ധര്‍മ്മത്തിന്റെ ഫലം പുണ്യവും അനുഗ്രഹവും, രാമായണത്തിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ഊര്‍മിളയെന്ന കഥാപാത്രം നമ്മെ ഓര്‍മിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമിതാണ്. ഈ രാമായണ മാസത്തില്‍ നാം ഓരോരുത്തരും കൂടുതല്‍ അപഗ്രഥിക്കേണ്ട കഥാപാത്രം കൂടിയാണു ലക്ഷ്‌മണന്റെ ഭാര്യയായ ഊര്‍മിള. ഭര്‍തൃസ്‌നേഹം എന്നതിനേക്കാളുപരി ധര്‍മം അനുഷ്‌ഠിക്കുന്ന സ്‌ത്രീ കഥാപാത്രമാണ് ഊര്‍മിള. ധര്‍മ്മത്തില്‍ ചരിക്കുന്നവര്‍ക്കുള്ള ഫലം അനുഗ്രഹമാണെന്ന് നമ്മെ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട് ഈ കഥാപാത്രം
.
ജ്യേഷ്‌ഠനെ പിതാവിനെപ്പോലെ കരുതുന്ന ലക്ഷ്‌മണന്റെ സാത്വിയായ ഭാര്യയായി മാത്രമേ ഊര്‍മിളയെ പലരും വിലയിരുത്തിയിട്ടുള്ളൂ. രാമനൊപ്പം ലക്ഷ്‌മണന്‍ വനവാസത്തിനു പോകാനൊരുങ്ങുമ്പോള്‍ ഒപ്പം പോകാനൊരുങ്ങുന്ന ഊര്‍മിളയെ നാം രാമായണത്തില്‍ കാണുന്നുണ്ട്. ഭര്‍ത്താവിനൊപ്പം സഹനത്തിന്റെ പാതയിലേക്കു കടന്നുചെല്ലുന്ന ഭാര്യയെയാണു ഊര്‍മിളയില്‍ ഇവിടെ ദര്‍ശിക്കുക.
എന്നാല്‍, ലക്ഷ്‌മണന്‍ സ്‌നേഹപൂര്‍വമായി വിലക്കുമ്പോള്‍ അതു ശിരസാ വഹിക്കുന്ന ഊര്‍മിളയെയാണു പിന്നീടു കാണുക. കേവലം ഭര്‍ത്താവിനെ അനുസരിക്കുന്നു എന്നതിനേക്കാള്‍ ധര്‍മ്മത്തില്‍ ചരിക്കുന്ന ഭാര്യയായാണു ഇവിടെ ഊര്‍മിളയെ കാണേണ്ടത്. സ്‌ത്രീയുടെ മഹത്വം ദര്‍ശിക്കുന്ന വേളയുമാണിത്. ഭര്‍ത്താവ് ഒപ്പമില്ലാതെ, സഹനങ്ങള്‍ സ്വീകരിച്ച് അയോധ്യയില്‍ ജീവിക്കാന്‍ തീരുമാനമെടുക്കുകയാണ് ഊര്‍മിള.
പിന്നീട് മറ്റൊരിടത്ത് ഊര്‍മിളയെന്നു സ്‌ത്രീയ്‌ക്കു ലഭിക്കുന്ന അനുഗ്രഹത്തെയും കാണുന്നുണ്ട്. ജ്യേഷ്‌ഠനൊപ്പം വനവാസത്തില്‍ കഴിയുന്ന 14 വര്‍ഷം തന്നെ ഉറക്കത്തില്‍നിന്ന് ഒഴിവാക്കണമെന്നു ലക്ഷ്‌മണന്‍ നിദ്രാദേവിയോട് ആവശ്യപ്പെടുന്നുണ്ട്. പകരം ഒരാള്‍ ഉറക്കം ഏറ്റെടുത്താല്‍ നിന്നെ ഒഴിവാക്കാമെന്നു നിദ്രാദേവി ലക്ഷ്‌മണനു വാക്കു നല്‍കി.
എനിക്കുവേണ്ടി എന്തും സഹിക്കുന്ന ഭാര്യ അതിനു തയാറാണെന്നായിരുന്നു ലക്ഷ്‌മണന്റെ മറുപടി.
ഭര്‍ത്താവിനായി ഊര്‍മിള നിദ്രയിലേക്കു പോകുമ്പോള്‍ പാവം സ്‌ത്രീയ്‌ക്ക് ഇത്തരം ദുരനുഭവമോ എന്നു ചിന്തിച്ചേക്കാം. എന്നാല്‍, ലക്ഷ്‌മണനില്ലാത്ത കാലയളവ് ഒറ്റ ഉറക്കത്തിലെന്ന പോലെ കടന്നു പോകുന്നതിന് ഈ നിദ്രയാണു ഊര്‍മിളയെ സഹായിച്ചത്. ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നതു ജ്യേഷ്‌ഠന്റെ അഭിഷേക ചടങ്ങുകളും, ഒരു സ്‌ത്രീയ്‌ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമല്ലേയിത്.
സൂര്യകാലടി സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട്
No comments:
Post a Comment