര്‍വംചെയ്യുന്ന ജോലിയോ പ്രവൃത്തിയോ ആണ്. വിശാലാര്‍ത്ഥങ്ങളുള്ള ഒരു വാക്ക്. പ്രവൃത്തികള്‍ക്കൊപ്പം, വിചാരങ്ങളും ഭാഷണങ്ങളും അതുള്‍ക്കൊള്ളുന്നു. ഒരാള്‍ ഒന്നു ചെയ്യാനാഗ്രഹിച്ചാല്‍, അതിനൊരു അവസരം കാത്താല്‍, അത് മനഃപൂര്‍വമായ മാനസിക പ്രവൃത്തിയോ കര്‍മമോ ആകുന്നു. യേശു, ഗിരിപ്രഭാഷണത്തില്‍ പറഞ്ഞു:
”വ്യഭിചാരം ചെയ്യരുത്” എന്ന കല്‍പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു.
(മത്തായി 5:27-28).
ആത്മീയ നിയമത്തില്‍, ഒരു കര്‍മം ചെയ്യാനുള്ള വിചാരംതന്നെ മനഃപൂര്‍വമായ കര്‍മമാണ് എന്നര്‍ത്ഥം. ഒരു ഭാഷണവും മനഃപൂര്‍വ പ്രവൃത്തിയാകാം. ഒരാള്‍ക്ക് മനോവിഷമമുണ്ടാകത്തക്കവിധം അയാളെ അസഭ്യം പറയുന്നത് ഒരു കര്‍മം ആണ്. അതിനാല്‍, കര്‍മം എന്നാല്‍, ‘ശരീരം, മനസ്സ്, സംസാരം എന്നിവയാല്‍ മനഃപൂര്‍വം ചെയ്യുന്നതെന്തും’ ആകുന്നു.
കെട്ടിടനിര്‍മാണം, രോഗിശുശ്രൂഷ, ക്രൂരമൃഗത്തിന്റെ കൊല എല്ലാം ശരീരംകൊണ്ട് ചെയ്യുന്ന കര്‍മങ്ങള്‍ ആണ്. ആശയം, ആസൂത്രണം, ധ്യാനം എന്നിവയെല്ലാം മനസ്സുകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. അധ്യാപനം, ഗാനാലാപനം, പ്രകീര്‍ത്തനം എന്നിവയെല്ലാം സംസാരംകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. ജീവിതം നിരന്തര കര്‍മപരമ്പരയാണ്. ശരീരം, മനസ്സ്, സംസാരം എന്നിവവഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാളും ഒരുനിമിഷവും പാഴാക്കുന്നില്ല എന്നു ഗീത (3:5) നിരീക്ഷിക്കുന്നു. ശരീരംകൊണ്ട് ഒന്നും ചെയ്യുന്നില്ലെങ്കില്‍, മനസ്സുകൊണ്ട് ചെയ്യുന്നുണ്ടാകാം. ശ്വാസോച്ഛ്വാസം, സ്വപ്നം കാണല്‍ തുടങ്ങിയ പ്രവൃത്തികള്‍ മനഃപൂര്‍വമല്ല. മനഃപൂര്‍വമായവ മാത്രമാണ് കര്‍മങ്ങള്‍.
ഗുണങ്ങള്‍
ഒരു കര്‍മത്തില്‍, ഗുണമോ ദോഷമോ രണ്ടുമോ ഉണ്ടാകാം. ഒരാള്‍ക്കോ സഹജീവികള്‍ക്കോ ഗുണമുണ്ടാക്കുന്നതോ ഈശ്വരനോടുള്ള പ്രതിപത്തി പ്രോത്സാഹിപ്പിക്കുന്നതോ ആയ കര്‍മങ്ങള്‍, പുണ്യ പ്രവൃത്തികളാണ്. ഒരാളെ മുറിപ്പെടുത്തുന്ന പ്രവൃത്തി, ദോഷമുള്ള പാപ പ്രവൃത്തിയാണ്. മനഃപൂര്‍വമല്ലാത്ത പ്രവൃത്തികള്‍ക്ക് ഗുണമോ ദോഷമോ ഇല്ല.
ദോഷങ്ങളെ നിഷേധഗുണങ്ങളായി കാണാം, അപ്പോള്‍, ‘ഗുണങ്ങള്‍’ എന്ന പ്രയോഗം ഗുണത്തെയും ദോഷത്തെയും കുറിക്കുന്നു. കര്‍മത്തിന്റെ നന്മയോ തിന്മയോ അതിന്റെ ‘ഗുണങ്ങള്‍’ ആണ്. ഒരു കര്‍മത്തിന്റെ ഫലങ്ങള്‍ക്കുപുറമേ, അതിന്റെ ഗുണങ്ങള്‍ പില്‍ക്കാലത്ത്, അത് ചെയ്തവന് മറ്റ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം എന്നുപറയപ്പെടുന്നു.
പ്രത്യാഘാതങ്ങള്‍
കര്‍മം കാരണമായി ഉണ്ടാകുന്ന നന്മകളോ ദുരന്തങ്ങളോ ആണ് അതിന്റെ പ്രത്യാഘാതങ്ങള്‍. ഇവ ഉടനോ പിന്നീടോ കാര്‍മികന് ഉണ്ടാകാം. ഇവ, കര്‍മത്തിന്റെ നന്മയ്ക്കു പ്രതിഫലമോ ദോഷത്തിന് ശിക്ഷയോ ആയിരിക്കും. സാധാരണ, ഗുണങ്ങള്‍ പുഷ്പിച്ച് ഫലമാകാന്‍ സമയമെടുക്കും. അത്യസാധാരണമായ നന്മയോ അതിക്രൂരമായ ദോഷമോ ആണെങ്കില്‍ ഈ ജീവിതത്തില്‍ തന്നെ, ഫലങ്ങളുണ്ടാകാം; സാധാരണ സംഭവങ്ങളില്‍, അടുത്തതോ പിന്നീടോ ഉള്ള ജന്മത്തിലേ അവയുണ്ടാകൂ. അവയുടെ താമസത്തിന് കാരണം പിന്നീട് (അധ്യായം 22) വിശദീകരിക്കാം. പില്‍ക്കാലത്തുണ്ടാകുന്ന ഫലങ്ങളും ചെയ്ത കര്‍മത്തിന്റെ ഫലമാണെന്ന് ശ്രദ്ധിക്കുക. കര്‍മം കഴിഞ്ഞ് ഏറെക്കാലത്തിനുശേഷമാണ് കാര്‍മികന്‍ അതനുഭവിക്കുന്നത് എന്നതിനാല്‍, അതിനെ ആത്യന്തിക ഫലം എന്നുവിളിക്കുന്നു.
കര്‍മ പ്രത്യാഘാതങ്ങളെ ‘സിദ്ധി’ എന്നും ‘ഫലം’ എന്നും വിളിക്കുന്നു. രണ്ടുവാക്കുകളും ഉടന്‍, ആത്യന്തിക പ്രത്യാഘാതങ്ങള്‍ക്ക് ഒരുപോലെ ബാധകമാണെങ്കിലും, പൊതുവേ ഉടന്‍ പ്രത്യാഘാതങ്ങള്‍ക്കാണ്, ‘സിദ്ധി’ എന്നുപറയുന്നത്, ആത്യന്തിക പ്രത്യാഘാതമാണ് ‘ഫലം’. നന്മനിറഞ്ഞ കര്‍മങ്ങളുടെ ഫലം മധുരമാണെന്നും തിന്മനിറഞ്ഞ കര്‍മങ്ങളുടെ ഫലം കയ്‌പേറിയതാണെന്നും വേദങ്ങള്‍ ഒരുപോലെ പ്രഖ്യാപിക്കുന്നു (യോഗ സൂത്രങ്ങള്‍, 2:13-14). ആരോഗ്യം, സമ്പത്ത്, ഭാഗ്യം, സാമൂഹിക പദവി, സന്തുഷ്ടബന്ധങ്ങള്‍, സന്തുഷ്ടാന്തരീക്ഷം എന്നിവയെല്ലാം നന്മയുടെ ഫലങ്ങളാണ്; ദാരിദ്ര്യം, രോഗം, ദൗര്‍ഭാഗ്യങ്ങള്‍, അസന്തുഷ്ട ബന്ധങ്ങള്‍, അസന്തുഷ്ട അന്തരീക്ഷം എന്നിവയെല്ലാം മുജ്ജന്മ ദുഷ്ടകര്‍മങ്ങളുടെ ഫലങ്ങളാണ്. കര്‍മത്തിന്റെ ഗുണദോഷങ്ങളുടെ അളവനുസരിച്ചായിരിക്കും സന്തുഷ്ടിയുടെയും ദുരിതത്തിന്റെയും കാലദൈര്‍ഘ്യം.
കര്‍മഫലം കാര്‍മികന്‍ അനുഭവിച്ചേ പറ്റൂ. എല്ലാവരും അവരവരുടെ കര്‍മഫലത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ദോഷങ്ങള്‍ അനുഭവിക്കുകയും വേണം. കാര്‍മികന്‍തന്നെ കര്‍മങ്ങളുടെ ഫലം ഭക്ഷിക്കണമെന്ന് പൈംഗളോപനിഷത് (2:5) പറയുന്നു. ഫലങ്ങളും ആത്യന്തിക പ്രത്യാഘാതങ്ങളും അനുഭവിക്കാനുള്ള ബാധ്യതയ്ക്ക് ‘കര്‍മബന്ധം’ എന്നുപറയുന്നു.
ഇപ്പറഞ്ഞ സിദ്ധാന്തം, ഭാരതീയ തത്വചിന്തയുടെ മാത്രം പ്രത്യേകതയല്ല. ഖുര്‍ ആന്‍ പറയുന്നു:
എല്ലാ ആത്മാക്കളും അവ ചെയ്ത നന്മയെയും തിന്മയെയും അഭിമുഖീകരിക്കേണ്ടിവരും.
(ഖുര്‍ ആന്‍ 3:30)
ഓരോ ആത്മാവിനും അത് ആര്‍ജിച്ചതിന്റെ പാരിതോഷികം അല്ലാഹു നല്‍കും.
(ഖുര്‍ ആന്‍ 14:51)
ബൈബിളും ഇങ്ങനെ നിരീക്ഷിക്കുന്നു:
ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായത് നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു.
(യിശെയ്യാ, 17:10)
കര്‍ത്താവ് തരുന്നതിനെ മനുഷ്യന് നിന്ദിക്കാനോ ഒഴിവാക്കാനോ ആവില്ല. കര്‍ത്താവ് കര്‍മഫലമായി തരുന്നത്, ഓരോരുത്തരുടെയും കര്‍മത്തെ സംബന്ധിച്ച കര്‍ത്താവിന്റെ വിധിയാണ്. സമയമെടുത്താലും, വിധി ഉണ്ടാവുകതന്നെ ചെയ്യും. ബൈബിള്‍ ഇത് ശക്തമായി തന്നെ പറയുന്നു:
മനുഷ്യന്‍ വിതയ്ക്കുന്നത് കൊയ്യുക തന്നെ ചെയ്യും.
(ഗലാത്തിയക്കാര്‍ 6:7)
കര്‍മങ്ങളുടെ ഫലങ്ങള്‍ കൊയ്‌തേ പറ്റൂ. ‘കൊയ്യുക തന്നെ ചെയ്യും’ എന്നുവച്ചാല്‍, അവന്‍ (ഫലങ്ങള്‍) ഭക്ഷിക്കും എന്നര്‍ത്ഥം. വിതയ്ക്കും കൊയ്ത്തിനും എപ്പോഴും ഇടവേളയുണ്ടാകുമെങ്കിലും, അത് ഇല്ലാതാവുകയോ ഒഴിവാകുകയോ ചെയ്യില്ല. ഫിലോകാലിയ (വാല്യം 1, പേജ് 118) നിരീക്ഷിക്കുന്നു.
വിതയ്ക്കും കൊയ്ത്തിനും ഇടയില്‍ ഒരിടനേരം കടന്നുപോകുന്നതിനാല്‍, അതുണ്ടാവില്ല എന്നു നാം ചിന്തിക്കാന്‍ തുടങ്ങും.
അത്, വെറും വിചാരമാണ്. വിതയ്ക്കുന്നവന്‍ കൊയ്യും. ദൈവത്തിങ്കല്‍, വിള നശിക്കുന്നില്ല. പാകമാവുമ്പോള്‍, കര്‍മം ചെയ്തവന്‍, കര്‍മങ്ങളുടെ ഫലങ്ങള്‍ കൊയ്യണം.
എല്ലാ കര്‍മങ്ങളുടെയും ഫലങ്ങള്‍ കര്‍മം ചെയ്തവന്‍ അനുഭവിക്കണമെന്നുണ്ടെങ്കില്‍, അവ പാകമായാല്‍ സമയമെടുക്കുന്നുവെങ്കില്‍, ആത്യന്തിക ഫലങ്ങള്‍ വരുംവരെ, ആ കര്‍മങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുവരുന്നു. കര്‍മം ചെയ്യല്‍ വിതയാണെങ്കില്‍, ഫലങ്ങള്‍ അനുഭവിക്കലാണ്, കൊയ്ത്ത്. കൊയ്ത്തിന് സമയമെടുക്കും. വിതയ്ക്കല്‍ കഴിഞ്ഞ്, അതായത്, കര്‍മം കഴിഞ്ഞ്, ഫലമുണ്ടാകുംവരെ കര്‍മം നിലനില്‍ക്കണം. ഒരനിശ്ചിതകാലം കര്‍മങ്ങള്‍, അവയുടെ ഗുണദോഷങ്ങളോടെ കര്‍മം ചെയ്യുന്നവന്റെ സൂക്ഷ്മ ശരീരത്തില്‍, കര്‍മഭാവങ്ങളായി നില്‍ക്കുമെന്ന് ഭാരതീയതത്വചിന്ത സങ്കല്‍പ്പിക്കുന്നു. മുജ്ജന്മ കര്‍മങ്ങളുടെ സ്വാഭാവിക സ്മൃതികള്‍, അത്തരം കര്‍മഭാവങ്ങളുടെ പ്രതിഫലനങ്ങളാകുന്നു.

No comments:

Post a Comment