ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, March 31, 2017

ജീവിത സാഹചര്യങ്ങളെ സ്വാഗതം ചെയ്യുക - ശുഭചിന്ത


ജീവിതത്തില്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കുകയും മറ്റു ചിലതിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതു മനുഷ്യസഹജമായ സ്വഭാവമാണ്. അതുപോലെ, ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഇഷ്ടം തോന്നും. മറ്റു ചിലതിനോട് അനിഷ്ടവും വച്ചുപുലര്‍ത്തും.
ഇങ്ങനെ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഈ സ്വാതന്ത്ര്യം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. ഇഷ്ടമുള്ളതാണെങ്കിലും അല്ലെങ്കിലും എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യാനുള്ള മനോഭാവം കൈവരുമ്പോള്‍ മാത്രമേ നമുക്ക് സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളൂ.
ഒരു റെയില്‍പാളംപോലെ കൃത്യമായൊരു സഞ്ചാരപഥത്തിലൂടെ നീങ്ങുന്നതല്ല ജീവിതം. അതൊരു നദിപോലെയാണ്. അങ്ങനെയാകണം ജീവിതം. ഒഴുകുന്ന മാര്‍ഗത്തിലുള്ള തടസ്സങ്ങളെല്ലാം തരണംചെയ്തുകൊണ്ടാണ് നദിയൊഴുകുന്നത്.
ആ പ്രവാഹത്തിനിടയില്‍ ഒന്നിനെയും നദി തിരസ്‌കരിക്കുന്നില്ല. എല്ലാത്തിനെയും സ്വീകരിക്കുന്നു, സ്വാഗതം ചെയ്യുന്നു. അതുപോലെയാകണം ജീവിതം. അപ്പോഴാണ് ഈ വിശ്വത്തിനും പ്രകൃതിക്കും അനുസരിച്ചു ജീവിതം താളാത്മകമാകുന്നത്.

No comments:

Post a Comment