ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 23, 2016

ആലപ്പുഴയിലെ ആദിത്യപൂജ

ആലപ്പുഴയിലെ ആദിത്യപൂജ
______________________________
ആലപ്പുഴ ജില്ലയിൽ മീനം - മേടം മാസങ്ങളിൽ സാധാരണ നടത്തി വരാറുള്ള ഒരു ആചാരം ആണ് ആദിത്യപൂജ. മേടം പത്തിനു (പത്താം ഉദയത്തിനു) മുൻപ് ഈ പൂജ നടത്തുകയാണ് പതിവ്. ക്ഷേത്ര അങ്കണങ്ങൾക്ക് പുറമേ കാവുകളിലും പാടശേഖരങ്ങളിലും മറ്റും ഈ ആചാരം നടത്താറുണ്ട്‌. ശവസംസ്കാരം നടന്നിട്ടില്ലാത്ത ഏതൊരു പുരയിടവും ആദിത്യപൂജക്ക് ഉത്തമം ആണ് . മതപരമായ ഒരു ആചാരത്തെക്കാൾ ഇതൊരു കാർഷിക അനുഷ്ഠാനം ആണെന്ന് പറയാം. അനുഷ്ഠാനങ്ങൾ ഏറെക്കുറെ ആധുനികവല്കരിച്ചിട്ടുന്ടെങ്കിലും നാട്ടുകാരുടെ ഒത്തൊരുമയ്ക്ക് ഒരു വേദി ആകാൻ ഇപ്പോളും പൂജ സ്ഥലങ്ങള്ക്ക് സാധിക്കാറുണ്ട് . സൂര്യന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുന്ന (സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് നില്ക്കുന്ന) ഈ സമയത്ത് സൂര്യകോപത്തിന്റെ തീവ്രത കുറയുന്നതിനും അടുത്ത കാര്ഷിക സീസണ്‍ തുടങ്ങുന്നതിനു മുൻപായി കാർഷിക രക്ഷകനായ സൂര്യ ഭഗവാന്റെ അനുഗ്രഹം നേടുന്നതിനും ആണ് ഈ ആചാരം നടത്തുന്നത് എന്നാണ് പഴമൊഴി.
ഈ വിഷു ദിനത്തിൽ നടന്ന ആദിത്യ പൂജയുടെ വിശേഷങ്ങളിലൂടെ.
കാവും കുളവും കൊയ്ത്തു പാടവും ചേർന്ന മനോഹരമായ സ്ഥലമാണ് പൂജസ്ഥലം. കുളം വെട്ടി കാവും പരിസരവും വൃത്തിയാക്കുന്നതോടെ പൂജയുടെ ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയിൽ പങ്കെടുക്കുന്ന സമീപവാസികൾ തന്നെ ആണ് എല്ലാ പ്രവര്ത്തനങ്ങളും ചെയ്യുന്നതു. പൂജക്ക്‌ ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കൽ ആണ് അടുത്ത ചടങ്ങ്. നെല്ല്, തേങ്ങ, ശർക്കര തുടങ്ങിയവ ആണ് പ്രധാനം. പൂജാപ്പം ഉണ്ടാക്കുന്ന എണ്ണ സാധാരണ പോലെ ആട്ടി അല്ല എദുക്കുന്നതു. പച്ച തേങ്ങാ ചുരണ്ടി അതു തിളപ്പിച്ച്‌ വറ്റിച്ചു പാൽ പിഴിഞ്ഞ്‌, അത് തെളിച്ചു ഉണ്ടാകുന്ന എണ്ണ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു അപ്പത്തിനു തന്നെ അഞ്ചു തേങ്ങയുടെ ആവശ്യം വരും. പൂജക്കായി പ്രത്യേകം കുഴിച്ച കുളത്തിലെ വെള്ളം വേണം പൂജ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ. എണ്ണ പോലെ തന്നെ പൂജാപ്പം ഉണ്ടാക്കുന്ന അരിപ്പൊടിക്കും ഉണ്ട് പ്രത്യെകത. സാധാരണയിൽ നിന്നും വെത്യസ്തമായി നെല്ല് വേവിക്കാതെ കുത്തി എടുക്കുന്ന കുത്തരി ഉരലിൽ ഇട്ടു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്.
പൂജക്ക്‌ മുൻപായി കാവിൽ സർപ്പങ്ങൾക്ക് തളിച്ചുകൊട നടത്താറുണ്ട്‌. ലവണാംശം കൂടിയ ആലപ്പുഴയുടെ തീരപ്രദേശങ്ങൾ ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സർപ്പങ്ങൾ അവയുടെ നാവ് ഉപയോഗിച്ചു ലവണാംശം വലിച്ചെടുക്കും എന്നാണു ഐതിഹ്യം. കടലിൽ മഴു എറിഞ്ഞു കേരളം രൂപീകരിച്ച പരശുരാമൻ ആണത്രേ ഈ ബുദ്ധി അന്ന് കേരളത്തിൽ കുടിയേറി പാർക്കാൻ വന്ന ബ്രാഹ്മണർക്ക് ഉപദേശിച്ചത്. അതിനാൽ തന്നെ കേരളത്തിലെ പ്രമുഖ നാഗ ക്ഷേത്രങ്ങൾ ആലപ്പുഴയിൽ ആണ് ഉള്ളത്. തളിച്ചുകൊട കഴിഞ്ഞാൽ ആദിത്യ സ്തുതിയും ഭജനയും നടത്തും.
രാത്രി ആണ് അപ്പം ഉണ്ടാക്കൽ തുടങ്ങുന്നത്. പഴം, കല്ക്കണ്ടം, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ്‌ തുടങ്ങിയവ കുഴച്ചു പഞ്ചാമൃതം പോലെ ആക്കും. ഇതിൽ ശർക്കരപ്പാനി ചേർത്ത് കുഴമ്പ് പോലെ ആക്കും. ഇതിലേക്ക് ആണ് മുൻപേ തയ്യാറാക്കി വെച്ച അരിപ്പൊടി ചേർക്കുന്നത്. കുഴക്കാൻ കൂടെ കരിക്കിൻ വെള്ളം ആണ് ഉപയോഗിക്കുന്നത്. മേമ്പൊടി ആയി ശുദ്ധമായ മധുരക്കള്ളും അൽപ്പം ചേർക്കാറുണ്ട്. മിശ്രിതം തയ്യാറായി കഴിഞ്ഞാൽ അപ്പം ചുടാൻ തുടങ്ങും. ചെറിയ ഓട്ടു ഉരുളിയിൽ ആണ് അപ്പം ചുടുന്നത്. ഒരു അപ്പം ശരിയാകാൻ ഏകദേശം അര മണിക്കൂർ എടുക്കും.
ചുട്ടുകഴിഞ്ഞ അപ്പം പാത്രങ്ങളിൽ താലം ആയി അടുക്കുന്നു. ഒരു കിണ്ണത്തിൽ ഏഴ് അപ്പങ്ങൾ ആണ് വെക്കുന്നത്. നടുക്ക് തേങ്ങാ മുറിയിൽ തിരി ഇട്ടു വെക്കും. അപ്പത്താലങ്ങൾ പൂജക്കായി ഒരുക്കി നിരത്തി കഴിഞ്ഞാൽ പിന്നെ പൂജ തുടങ്ങാം. പന്ത്രണ്ട് മണിക്ക് മുൻപായി താലം ഉയർത്തണം എന്നാണ് നിയമം. പൂജിച്ച താലത്തിനു സമീപം താലത്തിന്റെ അവകാശികൾ നില്പ്പ് ഉറപ്പിക്കും. പിന്നീടു എല്ലാവരും ഒരുമിച്ചു മൂന്നു പ്രാവശ്യം ഉയരത്തി സൂര്യനു നിവേദിക്കും. സ്ത്രീകൾ കുരവ ഇടുകയും പുരുഷന്മാർ ആർപ്പു വിളിക്കുകയും ചെയ്തു കൊണ്ടാണ് പൂജാപ്പം ഉയർത്തുന്നത്.
എല്ലാവരും കുടുംബസമേതം ഒരുമിക്കുന്ന ഈ രണ്ടു ദിവസം ശരിക്കും ഒരു ആഘോഷം തന്നെ ആണ്. കുട്ടികൾ അവധിക്കാലം പടക്കം പൊട്ടിച്ചും വിവിധ കളികളിൽ ഏർപ്പെട്ടും പൂജസ്ഥലത്ത്‌ ആഘോഷിക്കും. മുതിർന്നവർ പാചകത്തിലും പൂജ ചടങ്ങുകളിലും മുഴുകും. എല്ലാവരുടെയും രണ്ടു ദിവസത്തെ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നത്‌ ആയിരിക്കും. പൂജപ്പത്തിന്റെ പണികൾ കഴിഞ്ഞു വിഷുക്കണിയും ഉണ്ടാക്കി കഴിയുമ്പോൾ നേരം പുലരും. എല്ലാവരും ചേർന്നുള്ള വിഷു അങ്ങനെ അതിന്റേതായ തനിമയോടെ ആഘോഷിച്ച സംതൃപ്തി ആയിരുന്നു എല്ലാവർക്കും.

കടപ്പാട് : My ആലപ്പുഴ

No comments:

Post a Comment