ഒരിടത്ത് ഒരു കൃഷിക്കാരന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിന് വെളിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:’ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ട്. അതുകേള്‍ക്കാന്‍ പോവുകയാണ്.’ ഗീതാപ്രവചനം കേള്‍ക്കണമെന്ന് ആ കര്‍ഷന് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ പിന്നാലെ നടന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം ആളുകളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞുനാറിയ കീറവസ്ത്രം. പോരാത്തതിന് ദേഹം മുഴുവന്‍ ചളിയും. ആ സാധുവിനെ വാതില്‍ക്കല്‍ നിന്നവര്‍ അകത്തോട്ട് കടത്തിവിട്ടില്ല. കര്‍ഷകന് വലിയ വിഷമമായി. ‘ഭഗവാനേ, നിന്റെ കഥ കേള്‍ക്കാനാണ് ഞാന്‍ വന്നത്. എന്നെ അവര്‍ കടത്തിവിടുന്നില്ല. ഭഗവാന്റെ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ? താനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്ന് അവിടുത്തെ കഥ കേട്ടുകൊള്ളാം’ കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു, പ്രവചനം ഒന്നും മനസ്സിലാകുന്നില്ല. സംസ്കൃതഭാഷ. ആ സാധുവിന് ദുഃഖം സഹിക്കവയ്യാതായി.’എന്റെ ഭഗവാനെ, എനിക്ക് അങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ? ഞാനത്രയ്ക്കു പാപിയാണോ എന്റെ ഭഗവാനെ…? ‘ആ സാധു കൃഷിക്കാരന്‍ ഹൃദയം പൊട്ടിവിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ പന്തലിലെ വലിയ ഒരു ചിത്രം കണ്ണില്‍പ്പെട്ടു.
ഭഗവാന്‍ കൃഷ്ണന്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാന്റെ മുഖത്തു ദൃഷ്ടികളൂന്നി കണ്ണീര്‍വാര്‍ത്ത് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നു എന്ന് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസവും പ്രവചന സ്ഥലത്തു വന്നു ഭഗവാന്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണീര്‍ വാര്‍ക്കുക…
മൂന്നാമത്തെ ദിവസവും വന്നു, അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തു തന്നെയിരുന്നു. ഭഗവാന്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു. ഭഗവദ് രൂപം കണ്ടുകണ്ടങ്ങനെയിരുന്നു.
പ്രവചനമെല്ലാം കഴിഞ്ഞ് കേള്‍വിക്കാര്‍ പിരിഞ്ഞു പോയി. പ്രവചനം നടത്തിയ മഹാപണ്ഡിതന്‍ ഇറങ്ങിവരുമ്പോള്‍ പന്തലിനുപുറത്ത് മാവിന്‍ ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിന് അതിശയമായി. പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ മാത്രം എന്താണ് ഇവിടെയിരുന്നു കരയുന്നത്? എന്റെ വാക്കുകള്‍ അത്രമാത്രം ഇയാളെ സ്വാധീനിച്ചുവോ? അദ്ദേഹം കര്‍ഷകന്റെ അടുത്ത് ചെന്നു. കര്‍ഷകന് യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കൃഷിക്കാരന്റെ ചുറ്റും നിറഞ്ഞശാന്തി. അദ്ദേഹം കൃഷിക്കാരനെ വിളിച്ചുണര്‍ത്തി. ‘എന്റെ പ്രവചനം നിനക്ക് അത്രമാത്രം ഇഷ്ടപ്പെട്ടോ?’
പണ്ഡിതന്റെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു: ‘അങ്ങ് എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. സംസ്കൃതം എനിക്കറിയറിയില്ല. പക്ഷേ ഭഗവാന്റെ കാര്യം ഓര്‍മിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല. തേരില്‍ നിന്ന് പിറകിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞത്. പിന്നിലേക്ക് നോക്കി അവിടുത്തെ പിടലി എത്രകണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം’ ഇത്രയും പറഞ്ഞതോടെ ആ സാധുവിന് സാക്ഷാല്‍ക്കാരം കിട്ടി. കാരുണ്യം, നിഷ്കളങ്ക ഹൃദയം-അതാണ് ആ സാധു കൃഷിക്കാരന്റെ സാക്ഷാല്‍ക്കാരത്തിന് അര്‍ഹനാക്കിയത്.
കൃഷിക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച പണ്ഡിതന്റെയും കൂട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തി പണ്ഡിതന് അനുഭവപ്പെട്ടു. വേദശാസ്ത്രങ്ങള്‍, വായിച്ച്, പഠിച്ച്,പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന് അത് പുതിയ അനുഭവമായിരുന്നു.
ആ പണ്ഡിതന്‍ വലിയ ബുദ്ധിമാനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്കളങ്കനായ ആ കൃഷിക്കാരനാണ് ഭക്തിയുടെ മാധുര്യം അനുഭവിക്കുവാന്‍ കഴിഞ്ഞത്. തനിക്ക് വേണ്ടിയല്ലാത്ത കാരുണ്യം, അതാണ് ആ സാധുവില്‍ കണ്ടത്.സങ്കടം തന്റെ കാര്യത്തിലല്ല. ഭഗവാന്റെ കഷ്ടതയോര്‍ത്താണ്. നമ്മളൊക്കെ പ്രാര്‍ത്ഥിക്കുന്നത് എന്താണ്? ‘എനിക്കു ഇന്നതൊക്കെയുണ്ടാകണേ, അയലത്തുകാരന് ശിക്ഷകിട്ടണേ, എന്നെ കുറ്റം ഫറയുന്നവനെ നല്ലപാഠം പഠിപ്പിക്കണേ!’ ഇതൊക്കെയാണ് പ്രാര്‍ഥനാ വിഷയങ്ങള്‍.
എന്നാല്‍ നമ്മുടെ സാധുകര്‍ഷകന് എല്ലാറ്റിലുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെന്ന’ ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ അത് നഷ്ടമായി. പരമഭക്തിയായി. അതാണ് എറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റുള്ളവരെക്കാളും ഹൃദയത്തിനാദ്രത ആ സാധുകര്‍ഷകന് ഉണ്ടായിരുന്നു. അതിന്റെ ഫലമോ? താനറിയാതെ, തന്നില്‍, ആനന്ദം നിറഞ്ഞു. തന്റെ അടുത്തെത്തിയവര്‍ക്കും ശാന്തിപകരാന്‍ സാധിച്ചു.
ഈശ്വരനെ ഹൃദയംകൊണ്ടാണ് അറിയാന്‍ ശ്രമിക്കേണ്ടത്. അവിടുന്ന് ഹൃദയത്തിലാണ് പ്രകാശിക്കുന്നത്. അവിടുന്ന് ഹൃദയ നിവാസിയാണ്. അതു മനസ്സിലാക്കിയാല്‍ ശാന്തിയും ആനന്ദവും സാക്ഷാത്കാരവും ഉണ്ടാവും.
No comments:
Post a Comment