ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 26, 2016

ഭദ്രകാളി തീയ്യാട്ട

ഭദ്രകാളി തീയ്യാട്ട്

ഐതിഹ്യം:

ഭദ്രകാളീ ക്ഷേത്രങ്ങളിലാണ് സാധാരണ തീയ്യാട്ട് വഴിപാടായി നടത്തുന്നത്. ദാരുക വധത്തിനു ശേഷം കോപം ശമിക്കാതെ ദാരുകന്റെ ശിരസ്സുമായി കൈലാസത്തിലെത്തുന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കാനായി ദേവിയിലെ മാതൃ ഭാവം ഉണര്‍ത്താന്‍ ഭഗവാന്‍ ഒരു പിഞ്ചുകുഞ്ഞിന്റെ രൂപത്തില്‍ കിടന്നു എന്നാണ് ഒരു സങ്കല്‍പ്പം. രണ്ടാമത്തേതാണ് തീയ്യാട്ടിനു പുറകിലുള്ള ഐതിഹ്യം. കോപക്രാന്തയായ ദേവിയുടെ ഭീകര രൂപം കണ്ടു ഭഗവാനും അല്‍പ്പം ഭയം തോന്നിയത്രേ! ഉടനെ മഹാദേവന്‍ ദിഗംബരനായി നൃത്തം ചെയ്യാന്‍ തുടങ്ങിയെന്നും അതു കണ്ടു ലജ്ജ തോന്നിയ ദേവി ഭഗവാന് പുറം തിരിഞ്ഞിരുന്നു എന്നും കോപം ശമിച്ചു ശാന്തയായെന്നും കഥ. പിന്നീട് ഭഗവാനെ വലം വച്ച് തൊഴുത ശേഷം ദാരുകവധം പറയുന്നതായിട്ടാണ് തീയ്യാട്ടില്‍ വിവരിക്കുന്നത്.

തീയ്യാട്ടുണ്ണികള്‍ക്കാണ് തീയ്യാട്ട് അവതരിപ്പിക്കാനുള്ള അവകാശം. അതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ മദ്ധ്യകേരളത്തില്‍ വസൂരി പടര്‍ന്നു പിടിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ ഒരു ശിവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആരും തന്നെ അമ്പലത്തില്‍ നിന്ന് മാറുകയോ ജലപാനം ചെയ്യുകയോ ചെയ്തില്ല. അവസാനം ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു ഒരു പന്തം കൊളുത്തി മുന്നില്‍ നിന്നിരുന്ന ഒരു ഉണ്ണിനമ്പൂതിരിയുടെ കൈയ്യില്‍ കൊടുത്തു. അതു കൊണ്ട് ഉഴിഞ്ഞാല്‍ രോഗം മാറുമെന്നു പറഞ്ഞു അനുഗ്രഹിച്ചു. ഭഗവാനെ മുന്നില്‍ക്കണ്ട് പരിഭ്രമിച്ചുപോയ ആ കുട്ടി ഇടതു കൈകൊണ്ടാണ് പന്തം വാങ്ങിയത്. അതു മൂലം ശുദ്ധ നമ്പൂതിരിമാരായിരുന്ന അവരുടെ കുടുംബം പതിത്വം സംഭവിച്ച് തീയ്യാട്ടുണ്ണികളായി മാറി. അന്ന് മുതല്‍ തീയ്യാട്ട് നടത്താനുള്ള അവകാശവും അധികാരവും ആ കുടുംബക്കാര്‍ക്കുള്ളതായി മാറി. തീയ്യാട്ട് വഴിപാടായി നടത്തുമ്പോള്‍ അതുപോലെ പന്തം കൊണ്ട് തീയ്യാട്ടുണ്ണി ഉഴിഞ്ഞാല്‍ ദേവീകൊപം മൂലമുണ്ടാകുന്ന അസുഖങ്ങളൊക്കെ മാറുമെന്നാണ് വിശ്വാസം.

ചടങ്ങുകള്‍:

ഭദ്രകളിതീയ്യാട്ടിന്‍റെ ചടങ്ങുകളാണ് ഉച്ചപ്പാട്ട്, കളമെഴുത്ത്, കളംപൂജ, തിരിയുഴിച്ചില്‍, കളം കണ്ടു തൊഴല്‍, കളം പാട്ട്, കളം മായ്ക്കല്‍, ചമയങ്ങള്‍ അണിയല്‍, തീയ്യാട്ട്, പന്തം ഉഴിച്ചില്‍ എന്നിവ.

കളം മായ്ക്കല്‍
തീയ്യാട്ട് നടത്തുന്ന സ്ഥലം കുരുത്തോലയും പൂമാലകളും കൊണ്ട് അലങ്കരിച്ചശേഷം കളം വരയ്കേണ്ട സ്ഥലത്ത് പീഠവും വാളും അതിനടുത്തായി അഷ്ടമംഗല്യവും ഒരുക്കി നിലവിളക്ക് കത്തിച്ചു വച്ച് ഗണപതിയെയും പിന്നെ സരസ്വതിയും സ്തുതിക്കുന്നു. അതിനു ശേഷം ശ്രീഭദ്രകാളീ സ്തുതി. ഇതിനാണ് ഉച്ചപ്പാട്ട് എന്ന് പറയുന്നത്. പിന്നെ ഊണിനു ശേഷം കളം വര തുടങ്ങും. കേരളത്തിന്‍റെ മാത്രം സ്വന്തമായ ആ കല എത്ര പ്രശംസിച്ചാലും മതിയാവില്ല. ദേവിയുടെ രൗദ്ര ഭാവം തന്നെയാണ് വരയ്ക്കുന്നത്. കളം വരച്ചതിനു ശേഷം ക്ഷേത്രത്തില്‍ കേളികൊട്ടി ഇന്ന് തീയ്യാട്ടുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്നു. പിന്നീട് ദീപാരാധനയ്ക്കു മുന്‍പ് കളം പൂജ നടത്തുന്നു. തിരിയുഴിച്ചിലിനു ശേഷം ഭക്തര്‍ക്ക്‌ കളം കണ്ടു തൊഴാം. പിന്നീട് ദേവിയെ പ്രകീര്‍ത്തിക്കുന്ന സ്തുതികള്‍ പാടുന്നു. ഇതാണ് കളം പാട്ട്.  ഇതില്‍ ദേവിയുടെ കേശാദിപാദ വര്‍ണ്ണന ഉണ്ടാവും. ചെണ്ട, ചേങ്ങില, ഇടയ്ക്ക എന്നിവയാണ് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍. പിന്നീട് വേഷം കെട്ടാന്‍ തുടങ്ങുന്നു. കരി തേച്ച മുഖത്ത് വസൂരിക്കുത്തുകള്‍ കാണിക്കുന്ന വിധത്തിലാണ് ചുട്ടി കുത്തുന്നത്.[കാളീദേവിക്കു വസൂരിമാല പിടിപെട്ടപ്പോള്‍ മഹാദേവന്റെ ഭൂതഗണത്തിലൊരുവനും കാളീദേവിയുടെ സഹോദരുനുമായ വീരഭദ്രനാണ് വസൂരിയുടെ അടയാളങ്ങള്‍ ദേവിയുടെ ശരീരത്തു നിന്നും മാറ്റിയത്. സഹോദരന്‍ മുഖത്ത് സ്പര്‍ശിച്ചൂടാ എന്നതിനാല്‍ മുഖം ഒഴിവാക്കി. അതിനാലാണ് ദേവിയുടെ മുഖത്ത് വസൂരിക്കലകള്‍ ഉള്ളതെന്നാണ് പറയപ്പെടുന്നത്‌]

പന്തത്തിലേയ്ക്ക്‌ തെള്ളിപ്പൊടി എറിയുന്നു
ചുട്ടി കുത്തിയതിനു ശേഷം നിലവിളക്ക് വണങ്ങി കിരീടമണിയാന്‍ വിളക്കിന് പുറംതിരിഞ്ഞാണ് തീയ്യാട്ടുണ്ണി ഇരിക്കുന്നത്.(ദിഗംബര നൃത്തം കണ്ടു ഭഗവാന് (നിലവിളക്കാണ് ശ്രീപരമേശ്വരന്‍) ദേവി പുറംതിരിഞ്ഞിരുന്ന  സങ്കല്‍പ്പം.) പിന്നീട് കൈമുദ്രകളിലൂടെ ദാരുക വധം വിശദീകരിക്കുന്നു. കഥ പറഞ്ഞു കഴിയുമ്പോള്‍ ഒരു തേങ്ങയുടച്ചു മഹാദേവന് നിവേദിക്കുന്നു. പിന്നീട് പന്തത്തില്‍ തെള്ളിപ്പൊടിയെറിഞ്ഞു ജ്വലിപ്പിക്കുന്നു. ഈ പന്തം കൊണ്ട് ആദ്യം നിലവിളക്കിനെയും പിന്നീട് ഭക്ത ജനങ്ങളെയും ഉഴിയുന്നു. പന്തത്തിലെ തീ അണച്ച് വാള് നടയ്ക്കല്‍ വച്ച് തീയ്യാട്ട് അവസാനിപ്പിക്കുന്നു.

No comments:

Post a Comment