മഹാ വിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത് .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..
എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു.. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തന്‍റെ മടിയില്‍ വച്ച് ഹിരണ്യ കശിപുവിന്‍റെ മാറ് പിളര്‍ന്ന് രക്തം കുടിച്ചു .. നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത് .
പാലന്തായി കണ്ണന്‍ എന്ന വിഷ്ണുഭക്തനായ കുട്ടിയെ കുറുവാട് കുറുപ്പ് , കളവു ചെയ്തുവെന്ന പേരില്‍ കദളികുളത്തിന്റെ കല്‍പടവില്‍ വച്ച് അതി ക്രൂരമായി കൊന്നുവെന്നും അതിനു പ്രതികാരമെന്നോണം കുറുവാട് കുറുപ്പിനെയും കുടുംബത്തെയും പരദേവത വധിച്ചു തറവാട് തന്നെ ഇല്ലാതാക്കിയെന്നും വിഷ്ണുമൂര്‍ത്തിക്ക് ഒരു പ്രാദേശിക കഥയുണ്ട്. ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഭക്ത വത്സലനായ ദേവനായി കണക്കാക്കുന്ന വിഷ്ണുമൂര്‍ത്തി മഹാവിഷ്ണുവിന്റെ നാലമവതാരമായ നരസിംഹ മൂര്‍ത്തി തന്നെയാണ് .
"എന്നുടയ കണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു ഞാന്‍ കൊന്നുയിരടക്കി വണ്ണം മുടിക്കുമെന്ന്” പരദേവതയുടെ അട്ടഹാസം.
പാലന്തായി കണ്ണന്റെ ചുരികപുറത്തേറി മംഗലാപുരത്തുനിന്നും ഈ ദേവന്‍
നീലേശ്വരം കോട്ടപുറത്തേക്കു എഴുന്നള്ളിയെന്നും അവിടെ തെയ്യകോലം കെട്ടി ആരാധിച്ചുവെന്നും കഥ..
നീലേശ്വരം കോട്ടപുറത്തേക്കു എഴുന്നള്ളിയെന്നും അവിടെ തെയ്യകോലം കെട്ടി ആരാധിച്ചുവെന്നും കഥ..
"പണ്ടേ പാലാഴി തന്നില്‍ പരമസുഖ രസത്തോട് വാഴും
ശ്രീ വൈകുണ്ഡന്‍ മര്‍ത്ത്യ മൃഗേന്ദ്രനായവതരിച്ചുണ്ടായ ശേഷം
ഭൂമി മുന്‍പായന്നള്ളടത്തില്‍ പുകള്‍ പെരിയ സ്ഥലം നല്ല
പാലായി ദേശത്തിങ്കല്‍ പാലായി പരപ്പെന്‍ തന്‍ പരമപദ
സാജ്ഞത്തിങ്കലേല്‍പ്പിച്ചു കോലം "
ശ്രീ വൈകുണ്ഡന്‍ മര്‍ത്ത്യ മൃഗേന്ദ്രനായവതരിച്ചുണ്ടായ ശേഷം
ഭൂമി മുന്‍പായന്നള്ളടത്തില്‍ പുകള്‍ പെരിയ സ്ഥലം നല്ല
പാലായി ദേശത്തിങ്കല്‍ പാലായി പരപ്പെന്‍ തന്‍ പരമപദ
സാജ്ഞത്തിങ്കലേല്‍പ്പിച്ചു കോലം "
പാലായി പരപ്പെന്‍ എന്ന മലയനാണ് ആദ്യമായി വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടിയാടിയതെന്നു പറയപ്പെടുന്നു.എന്ത് വേഷം നരസിംഹമൂര്‍ത്തിക്ക് നല്‍കണമെന്ന ചിന്തയില്‍ വിഷമിച്ചുറങ്ങിയ അദ്ദേഹത്തിന് ഇന്ന് കാണുന്ന തരത്തിലുള്ള രൂപം സ്വപ്ന ദര്‍ശനമുണ്ടായി എന്ന് ഐതിഹ്യം .
മിക്കവാറും കാവുകളില്‍ ഉപദേവനായി ശ്രീ വിഷ്ണുമൂര്‍ത്തിയെ കാണാം .. പ്രധാന ദേവന്‍ / ദേവി ആരായാലും വിഷ്ണുവിന്‍റെ സ്ഥാനം വലതു വശത്തായിരിക്കും ..
കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിന്നും നരിവിളിക്കും തുണയായി എത്തുന്ന നരഹരി ഭഗവാന്‍ നാരായണന്‍ തന്നെയാണ് വടക്കന്‍ കേരളത്തിലെ പ്രധാന നാട്ടുപരദേവത.. ഈ തെയ്യം സാധാരണയായി മലയ സമുദായക്കാരാണ് കെട്ടിയാടറുള്ളത് എങ്കിലും ചിലയിടങ്ങളില്‍ പുല വിഷ്ണുമൂര്‍ത്തി എന്ന പേരില്‍ പുലയ സമുദായക്കാരും കെട്ടിയാടാറുണ്ട്.. ഹിരണ്യവധം ചെയ്യുന്നതും പിന്നീട് പ്രഹ്ലാദനെ ആശീര്‍വദിക്കുന്നതും വളരെ മനോഹരമായാണ് തെയ്യം നമുക്ക് കാണിച്ചു തരുന്നത്.. വളരെ മനോഹരമായ മുഖത്തെഴുത്ത് ഈ തെയ്യത്തിന്‍റെ ഒരു പ്രത്യേകതയാണ്..
No comments:
Post a Comment