ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 9, 2016

ആദി രാമായണം

ആദി രാമായണം
__________________

              ആദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും."സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും " എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും.
രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ പ്രശസ്തരും അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജടായു , സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം, മൈനാകം, പഞ്ചവടി എല്ലാം ഇതിൽ പെടും.
എന്നാൽ ദേവ - ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് . അത് സാക്ഷാൽ ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ . തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ - ശൂർപ്പണഖ - വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം.
ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ, സുതീക്ഷ്ണൻ , അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

കൈകേയി
____________

              ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!

കൈകേയിയോടുള്ള സത്യം പാലിക്കുന്നതില്‍ ദശരഥമഹാരാജാവ് ഏറെ വെമ്പല്‍കൊണ്ടതിനുപിന്നില്‍ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? കേകയരാജാവ് അശ്വപതിയുടെ പുത്രനായ യുധാജിത് തന്റെ സഹോദരി കൈകേയിയോടും അവരുടെ പുത്രന്‍ ഭരതനോടും ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്നു. വിവാഹസമയത്ത് താന്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ യുധാജിത് പടപ്പുറപ്പാടുമായിവന്ന് അയോധ്യ കീഴടക്കി രാമനെ തടവിലാക്കി ഭരതനെ അയോധ്യാധിപതിയായി വാഴിക്കുമോ എന്ന പേടി ഒരുപക്ഷേ, ദശരഥനുണ്ടായിരുന്നോ?

ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.

രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

സമ്പാതി (ജടായുവിന്‍റെ സഹോദരന്‍)
__________________________________

        ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാനിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണവേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഒരു മഹാമുനിയില്‍ നിന്നു ജ്ഞാനോപദേശം നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിയ്ക്കുന്ന സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. ജനനമരണ സങ്കീര്‍ണ്ണതകളെ ലളിതമായ വരികളില്‍ വിസ്തരിയ്ക്കുന്നു. ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരുമാഹന്ത! നൂനമാത്മാവിനുമായയാ!!സീതാന്വേഷണവ്യഗ്രരായ വാനരരില്‍നിന്നു ജടായൂ മരണവാര്‍ത്ത കേട്ട് ശോകാര്‍ദ്രനായി അവരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകള്‍ ചെയ്തശേഷം തന്റെ ദീര്‍ഘഗൃദ്ധ്രനേത്രങ്ങളാല്‍ ലങ്കാപുരിയില്‍ അശോകാവനിയില്‍ ശിംശപാവൃക്ഷത്തണലില്‍ നിശാചരികള്‍ക്കിടയില്‍ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയേ ദേവിയെക്കണ്ടുകിട്ടാന്‍ ഏകമാര്‍ഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകര്‍മ്മം ചെയ്യാനായി അവരില്‍ ആത്മവിശ്വാസമുണര്‍ത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണന്‍ രാഘവനാല്‍ വധിയ്ക്കപ്പെടുമെന്ന് ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങള്‍ മുളച്ച സമ്പാതി ഊര്‍ജ്ജസ്വലനായി പറന്ന് വിഹായസ്സില്‍ മറയുകയാണ്. ഭഗവത്ഭക്തരെ സഹായിയ്ക്കുക എന്നതും ഒരുമോക്ഷസാധനയാണെന്ന് സമ്പാതി സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. രാമനാമത്തിനുസമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ...നല്ലതുമേന്മേല്‍വരേണമേ നിങ്ങള്‍ക്കു കല്യാണഗാത്രിയെ കണ്ടുകിട്ടേണമേ!!....എന്നുപറഞ്ഞു പറന്നു മറഞ്ഞിതത്യുന്നതനായ സമ്പാതി വിഹായസാ....ശ്രീരാമ രാമരാമ ശ്രീരാമഭദ്രാ...

No comments:

Post a Comment