ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 26, 2017

വൃത്രോല്‍പ്പത്തി - ശ്രീമദ്‌ ദേവീഭാഗവതം. 6. 2 - ദിവസം 129.


അഥ സ ലോഭ മുപേത്യ സുരാധിപ:
സമധി ഗമ്യ ഗജാസനസംസ്ഥിത:
ത്രിശിരസം പ്രതി ദുഷ്ടമതിസ്തദാ
മുനിമപശ്യദമേയപരാക്രമം


ലോഭം നിറഞ്ഞ മനസ്സോടെ ദേവേന്ദ്രന്‍ ത്രിശിരസ് തപസ്സു ചെയ്യുന്നിടത്ത് ചെന്ന് അദ്ദേഹത്തെ കണ്ടു. സ്ഥിരസമാധിയില്‍ മുഴുകി യാതൊരു ചലനവും ഇല്ലാതെ അകമേ അതീവ ശാന്തനായിരിക്കുന്ന മുനിയുടെ തേജസ് ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ആദിത്യന് സമമായിരുന്നു. അഗ്നിയെന്നപോലെ പ്രോജ്വലശോഭയോടെ അദ്ദേഹം നിലകൊണ്ടു.


‘ഇയാളെ ഞാനെങ്ങിനെ നശിപ്പിക്കും! ആളാണെങ്കില്‍ ഉത്തമനായ താപസന്‍. ജനസമ്മതന്‍. എങ്കിലും ശത്രുവിനെ ഇങ്ങിനെ ബാലമാര്‍ജ്ജിക്കാന്‍ വിട്ടാല്‍ അതും നമുക്ക് നല്ലതിനല്ല.’ എന്ന്‍ ഇന്ദ്രന്‍ വേവലാതിപ്പെട്ടു. ഇങ്ങിനെ ആലോചിച്ചുകൊണ്ട്‌ ഇന്ദ്രന്‍ തന്റെ കയ്യിലുള്ള പരമായുധമായ വജ്രത്തെ മുനിക്ക് നേരെ പ്രയോഗിച്ചു. മലയിടിഞ്ഞത് പോലെയുള്ള ശബ്ദഘോഷത്തോടെ മുനി ക്ഷണത്തില്‍ മരിച്ചു വീണു.



ദേവേന്ദ്രന് സന്തോഷമായി എങ്കിലും മുനിവരന്മാര്‍ പ്രതിഷേധിച്ചു. ‘ഈ വാസവനെന്തു പറ്റി? ഇത്തരം ദുഷ്ടവൃത്തികള്‍ ചെയ്യാന്‍?! യാതൊരു തെറ്റുമില്ലാത്ത ഈ താപസനെ കൊന്നതിന്‍റെ പാപഫലം ഇന്ദ്രന്‍ അനുഭവിച്ചേ തീരൂ.’



മുനിയുടെ ദേഹം ജീവന്‍ പോയിട്ടും തിളക്കമാര്‍ന്നു കാണപ്പെട്ടു. ഇന്ദ്രന്‍ ദേവലോകത്തേയ്ക്ക് തിരിച്ചു പോയി. ജീവനറ്റ ദേഹത്തിന്‍റെ തിളക്കം ഇന്ദ്രന്‍റെ ഉറക്കം കെടുത്തി. ‘അതിനി എഴുന്നേറ്റ് വന്നാലോ’ എന്നദ്ദേഹം ഭയപ്പെട്ടു. അദ്ദേഹം ഒരു തച്ചന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങിനെ ആവശ്യപ്പെട്ടു. ‘നീ ചെന്ന്‍ ആ മുനിയുടെ തലകള്‍ മൂന്നും അറുത്തെടുക്കണം. ഇനിയൊരിക്കലും അത് ജീവിക്കരുത്’.


എന്നാല്‍ തച്ചന്‍ ദേവേന്ദ്രന്റെ വാക്കുകള്‍ വില വച്ചില്ല. ‘എന്‍റെ മഴുവിന് ആ കഴുത്ത് മുറിക്കാനാവില്ല. അത്രയ്ക്ക് വലുപ്പമുണ്ടതിന്.’ എന്നൊരു ന്യായം പറഞ്ഞ് അവന്‍ പിന്മാറി.


അവന്‍ വീണ്ടും പറഞ്ഞു: ‘സജ്ജനങ്ങള്‍ക്ക് പറ്റുന്ന പണിയാണോ അങ്ങ് ചെയ്തത്? എന്നിട്ടിപ്പോള്‍ എന്നെക്കൂടി പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു!. ചത്തവന്‍റെ ദേഹത്തെ വീണ്ടും ഉപദ്രവിക്കുന്നതും പാപം തന്നെയാണ്. ദേവേന്ദ്രാ മുനി മരിച്ചു കഴിഞ്ഞല്ലോ, ഇനിയെന്തിനാണീ നികൃഷ്ടകൃത്യം ചെയ്യുന്നത്? എന്തിനാണ് അങ്ങിത്ര പേടിക്കുന്നത്?’


‘ആ ദേഹത്ത് ഇനിയും ചൈതന്യമുള്ളത് പോലെ എനിക്ക് തോന്നുന്നു. എന്‍റെ ശത്രുവായ അവന്‍ ജീവിക്കരുത്.’

‘അങ്ങേയ്ക്ക് ഇതില്‍ ലജ്ജയില്ലേ? ബ്രഹ്മഹത്യാ പാപം ഉണ്ടാവുമെന്ന ഭയവുമില്ലേ?’


‘അതിനെന്താ പ്രായശ്ചിത്തം ചെയ്‌താല്‍ മതിയല്ലോ!. ശത്രുവിനെ കൊല്ലാന്‍ ചതിയൊക്കെ ആവാം എന്നുണ്ട്’

‘അങ്ങീ പാപം ചെയ്യുന്നത് ലോഭിതനായാണ്. എന്നാല്‍ എന്നില്‍ ലോഭമില്ലല്ലോ പിന്നെന്തിനു ഞാന്‍ പാപം ചെയ്യണം? എനിക്കെന്താണ് അങ്ങയെ സഹായിച്ചാല്‍ നേട്ടമുണ്ടാവുക?’


‘ഞാന്‍ നിനക്ക് യജ്ഞഭാഗം നല്‍കാം. ഇനിമുതല്‍ യജ്ഞത്തില്‍ ഹോമിക്കുന്ന പശുവിന്‍റെ തല നിനക്ക് തരാം. അതാണ്‌ നിനക്കുള്ള പ്രതിഫലം. ഇനി എന്‍റെ അഭീഷ്ടം നിറവേറ്റാമല്ലോ?’


ആ തച്ചന്‍ പോയി മുനിയുടെ തലകള്‍ അറുത്തു മുറിച്ചു. പെട്ടെന്ന് ചൈതന്യവത്തായിരുന്ന ആ മൂന്നു തലകളില്‍ നിന്നും ആയിരക്കണക്കിന് കിളിക്കൂട്ടങ്ങള്‍ ആകാശത്തേയ്ക്ക് പറന്നുപോയി. കപിഞ്ജലപ്പക്ഷികള്‍, തിത്തിരിപ്പക്ഷികള്‍, കുരുവികള്‍ എന്നീ മൂന്നുതരം പക്ഷികളാണ് ആ തലകളില്‍ നിന്നും പറന്നകന്നത്. വേദം ചൊല്ലുകയും സോമം കുടിക്കുകയും ചെയ്യുന്ന മുഖത്തു നിന്നുമാണ് കപിഞ്ജലപ്പക്ഷികള്‍ പറന്നു പൊങ്ങിയത്. സര്‍വ്വദിക്കുകളെയും പാനം ചെയ്യുന്നതുപോലെ നിരീക്ഷിച്ചുകൊണ്ടിരുന്ന മുഖത്തുനിന്നും തിത്തിരിപ്പക്ഷികള്‍ പൊങ്ങിപ്പറന്നുപോയി. സുരാപാനം ചെയ്യുന്ന മുഖത്തുനിന്നും കുരുവിക്കൂട്ടങ്ങള്‍ പറന്നകന്നു.



ഇക്കാഴ്ച കണ്ടു ദേവേന്ദ്രന്‍ സംതൃപ്തനായി മടങ്ങി. തച്ചനും ദേവയജ്ഞത്തിന്‍റെ ഒരു ഭാഗം തനിക്കും കിട്ടുമല്ലോ എന്ന് സന്തോഷിച്ചു. അപ്പോഴും താന്‍ ചെയ്ത ബ്രഹ്മഹത്യാപാപത്തെപ്പറ്റി വാസവന്‍ ചിന്തിച്ചത് പോലുമില്ല.

എന്നാല്‍ തന്‍റെ മഹാതാപസനായ പുത്രനെ ഇന്ദ്രന്‍ വധിച്ചതറിഞ്ഞ ബ്രഹ്മാവ്‌ കോപിഷ്ഠനായി. ‘തെറ്റൊന്നും ചെയ്യാത്ത എന്‍റെ മകനെ കൊന്ന പാപിയെ വധിക്കാന്‍ ഞാന്‍ മറ്റൊരുത്തനെ സൃഷ്ടിക്കാന്‍ പോകുന്നു. എന്‍റെ ബലം ഈ ദേവന്മാര്‍ കാണാന്‍ പോകുന്നതേയുള്ളു. ഇന്ദ്രന് സ്വപാപത്തിന്റെ ഫലം അനുഭവിക്കാനിടയാവട്ടെ.’


പ്രജാപതി പുത്രസൃഷ്ടിക്കായി ഹോമം തുടങ്ങി. എട്ടുനാള്‍ ഹോമം കഴിഞ്ഞപ്പോള്‍ അഗ്നിയില്‍ നിന്നും തേജസ്സുറ്റ ഒരാള്‍ പൊങ്ങിവന്നു. അഗ്നികുണ്ഡത്തില്‍ നിന്നും പൊങ്ങിവന്ന പുത്രനെ ത്വഷ്ടാവ് ആശീര്‍വദിച്ചു: ‘ഇന്ദ്രശത്രോ, എന്റെ തപോബലത്താല്‍ നീ പെട്ടെന്ന് വളരുക’.


അച്ഛന്‍റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുത്രന്‍ അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ വളര്‍ന്നു പൊങ്ങി. മലപോലെ വളര്‍ന്നു മാനം മുട്ടിയ മകന്‍ അച്ഛനോട് ചോദിച്ചു: ‘ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്‍റെ നാമമെന്താണ്? വ്രതനിഷ്ഠനായ അങ്ങേയ്ക്ക് വേണ്ടി എന്തു ചെയ്യുകയാണ് എന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം? അങ്ങ് എന്തുകൊണ്ടാണ് ചിന്താധീനനായി കാണപ്പെടുന്നത്? ഞാന്‍ അങ്ങേയ്ക്കായി കടല്‍ കുടിച്ചു വറ്റിക്കണോ? ഞാന്‍ തയാര്‍. പര്‍വ്വതങ്ങളെ തവിടു പോടിയാക്കണോ? എന്നോടു പറഞ്ഞാല്‍ മാത്രം മതി. അല്ല, ഉദിച്ചുപൊങ്ങുന്ന സൂര്യനെ തടയണോ, അതിനും എനിക്കാവും. ഇന്ദ്രന്‍, യമന്‍, എന്നുവേണ്ട, എല്ലാ ദേവന്മാരെയും ഞാന്‍ അങ്ങേയ്ക്ക് പടവെട്ടി വേണ്ടി തോല്‍പ്പിക്കാം. ഈ ഭൂമിയെ കുത്തിപ്പൊടിച്ചു കടലില്‍ എറിയാനും അങ്ങ് പറഞ്ഞാല്‍ മാത്രം മതി.’


പുത്രന്‍ എന്തിനും സന്നദ്ധനായി നില്‍ക്കുന്നത് കണ്ടു വിധാതാവ് സന്തുഷ്ടനായി. ‘എന്നെ ദുഖത്തില്‍ നിന്നും മോചിപ്പിക്കുന്നവന്‍ (വൃജിനത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍) ആകയാല്‍ നിനക്ക് ഞാന്‍ വൃത്രന്‍ എന്ന് പേരിടുന്നു. നിനക്ക് ജ്യേഷ്ഠനായി ത്രിശിരസ് എന്നൊരു മഹാ താപസന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ അസൂയമൂത്ത ഇന്ദ്രന്‍ വധിച്ചു. പോരാഞ്ഞു അവന്റെ ദേഹത്ത് നിന്നും തലകള്‍ മൂന്നും അറുത്ത് മാറ്റുകയും ചെയ്തു. ബ്രഹ്മഹത്യാ പാപം ചെയ്ത ഇന്ദ്രന്‍ ഖലനാണ്. അവനെ നീ എനിക്കുവേണ്ടി വധിക്കണം.’


ഇത്രയും പറഞ്ഞു മകന് നല്‍കാന്‍ ബ്രഹ്മാവ്‌ അനവധി ആയുധങ്ങള്‍  നിര്‍മ്മിച്ചു. വാള്‍, ശൂലം, ഗദ, വേല്‍, പാര, ഉലക്ക, വില്ല്, ആയിരം മുനയുള്ള സഹസ്രാര ചക്രം, എന്ന് വേണ്ട അറിയപ്പെടുന്ന എല്ലാ നല്ല ആയുധങ്ങളും ബ്രഹ്മാവ്‌ മകനു നല്‍കി. അമ്പൊടുങ്ങാത്ത ആവനാഴികള്‍ രണ്ടെണ്ണം, തിളക്കമേറിയ കവചങ്ങള്‍, ഭാരം പെറാന്‍ കരുത്തും വേഗതയുമുള്ള ഒരു രഥം, എന്നിവയെല്ലാമൊരുക്കിക്കൊടുത്ത് ക്രുദ്ധനായ ആ പിതാവ് പുത്രനെ യുദ്ധത്തിനൊരുക്കി.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment