ആദ്യം കുംഭ മേളയുടെ ഐതിഹ്യം പറയാം.
ദേവന്മാരും അസുരന്മാരും ചേര്ന്ന് പാലാഴി കടഞ്ഞു എന്ന് നിങ്ങള് കേട്ടിരിക്കും . അങ്ങനെ കടഞ്ഞപ്പോള് അവസാനം അമൃത് കിട്ടിയതും നമുക്ക് അറിയാം . അത് സ്വന്തമാക്കാനായി ദേവാസുരന്മാര് യുദ്ധത്തില് ഏര്പ്പെട്ടു. 12-ദിവസം നീണ്ടു നിന്ന യുദ്ധമായിരുന്നു നടന്നത് . ഈ യുദ്ധത്തിനിടയില് നടന്ന പിടിവലിയില് അമൃത് നിറഞ്ഞ കുടം തുളുമ്പി നാല് സ്ഥലങ്ങളിലായി നാല് പ്രാവശ്യം വീണു എന്ന് ഐതിഹ്യം . മഹാരാഷ്ട്രയിലെ നാസിക് ,ഉത്തര് പ്രദേശിലെ പ്രയാഗ , ഹരിദ്വാര് മധ്യപ്രദേശിലെ ഉജ്ജയിനി എന്നീ സ്ഥലങ്ങളിലാണ് അത് വീണു എന്ന് കരുതുന്നത് .
മനുഷ്യന്റെ ഒരു വര്ഷം ദേവന്മാരുടെ ഒരു ദിവസം ആയതിനാല് അവരുടെ പന്ത്രണ്ടു ദിവസം നമ്മുടെ പന്ത്രണ്ടു വര്ഷം ആകുമല്ലോ . അതിനാല് ഈ നാല് സ്ഥലങ്ങളില് ഓരോസ്ഥലത്തായി മൂന്നു വര്ഷം കൂടുമ്പോള് കുംഭമേള നടക്കുന്നു . ഹരിദ്വാറിലും, പ്രയാഗയിലും ഗംഗാ തീരത്തും, ഉജ്ജയിനിയില് ക്ഷിപ്രാ നദീ തീരത്തും, നാസിക്കില് ഗോദാവരീ തീരത്തുമാണ് ഇത് നടക്കുന്നത് .
അവസാനം അമൃത് വീണത് ഹരിദ്വാറില് ആയതിനാലും അത് വ്യാഴം കുഭം രാശിയില് നില്ക്കുന്ന സമയം ആയതിനാലും ആ സമയം ഏറെ വിഷിഷ്ട്ടമായി കണക്കാക്കുന്നു . അത് പ്രകാരം അവസാനം നടന്ന കുംഭമേള 2010. ജനുവരിയില്‍ ഹരിദ്വാറില് ആയിരുന്നു . ഇനി അടുത്തത് 2022-ജനുവരിയില്‍ ആണ് . ഇതിനിടയില് 2016-ല് ഉജ്ജയിനിയില് വച്ചും 2019-ല് നാസിക്കില് വച്ചും കുംഭ മേള നടക്കുന്നതുമാണ്. ഇതും മഹാകുംഭമേള എന്ന് പറയുമെങ്കിലും ശരിക്കും മഹാകുംഭമേള ഹരിദ്വാറില് നടക്കുന്നത് തന്നെയാണ് .
കുംഭമേളകളിലെ പ്രധാന ദിവസങ്ങളിലെ സ്നാനത്തിന് ആദ്യസ്ഥാനം നാഗ സന്യാസിമാർക്കാണ്. മരം കോച്ചുന്ന തണുപ്പിലും പൂര്ണ്ണ നഗ്നരായി നദിയിലേക്ക് എടുത്തു ചാടുന്ന നാഗ സന്യാസിമാര് കുംഭമേളയുടെ മാത്രം പ്രത്യേകതയാണ്. ദിഗംബരന്മാർ എന്നു പറയപ്പെടുന്ന ഇവർ പൂർണ്ണ നഗ്നരായാണ് കാണപ്പെടുന്നത്. ദേഹം മുഴുവൻ ഭസ്മം പൂശി കയ്യിൽ ത്രിശൂലവുമേന്തി നടക്കുന്ന ഇവർ ശിവഭക്തരാണ്. പൊതുവേ പുറംലോകവുമായി ബന്ധമില്ലാത്ത ഇവർ കൂട്ടംകൂട്ടമായാണ് കുംഭമേളയിൽ ഷാഹി സ്നാനതിനു(പുണ്യസ്നാനം)വരിക. ഇവർ കുളിച്ചു കഴിഞ്ഞേ മറ്റുള്ളവർ സ്നാനതിനു മുതിരൂ. സ്നാനവും കഴിഞ്ഞു അവർ എങ്ങോട്ടെന്നില്ലാതെ പോയ്മറയും.ഇവർ കുംഭമേളയുടെ അഭിഭാജ്യ ഘടകമാണ്.
കുംഭമേള നാലു തരമുണ്ട്
കുംഭമേള :-
ഇതു മേൽപ്പറഞ്ഞ നാലു സ്ഥലങ്ങളിലും നടത്താം. ഓരോ തവണ ഓരോ സ്ഥലത്ത് എന്നാണു കണക്ക്. ഇവ മൂന്ന് കൊല്ലം കൂടുമ്പോൾ ആണ് നടത്തപ്പെടാറുള്ളത്.
അർദ്ധ കുംഭമേള :-
ഇതു ആറു കൊല്ലം കൂടുമ്പോൾ ഹരിദ്വാറിലോ പ്രയാഗിലോ ആണു നടത്തപ്പെടാറുള്ളത്.
പൂർണ്ണ കുംഭമേള :-
ഇത് ഓരോ പന്ത്രണ്ടു കൊല്ലം കൂടുമ്പോഴും പ്രയാഗിൽ നടത്തപ്പെടും
മഹാകുംഭമേള :-
ഇതു നൂറ്റി നാൽപ്പത്തി നാല് കൊല്ലങ്ങൾ കൂടുമ്പോൾ പ്രയാഗിൽ വച്ച് നടത്തപ്പെടും.
വ്യാഴത്തിൻറ്റെയും സൂര്യൻറെയും നിലയനുസരിച്ചാണത്രേ കുംഭമേള നടത്തപ്പെടുക. വ്യാഴവും സൂര്യനും സിംഹരാശിയിൽ വരുമ്പോൾ ത്രയംബകേശ്വരിലും(നാസിക്), സൂര്യൻ മേടരാശിയിൽ വരുമ്പോൾ ഹരിദ്വാറിലും , വ്യാഴം വൃഷഭ (ഇടവ) രാശിയിലും സൂര്യൻ മകര രാശിയിലും വരുമ്പോൾ ഉജ്ജൈനിലും കുംഭമേള നടത്തപ്പെടും. ഓരോ സ്ഥലത്തെയും ആഘോഷ ദിവസങ്ങൾ സൂര്യ ചന്ദ്ര വ്യാഴൻമാരുടെ പ്രത്യേക നിലകൾ രാശി ചക്രത്തിനനുസരിച്ചു ആദ്യമേ തന്നെ ഗണിച്ചു തിട്ടപ്പെടുത്തുമത്രെ.
No comments:
Post a Comment