ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 25, 2017

കിടക്ക വിട്ടുണർന്ന് മന്ത്രം ചൊല്ലി എഴുന്നേൽക്കുന്നത് എന്തിന്?''


ആചാരാനുഷ്ഠാനങ്ങൾ

ഭൗതിക ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണ് ഉറക്കമെന്ന് ആചാര്യൻമാർ പറയുന്നു'.

ഉദയത്തിനു മുൻപ് ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റ് ദിനകൃത്യങ്ങളിൽ വ്യാപൃതരാകണമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഉറക്കമുണർന്നാൽ വലതുവശം തിരിഞ്ഞ് എഴുന്നേൽക്കേണ്ടതാണ്. ഉണർന്നാൽ കിടക്കയിലിരുന്ന് തന്റെ രണ്ടു കൈപ്പടങ്ങളും മലർത്തി അതിൽ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദർശിച്ച് മന്ത്രം ചൊല്ലണം.

'കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ  സരസ്വതീ
കരമൂലേ  സ്ഥിതാ ഗൗരീ
പ്രഭാതേ കരദർശനം'

ഉറക്കം നീണ്ടു പോകുമ്പോൾ മനുഷ്യന്റെ രക്തചംക്രമണത്തിന് വളരെ കുറച്ച് ശക്തി മാത്രമെ ഹൃദയം പ്രയോഗിക്കുന്നുള്ളൂ.എന്നാൽ വളരെ പെട്ടന്ന് നാം കുത്തനെ എഴുന്നേൽക്കുമ്പോൾ രക്തം പമ്പുചെയ്യാൻ ഹൃദയത്തിന് ഏറെ പാടുപെടേണ്ടി വരുന്നു.ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയിൽ നിന്നും പതുക്കെ എണീറ്റിരുന്ന് അല്പസമയം പതിഞ്ഞ സ്വരത്തിൽ മന്ത്രം ചൊല്ലി ഇരിക്കണമെന്ന് നമ്മുടെ പൂർവ്വികർ നമ്മെ പഠിപ്പിച്ചിരുന്നത്. ഇതു കാരണം നമ്മുടെ രക്തചംക്രമണം സാധാരണ നിലയിലാകുന്നുവെന്ന് ശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.

Friday, May 19, 2017

വിജ്ഞാനസാരത്തിന്റെ സ്രോതസ്സ് – ഭാഗവതം (327)

സന്തി മേ ഗുരവോ രാജന്‍ , ബഹവോ ബുദ്ധ്യുപാശ്രിതാഃ
യതോ ബുദ്ധിമുപാദായ മുക്തോഽടാമീഹ താഞ്ഛൃണു (11-7-32)

യദു പറഞ്ഞു:

അരോഗദൃഢഗാത്രനായ അങ്ങയെ ലൗകികവും ഇന്ദ്രിയപരവുമായ ആസക്തിയേതുമില്ലാതെ ഒരു ശിശുവിനെപ്പോലെയോ അല്ലെങ്കില്‍ ഭ്രാന്തനെപ്പോലെയോ ഭൂതപ്രേതാദികളെപ്പോലെയോ അലഞ്ഞു നടക്കാന്‍ ഇടയാക്കിയ വിജ്ഞാനസാരത്തിന്റെ സ്രോതസ്സ് എവിടെയാണ്‌?

മുനി പറഞ്ഞു:
എന്റെ ബുദ്ധി ഉണര്‍ന്നത്‌ ഇരുപത്തിനാലു ഗുരുക്കന്മാരിലൂടെയാണ്‌. ഭൂമി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രന്‍, സൂര്യന്‍, പ്രാവ്, പെരുമ്പാമ്പ്, കടല്‍, ഈയാംപാററ, തേനീച്ച, ആന, തേനീച്ച വളര്‍ത്തുന്നവന്‍, മാന്‍, മത്സ്യം, നര്‍ത്തകിയായ പിംഗള, കഴുകന്‍, ശിശു, പെണ്‍കുട്ടി, അമ്പുണ്ടാക്കുന്നവന്‍, പാമ്പ്, എട്ടുകാലി, കടന്നല്‍ എന്നിവരാണാ ഗുരുക്കന്മാര്‍.

ഭൂമിയില്‍ നിന്നും ഞാന്‍ ക്ഷമാശീലം പഠിച്ചു. പരിഹാസപാത്രമായാല്‍ പോലും ഭൂമിയെപ്പോലെ തന്റെ കടമകള്‍ ഉപേക്ഷിക്കാതെ ക്ഷമാശീലനായി ഒരുവന്‍ വര്‍ത്തിക്കണം. മരങ്ങളിലൂടെയും മലകളിലൂടെയും ഭൂമി എന്നെ നിസ്വാര്‍ത്ഥ സേവനമെന്തെന്നു പഠിപ്പിച്ചു. ലോകത്തു മുഴുവന്‍ സകലവസ്തുക്കളില്‍ക്കൂടിയും അലഞ്ഞു തിരിയുമ്പോഴും സ്വയം മാലിന്യമേശാതെ എങ്ങനെ സ്വതന്ത്രനായി നടക്കാം എന്ന്‌ വായു എന്നെ പഠിപ്പിച്ചു. പ്രാണവായു എന്ന നിലയില്‍ വായു എന്നെ സംതൃപ്തിയെന്തെന്നു പഠിപ്പിച്ചു. അതാതവസരങ്ങളില്‍ വേണ്ടത്ര മാത്രമേ നാം ശ്വസിക്കുന്നുളളു. അതുപോലെ ജീവിതം ജീവിക്കാനാണ് – വെറും ഇന്ദ്രിയ സുഖഭോഗത്തിനായല്ല. ഒരുവന്‍ പട്ടിണികിടന്നു മരിക്കരുത്‌. എന്നാല്‍ അവന്റെ ജീവിതം ഭക്ഷണാര്‍ത്ഥം മാത്രമാവരുത്‌. ആകാശംപോലെ സര്‍വ്വവ്യാപിയാണ്‌ ആത്മാവ്‌. ആകാശത്തില്‍ പ്രത്യക്ഷവും അപ്രത്യക്ഷവുമാകുന്ന വസ്തുക്കള്‍ ആകാശത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്നില്ല. ജലം പോലെ ശുദ്ധവും മധുരിമയാര്‍ന്നതും സുതാര്യവുമായിരിക്കണം ഒരു യോഗിവര്യന്റെ ജീവിതം. അഗ്നിയെപ്പോലെ എല്ലാ മാലിന്യങ്ങളെയും എരിക്കാന്‍ യോഗിക്ക്‌ കഴിയും. പ്രകടിതമായ അവസ്ഥകള്‍ക്ക്‌ പിറകിലായി ഒളിഞ്ഞിരിക്കുന്നതാണ്‌ ഉണ്മ എന്നും അഗ്നിയില്‍ നിന്നും പഠിക്കാം. അഗ്നിയെപ്പോലെ യോഗിവര്യനും പ്രകാശവാനാണ്‌. അടുത്തുവരുന്ന അശുദ്ധവസ്തുക്കള്‍ക്കൊന്നും അഗ്നിയെ ബാധിക്കാനാവാത്തതുപോലെ യോഗിവര്യനും ജീവിക്കണം. അഗ്നി എപ്രകാരമാണോ, ചിലപ്പോള്‍ പ്രകടമായും മറ്റു ചിലപ്പോള്‍ ഒളിഞ്ഞും നിലകൊളളുന്നത്‌, അപ്രകാരം യോഗി നിലകൊളളുന്നു. അയാള്‍ എന്നും എല്ലാവരാലും പൂജിക്കപ്പെടുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ എന്നെ പഠിപ്പിച്ചതു ജനനമരണങ്ങള്‍ ആത്മാവിനല്ല എന്നാണ്‌. സൂര്യന്‍ ജലത്തെ നീരാവിയാക്കി പിന്നീടതിനെ മഴയാക്കിപ്പെയ്യിക്കുന്നു. എന്നാല്‍ അവയുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ല. യോഗിയുടെ കര്‍മ്മങ്ങളും ഇപ്രകാരമായിരിക്കണം. ഞാനൊരിക്കല്‍ ഒരു പ്രാവ്‌ തന്റെ ഇണയോടും കുട്ടികളോടുമൊപ്പം ഒരു മരത്തില്‍ കഴിയുന്നതു കണ്ടു. ഒരു വേടന്‍ ആ പക്ഷിക്കുഞ്ഞുങ്ങളേയും അമ്മപ്പക്ഷിയേയും വലയിലാക്കി. ആസക്തിപൂണ്ട്‌ ആണ്‍പക്ഷിയും വലയിലേക്കെടുത്തു ചാടി. ഈ പ്രാവില്‍നിന്നും ലൗകികാസക്തി കണ്ണഞ്ചിക്കുന്ന ഇരുട്ടാണെന്നു ഞാന്‍ മനസ്സിലാക്കി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

തിരുനെല്ലിയിലെ പഞ്ചതീർത്ഥം

തിരുനെല്ലിക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പാപനാശിനിയിലേക്കുള്ള വഴീക്കരികിലായി  പഞ്ചതീർത്ഥക്കുളം കാണാം. ശംഖതീർത്ഥം, ചക്രതീർത്ഥം, ഗദാതീർത്ഥം, പത്മതീർത്ഥം,  പാദതീർത്ഥം ( അഭിഷേകതീർത്ഥം ) എന്നിവ കൂടിച്ചേരുന്നതാണ് പഞ്ചതീർത്ഥം. പണ്ടു ഈ തീർത്ഥങ്ങളും ഒഴുകിയെത്തുന്ന ഓവുകൾ ( കൽപാത്തികൾ ) തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ ഒന്നുമാത്രമേ നിലവിലുള്ളു. തീർത്ഥക്കുളത്തിന്റെ പുനരുദ്ധാരണവേളയിൽ പൊട്ടിത്തകർന്ന മറ്റോവുകൾ കണ്ടൂകിട്ടിയത്രേ.ഈ കുളത്തിന്റെ നടുവിൽ കാണുന്ന പാറയിൽ ഭഗവത് സാന്നിദ്ധ്യം ഉണ്ടന്ന് പറയപ്പെടുന്നു.  പാറയുടെ ഉച്ചിയിൽ  ഭഗവാന്റെ തൃക്കരങ്ങളിൽ വിലസുന്ന ശംഖ് ചക്രം ഗദ പത്മം എന്നിവയുടേയും ഭഗവത് പാദങ്ങളുടേയും അടയാളങ്ങൾ കാണാം.

ഹരി ഓം

ബൃഹസ്പതി

ദേവ ഗുരുവായ ബൃഹസ്പതി...

ജ്യോതിഷത്തില്‍ ഏറെ പൂജനീയനും ജ്യോതിഷ ഗുരുവും ബൃഹസ്പതി തന്നെ,
ജാതകാല്‍ വ്യാഴപ്പിഴ ഉള്ളവര്‍ ബൃഹസ്പതിയെ ആരാധിക്കുകയും മന്ത്രജപം ചെയ്യുകയും വേണം.
കൂടാതെ ഗ്രഹപ്പിഴ കാലങ്ങളിലും ബൃഹസ്പതി പൂജ അത്യാവശ്യമാണ്.

"ഓം ബൃഹസ്പതയേ നമ:" 

എന്ന ലഘു മന്ത്രം 108 തവണ വീതം സ്ഥിരമായി ജപിക്കാവുന്നതാണ്,
പുരാണപ്രകാരം ദേവന്മാരുടെ ഗുരുവാണ് ബൃഹസ്പതി.

അംഗിരസ്സിന്റെയും വത്സ്യയുടെയും പുത്രൻ. അഗ്നിപുത്രൻ എന്നും പരാമർശം കാണുന്നു

എന്തിനാണ് നന്ദിയുടെ ചെവിയിൽ ഭക്തർ പ്രാർത്ഥന നടത്തുന്നത്..?

ശിവൻെറ അമ്പലത്തിൽ പോകുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഭക്തജനങ്ങൾ നന്ദിയുടെ ചെവിയിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും.  ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ദേവി പാർവ്വതിക്ക് തൻെറ ഓർമ്മശക്തി നഷ്ടപ്പെട്ടു. ഇതുകണ്ടു് ഭഗവാൻ ശിവനു് ഒരുപാട് മനോദുഃഖമായി. ഭഗവാൻ ശിവൻ ദേവി പാർവ്വതിയേയും കൂടി മെഡിറ്റേഷൻ(മനശ്ശാന്തിക്കായുള്ള ആത്മീയ പ്രാർത്ഥന) തുടങ്ങി. നന്ദീകേശ്വരനും സ്വയം മെഡിറ്റേഷൻെറ ഒരു ഭാഗമാവാൻ തീരുമാനിച്ചു. ഭഗവാൻ ശിവൻെറ മുൻപിൽ അമ്പലങ്ങളിൽ കാണുന്ന നന്ദിരൂപം പോലെ ആണ് ഇരുന്നതു്. ഈ സമയം ജലന്ധരൻ, ശിവൻെറ ഒരു ശത്രു ദേവി പാർവ്വതിയെ തട്ടിക്കൊണ്ടുപോയി. ശിവൻ ഇതൊന്നും അറിയാതെ മെഡിറ്റേഷൻ തുടർന്നു ദേവി ദേവന്മാരെല്ലാവരും ഭയന്നു. എങ്ങനെ ഈ സംഭവം ഭഗവാൻ ശിവനെ അറിയിക്കും. അവർ ഗണപതിയെ ഇതിനായി നിയോഗിച്ചു. ഭഗവാൻ ശിവനെ മെഡിറ്റേഷനിൽ നിന്ന് എഴുന്നേല്പിക്കാൻ ഗണപതിക്ക് സാധിച്ചില്ല. ഗണപതിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. ഒന്ന് നന്ദിയെ നോക്കി, എന്നിട്ട് പറയാനുള്ളതെല്ലാം  നന്ദിയുടെ ചെവിയിൽ പറഞ്ഞു. നന്ദികേശ്വരൻ താൻ കേട്ടതെല്ലാം ഭഗവാൻ ശിവനോടു് പറഞ്ഞു. അതുകേട്ട് ഭഗവാൻ ശിവൻ മെഡിറ്റേഷനിൽ നിന്ന് ഉണർന്നു. അന്ന് മുതൽ തുടങ്ങിയതാണു് ശിവഭക്തർ തങ്ങളുടെ ആവശ്യങ്ങളും മറ്റും നന്ദിയുടെ ചെവിയിൽ പറയുന്നത്. അത് അപ്പോൾ തന്നെ ശിവൻെറ ചെവിയിൽ എത്തുന്നു. ഭക്തജനങ്ങളുടെ ആഗ്രഹങ്ങൾ ഭഗവാൻ ശിവൻ വേഗം പൂർത്തീകര ക്കുന്നു എന്ന് വിശ്വാസം..............

ശുഭചിന്ത

പരിശ്രമത്തിലൂടെയും കഠിനാധ്വനത്തിലൂടെയും വളർത്തികൊണ്ടുവരാവുന്ന ഒന്നാണ് കഴിവ്....

ഒരാളും എല്ലാ കഴിവുകളുമായി ജനിക്കുന്നില്ല..

സാധാരണക്കാരിൽ നിന്നും മഹാപ്രതിഭകളായവർ ലോകത്തിൽ നമുക്ക് സുപരിചിതരാണ്...

മിന്നുന്ന പല വിജയങ്ങളുടെയും അടിസ്ഥാനം ആത്മാർത്ഥ പരിശ്രമം തന്നെയാണ്...

    

ശരീരബോധത്തെ ഉപേക്ഷിക്കുക – ഭാഗവതം (328)

സുഖ മൈന്ദ്രിയകം രാജന്‍ , സ്വര്‍ഗ്ഗേ നരക ഏവ ച
ദേഹിനാം യദ്യഥാ ദുഃഖം തസ്മാന്നേച്ഛേത തദ്‌ ബുധഃ (11-8-1)

ന ഹ്യംഗാജാതനിര്‍വ്വേദോ ദേഹബന്ധം ജിഹാസതി
യഥാ വിജ്ഞാനരഹിതോ മനുജോ മമതാം നൃപ (11-8-29)

മുനി തുടര്‍ന്നു:

ഇന്ദ്രിയസുഖങ്ങളും വേദനകളും സ്വര്‍ഗ്ഗനരകങ്ങളില്‍ ലഭ്യമാണ്‌. അതിനാല്‍ വിവേകിയായവന്‍ അവയെ ആഗ്രഹിക്കരുത്‌. പെരുമ്പാമ്പിനേപ്പോലെ കിട്ടുന്നതെന്തും കൊണ്ട്‌ ഒരുവന്‍ സംതൃപ്തനായി ജീവിക്കണം. ഒരു സന്ന്യാസിവര്യന്‍ ശാന്തശീലനും അക്ഷോഭ്യനും ആഴമളക്കാനരുതാത്തവനും അഭേദ്യനും ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കാത്തവനും ആയിരിക്കണം. സമുദ്രം ഇങ്ങനെയാണല്ലോ. കടലില്‍ വന്നുചേരുന്ന നദികള്‍ ജലസമൃദ്ധമോ വറ്റിവരണ്ടതോ എന്ന വ്യത്യാസമില്ലാതെ അതു നിലകൊളളുന്നതുപോലെ ഒരു സന്ന്യാസി സമചിത്തനും പ്രിയവും അപ്രിയവുമായ അനുഭവങ്ങളെ ഒരുപോലെ സ്വീകരിക്കുന്നവനുമായിരിക്കണം. ഈയാംപാറ്റ അഗ്നിപ്രഭയില്‍ കുടുങ്ങി അതില്‍ ചാടി എരിഞ്ഞൊടുങ്ങുന്നതുപോലെ വിഡ്ഢിയായ മനുഷ്യന്‍ സ്ത്രീയില്‍ ഭ്രമിച്ച്‌ വശനായി ആത്മീയപാതയില്‍ സ്വയം ചാവുന്നു. തേനീച്ച പൂവിനു മുകളിലിരുന്നു തേനുണ്ണുമ്പോള്‍ എപ്രകാരമാണോ പൂവിനെ നോവിക്കാത്തത്‌ അതുപോലെയാവണം സന്ന്യാസി ഭിക്ഷതേടേണ്ടത്‌. ജനങ്ങളെ വിഷമിപ്പിക്കാതെ വേണം അവരില്‍ നിന്നും ഭിക്ഷ സ്വീകരിക്കാന്‍. തേനീച്ച പൂക്കളില്‍നിന്നും തേനെടുത്ത്‌ സംഭരിക്കുന്നതുപോലെ വിജ്ഞാനിയായ ഒരുവന്‍ പലേയിടങ്ങളും നിന്നും വിജ്ഞാനം സ്വീകരിച്ച്‌ സ്വയം അറിവു കണ്ടെത്തണം. എന്നാല്‍ തേനീച്ച സംഭരിക്കുന്നതുപോലെ മുതല്‍ക്കൂട്ടു നടത്തുന്നതായാല്‍ നാശത്തിലേക്കാണതു നയിക്കുക. തേനെടുക്കുന്നവന്‍ കൈവയ്ക്കുന്നത്‌ ഏറ്റവും കൂടുതല്‍ തേനുളള കൂട്ടിലാണല്ലോ. ഭിക്ഷാംദേഹിയായ സന്ന്യാസി എല്ലാവിധ സ്ത്രീസംസര്‍ഗ്ഗങ്ങളും ഒഴിവാക്കണം. ആനയെ പിടികൂടുവാന്‍ സാധിക്കുന്നത്‌ അതിന്‌ പെണ്ണാനയോട് ആസക്തിയുണ്ടാവുന്ന സമയത്താണല്ലോ. ഒരു പരിവ്രാജകന്‍ ഒരിക്കലും വഷളായ ഗാനങ്ങള്‍ കേള്‍ക്കരുത്‌. മാന്‍പേട പാട്ടു കേട്ടാണല്ലോ കുടുങ്ങുന്നത്‌. സ്ത്രീകളുടെകൂടെ നൃത്തംചെയ്ത്‌ ഋഷ്യശൃംഗന്‍ കാമത്തിനടിമയായി. ഇന്ദ്രിയങ്ങളില്‍ നാവിന്റെ സ്വാദിനെയാണ്‌ നിയന്ത്രിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്‌. അതിനെ നിയന്ത്രിച്ചാല്‍ മറ്റെല്ലാം എളുപ്പം. സ്വാദിനെ നിയന്ത്രിക്കാനാവാത്ത മീന്‍ ചൂണ്ടയില്‍ എളുപ്പം കുരുങ്ങുന്നു.

പണ്ട്‌ പിംഗള എന്ന പേരായ ഒരു ദേവദാസിയുണ്ടായിരുന്നു. ഒരു സായാഹ്നത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങി അവള്‍ തന്റെ വീടിനു മുന്നില്‍ ഇരുന്നു. ധനികരായ കക്ഷികളേയും കാത്ത്‌ അവള്‍ വീട്ടിനു മുന്നില്‍ പാതിരാവാകുംവരെ ഉലാത്തി. അവസാനം തളര്‍ന്ന്‌ ആശയറ്റ്‌ പിംഗള സ്വയം പറഞ്ഞു; ‘ഇപ്പോള്‍ എന്റെ വിഡ്ഢിത്തം നിറഞ്ഞ ആശകള്‍ സഫലമാവാത്തത്‌ ഒരു സൗഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. പരംപൊരുളായ ഭഗവാനെ ഓര്‍മ്മിക്കാനും മനസ്സും ഹൃദയവും അവിടുത്തെനേര്‍ക്ക്‌ തിരിക്കാനും ഉളള സൗഭാഗ്യം എനിക്കു ലഭിച്ചുവല്ലോ. കഷ്ടം. ഇത്ര നാളും ഞാന്‍ മലീമസമായ വസ്തുക്കള്‍ തൊലിയില്‍ പൊതിഞ്ഞു വച്ച മനുഷ്യന്‍ എന്നു പറയപ്പെടുന്നവര്‍ക്കു വേണ്ടി എന്റെ ശരീരത്തെ ചെറിയൊരു പ്രതിഫലത്തിനും വലിയ ദുരിതങ്ങള്‍ക്കും വേണ്ടി വിറ്റുപോന്നു. ഇപ്പോള്‍ മുതല്‍ ഭഗവാനില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു. അവിടുന്ന് എല്ലാ ജീവജാലങ്ങള്‍ക്കും പ്രിയനാണല്ലോ.’

അങ്ങനെ വിഡ്ഢിത്തം നിറഞ്ഞ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച്‌ അവള്‍ പരമാനന്ദത്തെ പ്രാപിച്ചു. ആ അവസ്ഥയില്‍ ആഗ്രഹങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. ഇങ്ങനെയുളള അറപ്പിന്റെയും വെറുപ്പിന്റെയും അനുഭവപാഠം കൂടാതെ ഒരുവന്‍ ശരീരബോധത്തെ ഉപേക്ഷിക്കുകയില്ല. വിജ്ഞാനവും വിവേകവും ഇല്ലാതെ ഒരുവന്‌ വസ്തുവകകളിലുളള ഉടമാവകാശവും ആസക്തിയും ഉപേക്ഷിക്കുക സാദ്ധ്യമല്ല.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

അമ്പലപ്പുഴക്ക് വിരുന്നു പോയ ഗുരുവായൂരപ്പൻ "

ഗുരുപവനപുര മഹാത്മ്യം

ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ മതഭ്രാന്തനായ ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു ഗുരുവായൂരപ്പനെ അവിടെ നിന്ന് ഇളക്കിയെടുത്ത് അമ്പലപ്പുഴെയും പിന്നീട് മാവേലിക്കരെയും എഴുന്നള്ളിച്ചു കുടിയിരുത്തിയിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ.

ഗുരുവായൂരപ്പനും അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിയും വാസ്തവത്തിൽ ആൾ ഒന്നുതന്നെയാണെങ്കിലും അവർ രണ്ടുപേരുംകൂടി അമ്പലപ്പുഴെ താമസിച്ചിരുന്ന കാലത്തു പല പിണക്കങ്ങളും മൽസരങ്ങളുമുണ്ടായിട്ടുള്ളതായി അനേകം ഐതിഹ്യങ്ങളുണ്ട്.

ഗുരുവായൂരപ്പന്റെ പ്രീതിക്കായി നടത്തുന്ന നമസ്ക്കാരസ്സദ്യകൾക്കുള്ള കാളൻ മുതലായ സാധനങ്ങൾ വയ്ക്കുന്ന ഓട്ടുപാത്രങ്ങളിൽത്തന്നെ കിടക്കുകയല്ലാതെ, മറ്റു പാത്രങ്ങളിൽ പകരുക പതിവില്ലെന്നും എന്നാൽ ആ സാധനങ്ങൾക്കു കിളാവുചുവ ഉണ്ടാകാറില്ലെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴെ താമസിച്ചിരുന്ന കാലത്ത് നമസ്ക്കാരത്തിനായി വച്ചുണ്ടാക്കുന്ന കാളനും മറ്റും കിളാവു ചുവകൊണ്ടു മനു‌ഷ്യർക്കു ഉപയോഗിക്കാൻ നിവൃത്തിയില്ലാതായിത്തീർന്നു. ഇതിങ്ങനെ ആക്കിത്തീർത്തതു ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിയാണെന്നു കരുതുന്നു..

ഇതിനുപകരം ഗുരുവായൂരപ്പനും ചിലതു പ്രവർത്തിക്കാതിരുന്നില്ല.

അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിക്കു പ്രതിദിനം മുപ്പത്താറു പറ പാൽകൊണ്ടു പഞ്ചസാരപ്പായസം പതിവുണ്ടായിരുന്നു. അതിൽ ഗുരുവായൂരപ്പൻ അട്ടയും മറ്റും കാണിച്ചു നിവേദ്യത്തിനു കൊള്ളാത്ത വിധത്തിലാക്കിത്തീർത്തുതുടങ്ങി. ഇങ്ങനെ ഇവർ തമ്മിലുള്ള സ്പർദ്ധയും മത്സരവും നിമിത്തം രണ്ടുപേർക്കും പൂജാനിവേദ്യാദികൾ നടത്താൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഗുരുവായൂരപ്പനെ ടിപ്പുസുൽത്താന്റെ ഉപദ്രവം ശമിക്കുന്നതുവരെ മാവേലിക്കരെ കൊണ്ടുപോയി ഇരുത്തേണ്ടതായിവന്നു.

ഗുരുവായൂരപ്പനെ കുടിയിരുത്തിയിരുന്ന സ്ഥലവും അവിടുത്തെ വകയായി ഒരു കിണറും ഇപ്പോഴും അമ്പലപ്പുഴെ കാൺമാനുണ്ട്. എല്ലാ ദിവസവും അമ്പലപുഴ പാൽപായസം കഴിക്കുവാൻ ഗുരുവായൂരപ്പനും എത്തുമെന്ന് വിശ്വസിക്കുന്നു.
കൂടാതെ പാൽപ്പായസത്തിന് പഞ്ചസാര ചേർക്കുന്നതിന്  മുൻപ് കീഴ്ശാന്തി തിടപ്പള്ളിയുടെ പടിയിൽ കയറി നിന്ന് "ഗോവിന്ദാ.... " എന്ന് നീട്ടി വിളിക്കും.. പായസത്തിന് മധുരം ചേർക്കാൻ ഗുരുവായൂരപ്പന്റെ അനുമതി
ചോദിക്കലാണിതെന്ന് വിശ്വസിക്കുന്നു...

ഭഗവാനേ!!! ഗുരുവായൂരപ്പാ !!! നിന്റെ ലീലാവിലാസങ്ങൾ അത്ഭുതം തന്നെ...

Thursday, May 11, 2017

ശ്രീകാടാമ്പുഴ ദേവീക്ഷേത്രം



മലപ്പുറം ജില്ലയിൽ‌ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ എന്ന ശ്രീകാടാമ്പുഴ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നു. കാടൻ അമ്പ് എയ്ത ഉഴ – കാടാമ്പുഴ (ഉഴ–സ്ഥലം) എന്നതാണ് കാടാമ്പുഴ ആയിത്തീർന്നത്. കാട്ടിലെ അൻപിന്റെ (ദയ) ഉറവ എന്ന അർഥത്തിലാണ് കാടാമ്പുഴ എന്നു പറയുന്ന അർത്ഥം ഉണ്ട്.


വളരെ പഴക്കമുള്ള അമ്പലമാണ്. പാണ്ഡവർ ചൂതുകളിയിൽ തോറ്റപ്പോൾ അവരെ പതിമൂന്നു കൊല്ലത്തെ വനവാസത്തിന് പറഞ്ഞയച്ചു. വനവാസത്തിനു ശേഷവും കൗരവർ രാജ്യം തിരിച്ച് നൽ‌കിയില്ലെങ്കിൽ അവരുമായി യുദ്ധം അനിവാര്യമായാൽ പ്രബലരായ കൗരവരെ ജയിക്കാൻ ദിവ്യായുധങ്ങൾ വേണ്ടിവരുമെന്ന് പാണ്ഡവർ കരുതി. അതിനുവേണ്ടി പരമശിവനെ പ്രസാദിപ്പിച്ച് പാശുപതാസ്ത്രം കരസ്ഥമാക്കാൻ അർജ്ജുനൻ ഇവിടെ തപസ്സ് ചെയ്തു. അദ്ദേഹത്തിന്റെ തപസ്സുകൊണ്ട് മനസ്സലിഞ്ഞ ഉമാ പാശുപതാസ്ത്രം കൊടുക്കണമെന്ന് പരമശിവനോട് അപേക്ഷിച്ചു. അദ്ദേഹത്തെ പരീക്ഷിച്ചതിനു ശേഷം മാത്രമേ അസ്ത്രം കൊടുക്കാൻ പറ്റു എന്ന് പരമശിവൻ പറഞ്ഞു. അതിനുവേണ്ടി അർജ്ജുനനുമായി ഒരുയുദ്ധം നടത്തണം അതിനായി ഭഗവാൻ കാട്ടാള വേഷം കൈക്കൊണ്ട് പുറപ്പെട്ടു ഉമാദേവി കാട്ടാളത്തിയുടെ രൂപമെടുത്ത് ഭഗവാനെ അനുഗമിച്ചു. അവർ അർജ്ജുനൻ തപസ്സിനിരിക്കുന്ന സ്ഥലത്ത് വന്നു. അർജ്ജുനനെ വധിക്കാനായി ദുര്യോധനന്റെ കൽപന പ്രകാരം മുകാസുരൻ ഒരു പന്നിയുടെ വേഷത്തിൽ അവിടെ എത്തിച്ചേര്‍ന്നു. 


പന്നി അർജ്ജുനനെ ആക്രമിക്കാൻ മുതിർന്നപ്പോൾ അർജ്ജുനനും അതേ സമയം തന്നെ കാട്ടാള വേഷധാരിയായ പരമശിവനും പന്നിയുടെ നേർക്ക് അമ്പെയ്തു.
അമ്പേറ്റ് പന്നിവേഷം ധരിച്ച മുകാസുരൻ മരിച്ചു. തന്റെ അസ്ത്രമേറ്റാണ് അസുരന്‍ മരിച്ചതെന്ന് അർജ്ജുനനും അതല്ല തന്റെ അസ്ത്രമേറ്റാണ് മരിച്ചതെന്ന് കാട്ടാളവേഷധാരിയായ പരമശിവനും അവകാശ വാദം ഉന്നയിച്ചു. തർക്കം മൂത്ത് യുദ്ധത്തിലെത്തി രണ്ടുപേരും അസ്ത്ര പ്രയോഗം തുടങ്ങി വില്ലാളി വീരനായ അർജ്ജുനന്റെ അസ്ത്രപ്രയോഗത്തിന്റെ തീക്ഷണതയിൽ ഭഗവാന്‍ ക്ഷീണിതനായി ഇതുകണ്ട ഉമാദേവി അർജ്ജുനന്റെ അസ്ത്രങ്ങളെല്ലാം പുഷ്പങ്ങളായിത്തീരട്ടെ എന്ന് ശപിച്ചു. എങ്കിലും അർജ്ജുനൻ പുഷ്പവർഷം ചെയ്ത് ഭഗവാനെ പൂക്കളൾ കൊണ്ട് മൂടി ശ്വാസം മുട്ടിച്ചു. അപ്പോള്‍ ദേവി അർജ്ജുനന്റെ ആവനാഴിയിലെ പുഷ്പങ്ങളും ഇല്ലാതാക്കി. അർജ്ജുനൻ വില്ലുകൊണ്ടും മുഷ്ടികൊണ്ടും യുദ്ധം തുടർന്നു ഗത്യന്തരമില്ലാതായപ്പോള്‍ ഭഗവാൻ അർജ്ജുനനെ മുഷ്ടികൊണ്ട് ഉഗ്രമായൊന്ന് പ്രഹരിച്ചു. പ്രഹരമേറ്റ അർജ്ജുനൻ ബോധരഹിതനായി വീഴുകയും ദേവി മോഹലാസ്യത്തിൽ നിന്ന് ഉണർത്തി താൻ ആരോടാണ് എതിരിട്ടതെന്ന് ബോധ്യമായി ഉടൻ തന്നെ ഭഗവാന്റെ കാൽക്കൽ വീണ് താൻ ചെയ്ത തെറ്റു ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. 


കാട്ടാളരൂപിയായ പരമേശ്വരനും കിരാതരൂപിണിയായ പാര്‍വ്വതിയും സന്തുഷ്ടരായി അർജ്ജുനൻ ആവശ്യപ്പെട്ട പ്രകാരം പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചയച്ചു.


അര്‍ജ്ജുനൻ അസ്ത്ര പുഷ്പങ്ങള്‍ കൊണ്ട് ഭഗവാനെ മൂടിയതിനെ അടിസ്ഥാനമാക്കിയാണ്. പൂമൂടൽ എന്ന വഴിപാട് ഇവിടെ പ്രധാനമായിത്തീർന്നത് എന്നാണ് ഒരു ഐതിഹ്യം.


ഈ ഐതിഹ്യത്തിന് ഉപോൽബലകമായി കാടാമ്പുഴ ക്ഷേത്രത്തിൽ രണ്ടു നാഴിക ദൂരത്ത് ക്ഷേത്രത്തിന് നേരെ പടിഞ്ഞാറായി അമ്പും വില്ലും ധരിച്ച് കിരാതരൂപിയായ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രം ഇപ്പോഴും നിലവിലുണ്ട്. കാട്ടാളരൂപികളായ ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടർന്നു നിലനിന്നു വരുന്നു. ശങ്കരാചാര്യൻ ഈ പ്രദേശത്ത് എത്തി ജോതിസ്സ് കണ്ട സ്ഥലത്തേക്ക് നടന്നു. അമ്മയെ ഇവിടെ പ്രതിഷ്ഠിച്ചു. വൃശ്ചിക മാസത്തിലെ കാർത്തിക ക്ഷേത്രത്തിന് നാലുദിവസങ്ങളിലായി ഉത്സവം നടക്കുന്നു.

Wednesday, May 10, 2017

ശിവാക്ഷരമാല

ശംഭോമഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

അമ്പിനോടെന്നുടെ മുമ്പില്‍ വിളങ്ങണം
കുംഭീ മുഖഹരേ പാലയ മാം

ആരാഞ്ഞു വന്നിങ്ങു സേവിക്കൊന്നുര്‍ക്കെല്ലാ-
മായുസ്സു നല്‍കീടും വിശ്വനാഥന്‍

ഇക്കണ്ടാവര്‍ക്കെല്ലമീശനായ് പാലിപ്പാ-
നീശ നീയെന്നിയെ മറ്റാരുള്ളു?

ഈരെഴുലകിന്നു വേരായ് മരുവുന്ന
പാര്‍വതീവല്ലഭ പാലയ മാം.

ഉണ്ടൊരു സങ്കടമേന്നുള്ളിലെപ്പോഴും
ഗൌരീശ ശങ്കര പാലയ മാം

ഊനങ്ങള്‍ കൂടാതെ വന്നിടും മൃത്യുക്കള്‍
പാരാതോഴിക്കുന്നു നീലകണ്ഠന്‍

ഏറണാകുളം തന്നില്‍ വാണരുളീടുന്ന
ഗംഗാധര ജയ പാലയ മാം

ഏതൊരു കാര്യം തുടര്‍ന്നതിനെപ്പോഴും
മറ്റും തുണ പോറ്റി തമ്പുരാനെ

ഐവര്‍ക്കു വന്നതാം സങ്കടം പോക്കുവാന്‍
വേദരൂപം പൂണ്ട വിശ്വനാഥ

ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-
ളുപമയായ്‌ ചൊല്ലുവാന്‍ മറ്റൊന്നുണ്ടോ

ഓരോതെയുള്ളോരുദരസന്താപത്തെ
നാശം വരുത്തുക വിശ്വനാഥ

ഔഷധമായുള്ള ധാരയെയെല്‍ക്കുവാന്‍
യുഷ്മല്‍കൃപ വന്നുദിച്ചിടെണം

അഞ്ചു സ്വയംഭൂനും വെവ്വേറെ കൂപ്പുവാ-
നയ്യോയെനിക്കു വരം തരേണം

അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പലും ഭംഗിയോടെ

ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ



മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ
ജന്മാന്തരങ്ങളോളം മോക്ഷം ലഭിക്കാതെ പകലിനെ ഇരുളാക്കി തലകീഴായുള്ള കിടപ്പ്. അസ്തമയം കഴിഞ്ഞാൽ ഇരതേടൽ. വാവലുകളുടെ തലവിധിയാണിത്.  യഥാവിധി പിണ്ഡോദക ക്രിയകൾ ലഭിക്കാത്ത ആത്മാക്കളാണ് ഇത്തരത്തിൽ വാവലുകളായി പിറക്കുന്നതെന്നാണ് വിശ്വാസം. ഇത്തരത്തിൽ പിണ്ഡോദക ക്രിയകൾ ലഭിക്കാത്ത ആത്മാക്കൾക്ക് പ്രേതലോകത്തു നിന്ന് പിതൃലോകത്തേയ്ക്ക് പ്രവേശനം ലഭിക്കില്ലത്രേ. 

പിതൃലോകത്തെത്താതെ പുനർജന്മമെടുക്കാനോ മോക്ഷം നേടാനോ കഴിയുകയുമില്ല. അത്തരം ആത്മാക്കൾ പരലോകത്ത് വാരണപ്പുല്ലിന്റെ (രാമച്ചം) വേരുകളിൽ തലകീഴായി തൂങ്ങിക്കിടക്കണം. അത്തരം ഓരോ ആത്മാവും അവിടേയ്ക്കെത്തിച്ചേരുമ്പോൾ ഭൂമിയിൽ ഒരു വാവൽ പിറവിയെടുക്കും. അത് ഏതെങ്കിലും മരത്തിൽ, പലപ്പോഴും അരയാലിലോ വടവൃക്ഷത്തിലോ പകലസ്തമിക്കുവോളം തലകീഴായി കിടക്കും. പുത്രനോ പുത്രന്റെ പുത്രനോ പിതൃക്രിയകൾ ചെയ്യും വരെ മോക്ഷം കിട്ടാതെ തലകീഴായുള്ള കിടപ്പ് തുടരണം.... മഹാഭാരതം ആദി പർവ്വത്തിലും ഗരുഡപുരാണത്തിലുമാണ് ഇതേക്കുറിച്ച് പരാമർശമുള്ളത്. 


മരണം സംഭവിച്ചാൽപ്രേതാത്മാവിന് 4 ദിവസം ജലാർപ്പണവും(ഉദകക്രിയ) തുടർന്ന് 12 ദിവസം അരി വേവിച്ച് പിണ്ഡസമർപ്പണവും നടത്തണം. പിണ്ഡക്രിയകൾ 10 ദിവസം കഴിയുമ്പോൾ ആത്മാവിന് ഭോഗദേഹ സിദ്ധി കൈവരും. 11ാം ദിവസത്തെ ഏകോത്തിഷ്ഠ പിണ്ഡവും 12ാം ദിവസത്തെ സപിണ്ഡി പിണ്ഡവും കഴിയുമ്പോൾ ആത്മാവിന് പ്രേതലോകത്തുനിന്ന് പിതൃലോകത്തേയ്ക്ക് പ്രവേശനം ലഭിക്കും. ഇത്തരത്തിൽ പിതൃലോകത്തെത്തിയ ആത്മാക്കളുടെ പ്രീതിക്കും അനുഗ്രഹത്തിനുമായാണ് വാർഷിക ബലിയും വാവുബലിയും സമർപ്പിക്കുന്നത്. അതിൽ ഏറെ വിശിഷ്ടമാണ് കർക്കിടക വാവ്ബലി. തിരുവല്ലം, ഗയ എന്നിവിടങ്ങളിൽ ബലി നൽകപ്പെടുന്ന ആത്മാക്കൾക്ക് ഒരിക്കലും അശാന്തിയുണ്ടാകില്ലെന്നാണ് വിശ്വാസം. അതുപോലെ ബലിക്ക് ഏറെ നല്ലയിടങ്ങളായി ''ഇല്ലം, നെല്ലി, വല്ലം"" എന്നും ചൊല്ലുണ്ട്. ഇല്ലമെന്നാൽ അവരവരുടെ വീട് തന്നെ. നെല്ലി തിരുനെല്ലിയും വല്ലം തിരുവല്ലവുമാണ്.

Tuesday, May 9, 2017

ദേവേന്ദ്രന്റെ വജ്രായുധം   -പുരാണകഥകൾ


ഭൂലോകം മുഴുവന്‍ തന്‍റെ അധികാരസാമ്രാജ്യത്തിലൊതുക്കി,നീചനായ വൃത്രാസുരന്‍ താണ്ഡവമാടുകയായിരുന്നു. ജ്ഞാനികളേയും സന്യാസിവര്യന്‍മാരേയും മുനീന്ദ്രരേയും കൊന്നൊടുക്കി, അയാള്‍ വിജയഭേരി മുഴക്കികൊണ്ടിരുന്നു. അല്‍പായുസ്സുകളായ മനുഷ്യര്‍ , ദേവേന്ദ്രനെ ഭജിച്ച് രക്ഷക്കായി കേഴുകയും, ദേവേന്ദ്ര പ്രസാദത്തിനായി യാഗങ്ങളും ഹോമങ്ങളും കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതുകണ്ട ദേവേന്ദ്രന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ദേവന്‍മാരും, ദേവേശനും ഒന്നിച്ച് ബ്രഹ്മദേവനെ കാണുവാന്‍ തീര്‍ച്ചയാക്കി.

നളിനാരൂഢനായ ബ്രഹ്മദേവന്‍റെ സവിധത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. ഭൂമിയില്‍ വൃത്രാസുരന്‍റെ ആസുരത്വം നടമാടുകയാണെന്നും,ഇക്കണക്കിനുപോയാല്‍ , പിന്നീട് ദേവകളേയും ദേവലോകത്തെ പോലും വൃത്രാസുരന്‍ ചാമ്പലാക്കിക്കളുയുമെന്നും ഉണര്‍ത്തിച്ചു.


ഇതു കേട്ട ബ്രഹ്മദേവന്‍ പറഞ്ഞു. 
“വൃത്രാസുരന്‍റെ അകൈതവമായ ശക്തിയെക്കുറിച്ചോ, അവനെ നിഗ്രഹിക്കാനുള്ള മാര്‍ഗ്ഗത്തേക്കുറിച്ചോ,ഞാന്‍ അജ്ഞനാണ്. അതിനെ അറിയുവാനുള്ള, മാര്‍ഗ്ഗങ്ങള്‍ ,ഭൂലോകത്തുള്ള മഹാമുനികളില്‍ ആര്‍ക്കെങ്കിലും പറഞ്ഞുതരുവാന്‍ കഴിയുമായിരിക്കാം. നിങ്ങള്‍ ഭൂമിയിലേക്കു പോകുക.”


തല്‍ക്ഷ‍ണം ദേവകളും ദേവരാജനും,ഭൂമിയിലേക്ക് പ്രയാണം ചെയ്തു. പല മഹര്‍ഷിവര്യന്‍മാരെയും ചെന്നു കണ്ടു. അവരുടെയെല്ലാം മറുപടി ഇതുമാത്രമായിരുന്നു...

“മഹാനായ ഒരു മുനിയുടെ നട്ടെല്ലില്‍ നിന്നുമാത്രം സൃഷ്ടിക്കുവാനാകുന്ന ഒരു മഹാ ശസ്ത്രമത്രേ, വജ്രായുധം... അത് അവന്‍റെ പൂര്‍ണ്ണ സമ്മതത്തോടെയും അറിവോടെയും മാത്രം ലഭ്യമാക്കേണ്ടതുമാകുന്നു. അങ്ങനെയുണ്ടാകുന്ന വജ്രായുധത്തിനുമാത്രമേ,  വൃത്രാസുരനെ കൊല്ലാനുള്ള ശക്തി ഉണ്ടാകുകയുള്ളു.... ദധീചന്‍ എന്ന മുനി അതീവ ദാനശീലനാണ്... പക്ഷെ നട്ടെല്ലു ചോദിച്ചുചെല്ലുന്ന ഒരുവനോട്, മുനിശ്രേഷ്ഠനായാലും എങ്ങിനെയാവും പ്രതികരിക്കുക എന്ന് നമുക്കു പറയാവതല്ലല്ലോ....”

ഒന്നിനും തീരുമാനാകാതെ ഇന്ദ്രന്‍ വിഷണ്ണനായി. പലതവണ ആലോചിച്ചപ്പോള്‍ ഒരു വഴി മനസ്സില്‍ ഉരുത്തിരിഞ്ഞുവന്നു. തന്‍റെ കൈകളിലുള്ള സകല ആയുധങ്ങളും ഉപയോഗിച്ച് വൃത്രാസുരന്‍റെ കിങ്കരന്മാരെ കൊന്നൊടുക്കിയ ഇന്ദ്രന്‍ , അവശേഷിക്കുന്ന ആയുധങ്ങളുമായി, നദീതീരങ്ങളിലും മററു ശാന്തപ്രകൃതിയിലും വിഹരിക്കുന്നവനും വിജ്ഞാനഭണ്ഡാകാരവുമായ ദധീചന്‍ എന്ന മുനിയുടെ അടുത്തെത്തി. അദ്ദേഹം മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം വിതറിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവ നിര്‍ഭയരായി മുനിയുടെ പാദങ്ങളില്‍ തൊട്ടുരുമ്മി നിന്നു. പ്രസന്നനായ മുനിയുടെ സമീപത്തുചെന്ന് ദേവേന്ദ്രന്‍ പറഞ്ഞു-


“ദേവേന്ദ്രനായ ഞാന്‍ , അങ്ങയെ പ്രണമിക്കുന്നു. വൃത്രാസുര നിഗ്രഹാര്‍ത്ഥം,ഭൂമിയിലെത്തിയ ഞാന്‍ , അവന്‍റെ സഹസ്രപറ്റം കിങ്കരന്മാരെ കൊന്നൊടുക്കി. ഇപ്പോള്‍ അനിവാര്യമായ ആയുധങ്ങള്‍ക്കു കുറവു വന്നിരിക്കുന്നു. തത്കാലം ഞാന്‍ ദേവലോകത്തേക്കു പോകുകയാണ്... ഇനിയും അവശ്യ ശസ്ത്രങ്ങളുമായി ഞാന്‍ വൈകാതെ മടങ്ങിയെത്താം... അതുവരെ,മുനീന്ദ്രനായ അങ്ങ്, ഈ ആയുധങ്ങള്‍ കുറച്ചുകാലം സൂക്ഷിക്കണം.”
നിര്‍ന്നിമേഷനായി നിന്ന് അപേക്ഷ ശ്രവിച്ച മുനീന്ദ്രന്‍ , അങ്ങിനെയാവട്ടെയന്ന് സമ്മതിച്ചു. ദേവേന്ദ്രന്‍ തത്കാലം ദേവലോകത്തേക്കു മടങ്ങിപ്പോയി.
കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ദേവേന്ദ്രന്‍ മടങ്ങിയെത്തിയില്ല. സഞ്ചാരിയായ ദധീചന്, മറ്റൊരു യാത്രക്ക് സമയമാവുകയും ചെയ്തു. ഇനി ദേവേന്ദ്രനെ കാത്തിരുന്നിട്ടു കാര്യമില്ല.... എന്നാല്‍ ,ആയുധങ്ങള്‍ ഉപേക്ഷിച്ച് പോകാനും കഴിയുകയില്ല. ഇങ്ങനെ കരുതി, ദധീചമുനി താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ മുഴുവന്‍ അരച്ചുകലക്കി പാനീയമാക്കി, അതിനെ സേവിച്ചു, തുടര്‍ന്ന് യാത്ര പുറപ്പെട്ടു.

അലഞ്ഞു തിരിഞ്ഞ്, മറ്റൊരു ശാന്തപ്രദേശത്തെത്തിയ ദധീചനെ പിന്തുടര്‍ന്ന ദേവേന്ദ്രന്‍ പരിക്ഷീണനായി ഭാവിച്ച് മുനിയുടെ അടുത്തെത്തി, താന്‍ ഏല്‍പ്പിച്ചുപോയ ആയുധങ്ങള്‍ തിരികെ തന്നാലുമെന്ന് അര്‍ത്ഥിച്ചു.
ദധീചന്‍ പറഞ്ഞു...


“അങ്ങയെ കാത്തിരുന്ന് കാലംകഴിച്ച എനിക്ക്, മറ്റൊരു യാത്രക്ക് സമയമായിരുന്നു. അങ്ങ് എത്തിയുമില്ല. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഉപേക്ഷിച്ചു പോകാനാകാത്ത ആയുധങ്ങള്‍ അരച്ചുകലക്കി ഞാന്‍ സേവിക്കുകയും ചെയ്തു. ഇപ്പോള്‍ അത്, എന്‍റെ മജ്ജയിലും മാംസത്തിലും അസ്ഥിപഞ്ജരത്തിലും ലയിച്ചുചേര്‍ന്ന്, അവയെ ബലപ്പെടുത്തിയിരിക്കും. അങ്ങാകട്ടെ,നോക്കുവാനേല്‍പ്പിച്ച മുതല്‍ അവശ്യപ്പെടുകയും ചെയ്യുന്നു. അതു മടക്കിത്തരുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്. ഇനി ഒന്നേ വഴിയുള്ളു... അങ്ങ് എന്‍റെ ജീവനെ മോചിപ്പിച്ച്, മൃതത്തില്‍നിന്നും അവ ഊരിയെടുത്തുകൊള്ളുക...”

ദേവേന്ദ്രന്‍റെ ഉള്ളില്‍ ഒരു പുഞ്ചിരി ജനിച്ചു.

“അല്ലയോ മുനിവര്യാ.... അങ്ങയുടെ ജീവനെ മോചിപ്പിക്കുവാന്‍ ഞാനാളല്ല.... എന്നാല്‍ ,ഇപ്പോഴത്തെ ഈ വൈതരണിയില്‍ ,എനിക്ക് ആ ആയുധങ്ങള്‍ ആവശ്യം വന്നിരിക്കുകയുമാണ്.....”
ഇതുകേട്ട് ദധീചന്‍ വിഷണ്ണനായി.... താന്‍ ചെയ്തതു തെറ്റായിപ്പോയി... അതിനു പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. സ്വയം അഗ്നിയില്‍ ദഹിക്കുക മാത്രമാണ് പ്രതിവിധി... ഇപ്പോള്‍ വജ്രതുല്യമായിത്തീര്‍ന്നിരിക്കാവുന്ന തന്‍റെ അവയവങ്ങള്‍ ആ അഗ്നിയില്‍ ദഹിക്കുകയുമില്ല....
അനന്തരം, ദധീചന്‍ , അഗ്നികൂട്ടി പ്രാണത്യാഗം ചെയ്തു...

     ദേവേന്ദ്രനും ദേവന്മാരും ചേര്‍ന്ന് ആ ഭൌതികശരീരത്തില്‍ നിന്നും ദധീചന്‍റെ വജ്രതുല്യമായ നട്ടെല്ല് വേര്‍പെടുത്തിയെടുക്കുകയും, അതുകൊണ്ട് മഹത്തായ ഒരായുധം സൃഷ്ടിക്കുകയും ചെയ്തു. വജ്രായുധമെന്ന ഈ ആയുധമുപയോഗിച്ച്, വൃത്രാസുര നിഗ്രഹം സാദ്ധ്യമാകുകയും, ഭൂമിയില്‍ സമാധാനം സ്ഥാപിക്കുകയും ചെയ്തിട്ട് ദേവേന്ദ്രന്‍ സുരലോകത്തേക്കു മടങ്ങിപ്പോയി. മറ്റാര്‍ക്കും തടുക്കുവാനാകാത്ത വജ്രായുധം,ദേവേന്ദ്രന്‍ തന്‍റെ ആയുധമാക്കി, മറ്റനേകം യുദ്ധങ്ങളില്‍ ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തു. 

Sunday, May 7, 2017

നേരം തൊഴുതുമടങ്ങുമ്പോൾ


Image result for ശ്രീകൃഷ്ണൻ

ഒരു നേരം തൊഴുതുമടങ്ങുമ്പോൾ തോന്നും...
ഒരു വട്ടം കൂടി തൊഴേണമെന്ന്....
ഒരുവട്ടം കൂടി തൊഴുമ്പോഴും തോന്നും....
ഇതുവരെ തൊഴുതത് പോരെന്ന്......
അകതാരിൽ ഈ ഒരു മധു വിചാരം എന്നും
ഗുരുവായൂരമ്പലത്തിങ്കൽ മാത്രം
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദ
കൃഷ്ണ കൃഷ്ണ ഹരി ഗോവിന്ദ....
നിർമ്മാല്യം ദർശിച്ചു നിൽക്കും നേരം തോന്നും...
അണിവാകച്ചാർത്ത് തൊഴേണമെന്ന്
അണിവാകച്ചാർത്തിൽ മതിമറക്കേത്തോന്നും
അലങ്കാര പൂജ തൊഴേണമെന്ന്....
അകതാരിൽ ഈ ഒരു മധു വിചാരം എന്നും
ഗുരുവായൂരമ്പലത്തിങ്കൽ മാത്രം
സന്ധ്യക്ക് തൊഴുത് നിൽക്കും നേരം തോന്നും
എന്തൊരു ഭംഗിയെൻ കണ്ണനെന്ന്....
ആ ഭംഗി നുകരേ ആർക്കും തോന്നും
കണ്ണൻ
മാടിവിളിക്കുകയാണോയെന്ന്..
അകതാരിലീയൊരു മധുവിചാരം എന്നും
ഗുരുവായൂരമ്പലത്തിങ്കൽ മാത്രം
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദ
കൃഷ്ണ കൃഷ്ണ ഹരി ഗോവിന്ദ
നാരായണ ഗുരുവായൂരപ്പാ
.

Saturday, May 6, 2017

ഗുരുവായൂരപ്പ മാഹാത്മ്യം

പ്രജാ വത്സലനായിരുന്നു പാണ്ഡ്യരാജാവ്. ഒരിക്കൽ
പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. അതീവ ദുഖിതനായ രാജാവ് നാമജപവും തീർത്ഥയാത്രകളുമായി ദിവസം തള്ളിനീക്കി. ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞ ദിവസം അടുത്തു വരുന്തോറും രാജാവിന് വേവലാതിയായി. ആഹാരാനീഹാരാദികളിൽ രുചി കുറഞ്ഞു.
ഗുരുവായൂരിലെത്തി  ഭജനമിരുന്നാൽ എത്ര വലിയ ആപത്തിൽനിന്നും രക്ഷനേടാമെന്ന് കൊട്ടരത്തിൽ വന്നഒരു സന്യാസി പറഞ്ഞു. അതനുസരിച്ച് രാജാവ് ഗുരുവായൂരപ്പന്റെ മുന്നിലെത്തി ശരണാഗതിചെയ്തു ഭജനമിരുന്നു.  രാജാവിന് ഗുരുവായൂരപ്പന്റെ മുന്നിലെത്തിയതു മുതല്‍ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും കൈവന്നു. ഒരു പൂജയും വിടാതെ തൊഴുതു. നാമജപവും പുരാണപാരായണവുമായി ദിവസങ്ങള്‍ കടന്നുപോയത് അറിഞ്ഞില്ല. അങ്ങിനെ  പ്രവചനസമയവും കഴിഞ്ഞു. രാജാവിന് ഒന്നും സംഭവിച്ചില്ല.  ഒരാപത്തും കൂടാതെ രാജാവ് സന്തോഷത്തോടെ സ്വദേശത്ത് തിരിച്ചെത്തി. ജ്യോതിഷ പണ്ഡിതനെ വിളിച്ചുവരുത്തി. രാജാവിനെ ജീവനോടെ കണ്ട പണ്ഡിതന്‍ അത്ഭുതപ്പട്ടു. ജോതിഷം സത്യമാണെന്നും തന്റെ പ്രവചനം തെറ്റില്ലെന്നും ജ്യോതിഷപണ്ഡിതന്‍ ഉറപ്പിച്ചു പറഞ്ഞു. രാജാവിന്‍റെ ദേഹ പരിശോധന നടത്തിയപ്പോള്‍  വലതു കാലിൽ സര്‍പ്പദംശനമേറ്റ അടയാളം കണ്ടു.  സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഗുരുവായൂരപ്പന്റെ സന്നിധിയിലായതിനാല്‍ വിഷം അദ്ദേഹത്തെ ബാധിക്കാതെ പോയി.  പിന്നീട് സന്തോഷ സൂചകമായി  പാണ്ഡ്യരാജാവ്  ക്ഷേത്ര സന്നിധി പുനർനിര്‍മ്മിച്ചു നല്കി എന്നും പറയുന്നു.

തന്നേക്കാള്‍ തന്റെ ഭക്തന്മാരുടെ മഹത്വം കേൾക്കാൻ കൊതിക്കുന്ന എന്റെ പൊന്നു ഗുരുവായൂരപ്പാ! സദാ തിരുനാമങ്ങള്‍ നിറഞ്ഞ ഇഷ്ടത്തോടെ ഉരുവിടാൻ അനുഗ്രഹിക്കണേ!

"ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം....
അവിടുത്തെ ശംഖമാണെന്റെ കണ്ഠം....
കാളീന്ദി പോലെ ജനപ്രവാഹം
ഇത് കാൽക്കലേക്കോ.... വാകച്ചാർത്തിലേക്കോ.....

ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങള്‍

വേദങ്ങൾ

1.ഋഗ്വേദ സംഹിത (25 ശാഖകള്‍)
2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍)
3.സാമവേദ സംഹിത (1000 ശാഖകള്‍)
4.അഥര്‍‌വ്വ വേദ സംഹിത ( 50 ശാഖകള്‍)

ബ്രാഹ്മണങ്ങള്‍

ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍

1.ഐതരേയ ബ്രാഹമണം
2.സംഖ്യായന ബ്രാഹ്മണം
3.കൗഷീതകി ബ്രഹ്മണം

യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍

1.ശത പഥ ബ്രാഹ്മണം
2.തൈത്തരീയ ബ്രാഹ്മണം
3.മൈത്രായണീയ ബ്രാഹ്മണം

സാമവേദീയ ബ്രാഹ്മണങ്ങള്‍

1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍‌ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സം‌ഹിതോപനിഷദ് ബ്രാഹ്മണം

അഥര്‍‌വ്വവേദീയ ബ്രാഹ്മണം

ഗോപഥ ബ്രാഹ്മണം

ആരണ്യകങ്ങള്‍

ഋഗ്വേദീയ ആരണ്യകം

1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം

യജൂര്‍‌വേദീയ ആരണ്യകങ്ങള്‍

1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം

സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല

ഉപനിഷത്തുക്കള്‍

ഋഗ്വേദീയ ഉപനിഷത്തുക്കള്‍

1.ഐതരേയ ഉപനിഷത്തുക്കള്‍
2.കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍‌വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്

ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്

1.ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്

കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്

1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍‌ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10.കാലാഗ്നിരുദ്ര ഉപനിഷത്ത്
11.ക്ഷുരിക ഉപനിഷത്ത്
12.സര്‍‌വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്

സാമവേദീയ ഉപനിഷത്ത്

1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍‌ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്

അഥര്‍‌വവേദീയ ഉപനിഷദ്

1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍‌വ ശിര ഉപനിഷദ്
5.അഥര്‍‌വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍‌ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്

1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ.

വേദാംഗങ്ങള്‍ (വേദത്തിന്റെ അംഗങ്ങള്‍)

1.ശിക്ഷ
2.നിരുക്തം
3.വ്യാകരണം
4.ഛന്ദശാസ്ത്രം
5.കല്‍‌പസൂത്രം.(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം)
6.ജ്യോതിഷം (ഗണിതം, ഗോളം,ജാതകം,മുഹൂര്‍‌ത്തം,പ്രശനം,നിമിത്തം)

ഉപവേദങ്ങള്‍

1.അര്‍‌ത്ഥശാസ്ത്രം
2.ധനുര്‍‌വേദം
3.ഗാന്ധര്‍‌വവേദം
4.ആയുര്‍‌വേദം
5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം)

മഹാപുരാണങ്ങള്‍

1.വിഷ്ണു പുരാണം
2. ഭവിഷ്യ പുരാണം
3.ഗരുഡപുരാണം
4.അഗ്നി പുരാണം
5.മഹാഭാഗവത പുരാണം 6.ശിവപുരാണം
7മാര്‍‌ക്കണ്ഡേയ പുരാണം
8.ലിംഗ പുരാണം
9.ബ്രഹ്മവൈവര്‍‌ത്ത പുരാണം
10.മത്സ്യ പുരാണം
11.കൂര്‍‌മ്മ പുരാണം
12.വരാഹ പുരാണം
13.വാമന പുരാണം
14.സ്കന്ദ പുരാണം
15.ബ്രഹ്മാണ്ഡ പുരാണം
16.പത്മ പുരാണം
17.ബ്രഹ്മ പുരാണം
18. നാരദീയ പുരാണം..

ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍

1.സാംബ പുരാണം.
2.ദേവീഭാഗവത പുരാണം
3.കാലിക പുരാണം
4.ലഘുനാരദീയ പുരാണം
5.ഹരിവംശ പുരാണം
6.വിഷ്ണു ധര്‍‌മ്മോത്തര പുരാണം
7.കല്‍‌കിപുരാണം
8.മുല്‍‌ഗല പുരാണം
9.ആദിപുരാണം
10.ആത്മ പുരാണം
11.വിഷ്ണു ധര്‍മ്മ പുരാണം
12.വായു പുരാണം
13.നരസിംഹ പുരാണം
14.ക്രിയോയോഗ പുരാണം
15.സുര്യ പുരാണം
16.ബ്രഹദ് നാരദീയ പുരാണം
17.പുരുഷോത്തമ പുരാണം
18.ബ്രഹദ് വിഷ്ണു പുരാണം
19.ഗണേശ പുരാണം
20.സനത്കുമാര പുരാണം
21.ദുര്‍‌വ്വാസ പുരാണം
22.നന്ദികേശ്വര പുരാണം
23.ബൃഹദ്‌ധര്‍മ്മ പുരാണം
24.വാരുണ പുരാണം
25.പശുപതി പുരാണം
26.മാനവ പുരാണം
27.മുദ്‌ഗല പുരാണം....
തുടങ്ങി 108 എണ്ണം ഉണ്ട്..

ദര്‍‌ശനങ്ങള്‍

1.ന്യായ ദര്‍‌ശനം (ഗൗതമന്‍)
2.വൈശേഷിക ദര്‍‌ശനം (കണാദന്‍)
3.സാംഖ്യദര്‍‌ശനം (കപിലന്‍)
4.യോഗദര്‍ശനം (പതഞജലി)
5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി)
6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം)
7.ബുദ്ധ ദര്‍ശനം
8. ജൈന ദര്‍ശനം..

സ്‌മൃതികള്‍

1.ഉശന സ്‌മൃതി
2.യജ്ഞവല്‍‌ക്യ സ്‌മ്രതി
3.വിഷ്ണുസ്‌മൃതി
4. മനുസ്‌മൃതി
5.അംഗീരസസ്മൃതി
6.യമസ്‌മൃതി
7.അത്രി സ്‌മൃതി
8.സം‌വര്‍‌ത്ത സ്‌മ്രതി
9. ബ്രഹത്ത് പരാശര സ്‌മൃതി
10. ബ്രഹസ്പതി സ്‌മൃതി
11.ദക്ഷ സ്‌മൃതി
12.ശാതാതപസ്‌മൃതി
13.ലിഖിത സ്‌മൃതി
14..വ്യാസസ്‌മ്രതി
15.പരാശര സ്‌മൃതി
16.ശംഖ സ്‌മൃതി
17. ഗൗതമ സ്‌മൃതി
18.വസിഷ്ഠ് സമൃതി

ഇതിഹാസങ്ങള്‍

വാത്മീകി രാമായണം , മഹാഭാരതം

സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം...ഭഗവത് ഗീത..

ആഗമശാസ്ത്രങ്ങള്‍

ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .