അടുത്തതായി, അതിനെന്തെങ്കിലും പ്രതിവിധി കണ്ടിട്ടുണ്ടോ എന്നു ചിന്തിക്കണം. പഴയ ചിന്തകളെല്ലാം മൂഢവിശ്വാസങ്ങളാകാം; എന്നാല്‍ ഈ ആന്ധ്യസമൂഹത്തിന്റെ ഇടയ്ക്കും അടുത്തുമായി കാഞ്ചനശകലങ്ങളും ഉണ്മകളും കുടികൊള്ളുന്നുണ്ട്. അതിലെ അഴുക്കൊക്കെ നീക്കി പൊന്നുമാത്രമെടുക്കാനുള്ള ഉപായം നിങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, അത് രണ്ടാംപടിയെ ആകുന്നുള്ളൂ.
ഒരു കാര്യം കൂടി വേണ്ടതുണ്ട്. എന്താണ് നിങ്ങളുടെ പ്രേരകമായ ആന്തരചിന്ത? പൊന്നിലുള്ള ദുരയോ, പേരിനും പെരുമയ്ക്കുമുള്ള കൊതിയോ അല്ല, നിങ്ങളെ ഞെരിച്ചരയ്ക്കണമെന്ന് കരുതിയാലും, തന്റെ ലക്ഷ്യം കയ്യൊഴിക്കാതെ മുന്നേറാമെന്നു നിങ്ങള്‍ക്കുറപ്പുണ്ടോ? പ്രാണന്‍ പണത്തിലായാലും തനിയേ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന്, തന്റെ കൃത്യമിന്നതാണെന്ന് തനിക്ക് നിശ്ചയമുണ്ടെന്ന്, നല്ല ഉറപ്പുണ്ടോ? അവസാനശ്വാസംവരെ, നെഞ്ചിലെ ഒടുക്കത്തെ മിടിപ്പുവരെ, വിടാതെ പരിശ്രമിക്കുമെന്നു തന്റേടം തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങളൊരു ശരിയായ പരിഷ്‌കര്‍ത്താവ്, നിങ്ങളൊരാചാര്യന്‍, ഒരു നാഥന്‍, മാനവ സമുദായത്തിനൊരനുഗ്രഹം.
പക്ഷേ, മനുഷ്യന് തീരെ ക്ഷമയില്ല: മൂക്കിനപ്പുറം കാണാന്‍ കഴിവില്ല. അവന് അടക്കിവാഴണം, അവന് ഫലം ഉടനെ കിട്ടണം. എന്തുകൊണ്ട്? ഫലമൊക്കെ അവനുതന്നെ നേടണം; മറ്റുള്ളവരുടെ കാര്യത്തില്‍ അവന് വാസ്തവത്തില്‍ നോട്ടമില്ല അനുഷ്‌ഠേയമായതുകൊണ്ട് അനുഷ്ഠിക്കണമെന്നല്ല അവന്റെ വിചാരം. ‘കര്‍മ്മത്തിനെ നിനക്കവകാശമുള്ളൂ, അതിന്റെ ഫലത്തിനില്ല’ എന്നരുളുന്നു കൃഷ്ണന്‍. എന്തിന് ഫലത്തില്‍ തൂങ്ങണം? കര്‍ത്തവ്യം നമ്മുടേത്. ഫലം അതിന്റെ പാടു നോക്കട്ടെ. പക്ഷേ മനുഷ്യന് ക്ഷമയില്ല. അവനേതെങ്കിലും പരിപാടി കടന്നുപിടിക്കും. ലോകമെങ്ങും വരാന്‍പോകുന്ന നിരവധി പരിഷ്‌കര്‍ത്താക്കളിലധികം പേരേയും ഈ തലക്കെട്ടിലുള്‍പ്പെടുത്താം.
ഭാരതതീരങ്ങളില്‍ അടിച്ചുകയറിയ ഭൗതികതരംഗം തപോധനന്മാരുടെ അനുശാസനങ്ങളെ കുത്തിയൊലിപ്പിച്ചുകളയുമോ എന്നു സംശയം വന്നപ്പോഴാണ്, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഭാരതത്തില്‍ പരിഷ്‌കാരത്തിനുള്ള പ്രവണത ആരംഭിച്ചത്.
അത്തരം പരിവര്‍ത്തനതരംഗങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ആയിരക്കണക്കിന് ഈ ജനത താങ്ങിയിട്ടുണ്ട്. താരതമ്യേന ഇതു ലഘുവായിരുന്നു. അലയ്ക്ക് പിന്‍പേ അല അടിച്ചുകയറി നാടെല്ലാം മുക്കിയിട്ടുണ്ട്; നൂറ്റാണ്ടുകളായി സര്‍വവും ഉടച്ചും തകര്‍ത്തും കളഞ്ഞിട്ടുണ്ട്; വാളു പാളിയിട്ടുണ്ട്: ‘അള്ളാഹു അക്ബര്‍’ ധ്വനി ഭാരതത്തിന്റെ അന്തരീക്ഷത്തെ ഭേദിച്ചിട്ടുണ്ട്. ആ പെരുവെള്ളമെല്ലാം ഇറങ്ങി; ദേശീയാദര്‍ശങ്ങള്‍ അക്ഷുണ്ണമായി തുടര്‍ന്നു.”
സ്വാമി വിവേകാനന്ദന്‍
No comments:
Post a Comment