ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, March 14, 2017

പത്മനാഭോഽമരപ്രഭോ



സുപ്രസിദ്ധമായ ജ്ഞാനപ്പാന, സന്താനഗോപാലം എന്നിവ മലയാളത്തിലും ശ്രീകൃഷ്ണ കര്‍ണാമൃതം സംസ്‌കൃതത്തിലും രചിച്ച് ഗുരുവായൂരപ്പ ഭക്തനെന്ന് ഏവരാലും അറിയപ്പെടുന്ന പൂന്താനം എന്ന കവിയുടെ ‘കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദന’ എന്ന വരികളാണ് അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ ആരുടേയും മനസ്സില്‍ പൊന്തിവരുക.

Image result for പൂന്താനം

പണ്ഡിതന്മാര്‍ പറയും ജ്ഞാനപ്പനയാണ് അദ്ദേഹത്തിന്റെ മഹാകൃതിയെന്ന്. കാരണം, വേദാന്തവും ഉപനിഷത്തുക്കളും ഇത്ര ലളിതമായി, സാമാന്യ ജനത്തിനും ഉള്‍ക്കൊള്ളാനാകും വിധം എഴുതിയ കൃതി വേറേയില്ല.

സ്വന്തം ജീവിതദുഃഖമാണ് അതെഴുതാന്‍ പൂന്താനത്തിനു കാരണമായതെന്നു പറയുന്നെങ്കിലും സര്‍വ ലോകരുടെയും സംസാര ദുഃഖത്തിനു മറുമരുന്നാണ് ആ പാന.


തെക്കെ മലയാളത്തിലെ നെന്മേനി അംശത്തില്‍ വള്ളുവനാട് താലുക്കില്‍ പൂന്താനത്ത് ജനിച്ച് വളര്‍ന്നുവന്ന കവിയാണ് പൂന്താനം.
പൂന്താനത്തെക്കുറിച്ചു പരക്കെ പ്രസിദ്ധമായ ചില വര്‍ത്തമാനങ്ങള്‍ ഇങ്ങനെ:


സന്താനമില്ലാതെ വിഷമിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് വളരെനാളുകള്‍ക്കുശേഷം മോഹിച്ചിരുന്ന ഒരു പുരുഷ സന്താനം ലഭിച്ചു. ആ പുത്രന്റെ അന്നപ്രാശത്തിന് ക്ഷണിക്കപ്പെട്ട ബ്രാഹ്മണരുടെ കൂട്ടത്തില്‍ വന്ന അന്തര്‍ജനങ്ങള്‍ ആ ദിവസം രാവിലെ വസ്ത്രം മാറി കുളിക്കാനായി പോയി. ഈ സമയം മാറിയ വസ്ത്രങ്ങള്‍ അവിടെ കിടന്നുറങ്ങിയിരുന്ന കുട്ടിയുടെ മുകളിലാണ് കൂമ്പാരമായി കൂട്ടിയിട്ടാണ് പോയത്.
മുഹൂര്‍ത്തം അടുത്തപ്പോള്‍ കുട്ടിയെ എടുക്കുവാനായി ചെന്ന മാതാവ് അവിടെ പരതി വസ്ത്രങ്ങള്‍ നീക്കി നോക്കിയപ്പോള്‍ കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടു. ദുഃഖിതയായ മാതാവ് മാറത്തടിയും നിലവിളിയുമായി. എന്തുഫലം. അന്നുമുതല്‍ പൂന്താനം ദുഃഖത്തിലായി. 


അങ്ങനെ പൂന്താനം ഒരു തികഞ്ഞ ഭക്തനായെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പറച്ചില്‍  പൂന്താനം എഴുതിയതാണ് ജ്ഞാനപ്പാന എന്ന ലോകപ്രസിദ്ധിയാര്‍ജിച്ച സ്‌തോത്രകാവ്യം.

ഭക്തി മുഴുത്ത് ഗുരുവായൂരില്‍ താമസിക്കുന്ന പൂന്താനത്തിന്റെ വിളി കേട്ടാല്‍ ഭഗവാന്‍ വിളി കേള്‍ക്കുമായിരുന്നുവത്രെ.
ഈ കാലഘട്ടത്തില്‍ പ്രസിദ്ധ വൈയാകരണനും വാഗ്മിയും സംസ്‌കൃത പണ്ഡിതനുമായ നാരായണീയ രചയിതാവ് മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.

ഒരു ദിവസം പൂന്താനം താനെഴുതിയ ’സന്താനഗോപാലത്തിലെ’തെറ്റ് തിരുത്തിക്കിട്ടിയാല്‍ വേണ്ടില്ലായെന്ന് ഭട്ടതിരിപ്പാടിനോട് അപേക്ഷിച്ചു. ”മലയാളമല്ലേ, വിഭക്തി അറിയാത്ത തന്റെ കവിത ഞാനെന്ത് നോക്കാനാണ് മറ്റാരെയെങ്കിലും കാണിക്കുക” എന്ന് പറഞ്ഞുവത്രേ ഭട്ടതിരി.


ഇതുകേട്ടതോടെ പൂന്താനത്തിന് ദുഃഖം അസഹനീയമായി.  ഈ സമയം ഭട്ടതിരിക്ക് വാതരോഗം വന്ന് കലശലായ വേദന അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന് ഒരു കഥയും ഇരുവരേയും ചേര്‍ത്ത് ഗുരുവായൂര്‍ ക്ഷേത്രാനുബന്ധിയായി പണ്ടുമുതലേ പറഞ്ഞുവരുന്നു. സങ്കടനിവൃത്തിക്ക് പൂന്താനം ഭഗവാനെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്റെ അരുളപ്പാട് ഉണ്ടായത്രെ: ”ഭട്ടതിരിയുടെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം”. ഇതുകേട്ട ഭട്ടതിരി പൂന്താനത്തോട് മാപ്പ് ചോദിക്കുകയും കവിത വാങ്ങി വായിക്കുകയും ചെയ്തുവത്രേ.

ഒരിക്കല്‍ വേദശാസ്ത്രാദികളില്‍ മഹാവിദ്വാനായ ഒരു ബ്രാഹ്മണന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി.

ക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തിന് മാന്യസ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ ക്ഷേത്രാധികാരികള്‍ തീരുമാനിച്ചു. പതിവിന്‍പടി മാന്യസ്ഥാനത്ത് ഇരുന്നിരുന്ന പൂന്താനത്തെ അവിടെനിന്നും എഴുന്നേല്‍പ്പിച്ച് വേറൊരു സ്ഥാനത്തിരുത്തി.

ഇതില്‍ വളരെ ദുഃഖിതനായി വെളിയില്‍ ഇറങ്ങിപ്പോകുമ്പോള്‍ ഭഗവാന്‍ അദ്ദേഹത്തിന്റെ പുറകെ ചെന്ന് ”പൂന്താനം ഇനി ഇങ്ങോട്ട് വരണ്ട. ഞാന്‍ ഇല്ലത്തേക്ക് വന്നോളാം” എന്ന് അരുളിച്ചെയ്തവത്രെ. ഇതുകേട്ട് സന്തോഷത്തോടെ ഇല്ലത്തെത്തി പൂന്താനം ഭക്ഷണം കഴിക്കുകയും ചെയ്തു.
അങ്ങനെ പൂന്താനം അവിടെ ഒരു ക്ഷേത്രമുണ്ടാക്കി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിച്ചു. ഈ അമ്പലം ഇടത്ത്പുറത്തമ്പലം എന്ന പേരില്‍ പ്രസിദ്ധമായി.

ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയാണ് ഗുരുവായൂരിലെ മരപ്രഭു. ലക്ഷക്കണക്കിന് ഭക്തര്‍ എല്ലാവര്‍ഷവും ഈ വനവിഷ്ണുവായ മരപ്രഭുവിനെ കണ്ട് വണങ്ങുന്നു.

പൂന്താനം സഹസ്രനാമം വായിക്കുമ്പോള്‍ തെറ്റായി മരപ്രഭു എന്നു വായിച്ചപ്പോള്‍ മേല്‍പ്പുത്തൂര്‍ മുതലായവര്‍ പരിഹസിച്ചു. ”ഞാന്‍ അമരപ്രഭു മാത്രമല്ല. മരപ്രഭുവുമാണ്” എന്ന് ശ്രീകോവിലില്‍ നിന്നരുളപ്പാടുണ്ടായത്രെ.
മരപ്രഭുവില്‍ ബ്രഹ്മ, വിഷ്ണു, ശിവന്‍ എന്നിവരുടെ സങ്കല്‍പ്പമായ അരയാല്‍ വൃക്ഷവും വൃക്ഷശിരസ്സിലെ ചൈതന്യം നിറഞ്ഞ ശിരസ്സില്‍നിന്നും താഴേക്കൊഴുകുന്ന ജീവസ്സും അപൂര്‍വമായ ഔഷധച്ചെടികള്‍ നിറഞ്ഞ കനകപ്രഭയും അപൂര്‍വമാണ്.

പ്രശസ്തമായ ‘കണികാണും നേരം കമലനേത്രന്റെ’,  ‘അഞ്ജന ശ്രീധര ചാരുമൂര്‍ത്തെ കൃഷ്ണ’, ‘നരനായിങ്ങനെ ജനിച്ച് ഭൂമിയില്‍’ തുടങ്ങിയ എത്രയോ നാമസങ്കീര്‍ത്തനങ്ങള്‍ പൂന്താനം രചിച്ചിട്ടുണ്ട്.
ഘനസംഘമിടയുന്ന തനുകാന്തിതൊഴുന്നേന്‍… എന്ന തിരുമാന്ധാംകുന്ന് ഭഗവതിയെക്കുറിച്ചുള്ള സ്തുതിയും പൂന്താനത്തിന്റെ രചനയാണ്.
തീവ്രദുഃഖ സമയത്ത് രചിച്ച ജ്ഞാനപ്പാനയില്‍ ‘ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റ് വേണമോ മക്കളായ്’ എന്ന ഭാഗം ഹൃദയസ്പൃക്കാണ്.

 പൂന്താനം ദിനത്തില്‍ ഗുരുവായൂരില്‍ ഭഗവാനെ തൊഴുത് മരപ്രഭുവിന്റെ ശില്‍പ്പത്തിനു മുന്നിലെത്തി വിഷ്ണുസഹസ്രനാമവും ജ്ഞാനപ്പാനയും പാരായണം ചെയ്ത് ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ കോടി കോടി പുണ്യം ലഭിക്കുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം.


കടപ്പാട് 

No comments:

Post a Comment