ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം. Show all posts
Showing posts with label ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം. Show all posts

Thursday, May 9, 2019

യമന്‍ ചെയ്യുന്ന ഭക്തിമാര്‍ഗ്ഗസിദ്ധാന്തം – ഭാഗവതം(134)




ജിഹ്വാ ന വക്തി ഭഗവദ്ഗുണനാമധേയം
ചേതശ്ച ന സ്മരതി തച്ചരണാരവിന്ദം
കൃഷ്ണായ നോ നമതി യച്ഛിര ഏകദാപി
താനാനയധ്വമസതോഽകൃത വിഷ്ണു കൃത്യാന്‍ (6-3-29)



ശുകമുനി തുടര്‍ന്നുഃ

യമദൂതര്‍ തങ്ങളുടെ യജമാനനെ ചെന്നു കണ്ടു ചോദ്യം ചെയ്തു. ഈ വിശ്വത്തിനു നിയമപാലകരായി എത്ര പേരുണ്ട്‌? ഇന്ന് അങ്ങയുടെ അധികാരത്തെ നാലു ദേവതകള്‍ മറികടന്നു. പാപിയായ അജാമിളനെ കൊണ്ടുവരാന്‍ കെട്ടിയ കയര്‍ അവര്‍ അറുത്തുകളഞ്ഞ് അവനെ മോചിപ്പിച്ചു. കാരണം അജാമിളന്‍ നാരായണനാമം ഉച്ചരിച്ചു എന്നതാണ്‌. അതുകൊണ്ട്‌ അങ്ങയുടെ ആജ്ഞാനുസരണം അവനെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചില്ല.


യമരാജന്‍ ഭഗവാന്റെ പദകമലങ്ങള്‍ ധ്യാനിച്ച ശേഷം മറുപടിയായി പറഞ്ഞു. വിശ്വത്തിന്റെ നാഥനായി ഒരാളേ ഉളളൂ. അത്‌ ഞാനല്ല. അദ്ദേഹം എങ്ങും നിറഞ്ഞു വിളങ്ങുന്നു. ആ ഭഗവാന്റെ മഹിമയിലാണ്‌ നാമെല്ലാം ചേര്‍ന്ന് അദ്ദേഹത്താല്‍ തന്നെ നിയുക്തമായ ധര്‍മ്മങ്ങളെ നിറവേറ്റുന്നത്‌. ബ്രഹ്മാവ്, ശിവന്‍ ഞാന്‍, മറ്റ്‌ സ്വര്‍ഗ്ഗവാസികള്‍ എന്നല്ല ആര്‍ക്കും ഭഗവേഛയേയോ ഉദ്ദേശ്യത്തേയോ അളക്കാന്‍ കഴിയില്ലതന്നെ. ഭഗവാന്റെ മായാശക്തിയാല്‍ ശുദ്ധസാത്വികരായ നമ്മള്‍പോലും മൂടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അവിടെ കണ്ടു മുട്ടിയവര്‍ ഭഗവല്‍ദൂതരായ ദേവതകളാണ്‌. അവര്‍ ഭക്തരെ സംരക്ഷിക്കുന്നു.


ഭാഗവതധര്‍മ്മം, ഭഗവാന്റെ ഉണ്മയെപ്പറ്റി അദ്ദേഹത്തിലേക്ക്‌ നയിക്കുന്നുതുമായ പാതയെപ്പറ്റി, നാരദനും പ്രഹ്ലാദനും, ജനകനും, ഭീഷ്മര്‍ക്കും, ബാലിക്കും, സനത്കുമാരനും, പരമശിവനും, കപിലനും സ്വയംഭുവമനുവിനും, ശുകനും, എനിക്കുമൊഴികെ മറ്റാര്‍ക്കും അറിയില്ല. ഇതു പ്രകാരം ഭഗവല്‍പാദത്തില്‍ ഭക്തി വളര്‍ത്തുകയെന്നതാണ്‌ ഒരുവന്റെ പരമമായ ധര്‍മ്മം. അവിടുത്തെ ദൂതന്മ‍ാര്‍ കേവലം നശ്വരരായ ഭക്തരെ എല്ലാത്തരത്തിലും സംരക്ഷിക്കുന്നു. മരണത്തില്‍ നിന്നു പോലും മോചനം കൊടുക്കുന്നു. വെറും നാമോച്ചാരണത്തിന്റെ മഹത്വം നിങ്ങള്‍ നേരിട്ടറിഞ്ഞതാണല്ലോ. പണ്ഡിതന്മ‍ാര്‍ ഇതൊന്നുമറിയാതെ എന്തെല്ലാം കര്‍മ്മങ്ങളാണ്‌ ചെയ്യുന്നുത്‌. ജ്ഞാനികള്‍ ഭഗവല്‍നാമത്തെ ആശ്രയിക്കുന്നു. അതുകൊണ്ട്‌ അവര്‍ അറിയാതെയൊരു പാപത്തില്‍ ചാടിയാലും നാമം ആ പാപത്തെ തുടച്ചു മാറ്റും. ഭഗവല്‍നാമത്തിലാശ്രയം കണ്ടെത്തിയവരെ നാം സമീപിക്കേണ്ടതില്ല. നമുക്കവരില്‍ അധികാരമൊന്നുമില്ല. പക്ഷെ ഭഗവല്‍നാമമധുരം ആസ്വദിക്കാത്ത നികൃഷ്ടജിവികളെ ഇവിടെ കൊണ്ടുവരിക. ഭഗവല്‍നാമവും മഹിമയും ഉച്ചരിക്കാന്‍ ഏതൊരാളുടെ നാവു വഴങ്ങുന്നില്ലയോ, ഏതൊരുവന്റെ ഹൃദയം ഭഗവല്‍പ്പാദമലരിണകളാല്‍ നിവസിതമാവുന്നില്ലയോ, ഏതൊരുവന്‍ ഭഗവാന്‍ കൃഷ്ണന്റെ നാമത്തിലും രൂപത്തിലും നമസ്കരിക്കുന്നില്ലയോ, ഒരിക്കലെങ്കിലും വിഷ്ണുസേവ ചെയ്യുന്നില്ലയോ അവനെ എന്റെ അടുത്തു കൊണ്ടുവരിക. എന്റെ ദൂതരാല്‍ ഞാന്‍ ചെയ്ത നിന്ദയെ അവിടുന്നു പൊറുത്താലും. ഭഗവാന്‍ നാരായണന്റെ ദൂതന്‍മാരുമായി അവര്‍ വൃഥാ കലഹത്തിലേര്‍പ്പെട്ടുവല്ലോ.


അതാണാദിവ്യനാമത്തിന്റെ മഹിമ. അഗസ്ത്യമുനിയില്‍നിന്നും ഞാന്‍ കേട്ടതാണ്‌ ആത്മോല്‍ക്കൃഷ്ടമായ ആ ദിവ്യകഥ.




കടപ്പാട് : ഭാഗവതം നിത്യപാരായണം

Sunday, May 5, 2019

അജാമിള ദേഹത്യാഗം, മുക്തി – ഭാഗവതം (133)




സാംങ്കേത്യം പാരിഹാസ്യം വാ സ്തോഭം ഹേളനമേവ വാ
വൈകുണ്ഡനാമഗ്രഹണമശേഷാഘഹരം വിദുഃ (6-2-14)

പതിതഃ സ്ഖലിതോ ഭഗ്ന: സന്ദഷ്ടസ്തപ്ത ആഹതഃ
ഹരിരത്യവശേനാഹ പുമാന്നാര്‍ഹതി യാതനാം (6-2-15)

യഥാഗദം വീര്യതമമുപയുക്തം യദൃച്ഛയാ
അജാനതോഽതപ്യാത്മഗുണം കുര്യാന്മന്ത്രോഽപ്യുദാഹൃതഃ (6-2-19)

മൃയമാണോ ഹരേര്ന്നാമ ഗൃണന്‍ പുത്രോപചാരിതം
അജാമിളോഽപ്യഗാദ്ധാമ കിം പുനഃ ശ്രദ്ധയാ ഗൃണന്‍ (6-2-49)


വിഷ്ണുദൂതര്‍ പറഞ്ഞുഃ



ധര്‍മ്മരാജാവിന്റെ ദൂതര്‍ തന്നെ നിരപരാധിയായ ഒരുവനെ ശിക്ഷിക്കുന്നുവെന്നോ?. അപ്പോള്‍ നിരപരാധികള്‍ ആരെ ശരണം പ്രാപിക്കും? ധര്‍മ്മപരിപാലനത്തിനായി നിയോഗിക്കപ്പെട്ടിട്ടുളളവര്‍ തന്നെ സ്വന്തം കടമകളില്‍ നിന്നും വ്യതിചലിക്കുകയാണെങ്കില്‍ ജനകോടികള്‍ എന്തു ചെയ്യും? സാധാരണജനങ്ങളും മൃഗങ്ങളും യമധര്‍മ്മരാജന്റെ മടിത്തട്ടില്‍ അദ്ദേഹത്തിന്റെ വിധിയും കാത്തിരിക്കുകയാണ്‌. അപ്പോള്‍ അദ്ദേഹത്തിന്‌ തെറ്റായ ഒരു കാര്യം ചെയ്യാന്‍ കഴിയുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ അദ്ദേഹം തന്റെ വിശ്വാസികള്‍ക്ക്‌ അത്യാപത്തു വിളിച്ചു വരുത്തുകയല്ലേ ചെയ്യുന്നുത്‌? യമദൂതരെ, ഈ മനുഷ്യന്‍ തന്റെ മകനെ വിളിച്ചപ്പോഴാണെങ്കിലും ഹരിനാമമാണുച്ചരിച്ചതു. അതുകൊണ്ടുതന്നെ അയാളുടെ സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായിക്കഴിഞ്ഞു. ഭഗവല്‍നാമത്തിലുപരിയായി മനുഷ്യപാപങ്ങളെ നിശ്ശേഷമില്ലാതാക്കുന്ന മറ്റൊരു ശുദ്ധീകരണോപായവുമില്ല. എത്രതന്നെ നികൃഷ്ടമായ പാപങ്ങളായാല്‍ പോലും, ഭക്തിയുണ്ടാവുമ്പോള്‍ അവ വേരോടെ നശിക്കുന്നു.


ഹരിനാമം എല്ലാ പാപങ്ങളേയും നശിപ്പിക്കുന്നു. ആരേയെങ്കിലും വിളിക്കുമ്പോള്‍ യാദൃശ്ചികമായോ, തുലോം നിന്ദാത്മകമായോ ആണെങ്കില്‍ പോലും അത്‌ പ്രയോജനം ചെയ്യും. ഒരുവന്‍ വീഴുമ്പോഴോ, വഴുതുമ്പോഴോ, കൈകാലുകളൊടിയുമ്പോഴോ, മൃഗങ്ങളുടെ കടികൊളളുമ്പോഴോ ഒക്കെ അറിയാതെയെങ്കിലും ഹരിനാമം ഉച്ചരിക്കുന്ന പക്ഷം, അവന്‌ പാപങ്ങളുടെ ശിക്ഷ ബാധകമല്ല തന്നെ. മറ്റു പാപപരിഹാരമാര്‍ഗ്ഗങ്ങള്‍, ചെറുതും വലുതുമായ പാപങ്ങള്‍ക്കുളള പ്രതിവിധികള്‍, ധര്‍മ്മശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌. അവ പാപത്തിന്റെ ഫലത്തിനെതിരായി വര്‍ത്തിക്കുമെങ്കിലും അതിന്റെ വേരറുക്കുന്നില്ല. പാപവാസന നശിക്കുന്നുമില്ല. എന്നാല്‍ ഭഗവാന്റെ നാമം അതിന്റെ മഹിമയോ അര്‍ത്ഥമോ അറിയാതെയാണെങ്കിലും ഉച്ചരിക്കുന്നതുമൂലം ഒരുവന്റെ ബോധതലത്തില്‍ സൂക്ഷ്മമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. ഭഗവല്‍നാമമുച്ചരിക്കുമ്പോള്‍ ഭഗവാന്‍ ഭക്തനിലേക്ക്‌ തിരിയുന്നു. ശക്തിയേറിയ ഒരൗഷധം, രോഗിയുടെ അറിവുകൂടാതെ തന്നെ ശരീരത്തെ സുഖപ്പെടുത്തുന്നതുപോലെ ഹരിനാമോച്ചാരണം അവന്റെ സ്വഭാവത്തെത്തന്നെ മാറ്റിയെടുക്കുന്നു. അതുകൊണ്ട്‌ അജാമിളനെ വെറുതെ വിടൂ. അവന്‌ യമരാജസവിധത്തിലെത്തേണ്ടതില്ല.



ശുകമുനി തുടര്‍ന്നുഃ യമദൂതരില്‍നിന്നും മോചിതനായ അജാമിളന്‌ ഭഗവല്‍ദൂതരായ ആ നാല്‍വരോട്‌ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അവര്‍ മറഞ്ഞു കളഞ്ഞു. വിചിത്രമായ ഈ അനുഭവമോര്‍ത്ത്‌ പശ്ചാത്തപിച്ച്‌ അജാമിളന്‍ ഹരിദ്വാറിലോ ഗംഗാതീരത്തിലോ പോയി തീവ്രതപസ്സാധനകളനുഷ്ഠിച്ച്‌ ശിഷ്ടകാലം ജീവിച്ചു. ശരീരമുപേക്ഷിക്കാറായപ്പോള്‍ ഭഗവല്‍ദൂതര്‍ തന്നെ വന്നു്‌ അദ്ദേഹത്തെ ആ സവിധത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിനും ഒരു ഭഗവല്‍ദൂതന്റെ ശരീരവും പദവിയും ലഭിച്ചു. അങ്ങനെ അറിയാതെ ഭഗവല്‍നാമമുച്ചരിച്ച്‌ മകനെ വിളിച്ച അജാമിളനു ഭഗവദ്‌ സവിധത്തിലിടം കിട്ടിയെന്നതില്‍ ശ്രദ്ധാഭക്തിപൂര്‍വ്വം ഭഗവാനെ സ്തുതിക്കുന്നവന്‌ അനുഗ്രഹസിദ്ധി ഉണ്ടാവും എന്നതിനു സംശയമെന്തുളളൂ? ഈ കഥാകഥനം ശ്രവിക്കുകയോ പറയുകയോ ചെയ്യുന്ന ഒരുവനും നരകത്തില്‍ പോവേണ്ടതായി വരികയില്ല. യമഭടന്മ‍ാര്‍ അവനിലേക്ക്‌ നോക്കുകപോലുമില്ല.





കടപ്പാട് : ഭാഗവതം നിത്യപാരായണം

Thursday, April 6, 2017

ശൂനശേഫരക്ഷണം - ശ്രീമദ്‌ ദേവീഭാഗവതം. 6. 13. - ദിവസം 140.



സാഹസം കൃതവാന്‍ രാജാ പൂര്‍വ്വം യത് കഥിതോ മഖ:
വരുണായ പ്രതിജ്ഞാത: പുത്രം കൃത്വാ പശും പ്രിയം
ഗതേ ത്വയി പിതാ പുത്രം ബദ്ധ്വാ യൂപേ ലൃണ: പുന:
പശും കൃത്വാ മഹാബുദ്ധേ വധിഷ്യധി വൃഥാതുര:


ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന്‍ തുടര്‍ന്നു: ‘നിന്നെ വരുണന് ബലി നല്‍കാം എന്ന്‍ മഹാരാജാവ് നല്‍കിയ വാക്ക് കുറച്ചു കടന്നുപോയി. ഇങ്ങിനെ ചെയ്യുന്ന പിതാക്കന്മാരുണ്ടോ? കൊട്ടാരത്തില്‍ ചെല്ലേണ്ട താമസം, യൂപത്തില്‍ക്കെട്ടി നിര്‍ദ്ദയം നിന്നെ ബലി കൊടുക്കും.’


വിപ്രന്റെ വാക്കുകള്‍ കേട്ട് രോഹിതന്‍ കൊട്ടാരത്തിലേക്ക് പോവാനുള്ള തീരുമാനം മാറ്റി. എന്നാല്‍ ഓരോതവണയും പിതാവിന്‍റെ രോഗവാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും അവനു പിതാവിനെ കാണാന്‍ പോവണമെന്ന് തോന്നും. അതിനായി പുറപ്പെടുമ്പോഴെയ്ക്കും ഇന്ദ്രന്‍ വന്ന് ഓരോരോ ന്യായം പറഞ്ഞ് അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കും.

കൊട്ടാരത്തില്‍ ഹരിശ്ചന്ദ്രന് രോഗം കലശലായി. അദ്ദേഹം ഗുരുവായ വസിഷ്ഠനെ വിളിച്ചു സങ്കടം പറഞ്ഞു: രോഗപീഡിതനായ എന്നെ അങ്ങ് രക്ഷിക്കണം. എന്താണ് ഞാനിനി ചെയ്യുക?’


വസിഷ്ഠന്‍ പറഞ്ഞു: ‘രാജാവേ, രോഗനിവാരണത്തിന് ഉപാധികള്‍ ഉണ്ട്. ഒരുവന് പതിമൂന്നുതരത്തില്‍ മക്കള്‍ ഉണ്ട്. എല്ലാവരും അയാള്‍ തന്നെ ജന്മം കൊടുത്തവര്‍ ആവണമെന്നില്ല. ചോദിച്ച പണം നല്‍കി ഒരു ബ്രാഹ്മണകുമാരനെ വിലയ്ക്ക് വാങ്ങി അവനെ ബലിമൃഗമായി വച്ച് യാഗം പൂര്‍ത്തിയാക്കാം. ഇങ്ങിനെയുള്ള പുത്രന് ക്രീതപുത്രന്‍ എന്നാണു പറയുന്നത്. അങ്ങിനെ പാശിയെ പ്രീതനാക്കി അങ്ങേയ്ക്ക് രോഗവിമുക്തി കൈവരിക്കാം.’


ഗുരു പറഞ്ഞതനുസരിച്ച് രാജാവ് മന്ത്രിയോട് പറഞ്ഞു: ‘ഈ നാട്ടിലും സ്വന്തം മകനെ വില്‍ക്കാന്‍ തയ്യാറായി ആരെങ്കിലും ഉണ്ടായേക്കും. എത്ര ക്ലേശം സഹിച്ചാണെങ്കിലും അങ്ങിനെ ഒരാളെ കണ്ടു പിടിക്കണം. യജ്ഞത്തിന് വിപ്രകുമാരന്‍തന്നെ വേണമല്ലോ. എത്ര പണം വേണമെങ്കിലും അവന്‍റെ പിതാവിന് നല്‍കാം. അതില്‍ പിശുക്ക് കാണിക്കേണ്ടതില്ല. ചോദിച്ച വില നല്‍കി അങ്ങിനെ ഒരുവനെ കൊണ്ടുവന്നാലും.’


വീടായ വീട് തോറും മന്ത്രി അന്വേഷിച്ചലഞ്ഞു. ഒടുവില്‍ അജീഗര്‍ത്തന്‍ എന്നൊരു ബ്രാഹ്മണനെ കണ്ടുകിട്ടി. അയാള്‍ രോഗിയാണ്. മൂന്നു മക്കളുമായി കഷ്ടപ്പെട്ട് കഴിയുന്ന അയാള്‍ വലിയ ദാരിദ്ര്യത്തിലുമാണ്. അയാളുടെ മൂന്നു മക്കളില്‍ മദ്ധ്യമനായ ശൂനശേഫനെ ചോദിച്ച പണവും നല്‍കി മന്ത്രി വാങ്ങിക്കൊണ്ടുവന്നു. ‘ബലിയ്ക്ക് ഇവന്‍ മതിയാകും’ എന്ന് രാജാവിനോട് പറഞ്ഞ് അയാളെ ഏല്‍പ്പിച്ച് മന്ത്രി തന്‍റെ കര്‍ത്തവ്യം ചെയ്തു.


രാജാവ് യജ്ഞത്തിനുള്ള സംഭാരങ്ങള്‍ എല്ലാം ചെയ്തു. വിപ്രന്മാര്‍ തയ്യാറായി. യജ്ഞം തുടങ്ങവേ അവിടെ വന്ന വിശ്വാമിത്രന്‍ ഒരു കുമാരനെ യജ്ഞശാലയില്‍ കെട്ടിയിട്ടത് കണ്ട് ‘രാജാവേ, സാഹസമരുത്. അവനെ കെട്ടഴിച്ചു വിടൂ. നിനക്കതുകൊണ്ട് സൌഖ്യമുണ്ടാവും. ബ്രാഹ്മണരക്ഷക്കായി സ്വജീവന്‍ വരെ ത്യജിക്കുകയാണ് രാജാക്കന്മാരുടെ രീതി. അല്ലാതെ സ്വരക്ഷയ്ക്ക് ഒരു ക്ഷത്രിയന്‍ ബ്രാഹ്മണനെ ബലാല്‍ക്കാരമായി യാഗബലി നല്‍കാന്‍ ഒരുങ്ങുന്നു. കഷ്ടം. ഈ ബാലന്‍റെ കരച്ചില്‍ കേട്ട് എന്നില്‍ കരുണയുണരുന്നു. എല്ലാവര്‍ക്കും സ്വജീവന്‍ വിലപ്പെട്ടതാണ്‌. എന്‍റെ വാക്കുകളെ ആദരിക്കുമെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിച്ചാലും. അവനെ വിടൂ.’


എന്നാല്‍ രാജാവ് കൌശികന്റെ വാക്കുകള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. മുനി രാജാവിനോട് ക്രുദ്ധനായിയെങ്കിലും അദ്ദേഹം ശൂനശേഫന് ദിവ്യമായ വരുണമന്ത്രം ഉപദേശിച്ചുകൊടുത്തു. ബാലന്‍ ആ മന്ത്രം പ്ലുതസ്വരത്തില്‍ ദയനീയമായി ധ്യാനപൂര്‍വ്വം ആവര്‍ത്തിച്ചു ജപിച്ചുകൊണ്ടിരുന്നു. ആര്‍ദ്ദ്രമായ സ്വരത്തില്‍ മാന്‍ ചാടുന്നതുപോലെയുള്ള ആ ജപം കേട്ട് പ്രസന്നനായ വരുണന്‍ യാഗശാലയില്‍ നേരിട്ട് വന്നു കുമാരനെ മോചിപ്പിച്ചു. രാജാവിന്‍റെ രോഗം ശമിച്ചു. കൌശികന്‍ അങ്ങിനെ ബ്രാഹ്മണകുമാരന്‍റെ ജീവന്‍ രക്ഷിച്ചു.


രാജാവ് തന്‍റെ വാക്കുകള്‍ കേള്‍ക്കാഞ്ഞതില്‍ വിശ്വാമിത്രന് കോപമുണ്ടായിരുന്നു. ഒരിക്കല്‍ രാജാവ് മൃഗയാവിനോദത്തിനു കാട്ടില്‍പ്പോയി ഒരു പന്നിയെ പിന്തുടര്‍ന്നു. കൌശികീ നദിയുടെ തീരത്തെത്തിയ രാജാവിന്‍റെയടുക്കല്‍ മുനിയൊരു വൃദ്ധബ്രാഹ്മണ വേഷത്തില്‍ എത്തി. അദ്ദേഹം ഹരിശ്ചന്ദ്രന്റെ രാജ്യമടക്കം സകല സമ്പത്തും ദാനമായി ചോദിച്ചു വാങ്ങി രാജാവിനെ നിസ്വനാക്കി. രാജാവിന്‍റെ കാര്യം കഷ്ടത്തിലായി. തന്‍റെ രാജാവിന് ഈ വിധി വന്നല്ലോ എന്ന് വസിഷ്ഠമുനിക്ക് ദുഖമായി. അദ്ദേഹം കാട്ടിലെത്തി രാജര്‍ഷിയായ വിശ്വാമിത്രനെ ഭര്‍സിച്ചു.


‘നീയൊരധര്‍മ്മ ക്ഷത്രിയന്‍ തന്നെ. വേറുതെയാണീ മുനിവേഷം. ധ്യാനത്തിനാണന്ന മട്ടില്‍ നദിയുടെ കരയ്ക്കിരുന്നു തക്കം കിട്ടുമ്പോള്‍ മീന്‍ പിടിക്കുന്ന കൊക്കിന്റെ സൂത്രമാണ് നീയിപ്പോള്‍ എന്‍റെ രാജാവിനോട് ചെയ്തത്. എന്‍റെ രാജാവ് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തെ  നീ നിസ്വനാക്കിയത്? നീയൊരു ബകത്തിന്റെ പണി ചെയ്തതുകൊണ്ട് നിന്നെയൊരു ബകമാകാന്‍തന്നെ ഞാന്‍ ശപിക്കുന്നു.’

‘എന്നാല്‍ ശരി മഹാത്മന്‍, ഞാന്‍ ബകമായി നില്‍ക്കുന്ന കാലത്തോളം നീയൊരു പൊന്മയായി മീന്‍ പിടിച്ചു കഴിയാനിടവരട്ടെ’ എന്ന് വിശ്വാമിത്രന്‍ വസിഷ്ഠന് ഒരു മറുശാപവും നല്‍കി.


അങ്ങിനെയാ മഹാതാപസന്മാര്‍ കൊറ്റിയായും പൊന്മയായും ഒരേയിടത്തില്‍ ജീവിച്ചുവന്നു, കൊറ്റി മാനസതടാകത്തിനരികെ ഒരു മരക്കൊമ്പില്‍ കൂടുകെട്ടിത്താമസിച്ചു. മറ്റൊരു മരത്തില്‍ വസിഷ്ഠന്‍ പൊന്മയായും വസിച്ചു. അപ്പോഴും രണ്ടാളും വൈരഭാവം വിട്ടിരുന്നില്ല. എല്ലാ ദിവസവും രണ്ടാളും കൂട്ടില്‍ നിന്നും പുറത്തുവന്ന് നഖവും ചിറകും ഉപയോഗിച്ച് പരസ്പരം കൊത്തിക്കീറി മല്ലിടും. മേലാകെ ചോരപുരണ്ട് പൂത്തുനില്‍ക്കുന്ന മുരിക്കുമരങ്ങള്‍ പോലെ അവര്‍ ശോണനിറമണിയും. ശാപക്കയറിനാല്‍ ബാദ്ധരായതിനാല്‍ രണ്ടു മാമുനിമാരും പക്ഷിരൂപത്തിലുള്ള ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു.


ലോകപിതാമഹനായ ബ്രഹ്മാവ്‌ പോരടിക്കുന്ന ഈ പക്ഷികളെക്കണ്ട്‌ ദയാര്‍ദ്രനായി ദേവന്മാരോടുകൂടി വന്ന്‍ രണ്ടു മുനിമാരെയും സമാധാനിപ്പിച്ച് പോരടിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. പരസ്പരം നല്‍കിയിരുന്ന ശാപങ്ങള്‍ അവര്‍ പിന്‍വലിച്ചു. ബ്രഹ്മാവും ദേവന്മാരും പിരിഞ്ഞുപോയി. വിശ്വാമിത്രനും വസിഷ്ഠനും വീണ്ടും മിത്രഭാവത്തിലായി.


കണ്ടില്ലേ, യാതൊരു കാര്യമില്ലാതെ ഈ മഹാമുനിമാര്‍ തമ്മില്‍പ്പോലും വലിയ വഴക്കുണ്ടായി. അഹങ്കാരമടക്കി സദാ സുഖിയായി വാഴുന്ന ആരെങ്കിലുമുണ്ടോ? മഹാത്മാക്കള്‍ക്കും രാജാക്കന്മാര്‍ക്കും എന്നുവേണ്ട, ആര്‍ക്കും ചിത്തശുദ്ധി കിട്ടുക എന്നത് എളുപ്പമല്ല. കഷ്ടപ്പെട്ട് മാത്രമേ ചിത്തശുദ്ധി ലഭ്യമാവൂ. ദാനം തപസ്സ്, സത്യം, ധര്‍മ്മ കര്‍മ്മങ്ങളിലുള്ള ശ്രദ്ധ എന്നിവയെല്ലാം ഉചിതമായി ചെയ്തില്ലെങ്കില്‍ നിരര്‍ത്ഥകമാവും.


ദേഹമെടുത്തവരായ എല്ലാവര്‍ക്കും ധര്‍മ്മകര്‍മ്മങ്ങള്‍ സാത്വികം, രാജസം, താമസം, എന്നിങ്ങിനെ മൂന്നുവിധ ശ്രദ്ധയോട് കൂടിയതാണെന്ന് പറയപ്പെടുന്നു. പറഞ്ഞു വച്ചതുപോലുള്ള ഫലം ലഭിക്കുന്ന സദ്‌കര്‍മ്മങ്ങള്‍ തുലോം ദുര്‍ലഭമാണ്. രാജസ ശ്രദ്ധയാര്‍ന്ന കര്‍മ്മങ്ങള്‍ പറഞ്ഞു വച്ചിട്ടുള്ള ഫലത്തില്‍ പാതി കിട്ടുന്നവയാണ്. എന്നാല്‍ താമസശ്രദ്ധയോടെയുള്ള ധര്‍മ്മകര്‍മ്മങ്ങള്‍ നിഷ്ഫലവും കീര്‍ത്തി നാശകവുമാണ്. അതുകൊണ്ട് ചിത്തനൈര്‍മല്യം അതി പ്രധാനമാണ്. ശ്രവണമനനാദികള്‍ കൊണ്ടാണ് ചിത്ത ശുദ്ധി സാദ്ധ്യമാവുക. സദ്‌ ഗ്രന്ഥങ്ങള്‍ വായിച്ചും പുണ്യ തീര്‍ത്ഥങ്ങളില്‍ വസിച്ചും ദേവീപൂജയില്‍ താല്‍പ്പര്യമെടുത്തും ദേവീനാമങ്ങള്‍ ജപിച്ചും, ദേവിയുടെ പാദപത്മങ്ങള്‍ ധ്യാനിച്ചും കലിദോഷഭയം അകറ്റാന്‍ സാധിക്കും. അങ്ങിനെ പാപികള്‍ക്ക് പോലും നിഷ്പ്രയാസം മുക്തന്മാരാകാന്‍ സാധിക്കും



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Wednesday, April 5, 2017

വരുണശാപം - ശ്രീമദ്‌ ദേവീഭാഗവതം. 6. 12 - ദിവസം 139.



തീര്‍ത്ഥാനി ഭുവി പുണ്യാനി ബ്രൂഹി മേ മുനിസത്തമ
ഗമ്യാനി മാനവൈര്‍ ദേവൈ: ക്ഷേത്രാണി സരിതസ്ഥഥാ
ഫലം ച യാദൃശം യത്ര തീര്‍ത്ഥേഷു സ്നാന ദാനത:
വിധിം തു തീര്‍ത്ഥയാത്രായാം നിയമാശ്ച വിശേഷത:



രാജാവ് ചോദിച്ചു: മഹര്‍ഷേ, ഭൂമിയില്‍ അനേകം ക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളും ഉണ്ടല്ലോ. അവയില്‍ ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പോകാന്‍ പറ്റിയ ഇടങ്ങള്‍ ഏതൊക്കെയാണ്? ഈ യാത്രകള്‍ കൊണ്ടുണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയാണ്? അത്തരം യാത്രകള്‍ക്ക് പാലിക്കേണ്ട നിയമവിധികള്‍ കൂടി ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.


വ്യാസന്‍ പറഞ്ഞു: തീര്‍ത്ഥങ്ങളെപ്പറ്റി പറയുമ്പോള്‍ ദേവിയുടെ പുണ്യക്ഷേത്രങ്ങളെപ്പറ്റിത്തന്നെ പറയാം. ഗംഗ, സിന്ധു, നര്‍മ്മദ, ഗണ്ഠകി, യമുന, സരസ്വതി, ഗോമതി, തമസാ, കാവേരി, ചന്ദ്രഭാഗ, വേത്രവതി, ചര്‍മണ്വതി, സരയു, താപി, സാഭ്രമതി എന്നിങ്ങിനെ അനേകം പുണ്യ നദികള്‍ ഉള്ളതില്‍ ഗംഗതന്നെയാണ് ഏറ്റവും പവിത്രം. നൂറുകണക്കിന് നദികള്‍ വേറെയുമുണ്ട്. അവയില്‍ മിക്കവാറും എല്ലാം തന്നെ സമുദ്രത്തിലേയ്ക്ക് ചെന്ന് ചേരുന്നവയാണ്‌. അവ പുണ്യ നദികളായും സമുദ്രത്തിലേയ്ക്ക് ചേരാത്തവ അല്‍പപുണ്യങ്ങളായ നദികളുമാണ്. എപ്പോഴും ഒഴുക്കുള്ള നദികളാണ് അവയില്‍ ശേഷ്ഠവതികള്‍. നദികളും രണ്ടുമഴക്കാല മാസങ്ങള്‍ രാജസ്വലകളാവുന്നു എന്നാണു സങ്കല്‍പ്പം. അപ്പോള്‍ ചെങ്കല്‍ നിറത്തില്‍ ചുവന്നു കലങ്ങിയ വെള്ളമാണ് അവയില്‍ക്കൂടി ഒഴുകുക.


കുരുക്ഷേത്രം, നൈമിഷം, പുഷ്കരം എന്നിവ പരിപാവനങ്ങളായ പവിത്രക്ഷേത്രങ്ങളാണ്. ശൈലങ്ങളില്‍ പ്രഭാസം, അര്‍ബുദാരണ്യം, ധര്‍മ്മാരണ്യം, പ്രയാഗം, ശ്രീശൈലം, സുമേരു, ഗന്ധമാദനം എന്നിവയെല്ലാം ഉത്തമങ്ങളാണ്. തടാകങ്ങളില്‍ മാനസസരസ്സ് അത്യുത്തമം. ബിന്ദുസരസും അച്ഛോദവും പ്രമുഖങ്ങള്‍ തന്നെ.

ഋഷിമാരുടെ ആശ്രമ പ്രദേശങ്ങള്‍ ഇനിപ്പറയാം. നരനാരായണന്‍മാര്‍ ഉഗ്രതപസ്സു ചെയ്ത ഇടമാണ് ബദരികാശ്രമം. പുണ്യവും വിശ്രുതമായ തപോഭൂമിയാണത്. ശതയുപാശ്രമം, വാമനാശ്രമം, എന്നിവയും സുപ്രസിദ്ധങ്ങളാണല്ലോ. ആശ്രമങ്ങള്‍ മിക്കതും അതില്‍ താമസിച്ചു തപസ്സു ചെയ്ത മുനിവരന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങിനെ പുണ്യവും പാവനവുമായ അനേകം സ്ഥലങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവിടങ്ങളില്‍ പുരാതനങ്ങളായ ദേവീക്ഷേത്രങ്ങളുമുണ്ട്.


ഇപ്പറഞ്ഞ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും തപസ്സും, യജ്ഞങ്ങളും എല്ലാം സാപേക്ഷികങ്ങളാണെന്നു നാം മറക്കരുത്. ദ്രവ്യശുദ്ധി, മന:ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയെ ആശ്രയിച്ചാണ് ഇവയുടെ ഫലപ്രാപ്തി. ദ്രവ്യശുദ്ധിയും ക്രിയാശുദ്ധിയും ഉണ്ടായാലും മന:ശുദ്ധി ഇപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല. നാനാഭാവം പൂണ്ടു കഴിയുന്ന മനുഷ്യന് മന:ശുദ്ധിയുണ്ടാവുക ദുര്‍ലഭം തന്നെ. കാമ-ക്രോധ-മദ-മോഹ-മാത്സര്യത്താല്‍ കുഴഞ്ഞുമറിഞ്ഞ മനസ്സിന് ശാന്തി ലഭിക്കുന്നതെങ്ങിനെയാണ്?. ഈ വൈരികള്‍ തപോവിഘ്നം വരുത്താന്‍ സദാ തയ്യാറായിരിക്കുന്നു.


അഹിംസ, അസ്തേയം, സത്യം, ശൌചം, ഇന്ദ്രിയനിഗ്രഹം, സ്വധര്‍മ്മനിഷ്ഠ, എന്നിവയെല്ലാം ആചരിച്ചാല്‍ത്തന്നെ സര്‍വ്വ തീര്‍ത്ഥങ്ങളിലും മുങ്ങിയതിന്റെ ഫലം സാധകനു കിട്ടിക്കഴിഞ്ഞു. ഇവയില്‍ വിഘ്നം വരുത്തുന്നവര്‍ തീര്‍ത്ഥങ്ങളില്‍ പോകുന്നത് വ്യര്‍ത്ഥമായ വ്യായാമം മാത്രമാണ്. മുങ്ങിക്കുളിച്ചു ദേഹത്തെ അഴുക്ക് പൊക്കാം എന്ന ഉപകാരമേ അങ്ങിനെയുള്ളവര്‍ക്ക് ലഭിക്കൂ. ഈ തീര്‍ത്ഥങ്ങള്‍ക്ക് മനസ്സിനെ ശുദ്ധമാക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഗംഗാതീരത്തും മറ്റും ജീവിക്കുന്ന മാമുനിമാരെല്ലാവരും പരിശുദ്ധരാവാത്തതെന്തേ? അവരും സദാ രാഗദ്വെഷങ്ങളില്‍ മുഴുകിക്കഴിയുന്നവരാണ്. അവിടെയും ഏറെ ദ്രോഹബുദ്ധികള്‍ ഉണ്ട്. കൌശീകമുനിയെപ്പോലുള്ളവര്‍ പോലും ഇതിനപവാദമല്ല.


എന്നാല്‍ രാജാവേ, സത്സംഗം കൊണ്ട് മനോമാലിന്യം നശിച്ച് മനശുദ്ധി വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. അതിനു ദൈവാധീനം വേണം. അങ്ങിനെ മലിനമുക്തമായ മനസ്സ് ഗംഗാനദിയെക്കാള്‍ ഉത്കൃഷ്ടമാവും. വേദശാസ്ത്രങ്ങള്‍, യാഗം, തപസ്സ്, ദാനം എന്നിവയ്ക്കൊന്നും ചിത്തശുദ്ധി നല്‍കാനാവില്ല. ഗംഗാതീരത്ത്‌ ജീവിച്ചിട്ടും ബ്രഹ്മപുത്രനായ വസിഷ്ഠനില്‍പ്പോലും  രാഗദ്വേഷങ്ങള്‍ ഉണ്ടായിരുന്നില്ലേ?  പണ്ട് വസിഷ്ഠനും വിശ്വാമിത്രനും കൊക്കുകളായിത്തീര്‍ന്നു പരസ്പരം പോരടിച്ചില്ലേ? ഹരിശ്ചന്ദ്രന്‍ കാരണമാണ് വിശ്വാമിത്രന്‍ ഒരു മീന്‍കൊത്തിയായത്. വിശ്വാമിത്രന്റെ ശാപത്താല്‍ വസിഷ്ടനും ഒരു കൊക്കായിപ്പിറന്നു. പുണ്യതീര്‍ത്ഥമായ മാനസസരസ്സിന്റെ തീരത്ത് പതിനായിരം കൊല്ലക്കാലം പരസ്പരം കൊത്തിയും മാന്തിയും അവരിരുവരും പോരെടുത്ത് കഴിഞ്ഞു.

ആ മുനിപുംഗവന്മാര്‍ വൈരികളാവാന്‍ കാരണം എന്തെന്ന ചോദ്യത്തിന് വ്യാസന്‍ അവരുടെ കഥ പറഞ്ഞു കൊടുത്തു.


ശ്രീരാമചന്ദ്രനും മുന്‍പ് സൂര്യവംശത്തില്‍ ത്രിശങ്കുവിന്റെ മകനായി ഹരിശ്ചന്ദ്രന്‍ എന്നൊരു രാജാവുണ്ടായിരുന്നു. തങ്ങള്‍ക്ക് പുത്രനുണ്ടാവാന്‍ വേണ്ടി രാജാവ് ഒരു വലിയ യജ്ഞം നടത്താന്‍ തീരുമാനിച്ചു. തനിക്കുണ്ടാവുന്ന ആദ്യജാതനെ യാഗപശുവാക്കി നരബലി നടത്തിക്കൊള്ളാമെന്ന് വരുണദേവനോടു ഏറ്റു. അങ്ങിനെ രാജ്ഞി ഗര്‍ഭിണിയായി. വിധിപൂര്‍വ്വകമായ കര്‍മ്മങ്ങള്‍ എല്ലാം നടത്തി, കാലമെത്തിയപ്പോള്‍ രാജ്ഞി ഉത്തമനായ ഒരു പുത്രന് ജന്മം നല്‍കി. രാജാവ് സന്തോഷപൂര്‍വ്വം ജാതകര്‍മ്മങ്ങളും ബ്രാഹ്മണദാനവും നടത്തി. അനേകം നല്ല കറവപ്പശുക്കളെ അദ്ദേഹം വിപ്രര്‍ക്ക് ദാനം ചെയ്തു. അക്കൂട്ടത്തില്‍ വരുണന്‍ ഒരു ബ്രാഹ്മണവേഷത്തില്‍ എത്തിയിരുന്നു. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചുപചരിച്ചു. ‘ഞാന്‍ വരുണന്‍ ആണ്’ എന്നാ ബ്രാഹ്മണന്‍ രാജാവിനെ അറിയിച്ചു.


‘മകനെ നരബലി കൊടുത്ത് നീ നിന്‍റെ വാക്ക് പാലിക്കുക. അങ്ങെന്നോട് സത്യം ചെയ്തതാണല്ലോ.’ രാജാവ് അതീവ ദുഖിതനായി കൈകൂപ്പിക്കൊണ്ട് വരുണനോട് അപേക്ഷിച്ചു: അങ്ങയോടു പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചുകൊള്ളാം. മകന്‍ ജനിച്ച ഈ മാസം കഴിഞ്ഞേ എന്‍റെ പത്നി ശുദ്ധയാവൂ. ശുദ്ധയായ പത്നിയെക്കൂട്ടി വേണമല്ലോ യജ്ഞം ചെയ്യാന്‍.’

രാജാവ് പറഞ്ഞത് വരുണന് സമ്മതമായിരുന്നു. തല്‍ക്കാലം രക്ഷപ്പെട്ടുവെങ്കിലും രാജാവ് അത്യന്തം ആകുലനായിരുന്നു. ഒരു മാസം തികയവേ വരുണന്‍ വീണ്ടും വിപ്രവേഷത്തില്‍ കൊട്ടാരത്തിലെത്തി. അദ്ദേഹത്തെ പൂജിച്ചിരുത്തി ബഹുമാനിച്ചിട്ട് രാജാവ് പറഞ്ഞു:  മഹാത്മന്‍, എന്റെ പുത്രന് സംസ്കാരക്രിയകള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ. അങ്ങിനെയുള്ള കുഞ്ഞിനെ യജ്ഞയൂപത്തില്‍ കെട്ടുന്നത് നന്നോ? ആദ്യം അവനുവേണ്ട സംസ്കാരകര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാനാ ബലി നടത്താം. അതിനുള്ള സാവകാശം തരണം. സംസ്കാരാദികള്‍ ചെയ്യാത്ത കുഞ്ഞിനെ ബലി കൊടുക്കാന്‍ അധികാരമില്ല എന്നല്ലേ?’


‘അല്ല, ഇതു ഞാന്‍ അനുവദിക്കില്ല. നീയാദ്യംതന്നെ എന്നോടു സത്യം ചെയ്തു. പിന്നെയിപ്പോള്‍ ഒഴികഴിവുകള്‍ പറഞ്ഞ് എന്നെ വഞ്ചിക്കാനാണോ നീ ശ്രമിക്കുന്നത്? അപുത്രന്റെ പുത്രവാത്സല്യം എനിക്കറിയാം. ഏതായാലും ഇപ്പോള്‍ ഞാന്‍ പോകാം. പക്ഷെ കുറച്ചുനാള്‍ കഴിഞ്ഞു ഞാന്‍ തിരികെ വരും എന്നോര്‍മ്മവേണം.’

‘ഭഗവന്‍, സമാവര്‍ത്തനം കഴിഞ്ഞാല്‍ ഞാന്‍ പുത്രനെ യജ്ഞപശുവാക്കി കര്‍മ്മം നടത്താം’ എന്ന് രാജാവ് ഉറപ്പു നല്‍കി. രോഹിതന്‍ എന്ന പേരുള്ള ഹരിശ്ചന്ദ്രപുത്രന്‍ സര്‍വ്വവിദ്യകളും എളുപ്പത്തില്‍ പഠിച്ചു. എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു. അവന്‍ അച്ഛന്‍ നല്‍കിയ ശപഥത്തെപ്പറ്റി അറിഞ്ഞതു മുതല്‍ തനിക്ക് മൃത്യു ആസന്നമാണ്‌ എന്ന ഭയം അവനെ പിടികൂടി. അവന്‍ മനസ്സ് നൊന്ത് എവിടെയോ ഒരു ഗുഹയ്ക്കകത്ത് കയറി ഒളിച്ചു താമസിച്ചു. ആ നാട്ടിലേയ്ക്ക ആരും സാധാരണ പോകാറില്ല.


ഒരുദിവസം യജ്ഞം നടത്താന്‍ സമയമായി എന്നറിയിച്ചുകൊണ്ട്‌ വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

‘ഞാനെന്താണ് ചെയ്യുക? അവനെ കാണാനില്ല.’ എന്ന് രാജാവ് പറഞ്ഞപ്പോള്‍ പാശി കോപിഷ്ടനായി. ‘നീ കള്ളം പറയാന്‍ മിടുക്കന്‍ തന്നെ. എന്നെ ചതിക്കാന്‍ ശ്രമിച്ചതുകൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു. നിനക്ക് ജലോദരം പിടിപെടട്ടെ.’ വരുണന്‍ മടങ്ങിപ്പോയി. രാജാവ് രോഗഗ്രസ്തനുമായി.

അച്ഛന്‍ രോഗിയായി വലയുന്ന കാര്യം കാട്ടില്‍ക്കഴിയുന്ന രോഹിതന്‍ അറിഞ്ഞു. ഈ വിവരമറിയിച്ച വഴിപോക്കന്‍ പറഞ്ഞു:’ നീയാണ് അച്ഛന്റെ രോഗപീഡയ്ക്ക് കാരണം. പിതാവിന്‍റെ ദുഃഖം മാറ്റാന്‍ കഴിയാത്ത പുത്രന്‍റെ ജന്മം വ്യര്‍ത്ഥം. വിഷമിച്ചു കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കാതെ നീയിങ്ങിനെ ഒളിച്ചു കഴിയുന്നത് എത്ര നീചമാണ്! ജന്മം തന്നവന്റെ ദുഃഖം മാറ്റാന്‍ ഈ ദേഹം ഉപയോഗിച്ചില്ലെങ്കില്‍ ഈ തടികൊണ്ടെന്തു കാര്യം? പിതാവിന് വേണ്ടി പ്രാണന്‍ കളയാനും പുത്രന്‍ തയ്യാറാവണം.’


ഈ ധര്‍മ്മോപദേശം അവനില്‍ മനംമാറ്റമുണ്ടാക്കി. അവന്‍ കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ തയ്യാറായി. അപ്പോള്‍ ഇന്ദ്രന്‍ ഒരു വിപ്രന്റെ വേഷത്തില്‍ അവിടെയെത്തി രോഹിതിനോടു സ്വകാര്യമായി പറഞ്ഞു: ‘നീയെന്തറിഞ്ഞിട്ടാണ് കൊട്ടാരത്തിലേയ്ക്ക് പോകുന്നത്? രോഗാര്‍ത്തനായ അച്ഛനെ നിനക്ക് ശരിക്കറിയില്ല. നീയൊരു മൂര്‍ഖന്‍ തന്നെ’



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Tuesday, April 4, 2017

യുഗധര്‍മ്മം - ശ്രീമദ്‌ ദേവീഭാഗവതം. 6. 11 - ദിവസം 138.



ഭാരാവതരണാര്‍ത്ഥായ കഥിതം ജന്മ കൃഷ്ണയോ:
സംശയോ fയം ദ്വിജ ശ്രേഷ്ഠ ഹൃദയേ മമ തിഷ്ഠതി
പൃഥ്വീ ഗോസ്വരൂപേണ ബ്രഹ്മാണാം ശരണം ഗതാ
ദ്വാപരാന്തേ fതി ദീനാf fര്‍ത്താ ഗുരു ഭാര പ്രപീഡിതാ



ജനമേജയന്‍ പറഞ്ഞു:  ഭൂഭാരം തീര്‍ക്കാന്‍ കൃഷ്ണനും അര്‍ജുനനും ഉണ്ടായിരുന്നുവല്ലോ. എന്നാല്‍ ദ്വാപരയുഗാന്ത്യത്തില്‍ ഭൂദേവി ഒരു പശുവിന്‍റെ രൂപത്തില്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചതായി കേട്ടിട്ടുണ്ട്. നാന്മുഖന്‍ മഹാവിഷ്ണുവിനോടഭ്യര്‍രത്ഥിച്ചതിന്‍ പ്രകാരം ഭൂഭാരം തീര്‍ക്കാന്‍ കൃഷ്ണനും അര്‍ജ്ജുനനുമായി ഭൂമിയില്‍ പിറക്കാം എന്നേറ്റു.. അവരുടെ കൂട്ടാളികളായ ദേവവൃന്ദവും അവര്‍ക്ക് സഹായത്തിനുണ്ടായിരുന്നു. വസുദേവരുടെ പുത്രനായി ഭഗവാന്‍ പിറന്നു. ബലരാമന്‍റെ അനുജനായി ഭഗവാന്‍ അവതരിച്ചിട്ടും ഭൂമിയിലെ ദുഷ്ടന്മാരെ ഇല്ലാതാക്കാന്‍ എന്തേ കഴിഞ്ഞില്ല? ഭീഷ്മന്‍, ദ്രോണന്‍, ദ്രുപദന്‍, വിരാടന്‍, സോമദത്തന്‍, കര്‍ണ്ണന്‍, എന്നിവരെല്ലാം കൊല്ലപ്പെട്ടു എന്നത് സത്യമാണെങ്കിലും കൃഷ്ണപത്നിമാരെ കവര്‍ന്ന ദുഷ്ടക്കൂട്ടം എന്തേ ഇല്ലാതായില്ല? അവര്‍ ഇപ്പോഴും ഭൂമിയില്‍ വാഴുന്നു. കോടിക്കണക്കിനു ദുഷ്ടന്മാര്‍ അരങ്ങു വാഴുന്ന ഇടമാണ് ഇപ്പോഴും ഭൂമി. അപ്പോള്‍ ഭഗവാന്‍ ചെയ്തുവെന്ന് പറയുന്ന ഭൂഭാരനിര്‍മ്മാര്‍ജ്ജനം എന്തായിരുന്നു? ഇപ്പോഴും പാപികളെയാണ് ചുറ്റും നോക്കുമ്പോള്‍ കാണുന്നത്.



വ്യാസന്‍ പറഞ്ഞു: രാജന്‍, ഓരോരോ യുഗങ്ങള്‍ക്കും അതതു സ്വഭാവ സവിശേഷതകള്‍ ഉണ്ട്.  യുഗധര്‍മ്മം അനുസരിച്ചാണ് ജീവകോടികള്‍ ആവീര്‍ഭവിക്കുന്നത്. കൃതത്തില്‍ ധര്‍മ്മതത്പരര്‍ പിറക്കുന്നു. ത്രേതത്തില്‍ ധര്‍മ്മവും അര്‍ത്ഥവും വേണ്ടവരാണ് ജനിക്കുന്നത്. ദ്വാപരത്തില്‍ ജനിക്കുന്നവര്‍ക്ക് ഇവരണ്ടും കൂടാതെ കാമം എന്ന മൂന്നാമത്തെ പുരുഷാര്‍ത്ഥം കൂടിയുണ്ട്. എന്നാല്‍ ഈ കലികാലത്ത് ജനിക്കുന്നവരില്‍ അര്‍ത്ഥകാമ താല്പര്യം മാത്രമേ കാണുന്നുള്ളൂ. യുഗധര്‍മ്മത്തില്‍ മാറ്റമുണ്ടാവില്ല. എല്ലാം കാലത്തിന്‍റെ കയ്യിലാണ്. കാലമാണ് ധര്‍മ്മാധര്‍മ്മങ്ങളുടെ കര്‍ത്താവ്.


ജനമേജയന്‍ പറഞ്ഞു: പണ്ട് കൃതത്തില്‍ ജനിച്ചു ജീവിച്ച മഹച്ഛരിതന്മാര്‍ ഇപ്പോള്‍ എവിടെയാണുള്ളത്? വ്രതം, ദാനം തപസ്സ് എന്നിവയില്‍ പ്രവീണരും ഉല്‍സാഹികളുമായ അനേകര്‍ കൃതത്തിലും ത്രേതത്തിലും ഉണ്ടായിരുന്നല്ലോ. ആ ശ്രേഷ്ഠര്‍ ഇപ്പോള്‍ എവിടെയാണ്? അതുപോലെ ഇന്നിവിടെ കാണുന്ന, നാണമില്ലാതെ പാപത്തില്‍ ഏര്‍പ്പെടുന്ന, അധമവര്‍ഗ്ഗങ്ങള്‍ ആ ദിവ്യയുഗങ്ങളില്‍ എവിടെയായിരുന്നു? സത്യയുഗത്തില്‍ അവര്‍ ഇല്ലായിരുന്നോ? മഹര്‍ഷേ ഇക്കാര്യങ്ങളെല്ലാം വിശദമായി ഞങ്ങള്‍ക്ക്  മനസ്സിലാക്കിത്തന്നാലും.


വ്യാസന്‍ തുടര്‍ന്നു: കൃതത്തില്‍ ജനിച്ചവര്‍ സദ്കര്‍മ്മങ്ങള്‍ ചെയ്ത് ദേവലോകം പ്രാപിക്കുകയാണ് ചെയ്യുക. നാല് വര്‍ണ്ണത്തിലും പെട്ടവര്‍ അവരവരുടെ ധര്‍മ്മം വേണ്ടതുപോലെ അനുഷ്ടിച്ചുകൊണ്ട് പുണ്യമാര്‍ജ്ജിക്കുന്നു. സത്യം, ദാനം, കരുണ, സര്‍വ്വഭൂതദയ, സമബുദ്ധി, അഹിംസ, സഹധര്‍മ്മചാരിണിയായി സ്വഭാര്യയെ മാത്രം സ്വീകരിക്കുക എന്നിവയെല്ലാം സത്യയുഗത്തില്‍ സഹജമായ കാര്യങ്ങളായിരുന്നു. അതുകൊണ്ട് നീച ജാതികളും ദേവലോകത്ത് തന്നെ ചെന്നെത്തുന്നു. ത്രേതായുഗത്തിലും ദ്വാപരത്തിലും ഏകദേശം ഇതൊക്കെത്തന്നെയാണ് സ്ഥിതി. എന്നാല്‍ കലിയുഗത്തിലെ മനുഷ്യര്‍ പാപങ്ങള്‍ ചെയ്ത് ഒടുവില്‍ നരകങ്ങളില്‍ എത്തുകയാണ്. എന്നിട്ടവര്‍ വട്ടമെത്തി അടുത്ത കാലികാലം വന്നണയുന്നതുവരെ നരകത്തില്‍ത്തന്നെ കഴിയുന്നു. അടുത്ത കലിയില്‍ അവര്‍ക്ക് മനുഷ്യജന്മം ലഭിക്കുന്നു. അതുപോലെ കലിയുഗം അവസാനിച്ചു സത്യയുഗം ആരംഭിക്കുമ്പോള്‍ സ്വര്‍ഗ്ഗലോകം വിട്ട് ജീവന്‍ ഭൂമിയില്‍ വന്നു പിറക്കുന്നു. ദ്വാപരം അവസാനിച്ച് കലിയുഗം തുടങ്ങാറാകുമ്പോള്‍ പാപജീവനുകള്‍ നരകം വിട്ടു ഭൂമിയില്‍ പിറവിയെടുക്കുന്നു. ദുഷ്ടയുഗത്തില്‍ മനുഷ്യന്‍ ദുഷ്ടനായിത്തന്നെ പിറക്കും.


വിരളമായി ഇതിനപവാദം കണ്ടേക്കാം. കലിയിലും സദ്‌വൃത്തരെ കണ്ടുമുട്ടിയെന്നു വരാം. കൃതത്രേതദ്വാപരങ്ങളില്‍ ചില പാപികളും ജന്മമേമെടുത്തേക്കാം. കര്‍മ്മങ്ങള്‍ക്ക് അനുസൃതമായി ദുഖാനുഭവങ്ങള്‍ ഉണ്ടാവുന്നു. യുഗധര്‍മ്മമനുസരിച്ച് തദൃശകര്‍മ്മങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.


യുഗധര്‍മ്മങ്ങളെ വെവ്വേറെ വിശദമാക്കി ഓരോരോ യുഗങ്ങളിലെ ധര്‍മ്മങ്ങള്‍ മനസ്സിലാക്കിത്തരാന്‍ ജനമേജയന്‍ പറഞ്ഞപ്പോള്‍ വ്യാസന്‍ പറഞ്ഞു: ഞാന്‍ ഒരുദാഹരണം പറയാം. സാധുക്കളുടെ മനസ്സുപോലും യുഗപ്രഭാവത്താല്‍  പതറുന്നത് നാം കാണുന്നുണ്ട്. മഹാനായ നിന്‍റെ പിതാവ് മുനിനിന്ദചെയ്തില്ലേ? അല്ലെങ്കില്‍ യയാതി വംശത്തില്‍ ജനിച്ച ഒരുത്തമക്ഷത്രിയന് ഒരു മുനിയുടെ കഴുത്തില്‍ ചത്തൊരു പാമ്പിനെ ഇടാന്‍ തോന്നുമോ? കലിയുടെ പ്രാഭവം തന്നെയാണത്.


അതിനാല്‍ ബുദ്ധിയുള്ളവര്‍ ഇതൊക്കെ യുഗധര്‍മ്മങ്ങള്‍ ആണെന്ന് ധരിച്ച് ധര്‍മ്മനുസാരമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക തന്നെ വേണം. സത്യയുഗത്തിലെ ബ്രാഹ്മണര്‍ വേദം നന്നായി അറിയുന്നവരാണ്. ജഗദംബയെ പൂജിക്കാന്‍ അറിയുന്നവരും ദേവീദര്‍ശന കുതുകികളും ആണ്. ഗായത്രി ജപം, പ്രണവോപാസന, എന്നിവയില്‍ മുഴുകിയവരും ദേവിയുടെ മായാബീജമന്ത്രം സദാ ജപിക്കുന്നവരുമാണ്. ഓരോരോ നാട്ടിലും അവര്‍ ദേവിക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്നവരും ശ്രദ്ധ, ദാനം, ശൌചം, എന്നിവയില്‍ നിഷ്ഠയുള്ളവരുമാണ്. ബ്രാഹ്മണര്‍ വേദജ്ഞാനികള്‍; ക്ഷത്രിയര്‍ പ്രജാക്ഷേമതല്‍പ്പരര്‍. വൈശ്യര്‍ കൃഷി, വാണിജ്യം എന്നിവയില്‍ പ്രവീണര്‍, ഗോപരിപാലനത്തില്‍ ശുഷ്കാന്തിയുള്ളവര്‍. ശൂദ്രര്‍ ശുശ്രൂഷാ ജോലികളില്‍ ശ്രദ്ധയുള്ളവര്‍. എല്ലാവരും കൃതയുഗത്തില്‍ ദേവീപൂജയില്‍ മുഴുകുന്നവരാണ്.


ത്രേതായുഗത്തില്‍ ധര്‍മ്മത്തിന് അല്‍പ്പം മങ്ങലുണ്ടാവും. ദ്വാപരത്തില്‍ ധര്‍മ്മം വീണ്ടും ക്ഷയിക്കും. മുന്‍പ് രാക്ഷസരായി ജനിച്ചവര്‍ കലികാലത്ത് ബ്രാഹ്മണരാവും. വേദധര്‍മ്മം വെടിഞ്ഞും ജനവഞ്ചന ചെയ്തും  കള്ളം പറയുന്ന ഈ നിരീശ്വരര്‍ ലോകകാര്യങ്ങള്‍ ചെയ്യാന്‍ അതി സമര്‍ത്ഥരാവും. മിഥ്യാഭിമാനം, ശൂദ്രസേവ, മറ്റു നാനാവിധ ധര്‍മ്മങ്ങളില്‍ താല്‍പര്യം എന്നിവ ഈ ബ്രാഹ്മണരുടെ ലക്ഷണമാണ്. അവര്‍ക്ക് വേദത്തിനു നിരക്കാത്ത കാര്യം പുലമ്പാന്‍ മടിയില്ല. സത്യത്തിന്റെ മൂലം ധര്‍മ്മമാണല്ലോ. അത് തുലോം ക്ഷീണിച്ചു പോവും. ക്ഷത്രിയരും വൈശ്യരും ശൂദ്രജാതിയും ഇതുപോലെ ധര്മ്മത്തിനെതിരായി വര്‍ത്തിക്കും. കലി വര്‍ദ്ധിക്കുന്നതിനനുസരിച്ച്  ബ്രാഹ്മണര്‍ ദക്ഷിണവാങ്ങാന്‍ വേണ്ടി എന്തും ചെയ്യും എന്നാ അവസ്ഥയിലെത്തും. സാഹസം കാട്ടാന്‍ അവര്‍ക്ക് മടിയില്ലാതാകും. കാമലോഭാദികള്‍ അവരില്‍ നിറഞ്ഞു നില്‍ക്കും. നാരികള്‍ ഭര്‍തൃവഞ്ചകരാവും. എങ്കിലും അവര്‍ ധര്‍മ്മപ്രസംഗം ചെയ്യും. ബ്രാഹ്മണര്‍ക്ക് ശൂദ്രവൃത്തിയില്‍ താല്‍പ്പര്യം ജനിക്കും.


ആഹാരശുദ്ധികൊണ്ടാണ് മനസ്സ് ശുദ്ധമാകുന്നത്. കാരണം ശുദ്ധമായ ആഹാരം സത്വത്തെ വര്‍ദ്ധിപ്പിച്ച് ധര്‍മ്മബുദ്ധി വളര്‍ത്തുന്നു. ശുദ്ധമല്ലാത്ത ആഹാരം ധര്‍മ്മഭ്രംശത്തിനും ആചാരദോഷത്തിനും ഇടവരുത്തുന്നു. ആചാരദോഷം കൊണ്ട് ധര്‍മ്മസങ്കരം ഭവിക്കുന്നു. ധര്‍മ്മസങ്കരം വര്‍ണ്ണസങ്കരമുണ്ടാക്കുന്നു. അങ്ങിനെ കലിയുഗത്തില്‍ സര്‍വ്വധര്‍മ്മങ്ങളും നാശോന്മുഖമാകുന്നു.


സ്വന്തം വര്‍ണ്ണത്തെയും അതിന്‍റെ ധര്‍മ്മത്തെയും കുറിച്ച് ആര്‍ക്കും അറിവുണ്ടാവില്ല. ധര്‍മ്മജ്ഞന്മാര്‍ എന്ന് കരുതുന്നവര്‍ തന്നെ അധര്‍മ്മം ചെയ്യും. ഇത് കലിയുടെ സ്വഭാവമാണ്. അത് മാറ്റാനൊന്നും സാദ്ധ്യമല്ല. അതിനാല്‍ മനുഷ്യന്‍ കലിയില്‍ പാപം ചെയ്യുന്നു.

ജനമേജയന്‍ ചോദിച്ചു: ഇങ്ങിനെയാണെങ്കില്‍ കലികാലത്ത് മനുഷ്യന് എന്ത് ഗതിയാണുള്ളത്? സര്‍വ്വധര്‍മ്മങ്ങളും അറിയാവുന്ന അങ്ങുതന്നെ ഞങ്ങള്‍ക്ക് ഇതിനൊരുപായം പറഞ്ഞു തരണം.


വ്യാസന്‍ പറഞ്ഞു: ദേവീപാദഭജനം മാത്രമേ ഇതിനൊരുപായമുള്ളു. സര്‍വ്വദോഷങ്ങളും തീരാന്‍ ഇതേയുള്ളൂ വഴി. രാജാവേ, ആ ജഗദംബയുടെ നാമജപത്തിനാല്‍ മാറാത്ത യാതൊരു ദുഷ്കൃതങ്ങളും ഇല്ലെന്നറിയുക. ഇതറിയാമെങ്കില്‍ എന്തിനാണ് പേടി? വെറും കളിയായി നാമം ജപിച്ചാലും അവശനായിട്ടായാലും ദേവിയുടെ നാമം ജപിച്ചവന് അഭയം ഉറപ്പാണ്. അതിന്റെ മാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഹരിഹരന്മാര്‍ക്ക് പോലും ആവില്ല. സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തമാണ് ആ നാമജപം. കലിഭയം തീരാന്‍ അമ്മയുടെ നാമങ്ങള്‍ സദാ ഭക്തിയോടെ ജപിക്കണം. ഭക്തിപുരസരം ദേവിയെ പൂജിക്കുന്നവനെ പാപം തൊടുകയില്ല. ജന്തുദ്രോഹിയാണെങ്കിലും ദേവീ നാമസ്മരണ ഒരുവനെ പാപമുക്തനാക്കും. സര്‍വ്വശാസ്ത്രങ്ങളുടെയും രഹസ്യം ഇതത്രേ.


എല്ലാ ജീവികളും മന്ത്രമഹിമ അറിയാതെയാണെങ്കിലും അജപജപമായി ഗായത്രി ജപിക്കുന്നുണ്ട്. ബ്രാഹ്മണരെല്ലാം ഉള്ളില്‍ ഗായത്രി ജപിക്കുന്നത് അതിന്‍റെ മഹിമ അറിഞ്ഞിട്ടൊന്നുമല്ല.

ഞാന്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്ക് മറുപടി തന്നുവല്ലോ? ഇനിയും എന്തൊക്കെയാണ് ധര്‍മ്മവ്യവസ്ഥയെപ്പറ്റി അങ്ങേയ്ക്ക് അറിയേണ്ടത്?



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Monday, April 3, 2017

കര്‍മനിരൂപണം - ശ്രീമദ്‌ ദേവീഭാഗവതം. 6. 10. - ദിവസം 137.



കഥിതം ചരിതം ബ്രഹ്മന്‍ ശക്രസ്യാദ്ഭുതകര്‍മ്മണ:
സ്ഥാനഭ്രംശസ്തഥാ ദുഖപ്രാപ്തിരുക്താ വിശേഷത:
യത്ര ദേവാധി ദേവ്യാശ്ച മഹിമാ fതീവ വര്‍ണ്ണിത:
സന്ദേഹോ fത്ര മമാപ്യസ്തി യച്ഛക്രോ fപി മഹാതപാ:


ജനമേജയന്‍ പറഞ്ഞു:  മഹാമുനേ, ശക്രന്റെ സ്ഥാനനഷ്ടം, ദുഃഖപ്രാപ്തി മുതലായ കാര്യങ്ങള്‍ അങ്ങ് വിസ്തരിച്ചു. ജഗദംബികയായ ആ ദേവിയുടെ മഹശ്ചരിതങ്ങളും അങ്ങയുടെ പ്രഭാഷണത്തില്‍ നിന്നും കേട്ടു. എങ്കിലും എന്‍റെയുള്ളിലെ സംശയങ്ങള്‍ നീങ്ങുന്നില്ല. ഇന്ദ്രനൊക്കെ വലിയ തപസ്വിയല്ലേ? അങ്ങിനെയുള്ള മഹാന്മാര്‍ക്ക് ഇത്ര ദുഃഖം വന്നു പെടുമോ? അദ്ദേഹം ഇന്ദ്രപദവിയിലെത്തിയത് തന്നെ നൂറുകണക്കിന് യാഗകര്‍മ്മങ്ങള്‍ ചെയ്തിട്ടാവുമല്ലോ. പക്ഷെ ആ സ്ഥാനത്ത് നിന്നും അദേഹം ഭ്രഷ്ടനായതെങ്ങിനെ? എല്ലാമറിയാവുന്ന അങ്ങ് എന്‍റെ സംശയങ്ങളെ ദൂരീകരിച്ചാലും.’



അപ്പോള്‍ വ്യാസന്‍ പറഞ്ഞു: മഹാരാജാവേ, അങ്ങ് ചോദിച്ചതിനുള്ള ഉത്തരം ഞാന്‍ തരാം. അത്യദ്ഭുതകരമായ കാര്യമാണ് അത്തരം അനുഭവങ്ങള്‍ക്ക് ഹേതു. തത്വജ്ഞാനികള്‍ കര്‍മ്മത്തെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം എന്നിവയാണവ. സഞ്ചിതമെന്നത് അനേകജന്മങ്ങളില്‍ ഒരുവന്‍ ആര്‍ജ്ജിച്ചു വെച്ച കര്‍മ്മഫലമാണ്. സത്വം, രാജസം, താമസം എന്നിങ്ങിനെ കര്‍മ്മം മൂന്നുവിധത്തിലാണെന്ന് നമുക്കറിയാം. പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മത്തിന്‍റെ ഫലങ്ങള്‍ പുണ്യപാപങ്ങളായി ഒരുവന്‍ അനുഭവിക്കുക തന്നെ വേണം. എന്നാല്‍ ഓരോരോ ജന്മത്തിലും ആര്‍ജ്ജിച്ചു കൂട്ടുന്ന കര്‍മ്മഫലങ്ങള്‍ തുടര്‍ന്നു വരുന്ന കോടി ജന്മങ്ങള്‍ കൊണ്ടും അനുഭവിച്ചു തീരുന്നില്ല.


ശുഭാശുഭങ്ങളായി നാം അപ്പപ്പോള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘വര്‍ത്തമാനം’ എന്ന വിഭാഗത്തിലുള്ളവയാണ്‌. നാം സഞ്ചയിച്ചു വെച്ചിട്ടുള്ള കര്മ്മങ്ങളില്‍ നിന്നും ഏതാനും കര്‍മ്മഫലങ്ങള്‍ എടുത്ത് ഇപ്പോള്‍ത്തന്നെ ചെയ്തു തീര്‍ക്കാന്‍ തരുന്നത് കാലമാണ്. അവയ്ക്ക് പ്രാരാബ്ധകര്‍മ്മങ്ങള്‍ എന്ന് പറയുന്നു. പ്രാരാബ്ധകര്‍മ്മങ്ങള്‍ അനുഭവിക്കാതെ വഴിയില്ല. അത് എല്ലാ ജീവികള്‍ക്കും ബാധകമാണ്.

യക്ഷകിന്നരഗന്ധര്‍വദേവാസുരനരഖഗതിര്യക്കുകള്‍ക്കെല്ലാം പ്രാരാബ്ധകര്‍മ്മങ്ങള്‍ ഒഴിച്ചു കൂടാവുന്നതല്ല.


ദേഹമെടുക്കാന്‍ തന്നെ കാരണം കര്‍മ്മമാണ്‌. കര്‍മ്മം നശിച്ചാല്‍ ജീവികള്‍ക്ക് ജന്മമെടുക്കേണ്ടതായി വരികയില്ല.  ത്രിമൂര്‍ത്തികളും ദേവന്മാരും അസുരന്മാരും എന്നുവേണ്ട ജന്മമെടുത്ത എല്ലാവരും കര്‍മ്മഫലത്തിനനുസരിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ദേഹമെടുത്തവരുടെ ദുഖത്തിന് കാരണം ശരീരമാണ്. സുഖത്തിനും ശരീരമാണ് നിദാനമാകുന്നത്. എന്നാല്‍ ജന്മാന്തരങ്ങളില്‍ കാലപരിപാകം കൊണ്ട് സഞ്ചിതകര്‍മ്മങ്ങളില്‍ ചിലത് ചിലര്‍ക്ക് മുന്നില്‍ പ്രാരാബ്ധകര്‍മ്മങ്ങളായി വരുന്നു. അതിന്‍റെ ഊക്കില്‍ ചിലപ്പോള്‍ മനുഷ്യര്‍ നന്മയും മറ്റുചിലപ്പോള്‍ തിന്മയും ചെയ്തു കൂട്ടുന്നു. ദേവനമാരുടെ കാര്യവും ഇതില്‍നിന്നും വിഭിന്നമല്ല. ഇന്ദ്രന് ആ പദവി ലഭിച്ചത് പുണ്യഫലമായാണ്. എന്നാല്‍ ബ്രഹ്മഹത്യ ചെയ്തത് പാപഫലമായാണ്. നരനാരായണന്‍മാരും കര്‍മ്മവശഗരാണ്. അവരാണല്ലോ കൃഷ്ണനും പാര്‍ത്ഥനുമായി പിറന്നത്. പുരാണപീഠിക തന്നെയാണതിനു തെളിവെന്നു മുനിമാര്‍ പറയുന്നു.



ഉല്‍കൃഷ്ടവിഭവങ്ങള്‍ ഉള്ളവര്‍ ദേവാംശമുള്ളവനാണ്. ഋഷിക്കേ കാവ്യരചന വഴങ്ങൂ. രുദ്രനല്ലാത്തവാന്‍ രുദ്രനെ പൂജിക്കുകയില്ല. ദേവാംശമുള്ളവനുമാത്രമേ ദാനം ചെയ്യാന്‍ തോന്നൂ. വിഷ്ണുവിന്‍റെ അംശമില്ലാത്തവന്‍ ഭൂമിയില്‍ രാജാവാകുകയില്ല. ദേഹനിര്‍മ്മിതിക്കായി അഗ്നിയില്‍ നിന്ന് തേജസ്സും, ഇന്ദ്രനില്‍ നിന്നും പ്രഭുത്വവും, യമനില്‍ നിന്ന് കോപവും, വിഷ്ണുവില്‍ നിന്ന് ശൌര്യവും കുബെരനില്‍ നിന്നും ഐശ്വര്യവും സ്വീകരിച്ചിരിക്കുന്നു. ബലമുള്ളവന്‍, ദാനശീലമുള്ളവന്‍, ഭാഗ്യമുള്ളവന്‍, വിദ്യയുള്ളവന്‍, ഇവരെല്ലാം ദേവാംശമുള്ളവരത്രേ. ഉദാഹരണത്തിന് പാണ്ഠവര്‍ ഇങ്ങിനെയുള്ളവരാണ്. വാസുദേവനും ദേവാംശം തന്നെ.


എല്ലാജീവികള്‍ക്കും ദേഹമെന്നത് സുഖദുഖങ്ങള്‍ അനുഭവിക്കാനുള്ള പാത്രമാണ്. ദേഹമുണ്ടോ, സുഖദുഖങ്ങളും സ്വാഭാവികം. ജനനമരണങ്ങളും ദേഹിയ്ക്ക് സഹജം.

പാണ്ഠവര്‍ കാട്ടില്‍ ജനിച്ചുവീണു. എന്നാല്‍ സ്വന്തം പ്രാഭവത്താല്‍ നാട്ടിലെത്തി രാജസൂയം ചെയ്തു. പിന്നീട് വനവാസം, അതിലെ ഘോരമായ ആപത്തുകളെ നേരിട്ട് കഴിഞ്ഞപ്പോള്‍ മഹാമുനിമാര്‍ക്കുപോലും ചെയ്യാനരുതാത്ത തപസ്സുചെയ്ത അര്‍ജ്ജുനനു ദേവന്മാര്‍ വരങ്ങള്‍ നല്‍കി. അര്‍ജ്ജുനന്‍ ‘നരനായി’ പണ്ട് ചെയ്ത സദ്കര്‍മ്മങ്ങള്‍ കാട്ടില്‍ ദുരിതമനുഭവിച്ചപ്പോഴെന്തേ രക്ഷക്കെത്തിയില്ല? പാര്‍ത്ഥജന്മത്തില്‍ നരന്‍ ബദരീകാശ്രമത്തില്‍ വെച്ച് ചെയ്ത ഗംഭീരമായ തപസ്സ് ഒന്നും ഉപകാരപ്പെട്ടില്ല.



കര്‍മ്മങ്ങളുടെ ഗതിവിഗതികള്‍ ദേവന്മാര്‍ക്ക്പോലും അറിയാന്‍ കഴിയില്ല. പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? വാസുദേവന്‍‌ ജനിച്ചത് കാരാഗ്രഹത്തില്‍. വളര്‍ന്നത് ആദ്യത്തെ പതിനൊന്നുകൊല്ലം ഗോപന്മാരുടെ കൂടെ. പിന്നീട് മഥുരയിലെത്തി അമ്മാവന്‍ കംസനെ കൊന്നു. മ്ലേച്ഛരാജാവിനെ ഭയന്ന് ദ്വാരകയില്‍ പോയി ഒളിച്ചു താമസിച്ചു. എങ്കിലും അവിടെയിരുന്നു ശ്രേഷ്ഠകര്‍മ്മങ്ങള്‍ അനവധി ചെയ്തു. ഒടുവില്‍ പ്രഭാസത്തില്‍പ്പോയി സകുടുംബം ദേഹം ത്യജിച്ചു. പുത്രപൌത്രകളത്രങ്ങള്‍ എല്ലാം ബ്രാഹ്മണശാപം മൂലം ഇല്ലാതായി. കുലം തന്നെ മുടിഞ്ഞു. വാസുദേവന്റെ അന്ത്യമോ, അത് ഒരു വ്യാധന്റെ അമ്പ്‌ കൊണ്ടാണ്. രാജാവേ, കര്‍മ്മത്തിന്‍റെ ഗതിയിങ്ങിനെ അതിവിചിത്രമാണ്.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Sunday, April 2, 2017

നഹുഷാധ:പതനം - ശ്രീമദ്‌ ദേവീഭാഗവതം. 6. 9. - ദിവസം 136.



താം വീക്ഷ്യ വിപുലാപാംഗീം രഹ:ശോക സമന്വിതാം
ആഖണ്ഠല: പ്രിയം ഭാര്യാം വിസ്മിതശ്ചാബ്രവീത്തദാ
കഥമത്രാഗതാ കാന്തേ കഥം ജ്ഞാതസ്ത്വ യാഹ്യഹം
ദുര്‍ജ്ഞ്യേയ: സര്‍വഭൂതാനാം സംസ്ഥിതോസ്മി ശുഭാനനേ



വ്യാസന്‍ തുടര്‍ന്നു: തന്‍റെ പ്രിയതമ മാനസസരസ്സില്‍ താനിരിക്കുന്ന ഏകാന്തപ്രദേശത്ത് എത്തിയത് കണ്ട് ഇന്ദ്രന്‍ ആശ്ചര്യപ്പെട്ടു. 'ഞാനിവിടെയുണ്ടെന്നു നീയെങ്ങിനെ അറിഞ്ഞു പ്രിയേ?' എന്നദ്ദേഹം ചോദിച്ചു.


‘ഭഗവതീപ്രസാദമാണ് അതിന്‍റെ കാരണം’. ആ ജഗദംബ കനിഞ്ഞതിനാലാണ് എനിക്കിവിടെ വരാനായത്. അങ്ങവിടെ ഇല്ലാത്തതിനാല്‍ മുനിമാര്‍ ചേര്‍ന്ന് നഹുഷനെ ഇന്ദ്രനായി വാഴിച്ചിരിക്കുന്നു. അവന്‍റെ ശല്യം സഹിക്കാനാവുന്നില്ല എനിക്ക്. അവനെ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കണം എന്നതാണ് അവന്‍ പറയുന്നത്. ‘ഞാനിപ്പോള്‍ ഇന്ദ്രനാണ്‌. അതുകൊണ്ട് ഇന്ദ്രാണിയെ എനിക്ക് വേണം‘ എന്നാണവന്‍റെ വാദം. രിപുദമനാ, ഞാനെത് ചെയ്യണം?’


‘ഇനിയും എനിക്ക് പുറത്തുവരാന്‍ കാലമായില്ല. സതിയായ നീ കുറച്ചു കാലം കൂടി പൊറുക്കണം. കാത്തിരിക്കുകയും വേണം’

തന്‍റെ നാഥന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശചി സങ്കടത്തോടെ പറഞ്ഞു: ‘എങ്ങിനെയാണ് അവനെയെനിക്ക് തടയാന്‍ കഴിയുക? മദഗര്‍വ്വിതനും അധികാരിയുമായ അവന്‍ എന്നെ ചൊല്‍പ്പടിക്ക് നിര്‍ത്തും. മാത്രമോ മുനിമാരും മറ്റു ദേവന്മാരും പറയുന്നത് ആ കാമാന്ധനെ ഞാന്‍ വരിക്കണമെന്നാണ്. ദേവഗുരുവിനെ ആശ്രയിക്കാമെന്ന് വച്ചാല്‍ അദ്ദേഹം വെറുമൊരു ദുര്‍ബ്ബലബ്രാഹ്മണന്‍. സേനാബലമില്ല താനും. ദേവന്മാര്‍ അവരവരുടെ കാര്യത്തില്‍ മാത്രം ശ്രദ്ധയുള്ളവരാണ്. ഞാന്‍ അബലയായ ഒരു നാരിയാണല്ലോ. അന്യപുരുഷന് കീഴടങ്ങി ഞാനൊരു വേശ്യയാവുകയില്ല. എന്നെ രക്ഷിക്കാന്‍ അവിടെയാരുമില്ല നാഥാ.’


ഇന്ദ്രന്‍ പറഞ്ഞു: ‘സുന്ദരീ ഞാനൊരുപായം പറയാം. ആപത്തുകാലത്ത് രക്ഷിക്കാന്‍ ഒരുവളുടെ ശീലഗുണങ്ങള്‍ മാത്രമേ ഉപകരിക്കൂ. അന്യന്‍റെ കീഴില്‍ കഴിയുമ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ അത്ര എളുപ്പമൊന്നുമല്ല. ചിലപ്പോള്‍ മനസ്സ് ഇളകും. എന്നാല്‍ ഒരുവളുടെ സത്സ്വഭാവം അവളെ രക്ഷിക്കും. നഹുഷന്‍ നിന്നെ ബലാല്‍ പ്രാപിക്കാന്‍ നോക്കിയാല്‍ അവനെ നീ നല്ല വാക്കുകൊടുത്തു മയക്കി വഞ്ചിക്കുക. നീ അയാളോട് ‘ഏകാന്തമായ ഒരിടത്ത് ഋഷിമാര്‍ ചുമക്കുന്ന പല്ലക്കിലേറി വന്ന്‍ എന്നെ സന്ധിക്കൂ’ എന്ന് പറയണം. ‘ഇങ്ങിനെ മാത്രമേ നിനക്ക് കീഴടങ്ങാന്‍ കഴിയൂ എന്നത് എന്‍റെയൊരു വ്രതമാണ്’. ഇത് പറഞ്ഞാല്‍ അവന്‍ ശരിക്കും മോഹവലയത്തില്‍ വീഴും. അവന്‍ ഋഷിമാരെ നിര്‍ബ്ബന്ധിച്ചു കൊണ്ടുവന്ന് അവന്റെ പല്ലക്ക് ചുമപ്പിക്കും. ആ മുനിമാരില്‍ ഒരാള്‍ അവനെ ശപിച്ചു ഭസ്മമാക്കും. നിന്നെ സഹായിക്കാന്‍ ദേവി സദാ കൂടെയുണ്ടല്ലോ? ആ അമ്മയെ അഭയം പണിയുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാവില്ല. അഥവാ ആപത്തുകള്‍ വന്നുപെട്ടാലും അത് ശ്രേയസ്സിന് വേണ്ടിയാണെന്ന് കരുതണം. ഗുരു ബൃഹസ്പതി പറയുന്നതുപോലെ മണിദ്വീപില്‍ വാഴുന്ന ആ മഹേശ്വരിയെ സദാ സ്മരിക്കുക. പൂജിക്കുക.’


ശചി ഇന്ദ്രന്‍റെ നിര്‍ദ്ദേശം അനുസരിക്കാമെന്ന്  സമ്മതിച്ചു. അവള്‍ നഹുഷനെ ചെന്ന് കണ്ടു. രാജാവ് അതീവമായ സന്തോഷം പ്രകടിപ്പിച്ചു. ‘നിന്‍റെ സത്യവ്രതപാലനത്തില്‍ ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു. ഭര്‍ത്താവിനെ തേടിപ്പോയ നീ തിരികെ എന്‍റെയടുക്കല്‍ത്തന്നെ വന്നുവല്ലോ. ഞാന്‍ ഇനി നിനക്ക് ദാസന്‍. ഇനിയുമെന്തിനാണ് മൌനം? സുന്ദരീ ഇനിയെന്നെ സേവിക്കൂ. നിന്‍റെ മൌനം ഭഞ്ജിച്ചുകാണാന്‍ ഞാന്‍ എന്ത് ചെയ്യണം?’


‘തല്‍ക്കാലത്തെക്ക് ഇന്ദ്രപദവിയില്‍ ഇരിക്കുന്ന അങ്ങ്  എനിക്ക് വേണ്ട കാര്യമെല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍റെയുള്ളില്‍ ഒരാഗ്രഹം കൂടിയുണ്ട്. അത് സാധിപ്പിച്ചു തന്നാല്‍ ഞാന്‍ നിനക്ക് അടിമ. എന്റെ മാനസോല്ലാസം വര്‍ദ്ധിക്കാന്‍ അങ്ങതു ചെയ്തു തരണം.’


‘കാര്യമെന്താണെങ്കിലും ഞാനത് നടത്തും. ഒരിടത്തും കിട്ടാത്ത സാധനമാണെങ്കിലും ഞാനത് വരുത്തി നിന്‍റെ കാല്‍ക്കല്‍ വെയ്ക്കാം.’

‘ഞാനതെങ്ങിനെ പറയും പ്രഭോ? നിനക്കതിനു കഴിയുമോ എന്ന് എനിക്കതത്ര വിശ്വാസമില്ല. ഇഷ്ടം എന്തായാലും സാധിപ്പിക്കും എന്ന് നീ സത്യം ചെയ്യണം ശപഥം ചെയ്താലേ ഞാന്‍ എന്‍റെ ആഗ്രഹം പറയുകയുള്ളൂ. ശപഥപ്രകാരം എന്റെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ നിനക്ക് ഞാന്‍ കീഴടങ്ങാം എന്നുറപ്പ് തരുന്നു.’


‘ഇന്നോളം ഞാന്‍ ചെയ്ത യാഗങ്ങളും ദാനധര്‍മ്മങ്ങളും സുകൃതങ്ങളും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നു നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിക്കും!’

‘ഇന്ദ്രന് കുതിര, ആന, തേര് എന്നിവയാണല്ലോ വാഹനങ്ങള്‍. വിഷ്ണുവിന് ഗരുഡന്‍. യമന് പോത്ത്. ശങ്കരന് കാള, ബ്രഹ്മാവിന് ഹംസം. ആറുമുഖനു മയില്‍. ഗണപതിക്ക് മൂഷികന്‍‌. അങ്ങിനെയൊക്കെയുള്ളപ്പോള്‍ അങ്ങേയ്ക്കും അപൂര്‍വ്വമായ ഒരു വാഹനം വേണമെന്നാണ് എന്‍റെ മോഹം. അത് ദേവാസുരന്മാര്‍ക്കും ത്രിമൂര്‍ത്തികള്‍ക്കും ഉള്ളവയാവരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. താപസികളായ ഋഷിമാര്‍ ചുമക്കുന്ന ഒരു പല്ലക്കാവട്ടെ അങ്ങയുടെ വാഹനം. അങ്ങിനെ അങ്ങ് എല്ലാ ദേവന്മാര്‍ക്കും മീതെയാവും. അങ്ങിനെ വര്‍ദ്ധിതതേജസ്സോടെ വരുന്ന മഹാനായ നിന്നെ സ്വീകരിക്കാനാണ്‌ എന്‍റെ തീരുമാനം.’


ഇത് കേട്ടപ്പോള്‍ ശചിയെ പുകഴ്ത്തിക്കൊണ്ട് നഹുഷന്‍ പറഞ്ഞു: ‘നീ പറഞ്ഞ വാഹനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നീ പറഞ്ഞത് സത്യം. മുനിമാര്‍ ആരെയെങ്കിലും ചുമന്നു കൊണ്ട് നടക്കുന്നുവെങ്കില്‍ അയാള്‍ ചില്ലറക്കാരനാവില്ല. സപ്തര്‍ഷികളും മറ്റും അവനെ പുകഴ്ത്തും. ‘തപസ്സില്‍ മുന്തിയവാനും മൂലോകത്തിലും വെച്ച് മിടുക്കനുമാണിവന്‍’ എന്നവര്‍ കൊണ്ടാടും.’


മാരതാപം പൂണ്ടു മോഹിതനായി അയാള്‍ മുനിമാരോടു പറഞ്ഞു: ഞാനിപ്പോള്‍ സര്‍വ്വശക്തനായ ഇന്ദ്രനാണെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഡംഭൊന്നും കാണിക്കാതെ ഞാന്‍ പറയുന്നത് അനുസരിക്കണം. ഞാനീ സിംഹാസനത്തില്‍ ഇരുന്നിട്ടും ശചി എന്നെയിതുവരെ പ്രാപിച്ചിട്ടില്ല. ഞാനതിനു സമീപിച്ചപ്പോള്‍ അവള്‍ പറഞ്ഞത്  ഋഷിവാഹനത്തിലേറി വന്നാല്‍ മാത്രമേ എന്നെ സ്വീകരിക്കൂ എന്നാണ്. എനിക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്‌താല്‍ എന്‍റെ മാനം വര്‍ദ്ധിക്കും എന്‍റെ അഭിലാഷവും നടക്കും. എനിക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഇത്. നിങ്ങള്‍ക്കോ ഇത് നിഷ്പ്രയാസം. ശക്രപത്നിയില്‍ എനിക്കുള്ള ഉല്‍ക്കടമായ ആഗ്രഹം ഞാനെങ്ങിനെ നിങ്ങളോട് പറയും? എങ്ങിനെയെങ്കിലും എനിക്കായി നിങ്ങളിത് ചെയ്തേ തീരൂ.’


നിന്ദ്യമായ ഈ അപേക്ഷ കേട്ട് മുനിമാര്‍ ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യം എന്തെന്ന് കണക്കാക്കി. മുനിമാര്‍ നഹുഷന്‍ പറഞ്ഞതുപോലെ ചെയ്യാം എന്നേറ്റു. ശചിയെ മാത്രം മനസ്സില്‍ ആലോചിച്ചു കഴിഞ്ഞിരുന്ന രാജാവിന് സന്തോഷമായി. അഴകുറ്റ ഒരു പല്ലക്കില്‍ നഹുഷന്‍ ഇരുന്നു. മുനിമാര്‍ അത് ചുമന്നു നടക്കവേ ‘സര്‍പ്പ, സര്‍പ്പ, നടക്ക് നടക്ക്‘ എന്നയാള്‍ പറഞ്ഞുകൊണ്ട് അവരെ ഉല്‍സാഹിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ കാമാര്‍ത്തനായി പല്ലക്കില്‍ ഇളകിയാടിയിരിക്കെ തന്‍റെ കാലുകൊണ്ട്‌ അഗസ്ത്യമഹര്‍ഷിയുടെ ശിരസ്സില്‍ കാലുകൊണ്ട്‌ തൊഴിക്കുകയും ചാട്ടകൊണ്ട് അവരെ അടിക്കുകയും ചെയ്തു.


ലോപാമുദ്രയുടെ കാന്തനായ ഈ മുനിയാണെങ്കില്‍ കടല്‍ കുടിച്ചുവറ്റിച്ചവനും പഞ്ചബാണനെ വിഴുങ്ങിയവനുമാണ്. അദ്ദേഹം ക്രുദ്ധനായി നഹുഷനെ ശപിച്ചു. ‘സര്‍പ്പ, സര്‍പ്പ,! ഹും. മര്യാദയില്ലാത്ത മൂര്‍ഖ, ഇനി നീ അനേകായിരം കൊല്ലം ദുഖമനുഭവിച്ചു സര്‍പ്പമായി കാട്ടില്‍ക്കഴിയാനിടവരട്ടെ. അതുകഴിഞ്ഞ് യുധിഷ്ഠിരനെ കണ്ടുമുട്ടുമ്പോള്‍ നിനക്ക് ശാപമോക്ഷവും സ്വര്‍ഗ്ഗവും ലഭ്യമാകും. അന്ന് നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശരിയായ ഉത്തരങ്ങള്‍ നല്‍കും. അത് നിന്‍റെ ശാപമോക്ഷത്തിന് നിദാനവുമാകും.’


ഇങ്ങിനെ ശപിക്കപ്പെട്ടപ്പോള്‍ നഹുഷന്‍ മുനിയെ സ്തുതിച്ചു വണങ്ങി, ആ ശാപം ശിരസാ വഹിച്ചു. ഉടനെ സര്‍പ്പമായി അധപ്പതിച്ചു ഭൂമിയിലെത്തി. നഹുഷന് സംഭവിച്ച കാര്യങ്ങള്‍ ഗുരു മാനസസരോവരത്തില്‍ ചെന്ന് ഇന്ദ്രനോട് പറഞ്ഞു. ഇന്ദ്രന്‍ സന്തുഷ്ടനായി അവിടെത്തന്നെ നിന്നു. ദേവന്മാരും മഹര്‍ഷിമാരുമെല്ലാം മാനസത്തില്‍ ചെന്ന് ഇന്ദ്രനെ ആശ്വസിപ്പിച്ചു ബഹുമാനത്തോടെ അമരാവതിയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. സിംഹാസനത്തില്‍ ഇരുത്തി അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഇന്ദ്രാസനം കിട്ടിയതോടെ അദ്ദേഹം ക്രീഡാലോലുപനായി ശചിയുമൊത്ത് രമിച്ചു കഴിഞ്ഞു.


വ്യാസന്‍ തുടര്‍ന്നു: ഇങ്ങിനെ ഇന്ദ്രനും വൃത്രനെ കൊന്നതിന്‍റെ ഫലമായി അത്യധികം ദുഃഖം അനുഭവിക്കേണ്ടി വന്നു. അവസാനം ദേവിയുടെ കൃപാ കടാക്ഷമാണ് അദ്ദേഹത്തെ കരകയറ്റിയത്. അങ്ങ് ചോദിച്ചതുകൊണ്ട് വൃത്രാസുരവധത്തെക്കുറിച്ചുള്ള ഇക്കഥ ഞാന്‍ പറഞ്ഞു തന്നു. കര്‍മ്മത്തിന്‍റെ രീതിക്കനുസരിച്ച് അതിന്‍റെ ഫലവും നാം അനുഭവിക്കണം. അത് ശുഭമായാലും അശുഭമായാലും ആര്‍ക്കും അതില്‍ നിന്നും വിടുതലില്ല.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Saturday, April 1, 2017

ഇന്ദ്രാണീ ശോകം - ശ്രീമദ്‌ ദേവീഭാഗവതം. 6. 8. - ദിവസം 135.



നഹുഷസ്ത്വഥ താം ശ്രുത്വാ ഗുരോസ്തു ശരണം ഗതാം
ചക്രോധ സ്മരബാണാര്‍ത്തസ്തമാംഗിരസമാശു വൈ
ദേവാനാഹാംഗിരാ സുനുര്‍ ഹന്ത വ്യോയം മയാ കില
സ ഇന്ദ്രാണീം ഗൃഹേ ഗൂഢോ രക്ഷതീതി മായാ ശ്രുതം



വ്യാസന്‍ തുടര്‍ന്നു: ഇന്ദ്രപത്നി ശചിയ്ക്ക് ദേവഗുരു അഭയം നല്‍കിയതായി അറിഞ്ഞ നഹുഷന്‍ ക്രുദ്ധനായി. ‘ആ വ്യാഴത്തെ ഞാനിന്നു കൊല്ലുന്നുണ്ട്‌. ഇന്ദ്രാണിയെ അയാളുടെ വീട്ടില്‍ വെച്ചു പോറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.’


മുനിമാര്‍ അവനോടു സദുപദേശം നല്‍കി. ‘കാമാവേശം കൊണ്ട് വെറുതേ കോപിക്കാതെ രാജാവേ. പാപബുദ്ധി ദൂരെക്കളയൂ. അന്യസ്ത്രീഗമനം ധര്‍മ്മശാസ്ത്രത്തിനു നിരക്കാത്തതും മഹാ പാപവുമാണ്. ശക്രന്റെ പത്നിയാണെങ്കില്‍ ഒരു സതീരത്നമാണ്. ശക്രന്‍ ജീവിച്ചിരിക്കെ അവള്‍ മറ്റൊരാളെ വരിക്കുകയില്ല. ഇന്ദ്രപദവിയില്‍ ഇരിക്കുന്ന നീയാണ്നാട്ടില്‍  ധര്‍മ്മം നടപ്പാക്കേണ്ടവന്‍. അങ്ങിനെയുള്ള നീ ഇങ്ങിനെ തുടങ്ങിയാല്‍ എന്താവും സ്ഥിതി? നിനക്ക് രമിക്കാന്‍ ശചിയോളം പോന്ന സ്വര്‍ഗ്ഗതരുണികള്‍ വേറെ ഉണ്ടല്ലോ? അവര്‍ക്ക് പതിവ്രതാ പരിധികള്‍ നോക്കേണ്ട കാര്യവുമില്ല. രതിക്ക് പ്രധാനം ശൃംഗാരം തന്നെയാണ്. പിടിച്ചുപറിച്ചു ബലാല്‍ക്കാരമായി നടത്തുന്ന രതിയില്‍ സുഖമുണ്ടോ? പരസ്പരം മുറ്റിത്തഴയ്ക്കുന്ന പ്രേമവായ്പ്പ് രതിയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ രണ്ടാള്‍ക്കും സുഖമുണ്ടാവൂ. അതുകൊണ്ട് അന്യനാരിയുമായി ബന്ധപ്പെടാനുള്ള വാഞ്ഛയുപെക്ഷിച്ച് ഇന്ദ്രന്‍റെ പദവിയ്ക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറുക. അല്ലെങ്കില്‍ സുകൃതം ക്ഷയിക്കും, ദുഷ്കൃതം വര്‍ദ്ധിക്കുകയും ചെയ്യും.’


അപ്പോള്‍ നഹുഷന്‍ പറഞ്ഞു: ‘ഗൌതമന്‍റെ ഭാര്യയെ ഇന്ദ്രന്‍ കൊണ്ടുപോയി ഭോഗിച്ചപ്പോള്‍ നിങ്ങളൊക്കെ ഈ ഉപദേശങ്ങള്‍ കൊടുക്കാന്‍ മറന്നുപോയോ? എല്ലാവര്ക്കും അന്യരെ ഉപദേശിക്കാന്‍ വലിയ ഉത്സാഹമാണ്. എന്നാല്‍ സ്വയം ആ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്ര ദുര്‍ലഭം! ശചി എന്നെ പ്രാപിക്കുന്നതുകൊണ്ട് ആര്‍ക്കും കുഴപ്പമുണ്ടാവില്ല. മറിച്ച് നിങ്ങള്‍ക്കുമെനിക്കും അത് ഹിതകരമാവും. ആ ദേവിയും അങ്ങിനെ ഞാനുമായി രമിച്ചു സുഖിച്ചുകൊള്ളട്ടെ. എനിക്കിപ്പോള്‍ മറ്റാരും വേണ്ട. മറ്റൊന്നിനാലും എന്‍റെ ആഗ്രഹം തീരുകയില്ല. അനുനയിച്ചോ അത്തിനു കഴിഞ്ഞില്ലെങ്കില്‍ ബലമായോ ശചിയെ കൂട്ടിക്കൊണ്ടു വരിക.


നഹുഷന്‍ ഇങ്ങിനെ ദൃഢമായി  പ്രസ്താവിച്ചപ്പോള്‍ ദേവന്മാരും മുനിമാരും സംഭീതരായി ‘ഞങ്ങള്‍ അവളെ അനുനയിപ്പിച്ച് ഇവിടെ കൊണ്ടുവരാം’ എന്നു സമ്മതിച്ചു.


അവര്‍ ഗുരുവിന്‍റെ ഗൃഹത്തില്‍ച്ചെന്ന് കാര്യം അവതരിപ്പിച്ചു. ‘ശചി അവിടുത്തെ ശരണാഗതയാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നാം തന്നെ ഇന്ദ്രപദവിയില്‍ വാഴിച്ച നഹുഷന്‍ ശചിയെ വരിക്കണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നു. അവളെ നഹുഷന് കൊടുത്താലും’ ഇത് കേട്ട ഗുരു ‘എന്നില്‍ ശരണാഗതയായ ഇവളെ വിട്ടു തരുന്ന പ്രശ്നമില്ല.’ എന്ന് തീര്‍ത്തു പറഞ്ഞു.

‘എന്നാല്‍ അങ്ങ് തന്നെ അവനെ പ്രീതിപ്പെടുത്തുക. അവന്‍റെ കോപം നമുക്ക് താങ്ങാനാവുകയില്ല’ എന്നായി ദേവന്മാര്‍.


അപ്പോള്‍ ഗുരു പറഞ്ഞു: ‘ഇന്ദ്രാണി കൊട്ടാരത്തിലേയ്ക്ക് പോവട്ടെ. അവിടെച്ചെന്ന് വാക്കുകള്‍ കൊണ്ട് നഹുഷനെ പരമാവധി പ്രലോഭിപ്പിക്കട്ടെ.

‘ശക്രന്‍ മരിച്ചുവെന്നുറപ്പായാല്‍ ഞാന്‍ അങ്ങയെ വരിക്കാം. കാന്തന്‍ ജീവിച്ചിരിക്കുമ്പോള്‍ അന്യനെ വരിക്കാന്‍ വയ്യ. ഞാനദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു യാത്ര പോവുകയാണ്. വിവാഹം യാത്രകഴിഞ്ഞു വരുമ്പോള്‍ ആവാം’.


ഗുരുവും ദേവന്മാരും നഹുഷനെ വഞ്ചിക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ കൊട്ടാരത്തിലേയ്ക്ക് ഇന്ദ്രാണിയെ കൂട്ടിക്കൊണ്ടു ചെന്നു. ഇന്ദ്രാണിയെക്കണ്ട്‌ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘പ്രിയേ, ഇപ്പോഴാണ് ഞാന്‍ ശരിക്കും ഇന്ദ്രനായത്. എന്നെ സേവിക്കൂ. അങ്ങിനെ സുഖിച്ചു ജീവിക്കൂ’.

‘അങ്ങയോട് എനിക്കൊരപേക്ഷയുണ്ട് ദേവാധിപാ. എന്‍റെ കാന്തന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? എനിക്കാകെ ശങ്കയുണ്ട്. അത് തീര്‍പ്പാക്കുന്നത് വരെ അങ്ങ് കാത്തിരിക്കണം. ശക്രന്‍ എവിടെയാണോ ആവോ!’ നഹുഷന്‍ സമ്മതിച്ചു.



ഇന്ദ്രനെ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വരാന്‍ ശചി ദേവന്മാരോട്‌ ആവശ്യപ്പെട്ടു. ദേവന്മാര്‍ക്ക് ആ വാക്കുകളിലെ സാരസ്യം മനസ്സിലായി. അവരുടനെ മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സ്തുതിച്ചു. ആദിദേവനും ജഗന്നാഥനും ദീനവല്‍സലനുമായ ഭഗവാനെ ദേവന്മാര്‍ ഉചിതമായ പദങ്ങള്‍ കൊണ്ട് കീര്‍ത്തിച്ചു. എന്നിട്ടവര്‍ ആവലാതി പറഞ്ഞു: ‘ഭഗവാനേ, ബ്രഹ്മഹത്യാപാപഭയം കൊണ്ട് വലഞ്ഞ ശക്രന്‍ എവിടെയോ പോയി അലയുകയാണ്. അങ്ങയുടെ സഹായത്താല്‍ ഇന്ദ്രന്‍ ചതിവിലാണല്ലോ വൃത്രനെ കൊന്നത്. ഇപ്പോള്‍ പാപഭീതിയാല്‍ ഒളിവില്‍ക്കഴിയുന്ന ഇന്ദ്രനെ കണ്ടുപിടിക്കണം ഞങ്ങളെ രക്ഷിക്കണം. എന്താണൊരു പരിഹാരം?’


‘ശക്രന്റെ പാപവിമുക്തിക്കായി ഒരശ്വമേധയാഗം നടത്തണം. ഇങ്ങിനെ പാപമുക്തനായാല്‍പ്പിന്നെ ഇന്ദ്രന്‍ വീണ്ടും തന്‍റെ പദവിയലങ്കരിക്കും. അശ്വമേധത്തിനാല്‍ പ്രീതിപ്പെടുത്തുന്ന പക്ഷം ജഗദംബിക ബ്രഹ്മഹത്യാപാപങ്ങള്‍ നശിപ്പിച്ച് ഇന്ദ്രനെ സംരക്ഷിക്കും. ദേവിയെ പ്രീതിപ്പെടുത്തലാണ് അശ്വമേധത്തിന്റെ ഉദ്ദേശം. ശചിയും ദേവിയെ ഉപാസിക്കട്ടെ. അങ്ങിനെ ദുഃഖനിവൃത്തിയുണ്ടാവും. ജഗദംബികയുടെ മായയില്‍ മോഹിച്ചാണ് അയാള്‍ പാപം ചെയ്തത്. തന്‍റെ തന്നെ പാപഫലത്താല്‍ നഹുഷനു നാശമുണ്ടാവും. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടും. കൂടെ ആ പദവിയുടെ പ്രതാപവും വന്നു ചേരും.’


വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട ദേവന്മാരും ഗുരുവും ഇന്ദ്രന്‍ ഒളിച്ചു കഴിയുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇന്ദ്രനെക്കൊണ്ട് അവര്‍ അശ്വമേധയാഗം നടത്തിച്ചു. ഭൂമിക്കും, നാരികള്‍ക്കും, മരങ്ങള്‍ക്കും നദികള്‍ക്കുമായി ബ്രഹ്മഹത്യാപാപത്തെ വിഭജിച്ച്‌ നല്‍കി ഇന്ദ്രനെ അവര്‍ മുക്തനാക്കി. എങ്കിലും കാലം ശരിയാവാത്തതുകൊണ്ട് ശക്രന്‍ കുറേക്കാലം കൂടി താമരത്തണ്ടിനുള്ളില്‍ ഒളിച്ചു തന്നെ കഴിഞ്ഞു. ആര്‍ക്കും അദ്ദേഹത്തെ പുറമേയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.


‘യജ്ഞം ചെയ്തിട്ടും എന്‍റെ കാന്തനെ കാണാത്തതെന്തേ’ എന്ന് ശചി ഗുരുവിനോട് ചോദിച്ചു. അദ്ദേഹത്തെ കാണാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരണം എന്നവള്‍ അപേക്ഷിച്ചു.


‘പൌലോമീ, നീയാ മംഗളമൂര്‍ത്തി ജഗബംബികയെ ആരാധിക്കുക. ആ ദേവി നിനക്ക് നിന്‍റെ കാന്തനെ കാണിച്ചു തരും’ എന്ന് ഗുരു അവളെ ഉപദേശിച്ചു. ‘നഹുഷനെ തടയാനും അവനെ സ്വസ്ഥാനത്തു നിന്നും നിഷ്ക്കാസിതനാക്കാനും ദേവിയുടെ അനുഗ്രഹം വേണം.’ ഇത്രയും പറഞ്ഞു ഗുരു അവള്‍ക്ക് ദേവീ ഉപാസനയ്ക്കുള്ള മന്ത്ര ദീക്ഷ നല്‍കി.


ശചി ഭഗവതിയെ ആരാധിച്ചു. ബലി, പുഷ്പാര്‍ച്ചന, എന്നിവയാല്‍ അവള്‍ അംബികാപൂജനം ചെയ്തു. ഭോഗങ്ങള്‍ ഉപേക്ഷിച്ചു താപസ വേഷധാരിണിയായി ശചി ചെയ്ത സാധനയില്‍ ദേവി സംപ്രീതയായി. ഹംസവാഹനത്തില്‍ സൌമ്യഭാവത്തില്‍ ദേവി അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. കോടി ചന്ദ്രന്മാരുടെ കുളുര്‍മ്മയും കോടി സൂര്യന്മാരുടെ പ്രഭയും ഒരുമിച്ചു വിളങ്ങുന്ന വേദപ്രകീര്‍ത്തിതയായ ദേവി പാശാങ്കുശവരാഭയങ്ങള്‍ അലങ്കരിക്കുന്നവളും കാലടിവരെ നീണ്ടുകിടക്കുന്ന മുത്തുമണിമാല ചാര്‍ത്തിയവളും പുഞ്ചിരിയലങ്കരിച്ച മുഖത്തോട് കൂടിയവളും മൂന്നു തിളക്കമാര്‍ന്ന നേത്രങ്ങള്‍ ഉള്ളവളും ശാന്തി, ആനന്ദം എന്നിവ നിറഞ്ഞ കുചകുംഭദ്വയങ്ങള്‍ ഉള്ളവളും ആബ്രഹ്മകീടജനനിയുമായ അമ്മ കൃപയുടെ കേദാരമായി അവിടെ വിളങ്ങി.


ജഗദംബിക മേഘഗംഭീര സ്വരത്തില്‍ ഇങ്ങിനെ മൊഴിഞ്ഞു: ‘ശചീ അഭീഷ്ടവരം എന്താണെങ്കിലും ചോദിച്ചാലും. നിന്നില്‍ ഞാന്‍ പ്രസീദയാണ്. എന്നെക്കാണുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. അനേകകോടി ജന്മങ്ങളിലെ ആര്‍ജ്ജിതപുണ്യപരിപാകം കൊണ്ടേ അതുണ്ടാവൂ.’


‘അമ്മേ, ഭര്‍ത്തൃദര്‍ശനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നഹുഷനില്‍ നിന്നുള്ള പേടി ഇല്ലാതാക്കണം. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടണം’ ശചി ആഗ്രഹമുണര്‍ത്തിച്ചു.


‘അങ്ങിനെയാകട്ടെ’ എന്ന് ദേവി അനുഗ്രഹിച്ചു. നീ ഈ ദൂതിയെക്കൂട്ടി മാനസസരസ്സില്‍ ചെല്ലുക. അവിടെ വിശ്വകാമാ എന്ന് പേരായ ഒരു മൂര്‍ത്തിയായി ഞാനുണ്ട്. അവിടെയാണ് ദുഖാകുലനായ ഇന്ദ്രന്‍ ഭയപ്പാടോടെ കഴിയുന്നത്. ഞാന്‍ നഹുഷനെ മോഹിപ്പിച്ച് അവന്‍റെ ഇന്ദ്രസിംഹാസനവാസം അവസാനിപ്പിക്കാം. അപ്പോള്‍ ഇന്ദ്രന് വീണ്ടുമാ പദവിയലങ്കരിക്കാം. അങ്ങിനെ നിനക്ക് സ്വസ്ഥയാവാം.’


ശചിയെക്കൂട്ടി ദേവിയുടെ ദൂതി മാനസസരസ്സില്‍ ഇന്ദ്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒളിച്ചുകഴിയുന്ന ഇന്ദ്രനെ ദര്‍ശിച്ചു. ഏറെക്കാലമായി കാണാതിരുന്ന കാന്തനെ കണ്ട് അവള്‍ ആമോദം പൂണ്ടു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Friday, March 31, 2017

നഹുഷാഭിഷേകം - ശ്രീമദ്‌ ദേവീഭാഗവതം. 6. 7. - ദിവസം 134.



അഥം തം പതിതം ദൃഷ്ട്വാ വിഷ്ണുര്‍ വിഷ്ണുപുരീം യയൌ
മനസാ ശങ്കമാനസ്തു തസ്യ ഹത്യാകൃതം ഭയം
ഇന്ദ്രോ fപി ഭയ സന്ത്രസ്തോ യയാവിന്ദ്രപുരീം തത:
മുനയോ ഭയ സംവിഗ്നാ ഹൃഭവന്നിഹതേ രിപൌ


വ്യാസന്‍ തുടര്‍ന്നു. വൃത്രന്‍ മരിച്ചു വീണു കഴിഞ്ഞപ്പോള്‍ ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. തെറ്റായ വിധത്തില്‍ വൃത്രനെ കൊന്നതില്‍ അദ്ദേഹത്തിനു ഭയവും ആശങ്കയും ഉണ്ടായി. ഇന്ദ്രനും സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ സമാധാനമില്ലായിരുന്നു. മുനിമാര്‍ക്കും കുറ്റബോധം കൊണ്ട് ആകെ ഭയമായി. ‘ഒരുവനെ ചതിച്ചു കൊല്ലാന്‍ നമ്മള്‍ ഇന്ദ്രന് കൂട്ട് നിന്നു. മുനിമാര്‍ എന്ന് സ്വയം വിളിക്കാന്‍ പോലും നമുക്കിനി അര്‍ഹതയില്ല. നമ്മള്‍ പറഞ്ഞതുകൊണ്ടാണ് വൃത്രന്‍ ഇന്ദ്രനുമായി മൈത്രിയുണ്ടാക്കിയത്. വിശ്വാസവഞ്ചന ചെയ്ത ശക്രന്റെ കൂടെ കൂടിയ നമ്മളും പാപികള്‍ തന്നെ. മമത കൊണ്ട് ഇത്തരം അനര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നു. കള്ളശപഥത്തിനു കൂട്ടുനിന്ന ഋഷിമാരാണ് നമ്മള്‍! പാപകൃത്യം ചെയ്യുന്നവന്‍ മാത്രമല്ല അതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുള്ളവനും പാപി തന്നെ. പ്രേരണ ചെലുത്തുന്നവന്‍, ബുദ്ധിയോതിക്കൊടുക്കുന്നവന്‍, ഫലഭോക്താക്കള്‍ എല്ലാവറം പാപഭാക്കുകള്‍ തന്നെയാണ്.


വജ്രത്തിനുള്ളില്‍ പ്രവേശിച്ച് വധത്തിനു കൂട്ട് നിന്ന ‘സത്വസ്വരൂപനായ’ ശ്രീഹരിക്കും ഇതില്‍ പങ്കുണ്ട്. ഇന്ദ്രനുമായുള്ള കൂട്ടുകെട്ടില്‍ സാക്ഷാല്‍ വിഷ്ണുപോലും പാപിയയി. മമതാ ബന്ധമാണിതിനു കാരണം. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ധര്‍മ്മത്തിനും മോക്ഷത്തിനും ഇപ്പോള്‍ സ്ഥാനമില്ല എന്നായിരിക്കുന്നു. എല്ലാവര്ക്കും വേണ്ടത് കാമവും അര്‍ത്ഥവും മാത്രം. ധര്‍മ്മചര്‍ച്ചയൊക്കെ പണ്ഡിതന്മാര്‍ക്ക് വെറും ഡംബുകാണിക്കാനുള്ള വേദിയാണ്.’ മുനിമാരുടെ മനസ്ഥൈര്യം നശിച്ചു. തപസ്സില്‍ മുഴുകാന്‍ അവര്‍ക്കാവുന്നില്ല.


ത്വഷ്ടാവ് മകന്‍റെ മരണവൃത്താന്തം അറിഞ്ഞപ്പോള്‍ മനം നൊന്തു കരഞ്ഞു. അദ്ദേഹത്തിന് ആകെ വിരക്തിയായി. എങ്കിലും അദ്ദേഹം മകന്‍റെ ഭീമാകാരമായ ദേഹത്തിനു മുന്നില്‍ച്ചെന്ന് അവനു വേണ്ട ഉദകക്രിയകള്‍ ഉചിതമായി ചെയ്തു. എന്നിട്ട് മനസ്സ് നൊന്ത് ശക്രനെ ശപിച്ചു, ‘സ്വമിത്രത്തെ ചതിച്ചു കൊന്ന ഇന്ദ്രന് വിധിവശാല്‍ ഇതുപോലെയുള്ള മനോദുഖം ഉണ്ടാവട്ടെ.’. പിന്നീടദ്ദേഹം മഹാമേരുവില്‍പ്പോയി ഉഗ്രതപസ്സില്‍ മുഴുകി.


ജനമേജയന്‍ ചോദിച്ചു: വൃത്രനെ കൊന്ന ഇന്ദ്രന്‍റെ സ്ഥിതി പിന്നെയെന്തായി? അവനു പിന്നീട് സുഖമായിരുന്നോ അതോ ദുഖജീവിതമായിരുന്നോ?


വ്യാസന്‍ പറഞ്ഞു: ഇതില്‍ സംശയം വേണ്ട. പാപഫലം അനുഭവിച്ചല്ലേ തീരൂ? ബലിഷ്ഠനായാലും ദുര്‍ബ്ബലനായാലും ദേവനായാലും മനുഷ്യരായാലും അസുരനായാലും പാപം ചെയ്തോ? അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ അനുഭവിക്കണം. വൃത്രനെ കൊല്ലാനുള്ള ബുദ്ധി ഉപദേശിച്ചതും അതിനായി ഒത്താശചെയ്തതും മഹാവിഷ്ണുവാണല്ലോ? എന്നാല്‍ ആപത്തില്‍പ്പെട്ടപ്പോള്‍ വിഷ്ണുപോലും ഇന്ദ്രന്‍റെ രക്ഷക്കെത്തിയില്ല.


നമ്മുടെ സമയം നന്നായിരിക്കുമ്പോള്‍ നിറയെ ബന്ധുക്കള്‍ വരും. അല്ലാത്തപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടി ആരുമുണ്ടാവില്ല. അതിപ്പോള്‍ മാതാപിതാക്കളോ സഹോദരങ്ങളോ ആരും നമുക്ക് കൂട്ടുണ്ടാവില്ല. ദൈവഹിതം നമുക്കനുകൂലമല്ലെങ്കില്‍ പുത്രനോ ബന്ധുവോ ഭൃത്യനോ ഭാര്യയോ ആര്‍ക്കും നമ്മെ സഹായിക്കാന്‍ കഴിയില്ല. ദുര്‍വൃത്തി ചെയ്തതുമൂലം വൃത്രനെ കൊന്നവരുടെയെല്ലാം തേജസ്സ് നിഷ്പ്രഭമായി. ഇന്ദ്രനെ ബ്രഹ്മഹന്താവെന്നു വിളിച്ച് ദേവന്മാര്‍പോലും ഇന്ദ്രനെ ശപിക്കാന്‍ തുടങ്ങി.


‘വിശ്വാസവഞ്ചന കാട്ടി മിത്രമായ മുനിയെ ഇന്ദ്രന്‍ കൊന്നതിന്‍റെ കഥ ഗന്ധര്‍വ്വന്മാര്‍ കൂടുന്ന വെടിവട്ടങ്ങളില്‍ ചര്‍ച്ചയായി. ‘കൊല്ലാന്‍ ഇന്ദ്രന്‍ മിടുക്കനാണ്. അതിനു വേണ്ടി അയാള്‍ ആരുടെ കൂട്ടും കൂടും. മുനിമാര്‍പോലും ഇന്ദ്രന് വേണ്ടി കള്ളം പറഞ്ഞു. വേദപ്രമാണം വിട്ടു ഹിംസയുടെ ബൌദ്ധമാര്‍ഗ്ഗമാണ് അവരും തിരഞ്ഞെടുത്തത്. സ്വന്തം വാക്ക് മാറ്റി ഇങ്ങിനെ ഒരാളെ കൊല്ലണമെങ്കില്‍ അത് ഇന്ദ്രനോ ഹരിക്കോ മാത്രമേ പറ്റൂ.’ ഗന്ധര്‍വ്വന്മാരുടെ ഇടയിലും മറ്റും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ഇന്ദ്രനും അറിഞ്ഞു. കീര്‍ത്തികെട്ട ജീവിതം എന്തിനു കൊള്ളാം? പുറത്തിറങ്ങി നടക്കുമ്പോള്‍ മറ്റുള്ളവര്‍ പുച്ഛിച്ചു ചിരിക്കുന്നു. ഇന്ദ്രദ്യുമ്നന്‍ എന്ന രാജര്‍ഷി പോലും കീര്‍ത്തി നശിച്ചതിനാല്‍ സ്വര്‍ഗ്ഗത്തു നിന്നും വീണുപോയില്ലേ?


ഇന്ദ്രദ്യുമ്നനാണെങ്കില്‍ യാതൊരു പാപവും ചെയ്യാത്തവനായിരുന്നു. അപ്പോള്‍ പാപികളുടെ കഥ പറയാനുണ്ടോ? ചെറിയൊരു തെറ്റിന്റെ പേരില്‍ യയാതിക്ക് പതിനെട്ടു യുഗം വെറുമൊരു ഞണ്ടായി കഴിയേണ്ടി വന്നു. ഭൃഗുപത്നിയുടെ ഗളഛേദം ചെയ്ത സാക്ഷാല്‍ ശ്രീഹരിക്കും മുനി ശാപം മൂലം മീനാദി മൃഗയോനികളില്‍ പിറക്കേണ്ടതായി വന്നു. മഹാബലിക്കു മുന്നില്‍ കൈ നീട്ടി യാചിക്കേണ്ടി വന്നു. ദുഷ്കൃതം ചെയ്തവന് ശ്രീരാമനുണ്ടായ ദുഖത്തില്‍പ്പരം എന്ത് ശിക്ഷയാണ് കിട്ടുക? കാട്ടില്‍ ജീവിക്കുക, ഭാര്യയെ നഷ്ടപ്പെട്ടു കേഴുക എന്നിവയെല്ലാം ശ്രീഹരി അനുഭവിക്കേണ്ടി വന്നത് ഭൃഗു മുനിയുടെ ശാപം കൊണ്ടാണ്.


വിപ്രഹത്യാപാപഭയം ഇന്ദ്രനെ വിടാതെ പിടികൂടി. വീട്ടിലും പുറത്തും യാതൊരു സ്വൈര്യവും ഇല്ലാതായി.  ആരെയും കാണാന്‍ കൂട്ടാക്കാതെ വീട്ടിനു പുറത്തിറങ്ങാതെ പേടിച്ചു വീര്‍പ്പിട്ടു നില്‍ക്കുന്ന കാന്തനെ കണ്ടു ശചി ചോദിച്ചു: 'എന്തിനാണ് അങ്ങ് വിഷമിക്കുന്നത്? അവനെ വധിച്ചതോടെ ശത്രുഭയം തീര്‍ന്നല്ലോ? ശത്രുതാപനായ അങ്ങ് എന്തിനാണ് പ്രാകൃതനെപ്പോലെ മാഴ്കുന്നത്?'


അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ‘എനിക്കിപ്പോള്‍ കിടനില്‍ക്കാന്‍ പറ്റിയ ശത്രുക്കള്‍ ആരുമില്ല എന്നത് ശരി തന്നെ. പക്ഷെ എനിക്ക് സുഖമില്ല, സമാധാനവുമില്ല. ബ്രഹ്മഹത്യാപാപഭീതിയാണ് എന്നെയിപ്പോള്‍ അലട്ടുന്നത്. നന്ദനോദ്യാനവും കാടും വീടും അമൃതുപോലും എന്നെ സംപ്രീതനാക്കുന്നില്ല. ഗന്ധര്‍വഗാനങ്ങളും അപ്സരസ്സുകളുടെ ചുവടുവെയ്പ്പും എന്നെ സന്തോഷിപ്പിക്കുന്നില്ല. എനിക്ക് കാമധേനുവും കല്‍പ്പവൃക്ഷവും വേണ്ട. എനിക്ക് മന:സുഖം ലഭിക്കാന്‍ എന്തുചെയ്യണം എന്നാലോചിച്ചു കരയുകയാണ് ഞാന്‍.’


പത്നിയോട് ഇങ്ങിനെ വേവലാതി പറഞ്ഞിട്ട് ഇന്ദ്രന്‍ മാനസസരസ്സില്‍ ചെന്ന് അവിടെയൊരു താമരത്തണ്ടിനുള്ളില്‍ക്കയറി ഇരുന്നു. പാപഫലങ്ങള്‍ വരുമ്പോള്‍ ഒളിക്കാന്‍ പറ്റിയ ഒരിടമാണ് അതെന്നയാള്‍ വെറുതെ വിചാരിച്ചു. വെള്ളത്തില്‍ക്കഴിയുന്ന ഒരു നീര്‍ക്കോലിപോലെ നിഷ്പ്രഭനായി അയാള്‍ അവിടെ നീന്തിക്കഴിഞ്ഞുകൂടി. ഇന്ദ്രനെ കാണാഞ്ഞു ദേവലോകം ആശങ്കാകുലരായി. ദുര്‍നിമിത്തങ്ങള്‍ എങ്ങും കണ്ടുതുടങ്ങി. എല്ലാടവും അരാജകത്വം കാണപ്പെട്ടു. ഗന്ധര്‍വ്വന്മാരും മുനികളും മറ്റും ഭയവിഹ്വലരായി. ഭൂമിയില്‍ മഴ നിന്നു. വിഭവങ്ങള്‍ ഉണ്ടാകാതെയായി. തടാകങ്ങള്‍ വെള്ളം വറ്റി ഭൂമി ഉണങ്ങിവരണ്ടു. ഇന്ദ്രനെ കണ്ടു കിട്ടാഞ്ഞ് മുനിമാര്‍ നഹുഷനെപ്പിടിച്ചു രാജാവാക്കി.


നഹുഷന്‍ ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും രാജപദവി അയാളെ വിഷയാസക്തനും കാമപീഡിതനുമാക്കി. അയാള്‍ അപ്സരനാരിമാരോടോത്ത് രമിച്ചു കഴിഞ്ഞു. ഇന്ദ്രന്‍റെ ഭാര്യയായ ശചിയുടെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞ നഹുഷന്‍ മുനിമാരെ വിളിച്ചു ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് ഇന്ദ്രന്‍റെ സ്ഥാനം തന്നു. അപ്പോള്‍ ഇന്ദ്രാണിയും എനിക്ക് സ്വന്തമാവണമല്ലോ? എന്നെ സേവിക്കാനായി ശചിയെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയക്കുക. ഞാന്‍ ദേവേന്ദ്രനും ലോക നാഥനുമല്ലേ? ഇക്ഷണം എനിക്ക് ശചിയെ വേണം. നിങ്ങള്‍ അതിനുള്ള ഒത്താശകള്‍ ചെയ്താലും.’

ദേവന്മാരും മുനിമാരും കൂടി ഇന്ദ്രാണിയെ ചെന്ന് കണ്ടു വിവരം ധരിപ്പിച്ചു. ‘ഞങ്ങള്‍ എന്ത് ചെയ്യട്ടെ! അവന്‍ ഇന്ദ്രനും ഞങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനുമാണ്.’ എന്നവര്‍ നിസ്സഹായരായി. അപ്പോള്‍ ശചി ഗുരുവായ ബൃഹസ്പതിയോട് പരാതി പറഞ്ഞു. ‘നഹുഷനില്‍ നിന്നും അങ്ങെന്നെ രക്ഷിക്കണം.'


'നിന്നെ സത്യത്തിനും ധര്‍മ്മത്തിനും എതിരായി നഹുഷനു വിട്ടുകൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല' എന്ന് ഗുരു അവള്‍ക്ക് വാക്ക് കൊടുത്തു. 'ശരണാഗതനെ കൈവിടുന്നവനു നരകത്തില്‍ നിന്നും ഒരിക്കലും മോചനമില്ല. നിന്നെ ഞാന്‍ കൈവിടുകയില്ല. നിനക്ക് സമാധാനമായി ഇരിക്കാം.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Thursday, March 30, 2017

വൃത്രാസുരവധം - ശ്രീമദ്‌ ദേവീഭാഗവതം. അദ്ധ്യായം 6 - ദിവസം 133.



ഏവം പ്രാപ്തവരാ ദേവാ ഋഷയശ്ച തപോ ധനാ:
ജഗ്മു: സര്‍വ്വേ ച സംമന്ത്ര്യ വൃത്രസ്യാശ്രമമുത്തമം
ദദൃശുസ്തത്ര തം വൃത്രം ജ്വലന്തമിവ തേജസാ


ഇങ്ങിനെ ദേവിയില്‍ നിന്നും അഭീഷ്ടവരം സിദ്ധിച്ച ദേവന്മാര്‍ വൃത്രന്‍ തപസ്സു ചെയ്തിരുന്ന ഇടത്തേയ്ക്ക് ചെന്നിട്ട് മധുരസ്വരത്തില്‍ സാമവാദങ്ങള്‍ പറയാന്‍ തുടങ്ങി. വൃത്രന്‍ ഇരുന്നിടം അദ്ദേഹത്തിന്‍റെ തപോബലത്തില്‍ ജ്വലിച്ചു തിളക്കമാര്‍ന്നിരുന്നു. വിണ്ണവരെ ഒറ്റയടിക്ക് വിഴുങ്ങാനും മൂന്നുലകങ്ങളും ജ്വലിപ്പിക്കാനും പോന്ന ആ താപസന്‍റെയടുക്കല്‍ച്ചെന്ന് ഋഷിമാര്‍ രസകരമായും അദ്ദേഹത്തിനു ഹിതകരമായും സംസാരിക്കാന്‍ തുടങ്ങി.


‘അല്ലയോ മഹാഭാഗാ, സകലലോകങ്ങള്‍ക്കും അങ്ങയെ ഭയമാണ്. നീയാണെങ്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. ശക്രനോടുള്ള നിന്‍റെ വൈരം രണ്ടാള്‍ക്കും നല്ലതിനല്ല. രണ്ടാള്‍ക്കും അതുകൊണ്ട് സ്വൈരക്കേടാണ് എപ്പോഴും. വൈരിയായി ഒരാളുണ്ടെങ്കില്‍ സമാധാനം പോയി എന്നര്‍ത്ഥം. ഉറങ്ങാന്‍കൂടി പറ്റാത്ത അവസ്ഥ. പരസ്പരം വൈരികളായി ഇരിക്കുന്നുവെങ്കിലും തമ്മില്‍ ഒന്ന് പോരടിച്ചിട്ടും കാലം കുറേയായി. നിങ്ങള്‍ തമ്മിലുള്ള ഈ വൈരം കൊണ്ട് മറ്റുള്ള ദേവന്മാര്‍ക്കും മാനുഷര്‍ക്കും അസുരന്മാര്‍ക്കും ആകെ ബുദ്ധിമുട്ടാണ്. എപ്പോഴും ദുഖിച്ചു പേടിച്ചു കഴിയാനാണോ ഈ ജീവിതം? സുഖമാസ്വദിച്ചു കഴിയേണ്ട ജന്മം ഇങ്ങിനെ പാഴാക്കുന്നതെന്തിനാണ്? യുദ്ധക്കൊതിയന്മാരായ ചിലര്‍ അതിനെ വാഴ്ത്തിയെന്നുവരാം. എന്നാല്‍ പണ്ഡിതന് യുദ്ധമെന്നാല്‍ അത് എല്ലാവരും തോല്‍ക്കുന്ന വൃഥാപ്രയത്നം മാത്രമാണ്. പ്രപഞ്ചത്തിലെ സുഖമാകെ കെടുത്താന്‍ രണ്ടു കൂട്ടര്‍ തമ്മിലുള്ള പോരിനു കഴിയും. ഭോഗവിഷയങ്ങള്‍ എല്ലാവര്ക്കും അങ്ങിനെ അപ്രാപ്യമാവുകയും ചെയ്യും. കളിയായി പൂക്കള്‍കൊണ്ടുള്ള തല്ലുപോലും നല്ലതല്ല. പിന്നെയാണ് അമ്പുകള്‍ കൊണ്ടുള്ള തീക്കളി!


യുദ്ധത്തില്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നാര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ദേഹത്ത് അമ്പുകൊണ്ടാല്‍ മുറിയും എന്നതില്‍ സംശയമേയില്ല. എല്ലാം ദൈവാധീനമാണ്. ജയപരാജയങ്ങള്‍ നമ്മുടെ കയ്യില്‍ അല്ലാത്തപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ട് എന്തുകാര്യം? സുഖമായി ഉണ്ട് കുളിച്ചുറങ്ങി ഭാര്യയുടെ ശുശ്രൂഷ ആസ്വദിച്ച് കഴിയുന്നതോ വാള്‍പ്പയറ്റില്‍ ദേഹത്ത് മുറിവുണ്ടാവുന്നതോ സുഖപ്രദം? വാസ്തവത്തില്‍ കൂരമ്പേറ്റു മരിക്കുന്നവന് സ്വര്‍ഗ്ഗം ലഭിക്കും എന്നൊക്കെയുള്ള പറച്ചില്‍ എല്ലാം വെറുതെ. വെറുതെ ദേഹത്ത് ചോരയുമൊലിപ്പിച്ച് കാക്കയ്ക്കും കഴുകാനും കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങ് ശക്രനോടു സന്ധി ചെയ്യുകയാണ് നല്ലത്. അങ്ങിനെ രണ്ടാള്‍ക്കും സുഖമായി ജീവിക്കാം. ഞങ്ങള്‍ മാമുനിമാര്‍ക്കും ദേവന്മാര്‍ക്കും അതൊരാശ്വാസമാകും. നിങ്ങള്‍ പോരില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമായി സുഖമനസ്സോടെ സ്വന്തം ഭവങ്ങളില്‍ കഴിയാന്‍ സാധിക്കുമോ? ഞങ്ങള്‍ മുനിമാരുടെ മദ്ധ്യസ്ഥം നിങ്ങള്‍ക്ക് സ്വീകാര്യമാവും എന്ന് കരുതുന്നു. രണ്ടാളും പരസ്പരം ശപഥം ചെയ്തു പിണക്കം തീര്‍ക്കണം. മഹാനായ നിന്‍റെ മനസ്സിന് യോജിച്ചവണ്ണം ശക്രന്‍ ശപഥം ചൊല്ലും. നീയും അതുപോലെ ചെയ്യുക. ഭൂമിയുടെ നിലനില്‍പ്പ്‌ തന്നെ സത്യത്തിലാണല്ലോ. സത്യമാണ് സൂര്യന് നിദാനം. കാറ്റ് വീശുന്നത് സത്യം കൊണ്ടാണ്. സമുദ്രം പരിധി ലംഘിക്കാത്തതിനും കാരണം മറ്റൊന്നല്ല. നിങ്ങള്‍ രണ്ടാളും സഖ്യം ചെയ്ത് പരസ്പരം വൈരം മറന്ന് ആത്മസുഹൃത്തുക്കളെപ്പോലെ ഊണും വിശ്രമവും ഒന്നിച്ചാവുന്ന കാലം അനതിവിദൂരമാണ്.'



ഇത്രയും കേട്ടപ്പോള്‍ വൃത്രന്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. കാരണം മുനിമാര്‍ കള്ളം പറയില്ലല്ലോ. കുടിലതയറിയാത്ത സത്യവൃത്തന്മാരാണ് ഋഷിമാര്‍. എങ്കിലും നിങ്ങള്‍ക്ക് കാപട്യമെന്തെന്നറിയാന്‍ വയ്യാത്തതുകൊണ്ട് ഒന്ന് മനസ്സിലാക്കണം. ബുദ്ധിയുള്ളവന്‍ സഖ്യം ചെയ്യുമ്പോള്‍ എതിര്‍ കക്ഷിയുടെ സ്വഭാവം നോക്കും. കള്ളനുമായും, ലജ്ജയില്ലാത്തവനുമായും സദാചാരവിരുദ്ധനുമായും സദ്‌വൃത്തനായ ഒരുവന്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയില്ല. നിങ്ങള്‍ ശാന്തശീലരായതുകൊണ്ട് ലോകത്തിന്‍റെ രീതികള്‍ നിങ്ങള്‍ക്കറിയില്ല.’


അപ്പോള്‍ മുനിമാര്‍ പറഞ്ഞു: ‘നന്മതിന്മകളുടെ ഫലം ദേഹമെടുത്ത എല്ലാവരും അനുഭവിക്കുകതന്നെ ചെയ്യും. വിശ്വാസവഞ്ചകര്‍ക്ക് നരകം ഉറപ്പാണ്. ദ്രോഹം ശീലമാക്കിയവന് ശാന്തി കിട്ടുകയുമില്ല. ബ്രഹ്മഹത്യക്കും മദ്യപാനത്തിനും മറ്റും പ്രായശ്ചിത്തം ചെയ്യാന്‍ വിധിയുണ്ട്. എന്നാല്‍ മിത്രദ്രോഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് പ്രായശ്ചിത്തം ഇല്ലേയില്ല. അതുകൊണ്ട് അങ്ങ് പറയൂ നിബന്ധനകള്‍. ആ വ്യവസ്ഥ രണ്ടാള്‍ക്കും സ്വീകാര്യമാവട്ടെ. അപ്പോള്‍ സന്ധിചെയ്യാന്‍ തടസ്സമില്ലല്ലോ.’


കല്ലുകൊണ്ട്, വജ്രം കൊണ്ട്, മരം കൊണ്ട്, നനഞ്ഞതോ ഉണങ്ങിയതോ ആയ യാതൊന്നും കൊണ്ടും ഇന്ദ്രന്‍ എന്നെ കൊല്ലരുത്. രാത്രിയും പകലും അരുത്. ഇത്തരത്തിലൊരു സന്ധി ഇന്ദ്രനുമായി ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.’


‘അങ്ങിനെയാവാം’ എന്ന് മുനിമാര്‍ വൃത്രന് വാക്ക് കൊടുത്തു. ഇന്ദ്രനോട് വിവരം പറഞ്ഞു. സന്ധിവ്യവസ്ഥ അംഗീകരിപ്പിച്ചു. മുനിമാരുടെ സാന്നിദ്ധ്യത്തില്‍ അഗ്നിസാക്ഷിയായി ഇന്ദ്രന്‍ സത്യം ചെയ്തു. വൃത്രന്‍ സന്തോഷിച്ചു. പരസ്പരം ചെയ്ത സന്ധിയിലും സത്യശപഥത്തിലും വിശ്വാസമര്‍പ്പിച്ച് വൃത്രന്‍ ഇന്ദ്രനെ മിത്രമാക്കി. അവര്‍ ഒരുമിച്ചു നന്ദനാരാമങ്ങളില്‍ വിഹരിച്ചും ഗന്ധമാദനത്തില്‍ ഉലാത്തിയും കടല്‍ത്തീരത്തു മേളിച്ചും അവരുടെ മൈത്രീബന്ധം ഉറപ്പിച്ചു. വൃത്രന്‍ തുറന്ന മനസ്സോടെ ഇന്ദ്രനെ വിശ്വസിച്ചു കഴിഞ്ഞു.


എന്നാല്‍ ഇന്ദ്രന്‍റെ വക്രബുദ്ധി വൃത്രനെ എങ്ങിനെ വധിക്കാം എന്നു തന്നെ ചിന്തിക്കുകയായിരുന്നു. എന്തെങ്കിലും ഒരു പഴുതിനു വേണ്ടി ഇന്ദ്രന്‍ ഉഴന്നുനടന്നു. ശപഥം കഴിഞ്ഞ് ഒരു വര്‍ഷം കടന്നുപോയി. ഇന്ദ്രന്‍റെ ആകാംഷ കൂടിവന്നു. ആയിടയ്ക്ക് ത്വഷ്ടാവ് മകനോട് പറഞ്ഞു: ‘വൃത്രാ, ഞാന്‍ നിനക്ക് ഹിതം പറയാന്‍ വന്നതാണ്. ശത്രുതയില്‍ക്കഴിഞ്ഞവന്‍ സുഹൃത്തായാല്‍ അവനെ പൂര്‍ണ്ണമായും വിശ്വസിക്കരുത്. ഇന്ദ്രന്‍ അസൂയക്കാരനാണ്. നിന്നോടുള്ള വൈരം പോയതായി അഭിനയിക്കുകയാണ് ആ സ്ത്രീലമ്പടന്‍. അവന്‍ ദ്രോഹം ചെയ്യാന്‍ തരം നോക്കി നടക്കുന്ന മായാവിയാണ്. വാശിക്കാരനും മത്സരബുദ്ധിയുള്ളവനുമാണ്. അമ്മയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെ നശിപ്പിച്ച ദുഷ്ടനാണ്‌ അവന്‍. ആ ശിശുവിനെ അവന്‍ ഏഴു കഷണമാക്കിയ കഥ നീ കേട്ടിട്ടില്ലേ? ഒരിക്കല്‍ പാപം ചെയ്തവന് അതാവര്‍ത്തിക്കാന്‍ മടി കാണില്ല.’


അച്ഛന്‍ ഇത്ര വിശദമായി പറഞ്ഞിട്ടും വൃത്രന് ഇന്ദ്രനോട് വിശ്വാസക്കുറവ് തോന്നുകയുണ്ടായില്ല. അവന്‍റെ കാലമടുത്തതായിരിക്കും അതിനു കാരണം. കടല്‍ത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന വൃത്രനെക്കണ്ട് ഇന്ദ്രന്‍ വിചാരിച്ചു. ‘ഇത് നല്ല തക്കമാണ്. ഇത് രുദ്രസന്ധ്യയാണല്ലോ, പകലുമല്ല, രാത്രിയുമല്ല. വിജനമാണീ സ്ഥലം. ഇവനെ കൊന്നുകളയണം.’ ഉടനെതന്നെ ബ്രഹ്മാദി ദേവതകള്‍ തനിക്ക് നല്‍കിയ വരത്തെപ്പറ്റി ഇന്ദ്രന്‍ ആലോചിച്ചു. ഭഗവാന്‍ ഹരിയെ സ്മരിച്ചു. ഭഗവാന്‍ അദൃശ്യനായി വജ്രായുധത്തില്‍ പ്രവേശിച്ചു. ‘ഇവനെ കൊല്ലാനുള്ള ഉപായമെന്താവും? സകല ദേവന്മാരെയും വെല്ലാനുള്ള കഴിവ് വൃത്രനുണ്ട്. ഇവനെ ചതിയില്‍പ്പെടുത്തി കൊല്ലുക തന്നെ. ശത്രു ജീവനോടെയിരിക്കുമ്പോള്‍ സുഖമെവിടെ?’


അപ്പോള്‍ ആ സമുദ്രത്തില്‍ ഭീമാകാരമായ ഒരു നുര പൊന്തി വന്നു. ‘ഇതുണങ്ങിയതോ നനഞ്ഞതോ അല്ല. ഇതൊരായുധവുമല്ല’ എന്ന് നിശ്ചയിച്ച്  ഇന്ദ്രന്‍ ആ നുര കയ്യില്‍ കോരിയെടുത്തു. പരമഭക്തിയോടെ പരാശക്തിയെ സ്മരിച്ചു. ദേവിയും ആ നുരയ്ക്കുള്ളില്‍ ശക്തിയായി പ്രവേശിച്ചു. ആ നുരകൊണ്ട് ഭഗവാന്‍ ഹരി ഒളിച്ചിരുന്ന വജ്രത്തെ മൂടിയിട്ട് ഇന്ദ്രന്‍ അത് വൃത്രന് നേരെ പ്രയോഗിച്ചു. വജ്രമേറ്റ് വൃത്രന്‍ മരിച്ചു വീണു. ശക്രന്‍ സന്തോഷിച്ചു. ആരുടെ കനിവാലാണോ ഇന്ദ്രന് തന്‍റെ ശത്രുവിനെ വകവരുത്താന്‍ കഴിഞ്ഞത്, ആ പരാശക്തിയെ മഹര്‍ഷിമാര്‍ വാഴ്ത്തി. ഇന്ദ്രന്‍ യഥാവിഥി ദേവിയെ പൂജിച്ചു. ദേവോദ്യാനത്തില്‍ ഒരു ക്ഷേത്രം പണിത് മാണിക്ക്യക്കല്ലുകൊണ്ട് വിഗ്രഹം തീര്‍ത്ത് ഇന്ദ്രന്‍ ദേവീപൂജ നടത്തി. ദേവന്മാര്‍ക്കങ്ങിനെ ദേവി കുലദേവതയായി. വൃത്രന്റെ മരണം സാധിപ്പിച്ചതിനാല്‍ ശക്രന്‍ മഹാവിഷ്ണുവിനെയും പൂജിച്ചു. ദേവഭയം ഇല്ലാതാക്കാനാണല്ലോ ശ്രീഹരി ഇന്ദ്രനെ സഹായിച്ചത്. ആകാശവാസികള്‍ സന്തോഷിച്ചു.


പരാശക്തിയുടെ ശക്തിവിശേഷം ചേര്‍ന്ന കടല്‍പ്പതകൊണ്ട് മൂടി ദേവി വൃത്രനെ മോഹിപ്പിച്ചതിനാലാണ് ശക്രന് അവനെ വധിക്കാന്‍ കഴിഞ്ഞത്. വൃത്രനെ വധിച്ചത് ദേവിയാണെന്നും അല്ല, ശക്രനാണ് വൃത്രഹന്താവെന്നും ലോകര്‍ രണ്ടു വിധത്തില്‍ പറഞ്ഞു വരുന്നുണ്ട്.


പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Wednesday, March 29, 2017

ദേവവരദാനം - ശ്രീമദ്‌ ദേവീഭാഗവതം. 6. 5. - ദിവസം 132.



തഥാ ചിന്താതുരാന്‍ വീക്ഷ്യ സര്‍വാന്‍ സര്‍വ്വാര്‍ത്ഥ തത്ത്വ വിത്
പ്രാഹ പ്രേമ ഭാരോദ് ഭ്രാന്താന്‍ മാധവോ മേദിനീ പതേ
കിം മൌന മാശ്രിതാ യൂയം ബ്രുവന്തു കാരണം സുരാ:
സദസദ്വാ പി തച്ഛ്രുത്വാ യതിഷ്യേ തന്നിവാരണേ


ദേവന്മാര്‍ ചിന്താകുലരായി നില്‍ക്കുന്നത് കണ്ടു ശ്രീഹരി അവരോടു വീണ്ടും ആഗമനോദ്ദേശം എന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടു. എന്തിനാണെങ്കിലും പരിഹാരം ഉണ്ടാക്കാം എന്നവര്‍ക്ക് പ്രത്യാശ നല്‍കി.


‘ഈ മൂന്നു ലോകത്തും അങ്ങേയ്ക്ക് അറിയാത്തതായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? പിന്നെ എന്തിനാണീ ചോദ്യം? പണ്ട് വാമാനാവതാരമെടുത്ത് ബലിയില്‍ നിന്നും മൂന്നുലോകവും അളന്നെടുത്ത് ഇന്ദ്രന് നല്‍കിയത് അങ്ങാണ്. അതിനും മുന്‍പ് അമൃത് കൊണ്ടുവന്ന് അസുരന്മാരെ പറ്റിച്ചു ദേവഹിതം ചെയ്തതും അങ്ങ് തന്നെ. ഇപ്പോഴത്തെ ആപത്തിനും അങ്ങല്ലാതെ മറ്റാരുണ്ട് ഞങ്ങള്‍ക്ക് രക്ഷചെയ്യാന്‍?’ എന്നായി ദേവന്മാര്‍.


അപ്പോള്‍ വിഷ്ണു പറഞ്ഞു: ‘മനസ്സിലായി. നമുക്ക് വഴിയുണ്ടാക്കാം. അവനെ കൊല്ലാനുള്ള മാര്‍ഗ്ഗം നമുക്ക് കണ്ടെത്താം. നിങ്ങള്‍ക്ക് ഹിതം ചെയ്യാന്‍ ബുദ്ധിയോ ചതിയോ സൂത്രമോ എന്താണെന്ന് വച്ചാല്‍ അത് ഞാന്‍ പ്രയോഗിക്കും. സാമ,ദാന,ഭേദ,ദണ്ഡങ്ങളായ ഉപായങ്ങള്‍ ബന്ധുക്കളിലും ശത്രുക്കളിലും അവരവരുടെ തരം പോലെ സന്ദര്‍ഭാനുസരണം ഉപയോഗിക്കണം എന്നാണു ശാസ്ത്രമതം. ബ്രഹ്മാവ്‌ അവന്‍റെ തപസ്സില്‍ സംപ്രീതനായാണ് വരം നല്‍കിയത്. അതിന്‍റെ പ്രഭാവം അവനെ ദുര്‍ജ്ജയനാക്കിയിരിക്കുന്നു. ത്വഷ്ടാവ് അവനെ നിര്‍മ്മിച്ചിരിക്കുന്നത് അവന്‍റെ യുദ്ധപരാക്രമം രണത്തില്‍ ഉത്തരോത്തരം വര്‍ദ്ധിക്കുന്നതരത്തിലാണ്. ഇവനെ കീഴടക്കാനും വധിക്കാനും സാമം തന്നെ മാര്‍ഗ്ഗം. അതായത് സാമത്താല്‍ അവനെ വശത്താക്കിയിട്ട് ചതിയില്‍ക്കൂടി മാത്രമേ അവനെ ജയിക്കാനാവു. ഗന്ധര്‍വ്വന്മാര്‍ പോയി അവനെ വശീകരിക്കട്ടെ. വൃത്രനുമായി മിത്രത്വം ഭാവിച്ച് അവനു വിശ്വാസം വരുന്നതുപോലെ ഇടപെടുക. അങ്ങിനെ സമയമാകുമ്പോള്‍ ഇന്ദ്രന്‍റെ വജ്രായുധത്തില്‍ ഒളിച്ചിരുന്ന് ഞാന്‍ വേണ്ട സഹായം ചെയ്യാം. ഇതൊക്കെയാണെകിലും അവന്‍റെ ആയുസ്സ് തീരും വരെ നാം കാത്തിരിക്കണം.


ഋഷിമാരും ഗന്ധര്‍വ്വന്മാരും ചേര്‍ന്ന് വൃത്രനുമായി മൈത്രീബന്ധം സ്ഥാപിക്കുക. 'കാര്യസാദ്ധ്യത്തിനു കള്ളമാവാം.!' കാരണം അവനെ ശൌര്യം കൊണ്ട് കൊല്ലാനാവില്ല. ഇങ്ങിനെയൊരു കാര്യം ഞാന്‍ ബലിയുടെ കാര്യത്തില്‍ ചെയ്തിട്ടുണ്ട്. മോഹിനീ വേഷത്തില്‍ അസുരരെ മുഴുവന്‍ ഞാന്‍ കൊതിപ്പിച്ചു വഞ്ചിച്ചിട്ടുമുണ്ട്. നിങ്ങള്‍ ഏവരും ചേര്‍ന്ന് ജഗദംബികയായ യോഗമായയെ പ്രീതിപ്പെടുത്തുക. ഞാനും ആ അമ്മയെ വാഴ്ത്തി സ്തുതിക്കാം. ശത്രു സംഹാരവിജയത്തിനായി ഇന്ദ്രന്‍ ജഗന്മോഹിനിയായ ശിവയെ പൂജിക്കട്ടെ. ശത്രുവിനെ മോഹവലയത്തിലാക്കാന്‍ യോഗമായക്ക് നിഷ് പ്രയാസം കഴിയും. മായക്കടിമയായാല്‍പ്പിന്നെ അവനെ കൊല്ലുക എളുപ്പമാവും. മായാ ദേവിയുടെ ഒത്താശയില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അംബികാപ്രസാദം മാത്രമാണ് കാര്യസാദ്ധ്യത്തിനുതകുക.


പരയായ ആ ജഗന്മാതാവിനെ, പ്രകൃതിയെ സത്വഗുണഭാവത്തോടെ പൂജിക്കുക. സകലഭൂതങ്ങളുടെയും അന്തര്യാമി അവളാണ്. ഞാനും എന്തെങ്കിലും സാധിക്കണമെങ്കില്‍ ആ ദേവിയെയാണ് ആശ്രയിക്കുന്നത്. മധുകൈടഭന്മാരെ കൊല്ലാന്‍ എനിക്ക് അയ്യായിരം കൊല്ലം വേണ്ടിവന്നു. അന്ന് ഞാന്‍ മൂലപ്രകൃതിയെ പ്രീതയാക്കിയാണ് അവരെ മോഹവലയത്തിലാക്കിയത്. മദഗര്‍വ്വിതരായ അവരെ അങ്ങിനെയാണ് ചതിവില്‍ ഞാന്‍ നിഹനിച്ചത്. അതുകൊണ്ട് ആ പരാപ്രകൃതിയെ ഭജിക്കുക മാത്രമേ കരണീയമായുള്ളു.”


മഹാവിഷ്ണുവിന്‍റെ ആദേശപ്രകാരം ദേവന്മാര്‍ മന്ദാരവൃഷങ്ങള്‍ നിറഞ്ഞ മേരുപര്‍വ്വതത്തില്‍ച്ചെന്നു തപസ്സാരംഭിച്ചു. സര്‍വ്വാര്‍ത്ഥപ്രദായികയായ ദേവിയെ, ജഗന്മാതാവായ സൃഷ്ടിസ്ഥിതിസംഹാരകാരിണിയെ സ്തുതിച്ചു.


"ദേവീ ഭഗവതീ വൃത്രാസുരന്‍റെ പീഡനത്താല്‍ വലയുന്ന ദേവന്മാരായ ഞങ്ങളെ രക്ഷിക്കണേ. ദീനജനത്തിന്റെ ഏകാശ്രയമായ അമ്മ അഭയമരുളും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഞങ്ങളെ അവിടുത്തെ മക്കളായി കണക്കാക്കിയാലും. അമ്മയ്ക്ക് അറിയാത്തതായി മൂന്നു ലോകത്തും ഒന്നുമില്ല. എന്നിട്ടും ഞങ്ങള്‍ വലയുന്നത് അമ്മ അറിയുന്നില്ലേ? ബ്രഹ്മാണ്ഡം നിന്റെ സൃഷ്ടിയാണ്. അതിലെ കാര്യകര്‍ത്താക്കളായ ത്രിമൂര്‍ത്തികളും നിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് അവര്‍ സ്വതന്ത്രരായല്ല വര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. അവര്‍ വിഹരിക്കുന്നത് നിന്‍റെ പുരികക്കൊടിയുടെ ചലനം അവരെ പ്രവര്‍ത്തനനിരതരാക്കുന്നത് കൊണ്ട് മാത്രമാണ്. തെറ്റ് ചെയ്ത പുത്രന്മാരെപ്പോലും ഒരമ്മ ഉപേക്ഷിക്കുന്നില്ല അപ്പോള്‍പ്പിന്നെ നിരപരാധികളായ ഞങ്ങളെ രക്ഷിക്കാന്‍ അമ്മയെന്താണമാന്തിക്കുന്നത്? അല്ല, ഇനി അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ നേടിയിട്ടും ഞങ്ങള്‍ ഭക്തിഹീനരായി സുഖലോലുപതയില്‍ മുഴുകി കഴിയുന്നു എന്ന് കരുതി ഞങ്ങളെ ഇനി കാണുകയേ വേണ്ട എന്നാണോ അവിടുന്നു നിനയ്ക്കുന്നത്? ഇങ്ങിനെയൊരു പരിഭവം സൃഷ്ടാവിന്  സ്വന്തം സൃഷ്ടികളെക്കുറിച്ചുണ്ടാവുമോ?


അവിടുന്ന് പണ്ട് മഹിഷാസുരനെ വധിച്ചു ഞങ്ങളെ രക്ഷിച്ചു. അതുപോലെ ഈ വൃത്രനെയും കൊന്നു ഞങ്ങള്‍ക്ക് അഭയം നല്‍കിയാലും. ശുംഭനിശുംഭ സോദരന്മാരെ ഹനിച്ചതും അമ്മയാണല്ലോ. അതുപോലെ വരലാഭം കിട്ടിയതിനാല്‍ മദഗര്‍വ്വോടെ ഞങ്ങളെ പീഡിപ്പിക്കുന്ന ഈ ദുഷ്ടനെയും അമ്മ ഹനിക്കണം. ദൈത്യപീഡയാല്‍ വലയുന്ന ദേവന്മാരുടെ അഴല്‍ തീര്‍ക്കാന്‍ ശക്തിയുള്ള മറ്റാരെയും ഞങ്ങള്‍ക്കറിയില്ല. അമ്മയല്ലാതെ ഞങ്ങള്‍ക്ക് മറ്റാരും ആശ്രയമില്ല.


അമ്മയെന്ന നിലയ്ക്ക് വൃത്രനോടും അവിടുന്നു ദയ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആയിക്കോളൂ. പക്ഷെ അവനിലെ പാപബുദ്ധി ഒന്ന് മാറ്റിയെടുക്കണം. അവനെ ശുദ്ധനാക്കൂ. അല്ലെങ്കില്‍ അവനു നരകം തന്നെ ഗതി. പോരില്‍ നിന്‍റെ അമ്പുകള്‍ ഏറ്റു മരണമടയുന്നവര്‍ നേരെ അമരാവതിയിലേയ്ക്ക് പോവുകയാണല്ലോ ചെയ്യുന്നത്? അങ്ങിനെ നിന്‍റെ ശത്രുക്കള്‍ക്ക് പോലും സദ്ഗതി ലഭിക്കുന്നു. എന്നാല്‍പ്പിന്നെ അമ്മെ, ഇവനും സദ്ഗതി കൊടുത്ത് ഞങ്ങളെ രക്ഷിച്ചുകൂടേ? ഈ മഹാപാപി അവിടുത്തെ ഭക്തനാവാന്‍ യാതൊരു സാദ്ധ്യതയുമില്ല. കാരണം അങ്ങിനെയുള്ള ഒരാള്‍ ദേവന്മാരെ ഇങ്ങിനെ ഉപദ്രവിച്ചു വലയ്ക്കുമോ?


അമ്മെ, അവിടുത്തെ ഞങ്ങള്‍ എങ്ങിനെയാണ് പൂജിക്കുക? പൂക്കള്‍ എടുത്ത് അര്‍ച്ചിക്കാമെന്ന് വച്ചാല്‍ ആ പൂക്കളും എല്ലാ അര്‍ച്ചന വസ്തുക്കളും അമ്മയുടേത് മാത്രമല്ലേ?  മന്ത്രങ്ങളും ഞങ്ങള്‍ അടക്കം എല്ലാ ജീവജാലങ്ങളും അവിടുത്തെ ശക്തിരൂപങ്ങള്‍ തന്നെയല്ലേ? അതുകൊണ്ട് അമ്മയുടെ കാല്‍ക്കല്‍ കുമ്പിട്ടു നമസ്കരിക്കുകയല്ലാതെ മറ്റൊന്നും ഉചിതമാവുകയില്ല. ഞങ്ങള്‍ മാത്രമല്ല രാഗാദി ദോഷങ്ങള്‍ തൊട്ടു തീണ്ടാത്ത മാമുനിമാര്‍ പോലും പണിയുന്നത് അവിടുത്തെ കാലടികളല്ലേ? സംസാരമാവുന്ന അലകടല്‍ കടക്കാനുള്ള ഒരേയൊരു തോണി അമ്മയുടെ തൃപ്പാദകമലങ്ങള്‍ മാത്രമാകുന്നു എന്ന് ആ മഹാന്മാര്‍ക്ക് നല്ലവണ്ണം അറിയാം. ഹോമകര്‍മ്മങ്ങള്‍ ചെയ്യുന്നവരും നിന്നെയാണ് ഭജിക്കുന്നത്. ആ കര്‍മ്മങ്ങളില്‍ ദേവന്മാര്‍ക്കുള്ള ‘സ്വാഹാ’യും പിതൃക്കള്‍ക്കുള്ള ‘സ്വധ’യും സ്മരിക്കപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവ രണ്ടും ദേവിയുടെ തന്നെ രണ്ടു ഭാവങ്ങളാണ്.


അവിടുന്നാണ് ബുദ്ധിശക്തിയും, കാന്തിയും ശാന്തിയും. മനുഷ്യരില്‍ തെളിയുന്ന ബോധത്തിനു നിദാനമാവുന്നതും ലോകാംബയായ അവിടുന്നു തന്നെയാണ്. മൂന്നുലോകത്തുമുള്ള സകലവിഭവങ്ങളും നിന്റെ കരവിരുത് തന്നെയാണ്. ആ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് അമ്മേ, അവിടുത്തെ ഭക്തന്മാര്‍ സുഭിക്ഷമായി കഴിയുന്നു.”


ഇങ്ങിനെ വാഴ്ത്തി സ്തുതിക്കുന്ന ദേവന്മാര്‍ക്ക് മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി മനോജ്ഞ ഭാവത്തില്‍ ഒരു കന്യകയായി ദേവി പ്രത്യക്ഷപ്പെട്ടു. നാല് തൃക്കൈകളില്‍ പാശം, അങ്കുശം, വരം, അഭയം എന്നിവയും അരക്കെട്ടില്‍ ചാര്‍ത്തിയ കണകണ ശബ്ദമുണ്ടാക്കുന്ന കിങ്ങിണിക്കൂട്ടവും ദേവിയുടെ ചാരുരൂപത്തെ അതിമോഹനമാക്കി.  കുയിലിന്‍റെതു പോലുള്ള മധുരനാദമാണ് ദേവിയുടേത്. കൈവളകളും കാല്‍ത്തളകളും ചിലുമ്പുന്ന നാദവും അതിമനോഹരം. അമ്പിളിക്കീറുകൊണ്ടുണ്ടാക്കിയ കിരീടത്തില്‍ വിശിഷ്ട രത്നങ്ങള്‍ തിളങ്ങുന്നു. പൂപ്പുഞ്ചിരി പൊഴിക്കുന്ന മുഖ കമലം. മൂന്നു കണ്ണുകള്‍, പാരിജാതപ്പൂവിന്‍റെ നീലനിര്‍മ്മല പ്രഭാപൂരം പൊഴിച്ച് ചുവന്ന പട്ടു ഞൊറിഞ്ഞുടുത്ത സുപ്രസന്നരൂപം. കരുണാസമുദ്രം.

സര്‍വ്വസൃഷ്ടികള്‍ക്കും നിദാനമായ പരയും ദ്വൈതപ്രപഞ്ച കാരണയുമായ അമ്മ സര്‍വ്വശൃംഗാരപ്രൌഢി നിറഞ്ഞ സര്‍വ്വജ്ഞയും സര്‍വ്വവേദാന്തങ്ങളുടെയും സത്തയുമാണ്. സച്ചിദാനന്ദം മോഹനരൂപം ധരിച്ചു മുന്നില്‍ നില്‍ക്കുന്നത് കണ്ട് ദേവന്മാര്‍ എല്ലാവരും താഴെവീണു നമസ്കരിച്ചു.


‘എന്താണ് നിങ്ങള്‍ക്ക് വേണ്ടത്’ എന്ന് ദേവി അവരോടു ചോദിച്ചു.

‘ദേവന്മാരെ പീഡിപ്പിക്കുന്ന വൃത്രനെ മോഹിപ്പിച്ചാലും. അവനു ദേവന്മാരില്‍ വിശ്വാസം ജനിപ്പിക്കണം. വജ്രായുധത്തിന് അസുരനിഗ്രഹശക്തിയും തന്നു ഞങ്ങളെ അനുഗ്രഹിക്കണം’ എന്ന് ദേവന്മാര്‍ ആവശ്യപ്പെട്ടു.

‘അങ്ങിനെയാവട്ടെ’ എന്ന് ദേവി സംപ്രീതയായി അവരോടു പറഞ്ഞു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Tuesday, March 28, 2017

ദേവപരാജയം - ശ്രീമദ്‌ ദേവീഭാഗവതം. 6. 4. - ദിവസം 131.



നിര്‍ഗതാസ്തേ പരാവൃത്താസ്തപോ വിഘ്നകരാ; സുരാ:
നിരാശാ: കാര്യ സംസിദ്ധ്യൈ തം ദൃഷ്ട്വാ ദൃഢ ചേതസം
ജാതേ വര്‍ഷശതേ പൂര്‍ണ്ണേ ബ്രഹ്മാ ലോക പിതാമഹ:
തത്രാജഗാമ തരസാ ഹംസാരൂഢശ്ചതുര്‍മുഖ:


വ്യാസന്‍ തുടര്‍ന്നു:  വൃത്രന്റെ സുദൃഢമനസ്സോടെയുള്ള തപോനിഷ്ഠ കണ്ട ദേവന്മാര്‍ വിഷണ്ണരായി മടങ്ങി. അദ്ദേഹത്തിന്‍റെ തപസ്സു മുടക്കാന്‍ അവര്‍ക്ക് സാധിച്ചില്ലല്ലോ. നൂറുകൊല്ലം തപസ്സു ചെയ്തു കഴിഞ്ഞപ്പോള്‍ വൃത്രന്‍റെ മുന്നില്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. ‘ഇനി നിന്‍റെ ധ്യാനം മതിയാക്കാം. തപസ്സുകൊണ്ട് ക്ഷീണിച്ച നിന്‍റെ ദേഹം കണ്ടു ഞാന്‍ സംതൃപ്തനായിരിക്കുന്നു. നിനക്ക് എന്ത് വരമാണ് വേണ്ടത്?


സ്വപിതാവായ ബ്രഹ്മാവ്‌ തന്‍റെ മുന്നില്‍ വന്നു നിന്നപ്പോള്‍ അദ്ദേഹം ധ്യാനാസനത്തില്‍ നിന്നും എഴുന്നേറ്റു. പിതാവിനെ നമസ്കരിച്ച ശേഷം ഗദ്ഗദകണ്ഠനായി പറഞ്ഞു. ‘പ്രഭോ, അങ്ങയുടെ ദര്‍ശനം തന്നെ എനിക്കുള്ള വരലാഭം. എങ്കിലും ദുഷ്പ്രാപ്യമായ ഒരാഗ്രഹം എന്‍റെയുള്ളില്‍ നാമ്പിടുന്നത് അങ്ങേയ്ക്ക് അറിയാതെപോവില്ല. എന്‍റെ മൃത്യു ലോഹം കൊണ്ടോ, തടികൊണ്ടോ ഉണങ്ങിയതോ നനഞ്ഞതോ ആയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ടോ ആവാന്‍ പാടില്ല. വീരരായ ദേവന്മാരോടേറ്റുമുട്ടുമ്പോള്‍ അവരേക്കാള്‍ എന്‍റെ വീര്യം വര്‍ദ്ധിക്കണം.’


മകന്‍റെ വരാപേക്ഷ കേട്ട ചതുര്‍മുഖന്‍ ‘അങ്ങിനെയാകട്ടെ’ എന്നവനെ അനുഗ്രഹിച്ചു. ബ്രഹ്മാവ്‌ സത്യലോകത്തേയ്ക്കും വൃത്രന്‍ ത്വഷ്ടാവിന്‍റെ അടുക്കലേയ്ക്കും മടങ്ങിപ്പോയി. ബ്രഹ്മാവില്‍ നിന്നും വരം വാങ്ങി വന്ന വൃത്രനോട് ത്വഷ്ടാവ് പറഞ്ഞു: ‘നീ ശക്രനെ കൊന്നു വിജയശ്രീലാളിതനായി വരിക. അങ്ങിനെ നീ ദേവാധിനാഥനായാല്‍ എന്‍റെ പുത്രദുഃഖം ഇല്ലാതാകും. ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍ പറയുന്നത് അനുസരിക്കുക, ക്ഷീണാവസ്ഥയില്‍ അച്ഛനെ സംരക്ഷിക്കുക, മരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിനായി ഗയാശ്രാദ്ധം ചെയ്യുക എന്നിവയാണ് ഒരു മകന്‍റെ കടമകള്‍. ഉത്തമപുത്രന്‍റെ ലക്ഷണങ്ങള്‍ ഈ മൂന്നുമാണ്. യാതൊരു തെറ്റും ചെയ്യാത്ത പരമസാത്വികനായ എന്‍റെ മകനെ ആ കശ്മലന്‍ കൊന്നുകളഞ്ഞില്ലേ?’


പിതാവിന്‍റെ വാക്കുകള്‍ കേട്ട് വൃത്രന്‍ അവിടെ നിന്നും പുറപ്പെട്ടു. യുദ്ധവ്യഗ്രനായി അവന്‍ രണഭേരി മുഴക്കി. പെരുമ്പറയൊച്ച മുഴങ്ങി. ‘ഞാനാ ശക്രനെ കൊന്നു ദേവലോകം കീഴടക്കും’ എന്ന് സേവകരോടു പറഞ്ഞുകൊണ്ടായിരുന്നു അവന്‍റെ യാത്ര. അവന്‍റെ വരവറിഞ്ഞ് അമരാവതി നഗരമാകെ ഞെട്ടിവിറച്ചു.


വൃത്രന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രന്‍ തന്‍റെ സേനാനായകന്മാരുമായി കൂടിയാലോചിച്ചു. കഴുകന്മാരുടെ ഒരു വ്യൂഹം ചമച്ച് ഇന്ദ്രന്‍ യുദ്ധത്തിനു തയ്യാറായി നിന്നു. അപ്പോഴേയ്ക്ക് വൃത്രന്‍ എത്തിച്ചേര്‍ന്നു. ദേവന്മാരും ദാനവന്മാരും തമ്മില്‍ യുദ്ധം തുടങ്ങി. വൃത്രനും ശക്രനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാരംഭിച്ചു. വാള്‍, കവണ, പാര, മഴു, പട്ടിശം തുടങ്ങിയ ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടു. ദേവന്മാര്‍ ചിന്തിച്ചു നില്‍ക്കെ അസുരപ്പട നിന്നാര്‍ത്തുവിളിച്ചു. വൃത്രന്‍ ദേവേന്ദ്രനെ പിടികൂടി കവചങ്ങളും ആയുധങ്ങളും  വലിച്ചു ദൂരെയെറിഞ്ഞ്‌ അദ്ദേഹത്തെ തന്‍റെ വായിലിട്ടു വിഴുങ്ങി. ശക്രന്‍ അപ്രത്യക്ഷനായതറിഞ്ഞു സുരന്മാര്‍  എന്തുചെയ്യണം എന്നറിയാതെ ഉഴറി. അവര്‍ പെട്ടെന്ന് ഗുരുവായ ബൃഹസ്പതിയെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. ‘ശക്രന്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്കാരുണ്ട് ? എങ്ങിനെയെങ്കിലും അദ്ദേഹത്തെ രക്ഷിക്കണം.’


‘വാസവന്‍ വൃത്രന്‍റെ വയറ്റില്‍ എത്തിക്കഴിഞ്ഞല്ലോ? ഇനി ഞാനെന്തു ചെയ്യും?’ എന്നായി ഗുരു. പെട്ടെന്ന് ദേവന്മാര്‍ ഇന്ദ്രനെ വായില്‍ നിന്നും പുറത്തിറക്കാന്‍ ഉപായം തേടി. അതിനായി ജൃംഭ എന്നൊരു സത്വത്തെ അവര്‍ ഉണ്ടാക്കി. ആ മഹാസത്വം വൃത്രനെ പീഡിപ്പിക്കെ അവന്‍ തന്‍റെ വായ്‌ തുറന്ന് വലിയൊരു കോട്ടുവായിട്ടു. ഇന്ദ്രന്‍ അപ്പോള്‍ സൂത്രത്തില്‍ വൃത്രന്‍റെ വായിലൂടെ പുറത്തു ചാടി. അന്നുമുതലാണ് ജീവികളില്‍ ‘കോട്ടുവായ’ പതിവായത്.


യുദ്ധം വീണ്ടും തുടര്‍ന്നു. ഒരു പതിനായിരം കൊല്ലം ഈ രണം നീണ്ടു നിന്നു. വൃത്രന്റെ വീര്യം പോര് മുറുകുന്നതിനനുസരിച്ചു കൂടിക്കൊണ്ടിരുന്നു. അതാണല്ലോ അവനു കിട്ടിയ വരബലം. വിണ്ണവര്‍ ആ യുദ്ധവീര്യത്തിനു മുന്നില്‍ പകച്ചുപോയി. ദേവന്മാര്‍ പടയില്‍ തോറ്റ് ഇന്ദ്രനുമൊത്ത് ഓടിപ്പോയി. വൃത്രന്‍ നാകലോകത്തെ കീഴടക്കി. ഐരാവതം അവന്‍റെ കയ്യിലായി. ദേവന്മാരുടെ നന്ദനോദ്യാനങ്ങള്‍ അവന്‍റെ കേളീവിഹാരങ്ങളായി. ദേവന്മാരുടെ വിമാനങ്ങളും ഉച്ചൈശ്രവസ് എന്ന കുതിരയും ഇപ്പോള്‍ വൃത്രന്‍റെ നിയന്ത്രണത്തിലാണ്. അപ്സരസ്സുകളും കാമധേനുവും എന്നുവേണ്ട സകല സമ്പത്തും നഷ്ടപ്പെട്ട ദേവന്മാര്‍ ഇപ്പോള്‍ കാട്ടിലും മലയിലും ഒളിച്ചു പാര്‍ക്കുകയാണ്. മകന്‍റെ ജയത്തില്‍ ത്വഷ്ടാവും ആഹ്ലാദിച്ചു. വൃത്രനുമൊത്ത്  അദ്ദേഹവും നാകലോകത്ത് സുഖിച്ചു കഴിഞ്ഞു.


ഇനിയെന്തുചെയ്യും എന്നാലോചിക്കാന്‍ ദേവന്മാരും മുനിവൃന്ദവും കൈലാസത്തില്‍ മഹേശ്വരനെ ചെന്ന് കണ്ടു. ‘ദേവ ദേവ, വൃത്രനോടു തോറ്റ് വലയുന്ന ഞങ്ങളെ രക്ഷിക്കണേ. ആ ശഠന്‍ നാകലോകം കീഴടക്കി വാഴുന്നു. മറ്റൊരാശ്രയമില്ലാത്ത ഞങ്ങള്‍ എന്തുചെയ്യണം? എങ്ങോട്ടാണ് പോകേണ്ടത്? ആ വരബലമത്തനായ വൃത്രനെ കൊന്നു ഞങ്ങളുടെ സങ്കടം തീര്‍ത്താലും മഹേശ്വരാ’ എന്നവര്‍ അഭ്യര്‍ഥിച്ചു. ‘നമുക്ക് ബ്രഹ്മാവിനെയും കൂട്ടി മഹാവിഷ്ണുവുമായി ആലോചിച്ചു വേണ്ടത് ചെയ്യാം’ എന്ന് പരമശിവന്‍ ഉറപ്പുനല്‍കി. ‘ജനാര്‍ദ്ദനന്‍, വാസുദേവന്‍, മഹാശക്തന്‍, കരുണാകരന്‍, ഇങ്ങിനെയൊക്കെ അറിയപ്പെടുന്ന വിഷ്ണുവിന് സാധിക്കാത്തതായി ഒന്നുമില്ല.’


ദേവന്മാര്‍ മഹേശ്വരനെയും ബ്രഹ്മദേവനെയും കൂട്ടി വൈകുണ്ഠത്തിലെത്തി. പുരുഷസൂക്തം ജപിച്ചു ഭഗവാനെ അവര്‍ വാഴ്ത്തി സ്തുതിച്ചു. ‘എന്താണ് നിങ്ങളുടെ ആഗമനോദ്ദേശം? എന്ന് കമലാപതി അന്വേഷിച്ചു. അപ്പോഴും ദേവന്മാര്‍ ഒന്നും മിണ്ടാതെ ചിന്താവിവശരായി കൂപ്പുകൈകളോടെ അവിടെത്തന്നെ നിര്‍നിമേഷരായി നിന്നതേയുള്ളു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Monday, March 27, 2017

വൃത്ര തപസ്സ് - ശ്രീമദ്‌ ദേവീഭാഗവതം. 6. 3. - ദിവസം 130.



കൃത സ്വസ്ത്യയനോ വൃത്രോ ബ്രാഹ്മണൈര്‍ വേദ പാരഗൈ:
നിര്‍ജഗാമ രഥാരൂഢോ ഹന്തും ശക്രം മഹാബല:
തദൈവ രാക്ഷസാ: ക്രൂരാ: പുരാ ദേവ പരാജിതാ:
സമാജഗ്മുശ്ച സേവാര്‍ത്ഥം വൃത്രം ജ്ഞാത്വാ മഹാബലം


വേദപാരംഗതരായ ബ്രാഹ്മണരുടെ അനുഗ്രഹത്തോടെ വൃത്രന്‍ ശക്രനെ വധിക്കക്കാനായി തേരില്‍ക്കയറി സ്വര്‍ഗ്ഗദേശത്തെയ്ക്ക് പുറപ്പെട്ടു. പണ്ട് ദേവന്മാരോടു തോറ്റ് ഒതുങ്ങി നിന്ന രാക്ഷസന്മാര്‍ വൃത്രന് തുണയായി എത്തി. ഇന്ദ്രന്‍റെ ചാരന്മാര്‍ വൃത്രന്റെ യുദ്ധസന്നാഹവൃത്താന്തം അദ്ദേഹത്തെ അറിയിച്ചു.


‘രാക്ഷസപ്പടയുമൊത്ത് യുദ്ധോല്‍സുകനായി തേരില്‍ക്കയറി വൃത്രന്‍ വരുന്നുണ്ട്. ബ്രഹ്മദേവന്‍ ആഭിചാരം കൊണ്ട് അവനെ സൃഷ്ടിച്ചത് സ്വപുത്രനെ കൊന്നവനോടു പകരാന്‍ വീട്ടാനാണ്. മലപോലെ വലിയൊരുത്തനാണ് വൃത്രന്‍. അവന്‍റെ ഹുങ്കാരം ഇതാ ഇങ്ങടുത്തെത്തിപ്പോയി. അവന്‍റെ കൂടെ രാക്ഷസപ്പടയും ഉണ്ട്.’


ഇങ്ങിനെ ദൂതവാക്കുകള്‍ കേട്ടിരുന്ന ഇന്ദ്രന്‍റെയടുത്ത് ഭയചകിതരായ ദേവന്മാര്‍ ഓടിയെത്തി സങ്കടം പറഞ്ഞു: ‘പ്രഭോ, എങ്ങും ദുര്‍നിമിത്തങ്ങളാണ്. കിളികള്‍ വല്ലാതെ ചിലയ്ക്കുന്നു. പരുന്തും കാക്കയും കഴുകനും വികൃതമായ നാദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്നു. ‘ചീ’, ‘കൂ’, ‘ചീ’, എന്നിങ്ങിനെ പക്ഷിക്കൂട്ടങ്ങള്‍ കരയുന്നു. ആനകളുടെയും കുതിരകളുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു. വീടുകളുടെ മച്ചിന്‍പുറങ്ങളില്‍ നിന്നും അസുരനാരിമാരുടെ അലമുറകള്‍ കേള്‍ക്കുന്നു. കാറ്റടിക്കാതെതന്നെ കൊടിക്കൂറകള്‍ നിലത്ത് വീഴുന്നു. ഭൂമിയിലും ആകാശത്തും ദുശ്ശകുനങ്ങള്‍ കാണുന്നു. കരിമംഗല്യം ബാധിച്ച പെണ്ണുങ്ങള്‍ ‘പോ’, ‘പോ’, എന്നാട്ടിക്കൊണ്ട് വീടുതോറും നടക്കുന്നു. രാക്ഷസപ്പെണ്ണുങ്ങള്‍ വീട്ടില്‍ക്കിടന്നുറങ്ങുന്ന സ്ത്രീകളുടെ മുടി പിടിച്ചു വലിക്കുന്നു. ഭൂമികുലുക്കവും കൊള്ളിമീന്‍ മിന്നലും കുറുക്കന്മാരുടെ ഓരിയിടലും ഓന്തുകള്‍ ഒാടിനടക്കുന്നതും ദേഹാവയവങ്ങള്‍ തുടിക്കുന്നതും എല്ലാം ദുര്‍ലക്ഷണം തന്നെയാണ്, നിശ്ചയം.’


ദേവന്മാരുടെ വേവലാതികള്‍ കേട്ട് ചിന്താകുലനായ ഇന്ദ്രന്‍ ഗുരുവിനോട് അഭിപ്രായം ചോദിച്ചു. ‘ഭഗവന്‍, എന്താണീ ദുര്‍നിമിത്തങ്ങള്‍ക്ക് കാരണം? കാറ്റ് വല്ലാതെ വീശുന്നു. ആകാശത്തു നിന്നും തലമുടി പറന്നു വീഴുന്നു. സര്‍വജ്ഞനായ അങ്ങ് ഞങ്ങള്‍ക്ക് ആചാര്യനാണ്. അതി ബുദ്ധിമാനുമാണ്. ശത്രുനാശത്തിനുള്ള ഉപാധികള്‍ പറഞ്ഞു തന്നാലും.’


‘ഞാനെന്തു ചെയ്യാനാണ് ഇന്ദ്രാ, നീ അതിക്രമം ചെയ്തുപോയില്ലേ? ആ നിരപരാധിയായ ത്രിശിരസ്സിനെ വെറുതെ കൊന്നുകളഞ്ഞില്ലേ? അത്യുഗ്രമായ പാപ പുണ്യങ്ങള്‍ക്ക് അപ്പപ്പോള്‍ത്തന്നെ ഫലമുണ്ടാവും. അതിനാല്‍ ഈ യുദ്ധം വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. അന്യനെ ഹിംസിക്കുക, അന്യനു ദൂഷ്യം വരുന്ന കര്‍മ്മം അനുഷ്ടിക്കുക എന്നതൊന്നും നല്ലതിനല്ല. പരദ്രോഹിക്ക് സുഖമുണ്ടാവുന്നതെങ്ങിനെ? ലോഭവും മോഹവും നിന്നെ പൊതിഞ്ഞിട്ടാകണം നീ ബ്രഹ്മഹത്യ ചെയ്തത്. അതിന്റെ ഫലമിപ്പോള്‍ ഇതാ വന്നണഞ്ഞു. ഈ വൃത്രന്‍ അവധ്യനാണ്. അവന്‍റെ കയ്യില്‍ വജ്രായുധത്തിനു തുല്യമായ ആയുധങ്ങള്‍ അനേകമുണ്ട്. എല്ലാം അവന്റെ പിതാവ് നല്‍കിയതാണ്. തേരില്‍ക്കയറി അവധ്യനായ അവന്‍ എന്തിനും തയ്യാറായി വരികയാണ്.’


ഗുരുവിങ്ങിനെ പറഞ്ഞു കൊണ്ടിരിക്കേ, ഗന്ധര്‍വ്വന്മാരും യക്ഷന്മാരും മുനിമാരുമൊക്കെ സ്വന്തം ഗൃഹങ്ങള്‍ ഉപേക്ഷിച്ച്‌ ബഹളം വെച്ച് ഓടിവന്നു. ഇതുകണ്ട ശക്രന്‍ സൈന്യങ്ങളെ അണിനിരത്താന്‍ ആവശ്യപ്പെട്ടു. വസുക്കള്‍, ആദിത്യന്മാര്‍, രുദ്രര്‍, വായു, പാശി, ഭഗന്‍, കുബേരന്‍, എല്ലാവരേയും കൂട്ടി ആയുധങ്ങളുമായി വിമാനങ്ങളില്‍ കയറി പോരിനു തയ്യാറായി. ‘അവനോടു പോരിനിറങ്ങാന്‍ പറയൂ’ എന്നാഹ്വാനം ചെയ്ത് ഇന്ദ്രന്‍ ആനപ്പുറത്തു കയറി. ദേവന്മാര്‍ അവരവരുടെ വാഹനങ്ങളുമായി മാനസോത്തരം എന്ന പര്‍വ്വതത്തില്‍ ഇടം പിടിച്ചു. മരങ്ങള്‍ നിറഞ്ഞ ആ മലമുകളില്‍ ദേവന്മാരും അസുരന്മാരും യുദ്ധോല്‍സുകരായി അണിനിരന്നു.


ഗുരുവിന്‍റെ നേതൃത്വത്തില്‍ ഇന്ദ്രനും അവിടെയെത്തിയ വൃത്രനും തമ്മില്‍ ഘോരമായ യുദ്ധം നടന്നു. ഗദ, വാള്‍, മുസലം, വേല്‍, അമ്പ്‌, പാശം എന്നിവയെല്ലാം പരസ്പരം പ്രയോഗിച്ചു യുദ്ധം കൊടുമ്പിരിക്കൊണ്ടു. മനുഷ്യരുടെ ഒരു നൂറുവര്‍ഷം ഈ യുദ്ധം നീണ്ടു നിന്നു. വരുണനും, വായുവും, അഗ്നിയും ഒടുവില്‍ ശക്രനും യുദ്ധക്കളത്തില്‍ നിന്നും തോറ്റോടി. വൃത്രന്‍ സന്തോഷത്തോടെ വിശ്വകര്‍മ്മാവിനെ ചെന്ന് കണ്ടു. ‘പിതാവേ, അങ്ങയുടെ ആജ്ഞപ്രകാരം ഞാനിതാ ഇന്ദ്രനെ തോല്‍പ്പിച്ചിരിക്കുന്നു. സിംഹത്തെക്കണ്ട ആനകളെപ്പോലെ ഇന്ദ്രനും കൂട്ടരും തോറ്റമ്പിയിരിക്കുന്നു. ഇന്ദ്രന്‍റെ ഐരാവതത്തെയും യുദ്ധത്തില്‍ തോറ്റവരെയും പിടിച്ചു കെട്ടിയവരെയും മറ്റും കൊല്ലുന്നത് ശരിയല്ലല്ലോ. ഇനി എന്താണ് ചെയ്യേണ്ടത്?’


പുത്രന്‍റെ വാക്കുകള്‍ കേട്ട ത്വഷ്ടാവ് സന്തോഷത്തോടെ പറഞ്ഞു: ‘എന്‍റെ ജീവിതത്തിനു സാഫല്യമായി. എന്‍റെ മനസ്സിലെ വിഷമങ്ങള്‍ തീര്‍ക്കാന്‍ നിന്നെപ്പോലൊരു പുത്രനെ എനിക്ക് കിട്ടിയല്ലോ! നിന്‍റെ പ്രഭാവം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് ഞാന്‍. ഇനി നിനക്ക് നന്മയുണ്ടാകുന്ന കാര്യം പറഞ്ഞു തരാം. സമാധാനമായി കുറച്ചുകാലം സ്ഥിരാസനസ്ഥനായി സ്വസ്ഥമായ ഒരിടത്തിരുന്ന് നീ തപസ്സു ചെയ്താലും. ദേവേന്ദ്രന്‍ നിന്റെ ശത്രുവാണ്. വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. തപസ്സുകൊണ്ട് നിനക്ക് സമ്പത്തും രാജ്യവും ശക്തിയും ലഭിക്കും. ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി നീ ഇഷ്ടവരം വാങ്ങുക. വിശ്വയോനിയെന്നു പ്രശസ്തനായ ബ്രഹ്മാവ്‌ നിനക്കായി ‘അവധ്യത്വം’ വരമായി നല്‍കും. അപ്പോള്‍ നിനക്ക് ഇന്ദ്രനെ കൊല്ലാം. അയാള്‍ എന്‍റെ മകനെ കൊന്നതിനു പകരമായി അവനെ ഇല്ലാതാക്കി എന്‍റെ ദുഖത്തെ നീ ശമിപ്പിക്കണം.


അച്ഛന്‍ പറഞ്ഞതനുസരിച്ച് വൃത്രന്‍ തപസ്സിനായി പുറപ്പെട്ടു. ഗന്ധമാദനപര്‍വ്വതത്തിലെ  ദേവഗംഗയില്‍ കുളിച്ച് ദര്‍ഭ വിരിച്ച് അദ്ദേഹം സ്ഥിരാസനത്തില്‍ തപസ്സു തുടങ്ങി. നിരാഹാരനായി വിശ്വയോനിയെ മാത്രം ധ്യാനിച്ച്‌ വൃത്രന്‍ തപസ്സു ചെയ്യുന്ന വാര്‍ത്ത ഇന്ദ്രന്‍റെ ചെവിയിലുമെത്തി. നാഗഗന്ധര്‍വ്വയക്ഷന്മാരെയും അപ്സരസ്സുകളേയും വിദ്യാധരന്മാരെയും വൃത്ര തപോവിഘ്നം വരുത്താന്‍ ഇന്ദ്രന്‍ നിയോഗിച്ചു. എന്നാല്‍ ഇവര്‍ക്കൊന്നും വൃത്രതപസ്സിനെ ഇളക്കാന്‍ ആയില്ല. അവരുടെ മായാപ്രയോഗങ്ങള്‍ വൃത്രനില്‍ ഏശിയില്ല.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Sunday, March 26, 2017

വൃത്രോല്‍പ്പത്തി - ശ്രീമദ്‌ ദേവീഭാഗവതം. 6. 2 - ദിവസം 129.


അഥ സ ലോഭ മുപേത്യ സുരാധിപ:
സമധി ഗമ്യ ഗജാസനസംസ്ഥിത:
ത്രിശിരസം പ്രതി ദുഷ്ടമതിസ്തദാ
മുനിമപശ്യദമേയപരാക്രമം


ലോഭം നിറഞ്ഞ മനസ്സോടെ ദേവേന്ദ്രന്‍ ത്രിശിരസ് തപസ്സു ചെയ്യുന്നിടത്ത് ചെന്ന് അദ്ദേഹത്തെ കണ്ടു. സ്ഥിരസമാധിയില്‍ മുഴുകി യാതൊരു ചലനവും ഇല്ലാതെ അകമേ അതീവ ശാന്തനായിരിക്കുന്ന മുനിയുടെ തേജസ് ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ആദിത്യന് സമമായിരുന്നു. അഗ്നിയെന്നപോലെ പ്രോജ്വലശോഭയോടെ അദ്ദേഹം നിലകൊണ്ടു.


‘ഇയാളെ ഞാനെങ്ങിനെ നശിപ്പിക്കും! ആളാണെങ്കില്‍ ഉത്തമനായ താപസന്‍. ജനസമ്മതന്‍. എങ്കിലും ശത്രുവിനെ ഇങ്ങിനെ ബാലമാര്‍ജ്ജിക്കാന്‍ വിട്ടാല്‍ അതും നമുക്ക് നല്ലതിനല്ല.’ എന്ന്‍ ഇന്ദ്രന്‍ വേവലാതിപ്പെട്ടു. ഇങ്ങിനെ ആലോചിച്ചുകൊണ്ട്‌ ഇന്ദ്രന്‍ തന്റെ കയ്യിലുള്ള പരമായുധമായ വജ്രത്തെ മുനിക്ക് നേരെ പ്രയോഗിച്ചു. മലയിടിഞ്ഞത് പോലെയുള്ള ശബ്ദഘോഷത്തോടെ മുനി ക്ഷണത്തില്‍ മരിച്ചു വീണു.



ദേവേന്ദ്രന് സന്തോഷമായി എങ്കിലും മുനിവരന്മാര്‍ പ്രതിഷേധിച്ചു. ‘ഈ വാസവനെന്തു പറ്റി? ഇത്തരം ദുഷ്ടവൃത്തികള്‍ ചെയ്യാന്‍?! യാതൊരു തെറ്റുമില്ലാത്ത ഈ താപസനെ കൊന്നതിന്‍റെ പാപഫലം ഇന്ദ്രന്‍ അനുഭവിച്ചേ തീരൂ.’



മുനിയുടെ ദേഹം ജീവന്‍ പോയിട്ടും തിളക്കമാര്‍ന്നു കാണപ്പെട്ടു. ഇന്ദ്രന്‍ ദേവലോകത്തേയ്ക്ക് തിരിച്ചു പോയി. ജീവനറ്റ ദേഹത്തിന്‍റെ തിളക്കം ഇന്ദ്രന്‍റെ ഉറക്കം കെടുത്തി. ‘അതിനി എഴുന്നേറ്റ് വന്നാലോ’ എന്നദ്ദേഹം ഭയപ്പെട്ടു. അദ്ദേഹം ഒരു തച്ചന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങിനെ ആവശ്യപ്പെട്ടു. ‘നീ ചെന്ന്‍ ആ മുനിയുടെ തലകള്‍ മൂന്നും അറുത്തെടുക്കണം. ഇനിയൊരിക്കലും അത് ജീവിക്കരുത്’.


എന്നാല്‍ തച്ചന്‍ ദേവേന്ദ്രന്റെ വാക്കുകള്‍ വില വച്ചില്ല. ‘എന്‍റെ മഴുവിന് ആ കഴുത്ത് മുറിക്കാനാവില്ല. അത്രയ്ക്ക് വലുപ്പമുണ്ടതിന്.’ എന്നൊരു ന്യായം പറഞ്ഞ് അവന്‍ പിന്മാറി.


അവന്‍ വീണ്ടും പറഞ്ഞു: ‘സജ്ജനങ്ങള്‍ക്ക് പറ്റുന്ന പണിയാണോ അങ്ങ് ചെയ്തത്? എന്നിട്ടിപ്പോള്‍ എന്നെക്കൂടി പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു!. ചത്തവന്‍റെ ദേഹത്തെ വീണ്ടും ഉപദ്രവിക്കുന്നതും പാപം തന്നെയാണ്. ദേവേന്ദ്രാ മുനി മരിച്ചു കഴിഞ്ഞല്ലോ, ഇനിയെന്തിനാണീ നികൃഷ്ടകൃത്യം ചെയ്യുന്നത്? എന്തിനാണ് അങ്ങിത്ര പേടിക്കുന്നത്?’


‘ആ ദേഹത്ത് ഇനിയും ചൈതന്യമുള്ളത് പോലെ എനിക്ക് തോന്നുന്നു. എന്‍റെ ശത്രുവായ അവന്‍ ജീവിക്കരുത്.’

‘അങ്ങേയ്ക്ക് ഇതില്‍ ലജ്ജയില്ലേ? ബ്രഹ്മഹത്യാ പാപം ഉണ്ടാവുമെന്ന ഭയവുമില്ലേ?’


‘അതിനെന്താ പ്രായശ്ചിത്തം ചെയ്‌താല്‍ മതിയല്ലോ!. ശത്രുവിനെ കൊല്ലാന്‍ ചതിയൊക്കെ ആവാം എന്നുണ്ട്’

‘അങ്ങീ പാപം ചെയ്യുന്നത് ലോഭിതനായാണ്. എന്നാല്‍ എന്നില്‍ ലോഭമില്ലല്ലോ പിന്നെന്തിനു ഞാന്‍ പാപം ചെയ്യണം? എനിക്കെന്താണ് അങ്ങയെ സഹായിച്ചാല്‍ നേട്ടമുണ്ടാവുക?’


‘ഞാന്‍ നിനക്ക് യജ്ഞഭാഗം നല്‍കാം. ഇനിമുതല്‍ യജ്ഞത്തില്‍ ഹോമിക്കുന്ന പശുവിന്‍റെ തല നിനക്ക് തരാം. അതാണ്‌ നിനക്കുള്ള പ്രതിഫലം. ഇനി എന്‍റെ അഭീഷ്ടം നിറവേറ്റാമല്ലോ?’


ആ തച്ചന്‍ പോയി മുനിയുടെ തലകള്‍ അറുത്തു മുറിച്ചു. പെട്ടെന്ന് ചൈതന്യവത്തായിരുന്ന ആ മൂന്നു തലകളില്‍ നിന്നും ആയിരക്കണക്കിന് കിളിക്കൂട്ടങ്ങള്‍ ആകാശത്തേയ്ക്ക് പറന്നുപോയി. കപിഞ്ജലപ്പക്ഷികള്‍, തിത്തിരിപ്പക്ഷികള്‍, കുരുവികള്‍ എന്നീ മൂന്നുതരം പക്ഷികളാണ് ആ തലകളില്‍ നിന്നും പറന്നകന്നത്. വേദം ചൊല്ലുകയും സോമം കുടിക്കുകയും ചെയ്യുന്ന മുഖത്തു നിന്നുമാണ് കപിഞ്ജലപ്പക്ഷികള്‍ പറന്നു പൊങ്ങിയത്. സര്‍വ്വദിക്കുകളെയും പാനം ചെയ്യുന്നതുപോലെ നിരീക്ഷിച്ചുകൊണ്ടിരുന്ന മുഖത്തുനിന്നും തിത്തിരിപ്പക്ഷികള്‍ പൊങ്ങിപ്പറന്നുപോയി. സുരാപാനം ചെയ്യുന്ന മുഖത്തുനിന്നും കുരുവിക്കൂട്ടങ്ങള്‍ പറന്നകന്നു.



ഇക്കാഴ്ച കണ്ടു ദേവേന്ദ്രന്‍ സംതൃപ്തനായി മടങ്ങി. തച്ചനും ദേവയജ്ഞത്തിന്‍റെ ഒരു ഭാഗം തനിക്കും കിട്ടുമല്ലോ എന്ന് സന്തോഷിച്ചു. അപ്പോഴും താന്‍ ചെയ്ത ബ്രഹ്മഹത്യാപാപത്തെപ്പറ്റി വാസവന്‍ ചിന്തിച്ചത് പോലുമില്ല.

എന്നാല്‍ തന്‍റെ മഹാതാപസനായ പുത്രനെ ഇന്ദ്രന്‍ വധിച്ചതറിഞ്ഞ ബ്രഹ്മാവ്‌ കോപിഷ്ഠനായി. ‘തെറ്റൊന്നും ചെയ്യാത്ത എന്‍റെ മകനെ കൊന്ന പാപിയെ വധിക്കാന്‍ ഞാന്‍ മറ്റൊരുത്തനെ സൃഷ്ടിക്കാന്‍ പോകുന്നു. എന്‍റെ ബലം ഈ ദേവന്മാര്‍ കാണാന്‍ പോകുന്നതേയുള്ളു. ഇന്ദ്രന് സ്വപാപത്തിന്റെ ഫലം അനുഭവിക്കാനിടയാവട്ടെ.’


പ്രജാപതി പുത്രസൃഷ്ടിക്കായി ഹോമം തുടങ്ങി. എട്ടുനാള്‍ ഹോമം കഴിഞ്ഞപ്പോള്‍ അഗ്നിയില്‍ നിന്നും തേജസ്സുറ്റ ഒരാള്‍ പൊങ്ങിവന്നു. അഗ്നികുണ്ഡത്തില്‍ നിന്നും പൊങ്ങിവന്ന പുത്രനെ ത്വഷ്ടാവ് ആശീര്‍വദിച്ചു: ‘ഇന്ദ്രശത്രോ, എന്റെ തപോബലത്താല്‍ നീ പെട്ടെന്ന് വളരുക’.


അച്ഛന്‍റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുത്രന്‍ അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ വളര്‍ന്നു പൊങ്ങി. മലപോലെ വളര്‍ന്നു മാനം മുട്ടിയ മകന്‍ അച്ഛനോട് ചോദിച്ചു: ‘ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്‍റെ നാമമെന്താണ്? വ്രതനിഷ്ഠനായ അങ്ങേയ്ക്ക് വേണ്ടി എന്തു ചെയ്യുകയാണ് എന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം? അങ്ങ് എന്തുകൊണ്ടാണ് ചിന്താധീനനായി കാണപ്പെടുന്നത്? ഞാന്‍ അങ്ങേയ്ക്കായി കടല്‍ കുടിച്ചു വറ്റിക്കണോ? ഞാന്‍ തയാര്‍. പര്‍വ്വതങ്ങളെ തവിടു പോടിയാക്കണോ? എന്നോടു പറഞ്ഞാല്‍ മാത്രം മതി. അല്ല, ഉദിച്ചുപൊങ്ങുന്ന സൂര്യനെ തടയണോ, അതിനും എനിക്കാവും. ഇന്ദ്രന്‍, യമന്‍, എന്നുവേണ്ട, എല്ലാ ദേവന്മാരെയും ഞാന്‍ അങ്ങേയ്ക്ക് പടവെട്ടി വേണ്ടി തോല്‍പ്പിക്കാം. ഈ ഭൂമിയെ കുത്തിപ്പൊടിച്ചു കടലില്‍ എറിയാനും അങ്ങ് പറഞ്ഞാല്‍ മാത്രം മതി.’


പുത്രന്‍ എന്തിനും സന്നദ്ധനായി നില്‍ക്കുന്നത് കണ്ടു വിധാതാവ് സന്തുഷ്ടനായി. ‘എന്നെ ദുഖത്തില്‍ നിന്നും മോചിപ്പിക്കുന്നവന്‍ (വൃജിനത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍) ആകയാല്‍ നിനക്ക് ഞാന്‍ വൃത്രന്‍ എന്ന് പേരിടുന്നു. നിനക്ക് ജ്യേഷ്ഠനായി ത്രിശിരസ് എന്നൊരു മഹാ താപസന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ അസൂയമൂത്ത ഇന്ദ്രന്‍ വധിച്ചു. പോരാഞ്ഞു അവന്റെ ദേഹത്ത് നിന്നും തലകള്‍ മൂന്നും അറുത്ത് മാറ്റുകയും ചെയ്തു. ബ്രഹ്മഹത്യാ പാപം ചെയ്ത ഇന്ദ്രന്‍ ഖലനാണ്. അവനെ നീ എനിക്കുവേണ്ടി വധിക്കണം.’


ഇത്രയും പറഞ്ഞു മകന് നല്‍കാന്‍ ബ്രഹ്മാവ്‌ അനവധി ആയുധങ്ങള്‍  നിര്‍മ്മിച്ചു. വാള്‍, ശൂലം, ഗദ, വേല്‍, പാര, ഉലക്ക, വില്ല്, ആയിരം മുനയുള്ള സഹസ്രാര ചക്രം, എന്ന് വേണ്ട അറിയപ്പെടുന്ന എല്ലാ നല്ല ആയുധങ്ങളും ബ്രഹ്മാവ്‌ മകനു നല്‍കി. അമ്പൊടുങ്ങാത്ത ആവനാഴികള്‍ രണ്ടെണ്ണം, തിളക്കമേറിയ കവചങ്ങള്‍, ഭാരം പെറാന്‍ കരുത്തും വേഗതയുമുള്ള ഒരു രഥം, എന്നിവയെല്ലാമൊരുക്കിക്കൊടുത്ത് ക്രുദ്ധനായ ആ പിതാവ് പുത്രനെ യുദ്ധത്തിനൊരുക്കി.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Saturday, March 25, 2017

വൃത്രകഥാരംഭം - ശ്രീമദ്‌ ദേവീഭാഗവതം. 6. 1. - ദിവസം 128.



ആറാം സ്കന്ധം ആരംഭം

സൂത സൂത മഹാഭാഗ മിഷ്ടം തേ വചനാമൃതം
ന തൃപ്താ സ്മോ  വയം പീത്വാ ദ്വൈപായാന കൃതം ശുഭം
പുനസ്താം പ്രഷ്ടുമിച്ഛാമ: കഥാം പൌരാണികീം ശുഭാം
വേദേ f പി കഥിതാം രമ്യാം പ്രസിദ്ധാം പാപ നാശിനീം


ഋഷിമാര്‍ പറഞ്ഞു: അല്ലയോ സൂതാ അങ്ങയുടെ ഈ വചനാമൃതം എത്ര സുന്ദരവും ശുഭകരവുമാണ്! സകലപാപങ്ങളെയും ഇല്ലാതാക്കുന്ന അതീവ പുണ്യപ്രദങ്ങളായ ഇക്കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. ഞങ്ങള്‍ ബ്രഹ്മാവിന്‍റെ പുത്രനായ വൃത്രനെന്നൊരു വീരനെപ്പറ്റി കേട്ടിട്ടുണ്ട്. ഇന്ദ്രനാണല്ലോ അദ്ദേഹത്തെ യുദ്ധത്തില്‍ തോല്‍പ്പിച്ചു കൊലപ്പെടുത്തിയത്. എന്തിനായിരുന്നു അത്? ബ്രഹ്മാവ്‌ ദേവപക്ഷപാതിയാണ് എന്നെല്ലാവര്‍ക്കും അറിയാം. അപ്പോള്‍പ്പിന്നെ എന്തിനാണ് ഇന്ദ്രന്‍ ഈ പ്രവൃത്തി ചെയ്തത്?


ദേവന്മാര്‍ സത്വഗുണരെന്നും മനുഷ്യര്‍ രജോഗുണരെന്നും, മൃഗങ്ങള്‍ തമോഗുണരെന്നും വേദജ്ഞര്‍ പറയുന്നു. ബ്രഹ്മാവിന്‍റെ പുത്രനെ ഇന്ദ്രന്‍ ചതിച്ചു കൊന്നു എന്ന് പറയുന്നതില്‍ എന്തോ അപാകതയുണ്ട്. ആ കൃത്യം ചെയ്യാന്‍ മഹാവിഷ്ണു ഇന്ദ്രനെ പ്രോത്സാഹിപ്പിച്ചുവത്രേ. സത്യമൂര്‍ത്തിയായ വിഷ്ണു വജ്രായുധത്തില്‍ക്കയറിക്കൂടി ഒരു ചതിപ്രയോഗത്തിലൂടെയാണിതു ചെയ്തത്. അതായത് സാക്ഷാല്‍ വിഷ്ണുവും ഇന്ദ്രനും പോലും സത്യം വിട്ടു പ്രവര്‍ത്തിച്ചു എന്നര്‍ത്ഥം! ഇത്തരം മഹാന്മാര്‍ പോലും മോഹത്തിന് വശഗദരായി ദുഷ്കൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നു! ദേവന്മാരെ നല്ലവര്‍ എന്ന് നാം പരിഗണിക്കുന്നത് അവര്‍ ചെയ്യുന്ന സദാചാരങ്ങള്‍ കൊണ്ടല്ലേ? എന്നാല്‍ ഇങ്ങിനെ വഞ്ചന കാണിക്കുന്നവരെ എങ്ങിനെ നാം ബഹുമാനിക്കും? ഈ കൊലകൊണ്ട് ഇന്ദ്രന് ന്യായമായും ബ്രഹ്മഹത്യാപാപം ലഭിച്ചിരിക്കണം. എന്നാല്‍ നേരത്തേ അങ്ങ് സൂചിപ്പിച്ചത് വൃത്രനെ വധിച്ചത് ശ്രീദേവിയാണെന്നാണ്. ഇതെങ്ങിനെ ശരിയാവും? ഞങ്ങള്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്.


ഇനി വൃത്രാസുരവധത്തിന്‍റെ കഥതന്നെ പറയാം എന്നായി സൂതന്‍. ‘ഇതേ ചോദ്യം ജനമേജയന്‍  പണ്ട് വ്യാസ മഹര്‍ഷിയോടു ചോദിച്ചതാണ്.’



ജനമേജയന്‍ ചോദിച്ചു: വിഷ്ണുവിന്‍റെ സഹായത്തോടെ ഇന്ദ്രന്‍ വൃത്രനെ യുദ്ധത്തില്‍ കൊന്നു എന്നതും സാക്ഷാല്‍ ദേവി വൃത്രനെ വധിച്ചു എന്നും രണ്ടു രീതിയില്‍ പറയപ്പെടുന്നുണ്ടല്ലോ. ഒരാളെ രണ്ടുപേര്‍ക്ക് കൊല്ലാന്‍ പറ്റുമോ? ഏതായാലും ഈ കഥ വളരെ ആകാംഷയോടെ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. മഹാന്മാരുടെ കഥകള്‍ കേട്ടാല്‍ മതി വരുക എന്നതില്ല. ഇതിപ്പോള്‍ അംബികാചരിതവുമാണല്ലോ!  അതെത്ര കേട്ടാലും മടുപ്പുണ്ടാവുകയില്ല.


വ്യാസന്‍ പറഞ്ഞു: പുരാണകഥ കേള്‍ക്കാന്‍ ഇത്രയധികം താല്‍പര്യമുണ്ടായതിനാല്‍ നീ ധന്യധന്യന്‍ തന്നെ. സദാ അമൃതാസ്വദിക്കുന്ന ദേവന്മാര്‍ക്ക് അതില്‍ ഇത്ര താല്‍പ്പര്യമില്ല. കേള്‍ക്കാനുള്ള ത്വര കൂടുന്നതിന് അനുസരിച്ച് എന്നില്‍ പറയാനുള്ള ഉത്സാഹവും കൂടുന്നു എന്നത്  ഞാന്‍ മറച്ചു വയ്ക്കുന്നില്ല. പുരാണപ്രസിദ്ധമാണ് ഇന്ദ്രനും വൃത്രനുമായുണ്ടായ സംഗരം. പാപരഹിതനായ വൃത്രനെ വധിച്ചതിനാല്‍ ഇന്ദ്രന്‍ പാപിയായിത്തീര്‍ന്നു എന്നതും പ്രസിദ്ധമാണ്. പാപഭീതി പെരുകിയ മാമുനിമാര്‍ പോലും മായാ മോഹിതരായി പലവിധ അക്രമങ്ങളും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ത്രിശിരസ്സിന്റെ മരണവും വൃത്രവധവും.


സത്വവാനെന്നു പേരുകേട്ട മഹാവിഷ്ണു എത്രയെത്ര അസുരന്മാരെ കൊന്നു? മായാമോഹങ്ങളാണ് മഹാവിഷ്ണുവിനെക്കൊണ്ടും ഇതെല്ലാം ചെയ്യിക്കുന്നത്. എല്ലാവരെയും മോഹവലയത്തിലാക്കുന്ന ജഗജ്ജനനിയെ ജയിക്കാന്‍ ആര്‍ക്ക് കഴിയും? അദ്ദേഹം മത്സ്യത്തില്‍ തുടങ്ങി അനേകം ജന്മങ്ങളെടുത്ത് വിഹിതങ്ങളും അല്ലാത്തതുമായ കര്‍മ്മങ്ങള്‍ ചെയ്തു കൂട്ടിയത് ആരുടെ അനുജ്ഞയാലാണ്?


‘ഞാന്‍’, ‘എന്‍റെ’ ഗൃഹം, പുത്രന്‍, ഭാര്യ, വിത്തം എന്നിങ്ങനെ നാനാവിധങ്ങളായ മോഹങ്ങള്‍ ഒരുവനെ പുണ്യപാപങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഈ മോഹത്തെ വെന്നവരായി ആരുമില്ല. കാര്യകാരണ വിവേചനം നടത്തി മോഹത്തെ വേറിട്ട്‌ കണ്ടു കീഴടക്കാന്‍ പ്രാപ്തരായി ആരുമിതുവരെ ഉണ്ടായിട്ടില്ല. കാരണം ത്രിഗുണാത്മികയായ ദേവിയുടെ മായയാണ് എല്ലാവരെയും മൂടിയിരിക്കുന്നത്. വിഷ്ണുവും വാസവനും അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിവുള്ളവരല്ല. അവര്‍ തന്‍കാര്യം നേടാന്‍ വൃത്രനെ ചതിച്ചു കൊന്നു. അത്രതന്നെ.


ഇന്ദ്രനും വൃത്രനും തമ്മില്‍ പണ്ടേയൊരു വൈരമുണ്ടായിരുന്നു. ത്വഷ്ടാവ് അന്ന് പ്രജാപതിയായിരുന്നു. മഹാതപസ്വിയും ദേവകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമര്‍ത്ഥനും വിപ്രപ്രിയനുമായിരുന്നു അദ്ദേഹം. ഇന്ദ്രനോടുള്ള രസക്കേടുകൊണ്ട് ബ്രഹ്മാവ്‌ ത്രിശിരസ്സിനെ സൃഷ്ടിക്കുകയായിരുന്നു. വിശ്വരൂപനെന്ന്‍ അവന്‍ വിഖ്യാതനായി. മൂന്നു മുഖങ്ങള്‍ ഉള്ളതിനാല്‍ ഒരേസമയം മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ സമര്‍ത്ഥനായിരുന്നു അദ്ദേഹം. ഒരു മുഖം വേദമോതുമ്പോള്‍ മറ്റൊരു മുഖം മദ്യസേവ നടത്തും. മൂന്നാമത്തെ മുഖം കൊണ്ട് ചുറ്റുപാടും നിരീക്ഷിക്കും.


ഒരിക്കല്‍ അദ്ദേഹം ഭോഗങ്ങള്‍ ത്യജിച്ചു കഠിനമായ തപസ്സാരംഭിച്ചു. വേനല്‍ക്കാലത്ത് പഞ്ചാഗ്നി മദ്ധ്യത്തില്‍ ഇരിക്കുക, മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുക, മഞ്ഞുകാലത്ത് തണുത്തുറഞ്ഞ ജലത്തില്‍ ഇരിക്കുക തുടങ്ങി കഠിനമായ സാധനകള്‍ ചെയ്താണ് അദ്ദേഹം തപസ്സു ചെയ്തത്. നിസ്സംഗനും നിരാഹാരനും ജിതേന്ദ്രിയനുമായി തപസ്സുചെയ്യുന്ന ത്രിശിരസ്സിന്‍റെ കാര്യമറിഞ്ഞ് ഇന്ദ്രന് തന്‍റെ പദവി തന്നെ പോയ്പ്പോകുമോ എന്ന് ഭയമായി. ‘ഇവന്‍റെ ശക്തി ഇങ്ങിനെ എറിയേറി വന്നാല്‍ എന്‍റെ കാര്യം കഷ്ടത്തിലാവും. എതിരാളിയുടെ ശക്തിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് ബുദ്ധി. ഇവന്റെ തപസ്സു മുടക്കണം. കാമദേവന്‍ വിചാരിച്ചാല്‍ ആരുടെ തപസ്സും മുടക്കാന്‍ കഴിയും. അവനെ ഭോഗലാലസനാക്കണം’ എന്ന് പറഞ്ഞു  വാസവന്‍ ദേവനാരിമാരായ അതിസുന്ദരികളെ തപോവിഘ്നം നടത്താന്‍ നിയോഗിച്ചു. ‘എന്‍റെ ഭയം ദൂരീകരിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ, ആ താപസന്‍ എനിക്ക് ഭീഷണിയാണ്. അവനെ പ്രലോഭിപ്പിച്ചു മയക്കി തപസ്സു മുടക്കണം. അവനെ പ്രസാദിപ്പിക്കാനായി ശൃംഗാര ചേഷ്ടകളും വേഷങ്ങളും മേനിപ്രദര്‍ശനവും ഒക്കെയാവാം.'


സ്വന്തം രൂപലാവണ്യത്തില്‍ ഗര്‍വ്വോടെ ആ തരുണികള്‍ ഇന്ദ്രനെ സഹായിക്കാമേന്നേറ്റു. 'പാട്ടും ആട്ടവും കളികളും എല്ലാമായി അദ്ദേഹത്തെ മോഹിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. നാട്യവും നോട്ടവും കൊണ്ട് ആ മുനിയെ ഭോഗാസക്തനാക്കുന്ന കാര്യം ഞങ്ങള്‍ക്ക് വിട്ടു തരിക’ എന്ന് അപ്സരസ്സുകള്‍ ഇന്ദ്രനെ സമാധാനിപ്പിച്ചു.


ദേവനാരിമാര്‍ ത്രിശിരസ്സിന്‍റെ അടുക്കല്‍ പുഷ്പശരങ്ങളുമായി വശ്യഭാവത്തില്‍ വന്നണഞ്ഞു. പല രാഗങ്ങളും അവിടെ ആലപിക്കപ്പെട്ടു. പല രീതികളിലുള്ള നൃത്തങ്ങളും അവതരിപ്പിച്ചു. അതി മോഹനങ്ങളെങ്കിലും ആ പേക്കൂത്തുകള്‍ കൊണ്ടൊന്നും മുനിയുടെ തപസ്സിളകിയില്ല. ത്രിശിരസ്സിന്റെ  ആശ്രമപരിസരത്ത് പാട്ടും കൂത്തുമായി കുറച്ചു നാള്‍ ഈ സുന്ദരിമാര്‍ താമസിച്ചു. തങ്ങളെ മുനിവര്യന്‍ നോക്കുന്നത് പോലുമില്ല എന്ന് കണ്ട് അപ്സരസ്സുകള്‍ ദേവേന്ദ്രന്റെ അടുക്കല്‍ തിരിച്ചെത്തി. ‘ആ മുനിപുംഗവനെ ഇളക്കാന്‍ ഞങ്ങള്‍ ആവുന്നത് ശ്രമിച്ചു. പക്ഷെ അദ്ദേഹത്തെ വശീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. തപശ്ശക്തിയാല്‍ ഞങ്ങള്‍ക്ക് അഗമ്യനാണദ്ദേഹം. മറ്റു വഴികള്‍ എന്തെങ്കിലും നോക്കുകയാണ് നല്ലത്. ആ അതുല്യനായ മുനിയുടെ ശാപമേല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്നാ ആശ്വാസത്തിലാണ് ഞങ്ങള്‍ മടങ്ങിയത്.’


മുനിയുടെ തപസ്സു മുടക്കാന്‍ ആവില്ലെന്ന് മനസ്സിലായ ഇന്ദ്രന്‍ വിശ്വരൂപനെ കൊല്ലണം എന്ന തീരുമാനത്തിലെത്തി. ലോകനിന്ദയും പാപഭീതിയും ഒന്നും അദ്ദേഹത്തെ ഈ നീചവൃത്തിയില്‍ നിന്നും പിന്തിരിപ്പിച്ചില്ല.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Friday, March 24, 2017

ദേവീ പ്രത്യക്ഷദര്‍ശനം- ശ്രീമദ്‌ ദേവീഭാഗവതം. 5. 35 - ദിവസം 127.



ഇതി തസ്യ വച: ശ്രുത്വാ ദു:ഖിതൌ വൈശ്യപാര്‍ത്ഥിവൌ
പ്രണിപത്യ മുനിം പ്രീത്യാ പ്രശയാവനതൌ ഭൃശം
ഹര്‍ഷണോല്‍ഫുല്ല നയനാവു ചതുര്‍ വാക്യ കോവിദൌ
കൃതാഞ്ജലിപുടൌ ശാന്തൌ ഭക്തിപ്രവണ ചേതസൌ


വ്യാസന്‍ പറഞ്ഞു: മുനിവാക്യം കേട്ട് സമാധാനം കൈവന്ന രാജാവും വൈശ്യനും മുനിയെ നന്ദിയോടെ നമസ്കരിച്ചു. സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. കൈകൂപ്പിക്കൊണ്ട് രാജാവ് പറഞ്ഞു: ‘ഭഗീരഥനു ഗംഗയാറു നല്‍കിയ ധന്യതയെന്നപോലെയാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയ സാരവത്തായ ഈ സരസ്വതീപ്രവാഹം. ഇവിടെയീ തപോഭൂവില്‍ സജ്ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് സുഖവും ഉപകാരങ്ങളുമേകി മരുവുന്നു. മുജ്ജന്മസുകൃതം കൊണ്ട് മാത്രമേ ഇങ്ങിനെയുള്ള ഒരിടത്ത് വരാന്‍ മനുഷ്യര്‍ക്ക് ഭാഗ്യമുണ്ടാവൂ. സാധാരണ ആളുകള്‍ക്ക് അവരവരുടെ കാര്യം നോക്കാനേ സമയമുള്ളൂ. എന്നാല്‍ അങ്ങ് മറ്റുള്ളവരുടെ ദുഃഖം പോക്കുന്നു. ദുഖിതനായ എനിക്കും ഈ വൈശ്യനും ഈ ആശ്രമം കണ്ടപ്പോള്‍ത്തന്നെ ശരീരത്തിന് ദുഖനിവൃത്തിയായി. പിന്നെ അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിലെ അഴലുകളും തീര്‍ന്നു. അങ്ങയുടെ കരുണക്കടലില്‍ മുങ്ങിയ ഞങ്ങള്‍ അത്യന്തം കൃതകൃത്യരായിത്തീര്‍ന്നു. ഭവാബ്ധിയില്‍ മുഴുകിയ ഞങ്ങള്‍ക്ക് മന്ത്രദീക്ഷ തരാന്‍ കൂടി ദയവുണ്ടാവണം. അങ്ങിനെ ഈ സംസാരക്കടലില്‍ നിന്നും ഞങ്ങളെ കൈപിടിച്ചു കയറ്റിയാലും. ജഗദംബികയെ പൂജിച്ചു ദര്‍ശനം നേടാനായി എന്ത് തപോനിഷ്ഠകള്‍ വേണമെങ്കിലും അനുഷ്ഠിക്കാന്‍ ഞങ്ങള്‍ തയാറാണ്. നിരാഹാരവ്രതമെടുത്ത് അങ്ങയില്‍ നിന്നും മന്ത്രം സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ സദാ നവാക്ഷരം സ്മരിച്ചുകൊള്ളാം


രണ്ടു ശരാണാര്‍ത്ഥികളും ഭക്തിയോടെ അപേക്ഷിച്ചപ്പോള്‍ സുമേധസ്സ് അവര്‍ക്കായി ബീജസഹിതം നവാക്ഷരമന്ത്രോപദേശം നല്‍കി. ഋഷി, ഛന്ദസ്സ്, ബീജം, ശക്തി, ഇവയോട് കൂടിയ ദിവ്യമന്ത്രം ലഭിച്ച സാധകര്‍ മുനിയുടെ അനുവാദത്തോടെ ധ്യാനത്തിനായി നദീതീരത്തെത്തി. വിജനമായ ഒരിടത്ത് ഒട്ടിയവയറുമായി എകാഗ്രചിത്തത്തോടെ അവര്‍ ദേവീമന്ത്രം ജപിച്ചു. സപ്തശതിയും മറ്റും പാരായണം ചെയ്ത് ധ്യാനനിമഗ്രരായി ഒരു മാസം കഴിച്ചു. ദേവിയുടെ പാദപത്മങ്ങളില്‍ ഭക്തിയും സുദൃഢമായ മേധാശക്തിയും അവരില്‍ വളര്‍ന്നുവന്നു. ഗുരുവന്ദനത്തിനായി അവര്‍ ദിനമദ്ധ്യത്തില്‍ ഒരിക്കല്‍ മാത്രം  ധ്യാനഭംഗം വരുത്തി.


മനസ്സില്‍ മറ്റു കാര്യങ്ങള്‍ യാതൊന്നുമില്ലാതെ അവര്‍ ധ്യാനസപര്യ തുടര്‍ന്നു. അങ്ങിനെ ഒരാണ്ട് കഴിഞ്ഞപ്പോള്‍ അവര്‍ ഫലമൂലങ്ങള്‍ ആഹരിക്കുന്നത് പോലും നിര്‍ത്തി. ഇലകള്‍ മാത്രമായി ഭക്ഷണം. വെയിലെന്നോ മഴയെന്നോ നോക്കാതെ ഉണക്കയിലകള്‍ വല്ലപ്പോഴും ഭക്ഷിച്ചു ജപവും ധ്യാനവും തുടര്‍ന്നു. ഒരാണ്ടുകൂടി കടന്നുപോയി. അങ്ങിനെ ഒരു രാത്രിയില്‍ അവര്‍ക്ക് സ്വപ്നത്തില്‍ ദേവീദര്‍ശനം ഉണ്ടായി. ദേവിയുടെ സുന്ദരരൂപം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പട്ടുടയാട ധരിച്ചു സര്‍വ്വാഭരണവിഭൂഷിതയായ ദേവി രാജാവിന്‍റെ സ്വപ്നത്തില്‍ ആഗതയയി.


മനസ്സ് നിറഞ്ഞ്‌ അവര്‍ ഒരു വര്‍ഷംകൂടി തപസ്സു തുടര്‍ന്നു. ഇക്കാലം അവര്‍ ജലം മാത്രമേ കഴിച്ചുള്ളു. ഇങ്ങിനെ മൂന്നാണ്ട് കഴിഞ്ഞപ്പോള്‍ ‘നമുക്കിനിയും ദേവിയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാല്‍ നാമിനി ദേഹത്യാഗം ചെയ്യുക തന്നെ’, എന്നവര്‍ തീരുമാനിച്ചു. രാജാവ് കണക്കൊപ്പിച്ച് മുക്കോണാകൃതിയില്‍ ഒരഗ്നികുണ്ഡം ഒരുക്കി. മറ്റൊരഗ്നിയെ ജ്വലിപ്പിച്ചു വൈശ്യനും ദേഹമുപേക്ഷിക്കാന്‍ തയ്യാറായി. രാജാവ് തന്റെ ദേഹത്തിലെ മാംസം ചെറു കഷണങ്ങളായി അരിഞ്ഞു തീയിലിട്ടു തുടങ്ങി. വൈശ്യനും അപ്രകാരം ചെയ്തു. അങ്ങിനെ ദേവിക്കായി അവര്‍ സ്വദേഹവും ചോരയും സമര്‍പ്പിച്ചു. ഇങ്ങിനെ അതികഠിനമായ യജ്ഞം നടത്തിയ ഭക്തരില്‍ അനുകമ്പയോടെ ദേവി പ്രത്യക്ഷയായി.


‘രാജാവേ, നിനക്ക് ആവശ്യമുള്ള വരം ചോദിക്കൂ. നിന്‍റെ തപസ്സില്‍ ഞാന്‍ സന്തുഷ്ടയാണ്.’ വൈശ്യനോടും ദേവി അഭീഷ്ടവരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. രാജാവ്, ശത്രുക്കള്‍ കൈവശപ്പെടുത്തിയ രാജ്യം തിരികെ വേണമെന്ന ആവശ്യം പറഞ്ഞു. ‘കൊട്ടാരത്തിലേയ്ക്ക് പൊയ്ക്കോള്ളൂ. ശത്രുക്കള്‍ ഇപ്പോള്‍ ക്ഷയിച്ചിരിക്കുന്നു. അവരുടെ പരാജയം സുനിശ്ചിതമാണ്. മന്ത്രിമാരൊക്കെ നിന്‍റെ വാക്ക് വിട്ടു നടക്കുകയില്ല. പതിനായിരം കൊല്ലം നല്ലൊരു രാജാവായി വാണാലും. അതുകഴിഞ്ഞ് സൂര്യപുത്രനായ മനുവായി നിനക്ക് പുനര്‍ജന്മമുണ്ടാവും.’


വൈശ്യന്‍ ദേവിയോട് തൊഴുകയ്യുമായി പറഞ്ഞു: ദേവീ എനിക്ക് ഗൃഹവും പുത്രനും ഒന്നും പ്രയോജനമില്ലാത്തവയാണെന്ന് മനസ്സിലായി. അവ സ്വപ്നംപോലെ ക്ഷണികവും ബന്ധനങ്ങളെ ഉണ്ടാക്കുന്നവയുമാണ്. അതുകൊണ്ട് അമ്മേ, അവിടുന്ന് മോക്ഷപ്രദമായ ജ്ഞാനം തന്ന് എന്നെ അനുഗ്രഹിക്കണം. ഈ സംസാരത്തില്‍ മുങ്ങുന്നവന്‍ മൂഢന്‍ തന്നെ. ഈ ഭവാബ്ധിയെ തരണം ചെയ്യാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുന്നത്.'


‘അങ്ങിനെയാകട്ടെ, നിനക്ക് ജ്ഞാനം ഭവിക്കട്ടെ’ എന്ന് ദേവി അയാളെ അനുഗ്രഹിച്ചു മറഞ്ഞു.


രാജാവ് മുനിയെ ചെന്ന് കണ്ടു. അദ്ദേഹത്തെ വന്ദിച്ചു കുതിരപ്പുറത്തേറി മടങ്ങാന്‍ ഒരുങ്ങവേ അദ്ദേഹത്തിന്‍റെ മന്ത്രിമാരും ഭടന്മാരും അവിടെയെത്തി. ‘രാജാവേ, നമ്മുടെ ശത്രുക്കള്‍ പാലായനം ചെയ്തിരിക്കുന്നു. ദുഷ്ടന്മാര്‍ പലരും ഇല്ലാതായി. ശത്രുഭയമില്ലാതെ അങ്ങുതന്നെ രാജ്യം വാഴുക.’ മുനിയെ നമസ്കരിച്ചു രാജാവ് ഭടന്മാര്‍ക്കൊപ്പം കൊട്ടാരത്തിലേയ്ക്ക് മടങ്ങി. അവിടെയദ്ദേഹം വലിയൊരു സാമ്രാജ്യം ഭരിച്ചു സുഖിയായി വാണു. വൈശ്യനും സ്വാഭീഷ്ടപ്രകാരം സംഗരഹിതനായ ജ്ഞാനിയായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തി നാളുകള്‍ കഴിച്ചുകൂട്ടി.


ദേവീപൂജകള്‍ ഈ രണ്ടുപേര്‍ക്ക് നല്‍കിയ സൌഭാഗ്യങ്ങള്‍ എന്തൊക്കെയെന്നു നിങ്ങള്‍ കണ്ടുവല്ലോ? ദൈത്യവധത്തിനെന്നപോലെ ഭക്തര്‍ക്ക് അഭയവരം നല്‍കാനും ദേവി സദാ സന്നദ്ധയാണ്. ജ്ഞാനം, കീര്‍ത്തി, സുഖം, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നിവയ്ക്കെല്ലാം ദേവീസാധനയുടേതായ ഈ ചരിതം വളരെ വിശേഷമാണ്. നിത്യവും ദേവിയുടെ കഥകള്‍ കേള്‍ക്കുന്നവര്‍ക്ക് സംസാരദുഖത്തില്‍ നിന്നും മോചനം ലഭിക്കും.


സൂതന്‍ പറഞ്ഞു: ജനമേജയന്‍ ചോദിച്ചതിനു മറുപടിയായി വ്യാസമുനി പറഞ്ഞുകൊടുത്തതാണ് ശുംഭാസുരനിഗ്രഹം മുതലായ അത്ഭുതകഥകള്‍ നിറഞ്ഞ ഈ ദേവീചരിതം. ഞാനത് എന്നാലാവും വിധം നിങ്ങള്‍ക്ക് പറഞ്ഞു തന്നു.


പഞ്ചമ സ്കന്ധം സമാപ്തം.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Thursday, March 23, 2017

സുമേധസ്സിന്‍റെ ഉപദേശം - ശ്രീമദ്‌ ദേവീഭാഗവതം. 5. 34. - ദിവസം 126.



ഭഗവന്‍ ബ്രൂഹി മേ സമ്യക്തസ്യാ ആരാധനേ വിധിം
പൂജാവിധിം ച മന്ത്രാംശ്ച തഥാ ഹോമവിധിം വദ
ശൃണുരാജന്‍ പ്രവക്ഷ്യാമി തസ്യാ: പൂജാവിധിം ശുഭം
കാമദം മോക്ഷദം നൃണാം ജ്ഞാനദം ദുഖനാശനം

   
രാജാവ് ചോദിച്ചു: ഭഗവന്‍, ആ ജഗദംബികയെ പൂജിക്കുന്നതിനു യോജിച്ച മന്ത്രങ്ങളും ആരാധനാക്രമങ്ങളും ഹോമവിധിയും ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.’


ഋഷി തുടര്‍ന്നു. സകലവിധ ദുഖങ്ങളെയും ഇല്ലാതാക്കുന്നതും സര്‍വ്വഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതുമായ പൂജാവിധികള്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞു തരാം. സ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ശുഭമായ ഒരു പൂജാസ്ഥാനം കണ്ടെത്തി തറയില്‍ ചാണകം മെഴുകി അതിനുമുകളില്‍ ഒരാസനമിട്ട് അവിടെയിരിക്കുക. മൂന്ന് തവണ ജലം ആചമിക്കുക. അവനവന്‍റെ ധനസ്ഥിതിക്കനുസരിച്ച് പൂജാസാമഗ്രികള്‍ ഒരുക്കി പ്രാണായാമം ചെയ്ത് ഭൂതശുദ്ധി വരുത്തുക. അഞ്ചു ഭൂതങ്ങളെയും ക്രമത്തില്‍ വിലയിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഭൂമിയെ ജലത്തില്‍; ജലത്തെ അഗ്നിയില്‍; അഗ്നിയെ വായുവില്‍; വായുവിനെ ആകാശത്തില്‍; ആകാശത്തെ അഹങ്കാരത്തില്‍; അഹങ്കാരത്തെ മഹത് തത്വത്തില്‍; മഹത് തത്വത്തെ മായയില്‍; മായയെ ആത്മാവില്‍, ഇങ്ങിനെ ക്രമീകമായി ലയിപ്പിക്കുന്നു എന്ന ധാരണയില്‍ ധ്യാനിച്ചുവേണം ഭൂതശുദ്ധി വരുത്താന്‍.



ഇനി ജപമന്ത്രത്തോടെ ജലം തളിച്ച് പ്രാണപ്രതിഷ്ഠ ചെയ്യുക. ശുഭ്രമായ ഒരു ചെമ്പുതകിടില്‍ ചന്ദനം കൊണ്ട് ആറു കോണുകളുള്ള ഒരു യന്ത്രം, അതിനു ചുറ്റും എട്ടു കോണുകളുള്ള മറ്റൊരു യന്ത്രം എന്നിവ വരയ്ക്കുക. ആ യന്ത്രത്തില്‍ നവാക്ഷരമന്ത്രബീജങ്ങള്‍ ക്രമത്തിലെഴുതി വേദമന്ത്രങ്ങള്‍ ആലപിച്ചു യന്ത്രപ്രാണപ്രതിഷ്ഠയും ചെയ്യണം. യന്ത്രത്തിന് പകരം സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ കൊണ്ടുള്ള ദേവീ വിഗ്രഹത്തെയും പൂജിക്കാം. ശിവോക്തമന്ത്രങ്ങള്‍, വേദമന്ത്രങ്ങള്‍, എന്നിവ ഋഷി, ഛന്ദസ്സ്, ഇവയോടുകൂടി ധ്യാനിച്ച്‌  നവാക്ഷരം ഉരുവിടുക.



ജപസംഖ്യയുടെ പത്തിലൊന്ന്കൊണ്ട് ഹോമിക്കണം. അതിന്റെയും പത്തിലൊന്ന് തര്‍പ്പണം ചെയ്യണം. അതിന്‍റെ പത്തിലൊന്ന് ബ്രാഹ്മണഭോജനം നടത്തണം. സപ്തശതി നിത്യവും പാരായണം ചെയ്യണം. ഇങ്ങിനെയാണ്‌ നവരാത്രി ആചരിക്കേണ്ടത്. തുലാം, മേടം മാസങ്ങളിലെ ശുക്ലപക്ഷത്തിലെ നവരാത്രികാലങ്ങളില്‍ ശുഭാകാംഷികള്‍  ഉപവാസം ചെയ്യണം. നെയ്‌പായസം ഉണ്ടാക്കി ജപമന്ത്രങ്ങള്‍ ഉരുവിട്ട് ഹോമം നടത്തണം. ക്ഷത്രിയര്‍ക്ക് അജമാംസം കൊണ്ട് ഹോമം ആകാം. അരളിപ്പൂക്കള്‍, കൂവളത്തില, ശര്‍ക്കരചേര്‍ത്ത എള്ള് എന്നിവയും ഹോമത്തിനുപയോഗിക്കാം. അഷ്ടമി, നവമി, ചതുര്‍ദശി ദിനങ്ങളില്‍ വിശേഷാല്‍ ദേവീപൂജയും വിപ്രഭോജനവും നടത്തണം.


ഈ പൂജകള്‍ കൊണ്ട് ദരിദ്രന്‍ ധനവാനും രോഗി അരോഗിയും സ്ഥാനംപോയ രാജാവിന് സ്ഥാനവും അപുത്രന് സത്പുത്രനും ഫലം. ശത്രുഭയം ഇല്ലാതാവും. ശ്രദ്ധയോടെ പൂജിക്കുന്ന വിദ്യാര്‍ഥിക്ക് ശുഭവിദ്യകള്‍ സ്വായത്തമാവും. നാല് വര്‍ണ്ണത്തിലുള്ളവരും ശ്രദ്ധയോടെ ജഗദംബയെ പൂജിച്ചാല്‍ സുഖസിദ്ധി ഉറപ്പാണ്. ആണിനും പെണ്ണിനും അഭീഷ്ടസിദ്ധിക്ക് ഇതുത്തമമാണ്.


തുലാമാസത്തിലെ നവരാത്രി അഭീഷ്ടസിദ്ധിക്ക് വിശേഷമാണ്. വിധിപോലെ മണ്ഠപം തീര്‍ത്ത് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി കലശം സ്ഥാപിക്കുക. കലശത്തിന് ചുറ്റും ധാന്യം വിതറിയിട്ട് അതിനു മുകളില്‍ യന്ത്രം സ്ഥാപിക്കുക. പുഷ്പാലങ്കാരം ദീപാലങ്കാരം, സുഗന്ധധൂമം എന്നിവ മണ്ഠപത്തെ ഐശ്വര്യപൂര്‍ണ്ണമാക്കട്ടെ. ചാണ്ഡികാ പൂജയ്ക്കുള്ള ഒരുക്കത്തില്‍ അവനവന്‍റെ ധനസ്ഥിതിക്കനുസരിച്ചു പിശുക്കില്ലാതെ ചിലവാക്കണം. പഴങ്ങള്‍, കൊട്ട്, പാട്ട്, വാദ്യങ്ങള്‍, എന്നിവയെല്ലാമൊത്ത ഒരുത്സവം തന്നെയാവണം ഈ പൂജ. കന്യകാ പൂജകൂടി വിധിയാം വണ്ണം നടത്തണം. പൂജക്കിരിക്കുന്ന കന്യകമാരെ സന്തോഷിപ്പിക്കാനായി ചന്ദനം, വസ്ത്രം, ആഭരണങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, മാലകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ധാരാളമായി നല്‍കണം. പത്താം ദിനം സദ്യയും നടത്തി പാരണയും ദാനവും വേണം. ഇപ്രകാരം നവരാത്രിയില്‍ വ്രതവും പൂജയും ചെയ്യുന്നവര്‍ക്ക് ഇഹലോകത്തിലെ സുഖഭോഗങ്ങള്‍ മാത്രമല്ല, മോക്ഷകാംഷികള്‍ക്ക് ദേവീലോകവും സിദ്ധിക്കുന്നതാണ്. ഭര്‍ത്താവുള്ള സ്ത്രീക്കും പതിവ്രതയായ വിധവയ്ക്കും, പുരുഷനും എല്ലാം ഈ പൂജകൊണ്ട് ഐശ്വര്യാദി സമ്പത്തുകള്‍ ഉണ്ടാവും. ഉറച്ച ദേവീഭക്തിയുള്ളവന്‍ ഉത്തമകുലങ്ങളില്‍ ജനിച്ചു സുകൃതവാനായിത്തീരും. അങ്ങിനെ നവരാത്രി വ്രതം ഏറ്റവും ഉത്തമമാണെന്ന് പറയപ്പെടുന്നു.



രാജാവേ, ഇങ്ങിനെ അവിടുന്നു ദേവിയെ പൂജിക്കുമെങ്കില്‍ രാജ്യത്തിന്‍റെ അഭിവൃദ്ധി ഉറപ്പാണ്. ശത്രുഭയം ഉണ്ടാവുകയുമില്ല. പൂര്‍ണ്ണമായ ആരോഗ്യവും ഭാര്യാപുത്രസുഖവും അനുഭവിക്കാം. അല്ലയോ വൈശ്യപ്രമുഖാ, നീയും സകലകാമങ്ങളെയും നടത്തിക്കുന്ന ആ ജഗദ്‌ധാത്രിയെ പൂജിക്കൂ. നിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ദുഃഖം ഒഴിഞ്ഞുപോവും. നിനക്ക് സ്വഗൃഹത്തില്‍ ബഹുമാന്യമായ സ്ഥാനം കിട്ടും. സുഖമുണ്ടാവും. എന്നാല്‍ ദേവിയെ പൂജിക്കാത്ത മനുഷ്യര്‍ക്ക് നരകാര്‍ഹത ഉറപ്പിക്കാം. രോഗപീഡയും ശത്രുഭയവും അവനെ വിടാതെ പിന്‍തുടരും. അവര്‍ ശത്രുവിനോടു തോറ്റ് മോഹബാധിതരായി കൊടും ദുഃഖം അനുഭവിക്കാനിടയാകുന്നു.



കൂവളത്തില, ചമ്പകം, കണവീരം എന്നിവകൊണ്ട് ദേവിയെ പൂജിക്കാന്‍ തയ്യാറാവുന്ന ഭാഗ്യശാലികള്‍ ദേവീഭക്തനിരതരായി നിത്യവും സുഖമനുഭവിക്കുന്നു. വിധിവിഹിതമായ മന്ത്രങ്ങള്‍ സഹിതം ദേവിയെ പൂജിക്കുന്ന മനുഷ്യര്‍ക്ക് എല്ലാവിധ ഐശ്വര്യസമ്പത്തുകളും കീര്‍ത്തിയും വിദ്യയും സിദ്ധിക്കും. രാജാവാണെങ്കില്‍ അയാള്‍ പ്രമുഖനും ആഢ്യനും ആയിത്തീരും.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്