ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 20, 2017

ശുംഭവധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 31 - ദിവസം 123.



ഇതി തേഷാം വച: ശ്രുത്വാ ശുംഭോ ദൈത്യപതിസ്തദാ
ഉവാച സൈനികാനാശു കോപാകുലിതലോചന:
ജാല്മാ കിം ബ്രൂത ദുര്‍വാച്യം കൃത്വാ ജീവിതമുത്സഹേ
നിഹത്യ സചിവാന്‍ ഭ്രാത്യന്‍ നിര്‍ലജ്ജോ വിചരാമി കിം


വ്യാസന്‍ തുടര്‍ന്നു: ഭടന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശുംഭന്‍ ക്രോധത്തോടെ അവരോടു കയര്‍ത്തു. 'നിങ്ങള്‍ക്കിത് പറയാന്‍ കൊള്ളാവുന്ന കാര്യമാണോ? മൂഢന്മാരേ, എന്‍റെ അനിയനും സൈനിക പ്രമുഖരും മരിച്ചു കഴിഞ്ഞിട്ട് എന്നോടു പോയി സുഖിച്ചു വാഴാന്‍ ഉപദേശിക്കാന്‍ നാണമില്ലേ? നന്മതിന്മകള്‍ ഈശ്വരകൃതമാണെന്നു നമുക്കെല്ലാം അറിയാം. അരൂപിയായ കാലമാണ് ഈശ്വരനെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? നടക്കേണ്ടത് നടന്നു തന്നെ ആകണം. എനിക്ക് മരണത്തെപ്പറ്റി ഭയമില്ല. നാം കാലത്തെ പൂജിച്ചതുകൊണ്ടും പ്രയോജനമില്ല. എല്ലാ വര്‍ഷവും ശ്രാവണത്തില്‍ മഴ പെയ്യുന്നുണ്ടോ? ചിലപ്പോള്‍ അകാലത്ത് – കന്നിയിലും മകരത്തിലും പോലും മഴ കാണാറില്ലേ? ദൈവഹിതമനുസരിച്ചല്ലാതെ യാതൊന്നും നടക്കുകയില്ല. മനുഷ്യപ്രയത്നത്തിന്‍റെ പരിമിതികളെപ്പറ്റി എനിക്ക് നനായി അറിയാം. എന്‍റെ രണവീരനായ അനിയന്‍ കാലപുരി പൂകിയില്ലേ? രക്തബീജനും എന്നെ വിട്ടുപോയി. ഇനി ഞാനെന്തിനു ജീവിച്ചിരിക്കണം?



സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍റെ ആയുസ്സ് പോലും രണ്ടു പരാര്‍ദ്ധമായി നിജപ്പെടുത്തിയിട്ടുണ്ടല്ലോ. ബ്രഹ്മാവിന്റെ ഒരു ദിവസം നാലായിരം യുഗങ്ങള്‍ കൂടിയതാണ്. അക്കാലത്തിനുള്ളില്‍ പതിനാല് ഇന്ദ്രന്മാര്‍ ജനിച്ചു മരിക്കുന്നു. ബ്രഹ്മാവിന്‍റെ ആയുസ്സിന്‍റെ ഇരട്ടിയാണ് വിഷ്ണുവിന്‍റെ ആയുസ്സ്. അതിന്റെയും ഇരട്ടിയാണ് പരമശിവന്‍റെത്. ദൈവനിര്‍മ്മിതിയായ എല്ലാറ്റിനും അവസാനമുണ്ട്. സൂര്യചന്ദ്രാദികളും ഭൂമിയും മലകളും എല്ലാം നശിക്കും. ജനിച്ചവന്‍ മരിക്കും എന്ന് നിശ്ചയം. ഉണ്ടായതൊക്കെ ഇല്ലാതാവും എന്നും ഉറപ്പാണ്. സ്ഥിരകീര്‍ത്തി മാത്രമേ നിലനില്‍ക്കൂ. ജീവിതം ക്ഷണികമാണെങ്കിലും ഈ ദേഹത്തിനു കീര്‍ത്തി നേടാന്‍ കഴിയും. നിങ്ങള്‍ വേഗം എന്‍റെ രഥം തയ്യാറാക്കുക. ഞാന്‍ യുദ്ധസന്നദ്ധനാണ്. ജയവും തോല്‍വിയും ദൈവേച്ഛപോലെ വരട്ടെ.’


ശുംഭന്‍ തന്റെ തേരില്‍ക്കയറി  ജഗദംബികയുടെ സവിധമണഞ്ഞു. ചതുരംഗപ്പടകള്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. സിംഹവാഹിനിയായ സര്‍വ്വലോകമനോഹരിയെ ശുംഭന്‍ കണ്ടു. സര്‍വ്വാഭരണവിഭൂഷിതയായ ആ ത്രൈലോക്യസുന്ദരിയെ സ്തുതിച്ചും അവള്‍ക്ക് മേല്‍ മന്ദാരപ്പൂവുകള്‍ അര്‍ച്ചിച്ചും ദേവവൃന്ദം ആകാശവീഥികളെ അലങ്കരിച്ചു. ദേവിയാണെങ്കില്‍ മണിനാദവും ശംഖനിനാദവും മുഴക്കുന്നു.


ദേവിയെ കണ്ട മാത്രയില്‍ സ്മരശരപീഡിതനായ ശുംഭന്‍ ആലോചിച്ചു. ‘ഈ സൌന്ദര്യം എത്ര വശ്യം? സൌകുമാര്യവും രണവീര്യവും വൈരുദ്ധ്യമുളവാക്കുന്നവയല്ലേ? എന്നാല്‍ ഈ സുന്ദരിയില്‍ അവയെത്ര സമ്യക്കായി ഒത്തു ചേര്‍ന്നിരിക്കുന്നു. അവളില്‍ കാമഭാവം കാണുന്നില്ല. രതിയുടെ രൂപലാവണ്യമുള്ള ലക്ഷണയുക്തയായ ഈ കൃശഗാത്രിയാണോ മല്ലന്മാരെ വെന്ന് അസുരസൈന്യങ്ങളെ കൊന്നുതിന്നത്? ഇവളെ നേരിടാന്‍ എന്താണ് ഉപായം? അതിനുള്ള മന്ത്രങ്ങളൊന്നും എനിക്ക് തോന്നുന്നില്ലല്ലോ! സാമദാനഭേദങ്ങള്‍ ഇവളുടെ അടുത്ത് വിലപ്പോകില്ല. പാതാളത്തിലേക്ക് ഓടിപ്പോവുന്നത് ദുഷ്കീര്‍ത്തികരമാണ്. സ്ത്രീയുടെ കയ്യാല്‍ മരിക്കാനാവുമോ വിധി? സമാനബലവാന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി മരിക്കുന്നതില്‍ തെറ്റില്ല. അത് ശ്രേയസ്ക്കരമാണ് താനും. അവളുടെ കയ്യില്‍ അനേകം ആയുധങ്ങള്‍ കാണുന്നു. സാമവാക്യങ്ങളും ദാനവും ഒന്നും അവള്‍ക്ക് വേണ്ട. ഏറ്റുമുട്ടി മരിക്കുക തന്നെ. എന്നെ വിധിക്ക് വിട്ടു കൊടുക്കാം.’


ഇങ്ങിനെ ചിന്തിച്ചുവെങ്കിലും ശുംഭന്‍ ധൈര്യം കൈവെടിഞ്ഞില്ല. ‘ദേവീ, നീ ധൈര്യമായി പോരിനിറങ്ങു. നിന്‍റെ പരിശ്രമം വിജയിക്കാന്‍ പോകുന്നില്ല. വിവരമില്ലാത്ത സ്ത്രീകള്‍ക്ക് യുദ്ധധര്‍മ്മം പറഞ്ഞിട്ടുണ്ടോ? കടക്കണ്ണ്‍ കൊണ്ടുള്ള ശരങ്ങളും ചില്ലി വില്ലുകളും കൊണ്ട് കൊള്ളാവുന്ന പുരുഷനെ എയ്തു വീഴ്ത്താന്‍ നാരികള്‍ വിധഗ്ദ്ധകളാണ്. കുറിക്കൂട്ടുകളാണ് അവരുടെ പടക്കോപ്പ്. മനോരഥമെന്ന രഥത്തിലാണ് യാത്ര. ഭേരീശബ്ദം എന്നത് കളമൊഴികളായി പുറത്തു വരും! സ്ത്രീകള്‍ മറ്റേതെങ്കിലും ആയുധങ്ങള്‍ കയ്യിലേന്തുന്നത് അവലക്ഷണമാണ്. ലജ്ജയാണ് സുന്ദരികള്‍ക്ക് ഭൂഷണം. ധാര്‍ഷ്ട്യം അവള്‍ക്ക് ചേരില്ല. ഞാണ്‍ വലിച്ചു ശരം വിടുമ്പോള്‍ മാറിടം മറയ്ക്കാന്‍ പറ്റുമോ? അരയന്നത്തെപ്പോലെ പതിയെ നടക്കേണ്ട വനിതകള്‍ ഗദയുമെടുത്ത് ഓടുന്നതെങ്ങിനെ? നിനക്ക് ഉപദേശങ്ങള്‍ തന്ന് വഴിതെറ്റിക്കുന്നത് ഈ കാളികയും ചാമുണ്ഠയുമാണ്. ബുദ്ധികെട്ട ആ ചണ്ഡികയുടെ സ്വരം ക്രൂരമാണ്. നിന്‍റെ വാഹനമോ ഭയങ്കരനായ സിംഹം! വീണവായിക്കേണ്ട നീ ഇപ്പോള്‍ മുഴക്കുന്നത് ഘാണ്ടാനാദമാണ്. നിന്റെ യൌവ്വനവും സൌന്ദര്യവും ഈ വക ചുറ്റുപാടുകള്‍കൊണ്ട് നഷ്ടപ്രഭമായിരിക്കുന്നു. യുദ്ധമാണ് നിനക്ക് പ്രിയമെങ്കില്‍ എന്തിനിങ്ങിനെ സുന്ദരഭാവം? വികൃതഭാവത്തില്‍ മുന്നില്‍ വരൂ. കാക്കക്കറുപ്പും ഉന്തിയ പല്ലും പൂച്ചക്കണ്ണും, വികൃത ഭാവവും പൊട്ടക്കണ്ണും വികൃതനഖവും ചേര്‍ന്നൊരു രൂപമാണ് യുദ്ധക്കൊതിയുള്ള നാരിക്ക് യോജിക്കുക. ദേവീ, പേടമാന്‍മിഴിയുമായി രതിലോലഭാവത്തില്‍ നില്‍ക്കുന്ന നിനക്ക് നേരെ ആയുധമെടുക്കാന്‍ എനിക്ക് തോന്നുന്നില്ല.’



ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു: കാമബാണപരവശനായത് കൊണ്ടാണ് നിനക്കീ വൈക്ലബ്യം. ഞാനിവിടെ കാണിയായി നില്‍ക്കാം. നീയീ കാളികയുമായി അല്ലെങ്കില്‍ ചാമുണ്ഠയുമായി പോരാടുക. അവരാണെങ്കില്‍ യുദ്ധവീര്യത്തില്‍ നിനക്ക് യോജിച്ചവരുമാണ്.’ എന്ന് പറഞ്ഞു ദേവി ‘അവനെ കൊന്നു കളയുക’  എന്ന് കാളിയേയും ചാമുണ്ഠയേയും ആംഗ്യത്താല്‍ ആഹ്വാനം ചെയ്തു.


ദേവിയുടെ ആജ്ഞപ്രകാരം ഗദയുമേന്തി കാളിക രണത്തിനിറങ്ങി. വിണ്ണവര്‍ യുദ്ധക്കാഴ്ച കാണാന്‍ ആകാശത്ത് നിരന്നു നിന്നു. ശുംഭന്‍ ഗദകൊണ്ട് കാളികയെ ആക്രമിച്ചപ്പോള്‍ കാളിക ഒറ്റയടിക്ക് ശുംഭന്റെ സ്വര്‍ണ്ണത്തേര് പൊടിയാക്കി. അവന്‍ കാളികയുടെ മാറിടം നോക്കി പ്രഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് ലക്‌ഷ്യം കണ്ടില്ല. കാളിക വാളെടുത്ത് അസുരന്‍റെ ഇടം കൈ അറുത്തു. തേര് തകര്‍ന്നു രക്തത്തില്‍ക്കുളിച്ചു നിന്ന അവന്‍റെ മറ്റേക്കയ്യില്‍ ഗദ അപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ആ ഗദ കാളികയ്ക്ക് നേരെ ഓങ്ങവെ വലത്തേ കയ്യും കാളികയുടെ വാളിനിരയായി. എന്നിട്ടും വീറൊടുങ്ങാത്ത ശുംഭന്‍ കാലുകൊണ്ട്‌ കാളികയെ ചവിട്ടാന്‍ പാഞ്ഞടുത്തു. ഒറ്റവെട്ടിനു കാലുകള്‍ രണ്ടും കാളിക അരിഞ്ഞിട്ടു. എന്നിട്ടും ഉരുണ്ടുരുണ്ട്‌ തന്‍റെ നേര്‍ക്ക് വന്ന ദാനവന്റെ ശിരസ്സറുത്തപ്പോള്‍ അവന്‍ ഒരു മലപോലെ നിപതിച്ചു.  രക്തം പുഴപോലെ ഒഴുകി. ശുംഭന്റെ ജീവന്‍ ഉടല്‍ വിട്ടുപോയി.


യുദ്ധഫലം കണ്ടു തൃപ്തരായ ദേവന്മാര്‍ ആനന്ദിച്ചു. അവര്‍ കാളികയെയും ചാമുണ്ഠയെയും സ്തുതിച്ചു. അന്തരീക്ഷത്തില്‍ ശുഭസൂചകമായ ശാന്തി വിളയാടി. ഹോമാഗ്നികള്‍ ജ്വലിക്കവേ ശേഷിച്ച ദാനവന്മാര്‍ ദേവിയെ പ്രണമിച്ചശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച് പാതാളത്തിലേയ്ക്ക് പോയി.


വ്യാസന്‍ തുടര്‍ന്നു: ഇതാണ് ആ ദേവിയുടെ മഹച്ചരിതം. അസുരന്മാരെ വകവരുത്തി ദേവിയെങ്ങിനെ ദേവന്മാര്‍ക്ക് സഹായം ചെയ്തുവെന്ന് ഞാന്‍ പറഞ്ഞുതന്നു. വളരെ വിശേഷമാണീ കഥ. ഈ കഥ കേള്‍ക്കുന്നതുകൊണ്ട്‌ പുത്രദുഃഖം അനുഭവിക്കുന്നവന് പുത്രലാഭവും നിര്‍ധനനു ധനവും ലഭിക്കും. രോഗികള്‍ക്ക് രോഗനിവാരണം സംഭവിക്കും. സാധകന്റെ അഭീഷ്ടങ്ങള്‍ നിറവേറും. ശത്രുഭയം നശിക്കും ശത്രുബാധകള്‍ ഇല്ലാതാകും. ഇക്കഥ നിത്യവും പഠിക്കുന്നവന് അനായാസേന മുക്തിയും ലഭിക്കും.




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment