ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, March 22, 2017

ദേവീമാഹാത്മ്യം - ശ്രീമദ്‌ ദേവീഭാഗവതം. 5. 33. - ദിവസം 125.



മുനേ വൈശ്യോ fയമധുനാ വനേ മേ മിത്രതാം ഗത:
പുത്രദാരൈര്‍നിരസ്തതോfയം പ്രാപ്തോfത്ര മമ സംഗമം
കുടുംബ വിരഹേണസൌ ദുഖിതോfതീവ ദുര്‍മനാ:
ന ശാന്തിമുപയാത്യേഷ തഥൈവ മമ സമ്പ്രതം
ഗതരാജ്യസ്യ ദുഖേന ശോകാര്‍ത്തോ fസ്മി മഹാമതേ



രാജാവ് പറഞ്ഞു: 'മഹാമുനേ, വനത്തില്‍ വെച്ചു ഞാന്‍ പരിചയപ്പെട്ട ഒരു വൈശ്യനാണ് ഇദ്ദേഹം. കുടുംബക്കാരാല്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുകയാണ്. എന്നെപ്പോലെതന്നെ ഇദ്ദേഹവും ദുഖിതനാണ്. എനിക്ക് രാജ്യം നഷ്ടപ്പെട്ടു ഇദ്ദേഹത്തിനു തന്‍റെതെന്നു വിചാരിച്ചിരുന്ന കുടുംബവും. രണ്ടാളും ശാന്തിയാണ് തേടുന്നത്.


എന്‍റെയുള്ളില്‍ അകാരണമായി ആകുലതകള്‍ വളരുന്നു. എന്‍റെ കുതിരകളും ആനകളും നല്ല തീറ്റ പോലും കിട്ടാതെ വലയുന്നുണ്ടാവും. ശത്രുവിന്‍റെ കയ്യില്‍ അവയ്ക്ക് എത്ര ദുരിതമാവും അനുഭവിക്കേണ്ടി വരിക. എന്‍റെ ഭൃത്യന്മാര്‍ കഷ്ടപ്പെട്ടു മാഴ്കുന്നുണ്ടാവുമോ? എന്‍റെ രാജഭണ്ഡാരം കാലിയായിക്കാണുമോ? ഇങ്ങിനെയുള്ള ചിന്തകളാല്‍ എന്‍റെ മനസുഖം നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കുറക്കവും ഇല്ല. ഈ ലോകം സ്വപ്നസമാനമാണെന്നും ജഗത്ത് മിഥ്യയാണെന്നും എനിക്കറിയായ്കയില്ല. എങ്കിലും എന്നിലെ മോഹത്തിനവസാനമാകുന്നില്ല. ഈ കുതിരകളും ആനകളും സമ്പത്തുകളും ഞാനും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? എന്തിനാണവ എന്നെയിങ്ങിനെ ആകുലപ്പെടുത്തുന്നത്? പുത്രകളത്രാദികള്‍ എന്തിനാണെന്‍റെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്നത്? എന്തുകൊണ്ടാണാ മോഹചിന്തകള്‍ എന്നെ വിട്ടുപോവാത്തത്? അങ്ങ് സര്‍വ്വജ്ഞനും ദയാവാരിധിയുമാണല്ലോ? ഇതിനുള്ള ഹേതു എന്താണെന്ന് പറഞ്ഞു ഞങ്ങളെ പ്രബുദ്ധരാക്കിയാലും’


ഋഷിവര്യനായ സുമേധസ്സ് അവര്‍ക്കായി ശോകമോഹങ്ങള്‍ തീര്‍ക്കാനുതകുന്ന ജ്ഞാനം ഉപദേശിച്ചുകൊടുത്തു. 'പ്രാണികളില്‍ ബന്ധമോക്ഷമോഹാദികള്‍ക്കു കാരണമാകുന്നത് മായയാണ്. ബ്രഹ്മാദികളും ദേവന്മാരും മര്‍ത്യരും, ഗന്ധര്വ്വന്മാരും, ജന്തുകളും മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും രാക്ഷസന്മാരും വൃക്ഷലതകളും എന്നുവേണ്ട എല്ലാമെല്ലാം ഈ മായയുടെ അധീനത്തിലാണ്. മായയാണ് എല്ലാറ്റിനെയും സൃഷ്ടിക്കുന്നത്. എല്ലാവരെയും മോഹക്കെട്ടില്‍ പൂട്ടിയത് ഈ മായയാണ്. മോഹത്താല്‍ നയിക്കപ്പെടുന്ന സകലചരാചരങ്ങളില്‍ നീ രാജ്യം നഷ്ടപ്പെട്ട ഒരു ക്ഷത്രിയ രാജാവ് എന്നേയുള്ളു. രാജസ്സാണ് നിന്നെ വലയം ചെയ്തിരിക്കുന്നത്. മഹാജ്ഞാനികളെക്കൂടി ഈ മായ കീഴ്പ്പെടുത്തുന്നു. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് ജ്ഞാനമുണ്ടെങ്കിലും അവര്‍പോലും മായാവശഗരാണ്.



സത്യയുഗത്തില്‍ ഭഗവാന്‍ ഹരി ശ്വേതദ്വീപില്‍ തപസ്സു ചെയ്യുകയായിരുന്നു. ബ്രഹ്മവിദ്യ ലഭിക്കാനായി പതിനായിരം കൊല്ലം അദ്ദേഹം തപസ്സു ചെയ്തു. പരമസുഖപ്രാപ്തിയും അദ്ദേഹത്തിന്‍റെ തപോലക്ഷ്യമായിരുന്നു. ബ്രഹ്മാവും ഇതുപോലെ മോഹമുക്തി നേടാനായി വിജനമായ ഒരിടത്ത് തപസ്സിരുന്നു. ഒരവസരത്തില്‍ ഭഗവാന്‍ ശ്രീഹരി തന്റെ ധ്യാനം മറ്റൊരിടത്തേയ്ക്ക് മാറ്റാന്‍ വേണ്ടി ഇടമന്വേഷിച്ചു. ആ സമയത്ത് ബ്രഹ്മാവും തപസ്സിനായി മറ്റൊരിടം തേടി വന്നു. അവര്‍ വഴിയില്‍വെച്ച് കണ്ടുമുട്ടി. പരസ്പരം ‘അങ്ങാരാണ്?’ എന്ന് ചോദിച്ചപ്പോള്‍ ബ്രഹ്മാവ്‌, ലോകസൃഷ്ടാവായ ബ്രഹ്മാവാണ് ഞാന്‍ എന്നും ‘എടോ മൂഢാ ജഗത് സൃഷ്ടാവായ അച്യുതനാണ് ഞാന്‍’ എന്ന് ശ്രീഹരിയും പറഞ്ഞു. ‘രജസ്സിനെ സമാശ്രയിക്കുന്ന നീ ഒരു ദുര്‍ബ്ബലന്‍. ഞാന്‍ സത്വത്തിലാണ് നിലകൊള്ളുന്നത്. നിന്നെ യുദ്ധത്തില്‍ സഹായിച്ചത് ഞാനാണ്. മധുകൈടഭന്മാര്‍ നിന്നെ വലച്ചപ്പോള്‍ നീയെന്നെ ശരണം പ്രാപിച്ചല്ലോ! ഇപ്പോള്‍ ഒരു മൂഢനെപ്പോലെ എന്തിനാണ് അഹങ്കാരം ഒരലങ്കാരമായി കൊണ്ട് നടക്കുന്നത്? എനിക്ക് മുകളില്‍ ഈ പ്രപഞ്ചത്തില്‍ ആരുമില്ല എന്ന് നീയറിയുക.’


ബ്രഹ്മാവും വിഷ്ണുവും ഇങ്ങിനെ പരസ്പരം വാക്കുകള്‍ കൊണ്ട് പോരാടി നില്‍ക്കെ അവരുടെ കണ്ണുകള്‍ ചുവന്നു കലങ്ങി. ചുണ്ടുകള്‍ തുടിച്ചു. ശരീരം വിറച്ചു. പെട്ടെന്ന് അവരുടെ മദ്ധ്യത്തില്‍ ഭീമാകാരമായ ഒരു ലിംഗം പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ത്തന്നെ ആകാശത്തുനിന്നും അശരീരി മുഴങ്ങി. ‘വെറുതെ വാക്പോര് നടത്തണ്ട. നിങ്ങളില്‍ ആരാണോ ഈ ലിംഗത്തിന്റെ ചുവടറ്റവും മുകളറ്റവും ആദ്യമെത്തുന്നത് അയാളായിരിക്കും ശ്രേഷ്ഠന്‍. രണ്ടാളുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടാല്‍ മദ്ധ്യസ്ഥം പറയാന്‍ ഒരാള്‍ വേണമല്ലോ. ജയിക്കുന്നയാള്‍ ആകാശത്തെയ്ക്കും മറ്റെയാള്‍ പാതാളത്തിലേയ്ക്കും പോവുക.’


രണ്ടാളും ആ ഭീമാകാരമായ ലിംഗത്തെയളക്കാന്‍ പുറപ്പെട്ടു. വിഷ്ണു താഴേയ്ക്കും ബ്രഹ്മാവ്‌ മേലേയ്ക്കും പോയി. താഴേയ്ക്ക് പോയിപ്പോയി വിഷ്ണുവാകെ തളര്‍ന്നു. ഒടുവില്‍ അദ്ദേഹം പുറപ്പെട്ടിടത്തേയ്ക്ക് തിരികെയെത്തി. ബ്രഹ്മാവ്‌ അളവെടുത്ത് മുകളിലേയ്ക്ക് പോയപ്പോള്‍ ഒടുവില്‍ ശിവശിരസ്സില്‍ നിന്നും ഒരു കൈതപ്പൂവ് കിട്ടി. ‘ഇതാ ലിംഗാഗ്രത്തില്‍ നിന്നും കിട്ടിയ കൈതപ്പൂ’ എന്നദ്ദേഹം വീമ്പു പറഞ്ഞു താഴെയിറങ്ങി.


‘അങ്ങ് ലിംഗത്തിന്റെ അഗ്രത്തു നിന്നാണിത് കൊണ്ടുവന്നതെന്ന് എങ്ങിനെ തെളിയിക്കും? സത്യസന്ധനും, സദാചാരനും ഭേദബുദ്ധിയില്ലാത്തവനുമായ  ഒരു സാക്ഷി പറഞ്ഞാലേ ഞാന്‍ സമ്മതിക്കൂ’ എന്നായി വിഷ്ണു. വിവാദമവസാനിപ്പിക്കാന്‍ സാക്ഷി വേണം എന്നത് ന്യായമാണല്ലോ.


‘ഈ കേതകിപ്പൂവ് സത്യം പറയട്ടെ’ എന്നായി ബ്രഹ്മാവ്‌. ‘ശിവന്‍റെ ശിരസ്സില്‍ നിന്നും ബ്രഹ്മാവ്‌ എന്നെയെടുത്ത് ഇവിടെ കൊണ്ടുവന്നതാണ്’ എന്നാ പൂവ് സാക്ഷ്യം പറഞ്ഞു. ‘എന്‍റെ വാക്കുകള്‍ പ്രമാണമാക്കാം.’ എന്നു പൂവ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ‘ഞാന്‍ മഹാദേവന്റെ വാക്കുകളേ പ്രമാണമായി അംഗീകരിക്കൂ’ എന്ന് വിഷ്ണു വാശി പിടിച്ചു നിന്നു.


പെട്ടെന്ന് മഹാദേവന്‍ പറഞ്ഞു: ‘കേതകീ നീയെന്തിനു കള്ളം പറയുന്നു? എന്‍റെ ശിരസ്സില്‍ നിന്നും താഴെ വീണപ്പോഴല്ലേ ബ്രഹ്മാവിന് നിന്നെ കിട്ടിയത്? ബ്രഹ്മാവ്‌ എന്‍റെ ശിരോഗ്രംവരെ എത്തിയില്ലല്ലോ. കള്ളം പറഞ്ഞതിനാല്‍ ഇനി നിന്നെ എനിക്ക് വേണ്ട’. അന്ന് മുതല്‍ ശിവപൂജയ്ക്ക് കൈതപ്പൂ വര്‍ജ്യമാണ്‌.


ബ്രഹ്മാവ്‌ പരാജിതനായി വിഷ്ണുവിനെ അംഗീകരിച്ചു. ജ്ഞാനികളെപ്പോലും മയക്കുന്ന മായയുടെ ബലം എന്തെന്ന് മനസ്സിലായില്ലേ? പിന്നെ സാധാരണ മനുഷ്യരുടെ കാര്യം എന്ത് പറയാന്‍? ദേവസഹായത്തിനായി ശ്രീഹരി നാനാ യോനികളില്‍ വന്നു പിറന്ന് പാപഭീതിയൊന്നും ഇല്ലാതെ വഞ്ചന ചെയ്തിട്ടായാലും അസുരനിഗ്രഹം ചെയ്യുന്നു. സാക്ഷാല്‍ വിഷ്ണുവിനെപ്പോലും മായ ഇങ്ങിനെ ബാധിക്കുമെങ്കില്‍ സാധാരണക്കാരുടെ കഥ പറയാനുണ്ടോ? പരമപ്രകൃതിയായ സാക്ഷാല്‍ പരാശക്തി ജ്ഞാനികളെപ്പോലും മോഹത്തില്‍ വലിച്ചിഴക്കുന്നു. മോഹത്തില്‍ ആഴ്ത്തുന്നതും ബന്ധമോക്ഷങ്ങള്‍ക്ക് നിദാനമാവുന്നതും ഭഗവതി തന്നെയാണ്. ദേവി ജഗത്താകെ നിറഞ്ഞു നില്‍ക്കുകയാണ്.


ഭഗവതിയുടെ, സ്വരൂപം, ഉല്‍പ്പത്തി, ദിവ്യശക്തി, എന്നിവയെപ്പറ്റിയെല്ലാം അറിയണമെന്ന് രാജാവഭ്യര്‍ത്ഥിച്ചപ്പോള്‍ ഋഷി തുടര്‍ന്നു: അനാദിയായതിനാല്‍ അവള്‍ക്ക് ഉല്‍പ്പത്തിയുണ്ടാവുക അസാദ്ധ്യം. ആ ദേവി നിത്യയാണ്. കാരണങ്ങള്‍ക്കും കാരണമായിരിക്കുന്നതവളത്രേ. സര്‍വ്വചരാചരങ്ങളുടെയും അന്തര്യാമിയായ ദേവിയാണ് എല്ലാറ്റിനും ശക്തി നല്‍കുന്നത്. അതിനാല്‍ ചിച്ഛക്തി സ്വരൂപമാണവള്‍. ശക്തിഹീനന്‍ വെറും പിണമാണല്ലോ. ദേവകാര്യത്തിനായി വര്‍ത്തിക്കുന്ന ദേവീദേവന്മാരും മനുഷ്യരും പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ സങ്കടം ഇല്ലാതാക്കാന്‍ സ്വേച്ഛയാല്‍ ദേവി അവീര്‍ഭവിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെയുള്ള ദേവി നാനാരൂപങ്ങള്‍ കൈകൊള്ളുന്നു. അപ്പോഴെല്ലാം ദേവിയുടെ കൂടെ നാനാവിധങ്ങളായ ശക്തികളും പ്രത്യക്ഷപ്പെടുന്നു.


ജഗദംബിക ദൈവങ്ങള്‍ക്കും കാലങ്ങള്‍ക്കും വിധേയയല്ല. ദൃശ്യമായ ജഗത്ത് അവളുടെ സൃഷ്ടിയാണ്. പുരുഷാര്‍ത്ഥപ്രവര്‍ത്തിനിയാണ് ദേവി. എന്നാല്‍ അതേസമയം അവള്‍ അകര്‍ത്താവും സര്‍വ്വസ്വതന്ത്രയുമാണ്. സ്വാഭീഷ്ടപ്രകാരം ആടുന്ന ഈ ജഗത്തെന്ന ബ്രഹ്മാണ്ഡ നാടകത്തിന്‍റെ സംവിധായികയാണ് അമ്മ. നാടകം ചെയ്തും കണ്ടും തൃപ്തിയായാല്‍ അമ്മ ആ ദൃശ്യങ്ങളെ ക്ഷണത്തില്‍ ഇല്ലാതാക്കുന്നു. നിമിത്തഭൂതരായ ബ്രഹ്മാവിഷ്ണുശിവന്മാര്‍ക്ക് സ്വാംശമായ ശക്തി നല്‍കി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് വിനിയോഗിച്ച് അമ്മ സദാ ലീലയാടുകയാണ്. ദേവി സ്വയം പരമപുരുഷനുമാകയാല്‍ ഈ ലീലകള്‍ പരംപുരുഷനെ പ്രീതിപ്പെടുത്താനാണെന്നു പറയപ്പെടുന്നു. ത്രിമൂര്‍ത്തികള്‍ക്കു സഹധര്‍മ്മചാരിണികളായി വാണി, രമ, ഗൌരി എന്നീ അംശശക്തികളെ കൂട്ട് നല്‍കിയത് അമ്മ തന്നെയാണ്. സര്‍ഗ്ഗസ്ഥിതിലയങ്ങള്‍ക്ക് കാരണഭൂതയും സര്‍വ്വേശ്വരിയുമായ അമ്മയെ സകലരും ധ്യാനിച്ച്‌ പൂജിക്കുന്നു. ആ ദേവിയുടെ മാഹാത്മ്യം വാക്കിനാലുള്ള വര്‍ണ്ണനകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ ആര്‍ക്കുമാവില്ല. എങ്കിലും എന്‍റെ പരിമിതമായ അറിവ് നിങ്ങള്‍ക്കായി പറഞ്ഞുതരുന്നുവെന്നേയുള്ളൂ.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment