അമൃതവാണി
മക്കളേ, മനോഹരമായ ഒരു പ്രഭാതം…കിളികളുടെ ഗാനവും മന്ദമാരുതനും. പ്രസന്നമായ ആകാശം. ഈ സമയത്തായിരുന്നു ഒരു മോന്‍ ആ മാവിന്‍തോട്ടത്തില്‍ എത്തിയത്. പലതരം മാവുകള്‍ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഒരു മാന്തോപ്പ്. മിക്കവാറും എല്ലാ മാവുകളിലും പഴുത്ത മാങ്ങകള്‍. പലതിലും ഭംഗിയുള്ള കിളികള്‍ സൈ്വരവിഹാരം ചെയ്യുന്നു. ഈ മാന്തോപ്പിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ആ മോന്റെ തലയില്‍ പെട്ടെന്ന് ഒരു പഴുത്ത മാങ്ങ വീണു. തലയില്‍ ഒറ്റ മുടിയില്ലാത്ത, കഷണ്ടിക്കാരനായ ആ മോന്റെ ശിരസ്സില്‍ പഴുത്തളിഞ്ഞ മാങ്ങാനീര് ഒഴുകി. നെറ്റിയിലും കണ്ണിലുംകൂടി ചീഞ്ഞമാങ്ങയുടെ നീര് ഒഴുകിത്തുടങ്ങിയപ്പോള്‍ ആ മോന് ദേഷ്യം സഹിക്കാനായില്ല. ഇത്രയും നേരം സുന്ദരമായി തോന്നിയ ആ മാന്തോപ്പ് ആ മോനെ സംബന്ധിച്ച് വെറുക്കപ്പെട്ട സ്ഥലമായി മാറി.
തന്റെ തലയിലേക്ക് ചീഞ്ഞ മാങ്ങ കൊത്തിയിട്ട കിളിയെ അയാള്‍ ശപിച്ചു. ഈ മാങ്ങ നിന്നിരുന്ന മാവ് നശിച്ചുപോകട്ടെ എന്ന് ഉറക്കെ പറഞ്ഞു. ‘നാശം പിടിച്ച ഈ മാങ്ങ എന്റെ തലയില്‍ത്തന്നെ വീണല്ലോ’ അയാള്‍ ഉറക്കെ പറഞ്ഞു. മുകളില്‍നിന്നുവീണ മാങ്ങ നേരെ തന്റെ തലയിലേക്ക് വീണതിന് ഗുരുത്വാകര്‍ഷത്തെപ്പോലും ആ മോന്‍ പഴിച്ചു. ഇത്രയും നേരം മനോഹരമായി തോന്നിയ പ്രകൃതിയെയും പ്രഭാതത്തെയും ആ മാന്തോപ്പിനെയും ആ മോന്‍ പഴിക്കാന്‍ തുടങ്ങി. ‘നാശം നാശം’ എന്ന് ഉറക്കെ പറഞ്ഞു.
ഇത്തരം അനുഭവം മക്കള്‍ക്ക് ഉണ്ടായിട്ടില്ലേ? ഉണ്ടായിക്കാണണം. ആ നിമിഷംവരെ നമുക്ക് സന്തോഷം തന്നിരുന്ന അന്തരീക്ഷത്തെ നിങ്ങള്‍ പഴിക്കാന്‍ തുടങ്ങിയത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? എല്ലാവരോടും എല്ലാറ്റിനോടും ദേഷ്യവും വെറുപ്പും തോന്നിത്തുടങ്ങിയത് എന്തുകൊണ്ടാണ്?
ഇത് മനുഷ്യസഹജമാണ്. ജീവിതത്തില്‍ നമുക്ക് ഇഷ്ടപ്പെടാത്ത, ഹിതകരമല്ലാത്ത സംഭവങ്ങള്‍ നടന്നാല്‍ ചുറ്റുമുള്ള എല്ലാറ്റിനെയും കുറ്റംപറയുന്ന ശീലം മിക്കവാറും എല്ലാവര്‍ക്കും ഉണ്ട്. വേദനയും സങ്കടവും ഉണ്ടാകുമ്പോള്‍ സമസ്ത ലോകത്തെയും മറ്റു ചരാചരങ്ങളെയും കുറ്റം പറയുന്നവരാണ് കൂടുതല്‍ ആളുകളും.
തത്വം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പലരും ചെയ്യുന്നത്. യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ചുറ്റും നടക്കുന്നത് ആത്മാവിനെ സ്പര്‍ശിക്കുന്നില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാല്‍പ്പിന്നെ പരിഭവവും പരാതിയും ശാപവചനങ്ങളും ഇല്ലാതാകും. ചുറ്റുമുള്ള പ്രകൃതിയിലും നമ്മിലും ഒരേ ചൈതന്യമാണ് കുടിയിരിക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കണം.
ചീഞ്ഞ മാങ്ങ തലയില്‍ വീണതിന് ഗുരുത്വാകര്‍ഷണ നിയമത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. മാവിനെയും കിളികളെയും ശപിച്ചിട്ട് എന്തു പ്രയോജനം? പ്രകൃതിയുടെ നിയമമായ ആകര്‍ഷണം മാറ്റിമറിക്കാന്‍ മനുഷ്യനു കഴിയില്ല. മാവില്‍നിന്ന് മാങ്ങ ഭൂമിയിലേക്ക് മാത്രമേ പതിക്കുകയുള്ളൂ. പഴുത്ത മാങ്ങ കിളികള്‍ തിന്നുതീര്‍ക്കും. അല്ലെങ്കില്‍ കാറ്റടിച്ചാല്‍ നിലത്തേക്ക് വീഴും.
പണ്ടൊക്കെ കുട്ടികള്‍ മാവിന്‍ചുവട്ടില്‍ നിന്ന് കാറ്റുവരാന്‍ പ്രാര്‍ഥിക്കുമായിരുന്നു. അല്ലാതെ മാവിനെയും പ്രകൃതിനിയമത്തെയും ആരും പഴിക്കാറില്ല. മറിച്ച് ആ മോനെപോലെ മാവിനെയും കിളികളെയും മാന്തോപ്പിനെയും ആകര്‍ഷണ നിയമത്തെയും മക്കള്‍ പഴിക്കരുത്. ഇതുപോലെ നമുക്ക് വിഷമം തരുന്ന, ദുഃഖം തരുന്ന സംഭവങ്ങളെയും നോക്കിക്കാണണം. സാഹചര്യത്തെ മനസ്സിലാക്കി മറ്റുള്ളവരെ പഴി പറയാതിരിക്കാന്‍ പഠിക്കണം. മറ്റുള്ളവരുടെ കുറ്റം ഉറക്കെ പറഞ്ഞ് അവനെ ശത്രുക്കളാക്കാന്‍ ശ്രമിക്കരുത്. ഈ രീതിയില്‍ ബോധപൂര്‍വം ശ്രമിച്ചുനോക്കണം. അപ്പോള്‍ എല്ലാ വിഷമങ്ങളും സന്തോഷകരമായ അനുഭവങ്ങളാക്കിമാറ്റാന്‍ നിങ്ങള്‍ക്കു കഴിയും.
No comments:
Post a Comment