കൃത സ്വസ്ത്യയനോ വൃത്രോ ബ്രാഹ്മണൈര്‍ വേദ പാരഗൈ:
നിര്‍ജഗാമ രഥാരൂഢോ ഹന്തും ശക്രം മഹാബല:
തദൈവ രാക്ഷസാ: ക്രൂരാ: പുരാ ദേവ പരാജിതാ:
സമാജഗ്മുശ്ച സേവാര്‍ത്ഥം വൃത്രം ജ്ഞാത്വാ മഹാബലം
വേദപാരംഗതരായ ബ്രാഹ്മണരുടെ അനുഗ്രഹത്തോടെ വൃത്രന്‍ ശക്രനെ വധിക്കക്കാനായി തേരില്‍ക്കയറി സ്വര്‍ഗ്ഗദേശത്തെയ്ക്ക് പുറപ്പെട്ടു. പണ്ട് ദേവന്മാരോടു തോറ്റ് ഒതുങ്ങി നിന്ന രാക്ഷസന്മാര്‍ വൃത്രന് തുണയായി എത്തി. ഇന്ദ്രന്‍റെ ചാരന്മാര്‍ വൃത്രന്റെ യുദ്ധസന്നാഹവൃത്താന്തം അദ്ദേഹത്തെ അറിയിച്ചു.
‘രാക്ഷസപ്പടയുമൊത്ത് യുദ്ധോല്‍സുകനായി തേരില്‍ക്കയറി വൃത്രന്‍ വരുന്നുണ്ട്. ബ്രഹ്മദേവന്‍ ആഭിചാരം കൊണ്ട് അവനെ സൃഷ്ടിച്ചത് സ്വപുത്രനെ കൊന്നവനോടു പകരാന്‍ വീട്ടാനാണ്. മലപോലെ വലിയൊരുത്തനാണ് വൃത്രന്‍. അവന്‍റെ ഹുങ്കാരം ഇതാ ഇങ്ങടുത്തെത്തിപ്പോയി. അവന്‍റെ കൂടെ രാക്ഷസപ്പടയും ഉണ്ട്.’
ഇങ്ങിനെ ദൂതവാക്കുകള്‍ കേട്ടിരുന്ന ഇന്ദ്രന്‍റെയടുത്ത് ഭയചകിതരായ ദേവന്മാര്‍ ഓടിയെത്തി സങ്കടം പറഞ്ഞു: ‘പ്രഭോ, എങ്ങും ദുര്‍നിമിത്തങ്ങളാണ്. കിളികള്‍ വല്ലാതെ ചിലയ്ക്കുന്നു. പരുന്തും കാക്കയും കഴുകനും വികൃതമായ നാദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്നു. ‘ചീ’, ‘കൂ’, ‘ചീ’, എന്നിങ്ങിനെ പക്ഷിക്കൂട്ടങ്ങള്‍ കരയുന്നു. ആനകളുടെയും കുതിരകളുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു. വീടുകളുടെ മച്ചിന്‍പുറങ്ങളില്‍ നിന്നും അസുരനാരിമാരുടെ അലമുറകള്‍ കേള്‍ക്കുന്നു. കാറ്റടിക്കാതെതന്നെ കൊടിക്കൂറകള്‍ നിലത്ത് വീഴുന്നു. ഭൂമിയിലും ആകാശത്തും ദുശ്ശകുനങ്ങള്‍ കാണുന്നു. കരിമംഗല്യം ബാധിച്ച പെണ്ണുങ്ങള്‍ ‘പോ’, ‘പോ’, എന്നാട്ടിക്കൊണ്ട് വീടുതോറും നടക്കുന്നു. രാക്ഷസപ്പെണ്ണുങ്ങള്‍ വീട്ടില്‍ക്കിടന്നുറങ്ങുന്ന സ്ത്രീകളുടെ മുടി പിടിച്ചു വലിക്കുന്നു. ഭൂമികുലുക്കവും കൊള്ളിമീന്‍ മിന്നലും കുറുക്കന്മാരുടെ ഓരിയിടലും ഓന്തുകള്‍ ഒാടിനടക്കുന്നതും ദേഹാവയവങ്ങള്‍ തുടിക്കുന്നതും എല്ലാം ദുര്‍ലക്ഷണം തന്നെയാണ്, നിശ്ചയം.’
ദേവന്മാരുടെ വേവലാതികള്‍ കേട്ട് ചിന്താകുലനായ ഇന്ദ്രന്‍ ഗുരുവിനോട് അഭിപ്രായം ചോദിച്ചു. ‘ഭഗവന്‍, എന്താണീ ദുര്‍നിമിത്തങ്ങള്‍ക്ക് കാരണം? കാറ്റ് വല്ലാതെ വീശുന്നു. ആകാശത്തു നിന്നും തലമുടി പറന്നു വീഴുന്നു. സര്‍വജ്ഞനായ അങ്ങ് ഞങ്ങള്‍ക്ക് ആചാര്യനാണ്. അതി ബുദ്ധിമാനുമാണ്. ശത്രുനാശത്തിനുള്ള ഉപാധികള്‍ പറഞ്ഞു തന്നാലും.’
‘ഞാനെന്തു ചെയ്യാനാണ് ഇന്ദ്രാ, നീ അതിക്രമം ചെയ്തുപോയില്ലേ? ആ നിരപരാധിയായ ത്രിശിരസ്സിനെ വെറുതെ കൊന്നുകളഞ്ഞില്ലേ? അത്യുഗ്രമായ പാപ പുണ്യങ്ങള്‍ക്ക് അപ്പപ്പോള്‍ത്തന്നെ ഫലമുണ്ടാവും. അതിനാല്‍ ഈ യുദ്ധം വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. അന്യനെ ഹിംസിക്കുക, അന്യനു ദൂഷ്യം വരുന്ന കര്‍മ്മം അനുഷ്ടിക്കുക എന്നതൊന്നും നല്ലതിനല്ല. പരദ്രോഹിക്ക് സുഖമുണ്ടാവുന്നതെങ്ങിനെ? ലോഭവും മോഹവും നിന്നെ പൊതിഞ്ഞിട്ടാകണം നീ ബ്രഹ്മഹത്യ ചെയ്തത്. അതിന്റെ ഫലമിപ്പോള്‍ ഇതാ വന്നണഞ്ഞു. ഈ വൃത്രന്‍ അവധ്യനാണ്. അവന്‍റെ കയ്യില്‍ വജ്രായുധത്തിനു തുല്യമായ ആയുധങ്ങള്‍ അനേകമുണ്ട്. എല്ലാം അവന്റെ പിതാവ് നല്‍കിയതാണ്. തേരില്‍ക്കയറി അവധ്യനായ അവന്‍ എന്തിനും തയ്യാറായി വരികയാണ്.’
ഗുരുവിങ്ങിനെ പറഞ്ഞു കൊണ്ടിരിക്കേ, ഗന്ധര്‍വ്വന്മാരും യക്ഷന്മാരും മുനിമാരുമൊക്കെ സ്വന്തം ഗൃഹങ്ങള്‍ ഉപേക്ഷിച്ച് ബഹളം വെച്ച് ഓടിവന്നു. ഇതുകണ്ട ശക്രന്‍ സൈന്യങ്ങളെ അണിനിരത്താന്‍ ആവശ്യപ്പെട്ടു. വസുക്കള്‍, ആദിത്യന്മാര്‍, രുദ്രര്‍, വായു, പാശി, ഭഗന്‍, കുബേരന്‍, എല്ലാവരേയും കൂട്ടി ആയുധങ്ങളുമായി വിമാനങ്ങളില്‍ കയറി പോരിനു തയ്യാറായി. ‘അവനോടു പോരിനിറങ്ങാന്‍ പറയൂ’ എന്നാഹ്വാനം ചെയ്ത് ഇന്ദ്രന്‍ ആനപ്പുറത്തു കയറി. ദേവന്മാര്‍ അവരവരുടെ വാഹനങ്ങളുമായി മാനസോത്തരം എന്ന പര്‍വ്വതത്തില്‍ ഇടം പിടിച്ചു. മരങ്ങള്‍ നിറഞ്ഞ ആ മലമുകളില്‍ ദേവന്മാരും അസുരന്മാരും യുദ്ധോല്‍സുകരായി അണിനിരന്നു.
ഗുരുവിന്‍റെ നേതൃത്വത്തില്‍ ഇന്ദ്രനും അവിടെയെത്തിയ വൃത്രനും തമ്മില്‍ ഘോരമായ യുദ്ധം നടന്നു. ഗദ, വാള്‍, മുസലം, വേല്‍, അമ്പ്, പാശം എന്നിവയെല്ലാം പരസ്പരം പ്രയോഗിച്ചു യുദ്ധം കൊടുമ്പിരിക്കൊണ്ടു. മനുഷ്യരുടെ ഒരു നൂറുവര്‍ഷം ഈ യുദ്ധം നീണ്ടു നിന്നു. വരുണനും, വായുവും, അഗ്നിയും ഒടുവില്‍ ശക്രനും യുദ്ധക്കളത്തില്‍ നിന്നും തോറ്റോടി. വൃത്രന്‍ സന്തോഷത്തോടെ വിശ്വകര്‍മ്മാവിനെ ചെന്ന് കണ്ടു. ‘പിതാവേ, അങ്ങയുടെ ആജ്ഞപ്രകാരം ഞാനിതാ ഇന്ദ്രനെ തോല്‍പ്പിച്ചിരിക്കുന്നു. സിംഹത്തെക്കണ്ട ആനകളെപ്പോലെ ഇന്ദ്രനും കൂട്ടരും തോറ്റമ്പിയിരിക്കുന്നു. ഇന്ദ്രന്‍റെ ഐരാവതത്തെയും യുദ്ധത്തില്‍ തോറ്റവരെയും പിടിച്ചു കെട്ടിയവരെയും മറ്റും കൊല്ലുന്നത് ശരിയല്ലല്ലോ. ഇനി എന്താണ് ചെയ്യേണ്ടത്?’
പുത്രന്‍റെ വാക്കുകള്‍ കേട്ട ത്വഷ്ടാവ് സന്തോഷത്തോടെ പറഞ്ഞു: ‘എന്‍റെ ജീവിതത്തിനു സാഫല്യമായി. എന്‍റെ മനസ്സിലെ വിഷമങ്ങള്‍ തീര്‍ക്കാന്‍ നിന്നെപ്പോലൊരു പുത്രനെ എനിക്ക് കിട്ടിയല്ലോ! നിന്‍റെ പ്രഭാവം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് ഞാന്‍. ഇനി നിനക്ക് നന്മയുണ്ടാകുന്ന കാര്യം പറഞ്ഞു തരാം. സമാധാനമായി കുറച്ചുകാലം സ്ഥിരാസനസ്ഥനായി സ്വസ്ഥമായ ഒരിടത്തിരുന്ന് നീ തപസ്സു ചെയ്താലും. ദേവേന്ദ്രന്‍ നിന്റെ ശത്രുവാണ്. വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. തപസ്സുകൊണ്ട് നിനക്ക് സമ്പത്തും രാജ്യവും ശക്തിയും ലഭിക്കും. ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി നീ ഇഷ്ടവരം വാങ്ങുക. വിശ്വയോനിയെന്നു പ്രശസ്തനായ ബ്രഹ്മാവ് നിനക്കായി ‘അവധ്യത്വം’ വരമായി നല്‍കും. അപ്പോള്‍ നിനക്ക് ഇന്ദ്രനെ കൊല്ലാം. അയാള്‍ എന്‍റെ മകനെ കൊന്നതിനു പകരമായി അവനെ ഇല്ലാതാക്കി എന്‍റെ ദുഖത്തെ നീ ശമിപ്പിക്കണം.
അച്ഛന്‍ പറഞ്ഞതനുസരിച്ച് വൃത്രന്‍ തപസ്സിനായി പുറപ്പെട്ടു. ഗന്ധമാദനപര്‍വ്വതത്തിലെ ദേവഗംഗയില്‍ കുളിച്ച് ദര്‍ഭ വിരിച്ച് അദ്ദേഹം സ്ഥിരാസനത്തില്‍ തപസ്സു തുടങ്ങി. നിരാഹാരനായി വിശ്വയോനിയെ മാത്രം ധ്യാനിച്ച് വൃത്രന്‍ തപസ്സു ചെയ്യുന്ന വാര്‍ത്ത ഇന്ദ്രന്‍റെ ചെവിയിലുമെത്തി. നാഗഗന്ധര്‍വ്വയക്ഷന്മാരെയും അപ്സരസ്സുകളേയും വിദ്യാധരന്മാരെയും വൃത്ര തപോവിഘ്നം വരുത്താന്‍ ഇന്ദ്രന്‍ നിയോഗിച്ചു. എന്നാല്‍ ഇവര്‍ക്കൊന്നും വൃത്രതപസ്സിനെ ഇളക്കാന്‍ ആയില്ല. അവരുടെ മായാപ്രയോഗങ്ങള്‍ വൃത്രനില്‍ ഏശിയില്ല.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment