ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 8, 2016

കുരുംബ ഭഗവതി ക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. കുരുംബക്കാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ്കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്നപേരിലാണ് കണ്ണകി അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയായാണ്സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തെ കരുതുന്നത്.

ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം (ഇന്നു കാണുന്ന ക്ഷേത്രമല്ല) നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്.
പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാലസാഹിത്യങ്ങളിൽ പരാമർശിക്കുന്നു. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്. ഭരണിഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്.

പിൽക്കാലത്ത് ചേരരാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാൽ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണത്രെ.  അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു.ഇതാണ് കാവുതീണ്ടൽ. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള പാട്ടുകൾ ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. മറ്റു ചിലർ അത് സ്വന്തം ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ് കാണുന്നത്.
.
പുരാണ കഥാഖ്യാന പ്രകാരം, ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെ രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാൻ വേണ്ടി ഭൂതഗണങ്ങൾ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. കേരളത്തിൽ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതു എന്നും പറയുന്നു. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാൺ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

ക്ഷേത്രസമുച്ചയത്തിൻറെ മൊത്തം വിസ്തീർണം 10
ഏക്കർ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നിൽ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തൽ, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കൾ എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ടപത്തിൻറേയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങള് കൊത്തിയ ഒറ്റപ്പലകയിൽ തീർത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയിൽ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരരമൻ സൃഷ്ഠിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരൻ ചെങ്കുട്ടുവൻ മൂലപ്രതിഷ്ഠ - കണ്ണകി പ്രതിഷ്ഠ - നിർവഹിച്ച ശ്രീമൂലസ്ഥാനം രഹസ്യഅറയാക്കിയിരിക്കുകയാണ്. അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിൻറെ മുഖം ശ്രീകോവിലിലേക്കാണ്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങൾ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിൻ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.

ക്ഷേത്രത്തിലെ ശിവൻറെ നടയ്ക്കുള്ള മണ്ഡപത്തിൻറെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളിൽ കിഴക്കോട്ട് ദർശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിൻ ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകൾ ഭക്തജനങ്ങൾ പൾലിമാടത്തിനു മുന്നിലാണ് അർപ്പിക്കാറ്.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപത്തിൽ സങ്കൽപ്പിക്കുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയിൽ കിരീടമുണ്ട്.

രഹസ്യ അറ

ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതുമായ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദർശനമായി മറ്റൊരു അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൻറെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിൻ വരുന്ന അവസരത്തിലോ കൊടുങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന് ദേവിയ്ക്ക് മുന്നിൽ ( പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിൻറെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിൻറെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാൻ
നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും.

ശിവൻ

ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിൻറെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല

ക്ഷേത്രപാലകൻ

വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാൺ. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്. പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ് (ശർക്കരപായസത്തിൽ തൈര് ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.

ദേവി ക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകൻറെ നടക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകൻറെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകൻറെ തൃപ്പടികളിൽ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകൻ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.


തവിടാട്ട് മുത്തി

ചാമുണ്ഡി രൂപത്തിലുള്ള മൂർത്തിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും അനുഭവപ്പെടുന്ന ശ്വാസ സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃകൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്കാണ്.

വസൂരിമാല

പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാൺ ദർശനം. ഇതിൻ മേൽക്കൂരയില്ല. വിഗ്രഹത്തിൻ 4 അടിയോളം ഉയരമുണ്ട്. മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക

സപ്തമാതൃക്കൾ

ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും.
സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവി വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

കുരുംബക്കാവ്

ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുടുംബി സമുദായക്കാർ ദേവിക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസരവാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.

പൂജകൾ

ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.
സുവാസിനി പൂജ
മംഗല്യവതികളായ സ്ത്രീകൾ കുടുംബഐശ്വര്യത്തിനും നെടുമംഗല്യത്തിനും വേണ്ടി നേരിട്ട് നടത്തുന്ന സമൂഹ അർച്ചനയാണിത്. കുഡുംബി സമുദായത്തിലെ സ്ത്രീകൾ ആണ് പ്രധാനമായും കൊടുങ്ങല്ലൂർ താലപ്പൊലി ദിവസത്തിൽ സുവാസിനി പൂജ ആചരിക്കുന്നത് .

വഴിപാടുകൾ
എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ് കതിന വെടികളെ കാണുന്നത്.

ഗുരുതിയാണ് മറ്റൊരു വഴിപാട്. ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതി നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.

വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.

ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.


തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസം സംബന്ധിക്കുന്ന രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.

ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടും.

ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒന്നുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി

കോഴിക്കല്ല് മൂടൽ

മീനഭരണിക്ക് പത്തു് ദിവസം മുൻപാണ് കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഭഗവതിയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. കൂടാതെ ജന്തുഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് ഇപ്പോൾ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.[11]
മീനമാസത്തിലെ തിരുവോണദിവസം നടത്തപ്പെടുന്ന കോഴിക്കല്ല് മൂടൽ ചടങ്ങിനു ശേഷം, രേവതി നാളിൽ കളമെഴുത്തുപാട്ടുണ്ട്. അതിൻ കടത്തനാട്ടുകാർക്കാൺ അവകാശം.

കാവുതീണ്ടൽ

ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും, പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തിൽ തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.
ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർവൈശ്വര്യപ്രധാനിയാണ് എന്ന് ഭക്തർ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ് ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ് പറയുക. കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ് പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ് പൂജ ചെയ്യാനകത്ത് കയറുക


താലപ്പൊലി

മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ.  ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.  ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ് താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ് താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച മലയരയന്മാർഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുൻപേ ചൊവ്വര ദേശത്തെ നമ്പൂതിരി മാർ വന്ന സംഘക്കളി നടത്തുന്നു. കുടുംബികൾചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകൾക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു. 
ഒന്നാം താലപ്പൊലിയുടെ പൂർണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാൻറെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ പണ്ട് രണ്ടാം ഉത്സവം അയിരൂർ അയ്യായിരം നായർ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം ദിവസത്തെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാർ കൊല്ലവർഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീർന്നു. അതിനുശേഷം ദേവസ്വമാണ് നേരിട്ട് നടത്തുന്നത്. അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരുംഎട്ടാമത്തേത് ചെറുമരുമാണ് നടത്തിയിരുന്നത്. പിൽക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി. പകൽ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ് താലപ്പൊലിയുടെ ചടങ്ങുകൾ. ഒരോ ദിവസവും അതാത് നടത്തിപ്പുകാർ സ്ത്രീകൾ താലത്തിൽ കൊണ്ടുവരുന്ന ധനധാന്യങ്ങൾ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നിൽ ചൊരിയുന്നതാണ് പ്രധാന ചടങ്ങ്.

ചാന്താട്ടം
മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

No comments:

Post a Comment