ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, March 15, 2017

മാമലയെ മറയ്ക്കാൻ മഞ്ചാടിക്കുരു മതി - ശുഭചിന്ത



കാര്യം ശരിയല്ലേ... മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും...

സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം.... പൂജ്യത്തിന് തനിയെ വിലയില്ലെങ്കിലും അത് ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും...


തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക..?? ഇവിടെ കൊല്ലുന്നത് യദാർത്ഥത്തിൽ തേങ്ങയല്ല അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്...


സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി , ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു... ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല. സ്ഥാനം കൊണ്ട് മാത്രം അതിന് ലഭിക്കുന്നതാണ്. വലിച്ചുകെട്ടിയ വില്ലിനും , അമർത്തിവെച്ച സ്പ്രിങ്ങിനും , വലിച്ചുനിർത്തിയ റബ്ബർ ബാന്റിനും , ഉയർന്ന മർദ്ദത്തിൽ പാത്രത്തിലടച്ച വായുവിനും ഇതേ വിധത്തിൽ അവയുടെ നില കാരണം ഊർജ്ജമുണ്ട്. പക്ഷേ നില മാറിയാൽ ഊർജ്ജമില്ലാതെയാകും....


സ്ഥാനമഹിമകൊണ്ട് മാത്രം ലഭിക്കുന്ന ബഹുമാനം തങ്ങൾക്ക് സ്വാഭാവികമായി ഉള്ളതാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. സേവക വൃന്ദത്തിന്റെ മുഖസ്തുതിയിൽ മയങ്ങി , മഹത്വം ശാശ്വതമെന്ന് വിചാരിച്ചുപോകുന്നവർ. സ്ഥാനം നഷ്ടപ്പെട്ട് ആരും തിരിഞ്ഞ് നോക്കാതെ വന്നാൽ ഇവർ കനത്ത മാനസീകാഘാതത്തിന് ഇരയായേക്കാം...


സ്ഥാനത്തിന് ചേരും പടി പെരുമാറുന്നതിനോടൊപ്പം , അധികാരത്തിന്റെ നെഞ്ചുവിരിക്കാനോ , അഹന്തയുടെ മീശപിരിക്കാനോ പോകാതെ വിനയം ശീലിച്ച് , കൈവന്ന സ്ഥാനം ശാശ്വതമല്ലെന്ന് തിരിച്ചറിഞ്ഞാൽ പിൽക്കാലത്തും പ്രശ്നം വരില്ല‌. ആനപ്പുറത്തിരുന്ന് വേലിപൊളിക്കുന്നയാൾ പിന്നീട് താഴെയിറങ്ങേണ്ടി വരുമെന്നത് മറക്കരുത്...


ഇത്തരക്കാരെക്കുറിച്ച് ഈസോപ്പെഴുതിയൊരു ഗുണപാഠ കഥയുണ്ട്. ദേവപ്രതിമ പുറത്തേറ്റിയ കഴുതയേയും കൊണ്ട് ഒരാൾ പോയപ്പോൾ ജനങ്ങളെല്ലാം വണങ്ങി... തന്നെയാണ് വണങ്ങുന്നതെന്ന് അഹങ്കരിച്ച കഴുത തുള്ളിച്ചാടി മറിയാൻ തുടങ്ങി. പ്രതിമ താഴെ വീഴുമെന്നഘട്ടമെത്തിയപ്പോൾ , അയാൾ കഴുതയെ പൊതിരെ തല്ലിയിട്ട് പറഞ്ഞു , നീ ദേവനെ എഴുന്നെള്ളിക്കുന്ന കഴുതയാണ് . അതുകൊണ്ട് നിന്നെയാരും ദൈവത്തെപ്പോലെ വണങ്ങില്ല. കഴുത പാഠം പഠിച്ചു. പക്ഷേ പല മനുഷ്യരും ഈ പാഠം ഉൾക്കൊള്ളുന്നില്ല...


ജോലിയിൽ നിന്നും വിരമിച്ച ഒരു ചീഫ് എഞ്ചിനീയർ ഒരിക്കൽ സ്വാനുഭവം തുറന്ന് പറയുകയുണ്ടായി. സംസ്ഥാനത്തിന്റെ മുഴുവൻ ചാർജ്ജോടെ അധികാരവും , ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആരാധനയും കോൺട്രാക്റ്റർ ബഹളങ്ങളുമായി ഉന്നത സ്ഥാനത്തിരുന്നപ്പോൾ ഫോൺ കാളുകൾ തുരുതുരാവരുന്നത് ശല്യമായിത്തോന്നി. പെൻഷനായപ്പോൾ മൂകമായ ഗൃഹാന്തരീക്ഷത്തിലേക്ക് ആരുടെയെങ്കിലും കോൾ വന്നിരുന്നെങ്കിലെന്ന് കഠിനമായി ആഗ്രഹിച്ച് പോയി.പഴയ പ്രതാപകാലത്ത് വന്നിരുന്ന കോളുകളൊന്നും അദ്ദേഹത്തിനായിരുന്നില്ല, ചീഫ് എഞ്ചിനീയർ എന്ന സ്ഥാനത്തേക്കുള്ളതായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.


മഞ്ചാടിക്കുരു മാമലയെ മറയ്ക്കണമെങ്കിൽ അതിന്റെ സ്ഥാനം കണ്ണിന് തൊട്ടുമുൻപു തന്നെയാകണം, തെല്ലകന്ന് പോയാൽ പിന്നെ മറയ്ക്കാൻ തീരെ കഴിയില്ലല്ലോ... അഹന്തയ്ക്ക് കണ്ണും മൂക്കുമില്ല... ആകെയുള്ളത് പൊള്ളിക്കുന്നൊരു നാക്കും... ചൂണ്ടിയ വിരലും മാത്രം.... ഈ വിശാലമായ സമൂഹത്തിൽ ഞാനും നിങ്ങളും വ്യക്തികൾ മാത്രം.... വ്യക്തിത്വത്തെ പരസ്പരം മാനിക്കുക.... മനുഷ്യരാകുക....

No comments:

Post a Comment