ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 20, 2017

ചാല ഭഗവതി ക്ഷേത്രം



കണ്ണൂർ ജില്ലയിലെ എടക്കാട്പഞ്ചായത്തിൽ കണ്ണൂർ-കൂത്തുപറമ്പ്റോഡിനു വലതു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് ചാല ഭഗവതി ക്ഷേത്രം.പരശുരാമ മഹർഷിയാൽ പ്രതിഷ്ഠിതമായ നൂറ്റിയെട്ടു ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം.


മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് ശ്രീ ചാല ഭഗവതി ക്ഷേത്രം
രാക്ഷസനായ ദാരികനെ വധിച്ചതിനു ശേഷമുള്ള ഭാവത്തോട് കൂടിയ ഭദ്രകാളിയെ ആണ് പരശുരാമ മഹർഷി ഇന്നത്തെ പടിഞ്ഞാറെ നടയിൽ ആദ്യമായി പ്രതിഷ്ഠിച്ചത്. കിഴക്ക് അഭിമുഖമായി പ്രതിഷ്ഠിച്ച ഭദ്രകാളിയുടെ മുഖത്ത് നിന്നും പ്രസരിച്ചിരുന്ന ഊർജ്ജ പ്രവാഹത്താൽ ക്ഷേത്രത്തിന്റെ മുൻഭാഗത്ത്‌ നോക്കെത്താദൂരത്തോളം വരുന്ന ജീവജാലങ്ങൾക്കും സസ്യലതാദികൾക്കും നാശം സംഭവിച്ചു. ജീവജാലങ്ങൾ താപം സഹിക്ക വയ്യാതെ പരവശരായത് കണ്ട പരശുരാമൻ ഭദ്രകാളിയുടെ രൌദ്രഭാവത്തിന്റെ തീക്ഷ്ണത കുറയ്ക്കുവാനായി ഭദ്രകാളി പ്രതിഷ്ഠക്ക് നേരെ മുന്നിലായി സൌമ്യ മൂർത്തിയായ ശ്രീ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചു . സഹോദരിയെ മുന്നിൽ ദർശിച്ച ഭദ്രകാളി തന്റെ രൌദ്ര ഭാവം കുറച്ചുവെന്നാണ് ഐതിഹ്യം.



കിഴക്കേ നടയിലൂടെ ക്ഷേത്രത്തിലേക്ക് വരുന്ന ജനങ്ങൾ ക്ഷേത്രക്കുളത്തിൽ കുളിച്ചു ശുദ്ധി വരുത്തിവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. കിഴക്കേ നടയിൽ ആദ്യം ദുർഗ്ഗാഭഗവതിയെ ദർശിച്ച് പ്രദക്ഷിണം ചെയ്ത് തെക്ക് ഭാഗത്ത്‌ ശ്രീ പേരും തൃക്കോവിലപ്പനെ തൊഴുത്‌ (ശിവചൈതന്യം ) പടിഞ്ഞാറെ നടയിൽ എത്തുമ്പോൾ മാത്രമേ ശ്രീ ഭദ്രകാളി പ്രതിഷ്ഠ ദർശിക്കാനാവുകയുള്ളൂ. ദുഷ്ട രാക്ഷസനായ ദാരികനെ വധിച്ചിട്ടും തീരാത്ത പോർക്കലിയോട് കൂടി നിൽക്കുന്ന ദേവിയുടെ ചൈതന്യപൂർണ്ണമായ വിഗ്രഹം മുന്നിൽ നേരെ നിന്ന് തൊഴുവാനോ ശ്രീ കോവിലിന് മുന്നിലൂടെ മുറിച്ചു കടക്കുവാനോ പാടില്ലെന്ന് പറയപ്പെടുന്നു. ഇരുവശങ്ങളിൽ മാറിനിന്ന് സാഷ്ടാംഗം പ്രണമിച്ച്‌ കൊണ്ടു മാത്രമേ തൊഴാൻ പാടുള്ളൂ.


എല്ലാ വർഷവും മീനമാസത്തിലെ പൂരം നാളുകളിൽ ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഈ പൂരമഹോത്സവം ക്ഷേത്രം തന്ത്രി കാട്ടുമാഠം അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി ആറാട്ടോടെ സമാപിക്കുന്നു.ഇരട്ട തിടമ്പെഴുന്നള്ളത്ത്, അമ്മൂലമ്മ സന്നിധാനത്തിൽ എഴുന്നള്ളത്, ചാക്യാർ കൂത്ത്, കാലത്തിലരിയും പാട്ടും, ശ്രീ ഭൂതബലി, കളപൂജ, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, അമ്മൂലമ്മ സന്നിധാനത്തിൽ കൂടിപിരിയൽ ചടങ്ങ്, 


നവകാഭിഷേകം, പൂരക്കുളി,ആറാട്ട്‌ എന്നീ ഭക്തിനിർഭരമായ ചടങ്ങുകൾ ഉത്സവ ദിവസങ്ങളുടെ പ്രത്യേകതയാണ്.


പ്രധാന വഴിപാടുകൾ-ഗുരുതീപൂജ,നിറമാല

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഗുരുതീ പൂജ, നിറമാല എന്നീ വഴിപാടുകൾ നടക്കുന്നത്.

No comments:

Post a Comment