ഭാരാവതരണാര്‍ത്ഥായ കഥിതം ജന്മ കൃഷ്ണയോ:
സംശയോ fയം ദ്വിജ ശ്രേഷ്ഠ ഹൃദയേ മമ തിഷ്ഠതി
പൃഥ്വീ ഗോസ്വരൂപേണ ബ്രഹ്മാണാം ശരണം ഗതാ
ദ്വാപരാന്തേ fതി ദീനാf fര്‍ത്താ ഗുരു ഭാര പ്രപീഡിതാ
ജനമേജയന്‍ പറഞ്ഞു: ഭൂഭാരം തീര്‍ക്കാന്‍ കൃഷ്ണനും അര്‍ജുനനും ഉണ്ടായിരുന്നുവല്ലോ. എന്നാല്‍ ദ്വാപരയുഗാന്ത്യത്തില്‍ ഭൂദേവി ഒരു പശുവിന്‍റെ രൂപത്തില്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചതായി കേട്ടിട്ടുണ്ട്. നാന്മുഖന്‍ മഹാവിഷ്ണുവിനോടഭ്യര്‍രത്ഥിച്ചതിന്‍ പ്രകാരം ഭൂഭാരം തീര്‍ക്കാന്‍ കൃഷ്ണനും അര്‍ജ്ജുനനുമായി ഭൂമിയില്‍ പിറക്കാം എന്നേറ്റു.. അവരുടെ കൂട്ടാളികളായ ദേവവൃന്ദവും അവര്‍ക്ക് സഹായത്തിനുണ്ടായിരുന്നു. വസുദേവരുടെ പുത്രനായി ഭഗവാന്‍ പിറന്നു. ബലരാമന്‍റെ അനുജനായി ഭഗവാന്‍ അവതരിച്ചിട്ടും ഭൂമിയിലെ ദുഷ്ടന്മാരെ ഇല്ലാതാക്കാന്‍ എന്തേ കഴിഞ്ഞില്ല? ഭീഷ്മന്‍, ദ്രോണന്‍, ദ്രുപദന്‍, വിരാടന്‍, സോമദത്തന്‍, കര്‍ണ്ണന്‍, എന്നിവരെല്ലാം കൊല്ലപ്പെട്ടു എന്നത് സത്യമാണെങ്കിലും കൃഷ്ണപത്നിമാരെ കവര്‍ന്ന ദുഷ്ടക്കൂട്ടം എന്തേ ഇല്ലാതായില്ല? അവര്‍ ഇപ്പോഴും ഭൂമിയില്‍ വാഴുന്നു. കോടിക്കണക്കിനു ദുഷ്ടന്മാര്‍ അരങ്ങു വാഴുന്ന ഇടമാണ് ഇപ്പോഴും ഭൂമി. അപ്പോള്‍ ഭഗവാന്‍ ചെയ്തുവെന്ന് പറയുന്ന ഭൂഭാരനിര്‍മ്മാര്‍ജ്ജനം എന്തായിരുന്നു? ഇപ്പോഴും പാപികളെയാണ് ചുറ്റും നോക്കുമ്പോള്‍ കാണുന്നത്.
വ്യാസന്‍ പറഞ്ഞു: രാജന്‍, ഓരോരോ യുഗങ്ങള്‍ക്കും അതതു സ്വഭാവ സവിശേഷതകള്‍ ഉണ്ട്. യുഗധര്‍മ്മം അനുസരിച്ചാണ് ജീവകോടികള്‍ ആവീര്‍ഭവിക്കുന്നത്. കൃതത്തില്‍ ധര്‍മ്മതത്പരര്‍ പിറക്കുന്നു. ത്രേതത്തില്‍ ധര്‍മ്മവും അര്‍ത്ഥവും വേണ്ടവരാണ് ജനിക്കുന്നത്. ദ്വാപരത്തില്‍ ജനിക്കുന്നവര്‍ക്ക് ഇവരണ്ടും കൂടാതെ കാമം എന്ന മൂന്നാമത്തെ പുരുഷാര്‍ത്ഥം കൂടിയുണ്ട്. എന്നാല്‍ ഈ കലികാലത്ത് ജനിക്കുന്നവരില്‍ അര്‍ത്ഥകാമ താല്പര്യം മാത്രമേ കാണുന്നുള്ളൂ. യുഗധര്‍മ്മത്തില്‍ മാറ്റമുണ്ടാവില്ല. എല്ലാം കാലത്തിന്‍റെ കയ്യിലാണ്. കാലമാണ് ധര്‍മ്മാധര്‍മ്മങ്ങളുടെ കര്‍ത്താവ്.
ജനമേജയന്‍ പറഞ്ഞു: പണ്ട് കൃതത്തില്‍ ജനിച്ചു ജീവിച്ച മഹച്ഛരിതന്മാര്‍ ഇപ്പോള്‍ എവിടെയാണുള്ളത്? വ്രതം, ദാനം തപസ്സ് എന്നിവയില്‍ പ്രവീണരും ഉല്‍സാഹികളുമായ അനേകര്‍ കൃതത്തിലും ത്രേതത്തിലും ഉണ്ടായിരുന്നല്ലോ. ആ ശ്രേഷ്ഠര്‍ ഇപ്പോള്‍ എവിടെയാണ്? അതുപോലെ ഇന്നിവിടെ കാണുന്ന, നാണമില്ലാതെ പാപത്തില്‍ ഏര്‍പ്പെടുന്ന, അധമവര്‍ഗ്ഗങ്ങള്‍ ആ ദിവ്യയുഗങ്ങളില്‍ എവിടെയായിരുന്നു? സത്യയുഗത്തില്‍ അവര്‍ ഇല്ലായിരുന്നോ? മഹര്‍ഷേ ഇക്കാര്യങ്ങളെല്ലാം വിശദമായി ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നാലും.
വ്യാസന്‍ തുടര്‍ന്നു: കൃതത്തില്‍ ജനിച്ചവര്‍ സദ്കര്‍മ്മങ്ങള്‍ ചെയ്ത് ദേവലോകം പ്രാപിക്കുകയാണ് ചെയ്യുക. നാല് വര്‍ണ്ണത്തിലും പെട്ടവര്‍ അവരവരുടെ ധര്‍മ്മം വേണ്ടതുപോലെ അനുഷ്ടിച്ചുകൊണ്ട് പുണ്യമാര്‍ജ്ജിക്കുന്നു. സത്യം, ദാനം, കരുണ, സര്‍വ്വഭൂതദയ, സമബുദ്ധി, അഹിംസ, സഹധര്‍മ്മചാരിണിയായി സ്വഭാര്യയെ മാത്രം സ്വീകരിക്കുക എന്നിവയെല്ലാം സത്യയുഗത്തില്‍ സഹജമായ കാര്യങ്ങളായിരുന്നു. അതുകൊണ്ട് നീച ജാതികളും ദേവലോകത്ത് തന്നെ ചെന്നെത്തുന്നു. ത്രേതായുഗത്തിലും ദ്വാപരത്തിലും ഏകദേശം ഇതൊക്കെത്തന്നെയാണ് സ്ഥിതി. എന്നാല്‍ കലിയുഗത്തിലെ മനുഷ്യര്‍ പാപങ്ങള്‍ ചെയ്ത് ഒടുവില്‍ നരകങ്ങളില്‍ എത്തുകയാണ്. എന്നിട്ടവര്‍ വട്ടമെത്തി അടുത്ത കാലികാലം വന്നണയുന്നതുവരെ നരകത്തില്‍ത്തന്നെ കഴിയുന്നു. അടുത്ത കലിയില്‍ അവര്‍ക്ക് മനുഷ്യജന്മം ലഭിക്കുന്നു. അതുപോലെ കലിയുഗം അവസാനിച്ചു സത്യയുഗം ആരംഭിക്കുമ്പോള്‍ സ്വര്‍ഗ്ഗലോകം വിട്ട് ജീവന്‍ ഭൂമിയില്‍ വന്നു പിറക്കുന്നു. ദ്വാപരം അവസാനിച്ച് കലിയുഗം തുടങ്ങാറാകുമ്പോള്‍ പാപജീവനുകള്‍ നരകം വിട്ടു ഭൂമിയില്‍ പിറവിയെടുക്കുന്നു. ദുഷ്ടയുഗത്തില്‍ മനുഷ്യന്‍ ദുഷ്ടനായിത്തന്നെ പിറക്കും.
വിരളമായി ഇതിനപവാദം കണ്ടേക്കാം. കലിയിലും സദ്‌വൃത്തരെ കണ്ടുമുട്ടിയെന്നു വരാം. കൃതത്രേതദ്വാപരങ്ങളില്‍ ചില പാപികളും ജന്മമേമെടുത്തേക്കാം. കര്‍മ്മങ്ങള്‍ക്ക് അനുസൃതമായി ദുഖാനുഭവങ്ങള്‍ ഉണ്ടാവുന്നു. യുഗധര്‍മ്മമനുസരിച്ച് തദൃശകര്‍മ്മങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.
യുഗധര്‍മ്മങ്ങളെ വെവ്വേറെ വിശദമാക്കി ഓരോരോ യുഗങ്ങളിലെ ധര്‍മ്മങ്ങള്‍ മനസ്സിലാക്കിത്തരാന്‍ ജനമേജയന്‍ പറഞ്ഞപ്പോള്‍ വ്യാസന്‍ പറഞ്ഞു: ഞാന്‍ ഒരുദാഹരണം പറയാം. സാധുക്കളുടെ മനസ്സുപോലും യുഗപ്രഭാവത്താല്‍ പതറുന്നത് നാം കാണുന്നുണ്ട്. മഹാനായ നിന്‍റെ പിതാവ് മുനിനിന്ദചെയ്തില്ലേ? അല്ലെങ്കില്‍ യയാതി വംശത്തില്‍ ജനിച്ച ഒരുത്തമക്ഷത്രിയന് ഒരു മുനിയുടെ കഴുത്തില്‍ ചത്തൊരു പാമ്പിനെ ഇടാന്‍ തോന്നുമോ? കലിയുടെ പ്രാഭവം തന്നെയാണത്.
അതിനാല്‍ ബുദ്ധിയുള്ളവര്‍ ഇതൊക്കെ യുഗധര്‍മ്മങ്ങള്‍ ആണെന്ന് ധരിച്ച് ധര്‍മ്മനുസാരമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക തന്നെ വേണം. സത്യയുഗത്തിലെ ബ്രാഹ്മണര്‍ വേദം നന്നായി അറിയുന്നവരാണ്. ജഗദംബയെ പൂജിക്കാന്‍ അറിയുന്നവരും ദേവീദര്‍ശന കുതുകികളും ആണ്. ഗായത്രി ജപം, പ്രണവോപാസന, എന്നിവയില്‍ മുഴുകിയവരും ദേവിയുടെ മായാബീജമന്ത്രം സദാ ജപിക്കുന്നവരുമാണ്. ഓരോരോ നാട്ടിലും അവര്‍ ദേവിക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്നവരും ശ്രദ്ധ, ദാനം, ശൌചം, എന്നിവയില്‍ നിഷ്ഠയുള്ളവരുമാണ്. ബ്രാഹ്മണര്‍ വേദജ്ഞാനികള്‍; ക്ഷത്രിയര്‍ പ്രജാക്ഷേമതല്‍പ്പരര്‍. വൈശ്യര്‍ കൃഷി, വാണിജ്യം എന്നിവയില്‍ പ്രവീണര്‍, ഗോപരിപാലനത്തില്‍ ശുഷ്കാന്തിയുള്ളവര്‍. ശൂദ്രര്‍ ശുശ്രൂഷാ ജോലികളില്‍ ശ്രദ്ധയുള്ളവര്‍. എല്ലാവരും കൃതയുഗത്തില്‍ ദേവീപൂജയില്‍ മുഴുകുന്നവരാണ്.
ത്രേതായുഗത്തില്‍ ധര്‍മ്മത്തിന് അല്‍പ്പം മങ്ങലുണ്ടാവും. ദ്വാപരത്തില്‍ ധര്‍മ്മം വീണ്ടും ക്ഷയിക്കും. മുന്‍പ് രാക്ഷസരായി ജനിച്ചവര്‍ കലികാലത്ത് ബ്രാഹ്മണരാവും. വേദധര്‍മ്മം വെടിഞ്ഞും ജനവഞ്ചന ചെയ്തും കള്ളം പറയുന്ന ഈ നിരീശ്വരര്‍ ലോകകാര്യങ്ങള്‍ ചെയ്യാന്‍ അതി സമര്‍ത്ഥരാവും. മിഥ്യാഭിമാനം, ശൂദ്രസേവ, മറ്റു നാനാവിധ ധര്‍മ്മങ്ങളില്‍ താല്‍പര്യം എന്നിവ ഈ ബ്രാഹ്മണരുടെ ലക്ഷണമാണ്. അവര്‍ക്ക് വേദത്തിനു നിരക്കാത്ത കാര്യം പുലമ്പാന്‍ മടിയില്ല. സത്യത്തിന്റെ മൂലം ധര്‍മ്മമാണല്ലോ. അത് തുലോം ക്ഷീണിച്ചു പോവും. ക്ഷത്രിയരും വൈശ്യരും ശൂദ്രജാതിയും ഇതുപോലെ ധര്മ്മത്തിനെതിരായി വര്‍ത്തിക്കും. കലി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബ്രാഹ്മണര്‍ ദക്ഷിണവാങ്ങാന്‍ വേണ്ടി എന്തും ചെയ്യും എന്നാ അവസ്ഥയിലെത്തും. സാഹസം കാട്ടാന്‍ അവര്‍ക്ക് മടിയില്ലാതാകും. കാമലോഭാദികള്‍ അവരില്‍ നിറഞ്ഞു നില്‍ക്കും. നാരികള്‍ ഭര്‍തൃവഞ്ചകരാവും. എങ്കിലും അവര്‍ ധര്‍മ്മപ്രസംഗം ചെയ്യും. ബ്രാഹ്മണര്‍ക്ക് ശൂദ്രവൃത്തിയില്‍ താല്‍പ്പര്യം ജനിക്കും.
ആഹാരശുദ്ധികൊണ്ടാണ് മനസ്സ് ശുദ്ധമാകുന്നത്. കാരണം ശുദ്ധമായ ആഹാരം സത്വത്തെ വര്‍ദ്ധിപ്പിച്ച് ധര്‍മ്മബുദ്ധി വളര്‍ത്തുന്നു. ശുദ്ധമല്ലാത്ത ആഹാരം ധര്‍മ്മഭ്രംശത്തിനും ആചാരദോഷത്തിനും ഇടവരുത്തുന്നു. ആചാരദോഷം കൊണ്ട് ധര്‍മ്മസങ്കരം ഭവിക്കുന്നു. ധര്‍മ്മസങ്കരം വര്‍ണ്ണസങ്കരമുണ്ടാക്കുന്നു. അങ്ങിനെ കലിയുഗത്തില്‍ സര്‍വ്വധര്‍മ്മങ്ങളും നാശോന്മുഖമാകുന്നു.
സ്വന്തം വര്‍ണ്ണത്തെയും അതിന്‍റെ ധര്‍മ്മത്തെയും കുറിച്ച് ആര്‍ക്കും അറിവുണ്ടാവില്ല. ധര്‍മ്മജ്ഞന്മാര്‍ എന്ന് കരുതുന്നവര്‍ തന്നെ അധര്‍മ്മം ചെയ്യും. ഇത് കലിയുടെ സ്വഭാവമാണ്. അത് മാറ്റാനൊന്നും സാദ്ധ്യമല്ല. അതിനാല്‍ മനുഷ്യന്‍ കലിയില്‍ പാപം ചെയ്യുന്നു.
ജനമേജയന്‍ ചോദിച്ചു: ഇങ്ങിനെയാണെങ്കില്‍ കലികാലത്ത് മനുഷ്യന് എന്ത് ഗതിയാണുള്ളത്? സര്‍വ്വധര്‍മ്മങ്ങളും അറിയാവുന്ന അങ്ങുതന്നെ ഞങ്ങള്‍ക്ക് ഇതിനൊരുപായം പറഞ്ഞു തരണം.
വ്യാസന്‍ പറഞ്ഞു: ദേവീപാദഭജനം മാത്രമേ ഇതിനൊരുപായമുള്ളു. സര്‍വ്വദോഷങ്ങളും തീരാന്‍ ഇതേയുള്ളൂ വഴി. രാജാവേ, ആ ജഗദംബയുടെ നാമജപത്തിനാല്‍ മാറാത്ത യാതൊരു ദുഷ്കൃതങ്ങളും ഇല്ലെന്നറിയുക. ഇതറിയാമെങ്കില്‍ എന്തിനാണ് പേടി? വെറും കളിയായി നാമം ജപിച്ചാലും അവശനായിട്ടായാലും ദേവിയുടെ നാമം ജപിച്ചവന് അഭയം ഉറപ്പാണ്. അതിന്റെ മാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഹരിഹരന്മാര്‍ക്ക് പോലും ആവില്ല. സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തമാണ് ആ നാമജപം. കലിഭയം തീരാന്‍ അമ്മയുടെ നാമങ്ങള്‍ സദാ ഭക്തിയോടെ ജപിക്കണം. ഭക്തിപുരസരം ദേവിയെ പൂജിക്കുന്നവനെ പാപം തൊടുകയില്ല. ജന്തുദ്രോഹിയാണെങ്കിലും ദേവീ നാമസ്മരണ ഒരുവനെ പാപമുക്തനാക്കും. സര്‍വ്വശാസ്ത്രങ്ങളുടെയും രഹസ്യം ഇതത്രേ.
എല്ലാ ജീവികളും മന്ത്രമഹിമ അറിയാതെയാണെങ്കിലും അജപജപമായി ഗായത്രി ജപിക്കുന്നുണ്ട്. ബ്രാഹ്മണരെല്ലാം ഉള്ളില്‍ ഗായത്രി ജപിക്കുന്നത് അതിന്‍റെ മഹിമ അറിഞ്ഞിട്ടൊന്നുമല്ല.
ഞാന്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്ക് മറുപടി തന്നുവല്ലോ? ഇനിയും എന്തൊക്കെയാണ് ധര്‍മ്മവ്യവസ്ഥയെപ്പറ്റി അങ്ങേയ്ക്ക് അറിയേണ്ടത്?
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment