ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 27, 2016

സരസ്വതീമന്ത്രം

സരസ്വതീമന്ത്രം:- സരസ്വതി വിദ്യയുടെ ദേവിയാണ്. പഠിക്കുന്ന കുട്ടികള് രാവിലെയും സന്ധ്യക്കും കുളികഴിഞ്ഞു സരസ്വതീ ദേവിയെ മനസിൽ ധ്യാനിച്ച് ഈ മന്ത്രം പൊരുള് മനസ്സിലാക്കി ചൊല്ലിയാല് വിദ്യയും യശസ്സും ഉണ്ടാകും. അലസത അകലും. മന്ത്രം: ബുദ്ധിം ദേഹി യശോ ദേഹി കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി ത്രാഹിമാം ശരണാഗതം. പൊരുള്: ദേവി എനിക്ക് ബുദ്ധി നൽകൂ, യശസ്സ് നല്കൂ. പാണ്ഡിത്യമരുളൂ. എന്റെ അജ്ഞതയെ അകറ്റൂ ദേവി. ഞാൻ നിന്നെ ശരണാഗതി പ്രാപിക്കുന്നു.

Tuesday, April 26, 2016

ഭദ്രകാളി സങ്കല്‍പം

ഭദ്രകാളി സങ്കല്‍പം

അതിപ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ്‌ കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്‌.

ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ

“ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം
ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ”

എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്‌. ശിവപ്രിയയാണ്‌ ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ‘ശിവ’എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയപുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണിക്കുന്നുണ്ട്‌. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍, സ്കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ ത്രിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ മഹാഭദ്രകാളി ഉടലെടുത്തു. ഇത്‌ ശിവപുത്രിയാണ്‌. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. ബംഗാള്‍ തുടങ്ങിയ ദേശങ്ങളിലും കാളിയെ കരാളരൂപിണിയായിട്ടാണ്‌ സങ്കല്‍പിച്ചിരിക്കുന്നത്‌. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ്‌ ഭദ്രകാളീ സങ്കല്‍പത്തിലുള്ളത്‌.

കാളിയെ പൊതുവെ ഒരു കോപമൂര്‍ത്തിയായിട്ടാണ്‌ കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്‌. സമരേഷുദുര്‍ഗ്ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമായാണ്‌ ഭദ്രകാളി. വസൂരി മുതലായ രോഗങ്ങളെയും ഭൂതപ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതും ഭദ്രകാളിയാണെന്നു സങ്കല്‍പിക്കപ്പെടുന്നു.

പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ്‌ ഭദ്രകാളിയെന്ന്‌ ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

ദ്രാവിഡജനതയുടെ ആരാധനാമൂര്‍ത്തികളിലൊന്നായിരുന്നു കാളി എന്ന്‌ ഒരു അഭിപ്രായമുണ്ട്‌. കേരളത്തില്‍ പ്രാചീനകാലം മുതല്‍ തന്നെ കാളീപൂജ നിലനിന്നിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളിലും കാവുകളിലും കാളീപൂജ പതിവായിരുന്നു. ആര്യാധിനിവേശത്തിനു മുമ്പുതന്നെ ഇതു നിലനിന്നിരുന്നതായാണ്‌ കരുതപ്പെടുന്നത്‌. ബ്രാഹ്മണേതരര്‍ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കളരികളും ഇന്നും കേരളത്തിലുള്ളത്‌ ഇതിന്റെ സൂചനയാണ്‌. ശ്രീകുരുംബക്കാവ്‌, പനയന്നാര്‍ക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിവിടങ്ങളിലൊക്കെ കാവുകളില്‍നിന്നാണ്‌ ഭദ്രകാളീക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്‌. കാളിയ്ക്ക്‌ പത്തുരൂപങ്ങളുണ്ട്‌. ദശവിദ്യ എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ്‌ പത്തുരൂപങ്ങള്‍. ഇവ വിദ്യകള്‍ എന്നറിയപ്പെടുന്നതില്‍നിന്ന്‌ കാളിയുടെയും വാണിയുടെയും ഏകത്വമാണ്‌ വെളിവാകുന്നത്‌ എന്ന്‌ പറയപ്പെടുന്നു. കാളിദാസന്റെ കവിത്വത്തിന്‌ ഹേതു കാളീപ്രസാദമാണെന്ന ഐതിഹ്യവും ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്‌. ശ്രീരാമകൃഷ്ണനും കാളിയെ സാത്വികഭാവത്തിലാണ്‌ ഉപാസിച്ചത്‌.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക്‌ പല രൂപകല്‍പനകളുമുണ്ട്‌. വാള്‍, പരിച, കപാലം, ദാരികശിരസ്സ്‌, വെണ്‍മഴു, ഡമരു, ശൂലം, കയറ്‌, തോട്ടി, ഉലക്ക, തലയോട്‌, മണി, സര്‍പ്പം, ശംഖ്‌, അമ്പ്‌, വില്ല്‌, കുന്തം, ചക്രം തുടങ്ങിയവയാണ്‌ ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്‌. നാല്‌, എട്ട്‌, പതിനാറ്‌ എന്നിങ്ങനെ അറുപത്തിനാല്‌ കൈകളുള്ള കാളീസങ്കല്‍പങ്ങള്‍ വരെയുണ്ട്‌. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിയ്ക്കുണ്ട്‌. തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തിലാണ്‌ കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്‌ എന്നു കരുതപ്പെടുന്നു. പീഠം, വാള്‍, ചിലമ്പ്‌, വാല്‍ക്കണ്ണാടി, ശിലാനിര്‍മിതവും ലോഹനിര്‍മിതവുമായ കണ്ണാടിബിംബം എന്നിവയും ഭദ്രകാളീസങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കുന്ന രീതി കേരളത്തില്‍ സാധാരണമാണ്‌.

ഭദ്രകാളി തീയ്യാട്ട

ഭദ്രകാളി തീയ്യാട്ട്

ഐതിഹ്യം:

ഭദ്രകാളീ ക്ഷേത്രങ്ങളിലാണ് സാധാരണ തീയ്യാട്ട് വഴിപാടായി നടത്തുന്നത്. ദാരുക വധത്തിനു ശേഷം കോപം ശമിക്കാതെ ദാരുകന്റെ ശിരസ്സുമായി കൈലാസത്തിലെത്തുന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കാനായി ദേവിയിലെ മാതൃ ഭാവം ഉണര്‍ത്താന്‍ ഭഗവാന്‍ ഒരു പിഞ്ചുകുഞ്ഞിന്റെ രൂപത്തില്‍ കിടന്നു എന്നാണ് ഒരു സങ്കല്‍പ്പം. രണ്ടാമത്തേതാണ് തീയ്യാട്ടിനു പുറകിലുള്ള ഐതിഹ്യം. കോപക്രാന്തയായ ദേവിയുടെ ഭീകര രൂപം കണ്ടു ഭഗവാനും അല്‍പ്പം ഭയം തോന്നിയത്രേ! ഉടനെ മഹാദേവന്‍ ദിഗംബരനായി നൃത്തം ചെയ്യാന്‍ തുടങ്ങിയെന്നും അതു കണ്ടു ലജ്ജ തോന്നിയ ദേവി ഭഗവാന് പുറം തിരിഞ്ഞിരുന്നു എന്നും കോപം ശമിച്ചു ശാന്തയായെന്നും കഥ. പിന്നീട് ഭഗവാനെ വലം വച്ച് തൊഴുത ശേഷം ദാരുകവധം പറയുന്നതായിട്ടാണ് തീയ്യാട്ടില്‍ വിവരിക്കുന്നത്.

തീയ്യാട്ടുണ്ണികള്‍ക്കാണ് തീയ്യാട്ട് അവതരിപ്പിക്കാനുള്ള അവകാശം. അതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ മദ്ധ്യകേരളത്തില്‍ വസൂരി പടര്‍ന്നു പിടിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ ഒരു ശിവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആരും തന്നെ അമ്പലത്തില്‍ നിന്ന് മാറുകയോ ജലപാനം ചെയ്യുകയോ ചെയ്തില്ല. അവസാനം ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു ഒരു പന്തം കൊളുത്തി മുന്നില്‍ നിന്നിരുന്ന ഒരു ഉണ്ണിനമ്പൂതിരിയുടെ കൈയ്യില്‍ കൊടുത്തു. അതു കൊണ്ട് ഉഴിഞ്ഞാല്‍ രോഗം മാറുമെന്നു പറഞ്ഞു അനുഗ്രഹിച്ചു. ഭഗവാനെ മുന്നില്‍ക്കണ്ട് പരിഭ്രമിച്ചുപോയ ആ കുട്ടി ഇടതു കൈകൊണ്ടാണ് പന്തം വാങ്ങിയത്. അതു മൂലം ശുദ്ധ നമ്പൂതിരിമാരായിരുന്ന അവരുടെ കുടുംബം പതിത്വം സംഭവിച്ച് തീയ്യാട്ടുണ്ണികളായി മാറി. അന്ന് മുതല്‍ തീയ്യാട്ട് നടത്താനുള്ള അവകാശവും അധികാരവും ആ കുടുംബക്കാര്‍ക്കുള്ളതായി മാറി. തീയ്യാട്ട് വഴിപാടായി നടത്തുമ്പോള്‍ അതുപോലെ പന്തം കൊണ്ട് തീയ്യാട്ടുണ്ണി ഉഴിഞ്ഞാല്‍ ദേവീകൊപം മൂലമുണ്ടാകുന്ന അസുഖങ്ങളൊക്കെ മാറുമെന്നാണ് വിശ്വാസം.

ചടങ്ങുകള്‍:

ഭദ്രകളിതീയ്യാട്ടിന്‍റെ ചടങ്ങുകളാണ് ഉച്ചപ്പാട്ട്, കളമെഴുത്ത്, കളംപൂജ, തിരിയുഴിച്ചില്‍, കളം കണ്ടു തൊഴല്‍, കളം പാട്ട്, കളം മായ്ക്കല്‍, ചമയങ്ങള്‍ അണിയല്‍, തീയ്യാട്ട്, പന്തം ഉഴിച്ചില്‍ എന്നിവ.

കളം മായ്ക്കല്‍
തീയ്യാട്ട് നടത്തുന്ന സ്ഥലം കുരുത്തോലയും പൂമാലകളും കൊണ്ട് അലങ്കരിച്ചശേഷം കളം വരയ്കേണ്ട സ്ഥലത്ത് പീഠവും വാളും അതിനടുത്തായി അഷ്ടമംഗല്യവും ഒരുക്കി നിലവിളക്ക് കത്തിച്ചു വച്ച് ഗണപതിയെയും പിന്നെ സരസ്വതിയും സ്തുതിക്കുന്നു. അതിനു ശേഷം ശ്രീഭദ്രകാളീ സ്തുതി. ഇതിനാണ് ഉച്ചപ്പാട്ട് എന്ന് പറയുന്നത്. പിന്നെ ഊണിനു ശേഷം കളം വര തുടങ്ങും. കേരളത്തിന്‍റെ മാത്രം സ്വന്തമായ ആ കല എത്ര പ്രശംസിച്ചാലും മതിയാവില്ല. ദേവിയുടെ രൗദ്ര ഭാവം തന്നെയാണ് വരയ്ക്കുന്നത്. കളം വരച്ചതിനു ശേഷം ക്ഷേത്രത്തില്‍ കേളികൊട്ടി ഇന്ന് തീയ്യാട്ടുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്നു. പിന്നീട് ദീപാരാധനയ്ക്കു മുന്‍പ് കളം പൂജ നടത്തുന്നു. തിരിയുഴിച്ചിലിനു ശേഷം ഭക്തര്‍ക്ക്‌ കളം കണ്ടു തൊഴാം. പിന്നീട് ദേവിയെ പ്രകീര്‍ത്തിക്കുന്ന സ്തുതികള്‍ പാടുന്നു. ഇതാണ് കളം പാട്ട്.  ഇതില്‍ ദേവിയുടെ കേശാദിപാദ വര്‍ണ്ണന ഉണ്ടാവും. ചെണ്ട, ചേങ്ങില, ഇടയ്ക്ക എന്നിവയാണ് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍. പിന്നീട് വേഷം കെട്ടാന്‍ തുടങ്ങുന്നു. കരി തേച്ച മുഖത്ത് വസൂരിക്കുത്തുകള്‍ കാണിക്കുന്ന വിധത്തിലാണ് ചുട്ടി കുത്തുന്നത്.[കാളീദേവിക്കു വസൂരിമാല പിടിപെട്ടപ്പോള്‍ മഹാദേവന്റെ ഭൂതഗണത്തിലൊരുവനും കാളീദേവിയുടെ സഹോദരുനുമായ വീരഭദ്രനാണ് വസൂരിയുടെ അടയാളങ്ങള്‍ ദേവിയുടെ ശരീരത്തു നിന്നും മാറ്റിയത്. സഹോദരന്‍ മുഖത്ത് സ്പര്‍ശിച്ചൂടാ എന്നതിനാല്‍ മുഖം ഒഴിവാക്കി. അതിനാലാണ് ദേവിയുടെ മുഖത്ത് വസൂരിക്കലകള്‍ ഉള്ളതെന്നാണ് പറയപ്പെടുന്നത്‌]

പന്തത്തിലേയ്ക്ക്‌ തെള്ളിപ്പൊടി എറിയുന്നു
ചുട്ടി കുത്തിയതിനു ശേഷം നിലവിളക്ക് വണങ്ങി കിരീടമണിയാന്‍ വിളക്കിന് പുറംതിരിഞ്ഞാണ് തീയ്യാട്ടുണ്ണി ഇരിക്കുന്നത്.(ദിഗംബര നൃത്തം കണ്ടു ഭഗവാന് (നിലവിളക്കാണ് ശ്രീപരമേശ്വരന്‍) ദേവി പുറംതിരിഞ്ഞിരുന്ന  സങ്കല്‍പ്പം.) പിന്നീട് കൈമുദ്രകളിലൂടെ ദാരുക വധം വിശദീകരിക്കുന്നു. കഥ പറഞ്ഞു കഴിയുമ്പോള്‍ ഒരു തേങ്ങയുടച്ചു മഹാദേവന് നിവേദിക്കുന്നു. പിന്നീട് പന്തത്തില്‍ തെള്ളിപ്പൊടിയെറിഞ്ഞു ജ്വലിപ്പിക്കുന്നു. ഈ പന്തം കൊണ്ട് ആദ്യം നിലവിളക്കിനെയും പിന്നീട് ഭക്ത ജനങ്ങളെയും ഉഴിയുന്നു. പന്തത്തിലെ തീ അണച്ച് വാള് നടയ്ക്കല്‍ വച്ച് തീയ്യാട്ട് അവസാനിപ്പിക്കുന്നു.

Monday, April 25, 2016

നവഗ്രഹ വന്ദനം

നവഗ്രഹ വന്ദനം

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം. സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത്‌ പ്രാർത്ഥിക്കണം. ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം. ചൊവ്വയെ തെക്കോട്ടും നോക്കിയും ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കയും വ്യാഴത്തേ വടക്കോട്ടു നോക്കിയും, ശുക്രനെയും കിഴക്കോട്ടു നോക്കിയും, ശനിയെ പടിഞ്ഞാറോട്ടു നോക്കിയും,നിന്ന്‌ തൊഴുത്‌ പ്രാർത്ഥിക്കണം. രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും, കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന്‌ തൊഴുത്‌ പ്രാർത്ഥിക്കണം. ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും. നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത്‌ പ്രാർത്ഥിക്കാനാവാത്താർ അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി. ഓരോ രാശിക്കും ചന്ദ്രഷ്ടമം ഉണ്ടാക്കുക ഭാവികമാണ്.ചന്ദ്രഷ്ടമദിവസംകാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനെ എന്റെ ചന്ദ്രഷ്ടമദോഷങ്ങൾ അകലണമേ എന്ന് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഉണ്ടാവുകയില്ല.....................

മരണാനന്തര കർമ്മങ്ങൾ........

മരണാനന്തര കർമ്മങ്ങൾ..............

ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.
തെക്കോട്ട്‌ മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളാണ് വെള്ളത്തുണികൊണ്ട് മുടേണ്ടത്. എള്ളെണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് തലഭാഗത്ത് കൊളുത്തിവയ്ക്കണം.
ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുന്നില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണല്‍ കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം. കര്‍മ്മം ചെയ്ത ആള്‍ ശവസംസ്കാരത്തിനുശേഷം സ്നാനം തുടങ്ങിയവ കഴിച്ച് വസ്ത്രം മാറി ഗൃഹപ്രവേശം ചെയ്യുക. വീട്ടുവളപ്പില്‍ വച്ച് അല്പം വേപ്പില ചവച്ച് തുപ്പി വായ്‌ കഴുകിയ ശേഷം വേണം ഗൃഹത്തില്‍ പ്രവേശിക്കാന്‍.
ശവസംസ്കാരത്തിന് ശേഷം സാധാരണ അഞ്ചാം ദിവസം സഞ്ചയനം എന്ന കര്‍മ്മം നടത്തുന്നു. സംസ്കാരാനന്തരം പത്തു ദിവസം ബലി, പന്ത്രണ്ടാം ദിവസം സപിണ്ഡീകരണ ശ്രാദ്ധം, വര്‍ഷം കൂടുമ്പോള്‍ ഏകോദ്ദീഷ്ടം എന്ന ആണ്ടുബലി, വായുബലി തുടങ്ങിയ നിരവധി കര്‍മ്മങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദുവിന്‍റെ ശാസ്ത്രീയമായ അപരക്രിയാ പദ്ധതി. സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം അഥവാ ആത്മാവ് പത്ത് ദിവസം ബന്ധുക്കള്‍ നല്‍കുന്ന പിേണ്ഡാദകങ്ങള്‍ ഏറ്റുവാങ്ങി ഭോഗദേഹമാകുന്നു. ഓരോ ദിവസത്തെയും പിണ്ഡം നല്‍കുന്നത് സൂക്ഷ്മശരീരത്തിന്‍റെ ഓരോ അംഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. പതിനൊന്നും, പന്ത്രണ്ടും ദിവസങ്ങളില്‍ ഏകോദിഷ്ടരീതിയില്‍ ശ്രാദ്ധം നടത്തണം.
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ പുത്രന്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ഭയന്നവരെയും കരച്ചിലടക്കാന്‍ കഴിയാത്തവരെയും കുട്ടികളെയും കൊണ്ട് അത് ചെയ്യിക്കരുത് എന്നാണ് അഭിജ്ഞാനമതം. മരണംമൂലം ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അശുദ്ധി (പുല) പത്ത് ദിവസമാണുള്ളത്. (പുല ആചരിക്കാന്‍ ഓരോ ജാതികാര്‍ക്കും പുല ദിവസങ്ങളില്‍ കാലദേശങ്ങള്‍ക്കനുസരിച്ച് (നാട്ടാചാരങ്ങള്‍ക്കനുസരിച്ച്) വ്യതാസം ഉണ്ടായിരിക്കും.)
പിതൃകര്‍മ്മങ്ങളില്‍ പിണ്ഡം തുടങ്ങിയവ വലത് കൈകൊണ്ടു നല്‍കുമ്പോള്‍ ഇടതുകൈകൊണ്ടു വലതുകൈയില്‍ തൊടേണ്ടതാണ്. ബലിച്ചോറ് പാകം ചെയ്യുന്നതിന് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പിതൃക്കളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന പക്ഷികളാണ് ബലിക്കാക്കകള്‍. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തില്‍ പിതൃക്കള്‍ ബലിച്ചോറുണ്ണാന്‍ വന്നേക്കുമെന്നും അതിനാല്‍ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും ഉശനസ്മൃതിയില്‍ പറയുന്നുണ്ട്. കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. ബലിച്ചോറ് കാക്കകള്‍ക്ക് കൊടുക്കുകയോ ജലാംശത്തില്‍ ഇടുകയോ ചെയ്യാം. ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വംശവൃദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബസൗഖ്യം എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ ആവശ്യമാണ്‌. അതിനാല്‍ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്

സർപ്പസത്രയാഗം

സർപ്പസത്രയാഗം

ഹൈന്ദവ വിശ്വാസപ്രകാരം സർപ്പകുലത്തെ ഒന്നോടെ നശിപ്പിക്കാനായി ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ യാഗമാണ് സർപ്പസത്രം. മഹാഭാരതത്തിലും, ഭാഗവതത്തിലും, ഇതരപുരാണങ്ങളിലും സർപ്പസത്രയാഗത്തെപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിതാവായ പരീക്ഷിത് മഹാരാജാവ് തക്ഷകന്റെ സർപ്പദംശം മൂലം മരണമടഞ്ഞു. തക്ഷകനോടുള്ള വൈരാഗ്യമാണ് ജനമേജയനെ സർപ്പസത്രം നടത്താൻ പ്രേരിപ്പിച്ചത്. രാജഭാരമേറ്റ് കുറച്ചു വർഷങ്ങൾക്കുശേഷമാണ് ജനമേജയൻ ഉദങ്കമഹർഷിയെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തക്ഷശിലയിൽ വെച്ച് സർപ്പസത്രയാഗം നടത്തിയതും. ശ്രുതശ്രവസ്സ് മഹർഷിയുടെ പുത്രനായ സോമശ്രവസ്സ് ആയിരുന്നു അന്ന് ജനമേജയന്റെ പുരോഹിതൻ. സർപ്പസത്രത്തിന്റെ യാഗാചാര്യനായത് ചണ്ഡഭാർഗ്ഗവൻ എന്നമഹർഷിയായിരുന്നു. വ്യാസൻ തുടങ്ങീയ മുനിജനങ്ങൾ പരികർമ്മികളായും യാഗത്തിൽ പങ്കെടുത്തിരുന്നു. സർപ്പസത്രയാഗം പൂർണ്ണമാവാതെ അസ്തികൻ എന്ന മുനികുമാരന്റെ അഭ്യർത്ഥനപ്രകാരം തടസ്സപെട്ടു.അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം ആയിരുന്നു യാഗത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.

യാഗം

തക്ഷശിലയിൽ യാഗം ചെയ്യാൻ ജനമേജയൻ ഉദ്ദഗമഹർഷിയുടെ അനുവാദത്തോടെ യാഗശാല പണിതീർത്തു. തക്ഷക്ന്റെ പേരിനോട് സാമ്യമുള്ളതിനാലാവാം തക്ഷശില യാഗത്തിനായി തിരഞ്ഞെടുത്തത്. യാഗശാലയുടെ പണിപൂർത്തിയായപ്പോൾ ശാല പണിത തച്ചൻ മുഹൂർത്തലക്ഷണത്താൽ യാഗം ഇടയ്ക്കുവെച്ച തടസ്സപെടുമെന്നു അഭിപ്രായപ്പെട്ടു. ഈ കാരണത്താൽ ജനമേജയൻ തന്റെ അനുജന്മാരായ ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിവരെ യാഗശാലക്ക് ചുറ്റും കാവൽ ഏർപ്പെടുത്തി. യാഗം തുടങ്ങി കഴിഞ്ഞാൽ തീരുന്നതുവരെ പുറത്തു നിന്നു ആരെയും അകത്തേക്ക് പ്രവിശിപ്പിക്കരുത്. പ്രധാനഹോതാവായി ചണ്ഡഭാർഗവനേയും മറ്റു ഹോതാക്കളായി അദ്ധ്വര്യൻ, ഹോതാ, ഉത്ഗതൻ, ബ്രഹ്മ എന്നീ മഹർഷിമാരെയും നിയുക്തരാക്കി. ഉദ്ദഗമഹർഷിയായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തത്. ഉദങ്കമഹർഷിക്ക് തക്ഷകനോടുണ്ടായിരുന്ന ശത്രുതയായിരുന്നു ഇതിനുള്ള കാരണം. ശ്രുതശ്രവസ്സ് മഹർഷി കുലഗുരുവായി യാഗത്തിനുവേണ്ട മറ്റു ഉപദേശങ്ങൾ നടത്തി (ധൗമ്യമഹർഷിക്കുശേഷം കുരുവംശത്തിന്റെ പുരോഹിതനായത് ശ്രുതശ്രവസ്സ് ആയിരുന്നു). ജനമേജയന്റെ സഹോദരന്മാർ യാഗശാലയിൽ കാവൽ നിൽക്കുന്നു യാഗത്തെ തുടർന്ന് നിരവധി നാഗങ്ങൾ യാഗാഗ്നിയിൽ വന്നു പതിച്ചു ഇല്ലാതായി. മറ്റു പലനാഗങ്ങളും അഗ്നിയിൽ വീണിട്ടും തക്ഷകൻ വീഴാത്തതിനാൽ, ജനമേജയ നിർദ്ദേശത്താൽ ചണ്ഡഭാർഗ്ഗവൻ തക്ഷകനെ പ്രത്യേകമായി ആവാഹിച്ചു. ജനമേജയൻ സർപ്പസത്രയാഗം നടത്തുന്നതു മനസ്സിലാക്കി തക്ഷകൻ ഇതിനോടകം ദേവേന്ദ്രന്റെ സഹായം തേടിയിരുന്നു. തക്ഷകന്റെ സുഹൃത്തായതിനാലാൽ ദേവേന്ദ്രൻ സഹായം വാഗ്ദാനം ചെയ്തു. ദേവേന്ദ്രൻ തന്റെ അർദ്ധസിംഹാസനം നല്കി തക്ഷകനെ സംരക്ഷിച്ചതറിഞ്ഞ ഉദങ്കൻ ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും ഒന്നായി യാഗാഗ്നിയിലേക്ക് ആവാഹിച്ചു. ദേവസിംഹാസനം ഉൾപ്പെടെ ദേവേന്ദ്രനും അഗ്നിയിൽ വീഴുമെന്നഘട്ടത്തിൽ തക്ഷകനെ ഉപേക്ഷിച്ച് ദേവേന്ദ്രൻ രക്ഷപെട്ടു. ഈ സമയത്ത് യാഗശാലയുടെ കവാടത്തിൽ ചെറിയ ഒരു ബ്രാഹ്മണബാലൻ (അസ്തികൻ) എത്തുകയും, ബാലന്റെ ദിവ്യതേജസ്സിൽ ജനമേജയന്റെ അനുജൻ ശ്രുതസേനൻ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. (അല്പനേരത്തേക്ക് ശ്രുതസേനൻ ജനമേജയന്റെ വാക്കുകൾ മറന്നുപോയി). നാഗസ്ത്രീയായ ജരൽകാരുവിന്റെ പുത്രനായിരുന്നു അസ്തികൻ. അസ്തികന്റെ പിതാവിന്റെ പേരും ജരൽകാരുവെന്നു തന്നെയായിരുന്നു. തേജസ്വിയായ ബ്രാഹ്മണബാലനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു.
അഹിംസാ പരമോ ധർമ്മഃ
("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല")
ഏറ്റവും പാപകരം പ്രാണിഹിംസയാണ്. നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് പ്രയോജനം എന്താണ്? അവയും ബ്രഹ്മസൃഷ്ടികളല്ലേ? തുടങ്ങീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ, ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനും ഇതിനോട് പൂണ്ണമായി യോജിച്ചു. വ്യാസഭഗവാന്റെയും, രാജപുരോഹിതന്റെ ആഞ്ജയാൽ ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിടുകയും തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും ഇതിനെതുടർന്ന് അദ്ദേഹം പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ പറയുന്നു.

യാഗാന്ത്യം

ജനമേജയൻ അസ്തികനു ദക്ഷിണാദികൾ നൽകി അദ്ദേഹത്തിനെ യാത്രയാക്കി. ജനമേജയനു അനുഗ്രഹങ്ങൾ കൊടുത്ത് തക്ഷകൻ സന്തോഷപൂർവ്വം മടങ്ങി. സർപ്പരക്ഷകൻ എന്ന നിലയിൽ അസ്തികനെ എല്ലാവരും അനുഗ്രഹിക്കുകയുണ്ടായി. മാതൃശാപത്തിൽ നിന്നും രക്ഷിച്ചതിനു നാഗങ്ങൾ അസ്തികനു അനുഗ്രഹാദികൾ നൽകി ആദരിച്ചു.

മാതൃശാപം

നാഗങ്ങളുടെ മാതാവായ കദ്രുവാണ് മക്കളായ നാഗങ്ങൾ തീയിൽ വീണു മരിക്കുമെന്ന് ശപിച്ചത്. മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് ഈ ശാപം നൽകിയത് എന്നു മഹാഭരതത്തിൽ പറയുന്നു. (ആദി പർവ്വം - മഹാഭാരതം) ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ ശരീരത്തിൽ കറുത്തപുള്ളിയായി കിടന്ന് കള്ളത്തരം കാണിക്കാനാണ് മാതാവ് ആവശ്യപ്പെട്ടത്. (വെളുത്ത നിറത്തിലുള്ള കുതിരയ്ക്ക് കറുത്ത പുള്ളിയുണ്ട് എന്നു വരുത്താൻ). നാഗങ്ങൾ കള്ളത്തരം ചെയ്യാൻ മടിച്ചതിനാൽ തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. പിന്നീട് മാതൃശാപത്തെ ഭയന്ന് ചെറിയ ഒരു നാഗം ഈ കള്ളത്തരം ചെയ്തു അമ്മയെ സഹായിച്ചതിനാൽ ജരൽകാരുവിന്റെ പുത്രൻ നിങ്ങളെ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നു ശാപമോക്ഷം നൽകിയിരുന്നു. ഈ ശാപമോക്ഷത്തിനാണ് അസ്തികൻ തക്ഷശിലയിലെ യാഗശാലയിൽ വന്നതും യാഗം അവസാനിപ്പിക്കാൻ കാരണമായതും.

അവലംബം : മഹാഭാരതം , ഭാഗവതം,