അമൃതവാണി
നമ്മള്‍ ബാഹ്യവിഷയങ്ങളിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇവരെന്റെ കുടുംബാംഗങ്ങളാണ്, ഇവരെന്റെ ബന്ധുക്കളാണ് ഈ രീതിയിലാണ് നമ്മള്‍ ജീവിതം നയിക്കുന്നത്. ദിവസവും ഉറക്കമൊഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറും അധ്വാനിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. നമ്മള്‍ സ്വയം മറക്കുന്നു. ജീവിതധര്‍മ്മം എന്തെന്നറിഞ്ഞ് അതനുസരിച്ച് ജീവിക്കുവാന്‍ മറക്കുന്നു. അങ്ങനെയുള്ള ജീവിതംകൊണ്ട് ഭൂമിയിലും ശാന്തിയില്ല. ഇതിനര്‍ത്ഥം കര്‍മ്മങ്ങള്‍ ചെയ്യരുത് എന്നല്ല. കര്‍മ്മം ചെയ്തുകൊള്ളൂ പക്ഷേ, പ്രതീക്ഷയും ആഗ്രഹവും വളര്‍ത്താന്‍ പാടില്ല.
ആനന്ദം ബാഹ്യവസ്തുവിലില്ല ഉള്ളിലാണ്. ഇഷ്ടമുള്ള പാല്‍പ്പായസം കുറേ കുടിച്ചുകഴിഞ്ഞാല്‍പ്പിന്നെ കുടിക്കുവാന്‍ തോന്നുകയില്ല. വെറുക്കും. അടുത്തുകൊണ്ടുവെച്ചാല്‍ക്കൂടി മാറ്റിവെയ്ക്കും. യഥാര്‍ത്ഥത്തില്‍ പാല്‍പ്പായസമാണ് ആനന്ദം തന്നിരുന്നതെങ്കില്‍ മാറ്റിവെയ്‌ക്കേണ്ടതുണ്ടോ? വീണ്ടും വീണ്ടും എടുത്തു കഴിക്കേണ്ടതല്ലേ?
അപ്പോള്‍ മനസ്സാണാധാരം. മനസ്സിനു തൃപ്തിവന്നപ്പോള്‍ വസ്തുവിനോട് വെറുപ്പായി. എല്ലാം മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
അപ്പോള്‍ മനസ്സാണാധാരം. മനസ്സിനു തൃപ്തിവന്നപ്പോള്‍ വസ്തുവിനോട് വെറുപ്പായി. എല്ലാം മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നായ എല്ലില്‍ കടിക്കും. അതിന്റെ രുചി ആസ്വദിക്കും. പക്ഷേ,തന്റെ മോണകീറിവന്ന രക്തമാണ് താന്‍ ആസ്വദിച്ചു നുണയുന്നതെന്ന് അത് അറിയുന്നില്ല. ആനന്ദം നമ്മുടെ ഉള്ളിലാണ്, പുറത്തല്ല. അതിനെ അന്വേഷിക്കൂ. പുറമെ കാണുന്ന ബന്ധുക്കളിലും വസ്തുക്കളിലും ആനന്ദം അന്വേഷിച്ചുപോയാല്‍ ജന്മം പാഴാകും. ഇതിനര്‍ഥം അലസന്മാരായിരിക്കണം എന്നല്ല കിട്ടുന്ന സമയം സ്വാര്‍ത്ഥത വെടിഞ്ഞ് കര്‍മം ചെയ്യുക. ബാക്കിയുള്ള സമയം ഈശ്വരനാമം ജപിച്ച് ആ തത്വത്തില്‍ ജീവിക്കുക.
വാസനയെ എടുത്തു മാറ്റാന്‍ കഴിയില്ല. വെള്ളത്തില്‍ നിന്ന് കുമിളയെ എടുത്ത് നീക്കം ചെയ്യാം എന്നുവിചാരിച്ചാല്‍, എടുക്കാന്‍ ചെല്ലുമ്പോള്‍ കുമിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍കൊണ്ടാണ് കുമിളകള്‍ വരുന്നത്. അതിനാല്‍ കുമിളകള്‍ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. സത് സംഗംകൊണ്ടും സത്ചിന്തകൊണ്ടും മനനംകൊണ്ടും ലൗകിക വാസനകളെ കുറയ്ക്കുന്നതിന് സമമാണത്. നല്ല ചിന്തകള്‍കൊണ്ട് ശാന്തമായ മനസ്സില്‍ ലൗകിക വാസനകള്‍ക്ക് സ്ഥാനമില്ല. വാസനയെ എടുത്തുമാറ്റാന്‍ ബുദ്ധി മുട്ടാണ്. ഈ തത്വം മനസ്സിലാക്കിയുള്ള ജീവിതം സന്യാസത്തിന്റെ തുടക്കമാണ്, മനഃശാന്തിയുടെ തുടക്കമാണ്.
എല്ലാവര്‍ക്കും സന്യാസിമാരാകാന്‍ കഴിയില്ല എന്ന് അമ്മ ഒന്നുകൂടി പറയട്ടെ.
എല്ലാവര്‍ക്കും സന്യാസിമാരാകാന്‍ കഴിയില്ല എന്ന് അമ്മ ഒന്നുകൂടി പറയട്ടെ.
മറിച്ച് പുറമെ കാണുന്ന വസ്തുക്കളിലും ബന്ധുക്കളിലും മാത്രം ആനന്ദം അന്വേഷിച്ചുപോകാന്‍ മനസ്സിനെ അനുവദിക്കരുത്. ഉള്ളിലെ ആനന്ദം കണ്ടെത്താന്‍ മക്കള്‍ ശ്രമിക്കുക. ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് അതു സാധിക്കും. ശ്രമമാണ് അതിനുള്ള ആദ്യ ചുവട്.
No comments:
Post a Comment