ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 13, 2017

വള്ളുവനാട് ഹിന്ദുമത പരിഷത്ത്




ഭാരതപ്പുഴയിലെ പുണ്യസ്‌നാനഘട്ടങ്ങളായ തിരുവില്വാമല, തിരുക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുന്നാവായ എന്നീ പഞ്ചകങ്ങളില്‍ തൃത്താല എല്ലാംകൊണ്ടും സവിശേഷമാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ പവിത്ര സ്മരണകളെ അയവിറക്കുന്ന നിളാതടസൈകതത്തില്‍ മേഴത്തോളഗ്നിഹോത്രികളുടെ 99 യാഗങ്ങളാല്‍ പുണ്യപൂരിതമായ യജ്ഞേശ്വരം വീണ്ടും വൈദികമായ പ്രാതഃസൂക്തത്താല്‍ ഉണര്‍ത്തപ്പെടുന്നു:

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മിത്രാ വരുണാ
പ്രാതരശ്വിനാ………….
നിളാതട നിവാസികളുടെ ഹൃദയതടവും ഇതോടെ നിറയുകയായി.
യസ്യാവേദിം പരിഗൃഹ്ണന്തി ഭൂമ്യാം
യസ്യാംയജ്ഞം തത്വതേ വിശ്വകര്‍മണഃ
യസ്യാം മിയന്തേ സ്വരവം പൃഥിവ്യാമൂര്‍ദ്ധ്വാഃ
ശുക്രാ ആഹുത്യാഃ പുരസ്താത്
സാനോ ഭൂമിര്‍ വര്‍ദ്ധയദ് വര്‍ദ്ധമാനാ
(സമ്പൂര്‍ണ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്ന യജ്ഞം നടത്താന്‍ വേദിയുണ്ടാക്കിയിരിക്കുന്നു. പൃഥ്വിയാണ് ആ വേദി. അവിടെ ആഹൂതി നല്‍കുന്നതിന് മുന്‍പ് യജ്ഞസ്തംഭം നാട്ടിയിരിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭൂമിയിലേക്ക് ഞങ്ങളുടെ ബുദ്ധിയെ പ്രവേശിപ്പിച്ചാലും)

2014 ജനുവരി 17, 18, 19 എന്നീ മൂന്നു ദിവസങ്ങളിലായാണ് ആദ്യത്തെ ഹിന്ദുമത പരിഷത് നടന്നത്. അതിന്റെ ഊര്‍ജ്ജത്തില്‍നിന്നും തുടര്‍ച്ചയായി മൂന്നുവര്‍ഷങ്ങള്‍ ഈ ഹൈന്ദവമേള അരങ്ങേറി.

എന്തുകൊണ്ടാണ് ഈ ഭൂമി തന്നെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്തത്.
‘യസ്യാം പൂര്‍വ്വേ പൂര്‍വ്വജനാ വിചാകിരേ’
ഇവിടെയാണ് നമ്മുടെ പൂര്‍വികര്‍ അനേകം പുണ്യകര്‍മങ്ങള്‍ ചെയ്തത്. എന്നതുകൊണ്ടുതന്നെ. ‘യസ്യാം ദേവാ അസുരാനഭ്യവര്‍ക്തയന്‍’ ഇവിടെവച്ചു തന്നെ നമ്മുടെ ദേവതുല്യരായ പൂര്‍വീകര്‍ ആസുരികമായ ശക്തികള്‍ക്കെതിരെ പോരാടി ധര്‍മത്തെ നിലനിര്‍ത്തി തങ്ങളുടെ മാതൃഭൂമിയുടെ യശസ്സ് ഉജ്വലമാക്കി.

കേരളത്തിലെ നിളാനദി വിശിഷ്യഭാരതത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പതിനെട്ടു നാടുകളുടെ സംഗമഭൂമിയായി മാമാങ്കത്തെ (മാഘമകം) ആചരിച്ചതും പെരുമാളവരോധം നടത്തി ധര്‍മരാജ്യം സ്ഥാപിച്ചതും നിളയുടെ കരയിലാണ്. ഹൈന്ദവ സമൂഹത്തെ ഒന്നായി യോജിപ്പിച്ച ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ കേളിഗൃഹവും നിളാതടമാണ്. മേളത്തോളഗ്നിഹോത്രി മുതല്‍ പന്ത്രണ്ടുപേര്‍ ഇവരത്രേ.

മേളത്തോളഗ്നിഹോത്രി, രജക,
നുളിയന്നൂര്‍ത്തച്ചനും
പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍,
വടുതലമരുവും നായര്‍
കാരക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൊറ്റന്‍,
പെരിയതിരുവര-
ങ്കത്തെഴും പാണനാരും
നേരെ നാരായണഭ്രാന്തനു മുടനകവൂര്‍
ചാത്തനും പാക്കനാരും

പന്തിരുകുലത്തിന്റെ കഥ മിത്തായി കാണുന്നവരുണ്ട്. എന്നാല്‍ ഇവിടെ തൃത്താലക്കാര്‍ക്ക് അത് സത്യമാണ്. യാഥാര്‍ത്ഥ്യമാണ്. തൃത്താലക്കടുത്ത് പട്ടാമ്പി-എടപ്പാള്‍ വീഥിയുടെ വലതുഭാഗത്തായി കുമ്പിടിറോഡിന് സമീപം മേഴത്തോളഗ്നി ഹോത്രികളുടെ ഗൃഹം ഇന്നും സ്ഥിതിചെയ്യുന്നു.

വേമഞ്ചേരി മന എന്നാണ് ഈ ഗൃഹത്തിന്റെ നാമധേയം. ബ്രഹ്മദത്തന്‍ എന്നായിരുന്നു അഗ്നിഹോത്രികളുടെ യഥാര്‍ത്ഥ നാമധേയം. ഇന്നും ഈ വംശത്തില്‍ ബ്രഹ്മദത്തന്മാര്‍ ജീവിച്ചിരിപ്പുണ്ട് അങ്ങ് കടമ്പഴിപ്പുറത്തെ ശാഖയില്‍. തൃത്താല ശിവക്ഷേത്രത്തിലെ ഉത്സവത്തിന് തിരുവാതിരനാള്‍ നടത്തുന്ന എഴുന്നള്ളിപ്പിന് അഗ്നിഹോത്രികളാല്‍ പ്രതിഷ്ഠിതനായ തൃത്താലത്തപ്പന്‍ ഈ ഗൃഹം സന്ദര്‍ശിക്കുന്നു.ഇവിടെ അഗ്നിഹോത്രികളുടെ തേവാര മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ക്ഷേത്രംപോലെ ഇവിടം ആചരിക്കുന്നു. കൊടിക്കുന്നത്തമ്മ, (പാണ്ഡികശാല ഭഗവതി) ദുര്‍ഗ്ഗ, ഭദ്രകാളി, കൃഷ്ണകാളി എന്നീ സങ്കല്‍പ്പങ്ങളാണ്. ഇവിടെവച്ചാണ് പറയിപെറ്റ പന്തിരുകുലം മാതാപിതാക്കളുടെ ശ്രാദ്ധം ഊട്ടിയിരുന്നത്.

അഗ്നിഹോത്രികളുടെ 99 യാഗങ്ങള്‍ക്ക് വേദിയായ യജ്ഞേശ്വരം ക്ഷേത്രം ഈ തീരഭൂമിയില്‍ ഇന്നും കാണുന്നു. ‘ഏകോത ശതാകതു’ എന്നാണ് അഗ്നിഹോത്രിയുടെ ബിരുദം. ഒന്നു കുറെ നൂറ് യാഗം ചെയ്ത ആള്‍ എന്നര്‍ത്ഥം. യജ്ഞകുണ്ഡങ്ങളിലാണ് ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. യജ്ഞേശ്വരനും യാജക പ്രിയനുമാണല്ലോ ഭഗവാന്‍. യജ്ഞമൂര്‍ത്തിയും അവിടുന്നുതന്നെ. യജ്ഞമൂര്‍ത്തിയായ വരാഹപ്രതിഷ്ഠ കുറച്ചുകൂടി പടിഞ്ഞാറായി പന്നിയൂരിലാണ്. അതാകട്ടെ പരശുരാമ പ്രതിഷ്ഠയുമാണ്.

യജ്ഞത്തിന്റെ സ്മരണയെ നിലനിര്‍ത്തുന്ന ഒരു അരയാലും ക്ഷേത്രസമീപത്തായി (തെക്കുവശത്ത്) കാണുന്നു. കേരളത്തില്‍ എവിടെ യാഗം നടത്തുമ്പോഴും ഇതിന്റെ ഒരു ശാഖ അരണി നിര്‍മിക്കാനായി കൊണ്ടുപോകുന്നു. ‘യജ്ഞാഗ്നിവഹം’ എന്നാണതിന് പേര്. യജ്ഞത്തിന് സദ്യ ഉണ്ടാക്കാന്‍ അരി അരിക്കുമ്പോള്‍ കിട്ടിയ കല്ലിരിക്കുന്നു. കഞ്ഞിവെള്ളം ഒഴുക്കിയ കഞ്ഞിത്തോടും ഇവിടെ കാണാം.

കൊടിക്കുന്നു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ പൂരം പടഹാരം നാളില്‍ അഗ്നിഹോത്രികളുടെ ഇല്ലത്തുനിന്ന് പ്രതിനിധിയെത്തുന്നു. ഇപ്രാവശ്യത്തെ പ്രതിനിധി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നു. 2008 ല്‍ കൊടിക്കുന്നു ക്ഷേത്രത്തോടനുബന്ധിച്ച് നടന്ന ‘ലളിതാ വിചാര സത്രം’ ഉദ്ഘാടനം ചെയ്തതും ഇദ്ദേഹം തന്നെ.

പഴയ വേമഞ്ചേരി മനയില്‍ നിന്നും വേറിട്ടുണ്ടാക്കിയ പുതിയമനയിലാണ് ഇപ്പോഴത്തെ തലമുറ വസിക്കുന്നത്. മനവളപ്പ് ഇപ്പോഴും ഗതകാല പ്രൗഢിയുടെ ചിഹ്നവും വഹിച്ചുനില്‍ക്കുന്നു.
വേമഞ്ചേരി മനക്കല്‍നിന്നും സ്വല്‍പ്പം വടക്കുകിഴക്കുഭാഗത്തായി പാക്കനാരുടെ കുടുംബഗൃഹങ്ങളും നിലകൊള്ളുന്നു. പാക്കനാര്‍ തോറ്റവും തുള്ളലും ഇപ്പോഴും നിലനില്‍ക്കുന്നു. പാക്കനാരുടെ സമാധിസ്ഥാനമായ കുമ്മട്ടിക്കാവിലാണ് ഇത് അരങ്ങേറുന്നത്. ഭാരതപ്പുഴയുടെ കരയില്‍ തന്നെയാണ് കയ്ക്കാത്ത കാഞ്ഞിരം നിലകൊള്ളുന്ന കുമ്മട്ടിക്കാവ്.

പതിനെട്ടു കുടുംബങ്ങളാണ് പാക്കനാര്‍ കോളണിയില്‍ ഇന്നുള്ളത്. ഇവിടെ ആരെങ്കിലും മരിച്ചാല്‍ (പാക്കനാര്‍ കുടുംബത്തില്‍)വേമഞ്ചേരി മനക്കല്‍ ഇന്നും പുല ആചരിക്കുന്നു. ഹിന്ദു ഐക്യത്തിന്റെ സൂത്രം ഇവിടെ ദൃഢമാണ്.
മുരളീധരന്‍

No comments:

Post a Comment