ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 6, 2016

രോഗങ്ങളും ദുരിതങ്ങളും ശാപമാണോ?

വരുന്ന രോഗങ്ങളകന്നുപോകാൻ
വരം തരേണം ഗുരുവായൂരപ്പാ!

രോഗങ്ങളും ദുരിതങ്ങളും  ശാപമാണോ? ശരീരത്തെ സ്നേഹിക്കുന്നവര്‍ക്കു രോഗം തീർച്ചയായും ഒരു ശാപം തന്നെയാണ്. രോഗബാധിതമായ ശരീരമാണെങ്കിൽ നമ്മുടെ പല ആഗ്രഹങ്ങള്‍ക്കും ശരീരം വിലങ്ങു തടിയായി മാറും. ആശയെ അടക്കാൻ ശരീരത്തെ സ്നേഹിക്കുന്നിടത്തോളം കാലം സാധ്യവുമല്ല.
പക്ഷെ ഭഗവാനെ ഇഷ്ടപ്പെട്ടാൽ രോഗം
അനുഗ്രഹമായി മാറും. ഭട്ടേരിപ്പാടിന് വാതരോഗം വന്നപ്പോൾ ഗുരുവായൂരപ്പനെ കിട്ടി. അനേകം ഭക്തർക്ക് ഗുരുവായൂരപ്പനോട് അടുക്കാൻ അദ്ദേഹം കണ്ണന് നേദിച്ച നാരായണീയ നവനീതം കിട്ടി. പുത്രദുഃഖം കൃഷ്ണപ്രേമമാക്കിയ പൂന്താനത്തിനെ കണ്ണൻ തന്നെ വന്ന് കൈപിടിച്ചുകൊണ്ടുപോയി. അദ്ദേഹം സ്വാനുഭവത്തിൽ നിന്ന്
"ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ്"
എന്ന് ആനന്ദത്തോടെ പാടിയ ജ്ഞാനപ്പാന നമുക്ക് എല്ലാവര്‍ക്കും കിട്ടി. ഭീഷ്മപിതാമഹര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചിരുന്ന അമ്പുകളുടെ വേദനയിലും ഭഗവാനെ സ്മരിച്ചപ്പോൾ ഭഗവാനെ കണ്ട് ശരീരം ഉപേക്ഷിച്ച് ഭഗവാനിൽ ചേരാൻ കഴിഞ്ഞു.  അനേകം ജീവന്മാർക്ക് ഭഗവാനിലെത്താനായി അദ്ദേഹം കണ്ണന് സമർപ്പിച്ച വിഷ്ണുസഹസ്രനാമം കിട്ടി.
ശ്രീനാരായണ തീര്‍ത്ഥര്‍ വയറു വേദനകൊണ്ടു വലഞ്ഞപ്പോൾ അദ്ദേഹത്തിന് വരാഹമൂർത്തിയെ ദര്‍ശിക്കാൻ കഴിഞ്ഞു.  ഭക്തരെ ഭഗവാനോടു ചേർക്കാൻ അദ്ദേഹം കൃഷ്ണലീലാതരംഗിണിയും തന്നു. പരീക്ഷിത്ത് മഹാരാജാവ് മരണം തന്നെ മുന്നിൽ വന്ന് നിന്നപ്പോൾ ശ്രീകൃഷ്ണനിൽ മനസ്സു ചേർത്തു.  ഭാഗവതാമൃതത്തെ നമുക്കു ലഭിച്ചു.
ഈ ഭക്തോത്തമന്മാർ രോഗങ്ങളേയോ ദുഖങ്ങളേയോ സ്വീകരിച്ചില്ല. ഭഗവാനെ സ്വീകരിച്ചു. രോഗങ്ങളും പീഠകളും അവരെ തളര്‍ത്തിയില്ല. ഭഗവാനിലേക്ക് ഉയർത്തി. സ്വയം ഭഗവാനേ നേടിയതിനൊപ്പം അനേകം ജീവന്മാരെ ഭഗവാനിലേക്ക് നയിച്ചു. നാം സദാ ഭഗവത് സ്മരണയോടെ ഇരിക്കണം. നമ്മുടെ വാക്കും പ്രവൃത്തിയും നമ്മോടൊപ്പം മറ്റുള്ളവരേയും ഭഗവാനോട് ചേർക്കാൻ സഹായിക്കുന്നതാകണം.  രാമ സേതു നിർമ്മിച്ചപ്പോൾ നിസ്സാരനായ അണ്ണാൻകുഞ്ഞ് തനിക്ക് കഴിയുംപോലെ സഹായം ചെയ്തില്ലേ.
അതുപോലെ എല്ലാവർക്കും സാധിക്കും. എല്ലാവരിലും ആത്മാവായി ഇരിക്കുന്ന ഭഗവാൻ സന്തോഷിക്കാൻ എല്ലാവരേയും ഭഗവാനായിക്കണ്ട് ഫലേച്ഛയില്ലാതെ സ്നേഹിക്കാം. എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ. ആനന്ദം നിറയട്ടെ.
സദാ ഭഗവത് സ്മരണയുണ്ടാവട്ടെ.

2 comments:

  1. ഹരേ ഗുരുവായൂരപ്പാ! കണ്ണാ ഈ ഹൃദയത്തില്‍ ഇരുന്ന് ഈ വരികൾ ഇഷ്ടത്തോടെ സ്വീകരിച്ചൂലോ പ്രണാമം.

    ReplyDelete
  2. ഹരേ ഗുരുവായൂരപ്പാ! കണ്ണാ ഈ ഹൃദയത്തില്‍ ഇരുന്ന് ഈ വരികൾ ഇഷ്ടത്തോടെ സ്വീകരിച്ചൂലോ പ്രണാമം.

    ReplyDelete