ഒരിക്കല്‍ ബേലൂര്‍ മഠപരിസരത്തിലൂടെ സായന്തന സഞ്ചാരത്തില്‍ ഏര്‍പ്പെട്ടിരുന്ന വിവേകാനന്ദ സ്വാമികള്‍ ഇങ്ങനെ പ്രസ്താവിച്ചുവത്രേ.
”മിഷനിലേക്ക് ആവാഹിച്ച ആ ശക്തി അഞ്ചു നൂറ്റാണ്ടോളം അഭംഗുരം പ്രവഹിച്ചുകൊണ്ടിരിക്കും.” എന്നാല്‍ ‘എം’ന്റെ മഹത്തായ സംഭാവന മാനവവംശമുള്ള കാലത്തോളം നിലനില്‍ക്കും.
ദിവ്യത്വത്തെ സാക്ഷാത്കരിക്കുവാന്‍ ദാഹിക്കുന്നവരുള്ള കാലത്തോളം നിലനില്‍ക്കും. കാലം കോട്ടകൊത്തളങ്ങളെ കഷ്ണങ്ങളാക്കാം. എങ്കിലും വിജ്ഞാനദേവതയായ സരസ്വതിയുടെ അനശ്വരപ്രവാഹം തുടര്‍ന്നുകൊണ്ടേയിരിക്കും.
മാസ്റ്റര്‍ മഹാശയന്‍ എന്ന നാമം ബംഗാളിലെ ഓരോ ഭവനത്തിന്റെയും ഭാഗമാണ്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ആധുനിക വിദ്യാഭ്യാസം നേടിയ അദ്ദേഹം അക്കാലത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളെപ്പോലെ ബ്രഹ്മസമാജത്തിലെ സജീവാംഗമായിരുന്നു. പിന്നീട് സ്‌കൂള്‍ അധ്യാപകനായി. അക്കാലത്തെ ഭാരതീയ യുവാക്കളില്‍ ചെലുത്തപ്പെട്ട ആംഗലേയ വിദ്യാഭ്യാസത്തിന്റെ നല്ലതും അല്ലാത്തതുമായ സ്വാധീനത്തില്‍നിന്നും വിമുക്തനായിരുന്നില്ല മഹേന്ദ്രനാഥ ഗുപ്തനും.
ഏതൊരു ദിവ്യശക്തിയാണോ നരേന്ദ്രനാഥദത്തനെ ശ്രീരാമകൃഷ്ണപരമഹംസരെന്ന ദക്ഷിണേശ്വരത്തെ ഭവതാരിണിയുടെ ഭക്തന്റെ അടുത്തേക്ക് ആനയിച്ചത്, ആ ശക്തി തന്നെ മഹേന്ദ്രനാഥഗുപ്തനെയും അദ്ദേഹത്തിന്റെ അനുയായിവൃന്ദത്തിലേക്ക് നയിച്ചു.
ശ്രീരാമകൃഷ്ണനും നരേന്ദ്രനും തമ്മിലുള്ള ആദ്യസമാഗമത്തിന്റെ നാടകീയതയൊന്നും ‘എം’ന്റെ കാര്യത്തില്‍ സംഭവിച്ചില്ല. എന്നാല്‍ വിശദമായ പരിശോധനയില്‍, ശ്രീരാമകൃഷ്ണന്റെ അടുത്തുള്ള ‘എം’ന്റെ ആദ്യസന്ദര്‍ശനം, കഥാമൃതത്തില്‍ ‘എം’വിവരിക്കുന്ന പ്രകാരം, നരേന്ദ്രന്റെ കാര്യത്തിലെന്നപോലെ, ശ്രീരാമകൃഷ്ണന്‍ പ്രതീക്ഷിച്ചിരുന്നതാണ്. ശ്രീരാമകൃഷ്ണ സന്ദേശം സ്വീകാര്യമാകുന്നതിന്റെ നാന്ദിയായി നരേന്ദ്രന്‍ തന്റെ ശക്തമായ വ്യക്തിത്വത്താല്‍ ലോകത്തില്‍ ഒരു ആദ്ധ്യാത്മിക സ്‌ഫോടനം തന്നെ നടത്തുവാന്‍ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ മഹേന്ദ്രനാഥഗുപ്തനും ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ശ്രീരാമകൃഷ്ണന്റെ ദിവ്യവചനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍തന്നെ രേഖപ്പെടുത്തുകയും അതുപോലെ ഗുരുദേവന്റെ ദിനംപ്രതിയുള്ള ദിവ്യഭാവങ്ങള്‍ വാക്കുകളാല്‍ ചിത്രീകരിക്കുകയും ചെയ്തു.
അദ്ദേഹം തന്റെ ഓര്‍മ്മയുടെ തൊട്ടിലില്‍ കിടത്തി ശ്രീരാമകൃഷ്ണ വചനങ്ങളെ ഒരമ്മയെപ്പോലെ പരിലാളിച്ചു. അതുകൊണ്ട് പില്‍ക്കാലത്ത് ലോകം ആ വചനങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടു. ‘എം’ന്റെ പൂര്‍വജന്മത്തെക്കുറിച്ച് ശ്രീരാമകൃഷ്ണന്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളത് ശ്രീരാമകൃഷ്ണവചനാമൃതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം അവതാരം തന്റെ വചനങ്ങള്‍ രേഖപ്പെടുത്തുവാനായി ദൈവിക ചരിത്രകാരനെ കൂടെ കൊണ്ടുവന്നുവെന്ന് അനുമാനിക്കാം. ‘എം’ ന്റെ കുലനാമമായ ‘ഗുപ്ത’യുടെ അക്ഷരാര്‍ത്ഥം തന്നെ രഹസ്യമെന്നാണ്. ഗുരുദേവനില്‍ കണ്ടതും കേട്ടതും രേഖപ്പെടുത്തുകയും അതേസമയം സ്വയം അജ്ഞാതനായിരിക്കുകയും വഴി ‘എം’ ഈ ദൗത്യത്തിനുവേണ്ടി മാത്രം ജന്മംകൊണ്ടതാണെന്ന് മനസ്സിലാക്കാം. തന്റെ ദൗത്യം പൂര്‍ണമാക്കി അദ്ദേഹം ശരീരം ത്യജിച്ചു.
അദ്ദേഹത്തിനോടുള്ള ലോകത്തിന്റെ നന്ദി എങ്ങനെ രേഖപ്പെടുത്തും
ശ്രീരാമകൃഷ്ണവചനാമൃതം ഒരാളുടെ ഉള്ളംകൈയിലുള്ള ക്ഷേത്രമാണ്, കൈത്തലത്തില്‍ ഒതുക്കാവുന്ന പൂര്‍ണശാലയാണ്, കരതലത്തിലുള്ളിലെ തീര്‍ത്ഥസ്ഥലിയാണ്. എന്നാല്‍ ക്ഷേത്രമോ തീര്‍ത്ഥസ്ഥലമോപോലെ പെട്ടെന്നത് അശുദ്ധമാവുകയില്ല. ക്ഷേത്രകെട്ടിടംപോലെ തകരാനുള്ള സാധ്യതയുമില്ല. വചനാമൃതം സൂക്ഷിക്കുന്ന ഭവനം തന്നെ ഒരു ക്ഷേത്രമായിത്തീരും. വചനാമൃതം പിടിക്കുന്ന കൈകള്‍ യഥാര്‍ത്ഥത്തില്‍ ഭഗവാന്റെ പാദപത്മങ്ങളിലാണ് പിടിച്ചിരിക്കുന്നത്. വചനാമൃതത്തിലെ വാക്കുകള്‍ ഉരുവിടുന്ന നാക്ക് അമൃതാണ് രുചിക്കുന്നത്. വചനാമൃതം അനുഗ്രഹത്തിന്റെ നിക്ഷേപമാണ്, ശാന്തിയുടെ സമുദ്രമാണ്, ദൈവിക ജ്ഞാനത്തിന്റെ അമൃതാണ്.
ശ്രീരാമകൃഷ്ണവചനാമൃതം ഒരാളുടെ ഉള്ളംകൈയിലുള്ള ക്ഷേത്രമാണ്, കൈത്തലത്തില്‍ ഒതുക്കാവുന്ന പൂര്‍ണശാലയാണ്, കരതലത്തിലുള്ളിലെ തീര്‍ത്ഥസ്ഥലിയാണ്. എന്നാല്‍ ക്ഷേത്രമോ തീര്‍ത്ഥസ്ഥലമോപോലെ പെട്ടെന്നത് അശുദ്ധമാവുകയില്ല. ക്ഷേത്രകെട്ടിടംപോലെ തകരാനുള്ള സാധ്യതയുമില്ല. വചനാമൃതം സൂക്ഷിക്കുന്ന ഭവനം തന്നെ ഒരു ക്ഷേത്രമായിത്തീരും. വചനാമൃതം പിടിക്കുന്ന കൈകള്‍ യഥാര്‍ത്ഥത്തില്‍ ഭഗവാന്റെ പാദപത്മങ്ങളിലാണ് പിടിച്ചിരിക്കുന്നത്. വചനാമൃതത്തിലെ വാക്കുകള്‍ ഉരുവിടുന്ന നാക്ക് അമൃതാണ് രുചിക്കുന്നത്. വചനാമൃതം അനുഗ്രഹത്തിന്റെ നിക്ഷേപമാണ്, ശാന്തിയുടെ സമുദ്രമാണ്, ദൈവിക ജ്ഞാനത്തിന്റെ അമൃതാണ്.
പരീക്ഷണങ്ങളുടെ സമയങ്ങളില്‍ നിങ്ങളോടൊപ്പം നില്‍ക്കുന്ന സുഹൃത്താണത്, അമിതാഹ്ലാദത്തില്‍ ആമഗ്നരാകുന്ന സന്ദര്‍ഭങ്ങളില്‍ വിനയവും ഭക്തിയും ഉപദേശിക്കുന്ന ഗുരുവാണത്, ഭഗവദ്പാദാരവിന്ദങ്ങളിലെ ആഹുതിയാണ് നിങ്ങളെന്ന് ഓര്‍മ്മിപ്പിക്കുന്ന അത്. ഇരുട്ടില്‍ വെളിച്ചം കാണിച്ചു തരുന്ന തീപ്പന്തം, അജ്ഞാതമായ പാതയിലൂടെ അലയുന്നവര്‍ക്കുള്ള ആലംബനം, വന്‍കാട്ടില്‍ പെട്ടവര്‍ക്ക് ദിശ സൂചിപ്പിക്കുന്ന ധ്രുവനക്ഷത്രം ഇതെല്ലാമാണത്. വചനാമൃതം വായിച്ചതിനുശേഷം ഒരു സാധാരണക്കാരന് പണ്ഡിതരോട് അസൂയയോ പണ്ഡിതരേക്കാള്‍ താഴ്ന്നവനെന്ന അപകര്‍ഷബോധമോ തോന്നുകയില്ല. എന്നാല്‍ ഈശ്വരാനുഗ്രഹത്താല്‍ തന്നെക്കാള്‍ അനുഗൃഹീതനായി മറ്റാരുമില്ലെന്ന് തോന്നും. ശാന്തിയും പൂര്‍ണതയും അനുഭവപ്പെടും.
ആകാശത്തിന്റെ വ്യാപ്തിയും ഗിരിശൃംഗത്തിന്റെ ഉയരവും സമുദ്രത്തിന്റെ ആഴവും വചനാമൃതവായനക്കാരന് ലഭിക്കും, ഇതിനുമുന്‍പൊരിക്കലും ഈശ്വരന്‍ ഇത്രത്തോളം പ്രാപ്യമായ അവസ്ഥയില്‍ അവതരിക്കുകയോ ഈശ്വരശബ്ദം ഇങ്ങനെ ഒരു ഗ്രന്ഥരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഏറ്റവും സാധാരണക്കാരായ സ്ത്രീ-പുരുഷന്മാര്‍ക്കുപോലും വായിച്ചു മനസ്സിലാക്കാവുന്ന തരത്തിലോ ഉണ്ടായിട്ടില്ല.
#ഭാരതീയചിന്തകൾ
No comments:
Post a Comment