വിഷു ദിനത്തിലെ ചില നാടൻ കളികൾ..............
കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ വിഷു - ഓണക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ". എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പഴയ ആ നല്ല നാളുകളിലെ ചില നാടൻ കളികളെ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നു ..............
അടിച്ചിട്ട് ഓട്ടം......
കുറേപേർ ഒന്നിച്ചു നിന്നിട്ട് ഒരാളുടെ കൈവെള്ളയിൽ അടിച്ചുകൊണ്ട് താഴെപ്പറയുന്ന പാട്ട് പാടുക. പാട്ട് തീരുമ്പോൾ ഓടുക. ആരുടെ കയ്യിലാണോ അടിച്ചിട്ട് ഓടിയത് അയാൾ മറ്റുള്ള ആരെയെങ്കിലും തൊടണം. പിന്നീട് അയാളുടെ കയ്യിൽ അടിച്ചിട്ട് ഓടുക. ഇങ്ങനെയായിരുന്നു ഈ കളി. തൊടാൻ വരുന്ന ആളിനെ അതിനു സമ്മതിക്കാതെ മറിയും മറിഞ്ഞും വെട്ടിച്ചും മാറുകയാണ് ഈ കളിയുടെ പ്രത്യേകത..........
പാടേണ്ട പാട്ട്...........
അണ്ട ഉണ്ട വട്ടുണ്ട
കണിയാന്റെ പടിക്കൽ ചെല്ലുമ്പോൾ
എന്നെ തൊടാൻ പാടില്ല.
അണ്ട ഉണ്ട പടിക്കലെ ചെണ്ട കണിയാന്റെ പടിക്കൽ ചെല്ലുമ്പോൾ എന്നെ തൊടാൻ പാടില്ല
സാറ്റ് കളി
കുറേപേർ ഒന്നിച്ചു നിൽക്കുക. അതിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുക. അയാൾ കണ്ണടച്ച് ഏതെങ്കിലും മരത്തിന്മേലോ കുറ്റിയിലോ പിടിച്ചുകൊണ്ടു നൂറു വരെ എണ്ണുന്ന സമയത്തിനുള്ളിൽ മറ്റുള്ളവർ എവിടെയെങ്കിലും ഒളിക്കുക. എണ്ണിയ ആൾ മറ്റുള്ളവരെ ക ണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീടു എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ച ആൾ, എണ്ണിയ ആൾ മരത്തിൽ തൊടുന്നതിനു മുൻപ് വന്നു മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. ഒരാൾ തൊട്ടാൽ ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്.
ഇട്ടൂലി പാത്തൂലി,,,,,,,,,,,,
കുറേപേർ ഒന്നിച്ചു ഒരു സ്ഥലത്തിരിക്കുക. എല്ലാവരും ഒരേദിശയിൽ തന്നെ നോക്കി കണ്ണടച്ചിരിക്കുംപോൾ, കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ ഒരു സേഫ്ടി പിന്നോ, അതുപോലെയുള്ള ചെറിയ എന്തെങ്കിലും സാധനമോ മറ്റുള്ളവർ കാണാതെ നിലത്തു എവിടെയെങ്കിലും ഒളിപ്പിക്കുക. ഒളിപ്പിച്ച ശേഷം അയാൾ മറ്റുള്ളവരോട് കണ്ടുപിടിക്കാൻ പറയുക. കണ്ടുപിടിക്കുന്ന ആൾ അടുത്ത പ്രാവശ്യം സാധനം ഒളിപ്പിക്കുക. ഇങ്ങനെ കളി തുടരാം. സാധനം കണ്ടു പിടിക്കാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ സാധനത്തിനു അടുത്താണ് അവരെന്കിൽ ചൂട് ചൂട് എന്ന് പറയുകയും സാധനത്തിൽ നിന്നും അകലെയാണെങ്കിൽ തണുപ്പ് തണുപ്പ് എന്ന് പറഞ്ഞും സാധനം ഒളിപ്പിച്ച ആൾക്ക് അവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
അം തിന്നൽ കളി...............
വിനോദവും വിജ്ഞാനവും ഇടകലർന്ന ധാരാളം കളികൾ നമ്മുടെ നാട്ടിൽ ഉണ്ട്.അതിലൊന്നാണു 'അം തിന്നൽ കളി'.ഈ കളി ഒരു ഭാഷാവിനോദം കൂടിയാണ്. ആദ്യം ഒരു കുട്ടിയെ നേതാവായി തിരഞ്ഞെടുക്കും.പിന്നീട് മറ്റ് കുട്ടികളെ വരിവരിയായി ഇരുത്തും.എന്നിട്ട് ഭക്ഷണസാധനങ്ങളുടെയും അല്ലാത്തവയുടെയും പേരുകൾ നേതാവ് ഇടകലർത്തി പറയും.ഭക്ഷണസാധനങ്ങളുടെ പേരു കേൾക്കുംബോൾ കുട്ടികൾ 'അം' എന്നു പറയണം.ഉദാഹരണത്തിന് 'പുട്ട്' എന്നു കേട്ടാൽ 'അം'എന്നു പറയണം.എന്നാൽ,'കല്ല്' എന്നു കേട്ടാൽ 'അം' പറയാൻ പാടില്ല.കഴിക്കാൻ കൊള്ളാത്തത്തിന്റെ പേരു കേൾക്കുംബോൾ 'അം' എന്നു പറഞ്ഞാലും കഴിക്കാവുന്നവയുടെ പേരു കേൾക്കുംബോൾ 'അം' എന്നു പറയാതിരുന്നാലും കളിയിൽ നിന്നും പറത്താകും.ഇതിനോട് സാമ്യമുള്ള മറ്റൊരു കളിയാണ് 'പക്ഷിപറക്കൽ കളി '.കുട്ടികളെ വരിവരിയായി ഇരുത്തിയത്തിന് ശേഷം ലീഡർ ഓരോ ജീവികളുടെ പേര് പറയുന്നു ,പേരിനൊപ്പം 'പറ പറ 'എന്നും പറയുന്നു .പറക്കുന്ന ജീവിയുടെ പേരാണ് പറയുന്നതെങ്കിൽ കുട്ടികൾ പക്ഷിപറക്കുനതുപോലെ രണ്ടു കൈകളുമുയർത്തി ചിറകുപോലെ വീശണം.എന്നാൽ പറക്കാത്തവയുടെ പേര് പറയുമ്പോൾ അനങ്ങുന്നവർ കളിയിൽ നിന്ന് പുറത്താകും .ലിഡർ പറയുന്നതിന്റെ വേഗം കൂട്ടുബോഴാണ് കളിയുടെ രസം കൂടുന്നത് .
തലയിൽ തൊടീൽ..............
വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണിത്. നീന്തൽ വശമുള്ളവർക്ക് കുളത്തിലോ പുഴയിലോ വച്ച് കളിയ്ക്കാൻ പറ്റിയ കളിയാണിത്. കളിക്കുന്നവർ ചേർന്ന് ഒരാളെ തെരഞ്ഞെടുക്കുക. അയാൾ നീന്തി ചെന്ന് വേറൊരാളുടെ തലയിൽ തൊടണം. പിന്നീടു അയാൾ വേറൊരാളുടെ തലയിൽ തൊടുക. ഇങ്ങനെ കളി തുടരാവുന്നതാണ്. തലയിൽ തൊടാൻ വരുന്ന ആളിനെ തൊടാൻ അനുവദിക്കാതെ നീന്തിയും മുങ്ങാംകുഴിയിട്ടും മാറുന്നതിലാണ് കളിയുടെ രസം.
കുഴിപ്പന്തുകളി............
തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്താണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. കളിക്കുന്നവർ എല്ലാവര്ക്കും ഓരോ ചെറിയ കുഴി ഒരേ വലിപ്പത്തിൽ നേർരേഖയിൽ ഉണ്ടാക്കുക. കുഴികളുടെ രണ്ടു അറ്റത്തായി രണ്ടുപേർ നിൽക്കുക. ബാക്കിയുള്ളവർ കുഴിക്കു ചുറ്റുമായി നിൽക്കുക. രണ്ടു അറ്റത്തു നിൽക്കുന്നവർ കുഴിക്കുമീതെ പന്ത് ഉരുട്ടുക. ആരുടെ കുഴിയിലാണോ പന്ത് വീഴുന്നത്, അയാൾ പന്തെടുത്തു മറ്റുള്ളവരെ എറിയുക. ഏറു കൊണ്ടയാൾ അതെടുത്തു വേറൊരാളെ എറിയുക. ഏറു കൊണ്ടില്ലെങ്കിൽ അയാളുടെ കുഴിയിൽ ഒരു ചെറിയ കല്ല് ഇടുക. വീണ്ടും കുഴിക്കുമീതെ പന്ത് ഉരുട്ടി കളി തുടരുക. ആരുടെ കുഴിയിൽ അഞ്ചു കല്ല് ആകുന്നുവോ അയാൾ കളിയിൽ നിന്നും പുറത്താവും. ഇങ്ങനെ കളി തുടരാവുന്നതാണ്. കുഴിക്കുമീതെ പന്ത് ഉരുട്ടുമ്പോൾ മറ്റുള്ളവരുടെ കുഴിയിൽ പന്ത് വീഴിക്കാൻ തക്കവണ്ണം ഉരുട്ടി കളി രസകരമാക്കാവുന്നതാണ്.
ഡപ്പോകളി...........
ഒരുതരം പന്തെറിഞ്ഞു കളിയാണ് ഡപ്പോകളി .കുട്ടികൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത് .കളിക്കളത്തിൽ എട്ടോ പത്തോ ഇഷ്ടികക്കഷണങ്ങൾ മേല്ക്കുമേൽ വയ്ക്കും .'ഡപ്പോ'എന്നാണിത്തിനു പറയുക .ഒരു ടീമിലെ കുട്ടി കുറച്ചകലെ നിന്ന് ഡപ്പോയ്ക്ക് നേരെ പന്തെറിയും .ആ എരിൽ ഡപ്പൊ വീണില്ലെങ്കിൽ അതെ ടീമിലെ മറ്റൊരു കുട്ടിയെറിയണം .ഡപ്പോ വീഴ്ത്തിയ ടീമിലെ കുട്ടികളെ മറുപക്ഷത്തുള്ളവർ പന്തുകൊണ്ട് ഏറിയും .മുട്ടിനുതഴേയൊ കഴുത്തിനു മുകളിലോ എരിയരുത് എന്നാണ് നിയമം .പുറംഭാഗത്താണ് എറിയേണ്ടത്ത് .ഡപ്പോ വീഴ്ത്തിയവർ ഏറു കൊള്ളാതെ ഡപ്പോ നേരെ വയ്ക്കാൻ നോക്കണം .മറുപക്ഷക്കാർ എറിയുന്ന പന്ത് അവർ ചിലപ്പോൾ തട്ടി അകലേക്ക് കൊണ്ടുപോകും അപ്പോൾ ആ ടീമിലെ ഒരു കുട്ടിക്ക് ചെന്ന് ഡപ്പോ നേരെ വയ്ക്കാവുന്നതാണ് .ഇങ്ങനെ ഏറു കൊള്ളാതെ ഡപ്പോ വച്ചുകഴിഞ്ഞാൽ അവർ 'ഡപ്പോ' എന്ന് വിളിച്ച് പറയും .അപ്പോൾ ആ വിഭാഗക്കാർക്ക് ഒരു 'ഡപ്പോ' ആയി .അടുത്ത തവണ, മറ്റേ ടീമംഗങ്ങൾ ഡപ്പോ വീഴ്ത്തും .കളി തീരുമ്പോൾ കൂടുതൽ ഡപ്പോ വച്ചവർക്കാണ് വിജയം .
കൊട്ടിയും പൂളും.............
പാലക്കാട് ജില്ലയിലും സമീപപ്രദെശങ്ങളിലും നിലവില്ലുള്ള ഒരു നാടൻ കലയാണിത് .ഇരുപതു സേന്റിമിറ്ററോളം നീളമുള്ള ഒരു മരക്കട്ടയാണ് പൂള് .അത് അടിച്ചു ദൂരെ തെറിപ്പിക്കാനുള്ള ഒരു കോലാണ് കൊട്ടി .പൂള് കൈപ്പത്തിയിൽ വച്ച് മുകളിലേക്ക് തെറിപ്പിച്ച് അടിക്കുക ,ഇടതു കൈ കൊണ്ട് പൂള് പിടിച്ച് വലത് കൈകൊണ്ട് അടിച്ചു തെറിപ്പിക്കുക ,മുഖം ഉയർത്തി നിന്ന് മൂക്കിന്മേൽ പൂള് വച്ച് താഴേക്ക് തള്ളിടതിനു ശേഷം അടിച്ചു തെറുപ്പിക്കുക തുടങ്ങിയ പല ഇനങ്ങളും ഈ കളിയിൽ ഉണ്ട് . ഉത്തരകേരളത്തിൽ 'ഇട്ടിയും കോലും' എന്നും ,ദക്ഷിണകേരളത്തിൽ 'കുട്ടിയും കോലും' എന്നും പറയാറുള്ള കളിയുമായി ഇതിനു സാമ്യം ഉണ്ട് .
പട്ടം പറത്തൽ.........
പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ് .കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട് .ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക .
പടകളി..........
രണ്ടുപേർക്കു പങ്കെടുക്കാവുന്ന ഒരു നാടൻ വിനോദമാണ് പടക്കളി .കളിക്കളത്തിൽ കരുക്കൾ നീക്കിക്കൊണ്ടുള്ള കളിയാണിത് .ഓരോരുത്തർക്കും പതിനാറ് കരുക്കൾ വീതമുണ്ടാകും. ഇരുവരുടെയും കരുക്കൾ രണ്ടു തരത്തിലുള്ളതാകണം .കരുക്കൾ ഏതു ഭാഗത്തേക്കും നീക്കാം .ഒരാളുടെ കരുവിനു മുന്നിൽ എതിരാളിടുടെ കാരു വരികയും അതിനപ്പുറം കരുവൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്താൽ ആ കരു 'കൊത്തി' എടുക്കും .'വെട്ടി എടുക്കുക ' എന്നും ഇതിനു പറയാറുണ്ട് .കളിയുടെ അന്ത്യത്തിൽ ആരാണോ കൂടുതൽ കാര് വെട്ടി എടുത്തത് ,അയാളാണ് വിജയി .
ആലവട്ടം.........
കളിക്കാരിൽ രണ്ടുപേരൊഴികെയുള്ളവർ കൈകൾ കോർത്ത് പിടിച്ച് വൃത്താകൃതിയിൽ നിൽക്കാം. മാറിനിൽക്കുന്നഒരാൾ കുഞ്ഞാടും മറ്റേയാൾ പുലിയും ആയിസങ്കല്പിക്കും. കുഞ്ഞാട് വൃത്തത്തിനുള്ളിൾ (ആലയിൽ) നിൽക്കും. പുലി പുറത്തും. പുലി കൈച്ചങ്ങലതകർത്ത് ആലയിലുള്ള കുഞ്ഞാടിനെ പിടിക്കാൻ ശ്രമിക്കും അംഗങ്ങൾ പരമാവധി ബലം പ്രയോഗിച്ച് അതിനെ ചെറുക്കാൻ ശ്രമിക്കും. പുലി ഓരോചങ്ങലയും പരിശോധിച്ച് ഏറ്റവും ബലഹീനമായതിനെ പൊട്ടിച്ച് അകത്തുകടക്കും. അപ്പോൾ അംഗങ്ങൾ വേറൊരു കൈച്ചങ്ങല ഇളക്കി ആടിനെ പുറത്താക്കും. പുലിവീണ്ടും ചങ്ങല തകർത്ത് ആലയ്ക്ക് വെളിയിൽ വരും. അപ്പോഴേക്കും ആടിനെ ആലയിൽ കയറ്റണം. ആടിന് കയറാൻ പറ്റിയില്ലെങ്കിൽ പുലി ആടിനു് പിന്നാലെഓടിആടിനെ പിടിക്കും. പിടികിട്ടിയാൽ ചങ്ങല തകർക്കപ്പെട്ടിടത്തെ രണ്ടുപേർ വീണ്ടും ആടും പുലിയുമായി കളിതുടരാം....................
എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ... By : Manikandan Nair
No comments:
Post a Comment