ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 6, 2016

കൊടുങ്ങല്ലൂർ ഭരണി

കൊടുങ്ങല്ലൂർ ഭരണി 


താനാരൊ തന്നാരോ തന താനാരോ തന്നാരോ..!!
"താനാരം തന്നാരം താനാരം ദേവ്യേ..
താനാരം തന്നാരം താനാരം
കാവില്‍ കൊടുങ്ങല്ലൂര്‍ വാണിടും ദേവ്യേ
അമ്മേ ഭഗവതി ഭദ്രകാള്യേ.." 


ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.
സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.
കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ തെക്ക് കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം. കേരളത്തില്‍ ആദ്യമായി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രമെന്ന പെരുമയുമുണ്ട് കൊടുങ്ങല്ലൂരിന്. അപൂര്‍വ്വമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ് മീന മാസത്തിലെ ഭരണി മഹോത്സവം. അശ്വതി നാളിലെ കാവുതീണ്ടലാണ് അതില്‍ പ്രധാനം.
വിശ്വാസം ചെമ്പട്ടു പുതക്കുന്ന ഈ ചരിത്ര പ്രസിദ്ധമായ മണ്ണില്‍ മീനത്തിലെ തിരുവോണ ദിവസം ഉച്ചപ്പൂജക്കു ശേഷം വടക്കെ നടയിലെ ദീപസ്തംഭത്തിനു സമീപം മണല്‍ത്തിട്ട രൂപപ്പെടുത്തി അതില്‍ ചെമ്പട്ടു വിരിച്ച് കോഴിയെ സമര്‍പ്പിക്കുന്ന 'കോഴിക്കല്ലു മൂടല്‍' ചടങ്ങോടെ ഭരണി തുടങ്ങുകയായി. കൊടുങ്ങല്ലൂര്‍ ഭഗവതി വീട്ടുകാര്‍ക്കാണ് ആ ചടങ്ങിന് അവകാശം. ചടങ്ങു പൂര്‍ത്തിയായാല്‍ കാരണവര്‍ 'തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ' എന്നു മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ വടക്കന്‍ കേരളത്തിലെ തച്ചോളി തറവാട്ടുകാരാണ് ആദ്യം കോഴിയെ സമര്‍പ്പിക്കുക.കോഴിക്കല്ലു മൂടലിനു ശേഷം ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ കോണിലെ ആല്‍മരത്തില്‍ എടമുക്ക് മൂ‍പ്പന്മാര്‍ വേണാടന്‍ കൊടികള്‍ ഉയര്‍ത്തും. കേരളത്തില്‍ ധ്വജപ്രതിഷ്ഠ (കൊടിമരം) ഇല്ലാത്ത ഏകക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനും ഭരണിക്കും കൊടിയുയര്‍ത്തുന്നത് ക്ഷേത്രമുറ്റത്തെ അരയാല്‍-പേരാല്‍ കൊമ്പുകളിലാണ്.
പുരാണ കഥാഖ്യാന പ്രകാരം, ലോകാധമനം നടത്തിവന്നിരുന്ന ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികാനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയായി. അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നണ് വിശ്വാസം. പ്രത്യക്ഷമൈഥുനത്തിന്റെ സൂചനയായിട്ടാണ് തെറിപ്പാട്ടു പാടുന്നത്.
അശ്വതി നാളില്‍ ഉച്ചതിരിഞ്ഞ് സ്ത്രീകളടക്കമുള്ള കോമരങ്ങള്‍ കൂട്ടം ചേര്‍ന്ന് ക്ഷേത്രത്തിനു ചേര്‍ന്നുള്ള അവകാശത്തറകളില്‍ (ആല്‍ത്തറ) സ്ഥാനം പിടിച്ചിരിക്കും. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ നിലപാടു തറയില്‍ വന്ന് ചുവന്ന പട്ടുകുട ഉയര്‍ത്തുന്നതോടെ 'കാവുതീണ്ടല്‍' ആരംഭിക്കുകയായി. തറയില്‍ ഇരിക്കുന്നവരും മറ്റുള്ള കോമരങ്ങളും കൂട്ടരും ക്ഷേത്രത്തിനു ചുറ്റും ഓടി മൂന്നു വട്ടം പ്രദക്ഷിണം വയ്ക്കും കൂറ്റന്‍ തിരമാലകള്‍ പോലെ അലയടിച്ചു വരുന്ന ഭക്തജനം 'അമ്മേ ദേവ്യേ' എന്നുറക്കെ വിളിച്ച് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മുളവടികള്‍ കൊണ്ട് അടിച്ച് , മഞ്ഞള്‍ പൊടിയും കുരുമുള്‍കും വിതറി തിരുനടയിലെത്തി ഉറഞ്ഞു തുള്ളി തിരുനെറ്റിയില്‍ വാള്‍ത്തലപ്പുകൊണ്ട് വെട്ടിയരിഞ്ഞ് നൃത്തം വയ്ക്കും, മുറിവില്‍ അമ്മയുടെ പ്രസാദമായ മഞ്ഞള്‍ പുരട്ടും.
മീനഭരണിയോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ കാവും, നഗരവും ചുവക്കും, അരയാല്‍ കൊമ്പുകളില്‍ കൊടികൂറകള്‍ പാറും, സംഘം ചേര്‍ന്ന് 'തന്നാരം' പാടി ക്ഷേത്രപരിസരത്ത നൃത്തം വയ്ക്കും. 'കോഴിക്കല്ലില്‍; ചുവന്ന പട്ട് വിരിച്ച് നമസ്ക്കരിച്ച് സായൂജ്യമടയും, എല്ലാ സങ്കടങ്ങളും ദേവിക്കു മുന്നില്‍ ഇറക്കിവെയ്ക്കും.


"അമ്മേടെ മക്കള് വന്നിട്ടുണ്ടമ്മേ
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ
നാടിന്റെ മക്കള്, കാടിന്റെ മക്കള്
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ" *


കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ ഏറെയും വരുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ എണ്‍പതു വയസ്സു കഴിഞ്ഞ വൃദ്ധയും വൃദ്ധനും വരെ ഭക്തരിലുണ്ടാകും. 

കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്കറിയാം, ഉത്സവം നമ്മുടെ കണ്മുമ്പില്‍ തുറന്നിടുന്നതെന്തെന്ന്. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ഒരു പുല്‍പ്പായ നിവര്‍ത്തിയിടാന്‍പോലും ശേഷിയില്ലാത്ത വൃദ്ധര്‍ അന്ന് ചെമ്പട്ടുടുത്ത് ഉറഞ്ഞുതുള്ളി നെറുകവെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ച്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമുക്ക് മുന്നില്‍ നിറയും.ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്‍ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന്‍ അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു.' **
എല്ലാവരും ഒരേ മനസ്സോടെ 'അമ്മേ ദേവ്യേ' വിളിച്ച് കൊടുങ്ങല്ലൂര്‍ കാവിനേയും, നഗരത്തിനേയും ശബ്ദമുഖരിതമാക്കും. സാമൂഹ്യ-ജാതീയ-സാമ്പത്തിക വിത്യാസമില്ലാതെ അമ്മയുടെ മക്കള്‍ ഒരേ മനസ്സോടെ, ഒരേ താളത്തോടെ, ഒരേ വായ്ത്താരിയോടെ തികഞ്ഞ സാഹോദര്യത്തോടെ ക്ഷേത്രമുറ്റത്ത് ഭക്തിയാല്‍ ലയിക്കും. ഓരോ ദേശത്തിനും അവരുടെ ആല്‍ത്തറ, ദേശമൂപ്പന്‍ എന്നിവയുണ്ട്. കലിതുള്ളി വന്ന കോമരങ്ങളും കൂട്ടരും മൂപ്പന്റെ മുന്നില്‍ നമസ്കരിച്ച് മൂപ്പന്റെ അനുഗ്രഹവും വാങ്ങി മഞ്ഞള്‍ പ്രസാദവും അണിഞ്ഞ് തിരിച്ചു പോരും.


അടുത്ത കൊല്ലം ഭരണിനാളില്‍ അമ്മയെ കാണാന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം ദേശങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങും.

No comments:

Post a Comment